Tuesday, May 14, 2024

ad

Homeരാജ്യങ്ങളിലൂടെടുണീഷ്യയിൽ ജനകീയ പ്രതിഷേധം

ടുണീഷ്യയിൽ ജനകീയ പ്രതിഷേധം

റോസ

ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസിന്റെ തെരുവുകളിൽ ഇക്കഴിഞ്ഞ ഏപ്രിൽ 9 ഞായറാഴ്ച നൂറുകണക്കിന് ജനങ്ങളാണ് പ്രതിഷേധ പ്രകടനവുമായി അണിനിരന്നത്. ഏകാധിപതിയായ പ്രസിഡൻറ് കൈസ് സയ്യിദ് ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച 20 രാഷ്ട്രീയ എതിരാളികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ജനങ്ങളുടെ വമ്പിച്ച പ്രതിഷേധം. മുന്നൂ റോളം പ്രതിപക്ഷ അംഗങ്ങൾ പ്രകടനത്തിൽ അണിനിരന്നു. പൊതുജനങ്ങളും വ്യാപകമായി ഈ പ്രകടനത്തിൽ അണിനിരക്കുകയുണ്ടായി. നാഷണൽ സാൽവേഷൻ ഫ്രന്റ് എന്ന പ്രതിപക്ഷസഖ്യം ആണ് ഈ വിപുലമായ പ്രതിഷേധ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു വരുന്നത്. 2021 ജൂലൈ മുതലിങ്ങോട്ട് ഒന്നര വർഷത്തിലേറെയായി രാജ്യത്ത് നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭപരമ്പരയുടെ ഭാഗമാണ് ഈ പ്രതിഷേധവും.


2021 ജൂലൈയിൽ തുടക്കമിട്ട ടുണീഷ്യയുടെ രാഷ്ട്രീയ പ്രതിസന്ധി ഇപ്പോഴും ശക്തമായി തുടരുകയാണ്. ഒരു ജനാധിപത്യ റിപ്പബ്ലിക് ആയ ടുണീഷ്യയിൽ പ്രസിഡന്റ് സയ്യിദ് 2021 ജൂലൈയിൽ പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും പിരിച്ചുവിടുകയും പാർലമെന്റ് സസ്പെൻഡ് ചെയ്യുകയും രാജ്യത്തെ എല്ലാവിധ എക്സിക്യൂട്ടീവ്- ലെജിസ്ലേറ്റീവ് അധികാരങ്ങളും തന്നിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തു. പിന്നീടുള്ള മാസങ്ങളിൽ രാജ്യത്ത് തന്റെ അധികാരം കൂടുതൽ ശക്തിയായി ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ തുടർച്ചയായി നടപ്പാക്കുകയായിരുന്നു, പ്രത്യേകിച്ചും അദ്ദേഹത്തെ എതിർത്ത ഭരണകൂട സ്ഥാപനങ്ങളെയും സംവിധാനങ്ങളെയുമാകെ ദുർബലപ്പെടുത്തുകയും അദ്ദേഹത്തിനെതിരായി ഉയർന്നുവന്ന ജനമുന്നേറ്റത്തെ ബലം പ്രയോഗിച്ച് അടിച്ചമർത്താൻ നിരന്തരം ശ്രമിക്കുകയും ചെയ്തു. ചുരുക്കിപറഞ്ഞാൽ, പ്രസിഡൻഷ്യൽ അട്ടിമറിയുടെയും സ്വേച്ഛാധിപത്യപരമായ കടന്നാക്രമണത്തിന്റെയും ഭീഷണിയിലാണ് ടുണീഷ്യയിലെ ജനങ്ങൾ. പ്രതിപക്ഷവും മനുഷ്യാവകാശ ഗ്രൂപ്പുകളും പ്രസിഡന്റിന്റെ പ്രവർത്തനങ്ങൾ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ആണെന്നും ഇത് കൃത്യമായ രാഷ്ട്രീയ അട്ടിമറിയുടെ ഭാഗമാണെന്നും ആരോപിക്കുന്നു. തുടക്കത്തിൽ, സയ്യിദിന്റെ ചെയ്തികൾക്കൊപ്പം നിന്നവർ പോലും പിന്നീട് രാജ്യവ്യാപകമായി ഉയർന്നുവന്നുകൊണ്ടിരിക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിൽ അണിനിരന്നുകൊണ്ടിരിക്കുകയാണ്.


ഏപ്രിൽ 9ന് നടന്ന സമരത്തിൽ പ്രക്ഷോഭകർ ഗവൺമെന്റ് അന്യായമായി അറസ്റ്റ് ചെയ്തു ഫെബ്രുവരി മുതൽ തടവിലിട്ടിരിക്കുന്ന 20 പേരെയും ഉടൻ വിട്ടയക്കണം എന്നതായിരുന്നു ഏപ്രിൽ 9 നു നടന്ന സമരത്തിൽ പ്രക്ഷോഭകരുടെ ആവശ്യം. ടുണീഷ്യൻ പതാക ഉയർത്തിക്കൊണ്ടും തടവിൽ കിടക്കുന്നവർക്ക് അനുകൂലമായി പോസ്റ്ററുകളും അവരുടെ ചിത്രങ്ങളും ഒട്ടിച്ച പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചുകൊണ്ടും അവരെ വിട്ടയക്കണമെന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ടും പ്രക്ഷോഭകർ രാജ്യത്താകെ സ്വാതന്ത്ര്യത്തിന്റെയും അവകാശ സമരത്തിന്റെയും ശബ്ദമായി മാറി. തീവ്രവാദികളെന്നും രാജ്യസുരക്ഷയ്ക്കെതിരായി ഗൂഢാലോചന നടത്തി എന്നും ആരോപിച്ചുകൊണ്ട് ഫെബ്രുവരിയിൽ ഗവൺമെൻറ് അറസ്റ്റ് ചെയ്ത ഈ 20 പേരിൽ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരും മുൻ മന്ത്രിമാരും ബിസിനസുകാരും ട്രേഡ് യൂണിയൻ പ്രവർത്തകരും റേഡിയോ സ്റ്റേഷൻ ഉടമയും അടക്കമുള്ളവരുണ്ട്. നിയമവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായ ഈ അറസ്റ്റിനെ ടുണീഷ്യയിലെയും അന്താരാഷ്ട്രതലത്തിലെയും മനുഷ്യാവകാശ സംഘങ്ങളും ശക്തമായി അപലപിച്ചിരുന്നു. ഉടൻതന്നെ യാതൊരു ഉടമ്പടികളും ഇല്ലാതെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു . അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരിൽ പേരിൽ അറസ്റ്റ് ചെയ്തിട്ടുള്ള 20 പേരെയും ടുണീഷ്യയിലെ ഭരണാധികാരികൾ വിട്ടയക്കണമെന്ന് ആംനെസ്റ്റി ഇൻറർനാഷണൽ കഴിഞ്ഞമാസം ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യയിൽ മോഡി ഗവൺമെന്റിനും ബിജെപിക്കും എതിരായി ശബ്ദമുയർത്തുന്നവരെയെല്ലാം യുഎപിഎയും രാജ്യദ്രോഹക്കുറ്റവും തുടങ്ങിയുള്ളവ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് നരകയാതന അനുഭവിക്കാൻ വിടുന്ന ഇന്ത്യയിലെ മോദി സർക്കാരും ഇതേ സ്വേച്ഛാധിപത്യ നടപടികളാണ്‌ പിന്തുടരുന്നത്‌. അടിസ്ഥാന സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും നേരെ സയ്യിദിന്റെ നേതൃത്വത്തിലുള്ള ഗവൺമെൻറ് നടത്തുന്ന കടന്നാക്രമണങ്ങളെയും പ്രതിപക്ഷത്തിനെതിരായി നടത്തുന്ന ക്യാമ്പയിനേയും പ്രക്ഷോഭകർ രൂക്ഷമായി വിമർശിച്ചു. പ്രസിഡൻറ് രാജ്യത്തെ ഒരു സ്വേച്ഛാധിപത്യ രാഷ്ട്രമാക്കി മാറ്റുവാനാണ് നോക്കുന്നത് എന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. എന്തുതന്നെയായാലും, രാജ്യത്തെ പ്രസിഡൻഷ്യൽ അട്ടിമറിക്കും സ്വേച്ഛാധിപത്യ വാഴ്ച്ചയ്ക്കും എതിരായി രാജ്യവ്യാപകമായി ജനങ്ങളെ അണിനിരത്തിക്കൊണ്ട് ചെറുത്തുനിൽപ്പുയർത്താനാണ് ടുണീഷ്യയിലെ പ്രതിപക്ഷത്തിന്റെയും മനുഷ്യാവകാശ സംഘങ്ങളുടെയും തീരുമാനം. തീർച്ചയായും ഇത് രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കുവാനുള്ള ജനകീയ സമരം തന്നെയാണ്. ♦

Sourceറോസ
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + 12 =

Most Popular