Wednesday, May 1, 2024

ad

Homeരാജ്യങ്ങളിലൂടെപലസ്തീനിൽ ഐക്യരാഷ്ട്രസഭ തൊഴിലാളികൾ പണിമുടക്കി

പലസ്തീനിൽ ഐക്യരാഷ്ട്രസഭ തൊഴിലാളികൾ പണിമുടക്കി

ടിനു ജോർജ്‌

ക്യരാഷ്ട്രസഭയുടെ ഗാസയിലെ ദുരിതാശ്വാസ ഏജൻസിയിൽ (UNRWA) പണിയെടുക്കുന്ന പലസ്തീനിയൻ തൊഴിലാളികൾ ഏപ്രിൽ 9 ഞായറാഴ്ച പൊതുപണിമുടക്ക് നടത്തി. പുതിയ റിക്രൂട്ട്മെന്റുകൾ നടത്തുന്നില്ല, നിലവാരമില്ലാത്ത തൊഴിൽ സാഹചര്യങ്ങൾ, കുറഞ്ഞ കൂലി തുടങ്ങി തികച്ചും തങ്ങളുടെ ഉപജീവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടാണ് ഗാസയിലെ യു എൻ ദുരിതാശ്വാസ ഏജൻസി തൊഴിലാളികൾ പണിമുടക്കിയത്. നിരവധി ശ്രമങ്ങൾ നടത്തിയിട്ടും ഏജൻസിക്ക് അപേക്ഷകൾ നൽകിയിട്ടും അനുകൂലമായ ഒരു പ്രതികരണം തങ്ങൾക്ക് ഏജൻസിയിൽനിന്നും ഇതുവരെയും ലഭിച്ചിട്ടില്ല എന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞവർഷം നവംബറിൽ സമാനമായ രീതിയിൽ നടത്തിയ പൊതു പണിമുടക്കിനെ തുടർന്ന് തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി ഒപ്പിട്ട കരാറിലെ കാര്യങ്ങൾ പോലും ഇതുവരെയും യുഎൻ ദുരിതാശ്വാസ ഏജൻസി നടപ്പാക്കിയിട്ടില്ല. ഈ വർഷം ആരംഭത്തോടുകൂടി കരാറിൽപറഞ്ഞ ഡിമാന്റുകൾ എല്ലാംതന്നെ നടപ്പാക്കുമെന്ന് ഏജൻസി തൊഴിലാളികൾക്ക് ഉറപ്പ് നൽകിയിരുന്നതാണ്. എന്തുതന്നെയായാലും, ഇത്തരത്തിൽ തൊഴിലാളികൾ മുന്നോട്ടുവച്ചിട്ടുള്ള ഡിമാന്റുകൾ എല്ലാം അംഗീകരിക്കുവാൻ ആവശ്യമായ ബഡ്ജറ്റ് നിലവിൽ ഇല്ലെന്നും അതുകൊണ്ടുതന്നെ തൊഴിലാളികളുടെ ഡിമാന്റുകൾ നടപ്പാക്കാൻ സാധിക്കുകയില്ലെന്നുമാണ് ഐക്യരാഷ്ട്ര സഭ ദുരിതാശ്വാസ ഏജൻസി പറയുന്നത്.

ഐക്യരാഷ്ട്ര സഭയ്ക്ക് സ്ഥിരമായി ലഭിച്ചു പോന്നിരുന്ന ഡൊണേഷനിൽ ഉണ്ടായ കുറവുമൂലമാണ് ബജറ്റ് കമ്മി നേരിടുന്നത് എന്ന് അവർതന്നെ പറയുന്നുണ്ട്. അമേരിക്ക ഐക്യരാഷ്ട്രസഭയ്ക്ക് വർഷാവർഷം നൽകിയിരുന്ന 30 കോടി ഡോളറിന്റെ ഡൊണേഷൻ 2018 ൽ നിർത്തലാക്കിയിരുന്നു. ഇതുമൂലമാണ് ഐക്യരാഷ്ട്രസഭ ബജറ്റ് കമ്മി നേരിടുന്നത് എന്നും പറയപ്പെടുന്നു. 2021 ൽ ജോ ബൈഡൻ അധികാരത്തിൽ വന്നതിനുശേഷം അമേരിക്കയുടെ സംഭാവന പുനഃസ്ഥാപിച്ചുവെങ്കിലും 2018 മുതൽ 2021 വരെയുള്ള കാലത്ത് ഉണ്ടായ കമ്മി നികത്തുവാൻ ഐക്യരാഷ്ട്രസഭയ്ക്ക് ഇതുവരെയും സാധിച്ചിട്ടില്ല എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, അമേരിക്കയെ പോലെയുള്ള വൻ മുതലാളിത്ത രാജ്യങ്ങൾ നടപ്പാക്കുന്ന ഇത്തരം വിക്രിയകളുടെ ഫലം, ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഷ്ടപ്പെടുന്ന തൊഴിലാളികളും ജീവനക്കാരുമാണോ അനുഭവിക്കേണ്ടത് എന്ന ചോദ്യം അവശേഷിക്കുന്നു.

നീണ്ട 16 വർഷമായി ഇസ്രായേലിന്റെ ഉപരോധവും തുടർച്ചയായ കടന്നാക്രമണങ്ങളും നേരിടുന്ന പലസ്തീനിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലുള്ളത്. നിത്യോപയോഗ സാധനങ്ങളുടെ അപര്യാപ്തത, തൊഴിലില്ലായ്മ, കുറഞ്ഞ കൂലി നാണയപെരുപ്പം മുതലായ അനേകം പ്രശ്നങ്ങൾ പലസ്തീനിലെ ജനങ്ങൾ നേരിടുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും, എന്തിന്, ജീവിക്കാനുള്ള അവകാശം തന്നെയും കാലങ്ങളായി നീണ്ടുനിൽക്കുന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിന്റെ ഫലമായി ഹനിക്കപ്പെടുന്നു. നീതി നിഷേധിക്കപ്പെടുന്ന ഗാസയുടെ തൊഴിലാളികളുടെ ദുരിതം യു എൻ ദുരിതാശ്വാസ ഏജൻസി കാണുന്നില്ല എന്ന് തന്നെ വേണം പറയാൻ.

തൊഴിലാളികളുടെ ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഗാസയിൽ ദുരിതാശ്വാസ ഏജൻസി നടത്തുന്ന സ്കൂളുകളിലേക്ക് 1500 അധ്യാപകരെ കൂടി നിയമിക്കണം എന്നതായിരുന്നു. അതിൽ ഇത്രകാലമായിട്ടും 200 പേരെമാത്രമേ നിയമിച്ചിട്ടുള്ളൂ എന്നതാണ് വാസ്തവം. നിലവിൽ താൽക്കാലിക ദിവസക്കൂലി കരാറിൽ ജോലിയെടുക്കുന്ന അധ്യാപകർക്ക് നിശ്ചിത കരാർ അനുവദിക്കണമെന്നത് തൊഴിലാളികൾ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. ദിവസക്കൂലി കരാറിൽ പണിയെടുക്കുന്ന അധ്യാപകരുടെ എണ്ണം 7.5 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നത് കഴിഞ്ഞ കരാറിൽ യുഎൻ ദുരിതാശ്വാസ ഏജൻസി വാക്കു നൽകിയിരുന്നതാണ്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. കൃത്യമായ അവകാശങ്ങളും തൊഴിൽപരമായ ആനുകൂല്യങ്ങളും ഒന്നുംതന്നെ ഇല്ലാതെ കഴിഞ്ഞ 12 വർഷമായി യുഎൻ ദുരിതാശ്വാസ ഏജൻസിയിൽ പണിയെടുക്കുന്ന 60 വയസ്സു കഴിഞ്ഞ അറുപതോളം ശുചീകരണ തൊഴിലാളികൾക്ക് സ്‌ഥിര കരാർ നൽകുമെന്ന് നവംബറിൽ ഒപ്പിട്ട കരാറിൽ ഏജൻസി വാഗ്ദാനം ചെയ്തിരുന്നതാണ്; അതും പാലിക്കപ്പെട്ടില്ല. നല്ല ശമ്പളത്തോടുകൂടി പുതിയ റിക്രൂട്ട്മെന്റുകൾ, പ്രത്യേകിച്ചും ബിരുദധാരികളുടെ റിക്രൂട്ട്‌മെന്റുകൾ നടപ്പാക്കുമെന്ന് ഏജൻസി പറഞ്ഞിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങൾ ഒന്നുംതന്നെ നടപ്പാക്കപ്പെട്ടില്ല.

യുഎൻ ദുരിതാശ്വാസ ഏജൻസിയിലെ അറബ് എംപ്ലോയീസ് യൂണിയന്റെ ലേബർ വിഭാഗം തലവനായ അസ്മി റദ്വാൻ പറയുന്നതനുസരിച്ച്, പണിമുടക്കിൽ ഏജൻസിയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ജീവനക്കാർ പങ്കെടുത്തു. യുഎൻ ദുരിതാശ്വാസ ഏജൻസിയിൽ ജോലി ചെയ്യുന്ന അമ്പതിനായിരത്തിനടുപ്പിച്ച് അധ്യാപകർ പണിമുടക്കി എന്നും ഹെൽത്ത് ക്ലിനിക്കുകളാകെ അടഞ്ഞു കിടന്നു എന്നും ചില റിപ്പോർട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികളും മറ്റു വിഭാഗം തൊഴിലാളികളുമടക്കം വലിയൊരു നിര തന്നെ പണിമുടക്കിൽ പങ്കാളികളായതോടുകൂടി പല മേഖലകളെയും അത് ബാധിച്ചു. തങ്ങൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ വമ്പിച്ച ജനപങ്കാളിത്തം ഉണ്ടായിരുന്നുവെന്നും, യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ ഭരണസമിതി മുൻപ് അംഗീകരിച്ച കരാറുകൾ നിർബന്ധമായും നടപ്പാക്കണമെന്നും ജീവനക്കാരുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും നൂറുകണക്കിന് ബിരുദധാരികൾക്കുവേണ്ടി നിയമന കവാടം തുറന്നിടണമെന്നും യൂണിയൻ പ്രസ്താവനയിൽ പറയുന്നു. ഇനിയും തങ്ങളുടെ ഡിമാൻഡുകൾ നടപ്പാക്കിയില്ലെങ്കിൽ ഉറപ്പായും അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുമെന്ന് പ്രസ്താവനയിൽ യൂണിയൻ ഭീഷണി മുഴക്കുന്നുമുണ്ട്. ലോകത്താകെയുള്ള രാജ്യങ്ങളെ വിവിധ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വിഷയങ്ങളിൽ ഏകോപിപ്പിച്ചു നിർത്തുകയും ലോക ജനതയുടെയാകെ സമാധാനപരമായ ജീവിതം ഉറപ്പാക്കുകയും ചെയ്യേണ്ട ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസി പലസ്തീനിൽ അതിന്റെ ദുരിതാശ്വാസ ഏജൻസിയിൽ പണിയെടുക്കുന്ന തൊഴിലാളികളോട് ചെയ്യുന്നത് തികഞ്ഞ അനീതിയാണ്. നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിലേക്ക് കടക്കുകയല്ലാതെ അവിടുത്തെ തൊഴിലാളികൾക്കും ജീവനക്കാർക്കും മറ്റു മാർഗ്ഗമില്ല. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × two =

Most Popular