മുതലാളിത്തത്തില്‍നിന്ന് അടുത്ത ഘട്ടമായ സ്ഥിതിസമത്വസമൂഹത്തിലേക്കും അവിടെ നിന്ന് കമ്യൂണിസത്തിലേക്കും മനുഷ്യരാശി വളരുമെന്ന വീക്ഷണമാണല്ലോ കമ്യൂണിസ്റ്റുകാരെ മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരില്‍നിന്നു വേര്‍തിരിച്ചുനിര്‍ത്തുന്ന ഒരു മുഖ്യഘടകം. മുതലാളിത്തത്തിനും സോഷ്യലിസത്തിനും ഇടയില്‍ ‘ജനകീയ ജനാധിപത്യം’, പുത്തന്‍ ജനാധിപത്യം” എന്നിങ്ങനെ ഓരോ രാജ്യത്തിന്‍റെയും പ്രത്യേകതകള്‍ കൂടി കണക്കിലെടുത്തുകൊണ്ട് ഇടക്കാല സംവിധാനങ്ങളുടെ സാധ്യതയും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍ അതിന്‍റെ ആവശ്യമില്ല, നേരിട്ട് സോഷ്യലിസ്റ്റ് വിപ്ലവം വിജയിപ്പിക്കാവുന്നതേയുള്ളൂ എന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റു പാര്‍ട്ടികളുമുണ്ട്.
ഇന്ത്യയില്‍ ചൂഷണരഹിതമായ സമൂഹത്തിന്‍റെ സൃഷ്ടിക്ക് തുടക്കമിടുവാന്‍ ജനകീയ ജനാധിപത്യവിപ്ലവമാണ് ഒന്നാമത് നടക്കേണ്ടത് എന്ന കാഴ്ചപ്പാട് സിപിഐ എം വികസിപ്പിച്ചെടുത്തതില്‍ പല തലങ്ങളില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി സഖാക്കള്‍ ഏറിയും കുറഞ്ഞും സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നതില്‍ സംശയമില്ല. അതില്‍ ഇ എം എസ്സിന്‍റെ സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.
ഏതു പ്രായോഗികപ്രശ്നത്തെപ്പറ്റിയും സൈദ്ധാന്തികമായ പരിശോധനയും അഭിപ്രായപ്രകടനവും രേഖപ്പെടുത്തുക എന്ന ഇ എം എസ്സിന്‍റെ ശൈലി പ്രസിദ്ധമാണ്. എഴുതാന്‍ തുടങ്ങുമ്പോള്‍ ചിന്തിക്കാനും തുടങ്ങും. അത് രേഖയാവും. പുനഃപരിശോധനയെത്തുടര്‍ന്ന് അത് വേണ്ടവിധം തിരുത്തിയെഴുതാനും സാധിക്കും.
അദ്ദേഹത്തിന് 29 വയസ്സുള്ളപ്പോള്‍, 1938ല്‍ കുട്ടികൃഷ്ണമേനോന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനുള്ള ഭിന്നാഭിപ്രായ കുറിപ്പിലാണ് ഭൂഉടമകളും കുടിയാന്മാരും തമ്മിലുള്ള ബന്ധത്തെപ്പറ്റി കമ്യൂണിസ്റ്റ് വീക്ഷണത്തോടെയുള്ള പ്രായോഗികവും സൈദ്ധാന്തികവുമായ വ്യത്യസ്ത കാഴ്ചപ്പാട് ഇ എം എസ്സില്‍ നിന്ന് ലഭിക്കുന്നത്. 1946ല്‍ എഴുതിയ ‘ഒന്നേകാല്‍ കോടി മലയാളികള്‍’ എന്ന കൃതിയും, അത് വിപുലീകരിച്ച് എഴുതിയ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന ഗ്രന്ഥവും 1951ലെ ‘ദി നാഷണല്‍ ക്വസ്റ്റ്യന്‍ ഇന്‍ കേരള’ എന്ന ഇംഗ്ലീഷ് ഗ്രന്ഥവും ഇത്തരത്തില്‍ ‘ശാസ്ത്രീയ സോഷ്യലിസ്റ്റ്’ സിദ്ധാന്തത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന്‍റെ ഭാഗമായി, മുഖ്യമായും കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ പഠനത്തിന്‍റെ ഉല്‍പ്പന്നങ്ങളാണ്.
‘ദേശീയ പ്രശ്നം’ സംബന്ധിച്ച് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാടില്‍ ഉണ്ടായ പരിണാമങ്ങളില്‍ ഇ എം എസ്സിന്‍റെ ഇടപെടലുകളും സംഭാവനയും ഇത്തരുണത്തില്‍ വളരെ പ്രസക്തമാണ്. വ്യത്യസ്ത-ഭാഷാ-സംസ്കാര-ദേശീയ ജനവിഭാഗങ്ങള്‍ക്ക് പരമാവധി സ്വാതന്ത്ര്യവും സ്വയംഭരണവും അനുവദിക്കുമ്പോഴാണ് അവര്‍ക്ക് ‘സ്വാതന്ത്ര്യത്തോടെ ഒരുമിച്ചു ചേര്‍ന്നു നില്‍ക്കാന്‍’ സാധിക്കുക എന്നതാണ് വളരെ സാധുവായ ഒരു ശാസ്ത്രീയ ധാരണ. അതുകൊണ്ടാണ്, വേണമെന്നു തോന്നിയാല്‍ ‘വേറിട്ടു പോകാനുള്ള സ്വാതന്ത്ര്യത്തോടെ’ ഒത്തുചേര്‍ന്നു നില്‍ക്കുന്ന ഘടക റിപ്പബ്ലിക്കുകള്‍ എന്ന തത്ത്വം സോവിയറ്റ്യൂണിയന്‍റെ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തത് (യുഎസ്എസ്ആര്‍ എന്നതിന്‍റെ വിപുലീകരണം ‘യൂണിയന്‍ ഓഫ് ദി സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്സ് എന്നായിരുന്നു). ഇതിന്‍റെ കൂടി സ്വാധീനഫലമായി ഇന്ത്യയിലെ വ്യത്യസ്ത ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വളരെയധികം സ്വയംഭരണാധികാരം അനുവദിക്കണമെന്നും ഫെഡറല്‍ ഘടനയുടെ ഊന്നല്‍ ആവണം പ്രധാനമെന്നും കമ്യൂണിസ്റ്റുകാര്‍ ശക്തമായി വാദിച്ചിരുന്നു. നാഷണല്‍ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച പി ഗോവിന്ദപ്പിള്ള എഴുതിയ ഇ എം എസ് നമ്പൂതിരിപ്പാട് (ജീവചരിത്രം) എന്ന കൃതിയില്‍ ഈ കാര്യം ഇപ്രകാരം വിവരിച്ചിരിക്കുന്നു.
“സോവിയറ്റ് യൂണിയനിലെ പ്രത്യേക സാഹചര്യങ്ങളെ മുന്‍നിര്‍ത്തി അവിടത്തെ ഘടക സംസ്ഥാനങ്ങള്‍ക്ക് അഥവാ ഘടക റിപ്പബ്ലിക്കുകള്‍ക്ക് വിഘടിച്ച് വിട്ടുപോകാനുള്ള സ്വാതന്ത്ര്യം ഭരണഘടനയില്‍ വ്യവസ്ഥ ചെയ്തിരുന്നു. അതിന്‍റെ ചുവടുപിടിച്ച് ഇന്ത്യയിലെ സംസ്ഥാനങ്ങളെ ബഹുദേശീയ ഫെഡറല്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാന്‍ അനുവദിക്കേണ്ടതാണെന്ന നിലപാട് ആദ്യംമുതല്‍ക്കേ കമ്യൂണിസ്റ്റു പ്രസ്ഥാനത്തില്‍ വേരൂന്നിയിരുന്നു. ഈ നിലപാട് സാമ്രാജ്യത്വവാദികളുടെയും ദേശീയവിരുദ്ധരുടെയും താല്‍പ്പര്യങ്ങളെയാണ് സംരക്ഷിക്കുക എന്നും സാമ്രാജ്യവാദികളുടെ പിന്തുണയോടെ വിഘടനവാദം ഇന്ത്യയിലെ ചില മേഖലകളില്‍ ശക്തിയാര്‍ജിച്ചുവരുന്ന സാഹചര്യത്തില്‍ അതിനെ അസന്ദിഗ്ധമായി എതിര്‍ക്കേണ്ടതാണെന്നും കുറേക്കാലമായി പ്രസ്ഥാനത്തിന് തോന്നിത്തുടങ്ങിയിരുന്നു. എങ്കിലും ആ പ്രശ്നം 7-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പരിപാടിയില്‍ ഉള്‍പ്പെടുത്താതെ ചര്‍ച്ചയ്ക്കായി നീട്ടിവയ്ക്കുകയാണ് ചെയ്തത്. എല്ലാ വിഘടനവാദങ്ങളെയും നിരസിച്ചുകൊണ്ട് ഇന്ത്യന്‍ ഫെഡറല്‍ യൂണിയന്‍റെ കീഴില്‍ കഴിയുന്നത്ര സ്വയം ഭരണാവകാശം അനുവദിക്കണം എന്ന നിലപാട് ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് (1972ല്‍) അംഗീകരിക്കുകയും പാര്‍ട്ടി പരിപാടിയില്‍ തദനുസരണമായ ഭേദഗതി വരുത്തുകയും ചെയ്തു. ദേശീയപ്രശ്നവും ദേശീയോദ്ഗ്രഥനവും സംബന്ധിച്ച് ഇ എം എസ് നടത്തിയിട്ടുള്ള ഗഹനമായ പഠനങ്ങള്‍ ഈ വിവാദത്തില്‍ നേതൃത്വപരമായ പങ്കുവഹിക്കുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി.” (പേജ് 292-293).
1957 ലും 1967ലും കേരള സംസ്ഥാന മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചപ്പോള്‍ തൊഴിലാളിവര്‍ഗ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്-ഇടതുപക്ഷ ഗവണ്‍മെന്‍റുകളെ സംസ്ഥാനങ്ങളില്‍ അസ്ഥിരപ്പെടുത്തുവാന്‍ ഭരണഘടനയിലെ 356-ാം വകുപ്പിനെ ദുരുപയോഗപ്പെടുത്തിയും പാര്‍ട്ടികളുടെ കാലുമാറ്റം സംഘടിപ്പിച്ചും ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ട്ടികള്‍ (കോണ്‍ഗ്രസ്സും കൂട്ടാളികളും) എങ്ങനെ സ്വേച്ഛാധിപത്യപരമായും വൈരനിര്യാതനത്തോടെയും നീങ്ങും എന്ന അനുഭവം, അതിനെ നേരിടാനുള്ള രാഷ്ട്രീയതന്ത്രവും അടവും സംബന്ധിച്ച പുതിയ അന്വേഷണങ്ങള്‍ക്ക് സിപിഐ എമ്മിനെയും ഇ എം എസ്സിനെയും പ്രേരിപ്പിച്ചു.
സാമ്പത്തിക-സാമൂഹികവ്യവസ്ഥയില്‍ അടിസ്ഥാനപരമായ മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമ്പോള്‍ത്തന്നെ ചൂഷണ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള പ്രവര്‍ത്തനസാധ്യതകള്‍ പരീക്ഷിക്കേണ്ടതുണ്ട് എന്ന നിലപാടിലേക്കാണ് സിപിഐ എം എത്തിയത്. ഇതു സംബന്ധിച്ച് സിപിഐ എം കല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ (7-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ്) അംഗീകരിച്ച പാര്‍ട്ടി പരിപാടി എന്ന അടിസ്ഥാനരേഖയുടെ 112-ാം ഖണ്ഡികയുടെ ആശയം മുഖ്യമായും ഇ എം എസ്സിന്‍റെ കുറിപ്പിനെ ആസ്പദമാക്കി തയ്യാറാക്കിയതും പാര്‍ട്ടി പരിപാടിയുടെ ഭാഗമായി കൂട്ടിച്ചേര്‍ത്തതുമാണ്. ജനങ്ങള്‍ക്ക് താല്‍ക്കാലികമായ ആശ്വാസനടപടികള്‍ കൈക്കൊള്ളാന്‍ സഹായിക്കുന്ന ഗവണ്‍മെന്‍റുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പാര്‍ട്ടി തയ്യാറാവും എന്നാണ് ചുരുക്കത്തില്‍ ഈ ഖണ്ഡികയില്‍ പറയുന്നത്. 1957ലെയും 1967ലെയും സംസ്ഥാന ഗവണ്‍മെന്‍റുകളുടെയും പശ്ചിമബംഗാളിലേയും ത്രിപുരയിലേയും ദീര്‍ഘനാള്‍ നിലവിലുണ്ടായിരുന്ന ഇടതുപക്ഷ മുന്നണി ഗവണ്‍മെന്‍റുകളുടെയും അനുഭവങ്ങള്‍ കൂടികണക്കിലെടുത്തുകൊണ്ടാണ് 2000 മാണ്ടില്‍ പാര്‍ട്ടി പരിപാടി കാലോചിതമാക്കിയപ്പോള്‍ ചില കൂട്ടിച്ചേര്‍ക്കലുകളോടെ ഈ ഖണ്ഡിക 7.17 നമ്പരായി പാര്‍ട്ടി പരിപാടി എന്ന രേഖയില്‍ ഉള്‍പ്പെടുത്തിയത്. 1998ല്‍ ഇ എം എസ് നമ്മെ വേര്‍പിരിഞ്ഞ് 2 വര്‍ഷം കഴിഞ്ഞതിനു ശേഷമാണ് തിരുവനന്തപുരത്തുവച്ച് 2000 ഒക്ടോബര്‍ മൂന്നാം വാരത്തില്‍ പാര്‍ട്ടി പരിപാടി കാലോചിതമാക്കുന്ന കര്‍ത്തവ്യം പൂര്‍ത്തീകരിക്കപ്പെട്ടത്. എന്നാല്‍ ഇ എം എസ് ജീവിച്ചിരിക്കുമ്പോള്‍, അദ്ദേഹം കൂടിസജീവമായി പങ്കുക്കൊണ്ടുനടന്ന കേന്ദ്ര കമ്മിറ്റിയിലേയും പൊളിറ്റ് ബ്യൂറോയിലെയും വാദപ്രതിവാദങ്ങളുടെ സയുക്തിക പരിണാമം എന്ന നിലയിലാണ് ഈ രേഖ (പാര്‍ട്ടി പരിപാടി) ഇപ്പോഴത്തെ രൂപത്തില്‍ തയ്യാറാക്കപ്പെട്ടത്. 1964 ഒക്ടോബറില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന 7-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച ഖണ്ഡിക 112നെ അപേക്ഷിച്ച് രണ്ടു മാറ്റങ്ങളാണ് ഖണ്ഡിക 7.17ല്‍ (കാലോചിതമാക്കിയ പാര്‍ട്ടി പരിപാടിയില്‍) ഉള്ളത്. ഒന്നാമതായി ‘ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുവാന്‍’ ശ്രമിക്കുന്ന എന്നതിനു പുറമേ, ‘നിലവിലുള്ള പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍നയങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന’ എന്നൊരു പ്രധാനപ്പെട്ട മാറ്റം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഒരു ‘നവകേരള സൃഷ്ടിക്കായുള്ള പ്രവര്‍ത്തനപരിപാടി ‘സിപിഐ എം കേരള സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത് അംഗീകരിച്ചത് പാര്‍ട്ടി പരിപാടിയിലെ ഈ വീക്ഷണത്തിന്‍റെകൂടി വെളിച്ചത്തിലാണ്.
ആ ഖണ്ഡികയിലെ രണ്ടാമത്തെ കൂട്ടിച്ചേര്‍ക്കല്‍ “സംസ്ഥാനങ്ങളിലോ കേന്ദ്രത്തിലോ ഇത്തരം ഗവണ്‍മെന്‍റുകള്‍ രൂപീകരിക്കാനുള്ള അവസരങ്ങള്‍ ഉപയോഗിക്കവെതന്നെ” എന്നുള്ള ഭാഗമാണ്. 1964ല്‍ അംഗീകരിച്ച പാര്‍ട്ടി പരിപാടിയില്‍ ഇത് വ്യവച്ഛേദിച്ച് പറഞ്ഞിരുന്നില്ല.
ഇ എം എസ്സിന്‍റെ സൈദ്ധാന്തികവും പ്രായോഗികവുമായ അനുഭവത്തിന്‍റെ ബലത്തില്‍ അദ്ദേഹം വികസിപ്പിച്ചെടുത്ത ‘ജനകീയാസൂത്രണം’ കേരളം ലോകത്തിനു നല്‍കുന്ന ഒരു സുപ്രധാന മാതൃകയാണ്. ഏതു മഹത്തായ പദ്ധതിയും പ്രവൃത്തിയും സുസ്ഥിരവും ജീവനുള്ളതുമാകുന്നത് അതിലെ ജനപങ്കാളിത്തത്തിന്‍റെ ആഴവും പരപ്പും അനുസരിച്ചാണ്. അധികാരവികേന്ദ്രീകരണം വളരെയേറെ പ്രധാനമാണെന്നതില്‍ സംശയമില്ല. എന്നാല്‍ പദ്ധതികളുടെ ആസൂത്രണത്തിലും അതിന്‍റെ നിര്‍വഹണത്തിലും ഓരോ തലത്തിലും സാധാരണ ജനങ്ങളുടെയും വിദഗ്ധരുടെയും ഒരുപോലെയുള്ള പങ്കാളിത്തമാണ് ‘ജനകീയ ആസൂത്രണ’ത്തിലൂടെ സാക്ഷാത്കരിക്കാന്‍ ശ്രമിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഒരു പഞ്ചായത്തായ ‘കല്ല്യാശ്ശേരിയുടെ’ അനുഭവങ്ങളെ ആസ്പദമാക്കി സെന്‍റര്‍ ഫോര്‍ ഡെവലപ്പ്മെന്‍റ് സ്റ്റഡീസില്‍ നടന്ന വാദപ്രതിവാദത്തില്‍ ഇ എം എസ് പങ്കെടുത്തതിനെത്തുടര്‍ന്ന് നടന്ന ചര്‍ച്ചകളാണ് ജനകീയാസൂത്രണം എന്ന പുതിയ സമീപനം രൂപപ്പെടുന്നതിന് ഇടയാക്കിയത്.
തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടും മറ്റു സന്ദര്‍ഭങ്ങളിലും പരസ്പരം അതിരൂക്ഷമായ രാഷ്ട്രീയ സമരങ്ങളില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതില്‍ ഒരു അമാന്തവും കാട്ടാതെ തന്നെ, നാടിന്‍റെ പൊതുവായ വികസനകാര്യങ്ങളില്‍ ക്രിയാത്മകമായി സംവാദത്തില്‍ ഏര്‍പ്പെടുകയും സാധ്യമായിടത്തോളം സഹകരിക്കുകയും, ആരോഗ്യകരമായ പരസ്പരമത്സരങ്ങളില്‍ (കൂടുതല്‍ മികച്ചതും വിജയകരവുമായ പദ്ധതികളുടെ ആസൂത്രണത്തിനും നിര്‍വഹണത്തിനും) ഏര്‍പ്പെടുകയും ചെയ്യുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്കാരം വികസിപ്പിച്ചെടുക്കണമെന്ന ഇ എം എസ്സിന്‍റെ നിര്‍ദേശം ഈ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെട്ടത്. അന്ന് ഇന്ത്യയുടെ ഉപരാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന്‍ ഇ എം എസ്സിന്‍റെ നിര്‍ദേശത്തോട് പൂര്‍ണമായി യോജിച്ചു. പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞന്‍ ഡോ. കെ എന്‍ രാജ് തന്‍റെ പിന്തുണ വാഗ്ദാനം ചെയ്തു. എ കെ ആന്‍റണിയും ഇതൊന്നു പരീക്ഷിച്ചു നോക്കാം എന്ന് സമ്മതിച്ചു.
‘ജനകീയാസൂത്രണ’മെന്ന സമീപനത്തിന്‍റെ പ്രാധാന്യം, ഒരു പുതിയ വികസനതന്ത്രം എന്ന നിലയില്‍ സമൂഹത്തിന്‍റെയും രാഷ്ട്രീയപാര്‍ട്ടികളുടെയും പൊതുബോധത്തിന്‍റെ ഭാഗമാക്കുവാന്‍ പ്രായാധിക്യം മറന്ന് ഇ എം എസ് കേരളത്തിലുടനീളം സഞ്ചരിച്ചു; കണ്‍വന്‍ഷനുകളില്‍ സംസാരിക്കുകയും ത്രിതല പഞ്ചായത്തുകളുടെ പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും (ക്ഷമപൂര്‍വം ആദ്യാവസാനം കേട്ടിരുന്നിട്ട്) മറുപടി നല്‍കുകയും ചെയ്തു. ആ മാതൃക പിന്തുടര്‍ന്നുകൊണ്ട് ത്രിതലപഞ്ചായത്തുകളുടെയും ജനകീയാസൂത്രണത്തിന്‍റെയും ഗ്രാമസഭകളുടെയും ഇക്കാലമത്രയും നീണ്ട പ്രവര്‍ത്തനാനുഭവങ്ങളുടെ സൂക്ഷ്മമായ അപഗ്രഥനത്തിന്‍റെ അടിസ്ഥാനത്തില്‍ ‘ഇനിയെന്ത്’ എന്ന ചോദ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള സമഗ്രമായൊരു പരിശോധന ഇന്ന് ഇനി നാം നടത്തേണ്ടതുണ്ടെന്നതില്‍ സംശയമില്ല.
കേരളത്തിലെയും പശ്ചിമബംഗാളിലെയും ത്രിപുരയിലേയും ത്രിതലപഞ്ചായത്ത് പ്രവര്‍ത്തനാനുഭവങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ടാണ് കാലോചിതമാക്കിയ പാര്‍ട്ടി പരിപാടിയില്‍ വേറെയും ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയിട്ടുള്ളത്.
“ജനകീയ ജനാധിപത്യഗവണ്‍മെന്‍റ് നിര്‍വഹിക്കുന്ന കടമകളും പരിപാടികളും” എന്ന ഭാഗത്ത് (ആറാം ഖണ്ഡിക) ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ജനകീയ ജനാധിപത്യഭരണകൂടം, പ്രാദേശിക ഭരണകൂടത്തിന്‍റെ മേഖലയില്‍, ജനങ്ങളാല്‍ നേരിട്ടു തെരഞ്ഞെടുക്കപ്പെട്ടതും വേണ്ടത്ര അധികാരങ്ങളും ഉത്തരവാദിത്തങ്ങളും ഉള്ളതും, ആവശ്യമായ ധനസ്ഥിതിയുള്ളതുമായ പ്രാദേശിക സമിതികളുടെ അതിബൃഹത്തായ ഒരു ശൃംഖല, ഗ്രാമതലം മുതല്‍ മുകളിലോട്ട് ഉണ്ടാക്കുന്നതായിരിക്കും. പ്രാദേശിക സമിതികളുടെ സജീവപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പങ്കെടുപ്പിക്കുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നതായിരിക്കും.”
ഈ ഖണ്ഡികയുടെ പ്രാധാന്യം എത്ര ഊന്നിയാലും അധികമാവുകയില്ല. ജനങ്ങളുടെ പങ്കാളിത്തത്തിന്‍റെ പ്രസക്തി പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. സോവിയറ്റ് യൂണിയന്‍റെയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെയും തകര്‍ച്ചയുടെയും ശിഥിലീകരണത്തിന്‍റെയും കാരണങ്ങള്‍ തേടുമ്പോള്‍ ഭരണസംവിധാനവും കമ്യൂണിസ്റ്റ്/തൊഴിലാളിപ്പാര്‍ട്ടിയും ഉദ്യോഗസ്ഥ മേധാവിത്വപരമായി പെരുമാറിയതും അടിസ്ഥാനവര്‍ഗങ്ങളില്‍നിന്നും ജനങ്ങളില്‍ നിന്നും അകന്നതും ഗുണതരമാണെന്നു വ്യക്തം. പദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും ജനപങ്കാളിത്തം ഉണ്ടാകാതെ പോയതും വലിയ തെറ്റുകള്‍ക്കും തിരിച്ചടികള്‍ക്കും വഴിവച്ചു.
ഇ എം എസ്സിന്‍റെ വേര്‍പാടിന്‍റെ കാല്‍നൂറ്റാണ്ടിന്‍റെ അനുഭവങ്ങള്‍ സങ്കീര്‍ണമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാസിസ്റ്റ് ആര്‍എസ്എസ് നിയന്ത്രിക്കുന്ന ബിജെപി കേന്ദ്രത്തില്‍ തുടര്‍ഭരണം നേടി അവരുടെ ആപല്‍ക്കരമായ അജന്‍ഡകള്‍ നടപ്പാക്കാന്‍ അക്രമാസക്തമായ നീക്കങ്ങള്‍ നടത്തുന്നു. സിപിഐ എമ്മും ഇടതുപക്ഷവും വലിയ കടന്നാക്രമങ്ങള്‍ അഭിമുഖീകരിക്കുകയാണ്. പശ്ചിമബംഗാളിലും ത്രിപുരയിലുമുണ്ടായ തിരിച്ചടികള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ കടുത്തതാണ്. ഈ അത്യസാധാരണമായ സാഹചര്യത്തെ അഭിമുഖീകരിക്കുവാന്‍ സംഘടനാ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക-സാംസ്കാരിക മേഖലകളിലാകെ ശ്രദ്ധാപൂര്‍വം വളരെകൂടുതല്‍ ഫലപ്രദമായും തുടര്‍ച്ചയായും ഇടപെടേണ്ടതുണ്ട്. പോരായ്മകള്‍ തിരുത്തി സ്വതന്ത്ര രാഷ്ട്രീയശക്തിയായി അതിവേഗംവളരുവാന്‍ സിപിഐ എം എല്ലാ തലങ്ങളിലും പ്രത്യേക കരുതലോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്; പോരാടേണ്ടതുമുണ്ട്. ഇതില്‍ ഇ എം എസ്സിന്‍റെയും എ കെ ജിയുടെയും മാതൃക പാര്‍ട്ടിക്ക് എന്നും ഉജ്ജ്വലമായ പ്രചോദനമായി തുടരും. ♦