Friday, April 19, 2024

ad

Homeലേഖനങ്ങൾദേശാഭിമാനി’യുടെ ജനപിന്തുണ ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞപ്പോൾ

ദേശാഭിമാനി’യുടെ ജനപിന്തുണ ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞപ്പോൾ

പി പി അബൂബക്കർ 

ന്ത്യക്ക്‌  ദേശീയസ്വാതന്ത്ര്യം ലഭിക്കുന്നതിനു തൊട്ടുമുമ്പ്‌ 1947 ജൂൺ 30–-ന്‌ അന്നത്തെ മലബാർ കലക്‌ടർ ഇ ഡബ്ലിയു ബോഷിയർ മദിരാശി ഗവർമെണ്ടിന്റെ ചീഫ്‌ സെക്രട്ടറി  സ്‌കോട്ട്‌ ബ്രൗണിന്‌ 1947 ജൂലൈ 2–-ന്‌   ‘ദേശാഭിമാനി’ പത്രത്തെക്കുറിച്ച്‌ രഹസ്യം എന്ന്‌ രേഖപ്പെടുത്തി അയച്ച ഒരു സന്ദേശം ഇവിടെ ഉദ്ധരിക്കാം:

‘‘ദേശാഭിമാനിയുടെ പുതിയ പബ്ലിഷർ പുതിയ ഡിക്ലറേഷൻ ഫയൽ ചെയ്യുന്നതിന്‌ 1947 ജൂൺ 30–-ന്‌ എന്റെ മുമ്പിൽ ഹാജരായിരുന്നു.  ഇന്ത്യ പ്രസ്‌ (എമർജൻസി പവേഴ്‌സ്‌) ആക്‌ട്‌ പ്രകാരം പ്രവിശ്യാ ഗവർമെണ്ടിന്റെ അനുമതി വേണമെന്ന്‌ ഞാൻ പറഞ്ഞു.  ഗവർമെണ്ടിനും ഇതുസംബന്ധിച്ച്‌ അപേക്ഷ കിട്ടിയതായി മനസ്സിലാക്കുന്നു.  ഗവർമെണ്ട്‌ ഇതിന്‌ അനുമതി നൽകുന്നണ്ടോ ഇല്ലയോ എന്ന്‌ അറിയിച്ചാലും ഏതായാലും ഞാൻ ശുപാർശ ചെയ്യുന്നില്ല.  ഈ പത്രത്തിൽ നിന്ന്‌ രണ്ട്‌ സെക്യൂരിറ്റി ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു.  വീണ്ടും സെക്യൂരിറ്റി വാങ്ങി പത്രം നടത്താൻ അനുവദിക്കുന്നത്‌ നിഷ്‌പ്രയോജനമായിരിക്കും.  കമ്യൂണിസ്‌റ്റ്‌ പാർട്ടിക്ക്‌ സെക്യൂരിറ്റിയായി എത്ര തുകവേണമെങ്കിലും നിഷ്‌പ്രയാസം പിരിച്ചെടുക്കാൻ കഴിയും.  ഡിസംബറിൽ നാലായിരം രൂപ സെക്യൂരിറ്റി ആവശ്യപ്പെട്ടപ്പോൾ പതിനായിരം രൂപയോളം പിരിഞ്ഞുകിട്ടി.  ആത്യന്തികമായി കമ്യൂണിസ്‌റ്റ്‌ പാർട്ടി ഫണ്ടിന്‌ നേട്ടമാണുണ്ടായത്‌.’’1
(ജിഒ നമ്പർ 2658, പബ്ലിക്‌ (ബി) 1947 ഡിപ്പാർട്‌മെന്റ്‌, എം എസ്‌ സീരീസ്‌, റിജിനൽ ആർക്കൈവ്‌സ്‌, കോഴിക്കോട്‌).

ബ്രിട്ടീഷ്‌ ഉദ്യോഗസ്‌ഥന്റെ സന്ദേശം സ്വയം സംസാരിക്കുന്ന പ്രധാന രേഖയാണ്‌.  1942–-ൽ കോഴിക്കോട്ടുനിന്ന്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ മുഖപത്രമായി ആരംഭിച്ച ദേശാഭിമാനിയെ ജനങ്ങൾ എങ്ങനെയാണ്‌ സംരക്ഷിച്ചതെന്നുള്ള സൂചന ഈ രേഖ നമുക്ക്‌ നൽകുന്നു.  1935–-ൽ ഷൊർണൂരിൽ നിന്ന്‌ ഇഎംഎസ്‌ പത്രാധിപരായും കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാർട്ടിയുടെ മുഖപത്രമായും തുടങ്ങിയ പ്രഭാതം ബ്രിട്ടീഷുകാർ പൂട്ടിച്ചത്‌ രണ്ടായിരം രൂപ സെക്യൂരിറ്റി ആവശ്യപ്പെട്ടുകൊണ്ടാണ്‌.  ഇത്തരം അടിച്ചമർത്തൽ നേരിടാനുള്ള ജനപിന്തുണയോ സംഘടനാബലമോ അന്ന്‌ സിഎസ്‌പിക്ക്‌ ഇല്ലായിരുന്നു.  എന്നാൽ, 1942–-ൽ കോഴിക്കോട്ടു നിന്നു ദേശാഭിമാനി ആരംഭിക്കുമ്പോൾ രാഷ്‌ട്രീയ സ്‌ഥിതിയിൽ വലിയ വ്യത്യാസം വന്നു.  1939 അവസാനം പിണറായി പാറപ്പുറത്ത്‌ രൂപീകരിച്ച പാർട്ടിയുടെ കേരള ഘടകം പരസ്യമായി പ്രവർത്തിക്കാൻ തുടങ്ങി.   ദേശാഭിമാനിയെ സംരക്ഷിക്കാനും വളർത്താനും നാടൊട്ടുക്ക്‌ ദേശാഭിമാനി മേളകൾ സംഘടിപ്പിക്കപ്പെട്ടു.   വലിയ തുക പിഴയിട്ടാൽ പോലും ദേശാഭിമാനി സ്‌തംഭിപ്പിക്കാൻ ബ്രിട്ടീഷ്‌ ഭരണാധികാരികൾക്ക്‌ കഴിയാതായി.  ഇതാണ്‌ ചീഫ്‌ സെക്രട്ടറിക്ക്‌ മലബാർ കലക്‌ടർ അയച്ച കത്തിൽ പ്രതിഫലിച്ചത്‌.

ഇതേ കലക്‌ടർ തന്നെ 1947 ജനുവരി 21–-ന്‌ ചീഫ്‌ സെക്രട്ടറിക്ക്‌ മറ്റൊരു സന്ദേശം അയച്ചിരുന്നു.  നേരത്തെ ദേശാഭിമാനി സെക്യൂരിറ്റിയായി നൽകിയ ആയിരം രൂപ പിടിച്ചെടുത്തതും നാലായിരം രൂപ പുതിയ സെക്യൂരിററിയായി ഈടാക്കിയതും സൂചിപ്പിച്ചുകൊണ്ട്‌ എ എഫ്‌ ഡബ്ലിയു ഡിക്‌സൻ എന്ന ബ്രിട്ടീഷ്‌ ഉദ്യോഗസ്‌ഥൻ മലബാറിൽ കമ്യൂണിസ്‌റ്റുകാരുടെ പ്രവർത്തനത്തെക്കുറിച്ച്‌ നൽകിയ റിപ്പോർട്ട്‌ ഈ കത്തിൽ പരാമർശിക്കുന്നുണ്ട്‌.  ഡിക്‌സന്റെ റിപ്പോർട്ടിൽ നിന്ന്‌ : ‘‘ ഞാൻ ചർച്ച നടത്തിയ മുഴുവൻ ഉദ്യോഗസ്‌ഥരും കമ്യൂണിസ്‌റ്റുകാരല്ലാത്ത മുഴുവൻ അനുദ്യോഗസ്‌ഥരും ദേശാഭിമാനി പൂട്ടിക്കണമെന്ന നിലപാടിനെ അനുകൂലിച്ചു.  നിയമലംഘനത്തിനും അക്രമത്തിനും ഈ പത്രം നിരന്തരമായി പ്രോത്‌സാഹനം നൽകുകയാണ്‌.  ഗവർമെണ്ട്‌ ഉദ്യോഗസ്‌ഥരെയും കോൺഗ്രസുകാരെയും അവഹേളിക്കുന്നതിന്‌ ചിട്ടയായി തന്നെ വസ്‌തുതകൾ വളച്ചൊടിയ്‌ക്കുന്നു.  ഈ പത്രത്തിന്‌ വലിയ സർക്കുലേഷനുണ്ട്‌.  മാത്രമല്ല, കോപ്പിയുടെ എണ്ണം സൂചിപ്പിക്കുന്നതിലും എത്രയോ കൂടുതൽ ജനങ്ങളിലേക്ക്‌ പത്രം യഥാർഥത്തിൽ എത്തുന്നുണ്ട്‌.  എനിക്ക്‌ കിട്ടിയ വിവരമനുസരിച്ച്‌ ധാരാളം  ഗ്രാമീണ വായനശാലകളിൽ ആളുകളെ പത്രം വായിച്ചുകേൾപ്പിക്കുന്നു.  കമ്യൂണിസ്‌റ്റ്‌ അധ്യാപകർ  സ്‌കൂളുകളിൽ കുട്ടികൾക്ക്‌ പത്രം വായിച്ചുകൊടുക്കുന്നു.  കമ്യൂണിസ്‌റ്റ്‌ അധ്യാപകരുടെ എണ്ണമാകട്ടെ വളരെ കൂടുതലുമാണ്‌ .  കമ്യൂണിസ്‌റ്റുകാരുടെ കയ്യിലുള്ള ഏറ്റവും ശക്‌തമായ ഒരായുധമാണ്‌ ഈ പത്രം.’’ 2.  ( ജിഒ 2658, റീജിനൽ ആർക്കൈവ്‌സ്‌, കോഴിക്കോട്‌).

ദേശാഭിമാനിയുടെ ജനസ്വാധീനവും പ്രവർത്തനരീതിയും  ബ്രിട്ടീഷ്‌ ഉദ്യോഗസ്‌ഥർ നന്നായി മനസ്സിലാക്കിയിരുന്നു.  അതുകൊണ്ടാണ്‌ പത്രം പുറത്തിറങ്ങാതിരിക്കാൻ അവർ നിരന്തരം തടസ്സങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരുന്നത്‌. താക്കീതോ പിഴയോ ഒന്നും ഫലിക്കുന്നുണ്ടായിരുന്നില്ല.   അതിന്റെ വിശദാംശങ്ങളിലേക്ക്‌ പിന്നീട്‌ വരാം.

1942 സപ്‌തംബർ 6–-ന്‌ വാരികയായി തുടങ്ങി 1946 ജനുവരി 18ന്‌ ദിനപത്രമാകുന്നതുവരെയുള്ള നാൽപ്പതുമാസം ദേശാഭിമാനിയും കമ്യൂണിസ്‌റ്റ്‌ പാർട്ടിയും വമ്പിച്ച പ്രയാസങ്ങൾ നേരിട്ടുകൊണ്ടാണ്‌ പ്രവർത്തിച്ചിരുന്നത്‌.  ആ കാലഘട്ടത്തെ ഇ എം എസ്‌ വിലയിരുത്തുന്നു:  ‘‘ പണ്ഡിറ്റ്‌ നെഹ്‌റുവിന്റെ  ഭാഷയിൽ ‘ദേശീയത്വത്തിന്റെ ഒഴുക്കിനെതിരെ’ നീന്തുകയായിരുന്നു കമ്യൂണിസ്‌റ്റ്‌ പാർട്ടി.  റെയിലും കമ്പിയും മുറിച്ച്‌, മറ്റു നശീകരണ പ്രവർത്തനങ്ങൾ നടത്തി, പണിമുടക്കങ്ങളും ഭക്ഷണക്കൊള്ളകളും സംഘടിപ്പിച്ച്‌ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത്‌ ജാപ്പ്‌ സാമ്രാജ്യത്വത്തെ ക്ഷണിച്ചുവരുത്തലായിരിക്കുമെന്ന്‌ ദേശീയ പ്രവർത്തകരോട്‌ പാർട്ടി പറഞ്ഞു.  കോൺഗ്രസ്‌ നേതാക്കളെ ഫാസിസ്‌റ്റുകളായി ചിത്രീകരിക്കുന്നതിനെയും ജാപ്പ്‌–-ജർമൻ ഫാസിസ്‌റ്റുകളെ ഇന്ത്യയുടെ ബന്ധുക്കളായി ചിത്രീകരിക്കുന്നതിനെയും ഞങ്ങൾക്ക്‌ എതിർക്കേണ്ടതുണ്ടായിരുന്നു.  ജാപ്പ്‌ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ പൊതുജനാഭിപ്രായം സംഘടിപ്പിക്കുക, ഫാസിസ്‌റ്റ്‌ വിരുദ്ധ യുദ്ധത്തിന്‌ തടസ്സമുണ്ടാക്കുന്ന പണിമുടക്കും കലാപങ്ങളും തടയുക, ഭക്ഷണ ക്ഷാമത്തിന്റെയും പകർച്ചവ്യാധിയുടെയും ഫലമായി കഷ്‌ടപ്പെടുന്നവരെ സഹായിക്കുക–-ഇതിനെല്ലാം പറ്റുന്ന ഉപകരണമായി ദേശാഭിമാനി.  ഈ വിഷമം പിടിച്ച ഘട്ടത്തിൽ പ്രധാന കടമകൾ വിജയകരമായി തന്നെ ദേശാഭിമാനി നിറവേറ്റി.  ആഴ്‌ചപ്പതിപ്പിന്റെ  അവസാന കാലത്തും ദിനപത്രത്തിന്റെ ആദ്യനാളുകളിലും ഭയങ്കര കമ്യൂണിസ്‌റ്റ്‌ വിരോധം പത്രത്തിന്‌ നേരിടേണ്ടിവന്നു.  ഇതിനെയെല്ലാം നേരിട്ടുകൊണ്ട്‌ പത്രം മുന്നോട്ടുപോയി.’’ 3
(ഇഎംഎസ്‌, സമ്പൂർണ കൃതികൾ, വാള്യം 89, ചിന്ത പബ്ലിഷേഴ്‌സ്‌)

ഇതാണ്‌ ദേശാഭിമാനി 1942–-ൽ വാരികയായി ആരംഭിക്കുമ്പോഴുള്ള രാഷ്‌ട്രീയ സാഹചര്യം.   കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാർട്ടിയുടെ മുഖപത്രമായി ഇഎംഎസിന്റെ നേതൃത്വത്തിൽ 1935–-ൽ ഷൊർണൂരിൽ നിന്നും 1938–-39–-ൽ കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചിരുന്ന പ്രഭാതം
വാരിക ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോഴുള്ള പ്രതികൂല സാഹചര്യം നിമിത്തം നിർത്തിവയ്‌ക്കുകയാണുണ്ടായത്‌.  1939 മുതൽ 1942  വരെയുള്ള മൂന്നുവർഷത്തോളം കേരളത്തിൽ കമ്യൂണിസ്‌റ്റ്‌ പാർട്ടിക്കോ ഇടതുപക്ഷക്കാർക്കോ സ്വന്തമായി പത്രമില്ലായിരുന്നു.  1939 ഡിസംബറിൽ തലശ്ശേരി താലൂക്കിലെ പിണറായി ഗ്രാമത്തിൽ ചേർന്ന കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ നേതാക്കളുടെ സമ്മേളനത്തിലാണ്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടി രൂപീകൃതമാകുന്നത്‌.  ബ്രിട്ടനടക്കം സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തെ ശക്‌തിയായി എതിർക്കാനോ സ്വാതന്ത്ര്യസമരത്തിൽ ജനങ്ങളെ ഒന്നായി അണിനിരത്തി പോരാടാനോ കോൺഗ്രസ്‌ നേതൃത്വം തയാറില്ലായിരുന്നു.  ദുർബലമായ വ്യക്തി സത്യഗ്രഹം, ജയിൽവാസം, ബ്രിട്ടനുമായി സന്ധി സംഭാഷണം–-ഈ രീതിയിൽ നടന്ന സ്വാതന്ത്ര്യസമരം മന്ദീഭവിച്ചു.  ബ്രിട്ടനാകട്ടെ, യുദ്ധത്തിന്റെ ഭാരം ജനങ്ങളുടെ മേൽ കെട്ടിവയ്‌ക്കാനും വിപ്ലവശക്‌തികളെ ഒറ്റപ്പെടുത്തി ആക്രമിച്ച്‌ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്‌തു.  കോൺഗ്രസിനകത്ത്‌ പ്രവർത്തിച്ചിരുന്ന സോഷ്യലിസ്‌റ്റുകാർക്കും വ്യക്തമായ വീക്ഷണമോ പരിപാടിയോ അവതരിപ്പിക്കാൻ ഇല്ലായിരുന്നു.  ഈ സാഹചര്യത്തിൽ കേരളത്തിലെ സോഷ്യലിസ്‌റ്റ്‌ പ്രവർത്തകൾ പല ഭാഗത്തും ചേർന്ന്‌ ആലോചനകൾ  നടത്തി.  പുതിയൊരു കർമപദ്ധതി വേണമെന്ന അഭിപ്രായം പൊതുവിൽ ഉയർന്നുവന്നു.  ഈ പശ്‌ചാത്തലത്തിലാണ്‌ പിണറായി സമ്മേളനം ചേർന്നത്‌. 4
(എൻ ഇ ബാലറാം, കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനം ആദ്യ നാളുകളിലൂടെ, പുറം 152, 153).
പിണറായി പാറപ്പുറം സമ്മേളനം വളരെ രഹസ്യമായിരുന്നു.  കാരണം, കമ്യൂണിസ്‌റ്റുകാർക്കെതിരായ  നിരോധനം നിലനിൽക്കുകയായിരുന്നു.  1937–-ൽ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ നാലംഗ ഗ്രൂപ്പ്‌ കോഴിക്കോട്ട്‌ രൂപീകൃതമായിരുന്നുവെങ്കിലും പാർട്ടിയെന്ന നിലയിൽ പരസ്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.  എന്നാൽ, കർഷകരുടെയും തൊഴിലാളികളുടെയും സമരങ്ങൾ ഈ ഘട്ടത്തിൽ കേരളത്തിലാകെ വളർന്നുവന്നു.  കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാർട്ടി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കമ്യൂണിസ്‌റ്റുകാരാണ്‌ ഈ സമരങ്ങൾക്ക്‌ ആശയപരവും സംഘടനാപരവുമായ നേതൃത്വം നൽകിയത്‌. പി കൃഷ്‌ണപിള്ള,  ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌,  കെ ദാമോദരൻ, എ കെ ഗോപാലൻ,    പി നാരായണൻ നായർ, കെ കെ വാര്യർ, സുബ്രഹ്മണ്യശർമ, ഇ പി ഗോപാലൻ, വിഷ്‌ണുഭാരതീയൻ,  പി എസ്‌ നമ്പൂതിരി, സി എച്ച്‌ കണാരൻ, കെ എ കേരളീയൻ, സുബ്രഹ്മണ്യൻ തിരുമുമ്പ്‌, കെ പി ഗോപാലൻ, വി വി കുഞ്ഞമ്പു, കെ കുഞ്ഞിരാമൻ മാസ്‌റ്റർ, പി എം കൃഷ്‌ണമേനോൻ, ചന്ദ്രോത്ത്‌ കുഞ്ഞിരാമൻ നായർ, എം കെ കേളു, സുബ്രഹ്മണ്യ ഷേണായ്‌, വില്യം സ്‌റ്റെലക്‌സ്‌, കെ കൃഷ്‌ണൻ നായർ, വടവതി കൃഷ്‌ണൻ, എൻ ഇ ബാലറാം, പിണറായി കൃഷ്‌ണൻ നായർ, കെ എൻ ചാത്തുക്കുട്ടി, എച്ച്‌. മഞ്ചുനാഥറാവു, കോങ്ങശ്ശേരി കൃഷ്‌ണൻ, കെ പി ആർ ഗോപാലൻ, പി വി കുഞ്ഞുണ്ണി നായർ, മൊയ്യാരത്ത്‌ ശങ്കരൻ, പി കെ ബാലകൃഷ്‌ണൻ, ജനാർദന ഷേണായ്‌, ജോർജ്‌ ചടയംമുറി, പി ഗംഗാധരൻ, ടി കെ രാജു, ഐ സപി നമ്പൂതിരി, പി പി അച്യുതൻ മാസ്‌റ്റർ, എം പത്‌മനാഭൻ, ടി വി അച്യുതൻ നായർ, കെ ദാമു തുടങ്ങിയവർ സമ്മേളനത്തിൽ  പങ്കെടുത്തു.  പൂർണമായ ലിസ്‌റ്റ്‌ ആരും രേഖപ്പെടുത്തിവെച്ചിട്ടില്ല.     കെ പി ഗോപാലനായിരുന്നു അധ്യക്ഷൻ. സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും   പാറപ്പുറം കർഷക സംഘം നടത്തി.   വടവതി അപ്പുക്കുട്ടി എന്ന കർഷക കാരണവർ എല്ലാറ്റിനും മേൽനോട്ടം വഹിച്ചു. 5
(എൻ ഇ ബാലറാം, കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനം ആദ്യ നാളുകളിലൂടെ, പുറം 152, 153; കേരളത്തിലെ കമ്യുണിസ്‌റ്റ്‌ പാർട്ടിയുടെ ചരിത്രം, ഭാഗം ഒന്ന്‌, പുറം 360, 361).
രണ്ടാഴ്‌ച കഴിഞ്ഞ്‌   പറശ്ശിനിക്കടവിൽ ചേർന്ന പാർട്ടി നേതൃയോഗമാണ്‌      പി കൃഷ്‌ണപിള്ളയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്‌.  കമൂണിസ്‌റ്റ്‌ പാർട്ടി രൂപീകൃതമായെങ്കിലും പരസ്യ പ്രവർത്തനം ആരംഭിക്കുന്നത്‌ 1942–-ൽ നിരോധനം നീക്കിയശേഷമാണ്‌.    പത്രം പുറത്തിറക്കാൻ കഴിയാത്ത സാഹചര്യത്തിൽ 1940 മാർച്ച്‌ മുതൽ ‘കമ്യൂണിസ്‌റ്റ്‌’ എന്ന മാസികയും ‘മുന്നോട്ട്‌’ എന്ന വാർത്താ സർക്കുലറും (പാർട്ടിക്കത്ത്‌)  രഹസ്യമായി തയാറാക്കി വിതരണം ചെയ്‌തിരുന്നു.

നാസി ജർമനി 1942–-ൽ സോവിയറ്റ്‌ യൂണിയനെ ആക്രമിച്ചതോടെയാണ്‌ യുദ്ധത്തോടുള്ള സമീപനത്തിൽ ഇന്ത്യയിലെ കമ്യൂണിസ്‌ററുകാർ മൗലികമായ മാറ്റം വരുത്തിയത്‌.   യുദ്ധം സാമ്രാജ്യത്വ രാജ്യങ്ങൾ തമ്മിലാണെന്ന്‌ വിലയിരുത്തുകയും യുദ്ധവിരുദ്ധ പ്രചാരവേല നടത്തുകയും ചെയ്‌തുകൊണ്ടിരുന്ന പാർട്ടിക്ക്‌ നിലപാട്‌ മാറ്റേണ്ടി വന്നു. .   ലോകത്തിലെ ഒരേയൊരു സോഷ്യലിസ്‌റ്റ്‌ രാഷ്‌ട്രമായ സോവിയറ്റ്‌ യൂണിയനെ രക്ഷിക്കുന്നത്‌ ലോകത്താകെയുള്ള സാമ്രാജ്യ വിരോധികളുടെ കടമയായി പാർട്ടി  കണ്ടു.  അതുകൊണ്ട്‌ സോവിയറ്റ്‌ ചേരിയും ജർമൻ സഖ്യവും തമ്മിലെ യുദ്ധം ജനകീയ യുദ്ധമാണെന്ന്‌ പാർട്ടി വിലയിരുത്തി.  ജർമനിക്കെതിരായി സോവിയറ്റ്‌ യൂണിയനുമായി സഖ്യമുണ്ടാക്കാൻ  ബ്രിട്ടൻ തയാറായതോടെ ഇന്ത്യയിൽ ബ്രിട്ടനെതിരായ തീവ്രസമരങ്ങളിൽ നിന്ന്‌ കമ്യൂണിസ്‌റ്റുകാർ മാറിനിന്നു.  ആഗസ്‌ത്‌ വിപ്ലവമെന്ന്‌ കോൺഗ്രസുകാർ പേരിട്ട ക്വിറ്റ്‌ ഇന്ത്യ സമരത്തിൽ നിന്ന്‌ കമ്യൂണിസ്‌റ്റുകാർ വിട്ടുനിന്നതും ‘ജനകീയ യുദ്ധം’ എന്ന നിലപാടിന്റെ അടിസ്‌ഥാനത്തിലാണ്‌.  ഫാസിസ്‌റ്റ്‌ ശക്‌തികളെ തോൽപ്പിച്ച്‌ സോവിയറ്റ്‌ യൂണിയനെ രക്ഷിക്കാനുള്ള സാർവദേശീയ നയവും ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തെ ആസ്‌പദമാക്കിയുള്ള ആഭ്യന്തരനയവും തമ്മിൽ പൊരുത്തക്കേടുകൾ സ്വാഭാവികമാണ്‌.  എന്നാൽ, സങ്കീർണമായ ഈ പരിത:സ്‌ഥിതി നേരിടാനുള്ള രാഷ്‌ട്രീയ പക്വത ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിനുണ്ടായിരുന്നില്ലെന്നാണ്‌ ഇഎംഎസ്‌ വിലയിരുത്തിയത്‌.  തൊഴിലാളി വർഗ സാർവദേശീയത അധ്വാനിക്കുന്ന ബഹുജനങ്ങളുടെ ദേശാഭിമാനവുമായി ഇണക്കാനവർക്ക്‌ കഴിഞ്ഞില്ല.
അതിന്റേതായ പാളിച്ചകൾ പറ്റിയെന്നത്‌ അനിഷേധ്യമാണ്‌. 6
(ഇഎംഎസ്‌, കമ്യൂണിസ്‌റ്റ്‌ പാർട്ടി കേരളത്തിൽ, പുറം 148)

ഇഎംഎസ്‌ തുടരുന്നു: ‘‘ ക്വിറ്റ്‌ ഇന്ത്യ സമരത്തിൽ പങ്കെടുത്ത ജനലക്ഷങ്ങൾ സാമ്രാജ്യത്വ വിരോധമെന്ന ഉൽകൃഷ്‌ട വിചാരത്താൽ മാത്രം പ്രേരിതമായിരുന്നു.  ജപ്പാനിലെ പട്ടാള മേധാവികളുടെ സഹകരണത്തോടെ ഇന്ത്യൻ നാഷണൽ ആർമി (ഐൻഎ) സംഘടിപ്പിച്ച്‌ ഇങ്ങോട്ട്‌ മാർച്ച്‌ ചെയ്‌ത ബോസ്‌ പോലും സ്വാതന്ത്ര്യവാഞ്‌ഛയിൽ പ്രേരിതനായിട്ടാണ്‌ അതു ചെയ്‌തത്‌. ആ അർഥത്തിൽ ക്വിറ്റിന്ത്യ സമരത്തോടുള്ള പാർട്ടി നിലപാട്‌  തെറ്റായിരുന്നു.  സമരത്തിൽ പങ്കെടുത്തവരും നയിക്കുന്നവരും ജപ്പാൻ ഏജന്റുമാരാണെന്ന പ്രത്യാരോപണത്തോടെയാണ്‌ ബ്രിട്ടീഷ്‌ ഏജന്റുമാർ എന്ന ആരോപണത്തെ പാർട്ടി നേരിട്ടത്‌.  ഇതു തെറ്റായിരുന്നുവെന്ന്‌ പിന്നീട്‌ അംഗീകരിച്ചു. എന്നാൽ, ആഗോള ഫാസിസത്തിനെതിര സോവിയറ്റ്‌ നേതൃത്വത്തിൽ നടക്കുന്ന യുദ്ധം ജനകീയ യുദ്ധമായിരുന്നുവെന്ന നിലപാട്‌ തികച്ചും ശരിയായിരുന്നു.  സോവിയറ്റ്‌ യൂണിയന്റെ ഐതിഹാസിക വിജയവും അതു ഉയർത്തിയ ആവേശവുമാണ്‌ ഇവിടെ ഐതിഹാസിക പോരാട്ടങ്ങൾക്ക്‌ കളമൊരുക്കിയത്‌.  ഇതാണ്‌ ഇന്ത്യ വിടാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്‌.’’6
(ഇഎംഎസ്‌, സമ്പൂർണ കൃതികൾ, വാള്യം 89).

കമ്യൂണിസ്‌റ്റ്‌ പാർട്ടി അംഗീകരിച്ച ‘ജനകീയ യുദ്ധം’ എന്ന നയം ദേശദ്രോഹപരമാണെന്നും കമ്യൂണിസ്‌റ്റുകാർ ബ്രിട്ടീഷ്‌ ഏജന്റുമാരാണെന്നുമുള്ള പ്രചാരണം ക്വിറ്റ്‌ ഇന്ത്യ സമരഘട്ടത്തിൽ    രാജ്യമാകെ കോൺഗ്രസുകാർ അഴിച്ചുവിട്ടിരുന്നു.  യുദ്ധത്തിൽ ഫാസിസ്‌റ്റ്‌ വിരുദ്ധ ചേരിയുടെ വിജയത്തിനു വേണ്ടിയുള്ള നിലപാട്‌ എടുത്തതോടെയാണ്‌ എട്ടുവർഷം നീണ്ട നിരോധനം നീങ്ങിയത്‌.  അതോടെ പരസ്യമായി പ്രവർത്തിക്കാനുള്ള സൗകര്യമായി.  എന്നാൽ ക്വിറ്റ്‌ ഇന്ത്യ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാക്കൾ ജയിലിലടയ്‌ക്കപ്പെടുകയും സമരം അടിച്ചമർത്താൻ ഗവർമെണ്ട്‌ കടുത്ത മർദനമുറകൾ പ്രയോഗിക്കുകയും ചെയ്‌തപ്പോഴാണ്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ മേലുള്ള നിരോധനം ഒഴിവായത്‌.   കമ്യൂണിസ്‌റ്റ്‌ പാർട്ടിക്കെതിരായ മനോഭാവം സാമ്രാജ്യ വിരോധികളിൽ കൂടി വളരാൻ ഇതു കാരണമായി.

ഇത്രയും ദുഷ്‌കരമായ സാഹചര്യത്തിൽ പത്രം ആരംഭിക്കാൻ പാർട്ടി തീരുമാനിക്കുമ്പോൾ അതിന്റെ പേര്‌ കണ്ടെത്തിയതു തന്നെ കമ്യൂണിസ്‌റ്റുകാർക്കെതിരായ ആക്രമണത്തെ പ്രതിരോധിക്കാനായിരുന്നു.  ഇഎംഎസ്‌ പറയുന്നു:  ‘‘ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സമീപനം ‘ദേശദ്രോഹപര’ മാണെന്ന എതിരാളികളുടെ വാദത്തെ വെല്ലുവിളിച്ചാണ്‌ ദേശാഭിമാനി എന്ന പേര്‌ പത്രത്തിനിടാൻ തീരുമാനിച്ചത്‌. ഇന്ത്യൻ സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം സോവിയറ്റ്‌ നേതൃത്വത്തിലുള്ള ഫാസിസ്‌റ്റ്‌ വിരുദ്ധ ചേരിയുമായി ഇന്ത്യയിലെ ദേശാഭിമാനികൾക്കുള്ള സൗഹൃദവും സഹകരണവുമാണെന്ന്‌ പാർട്ടി വാദിച്ചു.  ഈ അർഥത്തിൽ ശരിയായ ദേശാഭിമാനം പ്രകടിപ്പിക്കുന്നത്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിയാണെന്ന്‌ വ്യക്തമാക്കാനാണ്‌ പത്രത്തിന്‌ ദേശാഭിമാനി എന്ന പേരിട്ടത്‌.’’ 7
(ഇഎംഎസ്‌, കമ്യൂണിസ്‌റ്റ്‌ പാർട്ടി കേരളത്തിൽ, പുറം 178)

പത്രത്തിന്റെ പേരിനെക്കുറിച്ച്‌ സി അച്യുതമേനോന്റെ നിരീക്ഷണം: ‘‘കോൺഗ്രസ്‌ സോഷ്യലിസ്‌റ്റ്‌ പാർട്ടിയുടെ മുഖപത്രമായി ആരംഭിച്ച പ്രഭാതം 1939–-ൽ നിന്നുപോയി.  1940 മുതലുള്ള വർഷങ്ങൾ വളരെ വിഷമം പിടിച്ചതായിരുന്നു.  മിക്കവാറും നേതാക്കൾ ജയിലിൽ അല്ലെങ്കിൽ ഒളിവിൽ.  1942–-ന് ശേഷം സ്‌ഥിതി അയഞ്ഞു.  ജനകീയ യുദ്ധസിദ്ധാന്തം അംഗീകരിച്ചതിന്റെ പേരിൽ പലരെയും മോചിപ്പിച്ചു.  എന്നാൽ, അതോടെ ദേശീയവാദികളായ കോൺഗ്രസുകാരിൽ നിന്ന്‌ ഒറ്റപ്പെട്ടു.  ഒറ്റുകാരായി മുദ്രകുത്തപ്പെട്ടു.  ശകാരിക്കാനും യോഗങ്ങളിൽ കൂകിവിളിച്ചും മറ്റും കുഴപ്പമുണ്ടാക്കാനും ശ്രമിച്ചു.  ഈ സാഹചര്യത്തിലാണ്‌ സ്വന്തം പത്രത്തിന്റെ  ആവശ്യം ബോധ്യപ്പെട്ട്‌ അതിനായി തുനിഞ്ഞിറങ്ങിയത്‌.
ദേശാഭിമാനി എന്ന്‌ പേരിടുന്നതിലും പത്രലക്ഷ്യം വ്യക്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്‌.  കമ്യൂണിസ്‌റ്റുകാർ ദേശാഭിമാനമില്ലാത്തവരാണ്‌.  കൂറ്‌ റഷ്യയോടാണ്‌ എന്നായിരുന്നു പ്രചാരണം.  അതിന്‌ മറുപടിയായി പാർട്ടി നയം യഥാർഥ ദേശാഭിമാനത്തിൽ പ്രചോദിതമാണെന്ന്‌ ദ്യോതിപ്പിക്കാനാണ്‌ ഈ പേരിട്ടത്‌.’’ 8
(സി അച്യുതമേനോൻ, ദേശാഭിമാനി 40–-ാം പിറന്നാൾ പതിപ്പ്‌, പേജ്‌ 112, 113).
ഈഴവ സമുദായത്തിന്റെ പ്രമുഖ നേതാവായിരുന്ന ടി കെ മാധവന്റെ  ഉടമസ്‌ഥതയിലും നേതൃത്വത്തിലും 1905 മുതൽ 1930 വരെ കൊല്ലത്തുനിന്ന്‌ ദേശാഭിമാനി എന്ന പത്രം പുറത്തിറങ്ങിയിരുന്നു.  ഈഴവ സമുദായത്തിന്റെ അവശതകൾ തിരുവിതാംകൂർ ഗവർമെണ്ടിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണുന്നതിന്‌ ഈ പത്രം നിരന്തരമായി ശ്രമിച്ചിരുന്നു.  ക്ഷേത്ര പ്രവേശന പ്രക്ഷോഭം പോലുള്ള സാമൂഹ്യപരിഷ്‌കരണ പ്രവർത്തനങ്ങൾക്കും പത്രം പിന്തുണ നൽകി.  ഈ പത്രത്തിന്റെ പേര്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ പത്രത്തിന്‌ പേരിടുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന്‌ സി ഉണ്ണിരാജയെപ്പോലുള്ളവർ അഭിപ്രായപ്പെട്ടിരുന്നു. അതു ശരിയല്ലെന്നാണ്‌ ഇഎംഎസിന്റെയും സി അച്യുതമേനോന്റെയും വിശദീകരണം വ്യക്തമാക്കുന്നത്‌.   തിരുവിതാംകൂർ രാജഭരണത്തിന്റെ അഴിമതികൾക്കും അനീതികൾക്കും സ്വേഛാപരമായ നടപടികൾക്കും എതിരെ പോരാടിയ കെ രാമകൃഷ്‌ണപ്പിള്ളയുടെ (1878–-1916) പത്രാധിപത്യത്തിലും വക്കം അബ്‌ദുൾ ഖാദർ മൗലവിയുടെ ഉടമസ്‌ഥതയിലും നടന്നിരുന്ന ‘സ്വദേശാഭിമാനി’യുടെ പേരും കമ്യുണിസ്‌റ്റ്‌ പാർട്ടിയുടെ മുഖപത്രത്തിന്‌ പേരിടുന്നതിനെ സ്വാധീനിച്ചുവെന്ന്‌ കരുതാൻ വയ്യ.  അന്നത്തെ ദേശീയ സാഹചര്യത്തിൽ കമ്യൂണിസ്‌റ്റുകാരുടെ പ്രതിരോധത്തിനുള്ള ആയുധമായി പത്രത്തിന്റെ പേര്‌ പോലും മാറ്റുകയാണുണ്ടായത്‌.

ദേശാഭിമാനി എന്ന പേര്‌ സ്വീകരിച്ചതിനെക്കുറിച്ച്‌ ചരിത്രപണ്ഡിതാനായ ഡോ. കെ എൻ ഗണേശിന്റെ വിലയിരുത്തൽ ഇതാണ്‌:  ‘‘കെ രാമകൃഷ്‌ണപിള്ള തിരുവിതാംകൂറിൽ നടത്തിയ ‘സ്വദേശാഭിമാനി’യിൽ നിന്നാണ്‌ ദേശാഭിമാനി   എന്ന പേരുണ്ടായതെന്ന നിഗമനം തീർത്തും തെറ്റാണ്‌.  സോവിയറ്റ്‌ യൂണിയനെ ജർമനി ആക്രമിച്ചപ്പോൾ പാർട്ടി ജനകീയ യുദ്ധമെന്ന നിലപാട്‌ എടുക്കുകയും ക്വിറ്റിന്ത്യ സമരത്തിൽ നിന്ന്‌ വിട്ടുനിൽക്കുകയും ചെയ്‌ത വേളയിൽ വലിയ ഒറ്റപ്പെടലാണ്‌ കമ്യൂണിസ്‌റ്റുകാർ നേരിട്ടത്‌.  ബ്രിട്ടീഷ്‌ ഏജൻറുമാരാണ്‌ കമ്യൂണിസ്‌റ്റുകാർ എന്ന നിലയിൽ വലിയ പ്രചാരവേലയുണ്ടായി.  ഈ പശ്‌ചാത്തലത്തിൽ, തങ്ങളാണ്‌ യഥാർഥ ദേശാഭിമാനികളെന്ന സന്ദേശം ഉയർത്താനാണ്‌ ‘ദേശാഭിമാനി’ എന്ന പേര്‌ സ്വീകരിച്ചത്‌.  പാർട്ടിക്കെതിരായ പ്രചാരണം നേരിടുക എന്നതുതന്നെയായിരുന്നു ലക്ഷ്യം.  അതു കുറേയൊക്കെ വിജയിച്ചു.  പാർട്ടി പത്രം എന്നതിനപ്പുറമുള്ള സ്വാധീനം പത്രത്തിന്‌ നേടാൻ കഴിഞ്ഞു.  അക്കാലത്ത്‌ പ്രേംജിയെപ്പൊലെ  ഇടതുപക്ഷ വീക്ഷണമുള്ള ധാരാളം പേർ പത്രത്തിന്റെ നടത്തിപ്പുകാരായി.  ഇടതുപക്ഷ പുരോഗമന പത്രം എന്ന നിലയിലാണ്‌ അത്തരക്കാരൊക്കെ പത്രത്തെ കണ്ടിരുന്നത്‌.’’ 8
(ഡോ. കെ എൻ ഗണേശുമായി നടത്തിയ അഭിമുഖം, 2022 ഫെബ്രുവരി 22)

 { ചിന്ത ഉടൻ പ്രസിദ്ധീകരിക്കുന്ന  ദേശാഭിമാനിയുടെ ചരിത്രത്തിലെ ഒരു അധ്യായം} 
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + 7 =

Most Popular