വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി അടങ്ങിയൊതുങ്ങിയിരുന്ന് പഠിച്ചു പോകേണ്ടവരാണോ അതോ അവരെക്കൂടി ബാധിക്കുന്ന സാമൂഹിക പ്രശ്നങ്ങളില്‍ അഭിപ്രായം പറയുകയും ഇടപെടുകയും ചെയ്തു മുന്നോട്ട് പോകേണ്ടവരാണോഎന്ന ചോദ്യം യാഥാസ്ഥിതികരുടേയും പുരോഗമനപക്ഷത്തിന്‍റെയും ഇടയില്‍ എല്ലാക്കാലത്തും നിലനിന്ന ഒരു താര്‍ക്കിക വിഷയമാണ്. നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥിതിയെ നിര്‍വചിക്കുന്നതിനപ്പുറത്തേക്ക് അവയെ മാറ്റിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക എന്നത് കാള്‍ മാര്‍ക്സ് നിര്‍വചിച്ചതുപോലെ വിപ്ലവകരമായ ഒരു നവസാമൂഹിക നിര്‍മാണ പ്രക്രിയയാണ്.വിദ്യകൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ചു ശക്തരാകാനും ആഹ്വാനം ചെയ്ത ശ്രീനാരായണ ഗുരുവും നമുക്ക് മുന്‍പിലുണ്ട്.ഏതൊരു കാലഘട്ടത്തിലും നിലനില്‍ക്കുന്ന യാഥാസ്ഥിതിക സമ്പ്രദായങ്ങളെ മാറ്റിമറിച്ചു പുരോഗമനോന്മുഖമായ സമൂഹം കെട്ടിപ്പടുക്കുന്നതിന് ചാലകശക്തിയായിട്ടുള്ളവരാണ് വിദ്യാര്‍ത്ഥികള്‍.അത്തരത്തില്‍ ലോകത്ത് നടന്നിട്ടുള്ള എല്ലാ വിപ്ലവങ്ങളിലും വിദ്യാര്‍ഥിസമൂഹം അനന്യമായപങ്കുവഹിച്ചിട്ടുണ്ട്.
എന്നാല്‍ കുട്ടികള്‍ അടങ്ങിയൊതുങ്ങിയിരുന്ന് നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങള്‍ പഠിച്ചു വേണ്ട ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പോയാല്‍ മാത്രം മതി എന്നാണ് അധികാരവര്‍ഗം എല്ലാക്കാലത്തും പറഞ്ഞിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്നതു പോയിട്ട് അഭിപ്രായം പറയുന്നതിനെപ്പോലും ക്രൂരമായി കൈകാര്യം ചെയ്യുന്ന അധികാരവര്‍ഗ്ഗത്തെ നമുക്ക് ചുറ്റും കാണാന്‍ കഴിയും.വിദ്യാര്‍ത്ഥികളുടെ മറ്റ് ഇടപെടലുകള്‍ അവര്‍ക്ക് അംഗീകരിക്കാന്‍ കഴിയാറില്ല. അത് താല്പര്യ സംരക്ഷണാര്‍ദ്ധവും ചോദ്യങ്ങളോടുള്ള ഭയം മൂലവും, സമൂഹത്തില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ വരുന്നതിനെ എതിര്‍ക്കുന്നതിനാലുമാണ്.
അതുകൊണ്ടാണ് കലാലയങ്ങളുടെ മുന്‍പില്‍ ‘രാഷ്ട്രീയം കര്‍ശനമായി നിരോധിക്കപ്പെട്ടിരിക്കുന്നു” എന്ന ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെടുന്നത്. അതില്‍ പ്രതിഫലിക്കുന്നത് കേവലം വിദ്യാര്‍ത്ഥി സംഘടനകളുടെ നിരോധനം മാത്രമല്ല തങ്ങളുടെ സമ്പത്തും അധികാരവും എതിര്‍പ്പുകളില്ലാതെ സംരക്ഷിച്ചു നിലനിറുത്തുക ഉദ്ദേശ്യമാണ്. സമരങ്ങളെയോ സംഘര്‍ഷങ്ങളെയോ ചൂണ്ടിക്കാണിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ പൊതുപ്രവര്‍ത്തനരംഗം മോശമാണെന്നും അതിനാല്‍ വിദ്യാര്‍ത്ഥി സംഘടനകളെ നമുക്ക് ആവശ്യമില്ല എന്നഎന്ന തെറ്റുധാരണ പടര്‍ത്താനും പൊതുബോധം നിര്‍മിക്കാനുമാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. ഇവിടെ വിദ്യാര്‍ത്ഥി സമരങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളും മുദ്രാവാക്യങ്ങളും എന്താണ് എന്നോ വിദ്യാലയങ്ങളടക്കമുള്ള പൊതുഇടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കപ്പെടേണ്ട അവകാശങ്ങളെക്കുറിച്ചോ സാമൂഹിക നീതിയെക്കുറിച്ചോഉള്ള വിഷയങ്ങള്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളടക്കമുള്ള വ്യവസ്ഥാപിത കേന്ദ്രങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്യാറില്ല. രാഷ്ട്രീയസമൂഹത്തില്‍ നിന്ന് പൂര്‍ണ്ണമായും അകറ്റിനിറുത്താന്‍ ശ്രമിക്കുന്ന കുട്ടികള്‍ക്കുള്ളിലേക്ക് വര്‍ഗീയതയ്ക്കും സാമൂഹിക വിരുദ്ധതയ്ക്കും യാഥാസ്ഥിതിക സമൂഹത്തിന്‍റെ എല്ലാ ജീര്‍ണതകള്‍ക്കും എളുപ്പം കടന്നുകയറാന്‍ കഴിയും.
ഇറ്റാലിയന്‍ ധൈഷണിക പ്രതിഭയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയുമായിരുന്ന അന്‍റോണിയോ ഗ്രാംഷി നിര്‍വചിച്ചതുപോലെ സമൂഹത്തിലെ പ്രബലവിഭാഗങ്ങള്‍ ഒരു ചരിത്ര ഘടനയായി (Historical Blok) നിലനില്‍ക്കുന്നത് ചില പൊതുബോധങ്ങളുടേയും പൊതുസമ്മതികളുടേയും നിര്‍മിതിയിലൂടെയാണ്. നിലവിലുള്ള സാമൂഹികസ്ഥാപനങ്ങളും സാമൂഹികബന്ധങ്ങളും അതിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ആശയങ്ങളുമെല്ലാമായി സംബന്ധം പുലര്‍ത്തിക്കൊണ്ട് ഈ അധികാരവര്‍ഗം അവരുടെ അധീശത്വം നിരന്തരം നിര്‍മ്മിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്തു നിലനിര്‍ത്തുന്നു. നമ്മുടെ രാജ്യത്ത് അക്ഷരാര്‍ത്ഥത്തില്‍ സംഭവിക്കുന്നതും ഇതു തന്നെയാണ്. ഫാസിസിസ്റ്റ് മേല്‍ക്കോയ്മയുടെ കാലത്താണ് അന്‍റോണിയോ ഗ്രാംഷി തന്‍റെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കുന്നതും ചിന്തകള്‍ വികസിപ്പിച്ചതും. ഇവിടെ ഫാസിസ്റ്റ് ശക്തികള്‍ ആധിപത്യം മുറുക്കിത്തുടങ്ങുന്ന കാലത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചെറുത്തുനില്‍പ്പ് സമരങ്ങളുടെ ശ്രദ്ധേയമായ രേഖപ്പെടുത്തലാണ് ജെ.എന്‍.യു. സ്റ്റുഡന്‍റസ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന (2016-17) ശതരൂപ ചക്രവര്‍ത്തിയും ജെഎന്‍യുവിലെ എസ്എഫ്ഐ നേതാവായിരുന്നപിണ്ടിഗ അംബേദ്കറും ചേര്‍ന്ന് എഡിറ്റ് ചെയ്തത് ലെഫ്റ്റ് വേര്‍ഡ് ബുക്സ് പ്രസിദ്ധീകരിച്ച Students Won’t Be Quiet എന്ന പുസ്തകം. ആദ്യ നരേന്ദ്രമോദി ഗവണ്‍മെന്‍റിന്‍റെ കാലഘട്ടമായ 2014 മുതല്‍ 2019 വരേയുള്ള സമയമാണ് ഈ പുസ്തകത്തിന്‍റെ പ്രതിപാദ്യം.
ഈ പുസ്തകം ഉള്‍ക്കൊള്ളുന്ന കാലഘട്ടത്തെയും ഇന്ത്യയിലെ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളുടെ ചരിത്രത്തേയും കുറിച്ചെല്ലാം ശതരൂപ എഴുതിയ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കാലഘട്ടത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ വായിക്കുമ്പോള്‍ ശതരൂപയ്ക്കൊപ്പം ആ സമരങ്ങളിലുണ്ടായ ഒരാളെന്ന നിലയില്‍ ഓരോ ഓര്‍മ്മകളും മുദ്രാവാക്യങ്ങളും വ്യക്തിപരമായ ഒരുപാട് അനുഭവങ്ങളിലേക്കുകൂടി കൊണ്ടുവന്നെത്തിക്കുന്നുണ്ട്.വിമര്‍ശനപരമായ ശബ്ദങ്ങളെ ഭരണകൂടം എത്രത്തോളം ഭീകരതയോടെ നേരിട്ടു എന്നതും യുവജനങ്ങള്‍ അവയെ പ്രതിരോധിക്കാന്‍ നടത്തിയ ശക്തമായ ശ്രമങ്ങളുമെല്ലാം ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്നു. പൊതുവിദ്യാഭ്യാസം എന്ന ആശയത്തിന് നേരെയുള്ള ആക്രമണവും വിദ്യാഭ്യാസത്തിന്‍റെ വന്‍തോതിലുള്ള സ്വകാര്യവത്കരണവും യുക്തിക്കും മതേതരത്വത്തിനും നേരെയുള്ള ആക്രമണവുമെല്ലാം ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ നിലപാടുകളാണ്. ഇന്ത്യന്‍ ഭരണകൂടം സോഷ്യലിസ്റ്റ് ആശയങ്ങളോട് അകലം പാലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിരിക്കുന്നു. ഗവണ്‍മെന്‍റ് 1986 ല്‍ അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയം തന്നെ വിദ്യാഭ്യാസത്തിന് നല്‍കപ്പെട്ട സബ്സിഡികളില്‍ നിന്നുള്ള പിന്‍മാറലായിരുന്നു. അവിടെനിന്ന് 2020ല്‍ അവതരിപ്പിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ നയത്തിലേക്ക് എത്തുമ്പോഴേക്കും പൊതുവിദ്യാഭ്യാസ മേഖല ആകമാനമായും ഉന്നതവിദ്യാഭ്യാസ മേഖലസവിശേഷമായും വളരെയേറെ ചിവിട്ടിയരക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
പുസ്തകത്തിലെ ഉള്ളടക്കങ്ങളിലെ ആദ്യഭാഗമായ തുല്യതക്ക് വേണ്ടിയുള്ള സമരങ്ങള്‍ (Afterwards) എന്ന തീമിലെആദ്യ രണ്ട് ലേഖനങ്ങള്‍ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ വിദ്യാര്‍ഥി മുന്നേറ്റങ്ങളുടെ ചരിത്രങ്ങളും രോഹിത് വെമുലയടക്കമുള്ളവരുടെ കൊലപാതകസമാനമായ ആത്മഹത്യകളെക്കുറിച്ചുമെല്ലാം അവിടെയുണ്ടായിരുന്നവരുടെ സാക്ഷ്യമാണ്. കുല്‍ദീപ് സിംഗ് നാഗി, ശുദ്ധബ്രതദേബ് റോയ്, സുഹൈല്‍ കെ. പി. തുടങ്ങിയവര്‍ ചേര്‍ന്നെഴുതിയ ലേഖനങ്ങളാണ് ആദ്യം. ലേഖകരായ സുഹൈല്‍ കെ. പി. കുല്‍ദീപ് സിംഗ് നാഗി എന്നിവര്‍ യു.ഒ.എച്ച് ലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റുമാരായിരുന്നു. ഇതോടൊപ്പം തന്നെ പുസ്തകത്തിന്‍റെ എഡിറ്റര്‍മാരില്‍ ഒരാളായ അംബേദ്കര്‍ രോഹിത് വെമുലക്കൊപ്പം ക്യാമ്പസില്‍നിന്ന് പുറത്താക്കപ്പെട്ട അംബേദ്കര്‍ സ്റ്റുഡന്‍റസ് അസോസിയേഷന്‍ (എഎസ്എ) നേതാവും മുന്‍ സ്റ്റുഡന്‍റസ് യൂണിയന്‍ പ്രസിഡന്‍റുമായ ദൊന്തപ്രശാന്തുമായി നടത്തിയ അഭിമുഖം കൂടി പ്രസിദ്ധീകരിച്ചിരിക്കുന്നു. പിന്നോക്ക വിഭാഗങ്ങളില്‍ നിന്നും യൂണിവേഴ്സിറ്റികളിലേക്ക് കടന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുന്നതിനായി നടത്തേണ്ട നിയമനിര്‍മാണത്തെക്കുറിച്ചും (രോഹിത് ആക്റ്റ്) ലിംഗനീതി സംരക്ഷിക്കപ്പെടേണ്ടതിനും ഘടനാപരമായും ആശയപരമായും സര്‍വകലാശാലാ ഇടങ്ങള്‍ പുതുക്കിപ്പണിയേണ്ടതിന്‍റെ ആവശ്യകതയിലേക്കുമെല്ലാം ഈ ലേഖനങ്ങള്‍ വെളിച്ചം വീശുന്നു.
തുടര്‍ന്നു വരുന്ന എഴുത്തുകളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി.)ബാംഗ്ളൂരിലെ വിദ്യാര്‍ത്ഥി മുന്നേറ്റത്തെപ്പറ്റി സമരങ്ങളുടെ നേതൃത്വത്തില്‍ ഉണ്ടായ ശുഭാംഗര്‍ ചക്രവര്‍ത്തി എഴുതിയ ലേഖനവും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനികളുടെ സമരത്തെക്കുറിച്ച് സമരനേതൃത്വത്തില്‍ ഉണ്ടായിരുന്ന മിനേഷി മിശ്രയുമായി എഡിറ്റര്‍മാരില്‍ ഒരാളായ ശതരൂപ ചക്രവര്‍ത്തി നടത്തിയ സംഭാഷണവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെക്കുുറിച്ച് ജിഷ്ണു ഇ. എന്‍.,ആസ്സാമില്‍ മനുവാദികളായ ബിജെപി സര്‍ക്കാരിന്‍റെ കീഴില്‍ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെക്കുറിച്ചും അതിനെതിരേ ഉയര്‍ന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ കുറിച്ചും എസ്എഫ്ഐ ആസ്സാം സംസ്ഥാന സെക്രട്ടറിയായ സംഗീത ദാസ് എന്നിവരുടെ ലേഖനങ്ങളാണ് ഉള്‍പ്പെടുന്നത്.
രണ്ടാമത്തെ ഉള്ളടക്കമായ അധീശത്വത്തിനെതിരായ സമരങ്ങള്‍ (struggles against authoritarianism) എന്ന ഭാഗത്തില്‍ പശ്ചിമ ബംഗാളിലെ സര്‍വകലാശാലകളിലെ സാഹചര്യങ്ങളെക്കുറിച്ചും ബിജെപി ഭീകരതക്കൊപ്പം തന്നെ നടമാടുന്ന തൃണമൂല്‍ ഭീകരതയെക്കുറിച്ചും അതിനെതിരായി അരങ്ങേറിയ വിദ്യാര്‍ത്ഥി സമരങ്ങളെക്കുറിച്ചും കല്‍ക്കട്ടയിലെ ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് കൂടിയായിരുന്ന ഗീതോശ്രീ സര്‍ക്കാരിന്‍റെ ലേഖനം, പൂനയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ (എഫ്.ടി.ഐ.ഐ) വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെക്കുറിച്ച് സമരനേതൃത്വത്തില്‍ ഉണ്ടായിരുന്ന അമേയ വിവേക് ഗോരേയുമായി ശതരൂപ നടത്തിയ അഭിമുഖം, മദ്രാസ് ഐഐടിയിലെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡിസര്‍ക്കിളിന്‍റെ ഉയര്‍ന്നുവരവിനെക്കുറിച്ചും വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെക്കുറിച്ചുമുള്ള അഭിനവ് സൂര്യയുടെ ലേഖനം, എന്തുകൊണ്ട് ജെഎന്‍യു സംഘ്പരിവാറിനാല്‍ ആക്രമിക്കപ്പെടുന്നു എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ദേശീയ ശ്രദ്ധയാകര്‍ഷിച്ച സ്റ്റാന്‍ഡ് വിത്ത് ജെഎന്‍യു മുന്നേറ്റവും അതിനുശേഷമുള്ള നിരന്തരമായ സമരങ്ങളേയും കുറിച്ചുള്ള സുബിന്‍ ഡെന്നീസിന്‍റെ ലേഖനംഎന്നിവ ഇവിടെ ഉള്‍പ്പെട്ടിരിക്കുന്നു.
വിദ്യാഭ്യാസം എന്ന അവകാശത്തിനുവേണ്ടിയുള്ള സമരം (struggles for education as a right) എന്ന മൂന്നാമത്തെ വിഭാഗത്തില്‍ അവിഭക്ത ആന്ധ്രാപ്രദേശില്‍ നടന്ന ഹോസ്റ്റലുകള്‍ക്ക് വേണ്ടിയുള്ള വിദ്യാര്‍ത്ഥി സമരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് കാദിഗല്ല ഭാസ്കറുമായി അംബേദ്കര്‍ നടത്തുന്ന സംഭാഷണം, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) ലെ സാമൂഹ്യനീതിക്കായുള്ള മുന്നേറ്റങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളായ സന്ദീപ് മഹാതോ, ഗൗരവ് ഗാര്‍ഡേ, അരവിന്ദന്‍ നാഗരാജന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയലേഖനം, ജെഎന്‍യുവിലെ ഫീസ് മസ്റ്റ് ഫാള്‍ സമരത്തിനിടെ ക്രൂരമായി ആക്രമിക്കപ്പെടുകയും വധശ്രമത്തിനിരയാവുകയും ചെയ്ത വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് അയ്ഷി ഘോഷുമായി ശതരൂപ ചക്രവര്‍ത്തി നടത്തിയ സംഭാഷണം എന്നിവ ഇവിടെഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
വിദ്യാഭ്യാസത്തിനെതിരായ നവഉദാരീകരണ ആക്രമണത്തിനുനേരെയുള്ള പ്രക്ഷോഭം (struggles against neoliberal assaults on education) എന്ന അടുത്ത വിഭാഗത്തില്‍ പി. എം. രഞ്ജിത്ത് എഴുതിയ 1990 കള്‍ മുതലുള്ള കേരളത്തിലെ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെക്കുറിച്ചുള്ള ലേഖനം, ഹിമാചല്‍ പ്രദേശിലെ വിദ്യാര്‍ത്ഥി മുന്നേറ്റങ്ങളെക്കുറിച്ചുള്ള എസ്എഫ്ഐ മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ വിക്രം സിംങ്ങിന്‍റെ ലേഖനം, ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളെക്കുറിച്ച് എസ്എഫ്ഐ മുന്‍ ഡല്‍ഹി സംസ്ഥാന പ്രസിഡന്‍റുകൂടിയായ വികാസ് ബധൗരിയയുടെ ലേഖനം എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പുസ്തകത്തിന്‍റെ അവസാനത്തെ ഭാഗം (Afterwards) ക്രോഡീകരിച്ചിരിക്കുന്നത് ജെഎന്‍യുക്യാമ്പസ്സില്‍ വച്ച് എബിവിപി പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായശേഷം തിരോധാനപ്പെട്ട നജീബ് അഹമ്മദിന്‍റെ അമ്മ ഫാത്തിമ നഫീസുമായി ശതരൂപ നടത്തിയ അഭിമുഖം, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുലയുമായി അംബേദ്കര്‍ നടത്തിയ അഭിമുഖം എന്നിവയോടുകൂടിയാണ്.സിഎഎ, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങളില്‍ നടന്ന വിദ്യാര്‍ത്ഥി മുന്നേറ്റങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഈ പുസ്തകത്തിലെ വിവിധ ലേഖനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വിശേഷിച്ചും ഈ പുസ്തകം ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കാലത്തെ വിദ്യാര്‍ത്ഥി വിഷയങ്ങളില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്നതിനാല്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ കാലത്തെ വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങളെക്കുറിച്ചുള്ള മറ്റൊരു മൗലികമായ രചനയ്ക്കുള്ള സാധ്യതകൂടി ഈ എഡിറ്റോറിയല്‍ ടീമിനുമുന്‍പില്‍ തുറന്നുകിടക്കുകയാണ്.
ഇവിടെ പരാമര്‍ശിക്കപ്പെട്ട സമരങ്ങളില്‍ പലതിലും നേരിട്ട് പങ്കെടുത്തയാള്‍ എന്ന നിലയ്ക്ക് ഈ സമരങ്ങളെ പ്രാഥമികമായിത്തന്നെ രേഖപ്പെടുത്തുന്ന ലേഖനങ്ങളുടേയും അഭിമുഖങ്ങളുടേയും സമാഹരണം വളരെ സന്തോഷവും പ്രചോദനവും നല്‍കുന്ന ഒന്നാണ്. ജെഎന്‍യുപോലെ രാജ്യത്തെ പ്രഥമ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ഇതുവരെ ഉണ്ടാകാത്ത തരത്തില്‍ ആ ക്യാമ്പസ്സിലെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളടക്കമുള്ളവരെ തിരഞ്ഞുപിടിച്ചു ആക്രമിക്കുകയും വിദ്യാര്‍ത്ഥികളുടെ ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയും സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുകയുമെല്ലാം ചെയ്യുന്ന ഒരു ഭരണകൂടം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. എബിവിപി എന്ന വിദ്യാര്‍ത്ഥി സംഘടന വിദ്യാര്‍ഥിപക്ഷത്തുനിന്ന് കാര്യങ്ങള്‍ വിലയിരുത്തി അവര്‍ക്കനുകൂലമായി ഇടപെടേണ്ടതിന് പകരം അഡ്മിനിസ്ട്രേഷന്‍റെ അജണ്ട നടപ്പാക്കാനും അവരോട് വിയോജിക്കുന്നവരെ ദ്രോഹിച്ചും ആക്രമിച്ചും ഇല്ലാതാക്കുവാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഇതിനെതിരെയാണ് ഞങ്ങളെപ്പോലുള്ള വിദ്യാര്‍ഥികള്‍ തെരുവിലേക്കിറങ്ങിയത്. ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ വ്യക്തമായും വസ്തുനിഷ്ഠമായും പൊതുസമൂഹത്തിന് മുന്‍പില്‍ അവതരിപ്പിക്കുകയും ചര്‍ച്ചക്ക് വിധേയമാക്കുകയും ചെയ്യുന്നത് വളരെ പ്രാധാന്യവും അഭിനന്ദനവും അര്‍ഹിക്കുന്ന പ്രവൃത്തിയാണ്. ഇത്തരത്തില്‍ ജനാധിപത്യത്തെ കൂടുതല്‍ കരുത്തുറ്റതാക്കുകയാണ് ഈ എഡിറ്റോറിയല്‍ ടീമും ലെഫ്റ്റ് വേഡ് ബുക്സും ഈ പുസ്തകത്തിന്‍റെ പ്രകാശനത്തോടെ നിര്‍വഹിച്ചിരിക്കുന്നത്.
നമുക്കുമുന്‍പില്‍ നിത്യേനയെന്നോണം നടന്നുകൊണ്ടിരിക്കുന്ന ഫാസിസിസ്റ്റ് രാഷ്ട്രത്തിലേക്കുള്ള വഴിവെട്ടലുകള്‍ പ്രതിരോധങ്ങളിലേക്ക് കൂടുതല്‍ ജാഗരൂഗരാകണമെന്നുള്ള ഓര്‍മ്മപ്പെടുത്തലുകളാണ്. വിദ്യാര്‍ത്ഥിസമരങ്ങള്‍ ഇനി വരാനിരിക്കുന്ന വലിയ ജനകീയ മുന്നേറ്റങ്ങള്‍ക്കുള്ള തുടക്കവും കരുത്തേകലുമാണ്. ലിബറല്‍ ജനാധിപത്യ സങ്കേതങ്ങളും സാമ്പ്രദായിക ദേശീയവാദവും ചോദ്യം ചെയ്യാനാകാത്ത വിധം പുരോഗമനപരവും ദേശസ്നേഹപരവുമാണെന്നും അത് പ്രദാനം ചെയ്യുന്ന സൗകര്യങ്ങളും അനുഭൂതികളും അനന്യമാണെന്നും ഉദ്ഘോഷിച്ചുകൊണ്ടിരുന്നവര്‍ പിന്നീട് കണ്ടത് തീവ്രമതാത്മകവും തീവ്രദേശീയവുമായ ജല്‍പനങ്ങള്‍ അതിനകത്തുനിന്ന് തന്നെ ഉയര്‍ന്നുവരുന്നതും ജനാധിപത്യ മതേതരത്വ ഇടങ്ങളെ കീഴടക്കുന്നതും സോഷ്യലിസ്റ്റ് ഇടങ്ങളെ ഇല്ലാതാക്കുന്നതുമാണ്. സാമ്പ്രദായിക ദേശീയവാദികളും ലിബറല്‍ പ്രചാരകരും കണ്‍മുന്‍പില്‍ നടക്കുന്ന ഈ മാറ്റത്തെ പ്രതിരോധിക്കാനുള്ള ആശയായുധങ്ങള്‍ ഇല്ലാതായി തീര്‍ന്നവരാകുകയും എവിടെ നില്‍ക്കണമെന്ന് വ്യക്തതതയില്ലാത്തവരാകുകയും അവര്‍ പലപ്പോഴും മര്‍ദകര്‍ക്കൊപ്പംതന്നെ ചേരുകയുമെല്ലാമാണ് ചെയ്തത്.
മുതലാളിത്ത ജനാധിപത്യത്തിന്‍റെ സാമാന്യ യുക്തികള്‍ തന്നെയാണ് വര്‍ഗീയവാദികള്‍ പ്രയോജനപ്പെടുത്തിയതും.അതുകൊണ്ടുതന്നെ ഒരു പുണ്യഭൂമിയെന്നോണം കൊട്ടിഘോഷിക്കപ്പെട്ട ലിബറല്‍ ജനാധിപത്യ ഭൂമികയുടെ പൊള്ളത്തരങ്ങളും ചോര്‍ച്ചകളുമെല്ലാമാണ് ഇന്ത്യയിലേതടക്കമുള്ള തീവ്രവലതുപക്ഷ മുന്നേറ്റങ്ങളുടെ കാലം ഞെട്ടിപ്പിക്കുന്നതരത്തില്‍ നമുക്ക് മുന്‍പില്‍ വെളിവാക്കിയത്. വിദ്യാര്‍ത്ഥി, കര്‍ഷക, തൊഴിലാളി മുന്നേറ്റങ്ങളെയെല്ലാം മുതലാളിത്ത ജനാധിപത്യ ചില്ലുമേടകളിലിരുന്നു കല്ലെറിഞ്ഞവര്‍ക്ക് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെങ്കില്‍ തകര്‍ന്ന ചീളുകളിലേക്ക് സൂക്ഷിച്ചു നോക്കാവുന്നതാണ്. ജനാധിപത്യസമരങ്ങള്‍ക്ക് കൂടുതല്‍ ഐക്യവും കരുത്തും ആവശ്യപ്പെടുന്ന കാലഘട്ടമാണ് നമുക്ക് മുന്‍പില്‍ നില്‍ക്കുന്നത്. ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ ജനതയെ ഞെരിച്ചമര്‍ത്തിയ ഇറ്റലിയിലടക്കം രണ്ടാം ലോകയുദ്ധത്തിലെ തകര്‍ച്ചയ്ക്കു ശേഷം വീണ്ടും ഫാസിസിസ്റ്റ് കക്ഷികള്‍ അധികാരത്തില്‍ തിരിച്ചെത്തുന്ന സമയമാണിത്. അതിനാല്‍ തന്നെ സമരസപ്പെടലുകളില്ലാതെ പുരോഗമപക്ഷത്തുനിന്ന് മതേതര ജനാധിപത്യമെന്ന ഇന്ത്യയുടെ അടിസ്ഥാന ആശയം വിശാലമായ ഐക്യത്തോടെയും ശക്തിയോടെയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായി ജനാധിപത്യമുന്നേറ്റങ്ങളാല്‍ നമ്മുടെ തെരുവുകള്‍ ഇനിയും മുഖരിതമാകട്ടെ. ♦
(ഗവേഷണ വിദ്യാര്‍ത്ഥി, ജെഎന്‍യു, ന്യൂ ഡല്‍ഹി. ജെഎന്‍യു സ്റ്റുഡന്‍റസ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്‍റ് (2016-17))