Sunday, May 12, 2024

ad

Homeലേഖനങ്ങൾമുതിർന്ന പൗരരുടെ നോളജ് & സ്കിൽ ബാങ്ക്

മുതിർന്ന പൗരരുടെ നോളജ് & സ്കിൽ ബാങ്ക്

എൻ ജഗജീവൻ, അരുൺ ജോസ്‌

രാജ്യത്ത്  സാക്ഷരതയിലും ഉന്നതവിദ്യാഭ്യാസമേഖലയിലും വളരെ മുന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ചിട്ടയായ വിദ്യാഭ്യാസരീതിയുടെ ആവശ്യകത സമൂഹത്തിനെ ബോധ്യപെടുത്താനായതും, അതിലൂന്നിയ സാമൂഹ്യപരിവർത്തനവും കേരളീയർക്ക് എടുത്തുപറയാവുന്ന നേട്ടങ്ങളിൽ ഒന്നാണ്. പൊതു-സ്വകാര്യ-സംഘടിത-അസംഘടിത മേഖലകളിൽ  ഉടനീളം ഇതിന്റെ പ്രതിഫലനം നമുക്കു കാണാൻ കഴിയും. മേന്മയുള്ള വിദ്യാഭ്യാസം വ്യക്തിത്വവികസനത്തിനും നൈപുണ്യവികസനത്തിനും സഹായകരമായിട്ടുണ്ട് .അതിനാൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോടൊപ്പം പിരിഞ്ഞുപോകുന്നവർ അവരുടെ ജോലികാലയളവിൽ സമ്പാദിച്ച അറിവിനെ നഷ്ടപ്പെടാതെ പ്രയോജനപ്പെടുത്തേണ്ടതും സാമൂഹികവളർച്ചയ്ക്ക് അനിവാര്യമാണ്.

നിലവിൽസംഘടിതതൊഴിലാളികൾ 56–ാം വയസ്സിലും, കേന്ദ്രജീവനക്കാർ 60–ാം വയസ്സിലും  മറ്റ് അസംഘടിത മേഖലകളിലുള്ള തൊഴിലാളികൾ 60ലും തൊഴിലിൽ നിന്ന് വിരമിക്കുകയോ പിരിഞ്ഞുപോവുകയോ ചെയ്യുന്ന  സാഹചര്യമാണ് ഉള്ളത്. ഇവരിൽ വലിയ ഭൂരിപക്ഷവും ചുരുങ്ങിയത് 20 വർഷമെങ്കിലും പ്രവർത്തനപരിചയം ഉള്ളവരായിരിക്കും. താരതമ്യേന അവരുടെ തൊഴിൽമേഖലയിൽ, അവ ഏതുമായിക്കൊള്ളട്ടെ, ഇവരുടെ അറിവ് ഒരു തുടക്കക്കാരനെക്കാൾ മെച്ചപ്പെട്ടതും കൂടുതൽ പ്രായോഗികവും ആയിരിക്കും.ഈ അനുഭവസമ്പത്ത് സമൂഹത്തിനും വ്യക്തിക്കും അനൂകൂലമായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞാൽ അത് ഇരുവിഭാഗങ്ങൾക്കും വലിയ നേട്ടമായിരിക്കും. നിലവിൽ പല സംസ്ഥാനങ്ങളിലും ലേബർ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം പോലുള്ള പദ്ധതികൾ പ്രവർത്തനത്തിലുണ്ടെങ്കിലും,ജോലിയിൽനിന്നു പിരിഞ്ഞുപോയവരിൽ അറിവും വൈദഗ്ധ്യവും ഉള്ളവരെ പ്രയോജനപ്പെടുത്താവുന്ന സംവിധാനങ്ങൾ അധികമില്ല.വ്യക്തമായ ആസൂത്രണവും സമഗ്രമായ വിവരശേഖരണവും ഉത്തരവാദിത്തമുള്ള നേതൃത്വവും, എല്ലാറ്റിനും ഉപരി  പരിപൂർണ്ണമായ ജനപങ്കാളിത്തവും ഉണ്ടെങ്കിൽ സുഗമമായി ഒരു സ്‌കിൽ ആൻഡ് നോളഡ്ജ് ബാങ്ക്  പ്രാവർത്തികമാക്കാൻ കഴിയും.

1. സ്കിൽ ആൻഡ് നോളഡ്ജ് ബാങ്കിന്റെ ലക്ഷ്യങ്ങൾ പ്രധാനമായും 56 വയസ്സ്‌ മുതൽ പ്രായമുള്ളവരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇവരുടെ വിഭവശേഷിയും കഴിവുകളും പ്രയോജനപ്പെടുത്തുന്നതിനോടൊപ്പം ഇവരുടെ ദൈനംദിനജീവിതത്തിന്റെ സാമ്പത്തികവും ആരോഗ്യപരവുമായ ഘടകങ്ങളേയും പദ്ധതിയിലൂടെ മെച്ചപ്പെടുത്താൻ സാധിക്കും.സംഘടിതമായ പ്രവർത്തനത്തിലൂടെ  ഇതിനെ പ്രാവർത്തികമാക്കിയാൽ വിവിധ തൊഴിൽമേഖലകളിൽ നിന്നു പിരിഞ്ഞുപോയവർക്ക് സാമ്പത്തികഭദ്രതയും മാനസികോല്ലാസവും പ്രദാനം ചെയ്യാൻ കഴിയും. ഇതിലൂടെ
• തൊഴിൽ ജീവിതത്തിലുടനീളം വ്യക്തികൾ നേടിയ കഴിവിനെയും അനുഭവസമ്പത്തിനെയും പ്രായോഗികമായ രീതിയിൽ സാമൂഹികവളർച്ചയ്-ക്കായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക.
• ഇവരുടെ കഴിവും വൈദഗ്ധ്യവും പ്രാദേശിക വികസനത്തിനും മറ്റു വികസനആവശ്യങ്ങൾക്കുമായി പ്രയോജനപ്പെടുത്തുക.
• തൊഴിലിൽ നിന്നു പിരിഞ്ഞുപോയ വ്യക്തികളുടെ സേവനമനോഭാവത്തെ സമൂഹത്തിന്റെ വികസനത്തിനായി ഉപയോഗിക്കുക.
• പ്രായമായവരെ അവരുടെ നിലവിലുള്ള അറിവും വൈദഗ്ധ്യവും ഉപയോഗിക്കാൻ അനുവദിച്ചുകൊണ്ട് സാമ്പത്തിക പിന്തുണ നൽകുന്ന തരത്തിൽ പൊതു-–സ്വകാര്യ മേഖലകളിൽ തൊഴിലുകൾ കണ്ടെത്താൻ ഒരു ഏകീകൃത സംവിധാനം ഒരുക്കുക.

ഈ സംവിധാനം യുവതയുടെ തൊഴിലവസരങ്ങളിൽ കൈകടത്തുകയല്ല , മറിച്ച് മുതിർന്നവരുടെ അനുഭവസമ്പത്തും അറിവും യുവതയുടെ നൈപുണ്യവികസനത്തിനു കൂടി സഹായകമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തുവാനും കഴിയും.

ആരാണ് ഗുണഭോക്താക്കൾ 
ഇതിലേക്ക് എത്തുന്നവരെ പ്രധാനമായി മൂന്നായി തരം തിരിക്കാവുന്നതാണ്:
1. .ജോലിയിൽ നിന്ന് പിരിഞ്ഞതിനുശേഷം സാമ്പത്തികബുദ്ധിമുട്ട് നേരിടുന്നവർ അഥവാ സാമ്പത്തിക നേട്ടത്തിനായി വിരമിച്ചതിനുശേഷവും കുറച്ചുനാൾകൂടി ജോലി ചെയ്യാൻ താല്പര്യപ്പെടുന്നവർ.
2. വിരമിച്ച ശേഷം ഒറ്റപ്പെടൽ അനുഭവപ്പെടുന്നവർ. ഇവർ കർമ്മനിരതരായിരിക്കാൻ മാത്രം വീണ്ടും തൊഴിൽ തിരഞ്ഞടുക്കുന്നവർ.
3. തങ്ങളുടെ അനുഭവസമ്പത്ത് സമൂഹത്തിനായി പ്രയോജനപ്പെടുത്താൻ താല്പര്യപ്പെടുന്നവർ

ആദ്യത്തെ വിഭാഗം സാമ്പത്തിക ലാഭത്തിനായാണ് വീണ്ടും തൊഴിൽ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ പൊതു-–സ്വകാര്യ മേഖലകളിൽ ഇവരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക്‌ പര്യാപ്‌തമായ തൊഴിൽ കണ്ടെത്തി നൽകുന്നതോടൊപ്പം ചെയ്യുന്ന ജോലിക്ക് ആനുപാതികമായിട്ടുള്ള വേതനം അവർക്ക് കിട്ടുന്നുണ്ടെന്ന് സ്കിൽ ആൻഡ് നോളെജ് ബാങ്ക് വഴി ഉറപ്പുവരുത്തുവാനും കഴിയണം.

രണ്ടാമത്തെ വിഭാഗത്തിന് അവരുടെ സേവനത്തിനു പകരം അവർ ആവശ്യപ്പെടുന്ന ചെലവുകൾ (ഉദാഃ : യാത്രചെലവ്) അല്ലെങ്കിൽ സൗകര്യങ്ങൾ (യാത്രയ്ക്കുള്ള വാഹനസൗകര്യം) എന്നിവ മാത്രം നലകിയാൽ മതിയാവും. ഇതിനുപുറമെയുള്ള ഒരു സ്ഥിരവേതനം ഇവർക്ക് ആവശ്യമുണ്ടായിരിക്കില്ല.

മൂന്നാമത്തെ വിഭാഗം അവരുടെ കഴിവിന് അനുസൃതമായ പ്രവർത്തന മേഖലയോടൊപ്പം അർഹമായ ബഹുമാനവും ഉൾക്കൊള്ളലും ഉണ്ടങ്കിൽ സേവനസന്നദ്ധരായിരിക്കും.

ഈ സംവിധാനം വിവിധ തൊഴിൽ മേഖലകളിൽ വൈദഗ്ധ്യം ഉള്ള മുതിർന്നവർക്കും അതുപോലെ തന്നെ ശാരീരികമായി വെല്ലുവിളി നേരിടുന്നവർക്കും അവരവരുടെ കഴിവുകൾ പ്രയോഗിക്കാൻ സാധിക്കുന്ന തൊഴിൽ മേഖലകളിലേക്ക് കടന്നുവരാൻ സാഹചര്യം ഒരുക്കണം. പുതുതായി അവർക്ക് നൽകുന്ന തൊഴിൽ അവർ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടിന് പരിഹാരമാകുന്നുണ്ടോ എന്ന് സ്ഥാപനം ശ്രദ്ധിക്കണം.

ഈ സംവിധാനം വിവിധ തൊഴിൽ മേഖലകളിൽ വൈദഗ്ധ്യം ഉള്ള മുതിർന്നവർക്കും അതുപോലെ തന്നെ ശാരീരികമായി വെല്ലുവിളി നേരിടുന്നവർക്കും അവരവരുടെ കഴിവുകൾ പ്രയോഗിക്കാൻ സാധിക്കുന്ന തൊഴിൽ മേഖലകളിലേക്ക് കടന്നുവരാൻ സാഹചര്യം ഒരുക്കണം. പുതുതായി അവർക്ക് നൽകുന്ന തൊഴിൽ അവർ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടിന് പരിഹാരമാകുന്നുണ്ടോ എന്ന് സ്ഥാപനം ശ്രദ്ധിക്കണം.

വയോജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പുനരധിവസത്തതിനുമായി പുതിയ സാമൂഹിക സംവിധാനങ്ങൾക്കും സ്ഥപനങ്ങൾക്കും രൂപം നൽകേണ്ടതുണ്ട് . ഇതിനായി തദേശ ഭരണ സ്ഥാപനം മുൻ കൈയെടുത്ത് ഒരു വയോജന ക്ഷേമ സൊസൈറ്റി രൂപീകരിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ക്ഷേമ പരിചരണ സേവനങ്ങൾ, ആരോഗ്യ സേവനങ്ങൾ . എല്ലാ സാമൂഹ്യ-സാമ്പത്തിക വിഭാഗത്തിലും വരുന്ന മുതിർന്ന പൗരർക്ക് വേണ്ട വിവിധ സേവനങ്ങൾ ലഭ്യമാക്കലായിരിക്കും ഈ സൊസൈറ്റിയുടെ ചുമതല. ഇതോടൊപ്പം സ്കിൽ ആൻഡ് നോളജ് ബാങ്കിന്റെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും സൊസൈറ്റിയുടെയും പൂർണ്ണപങ്കാളിത്തത്തോടെയും മാർഗ്ഗനിർദ്ദേശത്തോടെയും ആയിരിക്കും സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ.എന്നിരുന്നാലും സ്ഥാപനത്തിന് സ്വന്തമായി ഒരു ഭരണസമിതി ഉണ്ടായിരിക്കേണ്ടത് അതിന്റെ പ്രവർത്തനം സുഗമമായി നടക്കാൻ അനിവാര്യമാണ്. സ്കിൽ ആൻഡ് നോളഡ്ജ് ബാങ്കിന്റെ മേൽനോട്ടം നിർവഹിക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും സൊസൈറ്റിയുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്ന മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്.

തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ നേതൃത്വത്തിൽ എല്ലാ തൊഴിലാളികളെയും വിരമിച്ചവരേയും ഇത് സംബന്ധിച്ചു അറിവുള്ളവരാക്കാൻ കഴിയണം. തദ്ദേശസ്വയംഭരണസ്ഥാപനപ്രദേശത്തെ ഗുണഭോകതാക്കളുടെ വ്യക്തവും സമഗ്രവുമായ ഒരു പട്ടിക (ഡിജിറ്റൽ ഡാറ്റാബേസ്) തദ്ദേശസ്വയംഭരണസ്ഥാപനം തയ്യാറാക്കിയിരിക്കണം.

തയ്യാറാക്കിയ വിവരങ്ങൾ സർക്കാർ/സ്വകാര്യ തൊഴിൽദാതാക്കൾക്ക് ലഭ്യമാവും വിധം പ്രസിദ്ധീകരിക്കാൻ സംവിധാനം ഉണ്ടാകേണ്ടതാണ്.

ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും, വിവരങ്ങൾ കൈകാര്യം ചെയ്യാനും, അവയുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും പരിഹരിക്കാനും ക്രമീകരണം ഉണ്ടാകേണ്ടതാണ്.

തൊഴിൽ ചെയ്യാൻ താല്പര്യപ്പെടുന്ന/തങ്ങളുടെ അറിവ് പകർന്നുനൽകാൻ ആഗ്രഹമുള്ള എല്ലാവരെയും ഉൾക്കൊള്ളിച്ച് നഗരസഭ/തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഒരു ഡാറ്റബേസ് സംവിധാനം ആണ് ഇത്.

ശേഖരിച്ച വിവരങ്ങൾ തൊഴിൽദാതാക്കൾക്ക് ലഭ്യമാക്കാൻ കഴിയണം. തൊഴിൽ ദാതാക്കൾക്ക് വ്യക്തികളുടെ കഴിവുകൾ മനസ്സിലാകുന്ന രീതിയിലായിരിക്കണം വിവരങ്ങൾ ക്രമീകരിക്കേണ്ടത്. ♦

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 + 5 =

Most Popular