ജമ്മു കശ്മീരില്‍ കുടിയൊഴിപ്പിക്കലിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം നടന്നു. ജമ്മു കശ്മീര്‍ കിസാന്‍ തെഹ്രീക് എന്ന കര്‍ഷക സംഘടനയുടെ നേതൃത്വത്തില്‍നടന്ന സമരത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള കേന്ദ്രഭരണപ്രദേശമായി മാറിയ കശ്മീരില്‍ കര്‍ഷകരുടെ ഭൂമി ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാന്‍ ആണ് ശ്രമം നടക്കുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു.
കര്‍ഷകരെ അവരുടെ ഭൂമിയില്‍നിന്നും കുടിയിറക്കി ആ ഭൂമി വന്‍കിട വ്യവസായികള്‍ക്ക് നല്‍കാനാണ് നീക്കം എന്ന് ജെ കെ കെ ടി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയില്‍നടന്ന എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കര്‍ഷകരുടെ ഉപജീവനവും പാര്‍പ്പിടവും നിലനില്‍പ്പും അപകടത്തിലാക്കുന്ന ഉത്തരവ് വളരെ പെട്ടെന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ നടപ്പാക്കുകയായിരുന്നു.
സമൂഹത്തിലെ ഏറ്റവും പ്രാന്തവത്കൃത ഗോത്രവിഭാഗമായ ഗുജ്ജര്‍ -ബക്കെര്‍വാള്‍ വിഭാഗങ്ങളുടെ നിരവധി വീടുകള്‍ പൊളിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 75 വര്‍ഷത്തില്‍ കൂടുതലായി ഇവര്‍ താമസിച്ചുവന്നിരുന്ന വീടുകളാണ് മറ്റൊരു ബദല്‍ സംവിധാനവും ഇല്ലാതെ പൊളിച്ചുമാറ്റിയത്. ശ്രീനഗര്‍, ബുദ്ഗാം, അനന്ത്നാഗ്, ബാരാമുള്ള എന്നിവിടങ്ങളില്‍ നിരവധി ചെറിയകടകളും വ്യാപാര സ്ഥാപനങ്ങളും പൊളിച്ചുമാറ്റി.
ഗ്രാമങ്ങളിലെ പാവപ്പെട്ട കര്‍ഷകരുടെ പാര്‍പ്പിടം മാത്രമല്ല, ഉപജീവനംകൂടി നഷ്ടപെടുന്ന പ്രശ്നത്തോട് അധികൃതര്‍ കണ്ണടക്കുന്നുവെന്ന് സിപിഐ എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രില്‍ മുതല്‍ ഭൂനികുതി വര്‍ദ്ധിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. എല്ലാത്തരം പ്രതിഷേധങ്ങളെയും അവഗണിച്ചുകൊണ്ടാണ് കാശ്മീരില്‍ ജനവിരുദ്ധമായ നിയമങ്ങളും നടപടികളും അടിച്ചേല്‍പ്പിക്കുന്നത്.
‘ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കാശ്മീരി ജനതയ്ക്കുമേല്‍ ബലപ്രയോഗം നടത്താന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം, എന്നാല്‍ കാശ്മീരി രക്തത്തില്‍ പ്രതിരോധത്തിനുള്ള ശക്തി അടങ്ങിയിരിക്കുന്നു; ഞങ്ങളുടെ ഭൂമി ഞങ്ങള്‍ തിരിച്ചുപിടിക്കും തരിഗാമി പറയുന്നു. ♦