മാര്‍ച്ച് 16ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന കിസാന്‍ സഭാ നേതാക്കളെ മുംബൈയിലേക്ക് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. അപ്പോഴേക്കും നാസിക്കില്‍നിന്ന് മുംബൈയിലേക്ക് മാര്‍ച്ച് 12ന് ആരംഭിച്ച കര്‍ഷക ലോങ് മാര്‍ച്ച് അഞ്ചാമത്തെ ദിവസം വാസിന്ദ് എന്ന സ്ഥലത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 16 നേതാക്കള്‍ ഉള്‍പ്പെടുന്ന എഐകെഎസ് പ്രതിനിധി സംഘവുമായി രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവര്‍ക്കൊപ്പം മറ്റ് 6 മന്ത്രിമാരും ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാരും പങ്കെടുത്തു. കിസാന്‍ സഭ ദേശീയ അധ്യക്ഷനും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ അശോക് ധവാലെ, കിസാന്‍ സഭ നേതാക്കളായ മുന്‍ എംഎല്‍എ ജെ പി ഗാവിത്, ഡോ അജിത് നവലെ, ഡോ ഉദയ് നാര്‍ക്കര്‍, വിനോദ് നിക്കോളെ, എംഎല്‍എ, ഡോ ഡി എല്‍ കരാഡ്, ഉമേഷ് ദേശ്മുഖ് എന്നിവര്‍ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കര്‍ഷകരുടെ 17 ആവശ്യങ്ങളില്‍ ഭൂരിഭാഗവും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെ സമരം വിജയിച്ചു. ഏറ്റവും പ്രധാനമായി ഉള്ളിക്ക് ക്വിന്‍റലിന് 350 രൂപ സബ്സിഡി നല്‍കും. സ്കീം വര്‍ക്കര്‍മാരുടെ വാര്‍ദ്ധക്യ പെന്‍ഷനും ഓണറേറിയവും ഗണ്യമായി വര്‍ധിപ്പിച്ചു. നേരത്തെ വായ്പ എഴുതിത്തള്ളിയതിന്‍റെ പ്രയോജനം ലഭിക്കാത്ത 88,000 കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളാനും ധാരണയായി. വനാവകാശം ഉറപ്പുവരുത്തുന്നതിനുള്ള ഒരു കമ്മിറ്റി എഐകെഎസിയുടെ രണ്ട് പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിക്കാനും ധാരണയിലെത്തി. അതില്‍ കിസാന്‍സഭാ നേതാവ് ജെ.പി.ഗാവിത് , സി.പി.ഐ (എം) എംഎല്‍എ വിനോദ് നിക്കോളെ എന്നിവരെ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറായി.
എന്നാല്‍ സര്‍ക്കാരിന്‍റെ വാക്കുകളെ വിശ്വസിച്ച് ലോങ് മാര്‍ച്ച് അവസാനിപ്പിക്കാന്‍ കിസാന്‍ സഭ തയ്യാറായില്ല. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പിറ്റേന്ന് സംസ്ഥാന നിയമസഭയില്‍ പ്രഖ്യാപിക്കുകയും അതുവഴി ആ തീരുമാനങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരിനു വഴിയില്ലാത്ത നിലയുണ്ടാവുകയും വേണം എന്ന നിലപാടാണ് കര്‍ഷക പോരാളികള്‍ സ്വീകരിച്ചത്. ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തുന്നുമുണ്ടായിരുന്നു. പതിനയ്യായിരത്തോളം അടങ്ങുന്ന സമര സഖാക്കള്‍ മുംബൈ-നാസിക് ഹൈവേയിലെ വാസിന്തിലെ ഈദ് ഗാഹ് മൈതാനത്തു ക്യാമ്പ് ചെയ്യാന്‍ തീരുമാനിച്ചു. മാര്‍ച്ച് 17നു സംസ്ഥാന അസംബ്ലിയില്‍ സര്‍ക്കാര്‍ ഉറപ്പുകളെല്ലാം തീരുമാനങ്ങള്‍ ആയി പ്രഖ്യാപിക്കുകയും മാര്‍ച്ച് 18 നു അവ സംബന്ധിച്ച് ഉത്തരവുകള്‍ ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അയക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സമര സഖാക്കള്‍ ഗ്രാമങ്ങളിലേക്ക് മടങ്ങി.
മഹാരാഷ്ട്രയില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന തീവ്രവലതുപക്ഷ ശക്തികള്‍ എത്ര ശ്രമിച്ചിട്ടും കര്‍ഷക പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയുന്നില്ല. അതാണ് ലോങ് മാര്‍ച്ചിന്‍റെ ഉജ്ജ്വല വിജയം അടിവരയിടുന്ന യാഥാര്‍ഥ്യം. കുതിരക്കച്ചവടം, മതവിദ്വേഷപ്രചാരണം, അഴിമതി, വന്‍കിട മുതലാളി വര്‍ഗ്ഗത്തിന്‍റെ പാദസേവ – ഇതെല്ലാമാണ് മഹാരാഷ്ട്രയിലെ മുഖ്യധാരാ രാഷ്ട്രീയത്തിന്‍റെ ഉള്ളടക്കം. എന്നാല്‍ ജീവിത പ്രശ്നങ്ങളെ ആധാരമാക്കി തൊഴിലാളി കര്‍ഷക സമൂഹം സുസംഘടിതമായി മുന്നോട്ടു നീങ്ങുമ്പോള്‍ അതിനെ നേരിടാന്‍ തീവ്രവലതുപക്ഷത്തിന്‍റെ മതവിദ്വേഷ രാഷ്ട്രീയംകൊണ്ട് കഴിയുകയില്ല. വടക്കന്‍ മഹാരാഷ്ട്രയിലെ കര്‍ഷക പോരാളികള്‍ 2023 ന്‍റെ തുടക്കത്തില്‍തന്നെ തുടങ്ങിവെച്ച പ്രതിരോധം സംസ്ഥാനത്തിന്‍റെ ഇതര ഭാഗങ്ങളിലെ മാത്രമല്ല, ഒരുപക്ഷെ മറ്റു സംസ്ഥാനങ്ങളിലെയും ഇടതുപക്ഷം ദുര്‍ബലമായ നഗരങ്ങളിലെയും നാട്ടിന്‍പുറങ്ങളിലെയും കഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് നല്‍കുന്ന സന്ദേശം അതാണ് – ചെങ്കൊടിക്കീഴില്‍ സംഘടിക്കൂ, ദുരിതകാലത്തെ മുറിച്ചു കടക്കാം! ♦
(സിപിഐ എം മഹാരാഷ്ട്ര സംസ്ഥാന കമിറ്റി അംഗമാണ് ലേഖിക)