Saturday, April 20, 2024

ad

Homeപുസ്തക പരിചയംആനി എര്‍ണോ - ആത്മാവെന്ന കാലിഡോസ്കോപ്

ആനി എര്‍ണോ – ആത്മാവെന്ന കാലിഡോസ്കോപ്

ലക്ഷ്മി ദിനചന്ദ്രന്‍

“”For most of history, anonymous was a woman”
Virginia Woolf

ഫ്രഞ്ച് എഴുത്തുകാരിയും ഓര്‍മ്മക്കുറിപ്പുകാരിയുമായ ആനി എര്‍ണോയുടെ എഴുത്തുരീതി സമാനതകളില്ലാത്തതാണ്. അധികമാരും ധൈര്യപൂര്‍വം ഉപയോഗിക്കാത്ത ഒരു വീക്ഷണകോണില്‍ നിന്നാണ് അവര്‍ ആശങ്കകളില്ലാതെ എഴുതുന്നത്; സ്വന്തം കഥയാണ് അവര്‍ മടികൂടാതെ പറയുന്നത്. ആത്മകഥാപരമാണ് എര്‍ണോയുടെ പുസ്തകങ്ങളേറെയും. അവരുടെ ജീവിതത്തിന്‍റെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചോ അവരെ സ്വാധീനിച്ച മനുഷ്യരെയോ സംഭവങ്ങളെയോകുറിച്ചോ ആണ് അവ സംസാരിക്കുന്നത്.

തന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ അവര്‍ ചരിത്രസംഭവങ്ങളും വ്യക്തിപരമായ അനുഭവങ്ങളും ഉപയോഗിച്ചിട്ടുണ്ട്. തന്‍റെ അച്ഛനമ്മമാരുടെ ജീവിതം, സമൂഹത്തിലെ പടിപടിയായ ഉയര്‍ച്ച, വ്യക്തിഎന്ന നിലയിലുള്ള പരിണാമം, തന്‍റെ കൗമാരകാലം, വിവാഹം, ഒരു മുറിവൈദ്യന്‍റെ അടുത്ത് പോയി രഹസ്യമായി നടത്തേണ്ടിവന്ന ഗര്‍ഭഛിദ്രം, രോഗം – ഇതെല്ലാം ഫ്രഞ്ച് സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ അവര്‍ വിവരിക്കുന്നു.

A Woman’s Story, A Man’s Place, Simple Passion, Shame, I Remain in Darkness, Exteriors, The Possession എന്നിവയാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള പ്രധാനപ്പെട്ട പുസ്തകങ്ങള്‍. 2008ല്‍ പുറത്തിറങ്ങിയ The Years എന്ന പുസ്തകമാണ് അവരുടെ ഏറ്റവും മഹത്തായ രചനയാണ് മിക്ക നിരൂപകരും കണക്കാക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനു തൊട്ടുപിന്നാലെയുള്ള വര്‍ഷങ്ങള്‍ മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യദശകം വരെയുള്ള കാലഘട്ടത്തിലെ ഫ്രാന്‍സിന്‍റെ കഥ പറയുന്നതിനൊപ്പം, ഒരു സ്ത്രീയുടെയും അവള്‍ ജീവിച്ചിരുന്ന വികസിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തെയും ഈ പുസ്തകം അടയാളപ്പെടുത്തുന്നു.

എര്‍ണോ ഏറ്റവും നന്നായി എഴുതുന്നത് എര്‍ണോയെക്കുറിച്ചുതന്നെ ആണെന്നിരിക്കെ, അവരുടെ ചിന്തകളെയും മനോവ്യാപാരങ്ങളെയുംകുറിച്ചല്ലാതെ ചുറ്റുമുള്ള കാഴ്ചകളെ വരച്ചിടുന്ന കുറിപ്പുകളാണ് Exteriors എന്ന പുസ്തകം. അതിന്‍റെ പേരുസൂചിപ്പിക്കുന്നതുപോലെ, തനിക്ക് പുറത്തുള്ള ലോകത്തിന്‍റെ കാഴ്ചകളെ ഏറെക്കുറെ നിഷ്പക്ഷമായി വരച്ചിടുകയാണ് ഈ ചെറുകുറിപ്പുകളിലൂടെ. ആധുനിക ഫ്രഞ്ച് സാഹിത്യത്തില്‍ വര്‍ഗ്ഗരാഷ്ട്രീയത്തെക്കുറിച്ച് ലളിതസുന്ദരമായ കൃത്യതയോടെ എഴുതുന്നവരില്‍ പ്രധാനിയാണ് എര്‍ണോ. അതുകൊണ്ടുതന്നെ സെര്‍ജി-പ്വന്‍റ്വാസ് (Cergy-Pontoise) എന്ന സ്ഥലത്തെ വീട്ടില്‍ നിന്നും പാരീസിലെ ഓഫീസില്‍ വരെയുള്ള ട്രെയിന്‍ യാത്രകളിലും മറ്റുസ്ഥലങ്ങളിലും നിന്ന് അവര്‍ കണ്ടെടുത്തെഴുതുന്ന കാഴ്ചകളില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള ഇടപെടലുകള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. സമൂഹത്തിന്‍റെ അതിരുകളിലേക്ക് തഴയപ്പെടുന്നവരും സമൂഹം നല്‍കുന്ന പ്രിവിലേജുകളില്‍ അഭിരമിക്കുന്നവരും തമ്മിലുള്ള ഇടപെടലുകള്‍. ആരോടും ഭിക്ഷ ചോദിക്കാതെ, തന്‍റെ നഗ്നതപോലും മറയ്ക്കാതെ, സബ്വേയുടെ ചുമരില്‍ ചാരിനില്‍ക്കുന്ന നിസ്സംഗനായ വൃദ്ധനെയും, ‘എനിക്കാരുമില്ല… എനിക്കല്പം ഭക്ഷണം വേണം’ എന്ന് ഫുട്പാത്തില്‍ ആരോ എഴുതിയിട്ടത് ചവിട്ടാതെ ഒഴിഞ്ഞുമാറി നടന്നുപോകുന്ന ഓഫിസ് ജീവനക്കാരെയുമൊക്കെക്കുറിച്ച് എഴുതണമെന്ന അവരുടെ ബോധ്യം ആ രാഷ്ട്രീയത്തില്‍ നിന്നും ഉയര്‍ന്നു വന്നതാകാം.

ഇതോടൊപ്പം ഫ്രാന്‍സിലേക്ക് കുടിയേറിപ്പാര്‍ത്ത വിദേശികളും തമ്മില്‍ത്തമ്മില്‍ സംസാരിച്ചു യാത്രചെയ്യുന്ന സ്ത്രീകളും ചുവരെഴുത്തുകളും ചിത്രങ്ങളും കെട്ടിടങ്ങളുമൊക്കെ എഴുത്തുകാരിയുടെ കണ്ണില്‍പ്പെടുന്നുണ്ട്. അവര്‍തന്നെ പറയുന്നത് താന്‍ ‘ഓരോ നിമിഷവും യാഥാര്‍ഥ്യത്തില്‍ സാഹിത്യം തിരഞ്ഞുകൊണ്ടിരിക്കുന്ന’ ഒരുവളാണ് എന്നാണ്.

തന്‍റെ രാഷ്ട്രീയ നിലപാടുകളെ എഴുത്തില്‍നിന്ന് വേര്‍പെടുത്താന്‍ അവര്‍ ശ്രമിക്കാറുണ്ട് എന്ന് എര്‍ണോ പല അഭിമുഖങ്ങളിലും പറയാറുണ്ടെങ്കിലും, തന്നെയും ചുറ്റുമുള്ള ലോകത്തെയും കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങള്‍ വര്‍ഗരാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ ധാരണയുള്ള ഒരു ഫെമിനിസ്റ്റിന്‍റെ കാഴ്ചപ്പാടില്‍നിന്നും തെറ്റാറില്ല. ഇടതുപക്ഷ അനുകൂലിയായ ആനി എര്‍ണോ തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ ഒരിക്കലും മറച്ചുവച്ചിട്ടില്ല. നൊബേല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, എര്‍ണാ ധീരമായി മാധ്യമങ്ങളോട് പറഞ്ഞു, “ഞാന്‍ എന്‍റെ അവസാനശ്വാസംവരെ പോരാടും. അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം, ഗര്‍ഭനിരോധനം, ഗര്‍ഭഛിദ്രത്തിനുള്ള അവകാശം – ഇവയൊക്കെ സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ ഊടും പാവുമാണ്. ഇതിനു സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുണ്ട്. അതുകൊണ്ടാണ് ചില രാജ്യങ്ങളില്‍, അമേരിക്കയിലെ ചില പ്രദേശങ്ങളില്‍, ചില സംസ്ഥാനങ്ങളില്‍, സ്ത്രീകളുടെമേല്‍ പഴയ ആധിപത്യം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ഇതിനെ എതിര്‍ക്കുന്നത്. ഇസ്രായേല്‍ രാഷ്ട്രത്തിനെതിരായ ശക്തമായ എതിര്‍പ്പും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ വലതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഉയര്‍ച്ചയെക്കുറിച്ച് അവര്‍ ആശങ്കാകുലയാണ്. ഇറാനിയന്‍ സ്ത്രീകളുടെ പര്‍ദയ്ക്കെതിരായ കലാപത്തെ പിന്തുണയ്ക്കുമ്പോഴും, ഫ്രാന്‍സിലെ മുസ്ലിം സ്ത്രീകള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം ഹിജാബ് ധരിക്കാനുള്ള അവകാശത്തെ അവര്‍ ശക്തമായി ഉയര്‍ത്തിപ്പിടിച്ചു. ഒരു ഫെമിനിസ്റ്റ് ഐക്കണായി വാഴ്ത്തപ്പെടാറുണ്ടെങ്കിലും, ‘എഴുതുന്ന ഒരു സാധാരണക്കാരി’ എന്നറിയപ്പെടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫ്രാന്‍സിലെ പാഠപുസ്തകങ്ങളില്‍ ഇടം നേടിയ ചുരുക്കം ചില വനിതാ എഴുത്തുകാരില്‍ ഒരാളാണ് ആനി എര്‍ണോ. എന്നിരുന്നാലും, വിവര്‍ത്തനങ്ങള്‍ എളുപ്പം കിട്ടാത്തതുകൊണ്ട് മറ്റു രാജ്യങ്ങളില്‍ അവര്‍ അത്രയധികം വായിക്കപ്പെട്ടിട്ടില്ല. ടാന്യ ലെസ്ലിയാണ് ഫ്രഞ്ചില്‍നിന്നും ഇംഗ്ലീഷിലേക്ക് ഈ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഫിറ്സ്കരാല്‍ഡോ എഡിഷന്‍സ് എന്ന സ്വാതന്ത്രപ്രസാധകരാണ് എഴുപത്തിമൂന്നു പേജുമാത്രമുള്ള ഈ ചെറുപുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

Exteriors വായിക്കുമ്പോള്‍ തോന്നുക അതിലെ പലകുറിപ്പുകളും തുടക്കങ്ങളോ സൂചനകളോ ആണെന്നാണ്… അനവധി കഥകളുടെ വിത്തുകള്‍. ഒരേസമയം അപൂര്‍ണ്ണതകൊണ്ട് അസ്വസ്ഥതയുളവാക്കുകയും, സൂക്ഷ്മതകൊണ്ട് അമ്പരപ്പിക്കുകയും ചെയ്യുന്ന ഒരു പുസ്തകമാണിത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − 12 =

Most Popular