കേരളത്തില്‍ കോഴി മാലിന്യം തള്ളുന്നത് കുറച്ചുകാലം മുന്‍പു വരെ വലിയ ഒരു പ്രശ്നമായിരുന്നു. ഇതിന് ഏറെക്കുറെ പരിഹാരം കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞിരിക്കുന്നു. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ ചിക്കന്‍ റെന്‍ഡറിംഗ് പ്ലാന്‍റുകള്‍ സ്ഥാപിച്ചതിലൂടെയാണ് ആ പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കാനായത്. രണ്ട് വര്‍ഷത്തിനിടയില്‍ 13 ജില്ലകളിലായി 42 പ്ലാന്‍റുകളാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ സ്ഥാപിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ശേഷിക്കുന്ന ജില്ലയില്‍ കൂടി പ്ലാന്‍റ് ഒരുക്കാനാകും. സംസ്ഥാനത്തെ പതിനാറായിരത്തോളം ഇറച്ചിക്കടകളില്‍ നിന്ന് 1080 ടണ്‍ കോഴി മാലിന്യമാണ് ദിനം പ്രതി സൃഷ്ടിക്കപ്പെടുന്നത്. ഇതില്‍ 95%വും കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്ത് നിലവില്‍ സജ്ജമായ 42 പ്ലാന്‍റുകള്‍ക്ക് കഴിയും.
സംസ്ഥാനത്ത് പ്രതിദിനം 1080 ടണ്‍ കോഴി മാലിന്യമാണ് 16,000 ലധികം വരുന്ന കോഴിക്കടകളില്‍ നിന്ന് ഉണ്ടാകുന്നത്. ഈ മാലിന്യം നമ്മുടെ തോടുകളിലും പുഴകളിലും പാതയോരത്തും വലിച്ചെറിയുകയായിരുന്നു. ഇത് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തെരുവ് നായ്ക്കളുടെ ശല്യത്തിനും വലിച്ചെറിയുന്ന അറവ് മാല്യന്യം കാരണമാകുന്നെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. കോഴി മാലിന്യം സംസ്കരിക്കുന്നതിന് റെന്‍ററിങ് മാത്രമാണ് ശാസ്ത്രീയ പ്രതിവിധിയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും സ്വച്ഛ് ഭാരത് ഗൈഡ് ലൈനും നിര്‍ദ്ദേശിക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലകള്‍ തോറും സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിച്ച് പ്ലാന്‍റ് സ്ഥാപിക്കുന്നതിന് ഹരിത കേരള മിഷനും ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും ചേര്‍ന്ന് 2017ല്‍ സംരംഭകത്വ സെമിനാര്‍ തിരുവനന്തപുരത്ത്ڔ നടത്തുകയുണ്ടായി. ഹരിത കേരള മിഷന്‍ അന്നത്തെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍. സീമയുടെ നേതൃത്വത്തില്‍ ആണ് സംരംഭകത്വ സെമിനാര്‍ നടത്തിയത്. ഓരോ ജില്ലയിലേയും മാലിന്യത്തിന്‍റെ അളവ് കണക്കാക്കി അതാത് ജില്ലയില്‍ തന്നെ പ്ലാന്‍റുകള്‍ സ്ഥാപിച്ച് സംസ്കരിക്കാനാണ് അന്ന് തീരുമാനമായത്. അതുപ്രകാരം കാസര്‍കോട്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, കൊല്ലം എന്നീ ജില്ലകളില്‍ പ്ലാന്‍റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കോട്ടയം ജില്ലയില്‍ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാവും. തിരുവനന്തപുരം ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. പ്രദേശിക എതിര്‍പ്പു കാരണം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുന്നില്ല. എല്ലാ ജില്ലകളിലും പ്ലാന്‍റുകള്‍ സജ്ജമായാല്‍ മുഴുവന്‍ കോഴിമാലിന്യവും സംസ്കരിക്കുവാന്‍ സാധിക്കും.
ഈ സ്ഥാപനങ്ങളിലൂടെ പ്രതിമാസം 203 ടണ്‍ മീറ്റ് മീല്‍ ഉല്‍പ്പാദിപ്പിക്കുന്നു. പ്രതിമാസ ഉല്പാദന മൂല്യം 21 കോടി രൂപ. നേരിട്ടും അല്ലാതെയും 2500 പേര്‍ തൊഴില്‍ ചെയ്യുന്നുണ്ട്. പ്രതിമാസം ജി.എസ്.ടി ഇനത്തില്‍ 1.05 കോടി രൂപ നല്‍കുന്നുമുണ്ട്.
ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ രാജ്യത്തെ ആദ്യ കോഴിഅറവ് മാലിന്യവിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ നമുക്ക് കഴിയും. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന ബഡ്ജറ്റില്‍ ഇത് സംബന്ധിച്ച് പ്രതിപാദിച്ചിരുന്നു.
കോഴിമാലിന്യം സംസ്കരിക്കുന്നതിനും കോഴിക്കടകളുടെയും റെന്‍ററിങ് പ്ലാന്‍റുകളുടെയും ലൈസന്‍സ് സംബന്ധിച്ചുമുള്ള ഒരു മാര്‍ഗ്ഗരേഖ സംസ്ഥാന സര്‍ക്കാര്‍ڔ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെڔ മാലിന്യം ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും സംസ്കരിക്കുന്നതിനും ഒരു പ്രവര്‍ത്തന മാര്‍ഗ്ഗരേഖ മലിനീകരണ നിയന്ത്രണ ബോര്‍ഡും തയ്യാറാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ മാര്‍ഗ്ഗരേഖ പ്രകാരം 14 ജില്ലകളിലുംڔ കളക്ടര്‍ ചെയര്‍മാനും, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറുമായി ഒരു മോണിട്ടറിങ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഹരിത കേരള മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ഡെപ്യൂട്ടി ഡയറക്ടര്‍-പഞ്ചായത്ത്, റീജിയണല്‍ ഡയറക്ടര്‍-അര്‍ബന്‍, ഒരു സാങ്കേതിക വിദഗ്ദ്ധന്‍ എന്നിവര്‍ ഇതില്‍ അംഗങ്ങളാണ്.ڔ കോഴിക്കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് പുതിയ മാര്‍ഗ്ഗരേഖ പ്രകാരമാണെന്ന് ഉറപ്പു വരുത്തുക, റെന്‍ററിങ് പ്ലാന്‍റുകളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുക, പ്ലാന്‍റുകള്‍ക്ക് അനുമതി നല്‍കുക, റെന്‍ററിങ് പ്ലാന്‍റുകള്‍ക്കെതിരായ പൊതുജനങ്ങളുടെ പരാതികള്‍ പരിശോധിച്ച് പരിഹാരം കാണുക, യൂസര്‍ ഫീ നിശ്ചയിക്കുക, തുടങ്ങിയവയാണ് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടത്. സംസ്ഥാനത്ത് ജില്ലാതലത്തിലുള്ള ഡിസ്ട്രിക്ട് ലെവല്‍ ഫെസിലിറ്റേഷന്‍ മോണിട്ടറംഗ് കമ്മിറ്റി (DLFMC) കള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുങ്ങ്. കോഴിമാലിന്യം റെന്‍ററിങ് പ്ലാന്‍റുകളില്‍ തന്നെ സംസ്കരിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് DLFMC അംഗീകരിച്ച റെന്‍ററിങ് പ്ലാന്‍റുകളുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എഗ്രിമെന്‍റ് വെച്ചു കഴിഞ്ഞു. കോഴിക്കടക്കാര്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിന് റെന്‍ററിങ് പ്ലാന്‍റുകള്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന നിര്‍ദ്ദേശം പല ജില്ലകളിലും പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്നു. അനധികൃതമായി കോഴിമാലിന്യം ശേഖരിച്ച് വഴിയില്‍ തള്ളുന്ന സംഘങ്ങളെ പോലീസും ജില്ലാതല ഭരണകൂടവും സംയുക്തമായി നിയന്ത്രിച്ചു. കോഴിക്കടകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്‍റെ അളവ് കണക്കാക്കി എല്ലാ മാസവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിത്തുടങ്ങി. ശേഖരിക്കുന്ന മാലിന്യത്തിന്‍റെ അളവ് കണക്കാക്കി ഒരു കി.ഗ്രാം മാലിന്യത്തിന് 25 പൈസ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് റോയല്‍റ്റിയായും നല്‍കി തുടങ്ങി. വരുമാനം ലഭിച്ച് തുടങ്ങിയതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അറവ് മാലിന്യ സംസകരണത്തില്‍ സജീവമായി രംഗത്തിറങ്ങി. മാലിന്യം ശേഖരിക്കുന്ന വണ്ടികള്‍ക്ക് റഫ്രിജറേഷന്‍ ഉള്ളതിനാല്‍ മാലിന്യം കൊണ്ടുപോകുമ്പോഴുള്ള വഴികളിലെ ദുര്‍ഗന്ധവും മാറി. വണ്ടികള്‍ക്കെല്ലാം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ജി.പി.എസ്സ് ഘടിപ്പിച്ചതിനാല്‍ മാലിന്യം കൊണ്ടുപോകുന്ന റൂട്ടും കണ്ടെത്താന്‍ കഴിയുന്നു. ഓരോ ജില്ലയിലേയും മാലിന്യം അവിടെ തന്നെ സംസ്കരിക്കാന്‍ കഴിയുന്നതിനാല്‍ ദൂരെ കൊണ്ടുപോകേണ്ട പ്രശ്നങ്ങളും ഇല്ലാതായി. ഒരു ജില്ലയില്‍ നിന്ന് മറ്റുള്ള ജില്ലകളിലേക്ക് മാലിന്യം കൊണ്ടുപോകരുതെന്ന നിര്‍ദ്ദേശം അനധികൃത മാലിന്യക്കടത്ത് തടയാന്‍ സഹായകമായി. ഓരോ ജില്ലയിലും അവിടുത്തെ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്‍റുണ്ടെങ്കില്‍ പുതിയ പ്ലാന്‍റുകള്‍ക്ക് അംഗീകാരം നല്‍കേണ്ടെന്ന തീരുമാനം നിലവില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍റുകളെ സംരംക്ഷിക്കുന്നതിന് സഹായകമായി. മലിനമായിരുന്ന നമ്മുടെ പുഴകളും തോടുകളും ഇന്ന് പുനര്‍ജനിക്കുന്ന പാതയിലാണ്. ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ കൂട്ടായ ശ്രമഫലമാണ് ഇതെല്ലാം സാധ്യമായത്. ഈ ആശയം സര്‍ക്കാരിന്‍റെ മുന്നില്‍ കൊണ്ടുവന്ന് സാങ്കേതിക സഹായങ്ങള്‍ നല്‍കിയ ഡോ.പി.വി.മോഹനന്‍റെ സേവനം എടുത്തുപറയേണ്ടതാണ്.
സംസ്കരണ രീതി
കോഴിക്കടകളില്‍ നിന്നും എയര്‍ ടൈറ്റ് കന്നാസുകളിലാക്കി, എയര്‍ ടൈറ്റ് റഫ്രിജറേറ്റഡ് ജി.പി.എസ് ഘടിപ്പിച്ച വണ്ടികളിലാണ് പ്ലാന്‍റില്‍ മാലിന്യമെത്തുക. അപ്പോള്‍ തന്നെ അത് ഫ്രീസറിലേക്ക് മാറ്റും. ഫ്രീസറില്‍ നിന്ന് അടച്ച കണ്‍വേയര്‍വഴി കുക്കറിലേക്ക് മാറ്റും. 140 ഡിഗ്രിയില്‍ 4 മണിക്കൂര്‍ നേരം നീരാവി കടത്തി ചൂടാക്കുന്നതാണ് റെന്‍ററിങ്. അങ്ങനെ ചൂടാക്കുമ്പോള്‍ വരുന്ന നീരാവിയെ തണുപ്പിച്ച് വെള്ളമാക്കി മാറ്റും. നീരാവി പുറത്തു വരുമ്പോള്‍ മണം വരാതിരിക്കാനായി സ്ക്രബര്‍, സൈക്ലോണ്‍ സെപ്പറേറ്റര്‍, ബയോഫില്‍റ്റര്‍ എന്നിവയിലൂടെ കടത്തിവിടും. പ്ലാന്‍റിലെ മണം മുഴുവനും വലിച്ചെടുത്ത് ബയോഫില്‍റ്ററില്‍ നിര്‍വീര്യമാക്കും
ലഭിക്കേണ്ട അനുമതികള്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത്, അഗ്നി സുരക്ഷ എന്നീ വകുപ്പുകളുടെ അനുമതി പ്ലാന്‍റുകള്‍ നേടണം. ബില്‍ഡിങ് പെര്‍മിറ്റ് ലഭിക്കുന്നതിന് അതാത് ജില്ലയിലെ ഉഘഎങ ഇ യുടെ അനുമതി വേണം. റെന്‍ററിങ് പ്ലാന്‍റുകളുടെ നടത്തിപ്പിനു വേണ്ടി മലനീകരണ നിയന്ത്രണ ബോര്‍ഡ് ഒരു സ്റ്റാന്‍റേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജര്‍ ഇറക്കിയിട്ടുണ്ട്. അതുപ്രകാരം മാത്രമെ പ്ലാന്‍റുകള്‍ക്ക് പ്രവൃത്തിക്കാന്‍ കഴിയൂ.
അറവ് ശാലകള്‍ ഹൈടെക്കാകും: മാലിന്യം സംസ്കരിക്കും
സംസ്ഥാന രൂപീകരണം മുതല്‍ പരിശോധിച്ചാല്‍ കാര്യമായ മാറ്റങ്ങള്‍ വരാത്ത മേഖലയാണ് കേരളത്തിലെ മാംസോല്‍പാദനം. 90 ശതമാനം മലയാളികളും മാംസം കഴിക്കുന്നവരാണ്. പ്രതിവര്‍ഷം 8 ലക്ഷം മാടുകളെയും 12 ലക്ഷം ആടുകളെയും ഇവിടെ കശാപ്പ് ചെയ്യുന്നുണ്ട്. 889 അനധികൃത അറവു കേന്ദ്രങ്ങളും 15,680 അറവ് നടക്കുന്ന സ്ഥലങ്ങളും കേരളത്തിലുണ്ട്. 97 ശതമാനം സ്ഥലങ്ങളിലും വെറ്ററിനറി പരിശോധന നടക്കുന്നില്ല. സംസ്ഥാനത്ത് അറവുശാലകള്‍ പണിയുന്നതിന് നിരവധി തടസ്സങ്ങളുണ്ട്. സ്ഥലത്തിന്‍റെ കുറവ്, കൂടിയ ജനസാന്ദ്രത, സമീപ വാസികളുടെ എതിര്‍പ്പ്, കര്‍ക്കശമായ നിയമ സംവിധാനങ്ങള്‍ എന്നിവ അതില്‍പ്പെടും. എന്നാല്‍ അറവ് ശാലകള്‍ സ്ഥാപിക്കുന്നതിന് എതിരായ നിയമങ്ങള്‍ ഈ സര്‍ക്കാര്‍ ഭേദഗതി വരുത്തി കിഫ് ബി വഴി ഫണ്ട് ലഭ്യമാക്കിڔകേരളത്തില്‍ 10 ലധികം ആധുനിക അറവ് ശാലകള്‍ വരാന്‍ പോകുന്നു. പൂട്ടിക്കിടന്ന അറവ് കേന്ദ്രങ്ങള്‍ നിയമങ്ങള്‍ മാറുന്നതോടെ തുറക്കാനാകും. ചെറുകിട സ്വകാര്യ സംരംഭകര്‍ക്കും ഈ മേഖലയിലേക്ക് വരാന്‍ കഴിയും.ڔ ڔആറ്റിങ്ങല്‍,ڔ പുനലൂര്‍, തിരുവല്ല, കടയ്ക്കല്‍, കൊച്ചി കോര്‍പറേഷന്‍, തൃശൂര്‍ കോര്‍പറേഷന്‍, പാലക്കാട്, കോഴിക്കോട്, പെരിന്തല്‍മണ്ണ, കുന്നംകുളം, കായംകുളം, ഇരിങ്ങാലക്കുട, കണ്ണൂര്‍ڔ എന്നിവടങ്ങളിലാണ് ആധുനിക അറവ് ശാലകള്‍ കിഫ്ബി വഴി വരുന്നത്. കൂടാതെ തിരുവനന്തപുരം കോര്‍പറേഷന്‍, നെടുമങ്ങാട് നഗരസഭ, തിരൂര്‍ നഗരസഭ, എന്നിവടങ്ങളിലും മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് അറവുശാലകള്‍ പണിയുന്നുണ്ട്. അടഞ്ഞുകിടക്കുന്ന 30-ലധികം അറവ് കേന്ദ്രങ്ങളും തുറക്കപ്പെടും. ഇവിടെയെല്ലാം ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങളുണ്ടാകും. വലിയ മൃഗങ്ങളുടെ അറവ് മാലിന്യം സംസ്കരിക്കുന്ന റെന്‍ററിങ് പ്ലാന്‍റുകള്‍ മിക്ക സ്ഥലത്തും സ്ഥാപിക്കും. തിരുവനന്തരം, തൃശൂര്‍, കൊച്ചി, കോഴിക്കോട് പെരിന്തല്‍മണ്ണ, കണ്ണൂര്‍, തിരുവല്ല എന്നിവടങ്ങളില്‍ഈ സംവിധാനമുണ്ടാകും
പരിഹരിക്കേണ്ട പ്രശ്നങ്ങള്‍
പല ജില്ലകളിലും റെന്‍ററിങ് പ്ലാന്‍റുകള്‍ക്ക് മാലിന്യം കിട്ടാത്ത പ്രശ്നങ്ങളുണ്ട്. പന്നി കര്‍ഷകര്‍ എന്ന വ്യാജേന മാലിന്യം ശേഖരിച്ച് കൊണ്ടുപോകുന്ന വണ്ടികള്‍ പലയിടത്തും പോലീസിന്‍റെ സഹായത്തോടെ പിടികൂടിക്കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.
പന്നി കര്‍ഷകരുടെ പ്രശ്നങ്ങളും പരിഹരിക്കണം
സംസ്ഥാനത്ത് പ്രതിദിനം 2100 ടണ്‍ ഹോട്ടല്‍, ബേക്കറി, കല്യാണ മണ്ഡപം എന്നിവടങ്ങളില്‍ നിന്നുള്ള മിച്ചഭക്ഷണം ഉണ്ടാകുന്നതായാണ് മനസ്സിലാക്കുന്നത്. ഇത് ഉപയോഗപ്പെടുത്താവുന്ന ഏറ്റവും നല്ല സംവിധാനമാണ് പന്നിവളര്‍ത്തല്‍. ഒരു ദിവസം ഒരു പന്നിക്ക് 3-4 കിലോഗ്രാം വേസ്റ്റ് ആഹാരം വേണം. അതില്‍ കൂടുതല്‍ മിച്ചഭക്ഷണം സംസ്ഥാനത്ത് ലഭ്യമാണ്. പന്നികര്‍ഷകരെ മിച്ചഭക്ഷണം ശേഖരിക്കുന്ന സര്‍വ്വീസ് പ്രൊവൈഡര്‍മാരായി അംഗീകരിക്കണം. ലൈസന്‍സുള്ള ഫാമുകളിലെ പന്നികളുടെ എണ്ണം കണക്കാക്കി പ്രാദേശികമായി തന്നെ ഹോട്ടലുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഹോസ്റ്റലുകള്‍, എന്നിവ പന്നികര്‍ഷകരുമായി എഗ്രിമെന്‍റ് വെക്കണം. എഗ്രിമെന്‍റ് വെക്കാത്ത ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി കൊടുക്കരുത്. മാലിന്യം ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും, യൂസര്‍ ഫീ നിശ്ചയിക്കുന്നതിനും ഒരു മാര്‍ഗ്ഗരേഖ തയ്യാറാക്കണം. മിക്ക പന്നിഫാമുകളിലും പ്ലാസ്റ്റിക് മാലിന്യവും പന്നി ഭക്ഷിക്കാത്ത ജൈവ മാലിന്യവും കുന്നു കൂടി കിടക്കുന്ന സാഹചര്യമുണ്ട്. പലയിടത്തും ഇത് പരിസര മലിനീകരണം സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക് മാലിന്യം കത്തിച്ചു കളയുകയാണ് ചെയ്യുന്നത്.
കോഴി മാലിന്യം പൂര്‍ണ്ണമായും പന്നി ഭക്ഷിക്കുന്നവയല്ല. തൂവല്‍, ചുണ്ട്, നഖം തുടങ്ങിയവ വേര്‍തിരിച്ച് നല്‍കുകയാണ് ചെയ്യേണ്ടത്. ഇതിനുള്ള സംവിധാനങ്ങള്‍ മാലിന്യം നല്‍കുന്ന കച്ചവടക്കാഞ ഉണ്ടാക്കാറില്ല. പന്നി ഫാം നടത്തുന്നവരും ഇതിനു മുതിരാറില്ല. ഇതിന്‍റെ ഫലമായി ഉണ്ടാകുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പന്നി കര്‍ഷകര്‍ ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്. കൂടാതെ പന്നികളുടെ എണ്ണത്തിനനുസരിച്ച് ഇറച്ചി മാലിന്യം ശേഖരിക്കണം. മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിട്ടുണ്ട് എന്നുറപ്പ് വരുത്തുകയും വേണം.
ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന DLFMCകള്‍ ശക്തമായി ഇടപെടണം. അനധികൃത മാലിന്യക്കടത്ത് പൂര്‍ണ്ണമായും തടയാന്‍ കഴിയണം. കോഴിയറവ് മാലിന്യം സമ്പൂര്‍ണ്ണമായി സംസ്കരിക്കുന്നതിന് സാധിക്കണമെങ്കില്‍ നിയമം അനുശാസിക്കുന്ന ടിപ്പിങ് ഫീ നിശ്ചയിക്കണം. ഓരോ കോഴിക്കടയിലും ഉല്‍പാദിപ്പിക്കുന്ന മാലിന്യം അതാത് ജില്ലയിലെ റെന്‍ററിങ് പ്ലാന്‍റുകളിലെത്തുന്നുവെന്ന് ഉറപ്പു വരുത്തണം.കോഴിക്കടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഭക്ഷ്യ സുരക്ഷാ വകുപ്പും നിയമപരമായി ഇടപെടണം. കോഴിക്കടകള്‍ ശാസ്ത്രീയമായി നവീകരിക്കണം. വര്‍ദ്ധിച്ചു വരുന്ന ഭക്ഷ്യ വിഷബാധ തടയാന്‍ ഇത് സഹായകമാകും.
സംസ്ഥാന എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് കോഴിക്കടകളുടെയും മീറ്റ് സ്റ്റാളുകളുടെയും ഒരു സര്‍വ്വെ 2013 ല്‍ നടത്തുകയുണ്ടായി. ഇതു പ്രകാരം സംസ്ഥാനത്ത് 15,680 കോഴിക്കടകളാണുള്ളത്. ഇതില്‍ യാതൊരു രജിസ്ട്രേഷനുമില്ലാത്തവ 75.30 ശതമാനം വരും. ലൈസന്‍സ് ഉള്ളതില്‍ 32 ശതമാനത്തിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും 3.2 ശതമാനത്തിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും 23.8 ശതമാനത്തിന് മലിനീകരണനിയന്ത്രണ ബോര്‍ഡിന്‍റെയും അനുമതി ഉണ്ട്. എല്ലാ അനുമതിയും ഉള്ളവ 3.27 ശതമാനം മാത്രമാണ്. ഇത് 2013 ലെ കണക്കാണ്. അതിനു ശേഷം ഇത്തരം പഠനങ്ങളോ കണക്കെടുപ്പോ നടന്നിട്ടില്ല. അനൗദ്യോഗിക കണക്കനുസരിച്ച് സംസ്ഥാനത്ത് 16,000 കോഴിക്കടകളുണ്ട്. ഇതില്‍ 5 ശതമാനത്തില്‍ താഴെ മാത്രമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ അനുമതിയുള്ളത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ 2020ലെ കണക്കനുസരിച്ച് കോഴിക്കടകളും ഇറച്ചിക്കടകളും ചേര്‍ന്ന് 1190 സ്ഥാപനങ്ങള്‍ മാത്രമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതി എടുത്തിട്ടുള്ളത്. ബാക്കിയെല്ലാം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്.ڔസംസ്ഥാനത്ത് റെന്‍ററിങ് പ്ലാന്‍റുകളുടെ എണ്ണം കൂടിയതോടെയും, പന്നികര്‍ഷകര്‍ കൂടി മാലിന്യം ശേഖരിക്കാന്‍ തുടങ്ങിയതോടെയും മിക്ക പ്ലാന്‍റുകള്‍ക്കും അവയുടെ ശേഷിയുടെ 60 ശതമാനം പോലും മാലിന്യം കിട്ടാതെയായി. മലപ്പുറം ജില്ലയില്‍ കുറച്ച് പ്ലാന്‍റുകള്‍ ഇത്തരത്തില്‍ പൂട്ടുകയും ചെയ്തു.ڔ ഓരോ ജില്ലയിലേയും മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്‍റ് അതാത് ജില്ലയിലുണ്ടെങ്കില്‍ പുതിയ പ്ലാന്‍റുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന ഉത്തരവിറങ്ങിയെങ്കിലും മിക്ക സ്ഥലങ്ങളിലും ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്‍റെ ഭാഗമായി പുതിയ പ്ലാന്‍റുകള്‍ സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്.
ഒരു ജില്ലയിലെ മാലിന്യം അവിടെത്തന്നെ സംസ്കരിച്ചാലേ DLFMCക്ക് മോണിട്ടര്‍ ചെയ്യാനാകു. ഓരോ ജില്ലയിലേയും ടിപ്പിങ് ഫീ വിത്യസ്തമാണ്. ടിപ്പിങ് ഫീ ഒഴിവാക്കിയാല്‍ സമ്പൂര്‍ണ്ണമാലിന്യസംസ്കരണം അസാധ്യമാണ്. കാരണം കുറഞ്ഞ അളവില്‍ കോഴിവേസ്റ്റ് ഉണ്ടാക്കുന്ന ദൂരെയുള്ള കടകളില്‍ നിന്ന് മാലിന്യമെടുക്കാന്‍ റെന്‍ററിങ് പ്ലാന്‍റുകാര്‍ താല്പര്യം കാണിക്കില്ല. മറ്റ് ജില്ലകളിലേക്ക് മാലിന്യക്കടത്ത് അവദിച്ചാല്‍ മാലിന്യത്തിന്‍റെ അളവോ റോയല്‍റ്റി ഫീയോ നിശ്ചയിക്കാന്‍ കഴിയില്ല. നിലവില്‍അനുവദിച്ചു നല്‍കിയ തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യം മുഴുവന്‍ ശേഖരിച്ച് സംസ്കരിക്കേണ്ട ഉത്തരവാദിത്വം ആ ജില്ലയിലെ റെന്‍ററിങ് പ്ലാന്‍റില്‍ നിക്ഷിപ്തമാണ്. ഒരു നിയന്ത്രണവുമില്ലാതെ മാലിന്യമെടുക്കാന്‍ അനുവദിച്ചാല്‍ ഉഘഋങഇ നോക്കുകുത്തികളായി മാറും. അനധികൃത മാലിന്യക്കടത്ത് തുടങ്ങും. അതോടെ റെന്‍ററിങ് പ്ലാന്‍റുകള്‍ പൂട്ടേണ്ടിവരും.ڔ
അശാസ്ത്രീയ പ്ലാന്‍റുകളും പൊതുജനങ്ങളുടെ എതിര്‍പ്പുകളും
പല പ്ലാന്‍റുകള്‍ക്കെതിരായും പൊതുജനങ്ങള്‍ സമരത്തിലാണ്. പ്ലാന്‍റുകളുടെ സാങ്കേതിക ഗുണമേന്മ കുറഞ്ഞതും വൃത്തിഹീനമായതും സമരത്തിന് കാരണമാണ്. ഇത്തരം പ്ലാന്‍റുകള്‍ ഉണ്ടാക്കുന്ന മാലിന്യ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് സാങ്കേതിക മികവുള്ള പ്ലാന്‍റുകള്‍ക്കെതിരെയും സമരം നടക്കുന്നത്. പ്ലാന്‍റുകളുടെ സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ഉഘഎങഇക്ക് സാധിക്കുന്നില്ല. പ്ലാന്‍റുകള്‍ക്ക് അംഗീകാരം നല്‍കുമ്പോള്‍പ്പോലും സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കപ്പെടാറില്ല. മാലിന്യ നിര്‍മാര്‍ജനത്തിനുള്ള ഒരു സംവിധാനമായാണ് സ്വകാര്യ സംരംഭകരുടെ സഹായത്തോടെ സംസ്ഥാനത്തുടനീളം ആദ്യഘട്ടത്തില്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ ഇത് വളരെ ലാഭകരമായ പദ്ധതിയാണെന്ന തെറ്റുദ്ധാരണയിലാണ് പുതിയ സംരംഭകര്‍ മുന്നോട്ട് വരുന്നത്. ഇപ്പോള്‍ തന്നെ പല പ്ലാന്‍റുകളും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം, കൊല്ലം വയനാട്ڔ ജില്ലകളിലാണ് സമരം മൂലം പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത്. ♦