Saturday, April 27, 2024

ad

Homeറിപ്പോര്‍ട്ട്ചിന്ത വാരിക 
സ്വതന്ത്ര സോഫ്‍റ്റ്‍വെയറിലേക്ക്

ചിന്ത വാരിക 
സ്വതന്ത്ര സോഫ്‍റ്റ്‍വെയറിലേക്ക്

ചിന്ത വാരിക പൂർണ്ണമായും സ്ക്രൈബസ് സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് രൂപകല്പന ചെയ്ത് പ്രസിദ്ധീകരിച്ച് തുടങ്ങിയിരിക്കുകയാണ്.

ശാസ്ത്ര സാങ്കേതികവിദ്യകളുടെ സ്വതന്ത്രമായ ഉപയോഗത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന സമൂഹമാണ് കേരളത്തിലേത്. കഴിഞ്ഞ ചില നൂറ്റാണ്ടുകളിലായി, ലോകത്ത് നിലനിന്നിരുന്ന ഇംഗ്ലീഷ് പ്രമാണിത്വത്തിന്റെ ഫലമായി, ആധുനിക വിവരസാങ്കേതികവിദ്യയുടെ സ്വാഭാവിക ഭാഷയായി മാറിയത് ഇംഗ്ലീഷാണ്‌. എന്നാൽ ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് പ്രാദേശികഭാഷകളെയാണ്‌. ഇംഗ്ലീഷ്‌ അറിയാവുന്നത് ചെറു ന്യൂനപക്ഷത്തിന് മാത്രമാണ്‌. മറ്റുള്ള വലിയൊരു വിഭാഗം ജനങ്ങൾക്ക് ഇംഗ്ലീഷിൽ സംവദിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ഏറെ പരിമിതികളുണ്ടായിട്ടുണ്ട്. ഇത് ജനങ്ങൾക്കിടയിലുള്ള വിവരവിടവിന്‌ ഒരു പ്രധാനകാരണമായിരുന്നു.

മനുഷ്യർ സ്വായത്തമാക്കിയ വളരെയേറെ അറിവുകളും, സംസ്കാരങ്ങളും പ്രാദേശിക ഭാഷകളിലൂടെയാണ്‌ നിലനിൽക്കുന്നത്. അവയുടെ നിലനിൽപ്പിനും പരിപോഷണത്തിനും, പ്രാദേശിക ഭാഷകൾക്ക് വഴങ്ങുന്ന സാങ്കേതികവിദ്യയെ വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഈ തിരിച്ചറിവിൽ നിന്നുമാണ്‌, ലോകത്താകെ പ്രാദേശിക ഭാഷാസാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്‌. എന്നാൽ സോഫ്റ്റ്‌വെയർ രംഗത്ത് വ്യാപകമായിരുന്ന കുത്തകവൽക്കരണവും, അറിവ്‌ പൂഴ്–ത്തിവെക്കലും കാരണം, ആ ശ്രമങ്ങൾ കടുത്ത പ്രതിസന്ധികളെ നേരിടേണ്ടി വന്നു.

ഭാഷ സ്വതന്ത്രമായി വികസിച്ചുവന്ന ഒരു ഉപാധിയാണ്. അതിനാൽ ഭാഷാ സാങ്കേതികവിദ്യ ഫലപ്രദമാകണമെങ്കിൽ, അവ ഭാഷയുടെ സ്വതന്ത്രമായ ഉപയോഗത്തെ തടയുന്നതാകരുത്‌. ഭാഷാ സാങ്കേതികവിദ്യയുടെ വികസനത്തിൽ പൊതുസമൂഹത്തിന് ഇടപെടാൻ സാധിക്കണം, കൂടാതെ അവ സ്വതന്ത്രമായി പരിശീലിക്കുവാനും പരിപാലിക്കുവാനും പരിഷ്കരിക്കുവാനും സാധിക്കണം. സ്വതന്ത്രസോഫ്റ്റ്‌വെയറിലൂടെ മാത്രമെ ഇതൊക്കെ സാധ്യമാകുകയുള്ളൂ. അതിനാൽ ഭാഷയ്ക്ക് സാങ്കേതികമായ സ്വയം പര്യാപ്തത ഉറപ്പാക്കാൻ സ്വതന്ത്രസോഫ്റ്റ്‌വെയർ തന്നെ വേണം. ഈ തിരിച്ചറിവോടെയാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോഗത്തെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്.

പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കത്തിന്റെ രൂപകല്പന ചെയ്യാൻ ഉപയോഗിക്കുന്ന, വ്യാപകമായി പ്രചാരത്തിലുള്ള മിക്ക കുത്തക സോഫ്റ്റ്‌വെയറുകളും കമ്പോള താല്പര്യത്തോടെ വികസിപ്പിച്ചവയാണ്. അവയുടെ സ്രോതസ് രഹസ്യമാക്കി വെച്ചിരിക്കുന്നതിനാലും അനുമതി കരാറിലൂടെ അവയുടെ പഠനവും വികസനവും തടഞ്ഞിരിക്കുന്നതിനാലും ഭാഷാ സാങ്കേതികവിദ്യയുടെ സ്വതന്ത്രമായ വികാസം അവയിലൂടെ നടക്കാതെ പോകുന്നു.

പ്രസിദ്ധീകരണങ്ങൾ രൂപകൽപന ചെയ്യുന്നതിനുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുവാൻ പ്രസാധകർ പൊതുവെ തയ്യാറായിരുന്നില്ല. അവർ ഉപയോഗിച്ച് ശീലമായ കുത്തക സോഫ്റ്റ്‍വെയറുകളായിരുന്നു എന്നതാണ് ഇതിന് കാരണം. ഈ തടസ്സം മറികടക്കാൻ നല്ല ഇച്ഛാശക്തിയോടുകൂടിയുള്ള ശ്രമം ആവശ്യമാണ്. ദേശാഭിമാനിയുടെ പ്രസിദ്ധീകരണ വിഭാഗം നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമായാണ് 2021 മുതൽ പത്രം പൂർണ്ണമായും സ്ക്രൈബസ് ഉപയോഗിച്ച് പ്രസിദ്ധീകരിച്ചുതുടങ്ങിയത്. ദേശാഭിമാനി സങ്കേതിക വിഭാഗം എറണാകുളത്ത് പ്രവർത്തിക്കുന്ന അനുയോജ്യ സാങ്കേതികവിദ്യാ പ്രോത്സാഹക സംഘത്തിന്റെ സഹായത്തോടെയാണ്‌ ഇത് സാധ്യമാക്കിയത്.


2002 മുതലാണ്‌ സ്ക്രൈബസ് വികസിപ്പിച്ചു തുടങ്ങിയത്; യുറോപ്പിൽ നിന്നുമുള്ള സോഫ്റ്റ്‌വെയർ തൊഴിലാളികളാണ് ഇതിനു പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത്. വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇതു യുറോപ്പിലാകെ നല്ല തോതിൽ ഉപയോഗിച്ചു തുടങ്ങി. എന്നാൽ, കൂട്ടക്ഷരങ്ങളും, ചിത്രലിപികളും നിറഞ്ഞ, താരതമ്യേന സങ്കീർണ്ണമായ ഭാഷകളുടെ യുണിക്കോഡ് അക്ഷരങ്ങളുടെ (Fonts) സാക്ഷാത്കരണം (Rendering) സ്ക്രൈബസിൽ പെട്ടെന്നു വഴങ്ങുന്നതായിരുന്നില്ല. അതിനാൽ ഏഷ്യൻ, ആഫ്രിക്കൻ ഭാഷകൾക്കായി സ്ക്രൈബസ് ഉപയോഗിക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. ഭിന്ന ഭാഷകളെ ഒരുമിച്ചു കൈകാര്യം ചെയ്യുന്നതിൽ പരിമിതിയുള്ള ASCII സംവിധാനത്തിൽ പ്രവർത്തിക്കുന്ന പ്രസിദ്ധീകരണ സോഫ്റ്റ്‌വെയറുകൾ പ്രസാധകരുടെമേൽ അടിച്ചേൽപ്പിക്കുകയും ചെയ്തു, കുത്തക സോഫ്റ്റ്‌വെയറുകൾ പോലെ ASCII സംവിധാനത്തിൽ ഏതൊരു ഭാഷയും കൈകാര്യം ചെയ്യാൻ സ്ക്രൈബസിനു സാധ്യവുമായിരുന്നു.

സ്ക്രൈബസിന്, ഇന്ത്യൻ ഭാഷകൾക്കായുള്ള യുണിക്കോഡ് പിന്തുണ വികസിപ്പിച്ചെടുക്കാനായി പല ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും അവയൊന്നും ആകാലങ്ങളിൽ വിജയിച്ചിരുന്നില്ല. മറ്റു സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ അക്ഷര സാക്ഷാത്കരണത്തിനായി (Rendering) ബാഹ്യ ലൈബ്രറികൾ ഉപയോഗിക്കുമ്പോൾ, സ്ക്രൈബസ് അതിന്റേതായ ഒരു സംവിധാനമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ത്യൻ ഭാഷകൾക്കടക്കമുള്ള യുണിക്കോഡ് പിന്തുണ വികസിപ്പിക്കുന്നതിൽ ഇതാണു പ്രധാന തടസ്സമായിരുന്നത്. 2012-ൽ അന്നത്തെ ആന്ധ്രപ്രദേശ് സംസ്ഥാനത്തെ സിപിഐ എം മുഖപത്രമായ പ്രജാശക്തിക്കു വേണ്ടി, അനുയോജ്യ സാങ്കേതികവിദ്യാ പ്രോത്സാഹക സംഘമാണ് സ്ക്രൈബസ്സിൽ ഇന്ത്യൻ ഭാഷകൾക്കായുള്ള യുണിക്കോഡ് പിന്തുണ വികസിപ്പിച്ചത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 5 =

Most Popular