Friday, April 19, 2024

ad

Homeഇവർ നയിച്ചവർഎ വി കുഞ്ഞമ്പു: വർഗ‐ബഹുജനസംഘടനകളുടെയും ആദ്യപഥികൻ

എ വി കുഞ്ഞമ്പു: വർഗ‐ബഹുജനസംഘടനകളുടെയും ആദ്യപഥികൻ

ഗിരീഷ്‌ ചേനപ്പാടി

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും പ്രാരംഭകാല നേതാക്കളിലൊരാളായ എ വി കുഞ്ഞമ്പു പല വർഗ ബഹുജന സംഘടനകളുടെയും ആദ്യപഥികനാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്നിറങ്ങിവന്ന മുപ്പത്തിരണ്ടു നേതാക്കലിൽ ഒരാൾ എ.വിയായിരുന്നു. അവരാണല്ലോ സിപിഐ എമ്മിന്റെയും സ്ഥാപകനേതാക്കൾ. അഭിനവ് ഭാരത് യുവജന സംഘത്തിന്റെ സ്ഥാപകനേതാവായ അദ്ദേഹം കർഷകസംഘം കെട്ടിപ്പടുക്കുന്നതിൽ ആദ്യം മുതൽ തന്നെ അതുല്യമായ സംഭാവനയാണ് നൽകിയത്. ഐതിഹാസികമായ കരിവെള്ളൂർ സമരം ഉൾപ്പെടെയുള്ള കർഷക പോരാട്ടങ്ങൾക്കും മുന്നേറ്റങ്ങൾക്കും എ.വിയുടെ നേതൃമികവും ധീരതയും നൽകിയ സംഭാവന അമൂല്യമാണ്. ചരിത്രത്തിൽ തിളങ്ങുന്ന അദ്ധ്യായമായി അത് എന്നെന്നും നിലകൊള്ളും.

1908 ഏപ്രിൽ 10ന് കരിവെള്ളൂർ അച്ചംവീട്ടിൽ ഉച്ചിര അമ്മയുടെയും തോട്ടോൻ രാമൻ നായരുടെയും മകനായാണ് എ വി കുഞ്ഞമ്പു ജനിച്ചത്. പാവപ്പെട്ട കർഷക കുടുംബമായിരുന്നു അച്ചംവീട്. ഉച്ചിര അമ്മയുടെയും രാമൻ നായരുടെയും ഒരേയൊരു സന്താനമായിരുന്നു കുഞ്ഞമ്പു. കുഞ്ഞമ്പുവിന് ഒരു വയസ്സുള്ളപ്പോൾ അച്ഛനും ആറു വയസ്സുള്ളപ്പോൾ അമ്മയും അന്തരിച്ചു.

സ്-നേഹസമ്പന്നനായിരുന്ന അമ്മാവന്റെ സംരക്ഷണയിലാണ് ആ കുട്ടി പിന്നീട്‌ കഴിഞ്ഞത്. കൽവെട്ടു തൊഴിലാളിയായ അമ്മാവൻ ആ ബാലന്റെ പ്രാഥമിക വിദ്യാഭ്യാസം തന്നെ വളരെ ബുദ്ധിമുട്ടിയാണ് നിർവഹിച്ചത്. പഠിത്തത്തിൽ അതിസമർത്ഥനായിരുന്നെങ്കിലും തുടർവിദ്യാഭ്യാസം ചെയ്യിക്കാൻ അമ്മാവന് സാമ്പത്തികമായി പ്രാപ്തിയില്ലാതായി. തുടർന്ന് കാടകം ഗ്രാമത്തിലെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ കുഞ്ഞമ്പുവിനെ കൊണ്ടുപോയി വിടാൻ അമ്മാവൻ നിർബന്ധിതനായി.

ജന്മിയായിരുന്ന ആ ബന്ധുവിന്റെ കന്നുകാലികളെ മേയ്-ക്കുന്ന ജോലിയാണ് കുഞ്ഞമ്പുവിന് ലഭിച്ചത്. പ്രതിഫലമായി ആ ബാലന് ലഭിച്ചത്- ആഹാരവും ഉടുമുണ്ടും മാത്രം.

ഏതാനും വർഷങ്ങൾക്കുശേഷം എ വി തന്റെ ജന്മദേശമായ കരിവെള്ളൂരിൽ മടങ്ങിയെത്തി. ചെങ്കൽവെട്ടുതൊഴിലാളിയായ അമ്മാവനെ കല്ലുവെട്ടുന്നതിൽ സഹായിച്ചു. ജന്മിമാരുടെ ചുഷണത്തോടും അവരുടെ ഗുണ്ടകളുടെ അക്രമത്തോടും അടിച്ചമർത്തലിനോടും കുട്ടിക്കാലം മുതലേ പ്രതിഷേധവും അമർഷവും എ.വിയിൽ നീറിക്കത്തി. ബ്രിട്ടീഷ് മേധാവിത്വത്തോട് ഒരു തരത്തിലും പൊരുത്തപ്പെടാൻ ആ യുവാവിനു കഴിഞ്ഞില്ല. സ്വാതന്ത്ര്യസമരവും അതിന്റെ ഭാഗമായ ദേശീയ പ്രസ്ഥാനവും എവിയെ നിരന്തരം ആവേശം കൊള്ളിച്ചുകൊണ്ടിരുന്നു.

എ വി ദേശീയ പ്രസ്ഥാനത്തിലേക്ക് എടുത്തുചാടാൻ നിമിത്തമായ ഒരു സംഭവം 1928 നവംബറിൽ ഉണ്ടായി. പയ്യന്നൂരിലെ സുബ്രഹ്മണ്യക്ഷേത്രത്തിൽ വൃശ്ചിക സംക്രമദിവസം പയ്യന്നൂരിലും സമീപപ്രദേശങ്ങളിലുമുള്ള സവർണ്ണഹിന്ദുക്കൾ അമ്പലക്കുളത്തിൽ കുളിച്ച് ക്ഷേത്രദർശനം നടത്തുന്ന പതിവുണ്ടായിരുന്നു. വൃശ്ചിക സംക്രമദിനത്തിൽ ക്ഷേത്രദർശനത്തിനായി അമ്മാവന്റെ അനുമതിയോടെ എ വി പയ്യന്നൂരിലേക്കു തിരിച്ചു. റോഡുകളോ വാഹനസൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത്- 7‐8 കിലോമീറ്റർ നടക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു.

ക്ഷേത്രദർശനം നടത്തി പയ്യന്നൂരങ്ങാടിയിലേക്കു നടന്ന എ വി കണ്ടത് സ്വാതന്ത്ര്യസമര ഭടന്മാരുടെ നീണ്ട ജാഥ വരിവരിയായി നീങ്ങുന്നതാണ്. അതിൽ ആവേശഭരിതനായ അദ്ദേഹം ജാഥയുടെ ഭാഗമായി അണിനിരന്നു. കോൺഗ്രസിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ഭാഗമായി അതോടെ ആ യുവാവ് മാറുകയായിരുന്നു.

1930ൽ ഉപ്പുസത്യാഗ്രഹത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. തുടർന്ന് വിദേശവസ്ത്ര ബഹിഷ്കരണം, കള്ളുഷാപ്പ് പിക്കറ്റിംഗ് തുടങ്ങിയ സമരങ്ങളിലും ഉശിരോടെ അദ്ദേഹം പങ്കെടുത്തു. അതോടെ നാട്ടിലെ അറിയപ്പെടുന്ന കോൺഗ്രസ്- നേതാവായി എ വി വളരെ വേഗം മാറി.

സിവിൽ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് 1932 ൽ അദ്ദേഹത്തിന് നാലുമാസത്തെ തടവുശിക്ഷ ലഭിച്ചു. കണ്ണൂർ ജയിലിൽ അടയ്ക്കപ്പെട്ട എ വിയുടെ ചിന്താഗതികളെ പാടേ മാറ്റി മറിക്കുന്നതായിരുന്നു അവിടുത്തെ അന്തരീക്ഷം. സോഷ്യലിസ്റ്റു ഗ്രൂപ്പുകാരുമായുള്ള ജയിലിലെ സമ്പർക്കം സോഷ്യലിസത്തോടുള്ള ആഭിമുഖ്യം ആ യുവാവിൽ വളർത്തി. പി കൃഷ്-ണപിള്ളയുമായുള്ള പരിചയവും സഹവാസവും പുരോഗമന ചിന്താഗതികളിലേക്ക്- അദ്ദേഹത്തെ കൂടുതലടുപ്പിച്ചു.

1934ൽ അഭിനവ് ഭാരത് യുവസംഘം കരിവെള്ളൂരിൽ എ വിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്‌. ദൈനംദിന ജീവതവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും സംഘടനയുടെ പ്രവർത്തകർ സജീവമായി ഇടപെട്ടു പ്രവർത്തിച്ചു. അതുമൂലം ജനങ്ങളുടെ പിന്തുണയും അംഗീകാരവും വളരെ വേഗം നേടിയെടുക്കാൻ യുവജന സംഘത്തിനു സാധിച്ചു. 1936ൽ സംഘടനയുടെ ഒന്നാം സമ്മേളനം കരിവെള്ളൂരിൽ ചേർന്നപ്പോൾ ആൾബലം കൊണ്ടും ജനപിന്തുണകൊണ്ടും ശക്തമായ സംഘടനയായി അതു മാറിക്കഴിഞ്ഞിരുന്നു. എ വിയുടെ ഉജ്ജ്വലമായ സംഘടനാശേഷിയുടെയും ജനകീതയുടെയും കൂടി സാക്ഷ്യപത്രമായിരുന്നു അതെന്ന് സമകാലികർ രേഖപ്പെടുത്തിയിട്ടുണ്ട്.

1935 ജൂലൈയിൽ വിഷ്ണുഭാരതീയൻ പ്രസിഡന്റും കെ എ കേരളീയൻ സെക്രട്ടറിയുമായി കൊളച്ചേരി കർഷകസംഘം രൂപീകരിക്കപ്പെട്ടു. രണ്ടുമാസത്തിനുള്ളിൽ, 1935 സെപ്തംബറിൽ കരിവെള്ളൂർ, വെള്ളൂർ, പെരളം, കൊടക്കാട് എന്നീ പ്രദേശങ്ങൾ പ്രവർത്തന പരിധിയിലുൾപ്പെട്ട കരിവെള്ളൂർ കർഷകസംഘം രൂപീകരിക്കപ്പെട്ടു. എ വി കുഞ്ഞമ്പുവായിരുന്നു പ്രസിഡന്റ്. എം പി അപ്പു മാസ്റ്റർ സെക്രട്ടറിയും. കരിവെള്ളൂർ കർഷക സംഘം ആദ്യമായി ഏറ്റെടുത്ത വിഷയം പച്ചിലവളം ശേഖരിക്കുന്നതിന് കൃഷിക്കാർക്കുള്ള അവകാശം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു. അതോടൊപ്പം ചിറയ്ക്കൽ തമ്പുരാന്റെ കാര്യസ്ഥന്മാരുടെ മർദ്ദനത്തിനെതിരെയും കർഷകസംഘം ചെറുത്തുനില്പ് സംഘടിപ്പിച്ചു. കർഷകസംഘം ഈ പ്രദേശത്ത് ശക്തിപ്പെട്ടത് അതോടുകൂടിയാണ്. കർഷകസംഘട്ടത്തിന്റെ കരിവെള്ളൂർ വില്ലേജ് പ്രസിഡന്റ്, ചിറയ്ക്കൽ താലൂക്ക് പ്രസിഡന്റ്, മലബാർ കർഷക സംഘം പ്രസിഡന്റ്, സെക്രട്ടറി, കേരള കർഷകസംഘം ജനറൽ സെക്രട്ടറി, അഖിലേന്ത്യ കിസാൻസഭ സെൻട്രൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു.

കരിവെള്ളൂർ സമരം
കരിവെള്ളൂർ സമരനായകനായ എ വിയെ അനുസ്മരിക്കുമ്പോൾ കരിവെള്ളൂർ സമരത്തെ കുറിച്ചുകൂടി പ്രതിപാദിക്കേണ്ടതുണ്ട്. ധീരവും ത്യാഗനിർഭരവുമായ ആ ജീവിതത്തെ കുറിച്ച്- ഏറെ വെളിച്ചം വീശുന്നതാണല്ലോ ഐതിഹാസികമായ ആ സമരം. കരിവെള്ളൂർ സമരത്തെക്കുറിച്ച് “എന്റെ ജീവിതകഥ’യിൽ എകെജി എഴുതുന്നു: “ചിറയ്ക്കൽ താലൂക്കിൽ പയ്യന്നൂർ ഫർക്കയിലാണ് കരിവെള്ളൂർ വില്ലേജ്. ചിറയ്ക്കൽ തമ്പുരാൻ പാട്ടമായി വളരെയധികം നെല്ല് കമ്മിപ്രദേശമായ കരിവെള്ളൂരിൽ നിന്നു കൊണ്ടുപോകാറുണ്ട്. നെല്ല് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും അത് സൊസൈറ്റിയിൽ തന്നെ കൊടുക്കണമെന്നും കൃഷിക്കാർ അറിയിച്ചു. തമ്പുരാൻ അതിന് ഒരുക്കമായിരുന്നില്ല. കർഷകപ്രസ്ഥാനം വളരെയധികം ശക്തിയാർജിച്ചിരുന്ന സ്ഥലമാണ് കരിവെള്ളൂർ. എ വി കുഞ്ഞമ്പുവിന്റെയും മറ്റും നേതൃത്വത്തിൽ അഭിനവ ഭാരത്- യുവ സംഘം ആദ്യമായി രൂപീകരിക്കപ്പെട്ടത് അവിടെയാണ്. ധാരാളം ഉശിരന്മാരായ ചെറുപ്പക്കാർ ആ ഭാഗത്തും ചുറ്റുപാടും ഉണ്ടായിരുന്നു. എ വി ഈ ചെറുപ്പക്കാർക്ക് നേതൃത്വം നൽകി. ചിറയ്ക്കൽ തമ്പുരാന്റെ പാട്ടനെല്ല് കൂട്ടിയിരുന്നത് കരിവെള്ളൂരിന്റെ തെക്കുകൂടി ഒഴുകുന്ന കൗവ്വായിപ്പുഴയുടെ വടക്കെ കരയിലായിരുന്നു. അവിടെനിന്ന് നെല്ല് ഗുണ്ടകളുടെയും പൊലീസിന്റെയും സഹായത്തോടെ കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയിൽ വിൽക്കാനായിരുന്നു, അവരുടെ പരിപാടി. രണ്ടു പ്രാവശ്യം ജനങ്ങളതിനെ പരാജയപ്പെടുത്തി. നെല്ലു കൊണ്ടുപോകുന്നതിനെ ഏതുതരത്തിലും പരാജയപ്പെടുത്തുക എന്നുള്ളതായിരുന്നു നാട്ടുകാരുടെ ലക്ഷ്യം.

‘‘പയ്യന്നൂർ, നീലേശ്വരം, ഇരിക്കൂർ ഫർക്കകളിൽ കാർഷികവിപ്ലവം ആരംഭിച്ചിരിക്കുന്നുവെന്നും അതിനാൽ പൊലീസിനെ ക്യാമ്പു ചെയ്യിക്കണമെന്നും ജന്മിമാർ ആവശ്യപ്പെട്ടു. ഇതോടെ എംഎസ്പിക്കാരും ഗുണ്ടകളും നാട്ടിൽ തേർവാഴ്ച നടത്താൻ തുടങ്ങി. ഭീഷണിക്കുമുൻപിൽ പിൻവാങ്ങാൻ നാട്ടുകാർ തയ്യാറായില്ല. കർഷകസംഘം സമ്മേളനം ചേർന്ന് ഇതിനെ നേരിടാനും നെല്ല് കടത്തിക്കൊണ്ടുപോകുന്നത് തടയാനും തീരുമാനിച്ചു. പൊലീസും ഗുണ്ടകളും നെല്ല് കടത്താൻ വന്നാൽ തെക്കുനിന്നും വടക്കുനിന്നും വളഞ്ഞ് പൊലീസിനെ പുഴയിലേക്ക് ചാടിക്കാൻ അവർ പ്ലാനിട്ടു.

‘‘1946 ഡിസംബർ 20 ന് പൊലീസും ഗുണ്ടകളും നെല്ല് കടത്താൻ തയ്യാറായി വന്നു. മെഷീൻ ഗൺ അടക്കമുള്ള ആയുധങ്ങൾ അവരുടെ കൈയിലുണ്ടായിരുന്നു. നാട്ടുകാർ രണ്ടും കല്പിച്ച് നെല്ല് ശേഖരിച്ചിരുന്ന സ്ഥലത്തേക്ക് നീങ്ങി. പൊലീസുകാർ മെഷീൻ ഗണ്ണുമായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. കാര്യസ്ഥന്മാർ ഗുണ്ടകളുടെ സഹായത്തോടെ നെല്ല് കടത്താൻ തുടങ്ങി. എവിയും കൃഷ്-ണൻ മാസ്റ്ററും മെഷീൻ ഗണ്ണുമായി നിലയുറപ്പിച്ചിരുന്ന ജമേദാരുടെമേൽ ചാടിവീണു. വമ്പിച്ച മൽപ്പിടുത്തം നടന്നു. അതോടെ ഭീകരമായ ലാത്തിച്ചാർജ്- നടന്നു. സഖാക്കൾ ബോധംകെട്ട് വീണു. നാട്ടുകാർ കല്ലേറ് ആരംഭിച്ചു. പൊലീസ് വെടിവെച്ചു. മണക്കാട് തട്ടിൽ കണ്ണൻ, കീനേരി കുഞ്ഞമ്പു എന്നിവർ വെടിയേറ്റു മരിച്ചു. കീനേരി കുഞ്ഞമ്പുവിന് 16 വയസ് മാത്രമായിരുന്നു പ്രായം. സഖാക്കളിൽ പലർക്കും വെടിയേറ്റു. നിരവധിയാളുകൾക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റിരുന്നു. 193 പാർട്ടി പ്രവർത്തകരെ പ്രതികളാക്കി കേസ് ചാർജ് ചെയ്യപ്പെട്ടു. എ വി കുഞ്ഞമ്പു, കാന്തലോട്ട് കുഞ്ഞമ്പു, മടിക്കൈയിലെ അപ്പു കാരണവർ തുടങ്ങിയവർ പ്രതികളായിരുന്നു. എ വിക്ക് പത്തുകൊല്ലത്തെ തടവുശിക്ഷ കിട്ടി. 50 ആളുകളെ വിവിധ കാലയളവിലേക്ക് ശിക്ഷിച്ചു. ഹൈക്കോടതി ഈ തടവുശിക്ഷകളിൽ ചില ഇളവുകൾ വരുത്തി. എ.വിയുടെ ശിക്ഷ ആറുകൊല്ലമായി ചുരുക്കി.”

സംഭവബഹുലമായ എ വിയുടെ രാഷ്ട്രീയ ജീവിതത്തിൽ പല തവണകളായി പത്തുവർഷത്തിലേറെക്കാലം ജയിലിലും ഏഴുവർഷക്കാലം ഒളിവിലും അദ്ദേഹത്തിന് കഴിയേണ്ടി വന്നു. 1957ൽ എ വി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസമേ അദ്ദേഹത്തിന് ഔപചാരികമായി ലഭിച്ചിരുന്നുള്ളൂ. എങ്കിലും ജയിൽ ജീവിതത്തിനും ഒളിവുജീവിതത്തിനുമിടയിൽ ഇംഗ്ലീഷും ഹിന്ദിയും നന്നായി എഴുതാനും വായിക്കാനും അദ്ദേഹം പഠിച്ചു. യുവാവായിരുന്ന കാലത്ത് വടക്കേ ഇന്ത്യയിൽ പോയി ഹിന്ദി പഠിച്ചത് പാലർമെന്ററി പ്രവർത്തനങ്ങൾക്ക് തുണയായി. കർഷകരുടെ പ്രശ്നങ്ങൾ സമഗ്രമായി പഠിച്ച് ഹിന്ദിയിൽ എ.വി അവതരിപ്പിച്ചത്- ഏറെ ശ്രദ്ധേയമായി.

1965ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ വി കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായി കഴിയവെയാണ് നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടത്-. ആ നിയമസഭ ചേരാതെ പിരിച്ചുവിടപ്പെടുകയായിരുന്നുവല്ലോ. 1967ലും 1970ലും അദ്ദേഹം പയ്യന്നൂരിൽ നിന്നും തകർപ്പൻ വിജയം കരസ്ഥമാക്കി. നിയമസഭാ സാമാജികനെന്ന നിലയിലും എ വി നന്നായി ശോഭിച്ചു.

കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയായി മാറിയ പിണറായി പാറപ്രം സമ്മേളനത്തിൽ എ വിയും സജീവമായി പങ്കെടുത്തു. രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരിക്കൊണ്ട ആ സമയത്ത് യുദ്ധത്തിനെതിരെ ജനങ്ങളെ അണിനിരത്തിയ കമ്യൂണിസ്റ്റുകാർക്കെതിരെ ഭീകരമായ അടിച്ചമർത്തൽ സമീപനമാണ് ഭരണകൂടം സ്വീകരിച്ചത്. അന്ന് കമ്യൂണിസ്റ്റ് പാർട്ടി മലബാർ റീജണൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്- എവിയായിരുന്നു. എം കുമാരൻ മാസ്റ്റർ, ഇ കെ നായനാർ, കെ വി നാരായണൻ നമ്പ്യാർ, ഒ ജെ ജോസഫ് എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. ഒളിവിൽ കഴിഞ്ഞുകൊണ്ട്- ധീരമായ നിരവധി പ്രവർത്തനങ്ങൾക്കാണ് എ വി നേതൃത്വം നൽകിയത്.

1942‐44 കാലത്ത് അന്നത്തെ തിരുവിതാംകൂർ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയായി എ വിയെ പാർട്ടി നിയോഗിച്ചു. ഇ കെ നായനാരെയും ഒ ജെ ജോസഫിനെയും ഇതേ കമ്മിറ്റിയിലേക്ക് പാർട്ടി നിയോഗിച്ചു. എവിക്കൊപ്പം മലബാറിലും തിരുവിതാംകൂറിലും പ്രവർത്തിച്ച ഒ ജെ ജോസഫ് ഇങ്ങനെ രേഖപ്പെടുത്തുന്നു: “കാഡർമാരെ സ്നേഹിക്കുകയും അവരുടെ വിഷമതകൾ മനസ്സിലാക്കുകയും കഴിവിനൊത്ത് സഹായിക്കുകയും ചെയ്യുന്നതോടൊപ്പം, പാർട്ടിക്കുവേണ്ടി എന്തു ത്യാഗം ചെയ്യാനും സഖാക്കൾ തയ്യാറാകണമെന്ന കാര്യത്തിൽ വിട്ടുവീഴ്-ചയില്ലാതെ, ഒരു പടനായകനെപ്പോലെ സഖാക്കളെ രംഗത്തേക്ക് അയക്കാനും അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു.”

എ വിയുടെ വിവാഹം
തിരുവിതാംകൂർ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയായി എ വി പ്രവർത്തിക്കുന്ന സമയത്താണ് പുന്നപ്രയിലെ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയും മഹിളാ സംഘം സ്ഥാപക നേതാക്കളിലൊരാളുമായ കെ ദേവയാനിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം നടന്നത്. ദേവയാനിയുമായുള്ള എ വിയുടെ പ്രണയത്തെക്കുറിച്ചറിഞ്ഞ പാർട്ടി ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു. അതെക്കുറിച്ച് എം എൻ കുറുപ്പ് ഇങ്ങനെ രേഖപ്പെടുത്തുന്നു: “തിരുവിതാംകൂർ സ്റ്റേറ്റ് കമ്മിറ്റിയുടെ സെക്രട്ടറിയാണ് അന്ന് എ വി. ആലപ്പുഴയിൽ എകെജിയും സിഎച്ചും ഉണ്ട്. പുന്നൂസും കെ സി ജോർജുമുണ്ട്. എല്ലാവരും കൂടി ആലോചിച്ചിരിക്കണം. ഇനിയും ഈ ബന്ധം നീട്ടാൻ പാടില്ല. ഇരുവരും വിവാഹം കഴിക്കണം.

‘‘സ്റ്റേറ്റ് കമ്മിറ്റിയുടെ ഒരു പ്രവർത്തക സമ്മേളനം ആലപ്പുഴയിൽ നടക്കുകയാണ്, 1943 ജൂൺ 23ന് പത്തെഴുപത്തി മൂന്ന് പേർ പങ്കെടുന്നുണ്ട്. അന്ന് വിവാഹം നടക്കണം. ദേവയാനി തന്നെ വീട്ടിൽ പോയി വിവരം പറഞ്ഞു. അച്ഛനോട് അനുവാദം ചോദിച്ചു. അച്ഛൻ നാളും പക്കവും അന്വേഷിച്ചു. കൊള്ളാം. നല്ല ചേർച്ച. അച്ഛന് സമാധാനമായി. എങ്കിൽ സദ്യ വേണമെന്നായി അച്ഛൻ. ബന്ധുക്കൾ ആലപ്പുഴയിലെത്തി ഹോട്ടലിൽ ഉണ്ണട്ടെ.

“ശവക്കോട്ട പാലത്തിനടുത്ത് ഒരു വീട്ടിലാണ് പാർട്ടി പ്രവർത്തക സമ്മേളനം. അവിടെയാണ് കല്യാണസ്ഥലവും. അതൊരു രഹസ്യസമ്മേളനമാണ്. അതുകൊണ്ടുതന്നെ വിവാഹവും രഹസ്യമായിരിക്കണം. കെ സി ജോർജാണ് കർമി. താലി കെട്ടില്ല. പൂമാല കൈമാറി. പതിനാലര രൂപ വിലയുള്ള ഒരു പഴയ സാരിയാണ് ദേവയാനി ധരിച്ചിരുന്നത് ‐ കറുത്ത പുള്ളിയുള്ള വെളുത്ത സാരി. എ വിയുടെ ഷർട്ടും പഴയതാണ്. പക്ഷേ മുണ്ട് പുതിയതാണ്. അതെങ്ങനെ? ഒരു പൊതി കൈയിൽ കൊടുത്തിട്ട് എകെജി പറഞ്ഞു: “കല്യാണത്തിന് ഉടുപ്പ് പഴയതായാലും വേണ്ടില്ല. മുണ്ട് പുതിയതായിരിക്കണം” പൊതിയഴിച്ചു നോക്കിയപ്പോൾ നല്ലൊരു ഡബിൾ! വിവാഹം മംഗളകരമായി നടന്നു.”

എ വി ‐ ദേവയാനി ദമ്പതികൾക്ക് കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളിയുൾപ്പെടെ ആറു മക്കൾ.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷണൽ കൗൺസിൽ അംഗമായി പ്രവർത്തിച്ച എവി, സിപിഐ എം രൂപീകരിക്കപ്പെട്ടതോടെ 1964‐68 കാലയളവിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. സിപിഐ എം രൂപീകരിക്കപ്പെട്ടതു മുതൽ മരണംവരെ എ വി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

കടപ്പാട്‌: കേരള കർഷകസംഘം പ്രസിദ്ധീകരിച്ച എ വി കുഞ്ഞമ്പു സ്‌മാരക സുവനീർ ‘എന്റെ ജീവിതകഥ’‐ എ കെ ഗോപാലൻ

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × two =

Most Popular