കണ്ണൻ (നിരഞ്ജൻ) പത്താം സ്റ്റാൻഡേർഡ് വിദ്യാർഥിയാണ്. അച്ഛനമ്മമാരുടെ ഏകമകൻ, പക്ഷേ ഇന്നവന് അച്ഛനില്ല, അമ്മയുമില്ല. അപ്പൂപ്പനും അമ്മൂമ്മയുമില്ല. ഇളയച്ഛന്റെ സംരക്ഷണയിലാണ് ഇന്നവൻ വളരുന്നത്. പത്തുവർഷത്തിനുമുമ്പ്, അതായത് 2006 ഏപ്രിൽ 16നുമുമ്പ് അവന് എല്ലാവരുമുണ്ടായിരുന്നു.
അതെ, 2006 ഏപ്രിൽ 16, അന്നാണ് ചാവക്കാട് മുനിസിപ്പൽ ചെയർമാൻ കെ പി വത്സലൻ മുസ്ലീംലീഗ് ക്രിമിനൽ സംഘത്തിന്റെ കൊലക്കത്തിക്കിരയായത്. ചാവക്കാടുകാരുടെ പ്രിയങ്കരനായ ജന നേതാവ്, സിപിഐ എമ്മിന്റെ ചാവക്കാട് ഏരിയാകമ്മിറ്റി അംഗം, 2005 ഒക്ടോബർ മുതൽ ചാവക്കാട് മുനിസിപ്പൽ ചെയർമാൻ ഇതെല്ലാമായിരുന്ന കെ പി വത്സലന്റെ ഏകമകനാണ് കണ്ണൻ എന്നു വിളിക്കുന്ന നിരഞ്ജൻ. അച്ഛൻ കൊല്ലപ്പെടുമ്പോൾ നിരഞ്ജന് വയസ് 6. വത്സലൻ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽനിന്ന് അദ്ദേഹത്തിന്റെ ഭാര്യ സുധ, നിരഞ്ജന്റെ അമ്മ, പിന്നീട് മുക്തിനേടിയില്ല. ഏറെ കഴിയുംമുമ്പ് അവരും ഈ ലോകത്തോട് വിടപറഞ്ഞു, നിരഞ്‌ജനെ തനിച്ചാക്കി.
വത്സലൻ കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന്റെ അച്ഛൻ ചാവക്കാട് തിരുവത്ര കാളീരകത്ത് പരിയും അമ്മ കൗസല്യയും ജീവിച്ചിരിപ്പുണ്ടായിരുന്നു. ഏറെ കഴിയുംമുമ്പ് അവരിരുവരും അന്തരിച്ചു. പിന്നീട് കുറെക്കാലം നിരഞ്ജൻ കൊയിലാണ്ടിയിൽ അമ്മയുടെ അമ്മയോടൊപ്പമായിരുന്നു. അവരും മരിച്ചതിനെ തുടർന്നാണ് നിരഞ്‌ജൻ ഇളയച്ഛനൊപ്പം ചാവക്കാടേക്ക് മടങ്ങിവന്നത്.
2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് നഗരസഭാധ്യക്ഷനായ വത്സലൻ ഏപ്രിൽ 16ന് വൈകുന്നേരം അഞ്ചരയോടുകൂടി പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിയിൽ നടുറോഡിൽ ഒട്ടേ റെപ്പേർ നോക്കിനിൽക്കെ മുസ്ലീംലീഗ് അക്രമികളാൽ കൊല്ലപ്പെട്ടത്. ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ കെ വി അബ്ദുൾ ഖാദറിന്റെ തിരഞ്ഞ ടുപ്പ് കമ്മിറ്റിയുടെ പ്രധാന ഭാരവാഹികളിൽ ഒരാളായിരുന്നു കെ പി വത്സലൻ. തന്റെ 40 വയസ്സിനിടയിൽ ആരുമായും ഒരേറ്റുമുട്ടലിനും പോകാത്ത, എല്ലാവരോടും, -രാഷ്ട്രീയ എതിരാളികളോടുപോലും വളരെ സൗമ്യമായിമാത്രം പെരുമാറുന്ന വത്സലൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊടികെട്ടുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രവർത്തകർ തമ്മിൽ അകലാട് ജംഗ്ഷനിലുണ്ടായ സംഘർഷാവസ്ഥയ്ക്കു സമാധാനപരമായ പരിഹാരമുണ്ടാക്കി മടങ്ങവെയാണ് ലീഗ് ഗുണ്ടകൾ അദ്ദേഹത്തെ വധിച്ചത്.
ഒരുകാലത്ത് മുസ്ലീംലീഗിന്റെ നെടുംകോട്ടയായി അറിയപ്പെട്ടിരുന്ന, മലപ്പുറം ജില്ലയോട് ചേർന്നുകിടക്കുന്ന പുന്നയൂർ പഞ്ചായത്ത് ഭരണം 2005ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പിടിച്ചെടു ത്തിരുന്നു. പാണക്കാട്ടെ തീട്ടൂരങ്ങൾക്കനുസരിച്ചുമാത്രം വോട്ടുചെയ്ത് ശീലിച്ചിരുന്ന ചാവക്കാട്ടെ പാവപ്പെട്ട മുസ്ലീം ജനത തങ്ങളിൽനിന്ന് അകന്നുപോകുന്നതിൽ രോഷംകൊണ്ട ലീഗ് ആ പ്രദേശമാകെ അക്രമമഴിച്ചുവിടുകയായിരുന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരമ്പരാഗതമായി ലീഗിനൊപ്പം നിന്നിരുന്ന പല കുടുംബങ്ങളും ഒന്നാകെ എൽഡിഎഫ് പ്രവർത്തകരായി രംഗത്തുവന്നത് ലീഗുകാരുടെ ഹാലിളക്കിയിരുന്നു. തങ്ങളുടെ കാൽക്കീഴിലെ മണ്ണൊലിച്ചുപോകുന്നതിൽ ബേജാറായ മുസ്ലീംലീഗു നേതൃത്വം ഇടതുപക്ഷത്തിനെതിരായ തങ്ങളുടെ അക്രമ പേക്കൂത്തിന് ഒരേസമയം എൻഡിഎഫിനെയും ആർഎസ്എസിനെയും കൂട്ടുപിടിക്കാനും മടിച്ചിരുന്നില്ല. ചാവക്കാട്ടെ തീരദേശമേഖലയിൽ ചെങ്കൊടിയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിർ ണായകമായ പങ്കുവഹിച്ചവരിൽ ഒരാളായിരുന്നു കെ പി വത്സലൻ. 1980കളുടെ തുടക്കത്തിൽ ചാവക്കാട് മുനിസിപ്പൽ മേഖലയിൽ യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തകനായി പൊതുജീവിതം ആരം ഭിച്ച വത്സലൻ ജനങ്ങളുടെ സ്നേഹവിശ്വാസങ്ങളാർജിച്ച് അതിവേഗം ഒരു മാതൃകാ പൊതുപ്രവർത്തകനായി വളർന്നു. ഇതിനിടയിൽ രാഷ്ട്രീയ എതിരാളികളുടെ നിരവധി ആക്രമണങ്ങൾക്ക് അദ്ദേഹം വിധേയനായി. എതിർപ്പുകളെയെല്ലാം വത്സലൻ എന്നും നെഞ്ചുവിരിച്ചുനിന്ന് നേരിട്ടു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായി സജീവ പൊതുപ്രവർത്തനം ആരംഭിച്ച വത്സലൻ ചാവക്കാട് വെ സ്റ്റ് ലോക്കൽ സെക്രട്ടറിയായും തുടർന്ന് തിരഞ്ഞെടുക്കപ്പെട്ടു. ദീർഘകാലം സിപിഐ എം ചാവക്കാട് വെസ്റ്റ് എൽസി സെക്രട്ടറിയായും തുടർന്ന് ചാവക്കാട് ഏരിയ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. 2005ലാണ് ചാവക്കാട് മുനിസിപ്പാലിറ്റിയിലേക്ക് അദ്ദേഹം ആദ്യമായി മത്സരിച്ചത്; വമ്പിച്ച ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട വത്സലൻ നഗരപിതാവുമായി; പാർടി പ്രവർത്തകനെന്ന നിലയിലും നഗരസഭാ അധ്യക്ഷനെന്ന നിലയിലും ജനങ്ങൾക്കിട യിൽ ഏറെ പ്രിയങ്കരനായിരുന്നു കെ പി വത്സലൻ. ഏപ്രിൽ 16ന് വത്സലൻ ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏരിയാകമ്മിറ്റി അംഗവും മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എ എച്ച് അക്ബറുമൊന്നിച്ച് പുന്നയൂരെത്തിയത് ഗുരുവായൂർ നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ വി അബ്ദുൾ ഖാദറിന്റെ പര്യടനപരിപാടി വിജയിപ്പിക്കാനായി ബൂത്തുതല പ്രവർത്തകരെ കാണാനായിരുന്നു. പുന്നയൂർ പഞ്ചായത്തിലെ ഒറ്റയിനിയിൽ വെച്ച് ഏപ്രിൽ 16 ഞായറാഴ്ച വൈകിട്ട് ഏകദേശം അഞ്ചരയോടെയാണ് വത്സലനും അക്ബറും ആക്രമിക്കപ്പെട്ടത്. ഒറ്റയിനി ജംഗ്ഷനിൽ ഒരാൾക്കൂട്ടം കണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നന്വേഷിക്കാനായാണ് കാർ നിർത്തി ഇരുനേതാക്കളും അവിടെ ഇറങ്ങിയത്. കാറിൽ നിന്നിറങ്ങിയ വത്സലന്റെയും അക് ബറിന്റെയും നേരെ, “കൊല്ല്, അവന്മാരെ” എന്ന് ആക്രോശിച്ചും തെറിവിളിച്ചും പാഞ്ഞടുത്ത സ്ഥലത്തെ ലീഗ് ക്രിമിനലുകൾ വാളും കത്തിയുമുപയോഗിച്ച് അവരെ വെട്ടിയും കുത്തിയും വീഴ്ത്തുകയാണുണ്ടായത്. ആദ്യം വെട്ടേറ്റുവീണത് അക്ബറാണ്, അക്ബറിനെ താങ്ങിയെടുക്കാനായി കുനിഞ്ഞ വത്സലനെയും ലീഗ് അക്രമിസംഘം വെട്ടിവീഴ്ത്തി. പുന്നയൂരിൽ ഒരൊറ്റ സിപിഐ എമ്മുകാരനെയും വെച്ചുവാഴിക്കില്ലെന്ന് ആക്രോശിച്ചാണ് കായരടുത്ത് ഫൈസലിന്റെ യും സുലൈമിക്കുട്ടിയുടെയും നേതൃത്വത്തിൽ ആക്രമണം നടത്തിയത്.
വത്സലനെയും അക്ബറിനെയും കാത്തുനിൽക്കുകയായിരുന്ന സിപിഐ എം പുന്നയൂർ എൽസി സെക്രട്ടറി ടി വി സുരേന്ദ്രനും മറ്റു പാർടി പ്രവർത്തകരും ഇവർ വെട്ടേറ്റുവീഴുന്നത് കണ്ട് ഓടിയെത്തി. ഉടൻതന്നെ സുരേന്ദ്രനും പാർടി പ്രവർത്തകരും ചേർന്ന് വത്സലനെയും അക്ബറിനെയും ചാവക്കാട് രാജ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തുന്നതിനുമുമ്പേ വത്സലൻ മരിച്ചു. നെഞ്ചിലും വയറ്റിലുമാണ് വെട്ടേറ്റത്. രക്തം വാർന്നൊഴുകിയിരുന്നു. അക്ബറിന് ചുമലിലും വയറിലും കു ത്തേറ്റു. അടിയന്തിര ശസ്‌ത്രക്രിയയിലൂടെ അക്ബറിന്റെ ജീവൻ രക്ഷിക്കാനായി. പ്രിയ സഖാവിന്റെ വേർപാടിന്റെ വേദന കടിച്ചിറക്കി, നെടുനാളത്തെ ചികിത്സയ്ക്കുശേഷം, അക്ബർ ചെങ്കൊടി കൂടുതൽ ഉയരത്തിൽ പറപ്പിക്കാനുള്ള പ്രയാണം തുടരുന്നു. ♦
(2015ൽ തയ്യാറാക്കിയ ലേഖനം)