ഒരേ നാടകത്തിന്‍റെതന്നെ ഓരോ അവതരണവും വ്യത്യസ്തമായ പതിപ്പുകളാവും. അവതരിപ്പിക്കുന്നവരും ആസ്വാദകരും തമ്മിലുള്ള പാരസ്പര്യത്തിന് ഏറെ പ്രാധാന്യമുള്ള ദൃശ്യകലയാണ് നാടകം. വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന നാടകത്തിനോട് പ്രേക്ഷകര്‍ സംവദിക്കുമ്പോള്‍ നാടകകല അഥവാ തീയേറ്റര്‍ പൂര്‍ണത കൈവരിക്കുന്നു. ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന കല എന്ന നിലയില്‍ നാടകം ഏറെ ശക്തമാണ്. കേരളജനതയുടെ രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങള്‍ക്ക് ഇന്ധനമായവയില്‍ മുഖ്യസ്ഥാനത്തുള്ള കലാരൂപമാണ് നാടകം. തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, വി.ടി യുടെ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, എം.ആര്‍.ബി യുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം, കെ.ടി മുഹമ്മദിന്‍റെ ഇത് ഭൂമിയാണ്, കെ. ദാമോദരന്‍റെ പാട്ടബാക്കി, ചെറുകാടിന്‍റെ നമ്മളൊന്ന്, ഇ. കെ അയമുവിന്‍റെ ഇജ്ജ് നല്ല മന്‍സനാകാന്‍ നോക്ക്, പി. ജെ ആന്‍റണിയുടെ ഇന്‍ക്വിലാബിന്‍റെ മക്കള്‍ തുടങ്ങി ഒട്ടനവധി നാടകങ്ങള്‍ ആ നിയോഗം പൂര്‍ണമായ അര്‍ഥത്തില്‍ ഏറ്റെടുത്ത് നിര്‍വഹിച്ചവയാണ്. മാനവികതയെ ഊട്ടിയുറപ്പിക്കുന്ന ഒരു നാടകസങ്കല്പം കേരളത്തിനുണ്ട്.
നൃത്തം, സംഗീതം, നാടകം എന്നിവയുടെ ഉന്നമനം ലക്ഷ്യമിട്ട് 1958 ല്‍ കേരള സംഗീത നാടക അക്കാദമി നിലവില്‍ വന്നു. അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഉദ്ഘാടനം ചെയ്ത അക്കാദമി തൃശൂരിലാണ് നിലകൊള്ളുന്നത്. കേന്ദ്ര സംഗീത നാടക അക്കാദമിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ അക്കാദമിയുടെ രൂപീകരണത്തിന് നേതൃത്വം വഹിച്ചത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഇ. എം. എസ് നമ്പൂതിരിപ്പാടും നിരൂപകനും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന ജോസഫ് മുണ്ടശ്ശേരിയുമാണ്. ചലച്ചിത്ര/നാടക നടനും എഴുത്തുകാരനുമായിരുന്ന മുരളി കേരള സംഗീത നാടക അക്കാദമിക്ക് നേതൃത്വം നല്‍കിയിരുന്ന കാലത്ത് 2008 ലാണ് അന്താരാഷ്ട്ര നാടകോത്സവത്തിന് ആരംഭം കുറിച്ചത്. കോവിഡ് മഹാമാരി മൂലമുണ്ടായ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവം ഫെബ്രുവരി 5 മുതല്‍ 14 വരെ തീയതികളിലായി നടന്നു. ഒന്നിക്കണം മാനവികത എന്നതായിരുന്നു 2023 ലെ നാടകോത്സവത്തിന്‍റെ പ്രമേയം. വിദേശ ഇന്ത്യന്‍ നാടകങ്ങളും വ്യത്യസ്തങ്ങളായ സംഗീത പരിപാടികളും വനിതാ നാടകക്കളരിയും നാടകപ്രതിഭകളുമായുള്ള സമാഗമപരിപാടികളും ഭക്ഷണമേളയുമൊക്കെ കൂട്ടിയിണക്കിയാണ് ഇന്‍റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള അഥവാ ഇറ്റ്ഫോക്ക് ഈ വര്‍ഷം സംഘടിപ്പിക്കപ്പെട്ടത്. പത്തു ദിവസങ്ങളിലായി ഒമ്പതോളം വേദികളിലൂടെ രാജ്യാന്തര നിലവാരമുള്ള നാടകോത്സവം കൊണ്ടാടപ്പെട്ടപ്പോള്‍ നാടകാസ്വാദനവും ക്രിയാത്മകമായ പ്രതികരണങ്ങളുമായി വലിയൊരു പ്രേക്ഷകസമൂഹം ഇറ്റ്ഫോക്കിനെ നെഞ്ചേറ്റി.
ധാരാളം സ്ത്രീകളും കുട്ടികളും ട്രാന്‍സ് വ്യക്തികളും ഇറ്റ്ഫോക് 2023 ന്‍റെ ഭാഗമായി. നാടകോത്സവത്തിന്‍റെ സംഘാടനത്തിലും സാങ്കേതികനിര്‍വഹണത്തിലും അക്കാദമികതലത്തിലുമുണ്ടായ സ്ത്രീവൈദഗ്ദ്ധ്യത്തിന്‍റെ ശ്രദ്ധേയമായ ഭാഗധേയം ശക്തമായ സ്ത്രീമുന്നേറ്റത്തിന്‍റെ പ്രഖ്യാപനംകൂടിയായി. ഇറ്റ്ഫോക്കിനോടനുബന്ധിച്ച് നടത്തിയ സ്ത്രീനാടകശില്പശാല വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, കുടുംബസ്ഥര്‍ തുടങ്ങി സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍നിന്നുള്ള സ്ത്രീകളുടെ കൂട്ടായ്മയായി. നീലം മാന്‍സിംഗ്, അനുരാധ കപൂര്‍ എന്നീ ഇന്ത്യന്‍ നാടകരംഗത്തെ മഹാപ്രതിഭകള്‍ മുതിര്‍ന്ന നാടകപ്രവര്‍ത്തകന്‍ എം. കെ റെയ്നയോടൊപ്പം ശില്പശാലയ്ക്ക് നേതൃത്വം നല്കി. കുടുംബശ്രീയുടെ കലാസംഘമായ രംഗശ്രീയില്‍നിന്നും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുമായി അമ്പതോളം സ്ത്രീകള്‍ പങ്കെടുത്ത ശില്പശാല ചരിത്രപ്രാധാന്യം നേടി.
‘മലയാളനാടകങ്ങള്‍ ധാരാളമായി കാണാറുണ്ടെങ്കിലും ഇതുപോലെ വിദേശനാടകങ്ങള്‍ കാണാന്‍ സാധിക്കുന്നത് ഇറ്റ്ഫോക്കിലൂടെയാണ്. നാടകം ജീവിതത്തോട് ചേര്‍ന്നുനില്ക്കുന്നു. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ നല്ല നിലവാരമുള്ള നാടകങ്ങള്‍ ഇറ്റ്ഫോക്കില്‍ കാണാന്‍ സാധിച്ചു. ഒരു സിനിമ കാണാന്‍ നൂറ്റമ്പതു മുതല്‍ മുന്നൂറു രൂപ വരെ മുടക്കുമ്പോള്‍ വെറും അറുപതുരൂപയ്ക്ക് നല്ലൊരു നാടകം കാണാന്‍ സാധിക്കുമെങ്കില്‍ ഇത്തിരി ക്യൂ നില്‍ക്കുന്നതിലും വിയര്‍ക്കുന്നതിലും പ്രയാസമൊന്നുമില്ല.’ പന്തിനൊപ്പം പറന്നവള്‍ എന്ന പുസ്തകത്തിന്‍റെ രചയിതാവ് കോമളവല്ലി പറയുന്നു. വിദേശനാടകങ്ങളെ കുറിച്ചും ഇന്ത്യന്‍ നാടകങ്ങളെ കുറിച്ചും മലയാളനാടകങ്ങളെ കുറിച്ചും അഭിപ്രായങ്ങളും ആസ്വാദനങ്ങളും പങ്കുവച്ച കോമളവല്ലി അവ തമ്മിലുള്ള താരതമ്യത്തിനും തയ്യാറായി. മുന്‍കാലങ്ങളില്‍ ഇത്രയധികം സ്ത്രീകള്‍ നാടകം കാണുന്നതിന് വന്നിരുന്നില്ലെന്നും എന്നാലിന്ന് ധാരാളം പേര്‍ നാടകം ആസ്വദിക്കാന്‍ എത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
‘കേരളത്തിന്‍റെ പൊതുസമൂഹത്തിലെ മാറ്റങ്ങള്‍ ഇറ്റ്ഫോക്കിലും പ്രതിഫലിക്കുന്നു. പുരുഷന്മാരുടെ കുത്തകയായിരുന്ന ഇടങ്ങളിലേക്ക് സ്ത്രീകള്‍ സധൈര്യം കടന്നുചെല്ലുകയാണ്. സ്ത്രീകള്‍ സ്വയം നിര്‍മിച്ചവതരിപ്പിച്ച നാടകങ്ങള്‍ പലതും ഈ മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരുന്നവയാണ്. പണ്ടുകാലങ്ങളില്‍ നാടകരംഗത്ത് സ്ത്രീകള്‍ വെറും പപ്പെറ്റുകളായിരുന്നു. അവിടെനിന്ന് ആര്‍ജ്ജവമുള്ള കലാകാരികളെന്ന നിലയിലേക്ക് നാടകരംഗത്തെ സ്ത്രീകള്‍ വളര്‍ന്നുകഴിഞ്ഞു’. ക്രിസ്തീയ സന്യാസിനീമഠങ്ങളിലെ നീതികേടുകളെ തുറന്നുകാണിച്ചതിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആമേന്‍ എന്ന പുസ്തകത്തിന്‍റെ ഗ്രന്ഥകര്‍ത്ത്രി സിസ്റ്റര്‍ ജെസ്മി വ്യക്തമാക്കി. 2008 ലെ ആദ്യത്തെ നാടകോത്സവം മുതല്‍ എല്ലാ നാടകോത്സവങ്ങളിലും സ്ഥിരം പങ്കെടുക്കുന്നയാളാണ് സിസ്റ്റര്‍ ജെസ്മി. ഇത്തവണ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് ശ്രമിച്ച സിസ്റ്റര്‍ക്ക് നിരാശപ്പെടേണ്ടിവന്നു. സംഗീത നാടക അക്കാദമിയുടെ ഇപ്പോഴത്തെ സെക്രട്ടറി കരിവെള്ളൂര്‍ മുരളിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ രണ്ടര ലക്ഷത്തോളം ആളുകള്‍ ബുക്കിംഗിന് ഒരേ സമയം ശ്രമിച്ചപ്പോഴുണ്ടായ തകരാറിനെക്കുറിച്ച് സിസ്റ്റര്‍ ജെസ്മിക്ക് അറിയാന്‍ കഴിഞ്ഞു. ഇതിനെ അവര്‍ വളരെ ക്രിയാത്മകമായി സമീപിക്കുകയാണ്. ഇത്രയധികം ആളുകള്‍ നാടകം കാണാന്‍ ആവേശം കൊള്ളുന്നു എന്നത് സിസ്റ്റര്‍ ജെസ്മിയെ ആഹ്ലാദിപ്പിക്കുന്നു. അവരില്‍ ധാരാളം പേര്‍ സ്ത്രീകളും ചെറുപ്പക്കാരുമാണെന്നത് അവര്‍ അഭിമാനത്തോടെ സൂചിപ്പിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ്, ഗതാഗതസൗകര്യം തുടങ്ങിയവയിലെ അപര്യാപ്തതകള്‍കൂടി പരിഹരിക്കപ്പെട്ടാല്‍ ഇറ്റ്ഫോക്കിനെത്തുന്ന സ്ത്രീകളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് അവരുടെ അഭിപ്രായം.
കോയമ്പത്തൂരിലെ ഒരു ആള്‍ട്ടര്‍നേറ്റീവ് സ്കൂളിലെ തീയേറ്റര്‍ അധ്യാപികയാണ് ലയ എന്ന പെണ്‍കുട്ടി. നാടകോത്സവത്തില്‍ പങ്കുകൊള്ളാന്‍ അത്യുത്സാഹത്തോടെ എത്തിയതാണ് ലയ. നാടകം പഠനവിഷയമായ സ്കൂളിന്‍റെ വിശേഷങ്ങള്‍ക്കൊപ്പം കേരളത്തിലെ നാടകോത്സവത്തില്‍ പങ്കെടുക്കുന്നതിലെ ആഹ്ലാദവും പങ്കുവച്ചുകൊണ്ട് ക്യൂവില്‍ കാത്തുനില്ക്കുന്ന ആ പെണ്‍കുട്ടിയുടെ ചിരിയില്‍ ആത്മാഭിമാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും തിളക്കം. ലയയെപ്പോലെ എത്രയോ പെണ്‍കുട്ടികളെ അവിടെ കാണാമായിരുന്നു. കൂട്ടുകൂടിയും തനിച്ചും ലോകനാടകത്തിന്‍റെ ഉത്സവനിമിഷങ്ങളെ ആവോളമാസ്വാദിച്ച് അവര്‍ നാടകങ്ങള്‍ കണ്ട് നടന്നു.
2017 ലാണ് ഇറ്റ്ഫോക്കില്‍ നാടകങ്ങള്‍ക്ക് സബ് ടൈറ്റില്‍ കൊടുക്കുവാന്‍ തീരുമാനിച്ചത്. നാടകപരിജ്ഞാനവും കമ്പ്യൂട്ടര്‍ വൈദഗ്ദ്ധ്യവും ഒരുപോലെ വേണ്ട ഒന്നാണ് സബ്ടൈറ്റില്‍ നിര്‍മാണം. ഇക്കൊല്ലത്തെ ഇറ്റ്ഫോക്കിലെ സബ്ടൈറ്റിലുകള്‍ പതിവിലേറെ മികവോടെ ചെയ്തെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുകയാണ് രേണു രാംനാഥ്. സബ് ടൈറ്റിലുകള്‍ തയ്യാറാക്കുന്നതിലെ പ്രധാനഭാഗമാണ് തര്‍ജ്ജമ.
ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ പണി തീര്‍ക്കേണ്ടതുണ്ടായിരുന്നു. ഒട്ടുമിക്ക നാടകങ്ങളുടെയും സ്ക്രിപ്റ്റ് തര്‍ജ്ജമ ചുമതല രേണുവിനും കൂട്ടര്‍ക്കുമായിരുന്നു. അവരത് ഭംഗിയായി നിര്‍വഹിക്കുകയും പ്രേക്ഷകരുടെപ്രശംസ ഏറെ പിടിച്ചുപറ്റുകയും ചെയ്തു.
കെ.ടി മുഹമ്മദ് സ്മാരക തീയേറ്ററിന്‍റെ വരാന്തയിലെ വലിയ തൂണില്‍ ചാരി നില്ക്കുകയായിരുന്നു രമ. നാലാം ക്ലാസുകാരിയായ അമേയയുടെ അമ്മ. കഴിയാവുന്നത്ര നാടകങ്ങള്‍ ആസ്വദിക്കുന്നതിനായി ചുറുചുറുക്കോടെ തീയേറ്ററുകള്‍തോറും ഓടിയെത്തുന്നുണ്ടായിരുന്നു അമ്മയും മകളും. ഇഷ്ടപ്പെട്ട നാടകങ്ങളെക്കുറിച്ചും ചില നാടകങ്ങളിലെ പോരായ്മകളെക്കുറിച്ചും സ്വന്തം നാടകസങ്കല്പങ്ങളെ കുറിച്ചുമൊക്കെ സംസാരിച്ച രമയുടെ വാക്കുകളില്‍ നഷ്ടപ്പെട്ടുവെന്ന് കരുതിയതെന്തോ തിരികെപ്പിടിക്കുന്നതിലെ ആവേശവും ആഹ്ലാദവും സ്ഫുരിച്ചുനിന്നു. നൃത്തവും കഥകളിയും ജീവശ്വാസമായി ചേര്‍ത്തുപിടിച്ച തനിക്ക് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചതോടെ അതൊക്കെ ഓര്‍മയില്‍നിന്നുപോലും നഷ്ടപ്പെട്ടുപോയേക്കുമെന്ന അവസ്ഥ നേരിടേണ്ടിവന്നതിനെ കുറിച്ച് രമ വേദനയോടെ പറഞ്ഞു. രമയും കൂട്ടരും ഒരു പുതിയ നാടകത്തിന്‍റെ പണിപ്പുരയിലാണിപ്പോള്‍. ഇറ്റ്ഫോക്കില്‍നിന്ന് ഊര്‍ജ്ജം സംഭരിക്കുന്നുണ്ടവര്‍. ഇതുപോലെ എത്രയോ സ്ത്രീകള്‍. ആ സമയത്ത് റീജിയണല്‍ തീയറ്ററിന്‍റെ വരാന്തയിലെ നീളന്‍ തിണ്ണയില്‍ ഉറങ്ങുകയായിരുന്ന സ്ത്രീകള്‍ ദൂരദേശങ്ങളില്‍നിന്ന് നാടകോത്സവത്തിന് വന്നവരാണ്. യാത്രാക്ഷീണമകറ്റാന്‍ അല്പം വിശ്രമിക്കുകയാണവര്‍. നാടകത്തോടുള്ള സ്നേഹം അവരെ വിശ്വനാടകവേദിയിലെത്തിച്ചതാണ്.
നാടകാവതരണത്തിന്‍റെ വൈവിധ്യമാര്‍ന്നതും വിശാലവുമായ സാധ്യതകളെ കാണിച്ചുതരുന്ന കേരളത്തിലെ അന്താരാഷ്ട്ര നാടകോത്സവം നാടകസമൂഹത്തില്‍ മാത്രമായി ഒതുങ്ങാതെ ജനകീയമാവുകയാണ്. പ്രത്യേകിച്ച് പാര്‍ശ്വവത്കൃതസമൂഹത്തിലേക്ക് അതിരുകള്‍ ഭേദിച്ച് പടരുകയാണ്. സബ്ടൈറ്റിലുകളുടെ പ്രദര്‍ശനത്തിന് സഹായിക്കുന്ന രത്നകുമാരിയായി, കുടുംബശ്രീ ഒരുക്കിയ ഭക്ഷണസ്റ്റാളിലെ അനാമികയായി, മാധ്യമപ്രവര്‍ത്തകയായി, വ്ളോഗറായി, നിയമപാലകയായി, ആരോഗ്യപ്രവര്‍ത്തകയായി, ആസ്വാദകയായി, അഭിനേത്രിയായി ലോകമുറ്റുനോക്കുന്ന ഇറ്റ്ഫോക്കിന്‍റെ അരങ്ങിലും അണിയറയിലും സദസ്സിലും ഭാഗധേയമുറപ്പിച്ച കുറേപ്പേര്‍. നാടകങ്ങള്‍ കാണുന്നു. വിലയിരുത്തുന്നു. ചര്‍ച്ച ചെയ്യുന്നു. വിവിധ മാധ്യമങ്ങളിലൂടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു. പിഴവുകളെ ചൂണ്ടിക്കാട്ടുന്നു. ഒപ്പമുള്ളവര്‍ക്കും ഒപ്പമെത്തേണ്ടവര്‍ക്കുംവേണ്ടി ഒച്ച കേള്‍പ്പിക്കുന്നു. കളിക്കാരും കാണികളും തമ്മിലുള്ള പാരസ്പര്യം ഉറപ്പാക്കുന്നതിലൂടെ പ്രതീക്ഷാനിര്‍ഭരമായ നാളുകള്‍ക്കുവേണ്ടി ഒന്നിച്ച് മുന്നേറാന്‍ പ്രചോദിപ്പിച്ചുകൊണ്ട് ഇറ്റ്ഫോക്കിന്‍റെ പതിമൂന്നാമത്തെ എഡിഷന് തിരശീല വീഴുമ്പോള്‍ ശക്തമായ രാഷ്ട്രീയായുധമാണ് നാടകം എന്ന ബോധ്യത്തിലേക്ക് പലവഴികളില്‍ ഒഴുകിയെത്തി ഒന്നിക്കുന്ന മാനവികതയാണ് ദൃശ്യമായത്. ♦