Monday, July 22, 2024

ad

Homeകവര്‍സ്റ്റോറിഇ എം എസും കേരളത്തിലെ ജാതിക്രമവും

ഇ എം എസും കേരളത്തിലെ ജാതിക്രമവും

കെ എന്‍ ഗണേശ്

വിഖ്യാത മലയാളി ചരിത്രകാരനായ പ്രൊഫസര്‍ ദിലീപ് മേനോന്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതിയ ‘മാര്‍ക്സിസ്റ്റ് രീതിയില്‍ ബ്രാഹ്മണന്‍ ആകുമ്പോള്‍, എന്ന പ്രബന്ധം ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തമിഴ്നാടിന്‍റെ മാതൃകയില്‍ ഒരു ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനം എന്തുകൊണ്ട് കേരളത്തില്‍ ഉണ്ടായില്ല എന്നാ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വിരല്‍ചൂണ്ടിയത് ഇ എം എസ് നമ്പൂതിരിപ്പാടിന്‍റെയും അദ്ദേഹത്തിന്‍റെ സ്വാധീനത്തില്‍ കേരളസമൂഹവികാസത്തെ സംബന്ധിച്ച് മറ്റ് കമ്യൂണിസ്റ്റുകാരുടെയും നിലപാടുകളിലേക്കായിരുന്നു. കേരളസമൂഹത്തില്‍ ബ്രാഹ്മണസമൂഹത്തിന്‍റെസ്വാധീനത്തെയും കേരളസംസ്കാരത്തിന്‍റെ രൂപീകരണത്തില്‍ ബ്രാഹ്മണരുടെ പങ്കിനെയും ന്യായീകരിക്കുക വഴി അതുവരെ വളര്‍ന്നു വന്ന ബ്രാഹ്മണ വിരുദ്ധ വികാരത്തിന് തടയിടുകയാണ് ഇ എം എസ് ചെയ്തത് എന്നും ഇ എം എസ്സിന്‍റെ കേരളസങ്കല്പം അതിനു ഉത്തമ ദൃഷ്ടാന്തമാണെന്നും ദിലീപ് മേനോന്‍ വാദിച്ചു .

ഇ എം എസ്സിനെ ബ്രാഹ്മണന്‍ ആയും ബ്രാഹ്മണാധിപത്യത്തിന്‍റെ വക്താവായും ചിത്രീകരിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്‍ബലമാണ് ദിലീപ് മേനോന്‍റെ പ്രബന്ധം നല്‍കിയത്. നവോത്ഥാന ഘട്ടത്തില്‍ ആരംഭിച്ച സവര്‍ണ ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനങ്ങളെ പിറകൊട്ടടിപ്പിക്കുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തതെന്നും അതുവഴി സവര്‍ണാധിപത്യത്തിന്‍റെ വക്താക്കളായി അവര്‍ മാറുകയാണ് ചെയ്തതെന്നുമുള്ള അവരുടെ വാദം ഇപ്പോഴും നിലവിലുണ്ട്. ഇവര്‍ ഇ എം എസ്സിന്‍റെ നിലപാടുകളെ മനസ്സിലാക്കാതിരിക്കുകയോ വളച്ചൊടിക്കുകയോ ആണ് ചെയ്യുന്നത്.

ഇ എം എസ് ഒരു ഔപചാരിക ചരിത്രകാരനായിരുന്നില്ല. ഒരു ചരിത്ര വിദ്യാര്‍ഥി ആയാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. അദ്ദേഹം ചരിത്രപരമായ ഭൗതികവാദി ആയിരുന്നു. ചരിത്രത്തെയും പ്രത്യേകിച്ച് ഇന്ത്യയെയും സംബന്ധിച്ച മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും രചനകള്‍ അദ്ദേഹം ശ്രദ്ധിച്ചു വായിച്ചിരുന്നു. ഇവയെ ആധാരമാക്കി ഇന്ത്യാ ചരിത്രത്തിന്‍റെയും കേരളചരിത്രത്തിന്‍റെയും ലഭ്യമായ വിവരങ്ങളെ ആധാരമാക്കിയുള്ള പരിശോധനയാണ് അദ്ദേഹം നടത്തിയത്. ബ്രാഹ്മണനായി ജനിച്ചുവെങ്കിലും ആത്മകഥയില്‍ ഒഴികെ സ്വാനുഭവങ്ങളെ മാത്രം ആധാരമാക്കിയുള്ള വിശകലനം മറ്റൊരിടത്തും അദ്ദേഹം നടത്തിയിട്ടില്ല. ജാതിവ്യവസ്ഥയെക്കുറിച്ച് അദ്ദേഹം നടത്തുന്ന പരാമര്‍ശങ്ങള്‍ ഇതിന് ഏറ്റവും നല്ല തെളിവാണ്.

ഇന്ത്യന്‍ സമൂഹചരിത്രത്തെ കുറിച്ചുള്ള വിലയിരുത്തല്‍
ചരിത്രപരമായ ഭൗതികവാദത്തെക്കുറിച്ച് ഇ എം എസ് സ്വീകരിക്കുന്ന നിലപാട് ഇതിന്‍റെ തെളിവാണ്. സാമ്പ്രദായികമായി മാര്‍ക്സിസ്റ്റുകാര്‍ അംഗീകരിച്ചു പോരുന്ന പ്രാചീന കമ്യൂണിസം, അടിമത്തം, ഫ്യൂഡലിസം, മുതലാളിത്തം എന്നീ ദശകളെ ഇന്ത്യന്‍ സാഹചര്യത്തില്‍ അതേപടി അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കേരളം മലയാളികളുടെ മാതൃഭൂമി എന്ന തന്‍റെ ഗ്രന്ഥത്തിന്‍റെ നാലാം പതിപ്പില്‍ അദ്ദേഹം എഴുതിച്ചേര്‍ത്ത ‘ലോകചരിത്രത്തില്‍ ഇന്ത്യ’ എന്ന ആദ്യത്തെ അധ്യായത്തില്‍ ഇന്ത്യാചരിത്രത്തെക്കുറിച്ചുള്ള തന്‍റെ പൊതു കാഴ്ചപ്പാട് വിശദീകരിക്കുന്നുണ്ട്. അതില്‍ ആദ്യത്തേത് ആര്യന്മാരെയും ദ്രാവിഡരെയും സംബന്ധിച്ചതാണ്. ആര്യന്മാരല്ല ഇന്ത്യന്‍ സംസ്കാരം മൊത്തത്തില്‍ സൃഷ്ടിച്ചത്. ആര്യന്മാരെക്കാള്‍ ഉയര്‍ന്ന നാഗരിക സംസ്കാരം സൃഷ്ടിക്കാന്‍ ഹാരപ്പന്മാര്‍ക്ക് കഴിഞ്ഞിരുന്നു. ആര്യന്മാര്‍ ഇന്ത്യയില്‍ വന്നു മറ്റു ജനവിഭാഗങ്ങളുമായി ഇടകലരുകയും അവര്‍ നിരവധി പ്രാകൃതങ്ങള്‍ സംസാരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. പിന്നീട് അവയില്‍ നിന്ന് സംസ്കരിച്ച് ഒരു സംസ്കൃതം ഉണ്ടാക്കി. അതുപോലെ തെക്കുഭാഗത്ത് ദ്രാവിഡര്‍ അവരുടെ മൊഴിവഴക്കങ്ങളില്‍ നിന്ന് ഒരു സെന്തമിഴ് സൃഷ്ടിച്ചു.

രണ്ടാമത്തെത്, ആദിമ ഗോത്ര വ്യവസ്ഥയുടെ അന്ത്യത്തിലാണ് ഇന്ത്യയില്‍ വര്‍ണജാതിവ്യവസ്ഥ വളര്‍ന്നു വരുന്നത്. ചാതുര്‍വര്‍ണ്യവ്യവസ്ഥ വ്യാപിച്ചതോടെ മറ്റു ജനവിഭാഗങ്ങള്‍ വര്‍ണ വിഭാഗങ്ങളുടെ അടിമകളായി, ഇത്തരത്തിലാണ് ഇന്ത്യയില്‍ ആദിമ അടിമവ്യവസ്ഥ ഉണ്ടാകുന്നത്. എന്നാല്‍ യൂറോപ്പിലെപ്പോലുള്ള നാടുവാഴിത്തം പിന്നീട് ഇന്ത്യയില്‍ ഉണ്ടായില്ല. ചാതുര്‍വര്‍ണ്യ അടിസ്ഥാനത്തില്‍ സ്വത്തിന്‍റെയും കുടുംബങ്ങളുടേയുംമേലുള്ള അധികാരം ശക്തിപ്പെട്ടതോടെ മറ്റു വിഭാഗങ്ങള്‍ അയിത്തജാതികളായി. അവര്‍ തമ്മിലുള്ള വര്‍ഗബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് ഭൂവുടമാബന്ധങ്ങള്‍ വളര്‍ന്നു വന്നത്. ആദിമ കാലത്തിനു ശേഷം കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെ ഇന്ത്യന്‍ സമൂഹം തുടരാനുള്ള കാരണം വര്‍ണ ജാതിവ്യവസ്ഥയുടെ നിലനില്‍പ്പാണെന്നും ഇ എം എസ് വിലയിരുത്തുന്നു.

മാര്‍ക്സിന്‍റെ ഏഷ്യാറ്റിക് ഉത്പാദന വ്യവസ്ഥയെയും ഈ അവസരത്തില്‍ ഇ എം എസ് പരാമര്‍ശിക്കുന്നുണ്ട്. ഗ്രാമസമൂഹങ്ങളിലെ ഉത്പാദന രൂപങ്ങളുടെയും തരിശുഭൂമികളിലെ ജലസേചനത്തിനു മേലുള്ള നികുതിവ്യവസ്ഥയുടെയും അടിസ്ഥാനത്തില്‍ പൗരസ്ത്യരാജ്യങ്ങളില്‍ വളര്‍ന്നു വന്നതായി മാര്‍ക്സ് വിലയിരുത്തിയ ഉത്പാദന രീതിയെ ആണ് ഏഷ്യാറ്റിക് ഉത്പാദന വ്യവസ്ഥ എന്ന് വിളിക്കുന്നത്. ഇതിനെക്കുറിച്ച് മാര്‍ക്സിസ്റ്റുകാര്‍ക്കിടയില്‍ത്തന്നെ അഭിപ്രയഭിന്നതകളുണ്ടെന്ന് ഇ എം എസ് അംഗീകരിക്കുന്നുണ്ട്. അതേസമയം അതിനെ തള്ളിക്കളയാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. വര്‍ണ ജാതി ക്രമത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ ചരിത്രപാതയാണ് ഇന്ത്യ പിന്തുടര്‍ന്നത് എന്ന ബോധ്യമാണ് ഇതിനു കാരണം.

കേരള ചരിത്രം
കേരള ചരിത്രത്തെ സംബന്ധിച്ച ഇ എം എസ്സിന്‍റെ വിലയിരുത്തലുകളിലും ഇതേ ആശയഗതി പ്രകടമാണ്. ഇന്ത്യയില്‍ ചാതുര്‍വര്‍ണ്യ ആധിപത്യത്തില്‍ വര്‍ഗസമൂഹത്തിന്‍റെ വളര്‍ച്ചയെക്കുറിച്ചുള്ള അതേ ആശയങ്ങളാണ് കേരളത്തില്‍ അദ്ദേഹം സ്വീകരിക്കുന്നത്. ഒന്നാമത്, ബ്രാഹ്മണരടക്കം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളും മറുനാടുകളില്‍ നിന്ന് കുടിയേറി പാര്‍ത്തവര്‍ ആണ് എന്ന വാദം അദ്ദേഹം നിരാകരിക്കുന്നു. മറ്റെല്ലാ പ്രദേശങ്ങളെയും പോലെ കേരളത്തിലും തദ്ദേശീയരായ ആദിമ ഗോത്രസമൂഹങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ ഇടയില്‍നിന്ന് തൊഴില്‍ വിഭജനത്തിന്‍റെ അടിസ്ഥാനത്തില്‍ ജാതികള്‍ വളര്‍ന്നുവന്നു.ബ്രാഹ്മണരടക്കം പുറമേനിന്നു വന്നവരും ജാതിസമൂഹത്തിന്‍റെ ഭാഗമായി. ബ്രാഹ്മണാധിപത്യത്തിന്‍റെ വളര്‍ച്ച ജാതി അടിമത്തത്തെ ഉത്പാദന ബന്ധങ്ങളുടെ മുഖ്യരൂപമാക്കി.

ഇളംകുളം കുഞ്ഞന്‍പിള്ള ഉയര്‍ത്തുന്ന ഒരു വാദം ഇ എം എസ് നിരാകരിക്കുന്നുണ്ട്. കേരളത്തിലെ മരുമക്കത്തായം ബ്രാഹ്മണരുടെ ലൈംഗികാസക്തിയുടെ സൃഷ്ടിയാണത് എന്ന ഇളംകുളത്തിന്‍റെ വാദമാണ്. മോര്‍ഗന്‍റെയും എംഗല്‍സിന്‍റെയും വാദങ്ങള്‍ ഉദ്ധരിച്ച് മാതൃ മേധാവിത്വം ഗോത്രസമൂഹത്തിന്‍റെ ഭാഗമാണെന്നും ഇതിനെ സ്വന്തം ആധിപത്യസ്ഥാപനത്തിനായി ബ്രാഹ്മണര്‍ ഉപയോഗിക്കുകയാണ് ചെയ്തതെന്നും ഇ എം എസ് വാദിക്കുന്നു. കേരളത്തിലെ ബ്രാഹ്മണര്‍ കേവലം ആര്യവംശജരല്ല. അവരും പ്രാദേശിക ജനവിഭാഗങ്ങളും തമ്മിലുള്ള സങ്കരത്തിന്‍റെ സന്തതികളാണ്. അതുകൊണ്ടാണ് അവര്‍ക്ക് മറ്റിടങ്ങളില്‍ ഇല്ലാത്ത ആചാരങ്ങളും പിന്തുടര്‍ച്ചക്രമങ്ങളും ഇവിടെ ഉണ്ടായി വന്നത്.

മധ്യകാല കേരള സമൂഹത്തിന്‍റെ സൃഷ്ടിയില്‍ ബ്രാഹ്മണാധിപത്യത്തിന്‍റെ പങ്കിനെ അദ്ദേഹം പൂര്‍ണമായി അംഗീകരിക്കുന്നുണ്ട്. ബ്രാഹ്മണാധിപത്യം കേവലമായ ജാതിക്കോയ്മയല്ല. അതിനു കാര്‍ഷിക ഭൂവുടമാബന്ധങ്ങളുമായും മധ്യകാല അധികാര ഘടനയുമായും നേരിട്ട് ബന്ധമുണ്ട്. ജന്മി – കുടിയാന്‍ ബന്ധങ്ങളാണ് ഭൂവുടമ ബന്ധങ്ങളുടെ രൂപം. യൂറോപ്യന്‍ ഫ്യൂഡലിസത്തോടു സാമ്യമുള്ള സൈനിക ഘടനയാണ് മധ്യകാല അധികാര ഘടനയുടെ രൂപം. ജന്മിസമ്പ്രദായത്തിലും നാടുവാഴിത്തത്തിലും ബ്രാഹ്മണര്‍ക്ക് കൃത്യമായ പങ്കുണ്ട്. വര്‍ണ ജാതിക്രമത്തിനനുസരിച്ചുള്ള വഴക്കങ്ങളാണ് തൊഴില്‍രൂപങ്ങളെയും അധികാരഘടനയെയും നിലനിര്‍ത്താന്‍ സഹായിക്കുന്നത്. ഇത്തരത്തില്‍ വളര്‍ന്നുവന്ന സമൂഹരൂപത്തെ ജാതി ജന്മി നാടുവാഴിത്തം എന്ന് പൊതുവില്‍ ഇ എം എസ് വിശേഷിപ്പിച്ചു.

ഇതില്‍ നിന്ന് ഇ എം എസ്സും ഇന്നത്തെ ജാതിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിലത് വ്യക്തമാണ്. ഒന്ന് മധ്യകാല കേരളസമൂഹത്തിന്‍റെ രൂപീകരണത്തില്‍ ജാതിക്രമത്തിന്‍റെയും ബ്രാഹ്മണാധിപത്യത്തിന്‍റെയും സവിശേഷ പ്രാധാന്യത്തെക്കുറിച്ച് ഇ എം എസ്സിന് വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നു. അതേസമയം കേവലമായ ജാതിവാദത്തിന്‍റെ അടിസ്ഥാനത്തില്‍ മധ്യകാലസമൂഹത്തിന്‍റെ രൂപീകരണത്തെ വിലയിരുത്താന്‍ അദ്ദേഹം തയ്യാറായില്ല. എംഗല്‍സ് നിര്‍ദേശിച്ചതു പോലെ സ്വത്തുടമാബന്ധങ്ങള്‍, കുടുംബം, ഭരണകൂടം എന്നിവയുടെ വളര്‍ച്ചയെ പൊതുവായി പരിശോധിക്കുകയും അതില്‍ ജാതിക്രമം വഹിച്ച പങ്കിനെ വിലയിരുത്തുകയുമാണ് അദ്ദേഹം ചെയ്തത്. അതിന്‍റെ ഭാഗമായി ബ്രാഹ്മണാധിപത്യത്തെയും ജന്മിസമ്പ്രദായത്തെയും നാടുവഴിത്തത്തെയും അദ്ദേഹം വിമര്‍ശിച്ചു. അത് വര്‍ഗ വൈരുധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള വിമര്‍ശനമായിരുന്നു. അധീശവര്‍ഗങ്ങള്‍ക്കെതിരായ സമരം സമ്പത്തിന്‍റെയും അധികാരത്തിന്‍റെയും സമൂഹബന്ധങ്ങളുടെയും ഒരു പ്രത്യേകരൂപത്തെ ഇല്ലാതാക്കാനുള്ള സമരമാണെന്നും ഏതെങ്കിലും ഒരു സമൂഹവിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള സമരമല്ലെന്നും അദ്ദേഹത്തിനു വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ ബ്രാഹ്മണാധിപത്യത്തെയും ജന്മിത്തത്തെയും നാടുവഴിത്തത്തെയും അദ്ദേഹം നിരാകരിച്ചു. അവര്‍ കൂടി ഉള്‍പ്പെട്ട ഒരു പ്രാദേശിക ദേശീയ സംസ്കൃതിയെ അദ്ദേഹം അംഗീകരിച്ചു. അടിസ്ഥാന ചൂഷിതവര്‍ഗങ്ങളുടെ നിലപാടില്‍ നിന്നുകൊണ്ട് ഭാഷയും സാഹിത്യവുമടക്കം സാംസ്കാരിക മണ്ഡലത്തില്‍ അദ്ദേഹം നടത്തിയ പോരാട്ടം ഇവിടെ ഓര്‍മിക്കേണ്ടതാണ്. ദേശീയതയുടെ ആന്തരികമാറ്റങ്ങള്‍ വര്‍ഗസമരത്തിന് അനുസരിച്ചാകണം എന്ന നിലപാടാണ് ഇതിനു കാരണം.

സമൂഹബന്ധങ്ങളില്‍ നിന്ന് ജാതീയത തുടച്ചുനീക്കേണ്ടതിന്‍റെ അടിയന്തരപ്രാധാന്യം സൂചിപ്പിച്ചുകൊണ്ടുള്ള നിരവധി കുറിപ്പുകളും ലേഖനങ്ങളും അദ്ദേഹം എഴുതി. ജനാധിപത്യസമൂഹത്തിന്‍റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടിയായാണ് ജാതിക്രമം പ്രവര്‍ത്തിക്കുക എന്നും സാമൂഹ്യപരിവര്‍ത്തനത്തിനുള്ള മുന്നേറ്റങ്ങള്‍ക്ക് വെല്ലുവിളിയായി അത് മാറുമെന്നും ഇ എം എസ് ചൂണ്ടിക്കാണിച്ചു. ജാതിക്രമത്തിനു എതിരായ സമരം പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. അതിന്‍റെ ഭാഗമായി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ സമരം, സാക്ഷരതയും സാര്‍വത്രികവിദ്യാഭ്യാസവും, ശാസ്ത്രബോധത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ പ്രാധാന്യത്തില്‍ അദ്ദേഹം ഊന്നി.

ഇവിടെയാണ് ഇ എം എസ്സും ജാതിവാദികളും തമ്മിലുള്ള പ്രധാനഭിന്നത പുറത്തുവരുന്നത്. ഇ എം എസ്സിന് ചൂഷണത്തില്‍ അധിഷ്ഠിതമായ സമൂഹബന്ധങ്ങളുടെ ഒരു സവിശേഷരൂപമാണ്, അയിത്തവും അനാചാരങ്ങളും. ജാതിമര്യാദകളും വിലക്കുകളുമെല്ലാം ഒരു പ്രത്യേകതരം സ്വത്തുടമാബന്ധങ്ങളുടേയും അധികാര ഘടനയുടെയും കുടുംബബന്ധങ്ങളുടെയും ഇവ സൃഷ്ടിക്കുന്ന ഉച്ചനീചത്വ ത്തിന്‍റെയും മര്‍ദന ചൂഷണ രൂപങ്ങളുടെയും ഫലമാണ്. എന്നാല്‍ ഒരു ജാതിവാദിക്ക് എല്ലാ സാമൂഹബന്ധങ്ങളും ജാതീയമായ വ്യത്യസ്തതയില്‍ അടങ്ങിയിരിക്കുന്നു. അതിനപ്പുറമുള്ള ഒരു സമൂഹരൂപത്തേയും അയാള്‍ അംഗീകരിക്കുകയില്ല. എന്നാല്‍ ഇ എം എസ് എന്ന ചരിത്രപരമായ ഭൗതികവാദിക്ക് കേവലവും ഏകപക്ഷീയവുമായ ഈ ജാതിവിമര്‍ശത്തെ അംഗീകരിക്കാന്‍ കഴിയുകയില്ല. ചാതുര്‍വര്‍ണ്യത്തിന്‍റെ ആദ്യകാല രൂപങ്ങളും മധ്യകാല ജാതിക്രമവും ഇന്ന് ഒരു മുതലാളിത്തവ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ജാതീയതയും വ്യത്യസ്ത പ്രതിഭാസങ്ങള്‍ ആണെന്നും അവ വ്യത്യസ്തമായ ധര്‍മങ്ങളാണ് നിര്‍വഹിക്കുന്നത് എന്നും അദ്ദേഹത്തിനറിയാം. ഇതിന്‍റെ ഭാഗമായി സമൂഹപരിവര്‍ത്തനത്തിന് ജാതീയത സൃഷ്ടിക്കുന്ന വിലങ്ങുതടികള്‍ അദ്ദേഹം പരിശോധിക്കുന്നു; അവ നീക്കാനുള്ള മാര്‍ഗങ്ങള്‍ അദ്ദേഹം നിര്‍ദേശിക്കുന്നു.

ഇവിടെയാണ് ജാതിവാദികളും ഇ എം എസ്സും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഭിന്നത പുറത്തുവരുന്നത്. ജാതിവാദികള്‍ക്ക് ജാതി കേവലസത്യമാണ്. ജാതി ബ്രാഹ്മണാധിപത്യത്തിന്‍റെ ഉല്പന്നമാണ്. അതുകൊണ്ട് ഇന്ത്യാചരിത്രത്തിന്‍റെ ആദ്യഘട്ടം മുതല്‍ തന്നെ ജാതിയുണ്ട്. ജാതിയുടെ ഉന്മൂലനം ബ്രഹ്മണാധിപത്യത്തിന്‍റെ ഉന്മൂലനമാണ്. ജാതി നിലനില്‍ക്കുന്നതുകൊണ്ടുതന്നെ എല്ലാ കാലത്തെ ഭരണാധികാരികളും നേരിട്ടോ അല്ലാതെയോ ബ്രാഹ്മണാധിപത്യത്തിന്‍റെ വക്താക്കളാണ് എന്ന് അവര്‍ വാദിക്കുന്നു. ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഇ എം എസ്സിനെ ഈ തൊഴുത്തില്‍ കെട്ടാന്‍ വലിയ പ്രയാസമില്ല. പക്ഷേ ഇ എം എസ്സിന്‍റെയും പൊതുവില്‍ ശാസ്ത്രീയമായി ചരിത്രവസ്തുതകളെ വിലയിരുത്തുന്നവരുടേയും നിലപാട് വ്യത്യസ്തമാകും. സ്വത്തുടമാബന്ധങ്ങളെയും കുടുംബഘടനയെയും ഭരണകൂടത്തിന്‍റെ സ്വഭാവത്തെയും ആധാരമാക്കി ജാതിയുടെ സാമൂഹ്യസ്വധീനത്തില്‍ വ്യത്യാസം വരാം. അതായത് വര്‍ഗബന്ധങ്ങളുടെ സ്വഭാവമാണ് ജാതിയുടെ പ്രവര്‍ത്തനത്തെ നിര്‍ണയിക്കുന്നത്; നേരെ തിരിച്ചല്ല.

ആധുനിക ജാതിവാദികളുടെ നിലപാട് ആത്മനിഷ്ഠവും കേവലമായ വ്യത്യസ്തതകളെ ആധാരമാക്കിയതുമാണ്. ദിലീപ് മേനോനെ പോലുള്ള ചരിത്രകാരന്മാര്‍ ചരിത്രപരമായ ഭൗതികവാദികള്‍ അല്ല. ഇ എം എസ് ജാതിയെ പരിശോധിക്കുന്നത് അത് പ്രവര്‍ത്തിക്കുന്ന ഭൗതികസന്ദര്‍ഭങ്ങളെ ആധാരമാക്കിയാണ്. അതുകൊണ്ട് കേവലസത്യമായ ജാതിയെക്കാള്‍ ചരിത്രസന്ദര്‍ഭങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ജാതിയെയാണ് ഇ എം എസ് പരാമര്‍ശിക്കുന്നത്. അതേസമയം ജാതിയെ ഉന്മൂലനം ചെയ്യാതെ ഇന്ത്യന്‍ സമൂഹത്തില്‍ വിപ്ലവപരമായ മാറ്റങ്ങള്‍ സംഭവിക്കുകയില്ലെന്ന് ഇ എം എസ് തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെ കേവലമായ വിരുദ്ധവാദങ്ങള്‍ ഉന്നയിക്കുകയാണ് ജാതിവാദികള്‍ സ്ഥിരമായി ചെയ്യുന്നത്.

സ്വത്വവാദത്തിന്‍റെ പ്രധാനരൂപം കേവലമായ മനോഭാവ സിദ്ധാന്തങ്ങള്‍ ആണ്. ജാതിബദ്ധമായ സംമൂഹരൂപങ്ങളില്‍ സ്വന്തം നിലപാടുകള്‍ക്ക് ചെറിയ തോതില്‍ പോലും അന്യമായ ഒരു സിദ്ധാന്തത്തെയും മറുപക്ഷത്താക്കാന്‍ അവര്‍ക്ക് ഒരു പ്രയാസവുമില്ല. ഇത്തരം നിലപാടുകള്‍ അവരുടെ യഥാര്‍ത്ഥ നിലപാടുകളെ സൂചിപ്പിക്കുന്നു എന്നും മറ്റേതെല്ലാം വെറും പുറംപൂച്ച് ആണെന്നും ചിത്രീകരിച്ചാല്‍ മതി. ഇ എം എസ് കേരളം എന്ന ദേശീയതയുടെ രൂപീകരണത്തില്‍ കീഴാളര്‍ക്ക് എന്നതു പോലെ പോലെ ബ്രാഹ്മണര്‍ക്കും അവരുടേതായ പങ്കുണ്ടായിരുന്നു എന്ന് വാദിക്കുക മാത്രമാണ് ചെയ്തത്. അത്തരം ഒരു നിഗമനം അദ്ദേഹത്തെ ജന്മി സമ്പ്രദായത്തിനും ബ്രാഹ്മണാധിപത്യത്തിനും വിരുദ്ധനല്ലാതാക്കുന്നില്ല. ബ്രാഹ്മണരടക്കം ഉള്ള ജന്മികളെ ഇത്തിക്കണ്ണി വര്‍ഗം എന്നു വിളിച്ചതും ഇ എം എസ് തന്നെയാണ്. ഇതൊന്നും ഇ എം എസ്സിനെ മാര്‍ക്സിസ്റ്റ് ബ്രാഹ്മണന്‍ എന്ന് വിളിക്കുന്നതില്‍ നിന്ന് ഒരു വിഭാഗം ബുദ്ധിജീവികളെ തടയുന്നില്ല. അവരുടെ നിലപാടുകള്‍ ശാസ്ത്രീയമായ ചരിത്രബോധത്തിനു അനുരൂപമാണോ എന്നും അവര്‍ വാദിക്കുന്ന ജാതിയുടെ അന്ത്യം സ്വന്തം നിലപാടുകളിലൂടെ സാധ്യമാകുമോ എന്നും അവര്‍ തന്നെ പരിശോധിക്കേണ്ട കാര്യമാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

7 − 5 =

Most Popular