Sunday, May 19, 2024

ad

Homeകവര്‍സ്റ്റോറിഅധികാരവികേന്ദ്രീകരണം ഇ എം എസിന്‍റെ കാഴ്ചപ്പാട്

അധികാരവികേന്ദ്രീകരണം ഇ എം എസിന്‍റെ കാഴ്ചപ്പാട്

ഡോ. ടി എം തോമസ് ഐസക്

നകീയാസൂത്രണത്തിന്‍റെ ആദ്യവര്‍ഷം പ്രൊഫ. എം.ജി.എസ്. നാരായണനുമായി ഒരു സംവാദം നടന്നു. എം.ജി.എസിന്‍റെ വിമര്‍ശനം ഇതായിരുന്നു: ജനാധിപത്യ കേന്ദ്രീകരണത്തിന്‍റെ അടിസ്ഥാനത്തിലുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എങ്ങനെ ജനാധിപത്യ വികേന്ദ്രീകരണം നടപ്പാക്കാനാകും? പലയിടത്തും ഉയരാറുള്ള ഒരു വിമര്‍ശനമാണിത്. ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്‍റെ അടിസ്ഥാനത്തിലുള്ള പാര്‍ട്ടി ഭരിച്ച പശ്ചിമബംഗാള്‍, കേരളം, ത്രിപുര എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ അധികാരവികേന്ദ്രീകരണം ഏറ്റവും ഫലപ്രദമായി നടപ്പിലായിട്ടുള്ളതെന്ന വസ്തുത ഒരു വിരോധാഭാസമായിട്ടാണ് അവര്‍ ചൂണ്ടിക്കാണിക്കുക.

ഇ എം എസിന് ഇക്കാര്യത്തില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. ജനാധിപത്യകേന്ദ്രീകരണം പാര്‍ട്ടിയുടെ സംഘടനാ തത്വമാണ്. ഇതിന്‍റെ അടിസ്ഥാനത്തിലല്ല ഭരണസംവിധാനം പ്രവര്‍ത്തിക്കേണ്ടത്. ഭരണത്തിന്‍റെ ചട്ടക്കൂടിന്‍റെ തത്വമാണ് ജനാധിപത്യ അധികാരവികേന്ദ്രീകരണം.

അധികാരവികേന്ദ്രീകരണം സംബന്ധിച്ച ഇഎംഎസിന്‍റെ പ്രഥമരചന 1938ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ‘മദിരാശി ഗവണ്‍മെന്‍റും പ്രാദേശിക സ്വയംഭരണവും’ എന്ന ലേഖനമാണ്. ഏറ്റവും അവസാനത്തേത് മരണത്തിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് ദേശാഭിമാനിയില്‍ പ്രസിദ്ധപ്പെടുത്തിയ ‘അധികാരവികേന്ദ്രീകരണവും ഭരണപരിഷ്കാരവും’ എന്ന ലേഖനപരമ്പരയാണ്. ഇതിനിടയിലുള്ള ആറ് പതിറ്റാണ്ടിനിടയില്‍ അദ്ദേഹം അധികാരവികേന്ദ്രീകരണം സംബന്ധിച്ച മാര്‍ക്സിസ്റ്റ് – ലെനിനിസ്റ്റ് കാഴ്ചപ്പാട് വികസിപ്പിച്ചെടുത്തു. കേരളത്തില്‍ അതിനൊരു പ്രായോഗികരൂപവും ഇ എം എസ് നല്‍കി.

വര്‍ഗ്ഗപരമായ കാഴ്ചപ്പാട്
മറ്റെല്ലാ കാര്യത്തിലുമെന്നപോലെ വര്‍ഗപരമായ കാഴ്ചപ്പാടിലൂടെയാണ് അധികാരവികേന്ദ്രീകരണ പ്രശ്നത്തെയും സഖാവ് സമീപിച്ചത്. കേന്ദ്രീകൃതമായാലും വികേന്ദ്രീകൃതമായാലും അത് നിലവിലുള്ള സാമൂഹ്യവ്യവസ്ഥയുടെ ജന്മിബൂര്‍ഷ്വാ സ്വഭാവത്തില്‍ അടിസ്ഥാനപരമായ ഒരു വ്യത്യാസമുണ്ടാക്കുന്നില്ല എന്നത് വാസ്തവം തന്നെ. എന്നാല്‍ ഈ ജന്മിബൂര്‍ഷ്വാ വ്യവസ്ഥയെ മാറ്റുന്നതിനു ബഹുജനങ്ങളെ അണിനിരത്തുന്നതിനും അവര്‍ക്കു സമാശ്വാസം നല്‍കുന്നതിനും കൂടുതല്‍ സഹായകരമാകുന്നത് കൂടുതല്‍ വികേന്ദ്രീകൃതമായ ഒരു ഭരണസംവിധാനമായിരിക്കും. ഈയൊരു സമീപനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇ എം എസ് ജനാധിപത്യ അധികാരവികേന്ദ്രീകരണത്തിനു വേണ്ടിയുള്ള നിലപാടെടുത്തത്.

മുകളില്‍ വിവരിച്ച സമീപനം ഏറ്റവും സ്പഷ്ടമായി വ്യക്തമാക്കുന്ന ഒരു രേഖയാണ് അശോക് മേത്ത കമ്മിറ്റി റിപ്പോര്‍ട്ടിന് ഇഎംഎസ് എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പ്. ഇന്ത്യന്‍ മുതലാളിത്ത വികസനപാതയിലെ പ്രതിസന്ധിയെയും അതു ജനങ്ങള്‍ക്കു നല്‍കുന്ന ദുരിതങ്ങളെയും അദ്ദേഹം ആമുഖമായി ആ രേഖയില്‍ വിവരിക്കുന്നു. ഈ അവസ്ഥയില്‍നിന്നുള്ള മോചനമാര്‍ഗം ജനങ്ങളുടെ സംഘടിത പ്രസ്ഥാനങ്ങളും സമരവുമല്ലാതെ മറ്റൊന്നല്ല എന്ന് അദ്ദേഹം വിലയിരുത്തുന്നു. എന്നിട്ട് തുടര്‍ന്നു പ്രസ്താവിക്കുന്നു: “മുതലാളിത്തവും മുതലാളിത്തപൂര്‍വ്വവുമായ ചൂഷണത്തിന്‍റെ ഈ സാമൂഹ്യവ്യവസ്ഥ അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള സംഘടിത സമരത്തിന്‍റെ വീക്ഷണകോണില്‍ നിന്നുകൊണ്ടാണ് ജനാധിപത്യം സംരക്ഷിക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള പ്രശ്നത്തെ ഞാന്‍ സമീപിക്കുന്നത്.”

“ജനാധിപത്യമെന്നു പറയുമ്പോള്‍ ഇവിടെ അര്‍ത്ഥമാക്കുന്നത് പാര്‍ലമെന്‍ററി ജനാധിപത്യ സമ്പ്രദായമാണ്. പ്രായപൂര്‍ത്തി വോട്ടവകാശം, നിശ്ചിതകാലയളവില്‍ തിരഞ്ഞെടുപ്പ്, തിരഞ്ഞെടുക്കപ്പെട്ട നിയമസഭകളോട് പ്രതിബദ്ധതയുള്ള എക്സിക്യുട്ടീവ്, നിയമാധിഷ്ഠിത ഭരണം, പൗരാവകാശങ്ങളും ഭരണഘടനാപരമായ മൗലികാവകാശങ്ങളും തുടങ്ങിയവയെല്ലാം ഇവയുടെ ഭാഗമാണ്. ഇവയെല്ലാം അധ്വാനിക്കുന്ന ജനങ്ങള്‍ ദശാബ്ദങ്ങളിലെ സമരങ്ങളിലൂടെ നേടിയെടുത്ത വിലപ്പെട്ട അവകാശങ്ങളാണ്. ന്യൂനപക്ഷം വരുന്ന ചൂഷകവര്‍ഗങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിന് ചൂഷിതവര്‍ഗത്തിന് ഇവയെ ഉപയോഗപ്പെടുത്താനാവും.”

“നമ്മുടെ അനുഭവം കാണിക്കുന്നത് ന്യൂനപക്ഷം വരുന്ന ചൂഷകവര്‍ഗങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനു ശക്തമായ ഒരു ആയുധമായി പാര്‍ലമെന്‍ററി ജനാധിപത്യവ്യവസ്ഥയെ ഉപയോഗപ്പെടുത്താമെന്നതാണ്. തന്മൂലം ജനാധിപത്യത്തെ കേവലം ഔപചാരികതലത്തിലേക്ക് ചുരുക്കുന്നതിനാണ് ചൂഷകവര്‍ഗം ഇന്ന് ശ്രമിക്കുന്നത്. എപ്പോഴെല്ലാം ഇതുപയോഗിച്ച് ചൂഷിതഭൂരിപക്ഷം ഭരണാധികാര കസേരയിലേക്ക് അടുക്കുന്നുവോ അപ്പോഴെല്ലാം ജനാധിപത്യത്തെ അട്ടിമറിക്കുന്നതിന് അവര്‍ക്കു മടിയുണ്ടാവില്ല. ഇന്ന് കേന്ദ്ര സംസ്ഥാനതലങ്ങളിലുള്ള ജനാധിപത്യം ഭീഷണിക്ക് ഇരയാണ്. ഈ പാര്‍ലമെന്‍ററി ജനാധിപത്യത്തെ സംരക്ഷിക്കുകയും അതോടൊപ്പം ഈ ജനാധിപത്യവ്യവസ്ഥയെ ജില്ലയിലേക്കും കീഴ്ത്തട്ടുകളിലേക്കും വ്യാപിപ്പിക്കുകയും വേണം. ഇത്തരത്തിലുള്ള നാല് തൂണുകളില്‍ പടുത്തുയര്‍ത്തുന്ന ജനാധിപത്യം ഇന്ത്യന്‍ സമൂഹത്തിന്‍റെ പുരോഗതിക്ക് അത്യന്താപേക്ഷിതമാണ്.

“മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ജനാധിപത്യ വികേന്ദ്രീകരണത്തിലുള്ള എന്‍റെ വിശ്വാസത്തിന്‍റെ അടിസ്ഥാനമിതാണ്: മര്‍ദ്ദകര്‍ക്കും ചൂഷകര്‍ക്കുമെതിരെയുള്ള അധ്വാനിക്കുന്നവരുടെ ദൈനംദിന സമരത്തില്‍ ഇത്തരമൊരു വ്യവസ്ഥ കൂടുതല്‍ സഹായകരമായിരിക്കും.’ (പഞ്ചായത്തീരാജ് സ്ഥാപനങ്ങളെക്കുറിച്ചുള്ള അശോക് മേത്ത കമ്മിറ്റി റിപ്പോര്‍ട്ടിന് ഇ എം എസ് എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പ്, 1978)

ജനാധിപത്യത്തിന്‍റെ വിപുലീകരണം
ഒരുപടികൂടി കടന്ന് കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ നിലവിലുള്ള ജനാധിപത്യത്തെ സംരക്ഷിച്ചാല്‍ മാത്രം പോരാ, അത് കീഴ്ത്തട്ടുകളിലേക്കുകൂടി വ്യാപിപ്പിക്കണം. ഈ തലത്തില്‍ ജനാധിപത്യമല്ല, ഉദ്യോഗസ്ഥമേധാവിത്വമാണ് നിലനില്‍ക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തിലെന്നപോലെ ജില്ലകളിലും കീഴ്ത്തട്ടില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ ഉണ്ടാകണം.

കേന്ദ്രത്തിനും സംസ്ഥാനത്തിനും പുറമേ ജില്ലയിലും താഴേത്തട്ടിലും ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട സമിതികളുള്ള സമഗ്രമായ ഒരു ഭരണസംവിധാനത്തെ നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിരുന്നില്ല. കേന്ദ്രത്തിലും സംസ്ഥാനത്തിലും ജനാധിപത്യം, കീഴ്ത്തട്ടില്‍ ഉദ്യോഗസ്ഥമേധാവിത്വം ഇതാണ് ഭരണഘടനയില്‍ പറയുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ സത്ത. നാല് തൂണുകളിന്മേല്‍ ഉറപ്പിച്ച ജനാധിപത്യപ്രസ്ഥാനമാണ് നമുക്കു വേണ്ടത്. (പഞ്ചായത്തീരാജ് സ്ഥാപനങ്ങളെക്കുറിച്ചുള്ള കമ്മിറ്റി റിപ്പോര്‍ട്ട് അശോക് മേത്ത ഭിന്നാഭിപ്രായക്കുറിപ്പ് 1978)

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ പൊളിച്ചെഴുത്ത്
വികസനപരവും ഭരണപരവുമായ സമഗ്രഭരണ സംവിധാനങ്ങള്‍ കീഴ്ത്തട്ടുകളില്‍ രൂപംകൊള്ളണമെങ്കില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ അടിസ്ഥാനപരമായ ഒരു പൊളിച്ചെഴുത്ത് കൂടിയേ തീരൂ. അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വാചാലമാകാറുണ്ടെങ്കിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ ഒരു പൊളിച്ചെഴുത്തിനു കേന്ദ്രം തയ്യാറല്ല എന്നുള്ളതാണ് അധികാരവികേന്ദ്രീകരണത്തിനു മുന്നിലെ ഒരു പ്രധാന പ്രതിസന്ധി. 64, 65 ഭരണഘടനാ ഭേദഗതികളും 73, 74 ഭരണഘടനാഭേദഗതികളും സംസ്ഥാനതലത്തില്‍നിന്ന് പ്രാദേശികതലത്തിലേക്കുള്ള അധികാര പുനര്‍വിന്യാസം മാത്രമേ വിഭാവനം ചെയ്യുന്നുള്ളൂ. ഇതായിരുന്നു ഈ ബില്ലുകളെ സംബന്ധിച്ച് ഇഎംഎസ് ഉയര്‍ത്തിയ അടിസ്ഥാന വിമര്‍ശനം. കേന്ദ്രസംസ്ഥാന ബന്ധങ്ങളില്‍ നിന്ന് വേര്‍തിരിച്ചുകൊണ്ട് അധികാരവികേന്ദ്രീകരണമെന്ന പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതിന് ഇ എം എസ് വിസമ്മതിച്ചു.

രാജീവ് ഗാന്ധിയുടെ 64, 65 ഭരണഘടനാ ഭേദഗതികള്‍ സംസ്ഥാനങ്ങളെ ഒഴിവാക്കി കേന്ദ്രവും തദ്ദേഭരണ സ്ഥാപനങ്ങളും തമ്മില്‍ നേരിട്ട് കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിനാണ് ശ്രമിച്ചത്. അതുകൊണ്ടാണ് നമ്മുടെ പാര്‍ട്ടി ഭരണഘടനാഭേദഗതികളെ പാര്‍ലമെന്‍റില്‍ എതിര്‍ത്ത് തോല്‍പ്പിച്ചത്. 73, 74 ഭരണഘടനാ ഭേദഗതികളും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ സ്പര്‍ശിക്കുന്നില്ലെങ്കിലും മുന്‍ ബില്ലിലെ ജനാധിപത്യവിരുദ്ധമായ നിബന്ധനകള്‍ പലതും ഒഴിവാക്കുകയുണ്ടായി. എന്നാല്‍ അതേസമയം ഇത്തരം വ്യവസ്ഥകള്‍ ഒഴിവാക്കിക്കൊണ്ടുള്ള 73,74 ഭരണഘടനാ ഭേദഗതികളെ മുന്‍പ് സൂചിപ്പിച്ച വിമര്‍ശനങ്ങളോടെ സ്വാഗതം ചെയ്യാന്‍ ഇഎംഎസ് തയ്യാറായി.

കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ അധികാരങ്ങള്‍ താഴേക്കു നല്‍കിക്കൊണ്ടല്ലാതെ യഥാര്‍ത്ഥ അധികാരവികേന്ദ്രീകരണം സാധ്യമല്ല. അധികാരത്തിന്‍റെ പിരമിഡ് ഇന്ന് തലകുത്തി നില്‍ക്കുകയാണ്. അത് നിവര്‍ത്തി പുനഃസ്ഥാപിക്കണം. താഴേത്തട്ടില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം പൂര്‍ണ്ണമായും തീരുമാനിക്കുന്നതിനും നടപ്പാക്കുന്നതിനുമുള്ള അവകാശം താഴെത്തട്ടിനുണ്ടാകണം. അവിടെ ചെയ്തു തീര്‍ക്കാന്‍ കഴിയാത്തവ മാത്രമേ ബ്ലോക്കിനും ജില്ലയ്ക്കും നല്‍കേണ്ടതുള്ളൂ. സംസ്ഥാനതലത്തില്‍ തീരുമാനമെടുത്ത് നടപ്പാക്കാന്‍ കഴിയാത്ത പ്രതിരോധം, വിദേശവ്യാപാരം, അടിസ്ഥാനവ്യവസായങ്ങള്‍, റെയില്‍വേ തുടങ്ങിയ മിച്ചംവരുന്ന വിഷയങ്ങളേ കേന്ദ്രത്തിനു വേണ്ടൂ. ഇപ്രകാരം അടിമുടി അധികാര പുനര്‍വിന്യാസം അനിവാര്യമാക്കുന്ന ഒരു വീക്ഷണമായിരുന്നു ഇഎംഎസിന് ഉണ്ടായിരുന്നത്.

1957ലെ ഭരണപരിഷ്കാര കമ്മിറ്റി റിപ്പോര്‍ട്ട്
അധികാരവികേന്ദ്രീകരണത്തിനുള്ള ഇഎംഎസിന്‍റെ സംഭാവന സൈദ്ധാന്തികതലത്തില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല. യഥാര്‍ത്ഥം പറഞ്ഞാല്‍ കേരളത്തിലെ പഞ്ചായത്തീരാജ് നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രായോഗിക അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പല പ്രധാന സങ്കല്‍പ്പങ്ങളും രൂപംകൊണ്ടതുതന്നെ. അദ്ദേഹത്തിന്‍റെ സമഗ്രമായ കാഴ്ചപ്പാടുപ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു രൂപം നല്‍കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലും മറ്റും അടിസ്ഥാനപരമായ പൊളിച്ചെഴുത്ത് കൂടിയേതീരൂവെന്നു നാം കണ്ടുവല്ലോ. അവയ്ക്കുവേണ്ടി ആശയപരമായി വിട്ടുവീഴ്ചയില്ലാതെ പൊരുതിയതിനോടൊപ്പംതന്നെ നിലവിലുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കഴിയുന്നത്ര സമഗ്രമായ നിയമനിര്‍മ്മാണം കേരളത്തില്‍ നടത്തുന്നതിന് അദ്ദേഹം യത്നിച്ചു.

1957ലെ കമ്യൂണിസ്റ്റ് മന്ത്രിസഭ രൂപം നല്‍കിയ ഭരണപരിഷ്കാര കമ്മിറ്റിയുടെ അധ്യക്ഷന്‍ ഇഎംഎസ് ആയിരുന്നു. കേരളത്തിലെ ഭാവി ഭരണസംവിധാനത്തെക്കുറിച്ച് ഈ കമ്മിറ്റി മുന്നോട്ടുവച്ച കാഴ്ചപ്പാടിന്‍റെ സുപ്രധാനമായ ഒരു ആണിക്കല്ലായിരുന്നു അധികാരവികേന്ദ്രീകരണം. ‘ഗവണ്‍മെന്‍റിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താഴേത്തട്ടുവരെ ഡിപ്പാര്‍ട്ട്മെന്‍റല്‍ ഏജന്‍സികളും അങ്ങനെ പൊതുമരാമത്ത്, പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളും അവയ്ക്കു പ്രത്യേക ചുമതലക്കാരും ഉണ്ട്. അവയെല്ലാം അന്യോന്യവും ഒപ്പം പഞ്ചായത്തുകളുമായും പരസ്പരബന്ധമില്ലാതെ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമങ്ങളിലെ റവന്യുഭരണം ഗവണ്‍മെന്‍റിലെ പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥരാണ് നടത്തിവരുന്നത്. അതുകൊണ്ട് അടിയന്തരമായി ഈ ചുമതലക്കാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അവ പ്രാദേശികവും തിരഞ്ഞെടുക്കപ്പെട്ടതുമായ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ ആസൂത്രണത്തിന്‍റെയും വികസനത്തിന്‍റെയും ഫലങ്ങള്‍ സ്ഥായിയും സ്ഥിരവുമാവുകയുള്ളൂ. ഗവണ്‍മെന്‍റിനും ജനങ്ങള്‍ക്കുമിടയില്‍ ഗ്രാമതലത്തില്‍ നില്‍ക്കേണ്ടുന്ന ഏക സംഘടന പഞ്ചായത്തുകളായിരിക്കണമെന്നു മാത്രമല്ല ജനങ്ങള്‍ പഞ്ചായത്തുകളിലൂടെ വേണം ഗവണ്‍മെന്‍റുമായി ബന്ധപ്പെടാന്‍.’ (ഭരണപരിഷ്കാരകമ്മിറ്റി റിപ്പോര്‍ട്ട് 1958).

രണ്ട് തട്ടുള്ള തദ്ദേശഭരണ സംവിധാനമാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചത്. ജില്ലാതലത്തില്‍ ജില്ലാ കൗണ്‍സിലും കീഴ്ത്തട്ടില്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമായിരുന്നു അവ. ഇവയുടെ ചുമതലകള്‍ വികസനപ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങിയിരുന്നില്ല. മറിച്ച് റവന്യു ഭരണമടക്കമുള്ള മറ്റു ഭരണപരമായ ചുമതലകളും ഉണ്ടായിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളെ വികസന ഏജന്‍സികളായി മാത്രം കണ്ട ബല്‍വന്ത് റായി മേത്ത കമ്മിറ്റിയുടെ കാഴ്ചപ്പാടില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു ഇതെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

ജില്ലാ കൗണ്‍സില്‍ നിയമത്തില്‍ പടിപടിയായി ജില്ലാ ഭരണം പൂര്‍ണ്ണമായേറ്റെടുക്കുകയും കീഴ്ത്തട്ടിലെ ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന സമഗ്രമായ ഒരു ഭരണസംവിധാനമായിട്ടാണ് ജില്ലാ കൗണ്‍സിലുകളെ വിഭാവനം ചെയ്തിരിക്കുന്നത്. കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടതുകൊണ്ട് ബില്ല് പാസാക്കാന്‍ കഴിഞ്ഞില്ല.

ജില്ലാ കൗണ്‍സില്‍ സംവാദം
1971ല്‍ പാസായ ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷന്‍ നിയമത്തെ വി. രാമചന്ദ്രന്‍ കമ്മിറ്റിയുടെ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ സമഗ്രമായി പരിഷ്കരിച്ചതിനുശേഷമാണ് കൗണ്‍സിലുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തിയത്. എട്ടാം പദ്ധതിയുടെ ആവിഷ്കാരത്തില്‍ പുതിയ ജില്ലാ കൗണ്‍സിലുകളെ പങ്കാളികളാക്കുന്നതിനുള്ള പരിശ്രമവും ഉണ്ടായി. ജില്ലാ കൗണ്‍സിലുകളെ എങ്ങനെ ഫലപ്രദമാക്കാം എന്നതിനെക്കുറിച്ച് ഒരു ആശയസംവാദം സംഘടിപ്പിക്കുന്നതിന് ദേശാഭിമാനിയുടെ താളുകളിലൂടെ ഇഎംഎസ് മുന്‍കൈയെടുത്തു. ഇതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങുന്ന ഒരു ലേഖനം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിക്കുകയും പരസ്യമായ ചര്‍ച്ചയ്ക്ക് എല്ലാ രാഷ്ട്രീയകക്ഷികളെയും ക്ഷണിക്കുകയും ചെയ്തു. ഇഎംഎസിന്‍റെ നിര്‍ദ്ദേശങ്ങളില്‍ പലതും ഭരണസംവിധാനം സംബന്ധിച്ച മാമൂല്‍ ധാരണകളെ അട്ടിമറിക്കാന്‍ പോന്നവയായിരുന്നു. തദ്ദേശഭരണവകുപ്പുതന്നെ വേണ്ട എന്നായിരുന്നു ഇഎംഎസിന്‍റെ നിര്‍ദ്ദേശം.

ജില്ലാ കൗണ്‍സിലുകള്‍ക്ക് അതത് ജില്ലകളിലെ ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കാന്‍ കഴിയും. സംസ്ഥാനതലത്തില്‍ ജില്ലാ കൗണ്‍സില്‍ അധ്യക്ഷന്മാരടങ്ങിയ ഒരു സംസ്ഥാന വികസനകൗണ്‍സില്‍ ഏകോപനത്തിനുവേണ്ടി രൂപീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സെക്രട്ടേറിയറ്റിലെ സാങ്കേതിക ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന ഡയറക്ടറേറ്റുകള്‍ക്ക് സമാന്തരമായി സെക്രട്ടേറിയറ്റു ഡിപ്പാര്‍ട്ട്മെന്‍റ് ഭരണസംവിധാനവും ഇഎംഎസിന്‍റെ നിശിത വിമര്‍ശനത്തിനു വിധേയമായി. ഒഴിവാക്കാനാകുന്ന കാലതാമസത്തിനും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും അത് വഴിതെളിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പല ഡിപ്പാര്‍ട്ട്മെന്‍റുകളും നിര്‍ത്തലാക്കുന്നതുകൊണ്ട് ഒരു അപാകതയുമില്ല. ഡിപ്പാര്‍ട്ട്മെന്‍റ് തലവനായ സെക്രട്ടറി, സെക്രട്ടേറിയറ്റിനു പുറത്ത് വകുപ്പിനെ നയിക്കുന്ന ഡയറക്ടര്‍മാര്‍ എന്നിങ്ങനെ രണ്ട് സ്ഥാനങ്ങള്‍ ഒരേസമയം ആവശ്യമില്ല. അവയെ സംയോജിപ്പിക്കുകയാണ് ഉചിതം. ഈ സംയോജിതസ്ഥാനത്ത് പൊതുഭരണത്തില്‍ മാത്രം വൈദഗ്ധ്യമുള്ള ഐഎഎസുകാരെ നിയോഗിക്കുന്നതിനുപകരം സാങ്കേതിക വിദഗ്ധരെ പ്രതിഷ്ഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെക്രട്ടേറിയറ്റിലെയും സംസ്ഥാനതലത്തിലെയും ഉദ്യോഗസ്ഥരില്‍ ഒരു നല്ലപങ്കിനെ താഴത്തേക്കു പുനര്‍വിന്യസിക്കേണ്ടതിന്‍റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി (ദേശാഭിമാനി മാര്‍ച്ച് 1998). ഈ ലേഖനത്തെത്തുടര്‍ന്ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രതികരണങ്ങള്‍ ഇന്ന് ഒരുമിച്ച് വായിക്കുമ്പോള്‍ കൗതുകകരമായ ഒരു വസ്തുത വെളിവാകുന്നുണ്ട്. സംവാദത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേര്‍ക്കും ഇഎംഎസിന്‍റെ വിപ്ലവകരമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനേ കഴിഞ്ഞിരുന്നില്ല. മറ്റു പൊതുകാര്യങ്ങളെക്കുറിച്ചാണ് അവര്‍ പ്രതികരിക്കാന്‍ ഒരുമ്പെട്ടത്.

73, 74 ഭരണഘടനാ ഭേദഗതികള്‍
1991ലെ തിരഞ്ഞെടുപ്പിനെതുടര്‍ന്ന് യുഡിഎഫ് അധികാരത്തില്‍ വന്നതോടുകൂടി ജില്ലാ കൗണ്‍സിലുകള്‍ അട്ടിമറിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് 73, 74 ഭരണഘടനാ ഭേദഗതികള്‍ പാസാകുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ ഭേദഗതികള്‍ ഒരു പിന്നാക്കം പോക്കാണെന്ന് ഇഎംഎസ് ചൂണ്ടിക്കാണിച്ചു.

73,74 ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ കേരളനിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട പുതിയ പഞ്ചായത്തീരാജ് മുനിസിപ്പല്‍ നിയമങ്ങളിലെ ജനാധിപത്യവിരുദ്ധമായ വകുപ്പുകളെ തുറന്നുകാണിക്കുന്നതിനും ഇഎംഎസ് മുന്നിലുണ്ടായിരുന്നു. 1991ലെ ജില്ലാഭരണനിയമത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ 73, 74 ഭരണഘടനാഭേദഗതി തന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പിന്നാക്കം പോക്കാണെന്ന് ഇഎംഎസ് ചൂണ്ടിക്കാണിച്ചു. “പുതിയ നിയമം ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തദ്ദേശഭരണസ്ഥാപനങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധം ഇല്ലാതാക്കി. കളക്ടര്‍മാരെയും മറ്റുദ്യോഗസ്ഥരെയും അതുവഴി ജില്ലയുടെ യഥാര്‍ത്ഥ അധിപന്മാരാക്കി. കേരളത്തില്‍ നിലവിലുണ്ടായിരുന്ന നിയമത്തില്‍നിന്ന് വ്യത്യസ്തമായി പുതിയ കേന്ദ്ര നിയമത്തിന്‍റെ സ്പിരിറ്റ് ഉദ്യോഗസ്ഥ ചട്ടക്കൂടുകൊണ്ട് പഞ്ചായത്തീരാജ് – നഗരപാലിക സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗണ്‍സിലിനു കീഴെ ജില്ലാ ഉദ്യോഗസ്ഥ സംവിധാനത്തെ ആകെ കൊണ്ടുവരുന്നതിന് ഈ നിയമം സഹായകരമല്ല.”

കേരള നിയമസഭയുടെ പരിഗണനയിലായിരുന്ന ബില്ലിലെ ജനാധിപത്യവിരുദ്ധ വകുപ്പുകളെക്കുറിച്ച് വലിയ പ്രതിഷേധം നാനാകോണുകളില്‍ നിന്നും ഉണ്ടായി. ബദല്‍ ബില്ല് ചര്‍ച്ച ചെയ്യുന്നതിന് ജനസഭകള്‍ വിളിച്ചുകൂട്ടപ്പെട്ടു. ജനാധിപത്യ വികേന്ദ്രീകരണമല്ല ഉദ്യോഗസ്ഥ കേന്ദ്രീകരണമാണ് പുതിയ നിയമ നിര്‍മ്മാണത്തിലൂടെ സംഭവിക്കുകയെന്ന് ഇഎംഎസ് ചൂണ്ടിക്കാണിച്ചു. താഴേക്കു കൊടുക്കുന്ന അധികാരങ്ങളുടെയെല്ലാം ചരടുകള്‍ ഉദ്യോഗസ്ഥരിലൂടെ സംസ്ഥാന സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമായിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നതിന് എല്ലാ സ്വേച്ഛാപരമായ സ്വാതന്ത്ര്യവും സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്നു. പ്രമേയങ്ങള്‍ റദ്ദാക്കുന്നതിനും ബജറ്റ് അംഗീകരിക്കാതിരിക്കുന്നതിനും പ്രസിഡന്‍റുമാരെ നീക്കം ചെയ്യുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വ്യവസ്ഥ ചെയ്തിരുന്നു.

“മുകളില്‍ പറഞ്ഞ വകുപ്പുകളുടെയെല്ലാം ആകെത്തുക ഡല്‍ഹിയിലും സംസ്ഥാനതലങ്ങളിലും നിലവിലുള്ള ഉദ്യോഗസ്ഥ ഉരുക്കു ചട്ടക്കൂട് താഴത്തേക്ക് കൊണ്ടുവരികയെന്നതാണ്. ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അവരുടെ മുകള്‍ത്തട്ടിലെ ഉദ്യോഗസ്ഥഭരണ സംവിധാനത്തിനു കീഴ്പ്പെട്ടിരിക്കും. ഇത് അധികാരം ജനങ്ങള്‍ക്കു നല്‍കുന്ന പ്രക്രിയയല്ല. മറിച്ച് ഉദ്യോഗസ്ഥര്‍ക്കു കൂടുതല്‍ അധികാരം നല്‍കുന്ന പ്രക്രിയയാണ്’. (അധികാരം ജനങ്ങള്‍ക്ക്, ഫ്രണ്ട്ലൈന്‍ 6 മെയ് 1994).

സെന്‍ കമ്മിറ്റി റിപ്പോര്‍ട്ട്
വിമര്‍ശനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി ചില പരിഹാസ്യമായ വകുപ്പുകള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നിരുന്നാല്‍ തന്നെയും ഒരുകാര്യം വ്യക്തമായിരുന്നു. പുതിയതായി രൂപംകൊണ്ട പഞ്ചായത്തീരാജ്, മുനിസിപ്പല്‍ നിയമത്തില്‍ സമഗ്രമായ പൊളിച്ചെഴുത്തു കൂടാതെ കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം ഉറപ്പുവരുത്താനും അധികാരവികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാക്കാനും കഴിയില്ല. അതുകൊണ്ടാണ് നിയമഭേദഗതികളെക്കുറിച്ചും അധികാരവികേന്ദ്രീകരണം ഫലപ്രദമാക്കുന്നതിനുള്ള മറ്റു നടപടികളെക്കുറിച്ചും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് എസ്ബി സെന്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതിന് ഇ എം എസ് മുന്‍കൈയെടുത്തത്.

കേരളത്തിലെ ഭൂപരിഷ്കരണം വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞത് കേവലം നിയമനിര്‍മ്മാണംകൊണ്ടു മാത്രമായിരുന്നില്ല. ഭൂപരിഷ്കരണം നടപ്പാക്കുന്നതിന് ബൃഹത്തായ ഒരു ജനകീയപ്രസ്ഥാനത്തിനു രൂപംനല്‍കാന്‍ കഴിഞ്ഞതുകൊണ്ടുകൂടിയാണ്. ഭൂപരിഷ്കരണം കാര്‍ഷികബന്ധങ്ങളെ സൃഷ്ടിക്കുന്നതുപോലെതന്നെ അടിസ്ഥാനപരമായ ഒരു മാറ്റമാണ് അധികാരവികേന്ദ്രീകരണം ഭരണസംവിധാനത്തില്‍ സൃഷ്ടിക്കുന്നത്. എന്നാല്‍, ഭൂപരിഷ്കരണ പ്രസ്ഥാനത്തിനു സമാനമായ ഒരു ജനകീയപ്രസ്ഥാനം അധികാരവികേന്ദ്രീകരണത്തിനു വേണ്ടി രൂപപ്പെടുത്തുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. 1991ലെ ജില്ലാ കൗണ്‍സിലുകളുടെ അനുഭവത്തില്‍നിന്ന് ഇ എം എസ് ഉള്‍ക്കൊണ്ട ഒരു പ്രധാനപ്പെട്ട പാഠം അതായിരുന്നു. ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ടേ അധികാരവികേന്ദ്രീകരണത്തെ സ്ഥായിയാക്കാനാകൂ. ഇതിനായുള്ള ഒരു ജനകീയപ്രസ്ഥാനമാണ് ജനകീയാസൂത്രണപ്രസ്ഥാനം.

ജനകീയാസൂത്രണം
1996 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ കേരളത്തില്‍ നിലവിലിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്‍റ് നടപ്പാക്കിയ ജനകീയാസൂത്രണ പ്രക്രിയയിലെ ഘട്ടങ്ങളെക്കുറിച്ചും ഓരോ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇവിടെ വിവരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. ഇവയൊക്കെ വിശദമാക്കുന്ന ഒട്ടേറെ ലേഖനങ്ങളും ഗ്രന്ഥങ്ങളും തന്നെയുണ്ട്. ഒരുകാര്യം വളരെ വ്യക്തമാണ്. ജനകീയാസൂത്രണത്തിന്‍റെ ജനയിതാവ് എന്ന പദവി ആര്‍ക്കെങ്കിലും നല്‍കാമെങ്കില്‍ അത് ഇ എം എസിനു തന്നെയായിരിക്കും. പുതിയ ഇടതുപക്ഷ സര്‍ക്കാരിന്‍റെ മുഖ്യ അജന്‍ഡകളില്‍ ഒന്നായിരിക്കണം അധികാരവികേന്ദ്രീകരണം എന്ന സുവ്യക്തമായ കാഴ്ചപ്പാട് ഇ എം എസിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സജീവ പങ്കാളിത്തത്തോടുകൂടിയാണ് ജനകീയാസൂത്രണപ്രസ്ഥാനത്തിന്‍റെ കരടുപരിപാടിക്കു രൂപം നല്‍കിയത്.

കരടുപരിപാടിക്ക് പൊതു അംഗീകാരം നേടുന്നതിന് വലിയ തടസ്സങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ സംസ്ഥാന പദ്ധതിയുടെ 35.4 ശതമാനം പണം താഴേക്കു നല്‍കുകയെന്ന രാഷ്ട്രീയ തീരുമാനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ പൂര്‍ണ്ണമായും എല്ലാവരും ഉള്‍ക്കൊണ്ടിരുന്നോ എന്ന കാര്യം സംശയമാണ്. ഇഎംഎസിന് ഉണ്ടായിരുന്ന രാഷ്ട്രീയസ്ഥാനം ഈ വാഗ്ദാനം പ്രായോഗികമായി 1997-98ലെ ബജറ്റില്‍ പാലിക്കുന്നതിനു വലിയൊരു പങ്കുവഹിക്കുകയുണ്ടായി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

മുകളില്‍ വിവരിച്ച സമീപനത്തിനു പകരം രാഷ്ട്രീയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ വാര്‍ഷികപദ്ധതിയുടെ 35-40 ശതമാനം പണം താഴേക്കു നല്‍കുന്നതിനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ പണം ആസൂത്രിതമായും ഫലപ്രദമായും ചെലവഴിക്കുന്നതിനുവേണ്ടി ഉദ്യോഗസ്ഥരെയും വിദഗ്ധരെയും സന്നദ്ധപ്രവര്‍ത്തകരെയും ജനങ്ങളെത്തന്നെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കു പിന്നില്‍ അണിനിരത്തുന്നതിന് ജനകീയാസൂത്രണപ്രസ്ഥാനത്തിന് രൂപം നല്‍കി. ജനകീയാസൂത്രണപ്രസ്ഥാനത്തിനു രൂപം നല്‍കുന്നതിനുള്ള നിര്‍ദ്ദേശത്തോടൊപ്പം തന്നെ വികേന്ദ്രീകരണം വ്യവസ്ഥാപിതമാക്കുന്നതിനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുന്നതിനുള്ള ഒരു പ്രത്യേക കമ്മിറ്റി (സെന്‍ കമ്മിറ്റി) രൂപീകരിച്ച് പ്രസ്ഥാനത്തിലൂടെ രൂപം നല്‍കുന്ന പുതിയ നയസമീപനങ്ങളെയും അധികാരവികേന്ദ്രീകരണത്തിനായുള്ള സെന്‍ കമ്മിറ്റി നിര്‍ദ്ദേശങ്ങളെയും സ്ഥായിയാക്കുന്നതിനുള്ള ഒരു അന്തരീക്ഷം ജനകീയാസൂത്രണത്തിലൂടെ സൃഷ്ടിക്കാം എന്നതായിരുന്നു കണക്കുകൂട്ടല്‍.

വികസനത്തിന്‍റെ രാഷ്ട്രീയം
ജനകീയാസൂത്രണത്തിന്‍റെ വലിയൊരു സംഭാവന ജനപങ്കാളിത്ത വികസന പ്രക്രിയയ്ക്ക് കളമൊരുക്കി എന്നുള്ളതാണ്. ഇ എം എസ് പറയുന്നു:

“ബഹുജനങ്ങളും ജനങ്ങളുടെ ജനാധിപത്യബോധവുമാണ് നമ്മുടെ ഏറ്റവും വലിയ കരുത്ത്. കേരളത്തിലെ സംഘടിത പ്രസ്ഥാനങ്ങളിലെ അംഗസംഖ്യ ഒരു കോടിയിലേറെ വരും. ഇതിനുപുറമേ ബൃഹത്തായ സഹകരണ പ്രസ്ഥാനവുമുണ്ട്. ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ പ്രസ്ഥാനവും പോലുള്ള പ്രസ്ഥാനങ്ങളുമുണ്ട്…… ഈ നാടിന്‍റെ സംഘടിതശേഷിയെയും ജനങ്ങളുടെ രാഷ്ട്രീയബോധത്തെയും ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തുന്നതിനുവേണ്ടി ഉപയോഗപ്പെടുത്താനാകുമോ എന്നുള്ളതാണ് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ചോദ്യം. അത് സാധ്യമാണെന്ന് ഉറപ്പുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു…. (അധ്യക്ഷപ്രസംഗം, അന്തര്‍ദേശീയ കേരള പഠന കോണ്‍ഗ്രസ്, 1994).

വികസന പ്രവര്‍ത്തനങ്ങളില്‍ ബഹുജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ഒരു മുന്നുപാധി, സര്‍ക്കാര്‍ ജനവിരുദ്ധനയങ്ങള്‍ ഉപേക്ഷിക്കുകയും ബഹുജനസംഘടനകളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുകയുമാണ്. കാലാകാലങ്ങളില്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇത്തരമൊരു സമീപനമാണ് കൈക്കൊണ്ടുപോന്നിരുന്നത്. എന്നിരുന്നാലും വികസനത്തിനായുള്ള വിപുലമായ ജനകീയ ഐക്യം സാധ്യമാകണമെന്നില്ല. കാരണം കേരളത്തിലെ മുന്നണി രാഷ്ട്രീയം ജനങ്ങളെ വെള്ളം കയറാത്ത അറകളിലാക്കി തിരിച്ചിരിക്കുന്നു. യോജിക്കാവുന്ന കാര്യങ്ങളില്‍പ്പോലും യോജിപ്പിന്‍റെ അന്തരീക്ഷമില്ല. ഇത്തരം നിഷേധാത്മക രാഷ്ട്രീയം കേരളത്തിലെ വികസനത്തിനു തടസ്സം നില്‍ക്കുന്നു. “കേരളത്തിന്‍റെ വികസനം സംബന്ധിച്ച പ്രശ്നങ്ങള്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി കൈകാര്യം ചെയ്യാന്‍ ഇരുമുന്നണികളും തയ്യാറാവുകയും മറ്റുള്ളവരുടെ സഹായം തേടുകയും ചെയ്താല്‍ മാത്രമേ കാര്യം നടക്കുകയുള്ളൂ.”

ഇപ്രകാരമുള്ള ഒരു സഹകരണത്തിന് തുടക്കംകുറിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ ഏറ്റവും നല്ല ഒരു തലമാണെന്ന് ഇ എം എസ് ചൂണ്ടിക്കാണിച്ചു. എല്ലാ പ്രധാന രാഷ്ട്രീയകക്ഷികളും ഏതെങ്കിലും തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഭരണകക്ഷികളാണ്. ഒരു പ്രദേശത്ത് ഭരണമുന്നണിയില്‍ ആയിരിക്കുന്നവര്‍ മറ്റൊരു പ്രദേശത്ത് പ്രതിപക്ഷമുന്നണിയില്‍ ആയിരിക്കും. ഈ സാഹചര്യത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഇരുമുന്നണികളും തമ്മില്‍ സഹകരിക്കാതെ നിര്‍വ്വാഹമില്ലെന്ന് ഇ എം എസ് ചൂണ്ടിക്കാണിച്ചു. ഇത്തരത്തില്‍ കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമായ വിപുലമായ ജനാധിപത്യ ഐക്യം രൂപപ്പെടുത്തുന്നതില്‍ അധികാരവികേന്ദ്രീകരണത്തിനു പ്രധാനപ്പെട്ട പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഇ എം എസ് ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − nine =

Most Popular