Sunday, November 24, 2024

ad

Homeനിരീക്ഷണംചോര വാര്‍ന്നൊഴുകുന്ന ജനാധിപത്യം

ചോര വാര്‍ന്നൊഴുകുന്ന ജനാധിപത്യം

എ എ റഹിം

അസാധാരണമായ കാഴ്ചകളും അനുഭവങ്ങളുമായിരുന്നു ത്രിപുര സമ്മാനിച്ചത്.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായിപ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം ത്രിപുരയിലെത്തിയത് ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു. രാജ്യസഭയിലെ സിപിഐ എം നേതാവ് എളമരം കരീമിന്‍റെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.

എന്നെക്കൂടാതെ സംഘത്തില്‍ സിപിഐ എമ്മിനെപ്രതിനിധീകരിച്ച് രാജ്യസഭാ അംഗം ബികാഷ് രഞ്ജന്‍ഭട്ടാചാര്യ,ലോക്സഭാംഗം പി ആര്‍ നടരാജന്‍(സിപിഐഎം)എന്നിവരും, സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം, കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ചു രാജ്യസഭാ അംഗം രഞ്ജിത രഞ്ജന്‍, ലോക്സഭാ എംപി അബ്ദുല്‍ ഖാലിഖ് എന്നിവരും ഉണ്ടായിരുന്നു. ജനപ്രതിനിധികളായ ഞങ്ങള്‍ക്കു പുറമെ എ ഐ സി സി സെക്രട്ടറിയും, ത്രിപുരയിലെ കോണ്‍ഗ്രസ്സ് ചുമതലക്കാരനുമായ അജോയ് കുമാറും ഉണ്ടായിരുന്നു.

ഡല്‍ഹിയില്‍ നിന്നും ത്രിപുരയിലേയ്ക്ക്
ഡല്‍ഹിയില്‍ നിന്നും അഗര്‍ത്തലയിലേക്കുള്ള വിമാനം 11:45നായിരുന്നു. രാജ്യതലസ്ഥാനത്തുനിന്നും അഗര്‍ത്തലയിലേയ്ക്ക് പുറപ്പെടാന്‍ വിമാനത്താവളത്തിലേക്കുള്ള എന്‍റെ യാത്രയില്‍ ജി 20 അധ്യക്ഷപദവി ഇപ്പോള്‍ ഇന്ത്യ വഹിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍ തെരുവില്‍ ഉടനീളം കണ്ടു.പലതിലും ഇന്ത്യയെ ‘മദര്‍ ഓഫ് ഡെമോക്രസി’ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനാധിപത്യത്തിന്‍റെ പരസ്യബോര്‍ഡുകള്‍ കടന്ന് വിമാനത്താവളത്തിലേയ്ക്ക്..

എളമരം കരീം, ബിനോയ് വിശ്വം, പി ആര്‍ നടരാജന്‍, രഞ്ജിത രഞ്ജന്‍, അജോയ് കുമാര്‍ എന്നിവരും ഞാനും ഒരേ വിമാനത്തിലായിരുന്നു യാത്ര. ഞങ്ങള്‍ അഗര്‍ത്തലയില്‍ വിമാനമിറങ്ങുമ്പോള്‍ അബ്ദുല്‍ ഖാലിഖ് ആസ്സാമില്‍ നിന്നും നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിക്കഴിഞ്ഞിരുന്നു. ത്രിപുരയിലെ സിപിഐഎം, കോണ്‍ഗ്രസ്സ് നേതാക്കള്‍ ഞങ്ങളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ത്രിപുരയുടെ പരമ്പരാഗത രീതിയില്‍ ഷാളുകള്‍ അണിയിച്ച് അവര്‍ ഞങ്ങളെ സ്വീകരിച്ചു. പുറത്തു കാത്തു കിടന്ന് വാഹനങ്ങളില്‍ സര്‍ക്കാര്‍ അഥിതി മന്ദിരത്തിലേക്ക്ഞങ്ങള്‍ യാത്ര തിരിച്ചു.

അഥിതി മന്ദിരം, അഗര്‍ത്തല
അധികനേരം അവിടെ ചെലവഴിച്ചില്ല.ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ കല്‍ക്കത്തയില്‍ നിന്നും നേരത്തെതന്നെ അഗര്‍ത്തലയില്‍ എത്തിയിരുന്നു.അതിഥി മന്ദിരത്തില്‍ കാത്തിരുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതിന്‍ ചൗധരി പരിപാടികള്‍ വിശദീകരിച്ചു.സംസ്ഥാനത്തെഇടത്,കോണ്‍ഗ്രസ്സ് നേതാക്കള്‍ എല്ലാവരും ഉണ്ടായിരുന്നു.അല്‍പസമയത്തിനുള്ളില്‍ ത്രിപുരയുടെ പ്രിയപ്പെട്ട മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എത്തി.

നേര്‍ക്കാഴ്ചകളിലേയ്ക്ക്
മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു ഞങ്ങളുടെ യാത്ര.ഞാന്‍ ഉള്‍പ്പെടുന്ന സംഘത്തില്‍ എനിക്കു പുറമേ രാജ്യസഭാംഗങ്ങളായ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ, രഞ്ജിത രഞ്ജന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

എംപിമാര്‍ക്ക് പുറമേ,ത്രിപുരയിലെ മുന്‍ എംഎല്‍എ യും കോണ്‍ഗ്രസ്സ് നേതാവുമായ ആശിഷ് സാഹ, മുന്‍ എംഎല്‍എ യും സിപിഐഎം മോഹന്‍പൂര്‍ ഡിവിഷണല്‍ സെക്രട്ടറിയുമായ പ്രണബ് ദേബ് ബര്‍മ്മ, എ ഐ സി സി സെക്രട്ടറി സാരിയാ ലൈഫലാങ് എന്നിവരും ഞങ്ങളെ അനുഗമിച്ചു.

മോഹന്‍പൂര്‍ രണ്ട് നിയമസഭാ മണ്ഡലത്തിലെ പ്രശ്നബാധിത പ്രദേശങ്ങളിലേയ്ക്കായിരുന്നു ഞങ്ങളുടെ യാത്ര.ബിജെപിയാണ് ഇവിടെ ജയിച്ചത്.2018 ലും ബിജെപി തന്നെയാണ് വിജയിച്ചത്. കഴിഞ്ഞ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയും ഇപ്പോഴത്തെ മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയുമായ രത്തന്‍ലാല്‍ ഈ മണ്ഡലത്തെ പ്രതിനിധികരിക്കുന്നു.ഇദ്ദേഹത്തിന്‍റെ അറിവോടെയായിരുന്നു എല്ലാഅക്രമങ്ങളുമെന്ന് സഖാക്കള്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വന്ന രാത്രി മുതല്‍ ഇവിടെ സിപഐ എമ്മിന്‍റെയും കോണ്‍ഗ്രസിന്‍റെയും പവര്‍ത്തകരുടെയുംനേതാക്കളുടെയും വീടുകള്‍,കടകള്‍,തിരഞ്ഞുപിടിച്ചു അക്രമം ആരംഭിച്ചു.ക്രൂരമായ അക്രമങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ഗ്രാമങ്ങളില്‍ നിന്നും പലരും പലായനം ചെയ്തു.

ബംഗ്ലാദേശുമായി അതിര്‍ത്തിപങ്കിടുന്ന കല്‍ക്കലിയ ഗ്രാമം. നിറയെ കൃഷിസ്ഥലങ്ങളുംനീര്‍ത്തടങ്ങളും ഒക്കെയായി മനോഹരമായ ഗ്രാമീണ കാഴ്ചകള്‍.കേരളത്തിന്‍റെ ഊടുവഴികളിലൂടെയുള്ള യാത്രയായി മാത്രമേ തോന്നു. ഇന്ത്യയെയും ബംഗ്ലാദേശിനെയും വിഭജിക്കുന്ന കൂറ്റന്‍ വേലി തലയുയര്‍ത്തി നില്‍ക്കുന്നു.ഇടുങ്ങിയ വഴികളിലൂടെ വാഹനം മുന്നോട്ടുപോയി.

സിപിഐ എം പ്രവര്‍ത്തകന്‍ സമീര്‍ രഞ്ജന്‍ റായ് താമസിച്ചിരുന്ന ചെറിയ വീട്. പനമ്പുകൊണ്ട് അകത്തെ ചുമരുകള്‍ മുറികളെ വേര്‍തിരിക്കുന്നു.മണ്‍ ചുവരുള്ള ഒരു ചെറിയ വീട്.പുറമേ ഒരുകേടുമില്ല.

ദിവസങ്ങളായി പൂട്ടിയിരുന്ന വീട് തുറന്ന് അകത്തു കയറിയ ഞങ്ങള്‍ കണ്ടത് അകത്തെ എല്ലാസാധന സാമഗ്രികളും പൂര്‍ണ്ണമായും തകര്‍ത്തിരിക്കുന്നതാണ്.കൃഷിപ്പണി ചെയ്തു ജീവിക്കുന്ന സമീര്‍രഞ്ചന്‍ റേ സിപിഐഎമ്മിന്‍റെ തിരഞ്ഞെടുപ്പ് ഏജന്‍റുമായിരുന്നു. തകര്‍ക്കപ്പെട്ട തന്‍റെ വസ്തുവകകള്‍ക്കരികില്‍ നിന്ന് സമീര്‍ വികരാധീനനായി.

ഞങ്ങളോടൊപ്പമുണ്ടായിരുന്ന സ്ഥലത്തെ പ്രധാന പൊലീസ് ഓഫീസര്‍മാരോട് കേസിനെക്കുറിച്ചു തിരക്കിയ ഞങ്ങള്‍ക്ക് ലഭിച്ചത് വിചിത്രമായ മറുപടിയായിരുന്നു’. രേഖാമൂലം പരാതി ലഭിച്ചിട്ടില്ല’ എന്നായിരുന്നു മറുപടി.ഞങ്ങള്‍ ശക്തമായ ഭാഷയില്‍ കേസെടുക്കാത്തതിനെ വിമര്‍ശിച്ചപ്പോള്‍കേസെടുക്കാമെന്നും പ്രതികളെ പിടിക്കാമെന്നുമായി പൊലീസിന്‍റെ മറുപടി.

ഈ സ്ഥലം സന്ദര്‍ശിച്ചു മടങ്ങുന്നതിനിടയില്‍ ഒരു സംഘം അക്രമികള്‍ ഞങ്ങളുടെ വാഹനവ്യൂഹത്തിനു നേരെയും ആക്രോശത്തോടെ പാഞ്ഞടുത്തു.

ഇതേ ക്രിമിനലുകളാണ് ഞങ്ങള്‍ സന്ദര്‍ശിച്ച വീടുകള്‍ തകര്‍ത്തതും.

അക്ഷരാര്‍ഥത്തില്‍ പ്രതികള്‍ക്ക് സ്വൈര്യ വിഹാരം!!. പ്രാദേശിക മാഫിയാ സംഘത്തില്‍പെട്ടവരാണത്രെ ഇവര്‍.

ഭീഷണിമുഴക്കുന്ന സംഘത്തിനു മുന്നില്‍ സായുധരായ പോലീസ് സംഘം ഉചിതമായ യാതൊന്നുംചെയ്യാതെ നില്‍ക്കുന്നത് ഞങ്ങള്‍ നേരിട്ടുകണ്ടു. സായുധരായ പോലീസുകാരുടെയും അര്‍ദ്ധസൈനികവ്യൂഹത്തിന്‍റെയും സാന്നിധ്യത്തില്‍ ഇപ്രകാരമാണ് ഈ ഗുണ്ടാ സംഘത്തിന്‍റെപോര്‍വിളിയെങ്കില്‍ ദുര്‍ബലരായ ഗ്രാമീണരോടും സാധാരണ സഖാക്കളോടും എത്ര ഭീകരമായിരിക്കും എന്ന് ഞങ്ങള്‍ക്ക് നേരിട്ടനുഭവപ്പെട്ടു.

കല്‍ക്കാലിയ ഗ്രാമത്തില്‍ തന്നെ നിരവധി വീടുകള്‍ക്കു നേരെ അക്രമം ഉണ്ടായി. തൊട്ടടുത്തുള്ള മറ്റു വീടുകള്‍ സുരക്ഷിതമായിരിക്കുന്നു. അവിടെ ആളുകള്‍ താമസവുമുണ്ട്. സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ മാത്രമാണ് അക്രമങ്ങള്‍ നടന്നിരിക്കുന്നത്. ആ വീടുകളില്‍ ഇപ്പോള്‍ ആരുമില്ല. ജീവനില്‍ ഭയന്ന് അവരൊക്കെയും മറ്റ് സ്ഥലങ്ങളിലേയ്ക്ക് പലായനംചെയ്തിരിക്കുന്നു.

അവിടെ സിപിഐഎം പ്രവര്‍ത്തകരുടെ കടകള്‍ തകര്‍ത്ത നിലയിലായിരുന്നു.

അടുത്തുള്ള മറ്റ് കടകള്‍ പ്രവര്‍ത്തിക്കുന്നു.ജീവനോപാധികള്‍ തകര്‍ത്തും വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയും സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും ഭയപ്പെടുത്തി നിശബ്ദമാക്കാനാണ് ബിജെപി ത്രിപുരയില്‍ ശ്രമിക്കുന്നത്.

കത്തിച്ചാമ്പലായ വീട്: കേസെടുക്കാതെ പൊലീസ്
മോഹന്‍പൂര്‍ രണ്ട് എന്ന മണ്ഡലത്തില്‍ തന്നെയുള്ള ഹരീനഖല ഗ്രാമം.

സിപിഐ എം പ്രാദേശിക നേതാവ് ഹര്‍ത്താന്‍ സര്‍ക്കാരിന്‍റെ വീട് പൂര്‍ണ്ണമായും ബിജെപിക്കാര്‍ കത്തിച്ചു കളഞ്ഞിരിക്കുന്നു. കത്തിച്ചാമ്പലായ ആ വീടിന്‍റെ അവശിഷ്ടങ്ങള്‍ ചൂണ്ടി ഞങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു, കേസ്, പ്രതികള്‍..?? ഉത്തരം പഴയത് തന്നെ ‘പരാതിലഭിച്ചിട്ടില്ല’!

ചുറ്റിലും വിശാലമായ കൃഷിസ്ഥലങ്ങള്‍. കൃഷിസ്ഥലങ്ങള്‍ക്കരികില്‍ ചെറിയ വീടുകള്‍. വീടുകളില്‍ബിജെപി പതാകയുണ്ട്. അക്രമം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലാണത്രെ! പലരും ബിജെപിപ്രവര്‍ത്തകരൊന്നുമല്ല. സാധാരണക്കാരായ ആ മനുഷ്യരില്‍ പലരും പ്രാണരക്ഷാര്‍ഥം ബിജെപി കൊടികള്‍ വച്ചിരിക്കുന്നതാണെന്ന് കൂടെയുണ്ടായിരുന്ന പ്രദേശവാസികള്‍ പറഞ്ഞു.

കൃഷിസ്ഥലങ്ങള്‍ക്ക് നടുവിലുള്ള ചെറിയ നടവഴിയിലൂടെ ഞങ്ങള്‍ ചെന്നുനിന്നത് കത്തിയമര്‍ന്ന ആവീടിനു മുന്നിലായിരുന്നു. ഹര്‍ത്താന്‍ സര്‍ക്കാറും കുടുംബവും ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. പ്രാണനുംകൊണ്ട് മറ്റെവിടെയോ മറഞ്ഞിരിക്കുന്നു.

‘അക്രമം തടയാന്‍’ പൊലീസിന്‍റെ പുതിയ മാര്‍ഗ്ഗം!!
അഗര്‍ത്തല മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സിപിഐ എം സ്ഥാനാര്‍ത്ഥിയായിരുന്ന ദേബാശിഷ്ബര്‍മന്‍റെ അക്രമം നേരിട്ട വീട് സന്ദര്‍ശിച്ചു. കല്ലേറില്‍ എല്ലാ ചില്ലുകളുംതകര്‍ന്നിരിക്കുന്നു. ദേബാശിഷിന്‍റെ വീട് ഇതാദ്യമായല്ല ആക്രമിക്കപ്പെടുന്നത്.കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷവും സമാനമായ ആക്രമണത്തിന് ഈ കുടുംബം ഇരയായി.

പരാതി നല്കാന്‍ ചെന്നപ്പോള്‍ ദേബാശിഷിന് പൊലീസ് നല്‍കിയ ഉപദേശം ഇങ്ങനെയായിരുന്നു.

“കേസ് കൊടുക്കാതിരിക്കുന്നതാണ് നല്ലത്, കൊടുത്താല്‍ കൂടുതല്‍ അക്രമങ്ങളുണ്ടാകും. കൊടുക്കാതിരുന്നാല്‍ ഒരുപക്ഷേ ഇതുകൊണ്ട് പ്രശ്നങ്ങള്‍ തീര്‍ന്നേക്കാം”…!!!

നിയമവാഴ്ച അപ്പാടെ തകര്‍ന്നിരിക്കുന്നു. ഒരു വിഭാഗം പൊലീസുകാര്‍ ബിജെപിയുടെ അടിമകളായി,ബാക്കിയുള്ളവര്‍ നിസ്സഹായരായി നോക്കിനില്‍ക്കുന്നു.

എളമരം കരീം ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ അക്രമം
ഞങ്ങളുടെ സംഘം തിരിച്ചെത്തിയതിനുശേഷമാണ് എളമരം കരീം ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെ അക്രമം നടന്നത് അറിയുന്നത്. ഒരു കമ്പോളത്തില്‍ തകര്‍ക്കപ്പെട്ട കടകള്‍ക്ക് അരികില്‍ ഇരകളോട് സംസാരിക്കുന്നതിനിടയിലാണ് ഒരു സംഘം ക്രിമിനലുകള്‍ ജയ്ശ്രീറാം വിളികളുമായി എംപിമാര്‍ക്കെതിരെ പാഞ്ഞടുക്കുന്നത്. അവര്‍ മൂന്ന് വാഹനങ്ങള്‍ തകര്‍ത്തു. സായുധരായ പോലീസിന്‍റെ മുന്നില്‍ രാജ്യത്തെ എംപിമാര്‍ നേരിട്ട ഈ അക്രമത്തോടെ ത്രിപുര ശാന്തമാണെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി മണിക് സാഹയും ബിജെപിയും രാജ്യത്തിനു മുന്നില്‍ തുറന്നുകാട്ടപ്പെടുകയായിരുന്നു.

രാജ്ഭവനിലേയ്ക്ക്
ഞങ്ങള്‍ ത്രിപുരയിലേയ്ക്ക് പുറപ്പെടുന്നതിനു മുന്‍പുതന്നെ കൂടിക്കാഴ്ചയ്ക്കായി ഗവര്‍ണറോട് സമയം ചോദിച്ചിരുന്നു. ദീര്‍ഘ ദിവസത്തെ ആവശ്യത്തിനൊടുവില്‍ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം രാവിലെ പതിനൊന്നു മണിയോടെ ഞങ്ങള്‍ക്ക് ഗവര്‍ണറെ കാണാന്‍ സമയംലഭിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയും പിസിസി അധ്യക്ഷനും ചില എംഎല്‍എമാരും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
ക്രമസമാധാന തകര്‍ച്ചയില്‍ ഞങ്ങള്‍ക്കുള്ള ആശങ്ക ഗവര്‍ണറെ ധരിപ്പിച്ചു. വിശദമായ റിപ്പോര്‍ട്ട് നല്‍കൂ, ഉചിതമായ നടപടിക്ക് താന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കാമെന്ന് അദ്ദേഹം ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

ഒരുമിച്ച് ഒരുകൂട്ടം ഇരകള്‍
ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഇരകളായ നിരവധി സിപിഐഎം പ്രവര്‍ത്തകരെയുംകുടുംബാംഗങ്ങളെയും കാണാന്‍ ഞങ്ങള്‍ പുറപ്പെട്ടു.അഗര്‍ത്തലയിലെ കിസാന്‍ സഭ ഓഫീസില്‍വച്ചായിരുന്നു കൂടിക്കാഴ്ച. അഗര്‍ത്തലയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ആളുകളായിരുന്നു അവര്‍.

അക്ഷരാര്‍ഥത്തില്‍ ഹൃദയഭേദകമായിരുന്നു അവരുടെ അനുഭവങ്ങള്‍.പലര്‍ക്കും വാക്കുകള്‍മുറിഞ്ഞു. തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭീകരമായ അക്രമങ്ങള്‍ പൂര്‍ണ്ണമായി വിവരിക്കാന്‍ കഴിയാതെചിലരുടെ കണ്ഠമിടറി.

മണിഘോഷിന്‍റെ വീട് തകര്‍ക്കപ്പെട്ടു,ഭാര്യ ക്രൂരമായ ആക്രമണത്തിന് ഇരയായി.

പ്രതാപ്ഗഡ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ രാമുദാസിന്‍റെ വീടിനു നേര്‍ക്കും അക്രമം നടന്നു. അദ്ദേഹത്തിന്‍റെ അമ്മ ആശുപത്രിയിലായി. റാം ബനിക്കിന്‍റെ പലചരക്ക് കട പൂര്‍ണ്ണമായും അക്രമികള്‍ തകര്‍ത്തു.

സ്വന്തം മകന്‍ കണ്മുന്നില്‍ നേരിട്ട ക്രൂരമായ അക്രമം വിവരിച്ചു പൂര്‍ത്തിയാക്കാന്‍ ഒരമ്മ നന്നായി പ്രയാസപ്പെടുന്നുണ്ടായിരുന്നു. മുറിഞ്ഞ വാക്കുകള്‍ കൂട്ടിവച്ച് അവര്‍ ഞങ്ങള്‍ക്ക് മുന്നില്‍ തന്‍റെ ദുരനുഭവം വിവരിച്ചുതീര്‍ത്തു.

മറ്റൊരു സ്ത്രീ പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ വാക്കുകള്‍ മുറിഞ്ഞു.എഴുതി നല്‍കാമെന്ന് പറഞ്ഞു അവര്‍ക്ക് അവസാനിപ്പിക്കേണ്ടി വന്നു.

ഒരു സ്ത്രീ കരഞ്ഞു കൊണ്ട് പറഞ്ഞത്,വോട്ടിങ് ദിവസം തന്നെ നേരിട്ട അക്രമത്തെ കുറിച്ചായിരുന്നു.

വോട്ട് ചെയ്ത് ഭര്‍ത്താവിനൊപ്പം മടങ്ങവേ ഇരുവരും ആക്രമിക്കപ്പെട്ടു.നാടുവിട്ട ഈ സ്ത്രീയുംകുഞ്ഞും ഇപ്പോള്‍ മറ്റൊരിടത്താണ് താമസിക്കുന്നത്. ഭര്‍ത്താവ് ഒളിവിലാണ്. കുഞ്ഞിനേയും കയ്യില്‍പിടിച്ചു വിതുമ്പി കരഞ്ഞുകൊണ്ട് ആ സ്ത്രീ ഞങ്ങളുടെ മുന്നില്‍ നിന്നു. എന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ ഇനിയും അക്രമികള്‍ എന്നെയും ഭര്‍ത്താവിനെയും തേടി വരുമോ? അവര്‍ ചോദിച്ചു. ഭയം ആ സ്ത്രീയുടെ വാക്കുകളില്‍ നിറഞ്ഞു നിന്നു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിന്ദ്യമായ ജനാധിപത്യക്കശാപ്പിനാണ് ത്രിപുര സാക്ഷ്യംവഹിക്കുന്നത്.

പൊരുതുന്ന യുവത്വം
ഡിവൈഎഫ്ഐ,ടിവൈഎഫ് (ട്രൈബല്‍ യൂത്ത് ഫെഡറേഷന്‍) എന്നിവയുടെ ഓഫീസുകള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു.

ത്രിപുരയില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത് ചെറുപ്പക്കാരാണ്.100ലധികം യുവജനപ്രവര്‍ത്തകര്‍ക്ക് ക്രൂരമായ കായികാകക്രമണം നേരിടേണ്ടി വന്നതായി നേതാക്കള്‍പറഞ്ഞു. 400ലധികം പ്രവര്‍ത്തകര്‍ക്ക് വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ടിരിക്കുന്നു.

ഭയന്നു പിന്മാറാതെ കരുത്തോടെ, ഉയര്‍ന്ന രാഷ്ട്രീയ ബോധ്യത്തോടെ ത്രിപുരയിലെ വിപ്ലവ യവ്വനംമുന്നോട്ട് പോകുന്നു.

ഇങ്ങനെ എഴുതിയാലും എഴുതിയാലും തീരാത്ത ഹൃദയഭേദകമായ കാഴ്ചകളാണ് രണ്ടുദിവസങ്ങളിലായി ഞങ്ങള്‍ നേരിട്ടു കണ്ടത്. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വൃദ്ധരായ മാതാപിതാക്കള്‍ക്കും നേരെവരെ അക്രമം നടന്നിരിക്കുന്നു. റബ്ബര്‍ തോട്ടങ്ങളും, തേയിലത്തോട്ടങ്ങളും, മറ്റ് കൃഷി സ്ഥലങ്ങളും കത്തിച്ചും നശിപ്പിച്ചും കളഞ്ഞിരിക്കുന്നു.ജീവനോപാധികള്‍ തകര്‍ക്കാന്‍ പ്രത്യേകം ലക്ഷ്യം വച്ചിരിക്കുന്നതായി കാണാം. ഓട്ടോറിക്ഷകള്‍, കടകള്‍ തുടങ്ങി ഉപജീവന മാര്‍ഗ്ഗങ്ങളാണ് കൂടുതലും അക്രമികള്‍ തകര്‍ത്തിരിക്കുന്നത്. ആസൂത്രിതമായ അക്രമമാണ് ത്രിപുരയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നതിന്‍റെ തെളിവാണ് ജീവനോപാധികള്‍ക്ക് മേല്‍ തുടര്‍ച്ചയായും വ്യാപകമായും ഇത്തരത്തില്‍ അക്രമം നടക്കുന്നത്. വിവരണാതീതമായ സാഹചര്യമാണ് അവിടെ.

ബിജെപിയുടെ അതിക്രമങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തേണ്ടത് രാജ്യത്തെ എല്ലാ ജനാധിപത്യവിശ്വാസികളുടെയും കടമയായി മാറുന്നു.ഇന്ന് ത്രിപുരയില്‍ ആര്‍എസ്എസ് നടത്തുന്ന ഈ പരീക്ഷണം നാളെ രാജ്യത്താകെ അവര്‍ നടപ്പിലാക്കും. അപര ശബ്ദങ്ങളെ അവര്‍ ഇല്ലാതാക്കും. ത്രിപുര ഇന്ത്യക്കുള്ള ഒരു മുന്നറിയിപ്പ് മാത്രമാണ്.എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പ്…

‘ആദ്യം അവര്‍ ജൂതന്മാരെ തേടിവന്നു.
ഞാനൊന്നും മിണ്ടിയില്ല.
കാരണം ഞാനൊരു ജൂതനല്ലായിരുന്നു.
പിന്നീടവര്‍ കത്തോലിക്കരുടെ നേരെയായി.
അപ്പോഴും ഞാനൊന്നും ഉരിയാടിയില്ല.
കാരണം ഞാനൊരു കത്തോലിക്കനല്ലായിരുന്നു.
തുടര്‍ന്ന് അവര്‍ കമ്യൂണിസ്റ്റുകാരെ തേടിയെത്തി.
അപ്പോഴും ഞാനൊന്നും പറഞ്ഞില്ല.
കാരണം എനിക്ക് കമ്യൂണിസത്തോട് താല്‍പ്പര്യമില്ലായിരുന്നു.
ഒടുവിലവര്‍ എന്‍റെ നേര്‍ക്ക് വന്നു.
അപ്പോള്‍ എനിക്കുവേണ്ടി ശബ്ദിക്കാന്‍ ആരും അവശേഷിച്ചിരുന്നില്ല.”
– ഫ്രെഡറിക് ഗുസ്താവ് എമില്‍ മാര്‍ട്ടിന്‍ നീമൊളെര്‍

മുറിവേറ്റ ഈ കുന്നിന്‍ മുകളില്‍ നിന്നും ഞങ്ങള്‍ക്കു മടങ്ങാന്‍ നേരമായി. മടക്കയാത്രയ്ക്കായി അഗര്‍ത്തല വിമാനത്താവളത്തിലേക്ക്. മനസ്സ് നിറയെ കണ്ട കാഴ്ചകളും അവരുടെ കണ്ണുനീരും. വിമാനം കൊല്‍ക്കത്തയിലേയ്ക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും.

ഡല്‍ഹി വിമാനത്താവളത്തില്‍ ഞങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ അര്‍ധരാത്രി പിന്നിട്ടു.

ഒരര്‍ദ്ധ രാത്രിയിലായിരുന്നല്ലോ, ഈ മഹാനഗരത്തിലെ ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാക സ്വാതന്ത്ര്യത്തിന്‍റെ മധുരഗീതമുയര്‍ത്തി പറന്നുയര്‍ന്നത്. അന്ന് ഈ തെരുവുകളിലെല്ലാം, തങ്ങളും ഇനിവരുന്ന തലമുറയും ഇനിയുള്ള കാലം മുഴുവന്‍ ഈ രാജ്യത്ത് ആസ്വദിക്കാന്‍ പോകുന്ന സ്വാതന്ത്ര്യത്തിന്‍റെ മധുര ദിനങ്ങളെ വരവേറ്റ് ഘോഷയാത്രകള്‍ നടന്ന രാത്രി.

ഇന്ന്,വിമാനത്താവളത്തിലും വഴിയിലും പരസ്യ ബോര്‍ഡുകളിലെ മൂവര്‍ണ്ണങ്ങളില്‍.

‘ആസാദി കാ അമൃത് മഹോത്സവ്’നിറഞ്ഞു നില്‍ക്കുന്നു.സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ച്സംവത്സരങ്ങള്‍ക്കിപ്പുറം പാരതന്ത്ര്യത്തിന്‍റെ ദുരനുഭവം പേറുന്ന ഒരു സംസ്ഥാനത്തിന്‍റെ നടുക്കുന്ന കാഴ്ചകളും പേറി ആഘോഷ ബോര്‍ഡുകള്‍ക്ക് കീഴിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ട് നീങ്ങി. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 3 =

Most Popular