അജൈവ പാഴ്വസ്തുക്കളും, ജൈവ പാഴ്വസ്തുക്കളും കൂട്ടിക്കുഴച്ച് നാടിന് ഹാനികരമാകുന്ന തരത്തില്‍ വലിച്ചെറിയപ്പെടുമ്പോഴും, കത്തിക്കുമ്പോഴുമാണ് മാലിന്യം ഒരു പ്രശ്നമാകുന്നത്. അത്തരത്തില്‍ മാലിന്യം പ്രശ്നമാകാതെ എങ്ങനെ മുന്നോട്ടുപോകാമെന്നുള്ളതാണ് നാം നേരിടുന്ന വെല്ലുവിളി. നിയമം അനുശാസിക്കുന്നതുപോലെ ഫലപ്രദമായി മാലിന്യ സംസ്കരണം നടത്തേണ്ടത് പ്രദേശിക സര്‍ക്കാരുകളുടെ കടമയാണ്. ആ കടമ പ്രദേശിക സര്‍ക്കാരുകള്‍ ഏറ്റെടുക്കുമ്പോള്‍ തന്നെ “എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം” എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കാകെ ഉ്ണ്ടാക്കുവാനും ജനങ്ങള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന നിലയിലേക്ക് മാറ്റുവാനും കഴിയേണ്ടതുണ്ട്. അത്തരം തിരിച്ചറിവിലൂടെ നമുക്ക് വളരെ വേഗം മുന്നേറാനാകും. സംസ്ഥാനത്ത് മികച്ച രീതിയില്‍ മാലിന്യ സംസ്കരണം നടത്തുന്ന ധാരാളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും ഇവ സംസ്ഥാനത്ത് പൂര്‍ണ്ണതയിലെത്തിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനുതകുന്ന തരത്തിലുള്ള പിന്തുണാ സംവിധാനമായാണ് ക്ലീന്‍ കേരള കമ്പനി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.
അപകടകരമായ സാഹചര്യം
മാലിന്യം അഥവാ പാഴ്വസ്തുക്കള്‍ നിയമം അനുശാസിക്കുന്നതുപോലെ ഉറവിടത്തില്‍തന്നെ തരംതിരിക്കണം. വീടുകളിലും സ്ഥാപനങ്ങളിലും ഉള്ള ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്ക്കരിക്കാന്‍ കഴിയണം. അതിനുള്ള മികച്ച സംവിധാനങ്ങള്‍ ശുചിത്വമിഷനുമായി ചേര്‍ന്ന് തദ്ദേശഭരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അജൈവ പാഴ്വസ്തുക്കളായ പ്ലാസ്റ്റിക് കവറുകളും ജൈവമാലിന്യങ്ങളും ഒരുമിച്ച് ഒരു കാരണവശാലും നിക്ഷേപിക്കരുത്. വേര്‍തിരിച്ചു വേണം അവ സൂക്ഷിക്കേണ്ടത്.
ലോകത്ത് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വ്യാപകമാകാന്‍ തുടത്തിയത് 1950 നു ശേഷമാണ്. കേവലം 70 വര്‍ഷങ്ങള്‍ കൊണ്ട് ലോകത്ത് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി പ്ലാസ്റ്റിക്കിന് മാറാന്‍ കഴിഞ്ഞുവെന്നതാണ് അതിന്‍റെ പ്രത്യേകത. ഭാരമില്ലായ്മ അല്ലെങ്കില്‍ ഭാരക്കുറവ്, നല്ല ഉറപ്പ്, വിലക്കുറവ്, നനയാതെ സൂക്ഷിക്കുവാനാവുക തുടങ്ങിയ ഗുണഗണങ്ങള്‍ ഉണ്ടെങ്കിലും പ്ലാസ്റ്റിക് ഉപയോഗിച്ച് വലിച്ചെറിയുക എന്ന തരത്തിലേക്ക് മനുഷ്യന്‍ മാറി. ഈ നിലതുടര്‍ന്നാല്‍ കൂടുതല്‍ അപകടകരമായ സ്ഥിതിയിലേക്ക് പ്രകൃതി മാറും. പ്രകൃതിയില്‍ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം മനുഷ്യന്‍ മാത്രമാണ്.
പ്ലാസ്റ്റിക് വസ്തുക്കള്‍ ദ്രവിക്കാത്തതിനാലും, വിലകുറവായതിനാലും ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുക, കത്തിക്കുക എന്ന എളുപ്പ വഴിയിലേക്ക് ആളുകള്‍ മാറി. ഇത് വലിയതോതിലുള്ള പ്രശ്നമാണ് കരയിലും കടലിലും മനുഷ്യനുള്‍പ്പെടെയുള്ള മറ്റ് ജീവജാലങ്ങള്‍ക്കും ഉണ്ടാകുന്നത്. ലോകം കാലാവസ്ഥാനരകത്തിലേയ്ക്കുള്ള വഴിയിലാണെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറെസ് ഇക്കഴിഞ്ഞ 27ാമത് കാലാവസ്ഥാ ഉച്ചകോടിയില്‍ ഈജിപ്റ്റില്‍ പ്രസ്ഥാവിച്ചത്. തിരിച്ചുപിടിക്കാനാകാത്തവിധം ആഗോളതാപനവും കാര്‍ബണ്‍ ബഹിര്‍ഗമനവും കൂടുകയാണ്. നാശത്തിലേക്കാണ് ലോകം സഞ്ചരിക്കുന്നതെന്ന അഭിപ്രായപ്രകടനത്തില്‍ മാലിന്യ പ്രശ്നം ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.
പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തിച്ചാല്‍ ഫുറാന്‍, ഡയോക്സിന്‍ തുടങ്ങിയ അതിമാരകമായ വസ്തുക്കളാണ് പ്രകൃതിയിലെത്തുന്നത്. ഇത് ശ്വസിക്കുന്നതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. തെര്‍മോക്കോള്‍ പോലുള്ള സ്റ്റൈറോഫോം വസ്തുക്കളിലുള്ള സ്റ്റൈറീന്‍, ബന്‍സീന്‍, പോലുള്ള പദാര്‍ത്ഥങ്ങള്‍ ഉള്ളിലെത്തിയാല്‍ നാഡികള്‍ക്കും വൃക്കകള്‍ക്കും കരളിനും പ്രത്യുല്‍പ്പാദന സംവിധാനത്തിനുമൊക്കെ ദോഷങ്ങളുണ്ടാകുന്നു. കാന്‍സര്‍പോലുള്ള അസുഖങ്ങള്‍ ഉണ്ടാകാനും കാരണമാകുന്നു.
പ്ലാസ്റ്റിക് കാരിബാഗുകളും മറ്റ് പാഴ്വസ്തുക്കളും തോടുകളിലും കനാലുകളിലും അടിഞ്ഞുകൂടി വെള്ളത്തിന്‍റെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞ് വെള്ളപ്പൊക്കം സൃഷ്ടിക്കുന്നു. കെട്ടിനില്‍ക്കുന്ന ജലത്തില്‍ നിന്നും കൊതുക് പെരുകി പലതരം അസുഖങ്ങളും ഉണ്ടാക്കുന്നു. വഴികളിലും, പാര്‍ക്കുകളിലും മറ്റും വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് പക്ഷികളും മൃഗങ്ങളും ഭക്ഷിക്കുന്നു. ഇത് ഇവയുടെ ജീവന് തന്നെ ഭീഷണിയാകുന്നു. പലപ്പോഴും മൃഗങ്ങള്‍ പ്ലാസ്റ്റിക് കഴിക്കുന്നതുമൂലവും, അവ ചേര്‍ന്ന് ജലം കുടിക്കുന്നതുമൂലവും അവയിലുള്ള വിഷവസ്തുക്കള്‍ മൃഗങ്ങളിലേക്കും തുടര്‍ന്ന് അവ മനുഷ്യനിലേക്കും എത്തുന്നു. ഈ അടുത്ത ദിവസങ്ങളിലാണ് അമ്മയുടെ മുലപ്പാലിലും പ്ലാസ്റ്റിക് അംശം കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നത്. പ്ലാസ്റ്റിക് വിഷാംശം എല്ലായിടത്തും എത്തപ്പെടുന്നു. കടലില്‍ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് കടല്‍ ജീവികള്‍ക്ക് ദോഷം ഉണ്ടാക്കുകയും ചില മത്സ്യങ്ങളുടെ വംശനാശത്തിനും ഹേതുവാകുന്നു. ഉപ്പില്‍ പോലും മൈക്രോപ്ലാസ്റ്റിക് കലര്‍ന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പ്രതിവിധി
വളരെ സങ്കീര്‍ണ്ണമായ സ്ഥിതിയാണിതെങ്കിലും, ഫലപ്രദമായി നാം ഇടപെട്ടാല്‍ ഇതില്‍ നിന്നും വളരെവേഗം കരകയറാനാകും. പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍ വിവേചനപൂര്‍വ്വം ഉപയോഗിക്കുക മാത്രമാണ് പോംവഴി. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. ഉപയോഗിക്കേണ്ടി വന്നാല്‍തന്നെ അവ വീണ്ടും വീണ്ടും ഉപയോഗിക്കുക. അവസാനം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറുക. അവ പുന:ചംക്രമണത്തിനായി ഉപയോഗിക്കാന്‍ കഴിയും. ഇത് യഥാര്‍ത്ഥ്യമാകണമെങ്കിലോ Reduce, Reuse, Recycle എന്നീ മൂന്ന് കാര്യങ്ങളില്‍ നല്ല ധാരണയും അറിവും പൊതുസമൂഹത്തിനുണ്ടാകണം.
ജീവിതശൈലിയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ കഴിയും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കാന്‍ കഴിയണം. ദൈനംദിനജീവിതത്തില്‍ വരുന്ന 90% പ്ലാസ്റ്റിക്കും ഒറ്റത്തവണ ഉപയോഗിക്കുന്നവയാണ്. പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പകരം തുണി സഞ്ചി ഉപയോഗിക്കാന്‍ ശീലിക്കണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ ഒരിക്കല്‍ കൈയിലെത്തപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കഴിയുന്നത്ര വീണ്ടും വീണ്ടും ഉപയോഗിക്കുക. ഇത്തരത്തില്‍ പുനരുപയോഗത്തിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതങ്ങള്‍ വലിയൊരളവുവരെ കുറയ്ക്കാന്‍ കഴിയും.
പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വലിച്ചെറിയാതെ പഞ്ചായത്തിന്‍റെയോ, നഗരസഭയുടെയോ ശേഖരണ കേന്ദ്രം വഴി പുന:ചംക്രമണം ചെയ്യുന്നതിന് നല്‍കുകയാണ് വേണ്ടത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്തുക്കള്‍ തരംതിരിച്ച് പുന:ചംക്രമണം ചെയ്യാവുന്നവ ഉരുക്കിയും ചെറുതരികളാക്കിയും പുതിയ ഉല്പ്പന്നങ്ങള്‍ ഉണ്ടാക്കാം. അതിന് കഴിയാതെ വരുന്നതില്‍ കുറെ ഇനം ചെറുതരികളാക്കി റോഡു നിര്‍മ്മാണത്തിന് ഉപയോഗിക്കാവുന്നതാണ്. അതിനും കഴിയാത്തവ സിമന്‍റ് ഫാക്ടറികളുടെ ഉപയോഗത്തിനോ അല്ലെങ്കില്‍ ശാസ്ത്രീയമായ രീതിയില്‍ നികത്തല്‍ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാവുന്നതാണ്.
പുന:ചംക്രമണത്തിലൂടെ, പുതുതായി ഉത്പ്പാദനത്തിനു വേണ്ടുന്ന ഊര്‍ജ്ജം, വസ്തുക്കള്‍ എന്നിവയുടെ ആവശ്യകത കുറയുന്നതിലൂടെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്സൈഡിന്‍റെ (ഇീ2) അളവ് കുറയ്ക്കാനും സഹായിക്കുന്നു. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും, ഊര്‍ജ്ജ ഉപയോഗത്തിന്‍റെ അളവ് കുറയ്ക്കാനും കഴിയുന്നു. കൂടാതെ ഫോസില്‍ ഇന്ധനങ്ങളിലുടെ ഉപയോഗത്തിനും കുറവു വരുത്തുന്നു. പ്രധാനമായും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഫ്യൂറാന്‍, ഡയോക്സിന്‍ തുടങ്ങിയ വിഷവാതകങ്ങളുടെ അളവ് കുറയ്ക്കാനും പുന:ചംക്രമണത്തിലൂടെ കഴിയുന്നു.
തരംതിരിച്ച് മൂല്യവത്താക്കുന്നു
പാഴ്വസ്തുക്കള്‍ പ്രധാനമായും രണ്ടുതരത്തിലുള്ളവയാണ്. ജൈവം, അജൈവം, മണ്ണില്‍ അലിഞ്ഞു ചേരുന്ന മാലിന്യങ്ങള്‍ അത് ഉണ്ടാകുന്ന സ്ഥലങ്ങളില്‍ തന്നെ കഴിവതും സംസ്കരിക്കുക. വീടുകളില്‍ ഇതിനായി ബയോബിന്നുകള്‍, കലംകമ്പോസ്റ്റ്, കംപോസ്റ്റ് കുഴികള്‍, ബയോഗ്യാസ് പ്ലാന്‍റുകള്‍ തുടങ്ങി ഉചിതമായ കംപോസ്റ്റിംഗ് സംവിധാനം ഉപയോഗിക്കാം. അല്ലെങ്കില്‍ പറമ്പിലെ ചെടികള്‍ക്കും മറ്റും വളമാക്കാം. സ്ഥാപനങ്ങള്‍ക്കും മറ്റുമായി പഞ്ചായത്തും, നഗരസഭകളും തുമ്പൂര്‍മൊഴി കംപോസ്റ്റ് സംവിധാനങ്ങള്‍ പ്രദേശിക തലത്തില്‍ ഒരുക്കിയിട്ടുണ്ട്. അവിടെ ഇവ കംപോസ്റ്റാക്കി മാറ്റാം.
അജൈവ പാഴ്വസ്തുക്കള്‍ പ്ലാസ്റ്റിക് ബാഗ്, ചെരിപ്പ് , റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, കംപ്യൂട്ടര്‍, മൊബൈല്‍, സിഎഫ്എല്‍, ട്യൂബ് ലൈറ്റ് ബള്‍ബ്, തുണി തുടങ്ങിയ നിരവധി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാകും. ഇവ പക്ഷേ ഉറവിടത്തില്‍ വച്ചുതന്നെ തരംതിരിക്കാന്‍ കഴിഞ്ഞാല്‍ ഇവയുടെ സംസ്കരണം എളുപ്പമാകും. പ്രാഥമിക തരംതിരിവിനുശേഷം എംസിഎഫില്‍ എത്തിച്ച് വീണ്ടും തരംതിരിക്കുന്നു. തുടര്‍ന്ന് ആര്‍ആര്‍എഫില്‍ (റിസോഴ്സ് റിക്കവറി ഫെസിലിറ്റി)എത്തിച്ച് തരംതിരിച്ച് ബണ്ടിലുകളാക്കി (ബെയില്‍ ചെയ്ത്) കൂടുതല്‍ മൂല്യവത്താക്കുന്നു. നന്നായി തരംതിരിച്ച് ബെയില്‍ ചെയ്തുവരുന്ന പാഴ്വസ്തുക്കള്‍ കൂടുതല്‍ മൂല്യവത്താകുന്നു. റീസൈക്ലിംഗിന് തരംതിരിച്ച പാഴ്വസ്തുക്കള്‍ ആവശ്യാനുസരണം നല്‍കാനും അതിന്‍റെ വില ഈടാക്കി ഹരിതകര്‍മ്മസേനയ്ക്ക് നല്‍കുകയുമാണ് ക്ലീന്‍ കേരള കമ്പനി ചെയ്യുന്നത്.
പ്ലാസ്റ്റിക്കുകള്‍ പ്രധാനമായും 7 വിഭാഗത്തിലാണ് ഉള്ളത്. അത് തരംതിരിക്കുമ്പോള്‍ അത് കൂടുതല്‍ മൂല്യവത്താകുന്നു. പോളിഎത്തിലീന്‍ ടെറഫ്തലേറ്റ്, ഹൈഡെന്‍സിറ്റി പോളിഎത്തിലീന്‍, പോളിവിനൈല്‍ ക്ലോറ്റൈഡ്, ലോഡെന്‍സിറ്റി പോളി എത്തിലീന്‍, പോളിപ്രൊഫലീന്‍ പോളിസ്റ്റൈറീന്‍ അഥവാ സ്റ്റൈറോഫോം, പലവകയായ പ്ലാസ്റ്റിക്കുകള്‍ (പോളികാര്‍ബണേറ്റ്, പോളിലാക്റ്റൈഡ്, അക്രിലിക്ക്, അക്രിലോനൈട്രന്‍ബ്യൂട്ടാഡൈയീന്‍, സ്റ്റൈറീന്‍, ഫൈബര്‍ഗ്ലാസ്, നൈലോണ്‍ തുടങ്ങിയവ).
സംസ്ഥാനത്ത് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എംസിഎഫുകളില്‍ എത്തിക്കുകയും അവിടെ തരംതിരിച്ച പ്ലാസ്റ്റിക്കിന് മികച്ച വില ഹരിതകര്‍മ്മസേനയ്ക്ക് ക്ലീന്‍ കേരള കമ്പനി നല്‍കി സ്വീകരിക്കുകയാണ് ചെയ്യുന്നത്.
കേരളത്തിലെ മാലിന്യ സംസ്കരണ മാര്‍ഗ്ഗരേഖ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ വലിച്ചെറിയാനും കത്തിക്കാനും അവസരം നല്‍കാതെ പൊതുസമൂഹത്തെ ശരിയായ പാതയിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളാണ് തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴില്‍ നടക്കുന്നത്. നവകേരള മിഷനും ശുചിത്വമിഷനും ക്ലീന്‍ കേരള കമ്പനിയും ഇക്കാര്യത്തില്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളാണ്. മാലിന്യം ഉറവിടത്തില്‍ തന്നെ രണ്ടായി തരംതിരിക്കുന്നു. ഇതിനുവേണ്ട അറിവ് പൊതുസമൂഹത്തിന് നല്‍കിയ പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടത്തിയത്. അതു ഇപ്പോഴും തുടരുന്നു. “എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം” എന്ന തിരിച്ചറിവ് പൊതുസമൂഹത്തിന് പൂര്‍ണ്ണമായി എത്തിക്കേണ്ടതുണ്ട്. എന്നിരുന്നാല്‍ മാത്രമേ പൂര്‍ണ്ണമായും വീടുകളും സ്ഥാപനങ്ങളും ഉറവിടത്തില്‍ തന്നെ മാലിന്യം തരംതിരിച്ച് സംസ്കരിക്കാന്‍ നടപടിയെടുക്കുകയുള്ളൂ. 100% വീടുകളും സ്ഥാപനങ്ങളും ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ ഫീ നല്‍കാന്‍ ശീലിക്കേണ്ടതുണ്ട്.
നമ്മുടെ തദ്ദേശഭരണ സംവിധാനത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 30000 ത്തിലധികം ഹരിതകര്‍മ്മസേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഹരിതകര്‍മ്മസേനയുടെ സമ്പൂര്‍ണ്ണമായ ഇടപെടല്‍ തദ്ദേശസ്വയംഭരണ വാര്‍ഡിലുള്ള എല്ലാ വീടുകളിലും എത്തേണ്ടതുണ്ട്. അത്തരത്തില്‍ വീടുകളില്‍ നിന്നും ലഭിക്കുന്ന യൂസര്‍ഫീയും ശേഖരിക്കുന്ന പാഴ്വസ്തുക്കള്‍ മൂല്യവത്താക്കി ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി ലഭിക്കുന്ന തുകയും ചേര്‍ത്ത് കുറഞ്ഞത് പതിനായിരം രൂപ ഒരു ഹരിതകര്‍മ്മസേനാംഗത്തിന് ലഭിക്കാന്‍ തക്ക വിധത്തിലുള്ള ഇടപെടല്‍ പ്രാദേശിക സര്‍ക്കാരുകള്‍ ചെയ്യേണ്ടതുണ്ട്.
കലണ്ടര്‍
വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന പാഴ്വസ്തുക്കള്‍ 2023 ജനുവരി മുതല്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗീകാരത്തോടെ കളക്ഷന്‍ കലണ്ടര്‍ ക്ലീന്‍ കേരള കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാഴ്വസ്തു ശേഖരണ കലണ്ടര്‍
ക്രമ നം: ഇനം ശേഖരിക്കുന്ന മാസം
1. ഇ വേസ്റ്റ് ജനുവരി
2. തുണിവേസ്റ്റ് ഫെബ്രുവരി
3. ആപല്‍ക്കരമായ
ഇ മാലിന്യങ്ങള്‍
പിക്ചര്‍ ട്യൂബ്,
ബള്‍ബ്, ട്യൂബ്, കണ്ണാടി മാര്‍ച്ച്
4. ചെരുപ്പ്, ബാഗ്,
തെര്‍മ്മോക്കോള്‍,
തുകല്‍, കാര്‍പെറ്റ്,
അപ്ഹോഴ്സറി വേസ്റ്റ്
(ഉപയോഗശൂന്യമായ
മെത്ത, തലയണ,
പ്ലാസ്റ്റിക് പായ) ഏപ്രില്‍
5. കുപ്പി, ചില്ലുമാലിന്യങ്ങള്‍ മെയ്
6. ഉപയോഗശൂന്യമായ
വാഹന ടയര്‍ ജൂണ്‍
7 ഇ വേസ്റ്റ് ജൂലൈ
8 പോളിഎത്തിലീന്‍
പ്രിന്‍റിംഗ് ഷീറ്റ്, സ്ക്രാപ്പ്
ഇനങ്ങള്‍ ആഗസ്റ്റ്
9 മരുന്ന് സ്ട്രിപ്പ് സെപ്റ്റംബര്‍
10 ആപത്കരമായ
ഇ- മാലിന്യങ്ങള്‍
പിക്ചര്‍ ട്യൂബ്,
ബള്‍ബ്, ട്യൂബ്, കണ്ണാടി ഒക്ടോബര്‍
11 ചെരുപ്പ്, ബാഗ്,
തെര്‍മ്മോക്കോള്‍, തുകല്‍,
കാര്‍പ്പെറ്റ്, അപ്ഹോഴ്സറി
വേസ്റ്റ് (ഉപയോഗശൂന്യമായ
മെത്ത, തലയണ,
പ്ലാസ്റ്റിക് പായ) നവംബര്‍
12 കുപ്പി, ചില്ലുമാലിന്യങ്ങള്‍ ഡിസംബര്‍
എല്ലാ മാസവും പേപ്പര്‍, പ്ലാസ്റ്റിക് കവറുകളും ഇത്തരത്തില്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്നവ പ്രാഥമിക തരംതിരിവിന് ശേഷം വാര്‍ഡുതല മിനി എംസിഎഫില്‍ സൂക്ഷിക്കുന്നു. രണ്ടാംഘട്ട തരംതിരിവ് മിനി എംസിഎഫില്‍ നടക്കേണ്ടതുണ്ട്. അതിനാവശ്യമായ വിസ്തീര്‍ണ്ണത്തിലാവണം മിനി എംസിഎഫ് പണിയേണ്ടത്. ജനസംഖ്യാനുപാതികമായി 500 സ്ക്വയര്‍ഫീറ്റ് വരെയെങ്കിലും വാര്‍ഡ് തല മിനി എംസിഎഫിന് വലുപ്പം ഉണ്ടായിരിക്കണം. രണ്ടാംഘട്ട തരംതിരിവു കഴിഞ്ഞ ശേഷം എല്‍എസ്ജി തല കേന്ദ്രീകൃത എംസിഎഫില്‍ എത്തിച്ച് ഫലപ്രദമായി തരംതിരിക്കണം. അവിടെ കുറഞ്ഞത് 1500 മുതല്‍ 2000 സ്ക്വയര്‍ഫീറ്റ് വരെ വിസ്തൃതമായ സ്ത്രീസൗഹൃദ കെട്ടിടം ആയിരിക്കണം, എംസിഎഫിന് കണ്ടെത്തേണ്ടത്. ആവശ്യത്തിന് കാറ്റും വെളിച്ചവും റോഡ് സൗകര്യവും ഉള്ള സ്ഥലമാണ് എംസിഎഫിന് തിരഞ്ഞെടുക്കേണ്ടത്. വൈദ്യുതിയും കുടിവെള്ളവും അവിടെയുണ്ടാകണം. പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന തരത്തിലുള്ള ഗൗരവമേറിയ പ്രവര്‍ത്തനങ്ങള്‍ ഓരോ തദ്ദേശസ്വയംഭരണ വാര്‍ഡിലും എല്‍എസ്ജികളുടെ നേതൃത്വത്തില്‍ നടക്കണം. വാര്‍ഡുതല ജനപ്രതിനിധികള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് ഏറ്റെടുത്താല്‍ മാത്രമേ വാതില്‍പ്പടി ശേഖരണം ഫലപൂര്‍ത്തീകരണത്തിലെത്തിക്കാനാകൂ. മാലിന്യം വലിച്ചെറിയുക, കത്തിക്കുക എന്ന ശീലത്തില്‍ നിന്നും പൂര്‍ണ്ണമായും ജനതയെ പിന്‍തിരിപ്പിച്ച് പുതിയൊരു സംസ്കാരം സൃഷ്ടിക്കുക എന്നത് പരമപ്രധാനമാണ്.
ക്ലീന്‍ കേരള കമ്പനി
നഗരസഭകളുടെ 76% ഓഹരിയും, സര്‍ക്കാരിന്‍റെ 24% ഓഹരിയും സ്വരൂപിച്ചുകൊണ്ടാണ് കമ്പനി രൂപീകരിച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണാ സംവിധാനമായാണ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പൊതുമേഖലാ സ്ഥാപനമായി കമ്പനി പ്രവര്‍ത്തിക്കുന്നത്. 2016ല്‍ വന്ന ഖരമാലിന്യ മാനേജ്മെന്‍റ് ചട്ടവും കേരളത്തിലെ പുതിയ സര്‍ക്കാരിന്‍റെ ഇടപെടലും കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനും ഇടയാക്കി. കേവലം നാമമാത്രമായ ആളുകളോടുകൂടി തുടങ്ങിയ പ്രവര്‍ത്തനം എല്ലാ ജില്ലകളിലും വിപുലപ്പെടുത്താനായി. 14 ജില്ലകളിലും കമ്പനിക്ക് ഓഫീസുകളും ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിന് ജില്ലാ മാനേജരെ കൂടാതെ കൂടുതല്‍ ജീവനക്കാരെയും നിയോഗിച്ചു. ഇത് എല്‍എസ്ജി തല പാഴ്വസ്തു ശേഖരണ നടപടികളെ ത്വരിതപ്പെടുത്തി. ഒരു ജില്ലയെ ബ്ലോക്കുതലത്തില്‍ സമീപ നഗരസഭകളെ ഉള്‍പ്പെടുത്തി 4 സെക്ടറായി വിഭജിച്ച് ഓരോ സെക്ടറിലേയും പാഴ്വസ്തുക്കള്‍ എന്നാണ് എല്‍എസ്ജി കളിലെ എംസിഎഫ്/ആര്‍ആര്‍എഫുകളില്‍ നിന്നും മാറ്റുന്നതെന്ന് മുന്‍കൂട്ടി കലണ്ടര്‍ തയ്യാറാക്കി നല്‍കി, അതു പ്രകാരം പ്രവര്‍ത്തനത്തില്‍ കൃത്യത ഉറപ്പുവരുത്തുന്നു. 1.1.2021 നു ശേഷമാണ് തരംതിരിച്ച പ്ലാസ്റ്റിക്കിന് കമ്പനി വില നിശ്ചയിച്ചതും ഹരിതകര്‍മ്മസേനയ്ക്ക് നല്‍കിത്തുടങ്ങിയതും. 1.1.2021 മുതല്‍ 31.3.2022 വരെ 5025.7 ടണ്‍ തരംതിരിച്ച പ്ലാസ്റ്റിക് കമ്പനി ശേഖരിച്ച് റീസൈക്കിള്‍ ചെയ്യുന്നതിന് നല്‍കി. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് 2.80 കോടി രൂപ ഹരിതകര്‍മ്മസേനയ്ക്ക് നല്‍കി. 1.4.2022 മുതല്‍ 28.02.2023 വരെ 6311 മെട്രിക് ടണ്‍ ശേഖരിച്ചു നല്‍കാനും 4.36 കോടി രൂപ ഹരിതകര്‍മ്മസേനയ്ക്ക് നല്‍കാനും കഴിഞ്ഞു. കഴിഞ്ഞ 23 മാസം കൊണ്ട് 7.16 കോടി രൂപ ഹരിതകര്‍മ്മസേനയ്ക്ക് നല്‍കാന്‍ കഴിഞ്ഞത് കമ്പനിയുടെ പ്രവര്‍ത്തന മികവായി കണക്കാക്കുന്നു. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വീട്ടുകാര്‍ക്ക് വില ലഭിക്കാത്ത എല്ലാ പാഴ്വസ്തുക്കള്‍ക്കും മെച്ചപ്പെട്ട വിലയാണ് ക്ലീന്‍ കേരള കമ്പനി നല്‍കുന്നത്. മൂന്നുമാസത്തിലൊരിക്കല്‍ ജില്ലാ ഏകോപനസമിതി വില പരിഷ്ക്കരിച്ച് പരിശോധിക്കുന്നു. ഇതേ കാലത്ത് നിഷ്ക്രിയ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിലും മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. 2018 ലെ പ്രളയകാലത്ത് 18234 ടണ്‍ നിഷ്ക്രിയ മാലിന്യം നീക്കം ചെയ്തു. നാളിതുവരെയായി 60000 ടണ്‍ നിഷ്ക്രിയ മാലിന്യം നീക്കം ചെയ്ത് സംസ്കരിക്കാന്‍ കഴിഞ്ഞു. കമ്പനി ഇത്തരം പ്രവര്‍ത്തനം നടത്തുന്നതിന് ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. കൃത്യമായി വാഹനങ്ങളുടെ റൂട്ട് ട്രാക്ക് ചെയ്താണ് പ്രവര്‍ത്തനം നടത്തുന്നത്. ശാസ്ത്രീയമായ പാഴ്വസ്തു സംസ്കരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനകം 3080 ടണ്‍ പ്ലാസ്റ്റിക് പൊടിച്ച് പോളിമറ്റൈസ്ഡ് റോഡ് നിര്‍മ്മാണത്തിന് നല്‍കി. സംസ്ഥാനത്ത് 5421 കിലോമീറ്റര്‍ പോളിമറ്റൈസ്ഡ് റോഡ് നിര്‍മ്മിക്കാന്‍ കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം 251 ടണ്‍ തുണിമാലിന്യം, 212 ടണ്‍ ഇ വേസ്റ്റ്, 867 ടണ്‍ ചില്ലുമാലിന്യം, 36 ടണ്‍ ഇ ഹസാഡസ്, 3658 ടണ്‍ സ്ക്രാപ്പ് ഐറ്റം തുടങ്ങിയവ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കാന്‍ കഴിഞ്ഞു. മരുന്ന് സ്ട്രിപ്പുകള്‍, സിഎഫ് ബള്‍ബ്, ട്യൂബ് ലൈറ്റ് തുടങ്ങിയവ ശേഖരിക്കാനും പ്രത്യേക സംവിധാനം ഒരുക്കി. ഇതുസംബന്ധിച്ച് എനര്‍ജി മാനേജ്മെന്‍റുമായും, ഡ്രഗ്സ് കണ്‍ട്രോളറുമായി ഉടമ്പടി വച്ച് പ്രവര്‍ത്തനം നടത്തുന്നു.
എല്ലാ ജില്ലകളിലും പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തി പാഴ്വസ്തു സംസ്കരണം ഫലപ്രദമായി നടത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. സംസ്ഥാനത്ത് ഗ്രാമ നഗര പ്രദേശങ്ങളിലായി 195 ആര്‍ആര്‍എഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി)പ്രവര്‍ത്തിക്കുന്നു. ഇവയില്‍ നഗരസഭാ പ്രദേശങ്ങളിലെ 39 കേന്ദ്രങ്ങളിലെ ആര്‍ആര്‍എഫുകളില്‍ നിന്നും കമ്പനി പാഴ്വസ്തുക്കള്‍ ശേഖരിച്ച് സംസ്കരണത്തിന് നല്‍കുന്നു. ബ്ലോക്കുതല ആര്‍ആര്‍എഫുകളില്‍ നിന്നും പാഴ്വസ്തുക്കള്‍ യഥാസമയം മാറ്റുന്നതിനുള്ള നടപടിയും കമ്പനി ചെയ്യുന്നുണ്ട്. എല്ലാ ജില്ലകളിലും റീസൈക്ലിംഗ് യൂണിറ്റുകള്‍ ആരംഭിക്കുക എന്ന ദൗത്യമാണ് കമ്പനി ഏറ്റെടുത്തിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും സംയോജിത പാഴ്വസ്തു സംസ്കരണ കേന്ദ്രം ആരംഭിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. സര്‍ക്കാരിന്‍റെ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ കാര്യങ്ങള്‍ക്കായി 53.5 കോടി രൂപ അനുവദിച്ചിട്ടുള്ളതുമാണ്. അതില്‍ 4.5 കോടി രൂപ ചെലവാക്കി ഇതിനകം 32 സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങളില്‍ എംസിഎഫ് പണിതുനല്‍കി. ഇത് ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനുള്ള ചുമതല ബന്ധപ്പെട്ട ഓഫീസ് മേലധികാരി/എസ്റ്റേറ്റ് ഓഫീസര്‍മാരാണ് നിര്‍വ്വഹിക്കുന്നത്. അവിടെ എത്തുന്ന അജൈവ പാഴ്വസ്തുക്കള്‍ സമയബന്ധിതമായി ക്ലീന്‍ കേരള കമ്പനി മാറ്റി ഓഫീസ് അന്തരീക്ഷം മാലിന്യ മുക്തമാക്കാന്‍ സഹായിക്കുന്നു.
ഫലപ്രദമായി എംസിഎഫുകള്‍ പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ, വാതില്‍പടി ശേഖരണം കൃത്യമായി നടക്കുകയുള്ളൂ. വീടും പരിസരവും, പൊതുസ്ഥലങ്ങളും ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ മാലിന്യമുക്തമാക്കാനാവും. ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ലഘൂകരിക്കാനും ക്രമീകരിക്കാനും എംസിഎഫുകളില്‍ ഒരു കണ്‍വെയര്‍ ബെല്‍റ്റും, പാഴ്വസ്തുക്കള്‍ ബണ്ടിലാക്കി ഒതുക്കിവയ്ക്കുന്നതിന് ഒരു ബെയിലിംഗ് മെഷീനും, ഒരു വേയിംഗ് മെഷീനും ആവശ്യമാണ്. ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്തിടത്ത് ദ്രുതഗതിയില്‍ ഒരുക്കുന്നതിനുള്ള പരിശ്രമത്തിലാണ് പ്രാദേശിക സര്‍ക്കാരുകള്‍.
“എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്തം” എന്ന ആശയം ആളുകള്‍ പൂര്‍ണ്ണമായി സ്വീകരിക്കുകയും, മാലിന്യം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്യാത്ത ഒരു സംസ്കാരം പൂര്‍ണ്ണമായും സ്വീകരിക്കുമ്പോള്‍ മാത്രമേ നമുക്ക് സമ്പൂര്‍ണ്ണ വിജയം കൈവരിക്കാനാകൂ. എന്നാല്‍ അത് അതിവിദൂരമല്ല. ♦
(ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറാണ് ലേഖകന്‍)