ലോകത്തെ ഏറ്റവും വലിയ ആത്മീയ കമ്പോളം ആണിന്ന് ഇന്ത്യ. മതങ്ങളും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും എന്നും ഇന്ത്യയിൽ ഉണ്ടായിരുന്നുവെങ്കിലും ആത്മീയതയെ ഒരു ചരക്കാക്കി മാറ്റിയത് ആഗോളവത്കരണമാണ്.
2.5 ലക്ഷം കോടി രൂപയുടെ ആത്മീയ വ്യവസായമാണ് ഇന്ത്യയിൽ നടക്കുന്നത്. 2023‐-28 കാലഘട്ടത്തിൽ ഇതിൽ 10 % വർദ്ധനവ് ഉണ്ടാകുമെന്നും കണക്കാക്കുന്നു.(www.expertmarketresearch. com).
1991 ൽ ഇന്ത്യ ആഗോളവൽക്കരണ സാമ്പത്തിക നയം അംഗീകരിച്ചതോടെ മതാത്മകതയും വർഗീയതയും ശക്തിയാർജ്ജിച്ചു . കഴിഞ്ഞ നാലു പതിറ്റാണ്ടിൽ ആത്മീയ വ്യാപാരത്തിലുണ്ടായ വർദ്ധനവ് ഹിന്ദുത്വ ദേശീയതയുടെ പ്രചാരണത്തിന് സഹായകമായതായി ലിസ് മാക് കീൻ നിരീക്ഷിക്കുന്നു. ആത്മീയജ്ഞാനവും അധികാരവും സമ്പത്തും കേന്ദ്രീകരിക്കുന്നത് ഫാസിസത്തിന് മണ്ണൊരുക്കലായി പരിണമിക്കുന്നു. ആത്മീയ ശക്തിയുടെയും സനാതന ധർമത്തിന്റെയും ആധികാരിക വക്താക്കൾ ആയി സ്വയം പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയിലാകെ ആൾദൈവങ്ങൾ മുളച്ചു പൊന്തിയ കാലം കൂടിയാണിത് . കേരളവും ഇതിൽ നിന്നും വേറിട്ടു നിൽക്കുന്നില്ല. സിദ്ധന്മാരും മന്ത്രവാദികളും ജ്യോതിഷികളും വാസ്തുവിദഗ്ധരും ഫെങ്‌ഷുയിയും റെയ്‌കിയും മുൻപില്ലാത്തവിധം പെരുകിക്കൊണ്ടിരിക്കുന്നു.
ആഗോളവത്കരണം സൃഷ്ടിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയും അപായകരമായ മത്സരവും മൂലം ദൈനംദിന ജീവിത പ്രശ്നങ്ങൾക്ക് ഞൊടിയിടയിൽ ലഭിക്കുന്ന പരിഹാരം തേടി ഇന്ത്യൻ മധ്യവർഗം ആൾദൈവങ്ങളിൽ അഭയം പ്രാപിക്കുന്നു.
ആത്മീയതയുടെ പാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യയിൽ സന്ന്യാസിമാരുടെ നീണ്ടനിര തന്നെ ഉണ്ട്. ശങ്കരാചാര്യരും ബുദ്ധനും വിവേകാനന്ദനും അരവിന്ദ ഘോഷും ശ്രീരാമകൃഷ്ണ പരമഹംസരും ശ്രീനാരായണ ഗുരുവും ഈ പട്ടികയിൽ പെടുന്നു. ഇവരെല്ലാവരും ലൗകികസുഖങ്ങൾ വെടിഞ്ഞുകൊണ്ട് സത്യാന്വേഷണം നടത്തിയവരാണ്. സന്ന്യാസം എന്നതിന്റെ നിർവചനം തന്നെ എല്ലാം ഉപേക്ഷിക്കൽ എന്നാണ്. എന്നാൽ ഇന്നത്തെ സന്ന്യാസ വേഷധാരികൾ വലിയ കോർപറേറ്റ് സാമ്രാജ്യത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരാണ്. ആത്മീയതയുടെ കച്ചവടക്കാരായ ഇക്കൂട്ടർ ലൗകികതയുടെയും ആർഭാടത്തിന്റെയും ആഡംബരത്തിന്റെയും വക്താക്കളാണ്. ജനങ്ങളെ കൂടുതൽ മെച്ചപ്പെട്ട ലൗകിക ജീവിതക്രമത്തിലേക്കിവർ ആനയിക്കുന്നു. അതിനായി തന്ത്രങ്ങളും മന്ത്രങ്ങളും യാഗങ്ങളും ദുർമന്ത്രവാദങ്ങളും ആസൂത്രണം ചെയ്യുന്നു.
സമ്പത്ത്, മക്കളുടെ വിദ്യാഭ്യാസം, പെണ്മക്കളുടെ വിവാഹം, ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും മോചനം , ഉദ്യോഗം, ഉദ്യോഗക്കയറ്റം , രോഗശാന്തി തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇവർ പരിഹാരക്രിയ നിർദേശിക്കുന്നു. വലിയ തുക ഈടാക്കിക്കൊണ്ടാണീ ഉപദേശ നിർദേശങ്ങൾ നൽകുന്നത്. സാമ്പത്തികമായ ചൂഷണത്തിന് പുറമെ ലൈംഗിക ചൂഷണത്തിന്റെ സംഭവങ്ങൾ എത്രയോ റിപ്പോർട്ടു ചെയ്യുന്നു. പലപ്പോഴും ആത്മീയ കെണിയിൽ വീണുപോകുന്ന സ്ത്രീകൾക്ക് നിയമപരമായ സഹായം തേടാൻ പോലും ധൈര്യം ഉണ്ടാകാറില്ല.
ആൾദൈവങ്ങൾ ദിവ്യശക്തിയുള്ള വസ്തുക്കളുടെ ഉത്പാദകരും വില്പനക്കാരും ആണ്. കൂടാതെ ബഹുരാഷ്‌ട്രകുത്തകകളുടെ ഉത്പന്നങ്ങളായ സൗന്ദര്യവർദ്ധക വസ്തുക്കളും ഭക്ഷ്യ വസ്തുക്കളും നിർമിച്ചു വിൽക്കുന്നു. ഇവരിൽ പ്രമുഖരാണ് ബാബ രാംദേവും ശ്രീ ശ്രീ രവിശങ്കറും മറ്റും. മറ്റേതൊരു കുത്തകകമ്പനിയും പോലെ പത്രമാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് അവർ ഉത്പ്പന്നങ്ങൾ വിറ്റഴിക്കുകയും അമിത ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു . അവർ ആദ്യം പരശ്ശതം ആരാധകരെയും അനുയായികളെയും സൃഷ്ടിക്കുകയും പിന്നീട് ഉപഭോഗ വസ്തുക്കളുടെ കച്ചവടം തുടങ്ങുകയുമാണ് ചെയ്യുന്നത് . ടി വിയിലൂടെ യോഗ പഠിപ്പിച്ചു തുടങ്ങിയ രാംദേവ് വ്യവസായം പടുത്തുയർത്തിയത് വളരെ വേഗത്തിലാണ് . ഗുളിക രൂപത്തിൽ യോഗ പഠിപ്പിക്കുന്നത് മറ്റൊരു ലാഭകരമായ ബിസിനസ്സ് ആണ്. ഐ ടി കമ്പനികൾ ജീവനക്കാരുടെ മാനസിക സംഘർഷം കുറക്കാൻ എന്ന പേരിൽ യോഗ പഠിപ്പിക്കുന്നു. ആയിരം മുതൽ അയ്യായിരം വരെ ആണ് ഫീസ്. ബഹുരാഷ്ട്ര കമ്പനികൾ നടത്തുന്ന ചൂഷണത്തിന് യോഗ മറുമരുന്നായി പ്രചരിപ്പിക്കുന്നു. തൊഴിലാളി വിരുദ്ധ സമീപനത്തെ മറച്ചുവക്കാൻ ആത്മീയതയെ കൂട്ടുപിടിക്കുന്നു.
മതത്തെയും മതാചാരങ്ങളെയും സമ്പത്തിനും അധികാരത്തിനും വേണ്ടി ദുരുപയോഗം ചെയ്യുന്ന ഇക്കൂട്ടർക്ക് നരേന്ദ്ര മോഡി സർക്കാരിന്റെ എല്ലാ ആശീർവാദങ്ങളും പിന്തുണയും ലഭിക്കുന്നു. ആശുപത്രികൾ ,വിദ്യാലയങ്ങൾ , ടി വി ചാനലുകൾ തുടങ്ങി പല സ്ഥാപനങ്ങളും ആൾദൈവങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ട്. മതേതരത്വം എന്ന ആശയം പോലും ഇവരുടെ സ്‌കൂളുകൾ അംഗീകരിക്കുന്നില്ല. ഹൈന്ദവ പ്രാർത്ഥനകൾ , ആചാരങ്ങൾ എന്നിവ വിദ്യാർഥികളിലേക്ക് അടിച്ചേൽപ്പിക്കുന്നു.
സംഘപരിവാറിന് ശാസ്ത്രബോധം ഇല്ലാത്ത സമൂഹത്തെയാണ് ആവശ്യം. ഇന്ത്യൻ ജനതയെ അന്ധവിശ്വാസത്തിൽ തളച്ചിട്ടാൽ മാത്രമേ മതരാഷ്ട്രസ്ഥാപനം സാധ്യമാകൂ എന്ന് അവർക്കറിയാം .
ഹിന്ദുത്വവാദം സമൂഹത്തെ അംഗീകരിപ്പിക്കുവാൻ ഉള്ള എളുപ്പവഴിയാണ് വർഗീയത. അതിനായി ഭക്തിയെ അവർ ചരക്കു വത്കരിക്കുന്നു. ഭക്തിയും വിശ്വാസവും ഓരോ വ്യക്തിയുടെയും സ്വകാര്യ കാര്യമാണെന്ന കാഴ്ചപ്പാടിനപ്പുറത്ത് ഒരു രാഷ്ട്രീയ ആയുധമാക്കി അവർ മാറ്റുന്നു. അതിനുവേണ്ടി ആത്മീയവിപണിയെ പരമാവധി പോഷിപ്പിക്കുന്നു.
ന്യൂനപക്ഷ മതങ്ങളും ആത്മീയവ്യാപാരമേഖലയിൽ ഉണ്ടെങ്കിലും ഭൂരിപക്ഷ മതത്തിനു ലഭിക്കുന്ന പരിഗണന അവർക്ക് സ്വാഭാവികമായും ലഭിക്കുന്നില്ല. സർക്കാരിന്റെ പൊതുപരിപാടികളിൽ പോലും ഹൈന്ദവ ആചാര പ്രകാരമുള്ള പൂജകൾ നടത്തുന്നത് ഇതിന്റെ ഭാഗമാണ്.
കേന്ദ്ര സർക്കാർ ആത്മീയവിപണി മുന്നിൽ കണ്ടുകൊണ്ട് തുടങ്ങിയിരിക്കുന്ന പല പദ്ധതികളുടെയും പേരുകൾ ഹൈന്ദവമായിരിക്കുന്നതിൽ ആർക്കും അത്ഭുതമോ പ്രതിഷേധമോ ഇല്ല എന്നതാണ് ഏറെ വിചിത്രം.
തീർത്ഥാടന ടൂറിസം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ആരംഭിച്ചിരിക്കുന്ന പദ്ധതികൾ ആണ് “പ്രസാദ്”(Pilgrimage Rejunuvation and Spirituality Augmentation Drive), ഹൃദയ് ,സ്വദേശ് ദർശൻ യോജന എന്നിവ. തീർത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള റോഡ്, റെയിൽവേ, കുടിവെള്ളം ,വൈദ്യുതി, കാത്തിരിപ്പു കേന്ദ്രങ്ങൾ,ആരോഗ്യ സംവിധാനം, എ ടി എം എന്നീ സൗകര്യങ്ങളെല്ലാം സർക്കാർ സജ്ജമാക്കുക എന്നതാണ് ഈ പദ്ധതികൾ കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ ദേവാലയങ്ങളിൽ ലഭിക്കുന്ന വരുമാനമാകട്ടെ എവിടെയും കണക്ക് കാണിക്കേണ്ടതുമില്ല. ഹൈന്ദവ ദേവാലയങ്ങൾക്കു ലഭിക്കുന്ന പിന്തുണാസംവിധാനം മറ്റ് മത വിഭാഗങ്ങൾക്ക് ലഭിക്കില്ല എന്നത് വ്യക്തമാണല്ലോ.
ദേവാലയങ്ങൾ ആരംഭിക്കുന്നത് ഏറ്റവും ലാഭകരമായ ബിസിനസ്സ് ആയി ഇന്നു മാറിയിട്ടുണ്ട്. ദിവസംപ്രതിയെന്നോണം പുതിയ ക്ഷേത്രങ്ങളും ക്ഷേത്ര സമുച്ചയങ്ങളും ഇന്ത്യയിൽ ഉയർന്നു വരുന്നു. ഇക്കാര്യത്തിൽ ക്രിസ്ത്യൻ, മുസ്ലിം,സിഖ് മതങ്ങളുടെ സ്ഥിതിയും വ്യത്യസ്‍തമല്ല . അക്ഷർധാം പോലെയുള്ള ക്ഷേത്ര സമുച്ചയങ്ങൾക്ക് സർക്കാരുകൾ നൽകുന്ന സഹായം ചെറുതല്ല. 400 കോടി രൂപയുടെ നിർമാണം ആണ് അക്ഷർധാമിൽ നടന്നത്. 2005 നവംബർ 6 ന് അന്നത്തെ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കാലമാണ് ഉദ്ഘടനം നിർവഹിച്ചത്. ക്ഷേത്രാരാധനക്ക് അപ്പുറം ഒരു വിനോദ സഞ്ചാര കേന്ദ്രമായാണ് അക്ഷർധാം രൂപകൽപന ചെയ്തിരിക്കുന്നത് . സംസ്ഥാന , കേന്ദ്ര സർക്കാരുകൾ ഭൂമി വിട്ടുനൽകി. ഹൈ ടെക് ലേസർ ഷോ , ഐ മാക്സ് തീയറ്റർ, സംഗീത ജലധാരകൾ തുടങ്ങി പല ആകർഷകങ്ങളും അവിടെ ഉണ്ട്.
ഇന്ത്യയിൽ ഏത് ദേവാലയത്തിനും ചുറ്റും വലിയ കച്ചവട സ്ഥാപനങ്ങൾ കാണാം . അനധികൃതമായ നിർമാണങ്ങളും കടകളും ദൈവത്തിന്റെ മറവിൽ നിയമത്തിന്റെ പിടിയിൽ നിന്നും രക്ഷപെടുന്നു.
ക്ഷേത്രനടത്തിപ്പിൽ തന്നെ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ പണം അടച്ചാൽ പ്രതിഷ്ഠയുടെ അടുത്ത് നിന്ന് തൊഴാൻ സാധിക്കുന്ന രീതി കേരളത്തിൽ ഉൾപ്പടെ തുടങ്ങിയിട്ടുണ്ട്. പുതിയ ആചാര, ആരാധനാ രീതികൾ ദേവാലയങ്ങൾ ആവിഷ്കരിക്കുന്നു.
മീര നന്ദ ” ഈശ്വര വിപണി” എന്ന പുസ്തകത്തിൽ പറയുന്നു:
“ഇന്ത്യൻ മധ്യ വർഗ്ഗത്തിന്റെ പുതിയ മതാത്മകത എത്രമാത്രം ആചാരപരവും പ്രകടനാത്മകവും ദേശീയവാദപരവും ആണെന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത് ” പുതിയ വരേണ്യവിഭാഗം ദാർശനികമോ ബൗദ്ധികമോ ആയല്ല മതത്തെ സമീപിക്കുന്നത് . അനുഷ്ടാനങ്ങളും പൂജകളും ഉപവാസങ്ങളും ആചാരങ്ങളും വലിയ തോതിൽ ആഘോഷിക്കപ്പെടുന്നു. മാത്രമല്ല മീര നന്ദ നിരീക്ഷിക്കുന്നതു പോലെ ഈശ്വരാരാധന വീട്ടിലെ സ്വകാര്യതയിൽ നിന്നും പൊതുമണ്ഡലത്തിലേക്ക് എത്തിയിരിക്കുന്നു. സമീപകാലത്ത് തിരുവനന്തപുരത്ത് താരതമേന്യ അപ്രശസ്തമായിരുന്ന ഒരു ക്ഷേത്രത്തിൽ ഒരാഴ്ച് നീണ്ടുനിന്ന “പ്രപഞ്ച യാഗം’ സംഘടിപ്പിച്ചു. ഈ ദിവസങ്ങളിൽ മുഖ്യ ധാര മാധ്യമങ്ങൾ ഇതിന്റെ വിശേഷങ്ങൾ അമിത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. മാത്രമല്ല വിദ്യാഭ്യാസത്തിനാണ് ഈ ക്ഷേത്രം പ്രാധാന്യം നൽകുന്നതെന്ന വിവരംകൂടി പത്രങ്ങൾ നൽകി. ഇനി കുട്ടികളുടെ വിദ്യഭ്യാസത്തിനുവേണ്ടി രക്ഷിതാക്കൾ അവിടെ തടിച്ചുകൂടുന്നത് നമുക്ക് വരുംദിവസങ്ങളിൽ കാണാൻ കഴിയും.
ദേവി ക്ഷേത്രങ്ങളിൽ മാത്രം നടത്തി വന്നിരുന്ന പൊങ്കാല ഇന്ന് ഹനുമാൻ ക്ഷേത്രങ്ങളിൽ പോലും തുടങ്ങിയിരിക്കുന്നു. ആചാരങ്ങളെക്കുറിച്ച് കടുംപിടുത്തം കാണിക്കുന്നവർ സാമ്പത്തികനേട്ടം ഉണ്ടെങ്കിൽ എല്ലാ ആചാരങ്ങളെയും തകിടംമറിക്കുന്നു.
അക്ഷയതൃതീയ ആണ് മറ്റൊരു നല്ല ഉദാഹരണം. ഹിന്ദു പഞ്ചാംഗം അനുസരിച്ച് വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലാണ് അക്ഷയതൃതീയയായി കണക്കാക്കുന്നത്. വടക്കേ ഇന്ത്യയിൽ ശൈശവ വിവാഹത്തിന് ചിലർ ഈ ദിവസമാണ് തെരഞ്ഞെടുക്കുക. ദാന ധർമങ്ങൾക്ക് ഉചിതമായ ദിവസമായും കരുതപ്പെടുന്നു. സ്വർണം വാങ്ങലുമായി അക്ഷയ തൃതീയക്ക് യാതൊരു ബന്ധവും ഇല്ല. എന്നാൽ സ്വർണക്കടകൾക്ക് മുന്നിൽ ഈ ദിവസം ജനത്തിന്റെ നീണ്ട നിര ഉയരുന്നു. ഇപ്പോൾ പലപ്പോഴും അക്ഷയതൃതീയ ഒരാഴ്ച് വരെ നീണ്ട് നിൽക്കുന്നു.
ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഉണ്ടായ വികാസം ഇന്ത്യൻ സമൂഹത്തെ ശാസ്ത്ര ചിന്തയിലേക്കോ യുക്തിചിന്തയിലേക്കോ അല്ല നയിച്ചത്. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അന്ധവിശ്വാസവും അനാചാരങ്ങളും വളർത്തുന്നതിൽ വിപണി വിജയിച്ചിരിക്കുന്നു. ടെലി മാർക്കറ്റിംഗും ഇ കൊമേഴ്സും ആത്മീയതയുടെ വിപണനത്തിന് ഉപയോഗപ്പെടുത്തുന്നു.
ഇന്ത്യയിലെ ഏതു ക്ഷേത്രത്തിലെയും പ്രസാദം ഓൺലൈനിൽ വീട്ടിൽ എത്തിക്കുന്ന സൈറ്റുകൾ ഉണ്ട്. ലോകത്തെവിടെയിരുന്നും ഏത് പൂജയും ലൈവ് ആയി ചെയ്യാൻ സഹായിക്കുന്ന പൂജാരിമാരെ സപ്ലൈ ചെയ്യുന്ന ഓൺലൈൻ സ്ഥാപനങ്ങൾ ഉണ്ട്. കോടികൾ ലാഭം ഉണ്ടാക്കുന്ന ഈ സ്ഥാപനങ്ങളുടെ ഉടമസ്ഥർ ഉയർന്ന വിദ്യാഭ്യാസം ഉള്ള സാങ്കേതിക വിദഗ്ദ്ധർ ആണ്. ടി വി യിലെ പരിപാടികൾ നോക്കി പ്രാർത്ഥിക്കുന്ന ക്രിസ്ത്യൻ, ഹിന്ദു മത വിഭാഗങ്ങളിലെ മുതിർന്ന വ്യക്തികൾ വീടുകളിലെ നിത്യകാഴ്ചയാണ് . നൂറു കണക്കിന് ടി വി ചാനലുകൾ ആത്മീയത മാത്രം വിറ്റ് ലാഭം ഉണ്ടാക്കുന്നു. സന്ന്യാസവേഷം ധരിച്ച് കുറച്ചു ആത്മീയ പ്രഭാഷണം നടത്താൻ പറ്റിയ ഒരു വ്യക്തിയെ അവതരിപ്പിക്കുക മാത്രമാണ് ലാഭത്തിന്റെ അടിസ്ഥാനം. മറ്റ് യാതൊരു വിധ യോഗ്യതകളും ആത്മീയ ഗുരുക്കന്മാർക്കും സിദ്ധന്മാർക്കും മന്ത്രവാദികൾക്കും ആവശ്യമില്ല.
ആശാറാം ബാപ്പു, ഗുർമീത് റാം റഹിം സിംഗ് , നിത്യാനന്ദ , സന്തോഷ് മാധവൻ തുടങ്ങി എത്രയോ ആൾദൈവങ്ങളാണ് ലൈംഗിക അതിക്രമങ്ങൾക്ക് ഉൾപ്പടെ തടവറയിൽ കിടക്കുന്നത്. നൂറുകണക്കിന് ക്രിസ്ത്യൻ സഭകളും ഇപ്പോൾ പുതുതായി ആവിർഭവിച്ചിട്ടുണ്ട്. ആലപ്പുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണാലയം അത്തരത്തിൽ ഒന്നാണ്.
അത്ഭുതശക്തിയുള്ള ഏലസ്സും ചരടും മോതിരങ്ങളും ലോക്കറ്റുകളും രുദ്രാക്ഷങ്ങളും തകിടുകളും എത്രയോ കോടികൾക്കാണ് ഇന്ത്യക്കകത്തും പുറത്തും വിറ്റഴിക്കപ്പെടുന്നത്. പാഗൻ, വിക്കൻ, ഡൗസിംഗ് തുടങ്ങിയ സവിശേഷ മതവിഭാഗങ്ങൾ ശക്തമായിക്കൊണ്ടിരിക്കുന്നു. ഇവയുടെ പരസ്യങ്ങൾ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്നു. കുബേരയന്ത്രവും മരതക കല്ലുകളും വാങ്ങി സൂക്ഷിച്ചാൽ പണം കുമിഞ്ഞു കൂടും എന്നാണ് വിശ്വാസം. മന്ത്രവാദവും കൂടോത്രവും ശത്രു സംഹാര പൂജയും നടത്തിക്കൊടുക്കുമെന്ന് പത്രങ്ങളിൽ പരസ്യപ്പെടുത്തുമ്പോൾ നിലവിലെ നിയമങ്ങൾ നോക്കുകുത്തികൾ ആകുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ ശക്തമായ നിയമം ഇന്ത്യയിൽ ഉണ്ട്. 2022 ൽ പരസ്യങ്ങൾ സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങളും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷെ ആത്മീയ വ്യാപാരത്തിന് ഇതൊന്നും ബാധകമാകുന്നില്ല.
സമൂഹത്തെ ശാസ്ത്രബോധത്തിൽ നിന്നും അകറ്റിനിർത്തുക എന്നത് മതരാഷ്ട്രം ആഗ്രഹിക്കുന്നവരുടെ ലക്ഷ്യമാണ്. സമൂഹത്തിലെ അനീതികളെയും അസമത്വത്തെയും ചൂഷണത്തെയും ശാസ്ത്രീയ കാഴ്ചപ്പാടിൽ വിലയിരുത്തുന്നതിനെ മത മൗലിക വാദികൾ ഭയപ്പെടുന്നു.
ആഗോളവൽക്കരണത്തിനൊപ്പം വളർന്നുവന്ന വർഗീയത ഫാസിസ്റ്റു ഭരണത്തിലേക്ക് ഇന്ത്യയെ കൊണ്ടുവന്നെത്തിച്ചു.
അന്ധവിശ്വാസത്തിന്റെ പുകമറയിൽ യാഥാർഥ്യം കാണുവാൻ സമൂഹത്തിനു കഴിയാതെയായി. ഏത് മതത്തിലും വിശ്വസിക്കുവാനും വിശ്വസിക്കാതിരിക്കുവാനും ഉള്ള അവകാശം ഇന്ത്യൻ ഭരണഘടനയിൽ എഴുതിവച്ചിട്ടുണ്ട്. ഒപ്പം തന്നെ ഒരു ഭേദഗതിയിലൂടെ ശാസ്ത്രബോധവും പൗരന്റെ അവകാശം ആക്കി മാറ്റിയ രാജ്യമാണ് ഇന്ത്യ.
ഫാസിസത്തിനെതിരായ സമരത്തിന്റെ അടിസ്ഥാനം ശാസ്ത്രബോധം ആകണമെങ്കിൽ ആത്മീയവ്യാപാരികളെ തുറന്നു കാട്ടുക തന്നെ വേണം. ♦