2021ലെ പശ്ചിമബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ്- ഫലങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നില്ല. 2021 ൽ സംസ്ഥാന നിയമസഭയിലേക്ക് ഇടതുപക്ഷത്തിൽനിന്നുള്ള ഒരു പ്രതിനിധിയെപ്പോലും അയയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് ഇടതുപക്ഷത്തിന്റെ ചരിത്രപരമായ പരാജയം സംഭവിച്ചത്-. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ വിളനിലമായാണ് ബംഗാൾ ദീർഘകാലം അറിയപ്പെട്ടിരുന്നത്. 1977 മുതൽ 2011 വരെ അധികാരത്തിലിരുന്ന ഇടതുമുന്നണി, സംസ്ഥാനത്ത്- ആദ്യത്തെ തിരഞ്ഞെടുപ്പു മുതൽ അധികാരത്തിലെത്തുംവരെ മുഖ്യപ്രതിപക്ഷമായിരുന്നു. ബംഗാളിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുംമുമ്പുതന്നെ, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയെ പ്രതിനിധീകരിച്ച് റെയിൽവേ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2001‐2011 വരെ ബുദ്ധദേബ് ഭട്ടാചാര്യ ആയിരുന്നു മുഖ്യമന്ത്രി. പിന്നീടുള്ള വർഷങ്ങളിൽ ജ്യോതി ബസുവും സൂര്യകാന്ത മിശ്രയും പ്രതിപക്ഷനേതാവിന്റെ സ്ഥാനം വഹിച്ചിട്ടുണ്ട്-. കമ്യൂണിസ്റ്റുകാർക്ക്-, പൊതുവിൽ ഇടതുപക്ഷത്തിന്, 40‐51 ശതമാനം വോട്ടുവിഹിതമുണ്ടായിരുന്ന സംസ്ഥാനമായിരുന്നു ബംഗാൾ. പിന്നീടത്- 2016 ലെ തിരഞ്ഞെടുപ്പിൽ 38 ശതമാനവും 2019 ൽ അത് 7 ശതമാനവും ആയി. 2021 ലെ തിരഞ്ഞെടുപ്പിൽ 4.5% വോട്ടാണ് ലഭിച്ചത്. ഇടതുപക്ഷവും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി ചേർന്നുകൊണ്ടുള്ള സഖ്യമായ സംയുക്തമോർച്ചയ്-ക്ക്- (ഇടതുപക്ഷം+കോൺഗ്രസ്+ഐഎസ്എഫ്) ഒരു സീറ്റ് ലഭിച്ചു (ഭാംഗറിൽ ഐഎസ്-എഫ്). 2‐3 സീറ്റുകളിൽ ഇടതുപക്ഷം രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസും അതുപോലെതന്നെ. ഇടതുപക്ഷവും കോൺഗ്രസുമില്ലാത്ത നിയമസഭയാണിത്.
ആർഎസ്എസ് സൃഷ്ടിച്ച ദ്വന്ദ്വത്തിലെ മൂത്ത സന്തതി ബിജെപി പരാജയപ്പെട്ടെങ്കിലും 77 സീറ്റും 42 ശതമാനം വോട്ടുവിഹിതവും നേടി. ആർഎസ്എസിന്റെ ഇളയ സന്തതി തൃണമൂൽ കോൺഗ്രസ് (ടിഎംസി) 48 ശതമാനം വോട്ടും 210 ലധികം സീറ്റും നേടി തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഇടതുപക്ഷവും കോൺഗ്രസുമില്ലാത്ത നിയമസഭ നേടിയെടുക്കാൻ ഏറ്റവും അനുയോജ്യമായ സാഹചര്യമായിരുന്നു നിലവിലിരുന്നത്-. മുൻ തൃണമൂൽ നേതാവും തൃണമൂൽ ഗവൺമെന്റിലെ മുൻമന്ത്രിയുമായിരുന്നാ ആളാണ് ഇപ്പോൾ ബിജെപിക്കാരനായ പ്രതിപക്ഷ നേതാവ്-. ഇയാളെപ്പോലുള്ളവർ ആർഎസ്-എസ്- നിർദേശപ്രകാരം ഒരു വ്യാജപ്രതിപക്ഷം സൃഷ്ടിക്കുന്നതിനായി ബിജെപിയിലേക്കു ചുവടുമാറിയതിലൂടെ അധികാരത്തിലിരിക്കുന്ന പാർടിയെപ്പോലെ പ്രതിപക്ഷവും അഴിമതിയിൽ മുങ്ങുമെന്ന കാര്യം ഉറപ്പാണ്.
എന്നാൽ തിരഞ്ഞെടുപ്പിനുശേഷം പെട്ടെന്നുതന്നെ കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന നേതാക്കൾ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, അവരുടെ യഥാർഥ സ്ഥലത്തേക്ക്, അതായത് തൃണമൂലിലേക്ക് തിരിച്ചുപോകാൻ തുടങ്ങി. അങ്ങനെ 2021 ൽ ബിജെപിക്ക്- 77 സീറ്റുണ്ടായിരുന്നത്- 2022 ൽ 70 ആയി മാറി. ദിനംപ്രതിയെന്നോണം ബിജെപി നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ആർഎസ്-എസിനോടുള്ള കൂറ് നിലനിർത്തിക്കൊണ്ടുതന്നെ തൃണമൂൽ കോൺഗ്രസിലേക്കു തിരിച്ചുപോകുകയാണ്.
എന്നാൽ 2021 അവസാനപകുതിയോടെ കാര്യങ്ങൾ മാറിമറിയാൻ തുടങ്ങി. ഇടതുപക്ഷം അതിന്റെ ശക്തി വീണ്ടെടുക്കാൻ തുടങ്ങി. പ്രത്യേകിച്ച്-, ഉപതിരഞ്ഞെടുപ്പുകളിലും മുൻസിപ്പൽ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം തൃണമൂൽ കോൺഗ്രസിനെതിരെ മുഖ്യഎതിരാളി എന്ന നിലയിൽ ഉയർന്നുവന്നപ്പോൾ. ആർഎസ്-എസ്- സൃഷ്ടിച്ച ദ്വന്ദ്വത്തിൽ തങ്ങൾ വീണുപോകുകയായിരുന്നെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. പശ്ചിമബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന അജൻഡ ജനങ്ങളുടെ പ്രശ്-നങ്ങളെ അകറ്റിനിർത്തുക എന്നതായിരുന്നു. അതിൽ തൃണമൂലും ബിജെപിയും വിജയിച്ചു.
സഹകരണ തിരഞ്ഞെടുപ്പുകളിൽ ശക്തിവീണ്ടെടുത്ത് ഇടതുപക്ഷം
പശ്ചിമബംഗാളിൽ വിവിധ ബോർഡുകളിലേക്കുനടന്ന സഹകരണ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി സിപിഐഎമ്മുമായി ബന്ധപ്പെട്ട സംഘടനകളും ഇടതുപക്ഷവും ശക്തിയാർജിച്ചുവരികയാണ്. പ്രതിപക്ഷത്തെ പ്രധാനശക്തിയായി ഇടതുപക്ഷം വീണ്ടും തിരിച്ചുവരികയാണെന്നതിന്റെ തെളിവാണിത്-. തൃണമൂൽ കോൺഗ്രസ് ഇടതുപക്ഷത്തെ മുഖ്യശക്തിയായി കണക്കാക്കാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ വർഷം ബിജെപി വിജയിച്ച മണ്ഡലത്തിലെ സഹകരണ ബോർഡുകളിലും ഇടതുപക്ഷം വിജയം നേടി. 2021 ൽ തൃണമൂൽ കോൺഗ്രസ് വിജയിച്ച പ്രദേശങ്ങളിലും 2022‐23 വർഷങ്ങളിൽ ഇടതുപക്ഷം തൂത്തുവാരിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. ഇടതു സഹകരണസംഘടനകൾ വിജയം നേടിയ ഹൂഗ്ലി, ഹൗറ, ഈസ്റ്റ് മേദിനിപ്പൂർ തുടങ്ങിയ ജില്ലകളും ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്. സംസ്ഥാനത്തെ ഒട്ടുമിക്ക ഗ്രാമങ്ങളും കേന്ദ്രീകരിച്ച് ഗ്രാമീണ ജനങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കാമ്പെയ്നുകൾ നടത്തിയതുവഴി ബിജെപി‐ടിഎംസി വോട്ടുകൾ ആകർഷിക്കാനായതാണ് വിജയത്തിലേക്കു നയിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ കഴിഞ്ഞത് ഈ സഹകരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണ ഉറപ്പാക്കി. തൊഴിലുറപ്പു പദ്ധതിയിൽ ടിഎംസി നടത്തിയ അഴിമതി, തൊഴിലുറപ്പ്- ഫണ്ട്- അനുവദിക്കുന്നതിൽ ബിജെപി ഗവൺമെന്റ്- പുലർത്തിയ വിമുഖതയും വൈരുദ്ധ്യങ്ങളും തുടങ്ങി പ്രസക്തമായ എല്ലാ വിഷയങ്ങളും ഇടതുപക്ഷ ശക്തികൾ തുറന്നുകാട്ടി. സംസ്ഥാനത്തുടനീളം നിരന്തരം ഇവ ഉയർത്തുന്നുണ്ട്. തൃണമൂലിന്റെ കാപട്യവും അഴിമതിയും ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. തൃണമൂലും ബിജെപിയും തമ്മിലുള്ള അന്തർധാര സാധാരണക്കാർക്കു മുന്നിൽ വെളിവാക്കപ്പെട്ടിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും തൃണമൂലിന് കാൽക്കീഴിലെ മണ്ണ് നഷ്ടപ്പെടുകയാണ്. അഴിമതിയും പൊതുപ്പണം വകമാറ്റലും ജനങ്ങൾക്കു മുമ്പാകെ വ്യക്തമാകുകയാണ്. ഈയടുത്തയിടെ സാഗർദിഘിയിൽ നടന്ന തിരഞ്ഞെടുപ്പിലും ടിഎംസിയുടെയും ബിജെപിയുടെയും വിഘടന വർഗീയ രാഷ്ട്രീയത്തെ പരാജയപ്പെടുത്തി ഇടതുപക്ഷം വിജയം നേടുകയുണ്ടായി.
താഴെപറയുന്ന വിഷയങ്ങളിലാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഊന്നൽ നൽകിയത്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി (100 തൊഴിൽദിനങ്ങൾ)
പ്രധാനമന്ത്രി ആവാസ്- യോജന
റോഡുകളുടെ ശോചനീയാവസ്ഥ
കുടിവെള്ളം
ഗ്രാമീണമേഖലയിലെ സാധാരണക്കാരുടെ ഈ പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് എല്ലാ ഗ്രാമങ്ങളിലെയും ബൂത്തുകൾ കേന്ദ്രീകരിച്ച് കാമ്പെയ്നുകൾ നടത്തിയത്, ഇടതുപക്ഷത്തിന്റെ അനിവാര്യതയും പ്രാധാന്യവും അവർക്ക് ബോധ്യപ്പെടുന്നതിനിടയാക്കി. അതാണ് ഭൂരിപക്ഷം സഹകരണമേഖലയിലെ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം വിജയിക്കാൻ കാരണമായത്. പ്രധാനമന്ത്രി ആവാസ്- യോജനയുടെ കാര്യത്തിൽ, തൃണമൂൽ നേതാക്കൾ, യഥാർഥത്തിൽ കിടപ്പാടം ആവശ്യമായവരുടെയും വീടുനിർമ്മിക്കാൻ നിവൃത്തിയില്ലാത്തവരുടെയും പേരുകൾ വെട്ടിമാറ്റുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കുകയുണ്ടായി. അതേസമയം അഴിമതിക്കാരായ തൃണമൂലുകാർ ഗുണഭോക്താക്കളുടെ വ്യാജലിസ്റ്റുണ്ടാക്കി അതുവഴി, ഭവനരഹിതർക്ക് വീട് അനുവദിക്കുന്ന സംവിധാനത്തെയാകെ അഴിമതി നിറഞ്ഞതാക്കി മാറ്റി. റോഡുകളുടെയും കുടിവെള്ളത്തിന്റെയും കാര്യത്തിൽ, അവയ്ക്കായി അനുവദിച്ച പണം ടിഎംസിയുടെ പോക്കറ്റിലേക്കാണ് പോയത്. മിക്കവാറും എല്ലാ കോ ഓപ്പറേറ്റീവ് സ്ഥാപനങ്ങളിലും ഇടതുപക്ഷം വിജയിച്ചതും തൃണമൂൽ കോൺഗ്രസ് വിജയിച്ച ഇടങ്ങളിൽ ഇടതുപക്ഷം രണ്ടാമത്തെ ശക്തിയായി മാറിയതും ശബ്ദമില്ലാത്തവരുടെ പ്രധാനശക്തി ഇടതുപക്ഷമാണെന്നു വ്യക്തമാക്കുന്നു. നന്ദകുമാർ, ഇറ്റഹാർ, ഹൗറ, മഹിസാദൽ, ബെർഹാംപൂർ, പൻസ്കുര, നാദിയ, കോലാഘട്ട് എന്നിവിടങ്ങളിൽ ഇടതുപക്ഷം ശ്രദ്ധേയമായ വിജയം നേടി.
ഈ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം കൈവരിച്ച ഉജ്ജ്വലവിജയത്തിനു നിദാനമായത്, പലയിടത്തും മത്സരംപോലും വേണ്ടാത്തവിധം പിന്തുണ ലഭിച്ചത്, ജനങ്ങളുമായുള്ള നിരന്തര സമ്പർക്കം പുലർത്താനും സംസ്ഥാനമൊട്ടുക്ക് ഇടതുപക്ഷവുമായി ബന്ധപ്പെട്ട ജനകീയ പ്രസ്ഥാനങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിഞ്ഞതാണ്. ♦