ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് ഏറ്റ വലിയ ആഘാതമായിരുന്നു ബാബ്‌റി മസ്ജിദിന്റെ തകർക്കൽ. ഹിന്ദുത്വ വികാരം ഇളക്കി വിട്ട് പിന്നീട് അധികാരമേറിയ സംഘപരിവാര്‍ പിന്തുണയുള്ള കേന്ദ്രസര്‍ക്കാരാകട്ടെ, ആ സ്ഥലത്ത് രാമക്ഷേത്രം പണിയാന്‍ എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തു. അതിന്റെ തുടർച്ചയായാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമിപൂജ നടത്തിയത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനുള്ള നിര്‍ണ്ണായക ചുവട്‌വെയ്-പായി സംഘപരിവാര്‍ ശക്തികള്‍ രേഖപ്പെടുത്തുന്ന ഈ ചടങ്ങിനിടെ ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് ഇപ്രകാരം ഒരു സംസ്കൃതശ്ലോകം ചൊല്ലി:
‘‘ഏതദ്ദേശ പ്രസൂതസ്യ സകാശാദഗ്രജന്മനഃ
സ്വം സ്വം ചരിത്രം ശിക്ഷേരന്‍ പൃഥിവ്യാം സര്‍വമാനവാഃ”
മനുസ്മൃതിയുടെ രണ്ടാം അധ്യായത്തിലെ ഇരുപതാം ശ്ലോകമാണ് മോഹന്‍ഭഗവത് ഇവിടെ ഉച്ചരിച്ചത്. ഈ ദേശത്തു ജനിച്ച ബ്രാഹ്മണന്റെ അടുത്തുനിന്നും ഭൂമിയിലുള്ള സകല മനുഷ്യരും താന്താങ്ങളുടെ ധര്‍മ്മം ഗ്രഹിച്ചുകൊള്ളേണ്ടതാണ് എന്നാണ് ശ്ലോകത്തിന്റെ അര്‍ത്ഥം. എല്ലാ ബ്രഹ്മണരും ഉപദേശിക്കാന്‍ അര്‍ഹരല്ലെന്നും. കുരുക്ഷേത്രാദിദേശങ്ങളില്‍ ജനിച്ചു വളര്‍ന്ന വേദപണ്ഡിതന്മാരായ ബ്രാഹ്മണര്‍ക്കു മാത്രമേ യോഗ്യതയുള്ളൂവെന്ന് തുടര്‍ന്നു പറയുന്നുണ്ട്. അതായത് ഉത്തരേന്ത്യന്‍ ബ്രാഹ്മണരെന്നു പൊതുവായി പറയാം.
ഹിന്ദു രാഷ്ട്രമായി മാറിയാല്‍ എന്തായിരിക്കും ഇന്ത്യയുടെ ഭരണഘടനയെന്ന വ്യക്തമായ സൂചനയാണ് ഇതു വഴി ആര്‍എസ്എസ് വീണ്ടും നല്‍കുന്നത്. വര്‍ണ്ണാശ്രമധര്‍മ്മവും ജാതിവിവേചനവും അസമത്വവും ജനാധിപത്യ വിരുദ്ധതയും മുഖ്യസ്വഭാവമായ മനുസ്മൃതി, മഹാഭൂരിപക്ഷത്തിന്റെയും ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുമെന്ന തിരിച്ചറിവോടെ ഈ ശ്രമങ്ങളെ നേരിടേണ്ടതാണ്.
1949 നവംബറിൽ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചശേഷം ചില എതിര്‍ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുവെങ്കിലും പിന്നീടുള്ള ഏഴു പതിറ്റാണ്ട് ഹിന്ദുത്വ ശക്തികൾ നിശ്ശബ്ദരായിരുന്നു.ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഭരണഘടനയെന്ന അംഗീകാരവും മഹാത്മാഗാന്ധിയുടെ കൊലപാതകവും ആർ എസ് എസ് നിരോധനവുമെല്ലാം ഈ ഉൾവലിയലിന്റെ കാരണമായിരുന്നു.1999 ൽ വാജ്‌പേയ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയപ്പോള്‍ ഇന്ത്യന്‍ ഭരണഘടയിലെ സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ നീക്കം ചെയ്യല്‍ അജൻഡയായി ഒരു വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. ആ ഭരണഘടനാ ഭേദഗതി അന്നു നടന്നില്ല. എന്‍ഡിഎ സര്‍ക്കാരുകളുടെ തുടര്‍ച്ച ലഭിച്ചതോടെ ഭരണഘടനയുടെ ശക്തി ചോര്‍ത്തിക്കളയല്‍ ഒരു വശത്തും മനുസ്മൃതിയെ ഉയര്‍ത്തിക്കാണിക്കല്‍ മറുവശത്തു എന്ന ദ്വിമുഖതന്ത്രമാണ് പരിവാർ സംഘടനകൾ പയറ്റുന്നത്.
ആര്‍എസ് എസ് രണ്ടാം സര്‍സംഘ് ചാലക് എം.എസ് ഗോള്‍വാള്‍ക്കറുടെ അഭിപ്രായം മാനവരാശിക്കു ലഭിച്ച മഹാബുദ്ധിമാനായ നിയമനിര്‍മ്മാതാവാണ് മനുവെന്നാണ്. മറ്റൊരു വലിയഹിന്ദുത്വനേതാവ് സവര്‍ക്കറാകട്ടെ വേദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവുമേറെ ആദരിക്കേണ്ട വിശുദ്ധ ഗ്രന്ഥമെന്നാണ് മനുസ്മൃതിയെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ആത്മീയവും ദൈവീകവുമായ മുന്നോട്ടുപോക്കിന്റെ അടിസ്ഥാനമെന്നും തുടർന്നു വിശേഷിപ്പിച്ചു. ആര്‍എസ് എസ്, ഹിന്ദുമഹാസഭ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവയുടെ ചാലകശക്തികളായിരുന്നു ഈ നേതാക്കൾ. ഭരണഘടന അംഗീകരിച്ചതിനു നാലാംനാൾ, നവം.30 ന് പ്രസിദ്ധീകരിച്ച ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ വിലപിച്ചത് അതിപ്രാചീനമായ ഇന്ത്യന്‍ നിയമഗ്രന്ഥമായ മനുസ്മൃതിക്കു നമ്മുടെ ഭരണഘടാപണ്ഡിതന്മാര്‍ക്കു മുന്നില്‍ ഒരു വിലയുമില്ലല്ലോ എന്നാണ്. ഇന്ത്യ അംഗീകരിച്ച പുതിയ ഭരണഘടനയില്‍ ഭാരതീയമായ ഒന്നുമില്ലെന്നും അവർ ദുഃഖിച്ചു.
ഇങ്ങനെ ദീർഘകാലം അടക്കിവെച്ചിരുന്ന ദുഃഖം സമീപകാലത്ത് ശക്തമായി വെളിപ്പെടുന്നു. കേന്ദ്രസര്‍ക്കാരിനെ പുന്തുണയ്ക്കുന്നവര്‍ വ്യത്യസ്തരീതിയില്‍ മനുസ്മൃതിയെ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെടുന്നു. മനുസ്മൃതിയിലെ ചില ഭാഗങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ വിസികെ പാര്‍ട്ടി നേതാവ് തിരുമണവാളനെതിരെ, സ്ത്രീകളുടെ മഹാശക്തിപ്രകടനം ബിജെപി നടത്തുകയുണ്ടായി.നയിച്ചതാകട്ടെ ഏതാനും വര്‍ഷം മുന്‍പ് കോണ്‍ഗ്രസ്സില്‍ നിന്നു ബിജെപിയിലെത്തിയ ചലച്ചിത്ര നടി ഖുശ്ബു!
ജനാധിപത്യവിശ്വാസികളുടെ വിമർശനത്തിനു വിധേയമാക്കുന്ന മനുസ്മൃതിയിലെ ദളിത് സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയെന്ന ത്യാഗത്തിന് മുന്നോടിയായി പരിവാര്‍ സംഘത്തില്‍പെട്ട സന്‍സ്‌കാര്‍ ഭാരതി ഒരു ഗവേഷണ പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നു. പുള്ളിപ്പുലിയുടെ പുള്ളി എങ്ങനെ മായ്ക്കാമെന്നു ഗവേഷണം നടത്തും പോലെ ഒരു വൃഥാ ശ്രമമാണത്.മൃദു ഹിന്ദുസമീപനമുള്ള ദയാനന്ദസരസ്വതി മുതല്‍ കേരളത്തിലെ ആചാര്യ രാജേഷ് വരെ മനുസ്മൃതിയിലെ ഇത്തരം പരാമര്‍ശങ്ങള്‍ പിന്നീടു കൂട്ടിച്ചേര്‍ത്തതാണെന്നാണ് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരാണ്.
ശൂദ്രവിരുദ്ധവും സ്ത്രീവിരുദ്ധവും പഞ്ചമജാതി വിരുദ്ധവുമായ ഭാഗങ്ങള്‍ എടുത്തു കളഞ്ഞാല്‍ പിന്നെ മനുസ്മൃതിയെന്ന വിശുദ്ധഗ്രന്ഥം ബ്രാഹ്മണര്‍ക്ക് എന്താവശ്യമെന്നതാണ് ചർച്ച ചെയ്യേണ്ടത്.കാരണം മനു ഉയര്‍ത്തിപ്പിടിക്കുന്ന ധര്‍മ്മമെന്നത് ബ്രാഹ്മണധര്‍മ്മമാണ്. ജന്മനായുള്ള വര്‍ണ്ണ-പാരമ്പര്യത്തില്‍ അധിഷ്ഠാനമുറപ്പിച്ച മനുസ്മൃതിയെ തിരുത്തുകയെന്നത് അസാധ്യം. തിരുത്തലുകളും തള്ളിക്കളയലുകളുമെല്ലാം പിന്നാക്ക, – ദളിത് -, സ്ത്രീ വോട്ടുകളില്‍ കണ്ണുനട്ടുള്ള ‘ഹിന്ദുത്വ’ രാഷ്ട്രീയ അഭ്യാസം മാത്രം. 1927 ലാണ് അംബേദ്ക്കറുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് മനുസ്മൃതി കത്തിച്ചത്. മനുസ്മൃതി ഭരണഘടനയാക്കാന്‍ ആഗ്രഹിക്കുന്നവര്‍, ആധുനികഭരണഘടനയുടെ വക്താവ് അംബേദ്ക്കറെ സ്വന്തം കൂട്ടത്തിലെ നേതാവാക്കാന്‍ ശ്രമിക്കുന്നതിലെ ഇരട്ടത്താപ്പ് ഈ വോട്ടു രാഷ്ട്രീയത്തിന്റെ ഭാഗം തന്നെ.
രണ്ട് II
ആധുനിക സമൂഹ ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് സമത്വവും നീതിയും. മനുഷ്യസംസ്‌കാരത്തിന്റെ പ്രാചീനനാളുകളില്‍ കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലയില്‍ നിന്നും നിരവധി പരിവര്‍ത്തനങ്ങളിലൂടെയാണ് മനുഷ്യാവകാശത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്ക് മനുഷ്യവംശം എത്തിച്ചേര്‍ന്നത്. ആ കെട്ട കാലത്തിന്റെ ഇന്ത്യന്‍ മുഖമാണ് മനുസ്മൃതിയിലെ ശാസനകള്‍, മനുസ്മൃതി അനുസരിക്കുന്ന സമൂഹത്തില്‍ ഒരു മനുഷ്യന്‍ ജനിച്ചു വീഴുന്നതു തന്നെ ജാതിയിലേക്കാണ്. അപ്പോള്‍ മുതല്‍ അസമത്വത്തിലാണ് … ജീവിതം. ശ്രേണീബദ്ധമായ ഒരു സമൂഹക്രമമാണ് മനുസ്മൃതി നടപ്പിലാക്കിയിരുന്നത്.
മനുസ്മൃതിയുടെ പതിനെട്ട് അധ്യായങ്ങളിലും എഴുതിവെച്ചിരിക്കുന്നത് ഉച്ച-നീചത്വത്തിന്റെ അനുശാസനങ്ങളാണ്. അതാണ് ഇന്ത്യയിൽ നടപ്പിലാക്കണം എന്നു ഹിന്ദുത്വ ചേരി ആഗ്രഹിക്കുന്നത്.ഒന്നാമത്തെ അധ്യായത്തില്‍ ഋഗ്വേദസമ്മതമായ പുരുഷസൂക്തം എടുത്തുപറയുന്നതോടെ ഇതാരംഭിക്കുന്നു. മൂന്നു ലോകങ്ങളുടെയും അഭിവൃദ്ധിക്കായി ബ്രഹ്മാവ് തന്റെ മുഖത്തു നിന്നും ബ്രാഹ്മണനെയും ബാഹുവില്‍നിന്ന് ക്ഷത്രിയനെയും ഊരുവില്‍നിന്നു വൈശ്യനെയും പാദത്തില്‍ നിന്നു ശൂദ്രനെയും സൃഷ്ടിച്ചു. (മനുസ്മൃതി 1: 31) പിന്നീടു വരുന്ന ഓരോ ശ്ലോകവും ഈ വിഭജനത്തെ അരക്കിട്ടുറപ്പിക്കുന്നു. അധികാരം, വേഷഭൂഷകള്‍, താമസസ്ഥലം, ഭക്ഷണം,സംസാരരീതി, ചടങ്ങുകള്‍, ജോലി, എന്നുവേണ്ട മനുഷ്യവ്യവഹാരത്തിന്റെ’ എല്ലാ അടരുകളിലും ഈ അസമത്വം അരക്കിട്ടുറപ്പിക്കുന്നു. പരസ്പരം വെള്ളം കടക്കാത്ത അറകളാക്കി ശ്രേണികളെ മാറ്റുന്നതിലെ സാമര്‍ത്ഥ്യം കരുതലോടെയുള്ളതാണ്. നാലു വിഭാഗങ്ങളില്‍ നാലാമത്തെ വര്‍ണ്ണമായ ശൂദ്രന്മാരും എല്ലാ വിഭാഗങ്ങളിലുമുള്ള സ്ത്രീകളുമാണ് ഏറ്റവുമേറെ യാതനകള്‍ക്കും ചൂഷണത്തിനും വിധേയരാകുന്നത്. ശൂദ്രന്മാര്‍ക്കു താഴെയുള്ള വലിയൊരു ജനസമൂഹം പഞ്ചമര്‍ എന്ന വിശേഷണത്തോടെ യാതൊരു അവകാശങ്ങളുമില്ലാതെ അടിമസമാനമായി സ്മൃതികളുടെ പുറമ്പോക്കില്‍ വസിക്കുന്നു.
സമൂഹത്തില്‍ ശ്രേണീബദ്ധത (Hiearchy) നിലനിൽക്കണമെന്ന ആശയത്തെയാണ് ഇന്ത്യയില്‍ ബ്രാഹ്മണിസമെന്നു വിശേഷിപ്പിക്കുന്നത്. കാരണം ബ്രാഹ്മണമതത്തിന്റെ നീതി-നിയമ വ്യവസ്ഥ ഇതിനെ ചുറ്റിയാണ് നിലകൊണ്ടത്. ജന്മാടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ട സാമൂഹിക , സാമ്പത്തിക, ലിംഗപരമായ അസമത്വത്തിന്റെ ഈ വേദപുസ്തകം ഇന്ത്യന്‍ ഭരണഘടനയാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മുഴുവൻ പേരും അറിഞ്ഞാണോ ഈ ആഗ്രഹത്തെ പിന്താങ്ങുന്നതെന്നു സംശയിക്കണം. ഈ വിശിഷ്ട ഗ്രന്ഥത്തിലെ അല്പം ചില ആശയങ്ങൾ സംഗ്രഹിക്കാം.
ഓരോ വര്‍ണ്ണത്തിനും തൊഴിലുകള്‍ വിഭജിച്ചു നല്‍കിയിട്ടുണ്ട്. നാലാമത്തെ വര്‍ണ്ണമായ ശൂദ്രനു വിധിച്ചിട്ടുള്ളത് മറ്റു മൂന്നു വര്‍ണ്ണത്തില്‍ പെട്ടവരുടെ ദാസ്യവൃത്തിയാണ്. ശൂദ്രന്‍ ധനം സമ്പാദിക്കാന്‍ പാടില്ല. അങ്ങനെ ഉണ്ടാക്കിയാല്‍ അതെല്ലാം ബ്രാഹ്മണര്‍ക്ക് അര്‍ഹതപ്പെട്ടതാണ് . ജന്മനായുള്ള കര്‍മ്മത്തില്‍ നിന്നു വിട്ടു മറ്റുള്ളവ ചെയ്താല്‍ കഠിനശിക്ഷ നല്‍കും. ഇതെല്ലാം കൃത്യമായി നടക്കുമെന്നുറപ്പുവരുത്തുകയെന്നത് ക്ഷത്രിയവര്‍ണക്കാരായ രാജാവിന്റെ കര്‍മ്മത്തില്‍ പെടും. രാജാക്കന്മാര്‍ക്ക് ശൂദ്രന്‍ ധര്‍മ്മോപദേശം ചെയ്താല്‍ ആ രാജ്യം ചേറില്‍ വീണ പശുവിനെപ്പോലെ ക്രമത്തില്‍ നാശമടയുന്നു. കൂലി കൊടുത്തോ കൊടുക്കാതെയോ ശൂദ്രനെക്കൊണ്ട് ജോലി ചെയ്യിക്കാം. ഉടമ ശൂദ്രനെ ദാസ്യത്തില്‍നിന്നു മോചിപ്പിച്ചാലും ദാസ്യവൃത്തി ശൂദ്രനില്‍ നിന്നു വിട്ടുപോവുകയില്ല. അതവനു ജന്മസിദ്ധമാണ്.
മനുഷ്യരേക്കാള്‍ നിന്ദ്യരായാണ് സങ്കരജാതിയില്‍ ഉള്ളവരെ വിവരിക്കുന്നത്. ശൂദ്ര-ബ്രാഹ്മണസ്ത്രീ ജാതരായ ചണ്ഡാലന്മാര്‍ ഗ്രാമത്തിനു പുറത്തു വസിക്കണം. ലോഹപാത്രങ്ങളില്‍ ആഹാരം കഴിക്കരുത്. ശവത്തിന്മേലിട്ട തുണി കൊണ്ടുവേണം വസ്ത്രം . ഇത്തരത്തില്‍ ജന്തുസമാനരായാണ് മനുസ്മൃതി അടിത്തട്ടിലെ മനുഷ്യരെ കാണുന്നത്.
സ്ത്രീകളെയാകട്ടെ, അതി നീചഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അടിമസമാനമായ ജീവിതം ഒരിടത്ത് പട്ടി, ശൂദ്രന്‍, സ്ത്രീ എന്നിവരെ സമാനരായി വിവരിക്കുന്നു. അഞ്ചാമധ്യായത്തില്‍ പെണ്‍കുട്ടിയോ, യുവതിയോ, വൃദ്ധയോ തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കരുത് എന്നു കര്‍ശനമായ നിയമം. യഥാക്രമം അച്ഛന്‍, ഭര്‍ത്താവ്, മകന്‍ എന്നിവരുടെ നിയന്ത്രണത്തിലാണ് സ്ത്രീ. ഭര്‍ത്താവിനെ ഈശ്വരനെയെന്നോണം ഭജിക്കണം. ഭര്‍ത്താവ് പിണങ്ങിയാലും ദുര്‍മുഖം കാണിക്കരുത്. അയാള്‍ സദാചാരഹീനനോ, പരനാരീരക്തനോ, ദുര്‍ഗുണമുള്ളവനോ ആകട്ടെ ഭാര്യക്ക് പൂജ്യനാണ്. ഭര്‍ത്താവു മരിച്ചാല്‍ ഭാര്യ വിധവാ ജീവിതം നയിക്കണം. ഭാര്യ മരിച്ച പുരുഷനാകട്ടെ, ഭാര്യയുടെ അന്ത്യകര്‍മ്മത്തിന് അഗ്നി കൊളുത്തിയശേഷം ഉടനടി വിവാഹം ചെയ്യാന്‍ അനുമതിയുമുണ്ട്. തികച്ചും സ്ത്രീകള്‍ക്കും ശൂദ്രാദികള്‍ക്കും എല്ലാത്തരം സമത്വവും നീതിയും മനു നിഷേധിക്കുന്നു.
ആചാരങ്ങളിലോ, ശിക്ഷാക്രമങ്ങളിലോ വിദ്യാസമ്പാദനത്തിലോ, എന്നു തുടങ്ങി ഗോഹത്യവരെയുള്ള ജീവിതത്തിന്റെ മേഖലകളിലും അസമത്വത്തിന്റെ സന്ദേശമാണ് മനുസ്മൃതി നല്‍കുന്നത്. ഈ മനുസ്മൃതി ഇന്ത്യയുടെ ഭരണഘടനയാക്കണമെന്നു വാദിക്കുന്നവര്‍ ശ്രേണീബദ്ധവും അസമത്വപൂര്‍ണവും നീതിരഹിതവുമായ സമൂഹത്തെ തിരികെ കൊണ്ടുവരാനാഗ്രഹിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ചില നിയമഭേദഗതികള്‍, നിയമപരിപാലനം, ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, ഇന്ത്യയുടെ ഭരണഘടനയ്-ക്കെതിരെയുള്ള വെല്ലുവിളി തുടങ്ങിയ നിരവധി മേഖലകള്‍, മനുസ്മൃതിയുടെ തിരിച്ചുവരവിന്റെ ശക്തമായസൂചനകളാണ്. ഇന്ത്യന്‍ ജീവിതത്തിന്റെ സമകാലിക സ്ഥിതികളെ ജനാധിപത്യസമൂഹം എത്ര ജാഗ്രതയോടെ അഭിമുഖീകരിക്കണമെന്നതിന്റെ മുന്നറിയിപ്പു കൂടിയാണ് ഈ സംഭവവികാസങ്ങള്‍. ♦