“വംശനാശം വന്ന മനുഷ്യബന്ധുക്കളെയും (hominins) മനുഷ്യ പരിണാമത്തെയും സംബന്ധിച്ച ജനിതക പഠനങ്ങൾക്ക് ” വൈദ്യശാസ്ത്രത്തിനുള്ള 2022 ലെ നോബൽ സമ്മാനം സ്വാന്തേ പാബോയ്ക്ക് നൽകപ്പെട്ടു. സമീപകാലത്ത് അക്കാദമിക പണ്ഡിതരെയും ശാസ്ത്രതല്പരരായ പൊതുജനത്തെയും ഒരുപോലെ ആവേശം കൊള്ളിച്ച ഒന്നായിരുന്നു പാബോയുടെ നോബൽ സമ്മാന ലബ്ധി. വൈദ്യശാസ്ത്രത്തിൽ മാത്രമല്ല വേണമെങ്കിൽ സാഹിത്യത്തിനും താൻ ഒരു നോബലിന് അർഹനാണെന്ന വിധം അത്യന്തം കാവ്യാത്മകവും ആഴത്തിലുള്ളതുമായ ഭാഷയിൽ പാബോ എഴുതിയ പുസ്തകമാണ് “നിയാണ്ടർത്താൽ മാൻ – ഇൻ സെർച്ച് ഓഫ് ലോസ്റ്റ് ജിനോംസ് “.
1856ൽ ജർമനിയിലെ നിയാണ്ടർ താഴ്‌വരയിലാണ് മനുഷ്യസമാനമായ നിയാണ്ടർത്താൽ അവശിഷ്ടങ്ങൾ ലഭ്യമായത്. “വെള്ളക്കാരനായ മനുഷ്യർ’ തെരഞ്ഞെടുക്കപ്പെട്ട ജനതയാണെന്നും ലോകമെമ്പാടുമുള്ള ഇതരവംശങ്ങൾ കീഴ്‌ത്തരം വിഭാഗങ്ങൾ ആണെന്നും കറുത്ത വംശജർ അടിമകളാകാൻ വിധിക്കപ്പെട്ടവരാണെന്നും മറ്റുമുള്ള സിദ്ധാന്തങ്ങൾ സാമ്രാജ്യത്വ വികാസത്തിന്റെ ന്യായീകരണമായി യൂറോപ്യൻമാർ പ്രചരിപ്പിക്കുന്നതിനിടയിലാണ് നിയാണ്ടർത്താൽ അവശിഷ്ടം ലഭ്യമാകുന്നത്. പിന്നീട് ഇതേ ജർമ്മനി ഹിറ്റ്ലറുടെ കീഴിൽ ആര്യൻ വംശീയ മേധാവിത്വത്തിന്റെയും , വംശശുദ്ധിയുടെയും മറ്റും അപകടകരവും അശാസ്ത്രീയവുമായ ഗവേഷണങ്ങളുടെ കേന്ദ്രമായി മാറി. നവലിബറൽ വ്യവസ്ഥയുടെ പുത്തൻ പ്രതിസന്ധിയുടെ കാലത്ത് ലോകമെമ്പാടും പുതിയ വംശീയവാദങ്ങളും ഇതരവംശ ഭീതികളും കുടിയേറ്റവിരുദ്ധ പ്രസ്ഥാനങ്ങളുമെല്ലാം സജീവമാകുന്ന കാലത്താണ് സ്വാന്റോ പാബോയുടെ നോബൽ സമ്മാനലബ്‌ധിയും അദ്ദേഹത്തിന്റെ പുസ്തകവും സവിശേഷ ശ്രദ്ധയാകർഷിക്കുന്നത്.
പാബോയുടെ പതിമൂന്നാം വയസിലാണ് അമ്മ അവനെയും കൊണ്ട് സ്റ്റോക്ഹോമിൽ ഈജിപ്ത്യൻ മമ്മികളുടെ പ്രദർശനം കാണാൻ പോകുന്നത്. പിന്നീട് മനുഷ്യസമൂഹ വികാസത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ പാബോയുടെ ജീവിതത്തിന്റെ ഭാഗമാകുന്നു. സ്വീഡനിലെ ഉപ്പ്സുല സർവകലാശാലയിലെ വൈദ്യശാസ്ത്ര ഗവേഷണകാലത്ത് ഈജിപ്‌ഷ്യൻ മമ്മികളുടെയും ആധുനിക മനുഷ്യന്റെയും ജനിതക ഘടനയെ താരതമ്യം ചെയ്‌താൽ ഈ കാലയളവിൽ ഉണ്ടായ ജനിതക മാറ്റങ്ങൾ പഠിക്കാം എന്ന ആശയം പാബോ മുന്നോട്ടു വെക്കുന്നു. പിന്നീടുള്ള വർഷങ്ങളിൽ പാബോയും സുഹൃത്തുക്കളും അതിനായുള്ള ശ്രമങ്ങൾ നടത്തുന്നുവെങ്കിലും ആധുനിക മനുഷ്യന്റെ ഡി എൻ എ കലർന്ന് ‘മലിനമാകാത്തതും’ മെച്ചപ്പെട്ടരീതിയിൽ സംരക്ഷിക്കപ്പെട്ടതുമായ മമ്മി ഡി എൻ ഏ കൾ കണ്ടെത്തുന്നതിലെ പ്രയാസങ്ങൾ താൻ കടന്നു വന്ന വഴികളിലൂടെ വിശദമായി അവതരിപ്പിക്കുന്നുണ്ട് പാബോ.ഒടുവിൽ വംശനാശം സംഭവിച്ച മറ്റു ജീവികളുടെ ജനിതക ഘടനകൾ പഠിക്കാൻ പാബോയും സംഘവും തയ്യാറാകുന്നു. ഗവേഷണത്തിലെ നിരാശകളും സങ്കീർണതകളും യുറീക്കാ നിമിഷങ്ങളുമെല്ലാം അതിന്റെ സൂക്ഷ്മസൗന്ദര്യത്തിൽ വായനക്കാരിലെത്തുന്നു.
ഒരർത്ഥത്തിൽ, പാബോയുടെയും അദ്ദേഹത്തിന്റെ മനുഷ്യജനിതക പഠനത്തിന്റെയും ആത്മകഥ എന്ന നിലയ്‌ക്കാണ് പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. ഗവേഷണങ്ങൾ യാന്ത്രികമായ പ്രക്രിയയല്ല, അത് നടക്കുന്ന സമൂഹത്തോടും കാലത്തോടും രാഷ്ട്രീയസമ്പദ് വ്യവസ്ഥയോടും അതിലേർപ്പെട്ട വ്യക്തികളുടെ വൈയക്തിക ജീവിതത്തോടുമെല്ലാം ഗവേഷണങ്ങൾ ബന്ധപ്പെടുന്നുണ്ട്. സ്വീഡനിലെയും അമേരിക്കയിലെയും കിഴക്കൻ ജർമ്മനിയിലെയും പശ്ചിമ ജർമ്മനിയിലെയുമെല്ലാം ഗവേഷണ സാഹചര്യങ്ങൾ അതാത് നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതിപ്രവർത്തിക്കുന്നതെങ്ങനെയെന്ന് പാബോ വിശദമായി തന്നെ സൂചിപ്പിക്കുന്നു. പുസ്തകത്തിന്റെ ഒരു ഘട്ടത്തിൽ ബൈസെക്ഷ്വൽ എന്ന നിലയ്‌ക്കുള്ള തന്റെ ജീവിതവും സഹപ്രവർത്തകയും മറ്റൊരു സഹഗവേഷകന്റെ ജീവിതപങ്കാളിയുമായിരുന്ന ലിൻഡാ വിജിലൻതുമായുള്ള പ്രണയവും വിവാഹവുമെല്ലാം പാബോ വിവരിക്കുന്നു. 1982 ലെ വൈദ്യശാസ്ത്ര നോബൽ വിജയിയായ സുനെ ബെർഗ്‌സ്റ്റോമിന്റെ വിവാഹേതര ബന്ധത്തിലെ മകൻ എന്ന നിലയ്‌ക്കുള്ള തന്റെ ബാല്യജീവിതത്തെക്കുറിച്ചുള്ള പാബോയുടെ ഓർമ്മകൾ പാബോ പിന്നീടു പങ്കു വെക്കുന്നുണ്ട്. വ്യക്തിപരമായത് രാഷ്ട്രീയപരവുമാണെന്ന ചിന്തയെ അന്വർത്ഥമാക്കുംവിധം ജീവിതത്തിന്റെ വിവിധ അടരുകളെയും ശാസ്ത്ര ഗവേഷണത്തെയും ഒരേപോലെ മുന്നോട്ട് തുറന്നുകാട്ടുന്നുണ്ട് സ്വാന്തേ പാബോ ഈ പുസ്തകത്തിലൂടെ.
ജർമൻ പുനരേകീകരണത്തിനു ശേഷം ലീപ്‌സിഗിൽ മാർക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എവല്യൂഷനറി ആന്ത്രോപോളജിയുടെ സ്ഥാപക മേധാവിയായി പാബോ സ്ഥാനമേറ്റെടുക്കുന്നു. അവിടെ പാബോയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണങ്ങളുടെ ഫലമായി 1997 ലാണ് ആദ്യ നിയാണ്ടർത്താൽ ജനിതക ശ്രേണി പ്രസിദ്ധീകരിക്കപ്പെടുന്നത്. പിന്നെയും 17 വർഷങ്ങൾ കഴിഞ്ഞാണ് നിയാണ്ടർത്താൽ മനുഷ്യന്റെ സമ്പൂർണ ജനിതക ശ്രേണി സയൻസിൽ പ്രസിദ്ധീകരിക്കാൻ പാബോയ്ക്കും സംഘത്തിനും കഴിഞ്ഞത്. മനുഷ്യപരിണാമ വികാസത്തെ സംബന്ധിച്ച രണ്ടു സിദ്ധാന്തങ്ങളാണ് പൊതുവെ ഉള്ളത്‐ ഒന്ന്, ആഫ്രിക്കയിൽ നിന്നും പുറത്തേക്കുഉള്ള വികാസം; രണ്ട്, വ്യത്യസ്ത ഇടങ്ങളിൽ സമാനമായ വികാസം. ഇതിൽ ആഫ്രിക്കയിൽ നിന്നും പുറത്തേക്കുള്ള വികാസസിദ്ധാന്തത്തെ വലിയതോതിൽ ശക്തിപ്പെടുത്തുന്നതാണ് പാബോയുടെ ഗവേഷണങ്ങൾ. മനുഷ്യർക്കും നിയാണ്ടർത്താലിനും ഏതാണ്ട് ആറുലക്ഷം വർഷം മുന്നേ ജീവിച്ച ഒരു പൊതുപൂർവിക ഉണ്ടായിരുന്നിരിക്കാം. പിന്നീട് നിയാണ്ടർത്താൽ ആഫ്രിക്കയിൽ നിന്നും യൂറോപ്പിലെ സെർബിയ വഴി സൈബീരിയയിൽ എത്തി ഏതാണ്ട് മുപ്പതിനായിരം വർഷം മുൻപേ അപ്രത്യക്ഷരായിരിക്കാം. ഈ കാലയളവിൽ ആഫ്രിക്കയിൽ നിന്ന് പുറത്തേക്ക് വികസിച്ച മനുഷ്യർ ഇന്നത്തെ യൂറോപ്പിൽവെച്ച് നിയാണ്ടർത്താലുമായി കണ്ടിരിക്കാനും ബന്ധപ്പെട്ടിരിക്കാനും സാധ്യതയുണ്ട്. മനുഷ്യ പരിണാമപഠനത്തിലെ അത്യന്തം ഉദ്വേഗഭരിതവും , തെരഞ്ഞെടുക്കപ്പെട്ട ജനതയെന്ന സാമൂഹികധാരണകളെയെല്ലാം കടപുഴക്കുന്നതുമാണ് സ്വാന്തേ പാബോയുടെയും സംഘത്തിന്റെയും പഠനങ്ങൾ. ഏതൊരു വിപ്ലവകാരിക്കും ജ്യോതിശാസ്ത്രത്തിലും പരിണാമസിദ്ധാന്തത്തിലും ആഴത്തിലുള്ള ധാരണ ആവശ്യമാണെന്ന് ഫിദൽ കാസ്ട്രോ പറയുമായിരുന്നു. ആ പഠനങ്ങളിലേക്കുള്ള ഉജ്വലമായ സംഭാവനയാണ് സ്വാന്തേ പാബോയുടെ “നിയാണ്ടർത്താൽ’ എന്ന പുസ്തകം. ♦