മുൻപെവിടെയോ വായിച്ച ഒരു വാചകമാണ് “The best art is political and you ought to be able to make it unquestionably political and irrevocably beautiful at the same time.” മലയാളത്തിലെ ആദ്യ ടൈം ട്രാവൽ നാടകമായ സോവിയറ്റ് സ്റ്റേഷൻ കടവ് എന്ന നാടകം കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തിയതും ഇതേ വാചകം തന്നെ. ചോരതിളയ്ക്കുന്ന രാഷ്ട്രീയ സിനിമകളും നാടകങ്ങളും പാട്ടുകളും ചിത്രങ്ങളും എല്ലാം നമ്മൾ ഏറെ കണ്ടിരിക്കുന്നു. തങ്ങളെ വിശ്വസിച്ചു കൂടെ നിൽക്കുന്ന ജനങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന മാസ്സ് നേതാക്കളെ കണ്ട് ഒരിക്കലെങ്കിലും ചോരത്തിളപ്പ് തോന്നാത്തവരില്ല നമ്മളിൽ ആരും. എന്നാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ അങ്ങനെ ഒരു കഥാപാത്രത്തെ കണ്ടാൽ ചിലപ്പോൾ നമ്മൾ സ്വയം ചിന്തിക്കും ഇതൊരു fictional character മാത്രമല്ലേ ഇങ്ങനെ ഒരു നേതാവ് ഇവിടെ ഉണ്ടോ എന്ന്. പലപ്പോഴും രാഷ്‌ട്രീയനാടകങ്ങൾ മടുപ്പു തോന്നിക്കുന്നതും ഇതേ കാരണത്താൽ തന്നെ. എന്നാൽ വളരെ fictional ആയ ഒരു കഥയെ രാഷ്ട്രീയ സാഹചര്യവുമായി ചേർത്ത് നിർത്തി ഒരു ആക്ഷേപഹാസ്യമായി നമുക്ക് മുന്നിലേക്ക് എത്തിയ സോവിയറ്റ് സ്റ്റേഷൻ കടവ് എന്ന നാടകം എത്രത്തോളം ചിരിപ്പിച്ചുവോ, അത്രത്തോളം തന്നെ അധികാരം ഒരു മനുഷ്യനെ എങ്ങനെ മാറ്റും എന്ന് ചിന്തിപ്പിക്കുകയും ചെയ്തു, അവിടെയാണ് മുരളി കൃഷ്ണൻ എന്ന എഴുത്തുകാരൻ തന്റെ ചെറുകഥയുടെ വലിപ്പം
പ്രേക്ഷകരിൽ എത്തിക്കുന്നതിൽ വിജയിച്ചത്.
കെപിഎസിയുടെ പ്രശസ്ത നാടകമായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി എന്ന പ്രശസ്ത നാടകം കണ്ടുകൊണ്ടിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരിൽ തുടങ്ങുന്ന കഥ അവിടെ നിന്നും സഞ്ചരിക്കുന്നത് നാടകചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വഴിയിലൂടെയാണ്. പ്രശസ്ത ശാസ്ത്രജ്ഞനായ നിക്കോളാസ് ടെസ്‌ല ഒരു ടൈം മെഷീൻ കണ്ടെത്തുന്നു, സോവിയറ്റ് യൂണിയനുവേണ്ടി.. എന്തിന്? സാക്ഷാൽ അഡോൾഫ് ഹിറ്റ്ലറെ വധിച്ചു രണ്ടാം ലോകയുദ്ധം നിർത്തലാക്കാൻ. ടെസ്‌ലയ്ക്കു കൂട്ടോ സോവിയറ്റ് യൂണിയന്റെ നേതാവ് സാക്ഷാൽ ബ്രെഷ്നേവും. രണ്ടാം ലോകമഹായുദ്ധം കാരണം ജപ്പാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നഷ്ടങ്ങൾ ഉണ്ടായ രാജ്യമാണല്ലോ സോവിയറ്റ് യൂണിയൻ, അതിനാൽ ലോകനന്മയെ ഉദ്ദേശിച്ചല്ല സോവിയറ്റ് യൂണിയൻ തകരാതെ ഇരിക്കാനും തങ്ങളുടെ അധികാരം വളർത്താനും രണ്ടാം ലോകമഹായുദ്ധം തടയുകയല്ലാതെ വേറെ പോംവഴിയൊന്നും കാണാത്ത ബ്രെഷ്നേവ് ടൈം ട്രാവലിലൂടെ ഹിറ്റ്ലറെ കൊന്ന് ലോകം തന്റെ കാൽകീഴിലാക്കാൻ ശ്രമിക്കുന്നിടത്തു കഥ തുടങ്ങുന്നു. അതിനായി കണ്ടെത്തുന്നതോ കേരളത്തിലെ കൊച്ചുവേളിക്കടുത്ത സ്റ്റേഷൻകടവ് എന്ന സ്ഥലത്തു നിന്നും ചീരണി രവി എന്നയാളെ. ശാസ്ത്രവും, ചരിത്രവും, സമകാലിക രാഷ്ട്രീയവും, ഒരിക്കലും അടങ്ങാത്ത മനുഷ്യന്റെ ആഗ്രഹങ്ങളും ഒക്കെക്കൂടി കോർത്തിണക്കി അവിടെ നിന്നും ഒരു റോളർ സ്‌കേറ്റർ യാത്രാനുഭൂതിയാണ് സോവ്യറ്റ് സ്റ്റേഷൻ കടവ് എന്ന നാടകം നമുക്ക് തരുന്നത്. ചീരണി രവിക്കും ഹിറ്റ്ലർക്കും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ല എന്ന് പറഞ്ഞുവെയ്ക്കുന്ന നാടകം വിരൽചൂണ്ടുന്നത് ഓരോ ഫാസിസ്റ്റ് അധികാരികളിലേക്കുമാണ്.ജർമനിയിലെ ഹിറ്റ്‌ലർ ആയാലും, ഇറ്റലിയിൽ മുസ്സോളിനി ആയാലും ഇങ്ങ് ഇന്ത്യയിൽ മോദിയുടെ ഭരണം ആയാലും ഫാസിസം കേവല സ്വാർഥത മാത്രം എന്ന് പറയുന്ന സമയത്തെ ഭേദിച്ചുകൊണ്ടുള്ള നാടകത്തിന്റെ യാത്ര സ്റ്റേഷൻകടവിൽ തുടങ്ങി, റഷ്യയിലൂടെ കടന്ന്, ജർമനിക്കും
ഹിറ്റ്‌ലർക്കുമൊപ്പം സഞ്ചരിച്ച് ഒടുവിൽ ചീരണി രവി, തന്നെ ഗുജറാത്തിൽ എത്തിക്കാൻ ടെസ്‌ലയോടു ആവശ്യപ്പെടുന്നിടത്തു അവസാനിക്കുന്ന നാടകം വിളിച്ചു പറയുന്നത്, ഇന്ന് ലോകത്തിൽ തന്നെ ഫാസിസം എന്ന ആശയം ഏറ്റവും ഫലഭൂയിഷ്ടമായി വളരുന്ന നാടാണ് ഇന്ത്യ എന്നതാണ്. വളരെ ലളിതമായ അവതരണം, ഡ്രമാറ്റിക് എന്ന് വിശേഷിപ്പിക്കാൻ കഴിയാത്ത ഡയലോഗുകൾ, പിന്നെ തന്റെ സംവിധായകനുവേണ്ടി തങ്ങൾ അരങ്ങിൽ എന്തും ചെയ്യും എന്ന നിലയ്ക്കുള്ള അഭിനേതാക്കളുടെ പെർഫോമൻസ്. ചീരണി രവിയായി അമൽ കൃഷ്ണയും, ഹിറ്റ്ലറായി കണ്ണൻ നായരും, ബ്രെഷ്നേവായി സന്തോഷ് വെഞ്ഞാറമൂടും ഒക്കെ അരങ്ങിൽ ജീവിച്ചു. ഹസീം അമരവിള എന്ന സംവിധായകൻ നാടകത്തിന്റെ ഒരു മേഖലയിൽ പോലും പ്രേക്ഷകനെ നിരാശപ്പെടുത്തുന്നില്ല. ♦