Friday, November 22, 2024

ad

Homeലേഖനങ്ങൾമാണിക്കൽ വയോസൗഹൃദ പഞ്ചായത്ത്

മാണിക്കൽ വയോസൗഹൃദ പഞ്ചായത്ത്

കുതിരകുളം ജയന്‍

മാണിക്കല്‍ ഗ്രാമപഞ്ചായത്ത് കാര്‍ഷികമേഖലയ്ക്ക് മുന്‍തൂക്കമുളള പഞ്ചായത്താണ്. ധാരാളം മുതിര്‍ന്ന പൗരരുടെ ഉപജീവനമാര്‍ഗ്ഗവും കാര്‍ഷികമേഖലയാണ്. ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജനവിഭാഗവും ഇടത്തരക്കാരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമാണ്. അതുകൊണ്ട് 60ന് മുകളില്‍ പ്രായമായവരുടെ അവസ്ഥ ബുദ്ധിമുട്ട് ഉളവാക്കുന്നതാണ്. അധ്വാനിക്കാനുളള കഴിവും സാമ്പത്തികവും കുറഞ്ഞുവരുന്ന ഈ അവസരത്തില്‍ എല്ലാ മേഖലകളിലും പ്രായമായവര്‍ അവഗണന നേരിടുകയും അതുമൂലമുളള ഒറ്റപ്പെടല്‍ അനുഭവിക്കുകയുമാണ്‌. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ‘‘മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വയോസൗഹൃദ പഞ്ചയാത്ത്” എന്നൊരു ആശയം മുന്നോട്ട് വയ്ക്കുകയും വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന് 2012 ‐ 13 സാമ്പത്തിക വര്‍ഷം ഒരു പൈലറ്റ് പ്രോജക്ട് ആരംഭിക്കുകയും ആ വര്‍ഷം കേരളത്തിലെ ആദ്യ വയോസൗഹൃദ പഞ്ചായത്തായി മാണിക്കലിനെ പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജിധേന്ദ്രന്‍ ഐ.എ.എസ്, എന്‍.ജഗജീവന്‍, ഡോ.ബി.ആര്‍.നായര്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസറായിരുന്ന കലാവതി, ആയൂര്‍വേദ ഡോക്ടര്‍ നിഷ, പഞ്ചായത്ത് സെക്രട്ടറി എം.പി.പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. വകുപ്പുകളുടെ സഹകരണക്കുറവ് മൂലം ഇത്തരം മാതൃകാപദ്ധതികള്‍ പലതും ഇന്ന് പല പഞ്ചായത്തുകളിലും നിന്നു പോകുന്ന സാഹചര്യവും നിലനില്‍ക്കുന്നു.

വയോജനങ്ങള്‍ക്കുവേണ്ടിയുളള ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഗ്രാമപഞ്ചായത്താണ് മാണിക്കല്‍. കേരളത്തിൽ ആദ്യ വയോസൗഹൃദ പഞ്ചായത്തായി മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മാറിയത് പഞ്ചായത്തിന്റെ ദീര്‍ഘവീഷണവും കര്‍മോത്സുകതയും കൊണ്ടാണ്. വയോസൗഹൃദഭരണം പ്രതീക്ഷിക്കുന്നത് അനിവാര്യവും സാമൂഹികവുമായ ഇടപെടലുകള്‍ക്ക് ആവശ്യമായ സമ്പ്രദായങ്ങളും സംവിധാനങ്ങളും പ്രാദേശിക തലത്തില്‍ ഉറപ്പുവരുത്തുക എന്നതാണ്. പഞ്ചായത്ത് ഘടകസ്ഥാപനങ്ങളും വയോസൗഹൃദമായി മാറിയിട്ടുണ്ട്.

1 പ്രാരംഭഘട്ടം
മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 21 വാര്‍ഡുകളാണ് ഉളളത്. 21 വാര്‍ഡുകളുടെയും വയോജനങ്ങളുടെ സാമ്പത്തിക, ആരോഗ്യ വിവരങ്ങള്‍ (സ്ത്രീ/ പുരുഷന്‍) ശേഖരിക്കുകയും വയോജനരജിസ്റ്റര്‍ ഉണ്ടാക്കുകയും വയോജനരജിസ്റ്റര്‍ മുന്‍നിര്‍ത്തി വയോജനങ്ങള്‍ക്ക് ഐ.ഡി.കാര്‍ഡ് / ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 7112 വയോജനങ്ങളാണ് നിലവിലുളളത്. (സ്ത്രീകള്‍ 3775, പുരുഷന്‍മാര്‍ 3337) ഇത് പഞ്ചായത്തിന്റെ ആകെ ജനസംഖ്യയുയെ 17% വരും. ഈ ഡേറ്റ ഉപയോഗിച്ച് ഓരോ വാര്‍ഡിലും 20 ‐ 25 വയോജനങ്ങള്‍ വരുന്ന 171 വയോജന ക്ലസ്റ്റര്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും രൂപീകരിച്ചിട്ടുണ്ട്. ഇവയിലൂടെ വിനോദം, വിജ്ഞാനം, പരാതിപരിഹാരം നവീന ആശയങ്ങള്‍, മാനസികോല്ലാസം, തൊഴില്‍ എന്നിവ ചര്‍ച്ച ചെയ്യപ്പെടുന്നു. അതുമൂലം വയോജനങ്ങളുടെ വലിയ പ്രശ്നമായ ഒറ്റപ്പെടല്‍ ഇവിടെ ഇല്ലാതാകുന്നു. കൂടാതെ ഒരു കൗണ്‍സിലിംഗ് സെന്ററായും ഇത് പ്രവര്‍ത്തിച്ച് പോരുന്നു. എല്ലാ ആഴ്ചയിലും ഇത് കൂടുന്നു.

വയോജനവാര്‍ഡ് സഭ
വയോജന ക്ലസ്റ്ററില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരും വാര്‍ഡ് മെമ്പറും അങ്കണവാടി ടീച്ചര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, വാര്‍ഡ് തല സി.ഡി.എസ്, എ.ഡി.എസ്, ആര്‍.പി സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ വാര്‍ഡ് സഭയില്‍ ആവശ്യങ്ങളും പരാതികളും ചര്‍ച്ചചെയ്യുകയും പരിഹാരം കാണുകയും ചെയ്യുന്നു. അതോടൊപ്പം വാര്‍ഡിലെ വയോജനങ്ങളുടെ ഉന്നമനം, ക്ഷേമം, സംരക്ഷണം എന്നിവയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ച് വരുന്നു. മാസത്തിലൊരിക്കല്‍ വാർഡ്‌ സഭ കൂടുന്നു.

വയോജന പഞ്ചായത്ത് സഭ
പഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ കണ്‍വീനറും വാര്‍ഡ്തല വയോസഭ പ്രതിനിധികളെയും ഉള്‍പ്പെടുത്തി പഞ്ചായത്ത് തല സമിതിയും മാസത്തിലൊരിക്കല്‍ കൂടി വയോജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു. കൂടാതെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ , സെക്രട്ടറി, മറ്റുനിര്‍വ്വഹണോദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി വയോജന ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

2 ആരോഗ്യം
ആശാപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വയോജനങ്ങളുടെ ആരോഗ്യനിലവാരവും മരുന്നുകളും ആവശ്യകതകളും അന്വേഷിച്ച് നടപ്പിലാക്കി വരുന്നു. ബി.പി, ഷുഗര്‍ എന്നിവ പരിശോധിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വാര്‍ഡ് തലത്തില്‍ വാങ്ങി ആശാവര്‍ക്കര്‍മാരെ പരിശീലിപ്പിച്ച് വീടുകളിലും ക്ലസ്റ്ററുകളിലും പരിശോധിക്കുകയും പരിശോധനാഫലം എഒഇ യില്‍ എത്തിച്ച് മരുന്ന് കളക്ട് ചെയ്ത് എല്ലാമാസവും വീടുകളില്‍ എത്തിച്ചുകൊടുക്കുകയും പ്രവര്‍ത്തനം ലോകവയോജന ദിനമായ 2022 ഒക്ടോബര്‍ 1 ന് ആരംഭിച്ചു. കിടപ്പുരോഗികളായ വയോജനങ്ങള്‍ക്ക് ഡോക്ടറുടെയും, നഴ്സിന്റെയും സേവനം അവരവരുടെ വീടുകളില്‍ എത്തിച്ചു നല്‍കുന്നു. ആശുപത്രിയില്‍ പോകേണ്ട സാഹചര്യത്തില്‍ സൗജന്യമായി ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ക്കുളള മരുന്ന് വിതരണം സൗജന്യമായി ആവശ്യമായ എല്ലാവയോജനങ്ങള്‍ക്കും നല്‍കി വരുന്നു. ആയൂര്‍വ്വേദം, ഹോമിയോ, അലോപ്പതി എന്നീ മരുന്നുകളും വയോസൗഹൃദ ക്ലിനിക്കുകളിലൂടെ ലഭ്യമാക്കുന്നു. ജീവിതശൈലി രേഗപരിശോധന വാര്‍ഡ്തലത്തില്‍ ക്ലസ്റ്ററുകള്‍ വഴി നടത്തിവരുന്നു.

3 ആഹാരം
അഗതികളായ വയോജനങ്ങള്‍ക്ക് പോഷകാഹാരം അങ്കണവാടികള്‍ വഴി വിതരണം ചെയ്തിട്ടുണ്ടായിരുന്നു. ജനകീയ ഹോട്ടല്‍വഴി ആഹാരം ലഭ്യമല്ലാത്ത വയോജനങ്ങള്‍ക്ക് സൗജന്യമായി ആഹാരം നല്‍കി വരുന്നു. കൂടാതെ ഈ ക്ലസ്റ്ററുകളുടെ കൂട്ടായ്മ, കുടുംബശ്രീ വഴിയും ആഹാര ലഭ്യത എല്ലാ വയോജനങ്ങള്‍ക്കും ഉറപ്പുവരുത്തുന്നു.

4 സംരക്ഷണം
കോവിഡ് 19 കാലത്ത് ഞഞഠ അംഗങ്ങളെ ഉള്‍പ്പെടുത്തി വയോജനങ്ങള്‍ക്കാവശ്യമായ ആഹാരം, മരുന്ന്, ആവശ്യവസ്തുക്കള്‍ എന്നിവ നല്‍കിയിരുന്നു. ഉപേക്ഷിക്കപ്പെട്ട വയോജനങ്ങളെ ജാഗ്രതാസമിതിയുടെയും, പഞ്ചായത്തിന്റെയും സഹായത്തോടെ പുനരധിവാസ കേന്ദ്രങ്ങളിലും, അഭയ കേന്ദ്രങ്ങളിലും എത്തിച്ച് സംരക്ഷണം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നു. അര്‍ഹരായ എല്ലാ വയോജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷപെന്‍ഷന്‍ ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ച് വരുന്നു. തൊഴിലുറപ്പ് പദ്ധതികളിലൂടെ വയോജനങ്ങള്‍ക്ക് ആയാസകരമല്ലാത്ത ജേലികള്‍ നല്‍കിക്കൊണ്ട് അവരുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

5 വയോജന സൗഹൃദം രണ്ടാം ഘട്ടം
വയോജനങ്ങളുടെ വ്യക്തിഗത ഗാര്‍ഹികതല വിവരശേഖരണം നടത്തി ഡിജിറ്റലൈസ് ചെയ്യുന്നതിനായ അപേക്ഷഫോം തയ്യാറാക്കുകയും അത് വാര്‍ഡ്തലത്തില്‍ വയോജന കൂട്ടായ്മയുടെ സഹായത്തോടെ വിതരണം ചെയ്തു ഡേറ്റ കളക്ട് ചെയ്യുകയും ചെയ്തു. വയോജനങ്ങള്‍ക്ക് ആവശ്യമായ വീട്ടുസാധനങ്ങള്‍ പുറത്ത് പോകാതെ തന്നെ അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന ‘വാതില്‍പ്പടി’ സേവനവും മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ചിട്ടയോടെ ചെയ്തുപോരുന്നു. ആലിയാട് എന്ന പ്രദേശത്ത് മാണിക്യം എന്ന പേരില്‍ പകല്‍വീട് വയോസൗഹൃദ റിസോഴ്സ് സെന്റര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു. വയോജന ഉന്നമനത്തിനായി സംഘടനകളുമായി ചേര്‍ന്ന് രണ്ടാംഘട്ട വയോജന ക്ഷേമപ്രവര്‍ത്തന വുമായി ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ എന്ന സംഘടനയുടെ സഹായത്താല്‍ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, അച്യുത മേനോന്‍ സ്റ്റഡി സെന്റര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും വിദഗ്‌ധരായ ഡോക്ടര്‍മാര്‍ പങ്കെടുത്ത് ഓരോ ക്ലസ്റ്റര്‍ വഴിയും വയോജനങ്ങളുടെ ശാരീരികവും മാനസികവുമായ വിഷയങ്ങള്‍ സൂക്ഷ്മതലത്തില്‍ വിശകലനം ചെയ്ത് പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു വരുന്നു. ഇവയ്ക്ക് നേതൃത്വം കൊടുത്ത് എന്‍. ജഗജീവന്‍, ഡോ.വിജയകുമാര്‍, ഡോ. രവിപ്രസാദ് വര്‍മ്മ എന്നിവരും കിലെയുടെ ഫാക്കല്‍റ്റിമാരുമാണ്‌. വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് വേണ്ടി പൊതുഇടങ്ങള്‍ വീണ്ടെടുത്ത് പഴമനിലനിര്‍ത്തിക്കൊണ്ട് ഇവിടങ്ങളിലെ വയോജനങ്ങള്‍ക്ക് ഒത്തു ചേരുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വേളാവൂര്‍ വാര്‍ഡിലെ മത്തനാട് ‘കാവേരും വീഥി’ ഇതിന് ഉദാഹരണമാണ്. മാനസിക ഉല്ലാസത്തിന് വേണ്ടി ഉല്ലാസയാത്രകളും, വയോജനസംഗമങ്ങളും നടത്തി വരുന്നു. 100 വയസിന് മുകളില്‍ ഉളള എല്ലാ വയോജനങ്ങളെയും ആദരിക്കുകയും ചെയ്തു.

മാണിക്കല്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്കു വേണ്ടിയുളള ഇത്തരം പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി 2021‐22 ലെ കേരള സര്‍ക്കാരിന്റെ സംസ്ഥാന തലത്തിലുളള ഏറ്റവും മികച്ച പഞ്ചായത്തിനുളള വയോസേവന അവാര്‍ഡ് മാണിക്കല്‍ പഞ്ചായത്തിന് ലഭിച്ചത് അഭിമാനകരമായ നേട്ടമാണ്. ♦

(മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്‌ ലേഖകൻ)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × 4 =

Most Popular