മാലിന്യ സംസ്കരണം എന്നു കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ നമ്മുടെ ഒക്കെ മനസ്സില്‍ ആദ്യം വരുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആയിരിക്കും. അല്ലേ? അത് കഴിഞ്ഞാലോ? ഭക്ഷണ അവശിഷ്ടങ്ങള്‍ തുടങ്ങി മറ്റു പല ജൈവ-അജൈവ മാലിന്യങ്ങളും. എന്നാല്‍ പൊതുവില്‍ പെട്ടെന്നു ആരും ചിന്തിക്കാത്ത ഒന്നാണ് ആര്‍ത്തവവുമായി ബന്ധപ്പെട്ട് വരുന്ന മാലിന്യങ്ങള്‍. അതായത് ഉപയോഗശേഷം വരുന്ന സാനിറ്ററി പാഡ്, ടാമ്പൂണ്‍ മുതലായവ. ഇതുമായി ബന്ധപ്പെട്ട ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത് ഓരോ വര്‍ഷവും ഇന്ത്യയിലെ ലാന്‍ഡ് ഫില്ലുകളില്‍ എത്തുന്നത് ഏകദേശം 12.3 ബില്യണ്‍ പാഡുകളാണ്. അതായത് 113,000 ടണ്‍ മാലിന്യം.
ഒറ്റത്തവണ മാത്രം ഉപയോഗമുള്ള ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍
പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിക്കുന്ന സാനിറ്ററി പാഡുകളും മറ്റ് ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ആര്‍ത്തവ ഉല്‍പ്പന്നങ്ങളും മനുഷ്യനും പ്രകൃതിക്കും ഒരുപോലെ ആപത്താണ്. ഇവയൊക്കെ ഉപയോഗശേഷം നാം എന്താണ് ചെയുന്നത്?
പലരും ക്ലോസെറ്റില്‍ ഇട്ട് ഫ്ളഷ് ചെയ്യും. ഇത്തരത്തില്‍ ക്ലോസെറ്റില്‍ ഉപേക്ഷിച്ചുപോകുന്ന സാനിട്ടറി പാഡുകള്‍ പിന്നീട് വലിയ തലവേദനയാണ് സൃഷ്ടിക്കാറ്. ഡ്രെയിനേജ് പൈപ്പില്‍ തടസം വന്ന് പ്ലംബറെ വിളിക്കുമ്പോഴാണ് ഈ വിവരം പുറത്തുവരുന്നത്. ക്ലോസെറ്റില്‍ ഉപേക്ഷിച്ച് വെള്ളമൊഴിക്കുന്ന സാനിറ്ററി പാഡുകള്‍ പലപ്പോഴും പൈപ്പിനുള്ളില്‍ തടഞ്ഞുനില്‍ക്കുകയും അത് പിന്നീട് ഡ്രൈനേജ് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.
ഈയിടെ നമ്മുടെ ഹരിത കര്‍മ്മ സേനയിലെ അംഗങ്ങളുമായി സംസാരിക്കാനിടയുണ്ടായി. വീടുകളില്‍ നിന്നും കഴുകി വൃത്തിയാക്കിയ അജൈവ പാഴ്വസ്തുക്കള്‍ ശേഖരിക്കലാണ് ഇവരുടെ പ്രധാന തൊഴില്‍. ഇവരില്‍ അധികം പേര്‍ക്കും പറയാനുണ്ടായിരുന്നത് അജൈവ പാഴ്വസ്തുക്കളോടൊപ്പം ഉപയോഗ ശേഷം വരുന്ന സാനിറ്ററി പാഡുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നു എന്നതായിരുന്നു. മറ്റു മാലിന്യങ്ങള്‍ എടുക്കാമെങ്കില്‍ ഇതും എടുക്കണം എന്നാണ് പല വീട്ടുകാരുടെയും ആവശ്യം. ഇത് ശരിക്കും അവരോടു ചെയ്യുന്ന ദ്രോഹമാണ്. മറ്റ് ജീവന മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാലാണ് അവര്‍ ഈ പണിക്ക് ഇറങ്ങിത്തിരിക്കുന്നത്. ഇത്തരത്തിലുള്ള പ്രവൃര്‍ത്തികള്‍ അവരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ. അതിനു പുറമേ ഉപയോഗിച്ച പാഡ് കൈകാര്യം ചെയ്യുന്നതിലൂടെ പല തരത്തിലുള്ള അസുഖങ്ങളും പിടിപെടാനുള്ള സാധ്യതയുണ്ട്. പാഡുകള്‍ പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുമ്പോഴും അവസ്ഥ ഇതുതന്നെയാണ്. നമ്മുടെ ആരോഗ്യം പോലെ തന്നെ മറ്റുള്ളവരുടെയും ആരോഗ്യവും വിലപ്പെട്ടതാണ്.
ഇതിനുപുറമേ ഉപയോഗശേഷം പാഡുകള്‍ പറമ്പിലും മറ്റും വലിച്ചെറിയുന്നവരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം പിന്നെ ആ പാഡുകൊണ്ട് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവില്ല. എന്നാല്‍ സത്യാവസ്ഥ അതല്ല. പറമ്പില്‍ വരുന്ന ജീവജാലങ്ങള്‍ ഈ പാഡ് ഭക്ഷിക്കാനോ അല്ലെങ്കില്‍ അവിടെ നിന്ന് മറ്റൊരു പ്രദേശത്തേക്ക് കൊണ്ടുപോയി ഇടാനോ സാധ്യതയുണ്ട്. ഇത് നമ്മുടെ കുടിവെള്ള സ്രോതസുകളില്‍ എങ്ങാനും എത്തിയാല്‍ ആ ജലം മലിനീകരിക്കപ്പെടുന്നു. പലപ്പോഴും നാം അത് അറിയാതെ പോകാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് പാഡുകള്‍ ഭക്ഷണമാക്കുന്നതിലൂടെ മൃഗങ്ങള്‍ക്ക് രോഗം വരുന്നതിനോടൊപ്പം തന്നെ അവരുടെ ജീവനും അപകടത്തിലാകും.
ഇനി ഒരു മാസം മുഴുവന്‍ ഉപയോഗിക്കുന്ന പാഡ് ഒന്നിച്ചു കത്തിച്ചു കളയുന്നവരും കുറവല്ല. ഇതും ആരോഗ്യത്തിന് നല്ലതല്ല. ഡയോക്സിന്‍ പോലെയുള്ള പല വിഷവാതകങ്ങളും ഇതിലൂടെ അന്തരീക്ഷത്തില്‍ എത്തുന്നു. ഇവയൊക്കെ നാം ശ്വസിക്കുകയും ചെയ്യും. അതിലൂടെ ത്വക്ക് രോഗങ്ങള്‍, ശ്വാസകോശവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങളും പിടിപെടാന്‍ സാധ്യതയുണ്ട്.
മുകളില്‍ പറഞ്ഞതില്‍ ഏത് സാഹചര്യം എടുത്താലും ഉപയോഗ ശേഷം ഇവ നല്ല രീതിയില്‍ സംസ്കരിക്കാന്‍ സംവിധാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണിത് ഇത്തരത്തില്‍ അശാസ്ത്രീയമായി സംസ്കരിക്കേണ്ടി വരുന്നത്. അതിനാല്‍ തന്നെ ഇവയൊക്കെ ഉപേക്ഷിച്ചു പോകുന്നവരെയും വലിച്ചെറിയുന്നവരെയുമൊന്നും കുറ്റംപറയാനും ആവില്ലെന്നതാണ് മറ്റൊരു വസ്തുത.
എന്താണ് ഇതിനൊരു പരിഹാരം?
ഒറ്റത്തവണ മാത്രം ഉപയോഗമുള്ള ആര്‍ത്തവ ഉല്‍പന്നങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ നമുക്ക് മുന്നില്‍ പ്രധാനമായും ഇന്ന് രണ്ട് മാര്‍ഗങ്ങളാണുള്ളത്.
1. ഉപയോഗ ശേഷം വരുന്ന പാഡുകള്‍ ശാസ്ത്രീയമായി സംസ്കരിക്കല്‍
ഖര മാലിന്യ സംസ്കരണ ചട്ട നിര്‍ദ്ദേശിക്കുന്നത് ഉപയോഗ ശേഷം വരുന്ന പാഡുകള്‍ പേപ്പറില്‍ പൊതിഞ്ഞു അതിനുമുകളില്‍ ഒരു ചുവന്ന വട്ടം രേഖപ്പെടുത്തി മാലിന്യം ശേഖരിക്കുന്ന ബിന്നുകളില്‍ നിക്ഷേപിക്കണം എന്നാണ്. അത് പിന്നീട് മാലിന്യം ശേഖരിക്കാന്‍ വരുന്നവര്‍ കൊണ്ടുപോയി സംസ്ക്കരിക്കണം.
ഇത് കേരളത്തില്‍ നടപ്പിലാക്കാനായി സര്‍ക്കാര്‍ ഭാഗത്തു നിന്നും ശ്രമിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കെ.ഇ.ഐ.എല്‍ മുഖേന തൃക്കാക്കര, ആലപ്പുഴ മുനിസിപ്പാലിറ്റി തുടങ്ങിയ ഇടങ്ങളില്‍ ഒരു പൈലറ്റ് സ്റ്റഡി നടത്തി. അതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത് നമ്മുടെ നാട്ടില്‍ ഈ രീതി പ്രായോഗികമാക്കാന്‍ നോക്കുമ്പോള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നാണ്. ഉപയോഗശേഷം വരുന്ന പാഡുകള്‍ സംസ്കരിക്കാനാവശ്യമായ യൂസര്‍ ഫീ നല്‍കാതിരിക്കല്‍, പാഡുകള്‍ കൃത്യമായി കൈമാറാനുള്ള ബുദ്ധിമുട്ട്, ഇനി ശേഖരിച്ച് വെക്കുന്നവ ശേഖരകേന്ദ്രത്തില്‍ നിന്നും സംസ്കരണ കേന്ദ്രത്തില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട്, മുതല്‍മുടക്ക് തുടങ്ങി ധാരാളം കാരണങ്ങളുണ്ട് ഇതിനു പിന്നില്‍.
ഈ സാഹചര്യത്തില്‍ കൂടുതല്‍ സംസ്കരണ കേന്ദ്രങ്ങളും പാഡുകള്‍ സൂക്ഷിച്ചു വെച്ച് അവ കൈമാറാനുള്ള ബോധവല്‍ക്കരണവും അനിവാര്യമാണ്. പക്ഷെ സാമ്പത്തികപരമായി നോക്കുമ്പോള്‍ ഇവ സംസ്കരിക്കാന്‍ ഒരു കിലോയ്ക്ക് കുറഞ്ഞത് 55 മുതല്‍ 80 രൂപ വരെയെങ്കിലും യൂസര്‍ ഫീസായി നല്‍കേണ്ടതായി വരുന്നു. അതായത് ഏകദേശം ഒരു പാക്കറ്റ് പാഡ് വാങ്ങുന്ന അത്രേം വില. അങ്ങനെ ചിന്തിക്കുമ്പോള്‍ പറ്റിയാല്‍ ഇവ ഒഴിവാക്കുനതല്ലേ നല്ലത്? പകരം എന്താണെന്നല്ലേ? പുനരുപയോഗ സാധ്യമായ ഉല്‍പ്പന്നങ്ങള്‍.
2. പുനരുപയോഗം സാധ്യമായ ആര്‍ത്തവ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം
ഒറ്റ തവണ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ആര്‍ത്തവ ഉല്‍പ്പന്നങ്ങളുടെ ഒരു പ്രശ്നം അവ ശാസ്ത്രീയമായി സംസ്കരിക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടാണെന്ന് നാം കണ്ടു. ഇതിനു പുറമെ ഇവ ഒരു നിശ്ചിത സമയത്തിലധികം ഉപയോഗിക്കുകയാണെങ്കില്‍ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ഇതിലെല്ലാമുപരി മാസംതോറും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനായി നല്ലൊരു തുക ചെലവാക്കുന്നുണ്ട്. അതിനാല്‍ തന്നെ പലരും ഇവ വാങ്ങാന്‍ മടിക്കുന്നു. പകരം വൃത്തിഹീനമായ തുണികളും മറ്റു പാഴ്വസ്തുക്കളും ആര്‍ത്തവരക്തം വലിച്ചെടുക്കാനായി ഉപയോഗിക്കുന്നു. അത് വീണ്ടും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
ഈ സാഹചര്യത്തില്‍ പുനരുപയോഗം സാധ്യമായ തുണി പാഡുകള്‍, മെന്‍സ്ട്രല്‍ കപ്പുകള്‍ മുതലായ പല ഉല്‍പ്പനങ്ങളും ഇന്ന് ലഭ്യമാണ്. ഇവയെല്ലാം കഴുകി പുനരുപയോഗിക്കാന്‍ സാധിക്കുന്നവയാണ്. മാത്രമല്ല കുറഞ്ഞത് 6-8 മണിക്കൂറോളം ഉപയോഗിക്കാനുമാകും. ആദ്യ തവണ ഇവ വാങ്ങാന്‍ കുറച്ചു തുക ചിലവഴിക്കേണ്ടതായി വരും. എന്നാല്‍ ഇവ വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ സാധിക്കും. ആയതിനാല്‍ ദീര്‍ഘ നാളത്തെ ഉപയോഗം കണക്കിലെടുത്താല്‍ എന്തുകൊണ്ടും ഇവ ലാഭമാണ്.
ദേശീയ കുടുംബാരോഗ്യ സര്‍വ്വേ 2019-21 പ്രകാരം ഇന്ത്യയില്‍ ആകെ 0.3% പേരാണ് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത്.
വേണം ബോധവല്‍ക്കരണം
പുനരുപയോഗ സാധ്യമായ ഉല്‍പ്പന്നങ്ങളിലേക്ക് മാറാന്‍ സാധിക്കുമായിരുന്നിട്ടും ഇതേപ്പറ്റി അറിവില്ലാത്തതിനാല്‍ ഇതിലേക്ക് മാറാത്ത ധാരാളംപേര്‍ നമുക്ക് മുന്നിലുണ്ട്. അതോടൊപ്പം മെന്‍സ്ട്രല്‍ കപ്പിനെ ചുറ്റിപ്പറ്റി ധാരാളം മിഥ്യാധാരണകളും ഉണ്ട്. ഇവയൊക്കെ പരിഹരിക്കാന്‍ നല്ല രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍ അനിവാര്യമാണ്.
എന്നാല്‍ ചിലര്‍ക്ക്, പ്രത്യേകിച്ച് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പുനരുപയോഗ സാധ്യമായ ആര്‍ത്തവ ഉല്‍പ്പന്നങ്ങളിലേക്ക് മാറണമെന്നുണ്ടെങ്കിലും രക്ഷാകര്‍ത്താക്കളുടെ സമ്മതം കാത്തുനില്‍ക്കേണ്ടി വരുന്നുണ്ട്. അവിടെ രക്ഷകര്‍ത്താക്കള്‍ക്കും ഇതേപ്പറ്റി വേണ്ട ബോധവല്‍ക്കരണം നല്‍കേണ്ടതുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്
ഇത്തരത്തില്‍ സുസ്ഥിര ആര്‍ത്തവ മാലിന്യ സംസ്കരണം ഉറപ്പാക്കുന്നതിനും ഒപ്പം ആര്‍ത്തവത്തെ ചുറ്റിപ്പറ്റി സമൂഹത്തില്‍ നില്‍ക്കുന്ന മിഥ്യാധാരണകള്‍ മാറ്റുന്നതിനും നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. സമൂഹത്തില്‍ ഉടനീളം നിലനില്‍ക്കുന്ന മിഥ്യാധാരണകള്‍ മാറ്റാന്‍ പൊതു ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. പ്ലാസ്റ്റിക് പാഡുകളുടെ ഉപയോഗം കുറയ്ക്കാന്‍ മറ്റ് ബദല്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും അവയുടെ ഉപയോഗവും ഗുണങ്ങളും ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുകയും വേണം. ഇതിനോടകം തന്നെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ലക്ഷ്യം കൈവരിച്ചു കഴിഞ്ഞു. അവയില്‍ ചിലത് നോക്കാം.
രാജ്യത്തെ ആദ്യ സിന്തെറ്റിക് സാനിറ്ററി പാഡ് രഹിത ഗ്രാമമായി മുഹമ്മ
2020 നവംബറില്‍ ആലപ്പുഴയിലെ മുഹമ്മ എന്ന ഗ്രാമത്തില്‍ നടന്ന ഒരു പ്രഖ്യാപനം- ‘ഇന്ത്യയിലെ ആദ്യ സിന്തെറ്റിക് സാനിറ്ററി പാഡ് രഹിത ഗ്രാമം’- ഗ്രാമപഞ്ചായത്തുകളുടെ കാര്യനിര്‍വഹണത്തിലും ആര്‍ത്തവ ശുചിത്വ മേഖലയിലും ചരിത്രപരമായ സ്ഥാനം നേടി. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിക്കുന്ന സിന്തറ്റിക് സാനിറ്ററി പാഡുകളുടെ ഉപയോഗം കുറയ്ക്കാനായി ബദല്‍ ഉല്‍പ്പന്നങ്ങളായ തുണി പാഡുകളും മെന്‍സ്ട്രല്‍ കപ്പുകളും പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശ്യം.
ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ സംഘടനയായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് ദ എന്‍വയോണ്‍മെന്‍റും (എട്രി) ആന്ത്രിക്സ് കോര്‍പ്പറേഷന്‍റെ സാമ്പത്തിക സഹായത്തോടെ മുഹമ്മ പഞ്ചായത്തതുമായി ചേര്‍ന്ന് നടപ്പിലാക്കിയ ‘മുഹമ്മോദയം’ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചത്. പഞ്ചായത്തിലെ ആര്‍ത്തവം ഉള്ള സ്ത്രീകളുടെ കണക്കുകള്‍ ശേഖരിച്ച് വിവിധ മേഖലകളായി തിരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷമാണ് ബദല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണം ആരംഭിച്ചത്. ഏകദേശം അയ്യായിരത്തിലധികം സ്ത്രീകള്‍ക്ക് തുണി പാഡുകളും അഞ്ഞൂറിലധികം മെന്‍സ്ട്രല്‍ കപ്പുകളും ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു.
ഈ മേഖലയില്‍ നടന്ന പഠനത്തില്‍ നിന്നും വ്യക്തമാകുന്നത് ഈര്‍പ്പമുള്ള ഒരു സാനിറ്ററി പാഡിന്‍റെ ഭാരം 20 ഗ്രാം എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ ഓരോ മാസവും ഏകദേശം ഒരു ടണ്‍ മാലിന്യം കുറയ്ക്കാന്‍ സാധിച്ചു.
ആര്‍ത്തവ ശുചിത്വം: പ്രകൃതി-സാമ്പത്തിക ?സൗഹൃദ പദ്ധതിയുമായി വാഴൂര്‍ പഞ്ചായത്ത്
സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ധാരാളം നൂതന പദ്ധതികള്‍ നടപ്പിലാക്കുന്ന പഞ്ചായത്താണ് കോട്ടയം ജില്ലയിലെ വാഴൂര്‍. 2018-19 വര്‍ഷത്തില്‍ തിരുവനന്തപുരത്തെ സഖി വിമന്‍സ് സെന്‍ററിന്‍റെ സഹായത്തോടെ ‘സ്ത്രീ പദവി’ പഠനം നടത്തിയതിന്‍റെ ഭാഗമായാണ് ഈ പദ്ധതി രൂപം കൊണ്ടത്. സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എങ്ങനെ ഇടപെടാന്‍ കഴിയും എന്നതിന് ഉദാഹരണമാണ് ഈ പദ്ധതി.
ഇവിടെയും ആദ്യഘട്ടത്തില്‍ ഓരോ ആളും ഉപയോഗിക്കുന്ന ആര്‍ത്തവ ഉല്‍പ്പന്നത്തെപ്പറ്റിയും ബുദ്ധിമുട്ടുകളെപ്പറ്റിയും സര്‍വേയിലൂടെ മനസ്സിലാക്കി. അതുകഴിഞ്ഞ് 18 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള 600 പേര്‍ക്ക് മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പദ്ധതി തുക ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയത്. മെന്‍സ്ട്രല്‍ കപ്പുകള്‍ വിതരണം ചെയ്തതിനു പുറമെ ഉപഭോക്താക്കളുടെ പ്രതികരണം എടുക്കാനും പദ്ധതിയുണ്ട്. ഈ പ്രവര്‍ത്തനത്തിലൂടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട് വരുന്ന മാലിന്യങ്ങളുടെ അളവ് ഓരോ മാസവും ഏകദേശം 120 കിലോഗ്രാം കുറയ്ക്കാനും സാധിച്ചു.
ഇത്തരത്തില്‍ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സുസ്ഥിര ആര്‍ത്തവ മാലിന്യ സംസ്കരണം ഉറപ്പാക്കാനായി ഇന്ന് മുന്നോട്ടു വന്നിട്ടുണ്ട്. ബദല്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ അവയൊക്കെ വിലക്കുറവില്‍ ലഭ്യമാക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി പഞ്ചായത്തിന്‍റെ ഫണ്ടുകളും വിനിയോഗിക്കാം. തുണി പാഡുകള്‍ നിര്‍മ്മിക്കാനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നതിലൂടെ പഞ്ചായത്തിനുള്ളില്‍ ബദല്‍ ഉത്പന്നങ്ങളുടെ ലഭ്യത സുസ്ഥിരമാക്കാനും അവര്‍ക്ക് ഒരു ഉപജീവനമാര്‍ഗം ഉറപ്പാക്കാനും സാധിക്കും.
എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്തം
ഓരോ ആളും ഉല്‍പാദിപ്പിക്കുന്ന മാലിന്യം കൃത്യമായി സംസ്കരിക്കാന്‍ അവരവര്‍ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കാം. ആര്‍ത്തവവുമായി ബന്ധപ്പെട്ട് വരുന്ന മാലിന്യങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ്. ഇതിനായി ഉപയോഗശേഷം വരുന്ന പാഡുകള്‍ ശേഖരിക്കുന്ന സംവിധാനമുള്ള സ്ഥലങ്ങളില്‍ കൃത്യമായി അവര്‍ക്ക് കൈമാറുകയോ കഴിവതും പുനരുപയോഗം സാധ്യമായ ഉല്‍പ്പന്നങ്ങളിലേക്ക് മാറുകയോ ചെയ്യാം. ബോധവല്‍ക്കരണ പരിപാടികളിലൂടെയും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും ഈ പ്രശ്നം പരിഹരിക്കാനാകും. ♦
(ഐ.ഐ.റ്റി മദ്രാസ് ഗവേഷകയാണ് ലേഖിക)