ആംചൊ ബസ്തര്‍ നമ്മുടെ ബസ്തര്‍. അതെ ബസ്തര്‍ ഇപ്പോള്‍ നമ്മുടെ കൂടി ആണ്. മലയാളികള്‍ക്ക് തീരെ അപരിചിതമായ ഒരു ഭൂപ്രദേശം. കാടും കാട്ടരുവിയും നീര്‍ച്ചാലുകളും വെള്ളച്ചാട്ടവും പാറക്കൂട്ടങ്ങളും നിറഞ്ഞ അതിമനോഹരം എങ്കിലും നിഗൂഢതകളും ദുരൂഹതകളും ആശങ്ക പടര്‍ത്തുന്ന ഒരു വനപ്രദേശം. ഛത്തിസ്ഗഢിലാണ് ഇപ്പോള്‍ ബസ്തര്‍. ലോകത്തെവിടെയും എത്തുന്ന മലയാളികള്‍ പക്ഷെ ബസ്തറിലേക്ക് അധികം കടന്നു കയറിയിട്ടില്ല.
നന്ദിനി മേനോന്‍ എന്ന യാത്രിക വനാന്തരങ്ങളിലൂടെ വെറുതെ അങ്ങനെ നടന്നു. മുന്‍വിധികള്‍ ഇല്ലാതെ, വിധിന്യായങ്ങള്‍ക്ക് ഒരുമ്പെടാതെ, കാഴ്ചയില്‍ ഒരു നിറവും കലര്‍ത്താതെ വെറുതെ നടക്കുന്നു.
അവരുടെ ഉദ്ദേശ്യങ്ങള്‍ നിരുപദ്രവമെന്നു ബോധ്യപ്പെട്ട വനവാസികള്‍ അവരെ ഒപ്പം ചേര്‍ക്കുന്നു. സംസാരിക്കുന്നു. അവര്‍ക്കൊപ്പം പാട്ടുപാടാനും നൃത്തം ചെയ്യാനും അവര്‍ തയാറാകുന്നു. തങ്ങളുടെ പ്രിയപ്പെട്ട മഹുവനീര് നല്‍കി, രസകരമായ മിത്തുകളെക്കുറിച്ച്, ഒട്ടനേകം ദേവതകളെ കുറിച്ച് അവര്‍ അഭിമാനത്തോടെ പറഞ്ഞുകൊടുക്കുന്നു. ഓരോ പുല്‍ക്കൊടിയോടും മണല്‍ത്തരിയോടും പൂമ്പാറ്റയോടും നന്ദിനി സംവദിക്കുന്നുണ്ട്.
നന്ദിനി മേനോന്‍ എഴുതിയ ‘ആംചൊ ബസ്തര്‍’ ഒരു യാത്രാവിവരണം ആണെന്നു പറയാന്‍ കഴിയില്ല. അല്ലെങ്കില്‍ യാത്രാവിവരണം മാത്രമല്ല. അവിടുത്തെ ജനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവരില്‍ ഒരാളെന്ന പോലെ അവിടെ ജീവിച്ചതിന്‍റെ അനുഭവം ആണെന്ന് പറയാം. സാധാരണ വിനോദ സഞ്ചാരികള്‍ കാണുന്ന കാഴ്ചകള്‍ അല്ല നന്ദിനി കണ്ടത്. ഭാരതത്തിലെ ഏറ്റവും വലിയ ആദിവാസി മേഖലയിലെ വിവിധ ഗോത്ര വിഭാഗങ്ങളില്‍ പെട്ടവരുമായി നന്ദിനി ഇടപഴകുകയും അവരുടെ ആചാരങ്ങള്‍, അനുഷ്ഠനങ്ങള്‍, ഭക്ഷണ രീതികള്‍ എന്നിവ നേരിട്ട് മനസ്സിലാക്കുകയും ചെയ്യുന്നു.
കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്വതന്ത്രമായി ഇടപഴകാനും ജീവിത പങ്കാളിയെ കണ്ടെത്താനും സഹായിക്കുന്ന ഗോട്ടുല്‍ എന്ന സമ്പ്രദായവും കുന്‍ ജാം ഗോത്രത്തിന്‍റെ പരിസ്ഥിതി സംരക്ഷണ രീതികളും ജിട് കി മിഡ് കി എന്ന ദേവതമാരും എല്ലാം നന്ദിനി നമുക്ക് പരിചയപ്പെടുത്തുന്നു.
ബസ്തര്‍ (കു)പ്രശസ്തി നേടിയിരിക്കുന്നത് അവിടുത്തെ മാവോയിസ്റ്റ് സാന്നിധ്യം കൊണ്ടുകൂടിയാണ്. ആദിവാസികളെ സംരക്ഷിക്കാനാണെന്ന പേരില്‍ അവര്‍ ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ വനവാസികളുടെ ജീവിതം ദുരിതപൂര്‍ണമാക്കുന്നു. ഇതുമൂലം ചില പ്രദേശങ്ങള്‍ പൊലീസിന്‍റെ അധീനതയിലാണ്. സ്വതന്ത്രമായി പണിയെടുക്കുവാനോ ജീവിക്കുവാനോ ആദിവാസികള്‍ക്ക് കഴിയുന്നില്ല. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് കമാണ്ടറുമായി രണ്ടു മണിക്കൂര്‍ നേരം നടത്തിയ അഭിമുഖവും പുസ്തകത്തിനൊടുവില്‍ ചേര്‍ത്തിട്ടുണ്ട്.
സല്‍വ ജൂഡും നായകന്‍ മധുകര്‍ റാവു, ബസ്തറിന്‍റെ പുലി മുരുകന്‍ ചെന്ത്രു മണ്ടാവി, കാടിന്‍റെ കൂട്ടുകാരന്‍ ഷക്കീല്‍ റിസ്വി തുടങ്ങി എത്രയോ രസകരമായ കഥാപാത്രങ്ങള്‍, ദസറ ഉള്‍പ്പടെ പലതരം ആഘോഷങ്ങള്‍, പുകള്‍പെറ്റ ലോഹ ശില്പങ്ങള്‍ ഉള്‍പ്പടെ എന്തൊക്കെ കൈവിരുതുകള്‍ … ബസ്തര്‍ കാണണമെന്ന് ആരും ആഗ്രഹിച്ചു പോകുന്ന വശ്യമായ ഭാഷയില്‍ ആണ് നന്ദിനി മേനോന്‍ നമുക്ക് ഓരോ കാഴ്ചയും പരിചയപ്പെടുത്തിയിരിക്കുന്നത്.
നന്ദിനി മേനോന്‍റെ ആദ്യ പുസ്തകം പച്ച നിറമുള്ള വഴികള്‍ ആണ്. അതും യാത്രാനുഭവങ്ങള്‍ തന്നെ. ആംച്ചോ ബസ്തര്‍ രണ്ടാമത്തെ പുസ്തകം. നന്ദിനി മേനോന്‍ ഇനിയും ധാരാളം യാത്ര ചെയ്യട്ടെ എന്നും കൂടുതല്‍ എഴുതട്ടെ എന്നും നമുക്ക് ആഗ്രഹിക്കാം. ♦