വയോജന ക്ഷേമം മുൻനിർത്തി മലപ്പുറം ജില്ലയിലെ നിലമ്പൂർ നഗരസഭാ,KILA,HAP എന്നിവരുടെ സഹായ-സഹകരണത്തോടെ നടപ്പാക്കുന്ന ബഹുവർഷ പദ്ധതിയാണിത്. 33 ഡിവിഷനുകളിലായി 51501 പേർ താമസിക്കുന്നു.ഇതിൽ 2837 പേർ SC വിഭാഗക്കാരും 700 പേർ ST വിഭാഗക്കാരുമാണ്. ജനസംഖ്യയിൽ 7000- ത്തോളം പേരാണ് 60 വയസ്സിനു മുകളിലുള്ളവർ. ഇവരുടെ ജീവിതം ഗുണനിലവാരമുള്ളതാക്കുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത്. വയസ്സായി, ശാരീരിക-മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നു എന്നുള്ളത് വ്യക്തിഗത-കുടുംബഗത പ്രശ്നം എന്നതിലുമപ്പുറം സമൂഹ പ്രശ്നമായി ഉയർത്തി കൊണ്ടുവരലാണ് ഉദ്ദേശ്യം.ഇതൊരു സമൂഹാധിഷ്ഠിത വയോജന പരിപാലന പരിപാടിയാണ്. ഇന്നത്തെ വയോജനങ്ങൾക്ക് മാത്രമല്ല ഇനി വരുന്ന വയോജന തലമുറയ്-ക്ക് കൂടി ‘ഞങ്ങൾ ഒറ്റപ്പെടില്ല’നോക്കാൻ ഇവിടെ ആളുണ്ട് എന്ന ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കലും ലക്‌ഷ്യം വെയ്ക്കുന്നു.
വയോജന സൗഹൃദത്തിനായി നിലമ്പൂരിന് വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുണ്ട്. വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഫോറം സജീവമായൊരു കൂട്ടായ്മയാണ്. സായം പ്രഭ, കൈത്താങ്ങ് എന്നീ സംഘങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. ഈ നഗരസഭാ ഭരണ സമിതി വന്നയുടനെ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിച്ച് മുന്നോട്ട് എന്ന നയം അംഗീകരിച്ചു. അത് വയോജന സൗഹൃദ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി.
കിലയുടേയും ഹെൽത്ത്. ആക്ഷൻ ബൈ പീപ്പിളിന്റേയും ന്വേതൃത്വത്തിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിക്കൊണ്ടാണ് തുടക്കം കുറിച്ചത് .പങ്കാളിത്ത പഠന രീതിയിലുള്ള ഈ പരിശീലനമാണ് വയോജന സൗഹൃദ നിലമ്പൂർ പരിപാടിക്ക് ഊർജ്ജം പകർന്നത്. തുടർന്ന് 2023 ജനുവരി 24 ന് നിലമ്പൂരിൽ വയോജന അയൽക്കൂട്ടങ്ങളിലെ ഭാരവാഹികൾക്കായി മറ്റൊരു പരിശീലനവും നടത്തി. 190 പേർ അതിൽ പങ്കെടുത്തു.
13 പേരടങ്ങുന്ന ഒരു സംഘമാണ് ഇതിന്റെ കോർ ടീമായി പ്രവർത്തിക്കുന്നത്. ഈ ടീമിനെ നഗരസഭ വർക്കിംഗ് കമ്മിറ്റി എന്ന നിലയിൽ പ്രവർത്തിക്കുന്നു. ഇതിന്റെ അധ്യക്ഷ, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാണ്. നഗരസഭാ ചെയർമാനായി 50 ഓളം പേര് ഉൾകൊള്ളുന്ന നഗരസഭാതല കമ്മിറ്റിയുമുണ്ട്. ICDS സൂപ്പർവൈസർ ഇതിന്റെ ഇപ്ലിമെന്റിംഗ് ഓഫീസറായി പ്രവർത്തിക്കുന്നു. നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇതിന്റെ കോർഡിനേറ്ററാണ്.
33 ഡിവിഷനിൽ 31 ലും ഡിവിഷൻ തല കമ്മിറ്റികൾ നിലവിൽ വന്നു.ഈ കമ്മിറ്റികളുടെ ചെയർമാൻ അതാത് ഡിവിഷൻ കൗൺസിലറും, ഡിവിഷനിലെ ഒരു സന്നദ്ധ പ്രവർത്തകനും കോർഡിനേറ്ററായും പ്രവർത്തിക്കുന്നു.
നഗരസഭാ തലത്തിലും, ഡിവിഷൻ തലത്തിലും,ഏതാനും അയൽക്കൂട്ടത്തിലും വാട്സ്‌ആപ്പ് ഗ്രൂപ്പുകളുമുണ്ട്.ഇവ പരസ്‌പരം ആശയ വിനിമയത്തിനും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും സഹായകരമാണ്.
വയോജന സൗഹൃദ നിലമ്പൂരിന്റെ ന്യൂക്ലിയസുകളാണ് അയൽക്കൂട്ടങ്ങൾ. ഓരോ ഡിവിഷനിലും വയോജനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി രൂപീകരിക്കുന്നു.ഓരോ അയൽക്കൂട്ടത്തിലും,20 നും 30 നും ഇട-യ്-ക്ക് അംഗങ്ങളാണ് ഉള്ളത്.പരമാവധി ഒരു പ്രദേശത്തെ 50 വീടുകളാണ് ഒരു അയൽക്കൂട്ട പരിധിയിൽ വരുന്നത്.85 അയൽക്കൂട്ടങ്ങൾ നിലവിൽവന്നു കഴിഞ്ഞു.രൂപീകരണ യോഗങ്ങൾ മിക്കതും അവരുടെ തന്നെ പാട്ടുകൾ,കളികൾ,കവിതകൾ,തുടങ്ങിയ സർഗാത്മക കഴിവുകളുടെ അവതരണം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഓരോ അയൽക്കൂട്ടത്തിനും ഒമ്പതംഗ പ്രവർത്തന കമ്മിറ്റിയുണ്ട്.ഇതിൽ ആ അയൽക്കൂട്ടത്തിന്റെ പ്രസിഡന്റ്,സെക്രട്ടറി,ജോ.സെക്രട്ടറി എന്നിവർ അംഗങ്ങളാണ്.ഈ കമ്മിറ്റയിൽ ചുരുങ്ങിയത് മൂന്നിൽ ഒന്ന് വനിതകളാണ്.അയൽക്കൂട്ടയോഗങ്ങൾ മിക്കതും ചേരുന്നത് ഏതെങ്കിലുമൊരു അംഗത്തിന്റെ വീട്ടിലാണ്.വിവിധ ജാതി, മത, രാഷ്ട്രീയ ചിന്തയുള്ളവർ,ഈ അയൽക്കൂട്ടങ്ങളിൽ ഒരുമിച്ചു ചേരുന്നു.
ആദ്യഘട്ടമെന്ന നിലയിൽ ഒറ്റപ്പെടൽ,അതിദാരിദ്ര്യം,പെയിൻ ആൻഡ് പാലിയേറ്റീവ്,തൊഴിൽ പരിശീലനം,ചികിത്സ,മരുന്ന് ഉറപ്പു വരുത്തൽ,എന്നിവയിലാണ് ഇടപെടുന്നത്.വായോമിത്രത്തിലൂടെ ചികിത്സ,മരുന്ന്,എന്നിവ ഉറപ്പുവരുത്തുന്നു. ത്വക്ക്, ENT, പല്ല് എന്നിവയുടെ സ്പെഷ്യലിറ്റുകളെ ഉൾപ്പെടുത്തി വയോജന സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.
വല്ലപ്പുഴ,മുക്കട്ട,എന്നീ ഡിവിഷനുകളിൽ നിന്നും,വയനാട്,കോഴിക്കോട് എന്നീ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോയി.ഇത് വയോജനങ്ങളിൽ വലിയ ആവേശവും സന്തോഷവും ഉണ്ടാക്കി.ഇതിനുള്ള ഫണ്ട് അതാത് അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ തന്നെ കണ്ടെത്തുകയായിരുന്നു.വളരെ പാവപെട്ടവർപോലും അവരവരുടെ സാമൂഹിക സുരക്ഷ പെൻഷൻ തുകയിൽ നിന്നാണ് ഇതിനായി പണം നൽകിയത് എന്നത് ഇക്കാര്യത്തിൽ അവർക്കുള്ള ആവേശവും സന്തോഷവുമാണ് കാണിക്കുന്നത്.
വയോജന ദിനാഘോഷം
2022 ഒക്ടോബർ 1 ലെ,വയോജന ദിനാഘോഷം നിലമ്പൂരിൽ വയോജന അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ഇത്തവണ ഗംഭീരമായി നടത്തി.ഇതിൽ 300 ഓളം പേരാണ് പങ്കെടുത്തത്.
പുതുവത്സര ആഘോഷം 2023
17,33 എന്നീ ഡിവിഷനുകളിൽ വിപുലമായ രീതിയിൽ പുതുവത്സരാഘോഷം നടത്തി. നിലമ്പൂർ അസീസ്,നിലമ്പൂർ സുരേഷ് എന്നീ പ്രശസ്ത ഗായകന്മാർ ഈ പരിപാടിയിൽ പങ്കെടുത്തത് വയോജനങ്ങൾക്ക് ആവേശം നൽകി.വയോജനങ്ങളുടെ വൻ പങ്കാളിത്തം ഉണ്ടായിരുന്നു.രണ്ടിടത്തും വീടുകളുടെ മുറ്റങ്ങളിലാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്. വയോജനങ്ങളുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. ജീവിതത്തിൽ ആദ്യമായി കലാപരിപാടികൾ അവതരിപ്പിച്ചവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. ഭക്ഷണവും കേക്ക് വിതരണവും പങ്കെടുത്തവർക്ക് സന്തോഷം നൽകി.സ്പോൺസർഷിപ്പിലൂടെയാണ് ഇതിന് ഫണ്ട് കണ്ടെത്തിയത്.
വയോജനോത്സവം 2023
നിലമ്പൂരിന്റെ പ്രസിദ്ധമായ ഉത്സവമാണ് നിലമ്പൂർ പാട്ട്.ഇത്തവണ രണ്ടാഴ‍്ച നീണ്ടുനിൽക്കുന്ന ഒരു വലിയ പരിപാടിയായി നിലംബൂർ പാട്ടുത്സവം നടത്താനാണ് നിലമ്പൂർ നഗരസഭ തീരുമാനിച്ചത്.ഇതിൽ ഒരു ദിവസം വയോജനോത്സവത്തിനായി മാറ്റിവെച്ചു.വിവിധ അയൽക്കൂട്ടങ്ങളിൽ നിന്നായി 72 ഓളം പേർ കലാപരിപാടികളിൽ പങ്കെടുത്തു.ഒപ്പന,നൃത്തം,ഗ്രൂപ്പ് ഡാൻസ്,പാട്ട്,കവിത,തുടങ്ങിയ പരിപാടികൾ മികച്ചതായിരുന്നു.വയോജനോത്സവം ഓൺലെെനിൽ ലൈവായും ധാരാളം പേർ കണ്ടു.ഈ പരിപാടി ഇതിനകം ഇന്നേക്ക് 63,504 പേർ വീക്ഷിച്ചിട്ടുണ്ട്.ഇത് ഏറെ ആവേശകരമാണ്.
തൊഴിൽ പരിശീലനം
ഡിവിഷൻ 11ൽ (വല്ലപ്പുഴ) പേപ്പർ കവർ നിർമാണ പരിശീലനം നടത്തി.40 പേർ പങ്കെടുത്തു. ഇവരുണ്ടാകുന്ന പേപ്പർ കവറുകളെല്ലാം വിലയ്-ക്ക് വാങ്ങാം എന്നചന്തക്കുന്ന് സ്വാമി ട്രേഡേഴ്സ് ഉടമ സന്തോഷിന്റെ വാഗ്ദാനം അവർക്ക് ചെറിയ വരുമാന പ്രതീക്ഷ നൽകി. കൂടുതൽ തൊഴിൽ സാധ്യത കണ്ടെത്താനും വികസിപ്പിക്കാനും നഗരസഭ ശ്രമിച്ചു വരുന്നു.
‘ആയിഷ‘ സിനിമകാണൽ
നിലമ്പൂരിന്റെ അഭിമാനമാണ് നിലമ്പൂർ ആയിഷ.80 ൽ പരം വയസ്സുള്ള ഇവർ കേരളം മുഴുവൻ നിറഞ്ഞു നില്കുന്നത് കാണുന്നത് നിലമ്പൂരിലെ വയോജനങ്ങൾ ഉൾപ്പെടയുള്ളവർക്കെല്ലാം ആവേശകരമാണ്.ഇവരുടെ ജീവിതത്തെ ആസ്‌പദമാക്കി ഇറങ്ങിയ ‘ആയിഷ’ എന്ന സിനിമ സൗജന്യമായി കാണുന്നതിന് നിലമ്പൂർ നഗരസഭ വയോജനങ്ങൾക്ക് സൗകര്യമൊരുക്കി.വയോജനങ്ങൾക്കൊപ്പം നിലമ്പൂർ അയിഷാത്തയും സിനിമ കാണാൻ എത്തിയത് എല്ലാവരിലും ആവേശം വർധിപ്പിച്ചു.
റിട്ടയേർഡ് ജീവനക്കാരുടെ യോഗം
വിവിധ മേഖലകളിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ഒരു യോഗം നഗരസഭ വിളിച്ചു ചേർത്തു. നൂറോളംപേർ അതിൽ പങ്കെടുത്തു. വയോജന സൗഹൃദ നിലമ്പൂർ പദ്ധതിക്ക് ഇവരുടെ എല്ലാ സഹകരണവും പങ്കാളിത്തവും ഉറപ്പു വരുത്താനാണ് ആ യോഗം നടത്തിയത്. ഇത് വലിയ തോതിലുളള സഹായ സംവിധാനം വികസിപ്പിക്കാൻ വഴിയൊരുക്കി.
വയോജനസൗഹൃദ നഗരസഭയെന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ത് ഉറപ്പാണ്.
നിലമ്പൂർ മുനിസിപ്പാലിറ്റി ഉപാധ്യക്ഷൻ
കെ.അരുൺകുമാർ
ആസൂത്രണ സമിതി, നിലമ്പൂർ മുനിസിപാലിറ്റി