Saturday, April 27, 2024

ad

ചിന്ത വാരിക 60 വർഷം പൂർത്തിയാക്കുകയാണ്. വളർച്ചയുടെ പാതയിലൂടെ പുതിയ ഉയരങ്ങളിലേക്ക് കയറുകയാണിപ്പോൾ. കഴിഞ്ഞ ഏതാനും മാസങ്ങളായി വാരികയുടെ ഉള്ളടക്കത്തിലും കെട്ടിലും മട്ടിലുമെല്ലാം വളരെ വലിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്.

ആറു പതിറ്റാണ്ടുകാലത്തെ വളർച്ചയുടെ ഈ പാതയിൽ പുതിയൊരു അധ്യായം രചിച്ചിരിക്കുകയാണ്; അനശ്വരനായ സഖാവ് ഇ എം എസിന്റെ 25–ാം ചരമവാർഷികാചരണവേളയിൽ ചിന്ത പ്ലസ് എന്ന ഓൺലെെൻ പ്രസിദ്ധീകരണം കൂടി ആരംഭിച്ചിരിക്കുകയാണ്. ചിന്ത വാരിക ഇനി മേൽ അച്ചടിച്ച 48 പേജിനു പുറമേ ഓൺലെെനിൽ 52 പേജ് അധികം ചേർത്ത് 100 പേജായാണ് വിലയിൽ മാറ്റമില്ലാതെ വായനക്കാർക്ക് ലഭ്യമാക്കുന്നത്. അങ്ങനെ ചിന്ത ഹെെബ്രിഡ് മാതൃകയിൽ കൂടുതൽ വെെവിധ്യമാർന്ന ഉള്ളടക്കത്തോടെ ഓരോ ലക്കവും പുറത്തിറങ്ങുകയാണ്.

വാരികയുടെ ഉള്ളടക്കം വായനക്കാർക്ക് കൂടുതൽ ആകർഷകവും സ്വീകാര്യവും ആക്കുന്നതിന്റെ ഭാഗമായി ഓരോ ലക്കത്തിലും ഓരോ വിഷയം തെരഞ്ഞെടുത്ത് പഠനാർഹമായ ലേഖനങ്ങളടങ്ങുന്ന കവർസ്റ്റോറിക്ക് പ്രാധാന്യം നൽകിത്തുടങ്ങിയപ്പോൾ പകുതിയിലേറെ പേജ് മിക്കപ്പോഴും അതിനായി നീക്കി വയ്ക്കേണ്ടതായി വരുന്നു. അതുകൊണ്ടുതന്നെ പല സ്ഥിരം പംക്തികളും കാലികപ്രാധാന്യമുള്ള പല വിഷയങ്ങൾ സംബന്ധിച്ച ലേഖനങ്ങളും നൽകാൻ സ്ഥലപരിമിതി തടസ്സമായിത്തീർന്നു. ഇതിനു പരിഹാരം പേജ് വർധിപ്പിക്കലാണ്. ഇന്നത്തെ 48 പേജുതന്നെ, അച്ചടിച്ചെലവും അച്ചടിക്കടലാസ് വിലയും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ബ്ലാക്ക് ആൻഡ് വെെറ്റിൽ നിന്ന് കളറിലേക്ക് മാറിയതുകൊണ്ടുള്ള അധികച്ചെലവും മൂലം നിലവിലെ വിലയായ 15 രൂപയ്ക്ക് നൽകാൻ അസാധ്യമായ സ്ഥിതിയാണ്. എന്നാൽ വാരികയുടെ വില വർധിപ്പിക്കുന്നത് വായനക്കാരെ സംബന്ധിച്ചിടത്തോളം അധികഭാരമാകും. അതുകൊണ്ടുതന്നെ അതിനും ഞങ്ങൾ തയ്യാറാകുന്നില്ല.

ഈ സാഹചര്യത്തിലാണ് ഓൺലെെനായി കൂടി കൂടുതൽ ഉള്ളടക്കത്തോടെ വാരിക പ്രസിദ്ധീകരിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. അങ്ങനെയാണ് ചിന്ത പ്ലസ് ജന്മം കൊണ്ടത്. അതിൽ ഇപ്പോൾ അച്ചടിച്ചിറങ്ങുന്ന വാരികയുടെ ഉള്ളടക്കത്തോടൊപ്പം രാജ്യങ്ങളിലൂടെ, സംസ്ഥാനങ്ങളിലൂടെ, ഗവേഷണം, കേരള പഠനം, സിനിമ, പുസ്തക നിരൂപണം, കല, ജൻഡർ, നാടകം, സ്–പോർട്സ് തുടങ്ങിയ വെെവിധ്യപൂർണമായ വിഭവങ്ങളുമുണ്ടാകും. ഇതിലൂടെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന സമരങ്ങൾ, രാഷ്ട്രീയ ചലനങ്ങൾ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന സമരങ്ങൾ, മറ്റു സംഭവ വികാസങ്ങൾ എന്നിവ അപ്പപ്പോൾ വായനക്കാരെ അറിയിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വായനക്കാരിൽ നിന്നുള്ള ഇടപെടലുകളും ഞങ്ങൾ ആഗ്രഹിക്കുന്നു.

ഇതിനെല്ലാം പുറമേ കവർസ്റ്റോറിയുമായി ബന്ധപ്പെട്ടുവരുന്ന കുറെ ലേഖനങ്ങളും ദീർഘമായ ലേഖനങ്ങളിലെ കുറച്ചുഭാഗങ്ങളും ഓൺലെെനിൽ വായിക്കാനാകും. www.chintha.in എന്ന സെെറ്റിൽ 100 പേജ് ഉള്ളടക്കം വരുന്ന വാരിക നിങ്ങൾക്ക് വായിക്കാം. ഇല്ലെങ്കിൽ അച്ചടിച്ച വാരികയുടെ ചിന്ത പ്ലസ് ഉള്ളടക്കം പേജിൽ നൽകിയിട്ടുള്ള QR കോഡ്‌ സ്‌കാൻ ചെയ്‌താലും ഓൺലൈൻ പേജിൽ എത്താം.

പ്രിയപ്പെട്ട വായനക്കാർ ഈ മാറ്റങ്ങൾ ഉൾക്കൊള്ളുമെന്നും ഞങ്ങളോട് ഇനിയും കൂടുതൽ സഹകരിക്കുമെന്നും മുൻപ് തീരുമാനിച്ചിട്ടുള്ളതുപോലെ ഓരോ പാർട്ടി ബ്രാഞ്ച് മേഖലയിലും ചിന്ത റീഡേഴ്സ് ക്ലബ് എന്ന പേരിൽ വായനക്കൂട്ടായ്മകൾ രൂപീകരിച്ച് പാർട്ടി വിദ്യാഭ്യാസത്തിനുള്ള ഉപാധിയായി ചിന്ത വാരികയെ കൃത്യമായും ഉപയോഗപ്പെടുത്തുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ചിന്ത പ്രവർത്തകർ

ചിന്ത പ്ലസ് ഉദ്ഘാടനം ചെയ്തു
60 വർഷം പൂർത്തിയാക്കുന്ന ചിന്ത വാരികയുടെ ഓൺലെെൻ പതിപ്പായ ചിന്ത പ്ലസിന്റെ ഉദ്ഘാടനം നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ 2023 മാർച്ച് 20ന് 3 മണിക്ക് എ കെ ജി സെന്ററിൽ വച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. ചിന്ത പത്രാധിപർ ഡോ. ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ആർ പാർവതിദേവീ ചിന്ത പ്ലസ് അവതരിപ്പിച്ചു. പി കെ ശ്രീമതി ടീച്ചർ, സി പി നാരായണൻ എന്നിവർ പങ്കെടുത്തു. കെ എ വേണുഗോപാലൻ സ്വാഗതവും കെ ആർ മായ നന്ദിയും പറഞ്ഞു.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + seven =

Most Popular