ഒരു രാഷ്ട്രീയ പൊതുയോഗത്തിന്‍റെ കടമ നിര്‍വഹിക്കുന്ന പുസ്തകമാണ് ജനകീയ പ്രതിരോധ ജാഥയില്‍ പ്രകാശനം ചെയ്യപ്പെട്ട സഖാവ് എം.വിഗോവിന്ദന്‍ മാസ്റ്ററുടെ ‘പുതിയ കേരളം പുതിയ ഇന്ത്യ’. ചിന്ത പബ്ലിഷേഴ്സിന്‍റെ ഏറ്റവും പുതിയ ഈ പുസ്തകം പുതിയ കേരളവും പുതിയ ഇന്ത്യയും സ്വപ്നം കാണുന്നവര്‍ക്ക് രാഷ്ട്രീയ ദൃഢതക്കുള്ള ഉപാധിയാണ്. “ആശയ വ്യാഖ്യാനങ്ങളില്‍ ഏര്‍പ്പെട്ട് വിയര്‍പ്പ് പൊടിയാതെ ശീതീകരണ മുറികളില്‍ അടയിരിക്കുവാനുള്ളതല്ല, മറിച്ച് ഈ ലോകത്തെ മാറ്റി തീര്‍ക്കുന്നതില്‍ മനുഷ്യനെ സഹായിക്കുകയും നയിക്കുകയും ചെയ്യുന്ന മഹത്തായ സിദ്ധാന്തവും തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ മൂര്‍ച്ചയേറിയ ആയുധവുമെന്ന നിലയ്ക്കാണ് മാര്‍ക്സിസം പ്രസക്തമാകുന്നത് എന്ന് സൂചിപ്പിക്കുന്നതിനോടൊപ്പം ഇന്ത്യന്‍ സാഹചര്യത്തില്‍ മാര്‍ക്സിസ്റ്റ് പ്രയോഗം എങ്ങനെയായിരിക്കണം എന്നതിന് വ്യക്തത വരുത്താന്‍ കൂടിയാണ് പുസ്തകം ശ്രമിക്കുന്നത്.
അര നൂറ്റാണ്ട് മുമ്പ് നമ്മുടെയൊക്കെ ചിന്താ മണ്ഡലത്തില്‍ പോലുമില്ലാതിരുന്ന പല ആശയങ്ങളും പ്രത്യക്ഷ രൂപമാര്‍ജിക്കുകയും ഭീമാകാര രൂപം കൊണ്ട് ലോകത്തിന്‍റെയും ഇന്ത്യയുടെയും അധികാര കേന്ദ്രങ്ങളില്‍ എത്തുകയും ചെയ്തിരിക്കുന്നു. സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ ഭീഷണി ഉയര്‍ത്തുന്ന ഈ പ്രതിഭാസങ്ങളെ കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമേ അവര്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയുകയുള്ളൂ. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും മാര്‍ഗദര്‍ശിയാകാന്‍ കഴിയുന്ന ഈ പുസ്തകം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യും.
‘എല്ലാം പോച്ച്, എന്‍ തപ്പ്’ – കാമരാജിന്‍റെ അടിയന്തരാവസ്ഥക്കാലത്തെ ഈ വിലാപം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. നമ്മുടെ നിശബ്ദത കൊണ്ടും, തെറ്റുകള്‍ കൊണ്ടും എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയുണ്ടാകരുത് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. അര്‍ദ്ധ ഫാസിസ്റ്റ് ഭരണത്തിലെ അടിയന്തരാവസ്ഥയെ നേരിട്ടത് പോലെ പുതിയകാലത്തെ പോരാട്ടത്തിന് നേതൃത്വം നല്‍കാനും മുന്നണി പോരാളിയാകാനുമുള്ള ബാധ്യത നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്. രാജ്യത്തിന്‍റെ ആത്മാവിലേക്ക് വേരുകള്‍ ആഴ്ത്താന്‍ ശേഷി നേടിയല്ലാതെ ഈ ചുമതല നിര്‍വഹിക്കാനാവില്ല.
കേരളമാണ് അടുത്ത ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന സംഘപരിവാര്‍ 1942ല്‍ ദത്തോപാന്ത് ടേംഗ്ഡിയെ മലബാറിലേക്കും മധുകര്‍ റോക്കിനെ തിരുവിതാംകൂറിലേക്കും നിശ്ചയിച്ചിരുന്നു. 1943ല്‍ കോഴിക്കോട് സംഘടിപ്പിച്ച ആര്‍എസ്എസ് പരിശീലന ക്യാമ്പില്‍ ഗോള്‍വാള്‍ക്കര്‍ പങ്കെടുത്തിരുന്നു. ഇപ്പോഴാണെങ്കില്‍ അധികാരത്തിന്‍റെ കരുത്തില്‍ കേരളത്തിനോടുള്ള പ്രതികാര നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. വര്‍ഗീയതയുടെ വിത്തുകള്‍ മുളപ്പിക്കാന്‍ പതിറ്റാണ്ടുകളായുള്ള സംഘപരിവാറിന്‍റെ ശ്രമങ്ങള്‍ ആവര്‍ത്തിച്ചു പരാജയപ്പെടുന്നു എന്നതാണ് കേരളത്തോടുള്ള വെറുപ്പ് ഇത്രയും വര്‍ദ്ധിക്കാന്‍ കാരണം. ആര്‍.എസ്.എസിന്‍റെ പൂര്‍വ്വികര്‍ക്ക് കഴിയാത്തത് അമിത്ഷാക്കും മോദിക്കും സാധിക്കില്ല എന്ന രാഷ്ട്രീയ പ്രഖ്യാപനം കൂടിയാണ് ഈ പുസ്തകം.
ജന്മിത്വ ഭൂപ്രഭുത്വവും അയിത്തവും അനാചാരങ്ങളും കൊടുകുത്തി വാഴുന്ന നിരവധി പ്രദേശങ്ങള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴുമുണ്ട്. രാജ്യത്ത് ഓരോ 18മിനിറ്റിലും പട്ടികജാതി വിഭാഗത്തിലുള്ള ഒരാള്‍ക്കെതിരെയുള്ള അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പശുവിന്‍റെ വിലപോലും മനുഷ്യന് നല്‍കാത്ത സാഹചര്യം ഇന്ത്യയിലാകെ നിലനില്‍ക്കുന്നു. ജാതീയത സമര്‍ത്ഥമായി ഉപയോഗിക്കുന്ന ബൂര്‍ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ രീതിശാസ്ത്രം ജാതിവ്യവസ്ഥയെ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. കര്‍ഷക – കര്‍ഷക തൊഴിലാളി നിസ്വവര്‍ഗത്തെ വിഘടിപ്പിച്ച് വര്‍ഗ്ഗപരമായി സംഘടിക്കാന്‍ അനുവദിക്കാതെ നിരന്തരം ചൂഷണം ചെയ്യുന്നത് മുതലാളിത്ത രീതിയാണ്. ജാതിവ്യവസ്ഥയ്ക്കെതിരായ സമരം മുതലാളിത്ത വ്യവസ്ഥക്കെതിരെ കൂടിയുള്ളതാണ്. കോര്‍പ്പറേറ്റ് നിയന്ത്രിത ഭരണകൂടത്തിനെതിരെ ഇന്ത്യയിലാകെ അമര്‍ന്നു പ്രതിഷേധാഗ്നിയെ ആളിക്കത്തിപ്പിക്കുകയും വര്‍ഗ്ഗസമരത്തിലേക്ക് നയിക്കുകയും ചെയ്യപ്പെടേണ്ടതുണ്ട്. പുരോഗമന ധാരയുടെ സകല നന്മകള്‍ക്കു നേരെയും വെടിയുതിര്‍ത്തു കൊണ്ടിരിക്കുന്ന സംഘപരിവാറിന് കേരളം ഒരു മരീചികയാണ്.
ഇന്ത്യയിലെ കര്‍ഷക – കര്‍ഷക തൊഴിലാളി ഐക്യത്തിന്‍റെ ഐതിഹാസിക സമരത്തെ ‘ഇരുണ്ടകാലത്തെ വഴിവിളക്ക്’ എന്നാണ് വിഖ്യാത അമേരിക്കന്‍ ചിന്തകന്‍ നോം ചോംസ്കി വിശേഷിപ്പിച്ചത്. മാര്‍ക്സിസം അപ്രസക്തമാണെന്നത് ഇന്ത്യന്‍ വലതുപക്ഷത്തിന്‍റെ എല്ലാ ധാരകളും ഒരുമിച്ച് നടത്തുന്ന കുപ്രചരണമാണ്. ഇതിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. മുതലാളിത്തവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലുള്ള വൈരുദ്ധ്യം രൂക്ഷമായി മൂര്‍ച്ഛിച്ചിരിക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗസമരത്തിനായുള്ള അടവും നയവും രാജ്യത്തിന് അനുയോജ്യമാവും വിധം അധികമധികം വളര്‍ത്തേണ്ടിയിരിക്കുന്നു.
മുതലാളിത്തം അതിന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ബലപ്രയോഗത്തിലൂടെയല്ല, സമ്മതത്തിലൂടെയാണ് – അന്‍റോണിയോ ഗ്രാംഷി. മനുഷ്യ സമൂഹത്തില്‍ സ്വീകാര്യത നേടാനായി പൗരസമൂഹത്തിന്‍റെ പൊതുബോധമായി നവസാമ്രാജ്യത്വത്തിന്‍റെ നിലപാടുകളെ മാറ്റുന്നതിന്, ആശയ തലത്തില്‍ അധിനിവേശം നടത്തുകയാണ്. ‘സത്യം എന്നത് നാം ജനതയെ വിശ്വസിപ്പിക്കുന്നത് എന്തോ അതാണ്’ എന്ന സിഐയുടെ മുദ്രവാക്യം തന്നെയാണ് കോര്‍പ്പറേറ്റ് ആശയപ്രചാരകര്‍ ഇന്നും ഉപയോഗിക്കുന്നത്. ഒരു നുണ നൂറു തവണ ആവര്‍ത്തിക്കുകയും, അത് സത്യമായി തീരുകയും, പിന്നീട് അതൊരു വിശ്വാസമായി നിലവില്‍ വന്നു കഴിഞ്ഞാല്‍ മനുഷ്യരെ കൂട്ടത്തോടെ ചലിപ്പിക്കാന്‍ ശേഷിയുള്ള ശക്തിയായത് മാറുകയും ചെയ്യുമെന്ന മനഃശാസ്ത്ര സിദ്ധാന്തമാണ് ഈ പ്രചരണത്തിന്‍റെയെല്ലാം കാതല്‍. മാഷ് നമ്മളോട് പലപ്പോഴായി പറഞ്ഞിട്ടുള്ള ഇക്കാര്യം കൂടുതല്‍ വ്യക്തതയോടെ പുസ്തകത്തില്‍ വായിക്കാനാവും. വാര്‍ത്ത പ്രചരിപ്പിക്കുകയല്ല, വാര്‍ത്ത ഉല്‍പാദനമാണ് മുതലാളിത്ത മാധ്യമങ്ങളുടെ ഉള്ളടക്കത്തിന്‍റെ സവിശേഷത. വിദ്യാലയങ്ങളില്‍ നിന്ന് രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകുന്ന സാഹചര്യം അരാഷ്ട്രീയവാദം ശക്തിപ്രാപിപ്പിക്കുന്നു എന്നത് മാത്രമല്ല പ്രശ്നം, കമ്പോളത്തിന്‍റെ രീതികള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു വ്യക്തിയുടെ മനസ്സില്‍ ലോകത്തെക്കുറിച്ചുള്ള അറിവ് മാധ്യമങ്ങള്‍ നല്‍കുന്നത് മാത്രമായി തീരാനുള്ള സാധ്യതയാണ് അപകടം. ഈ വിഭാഗം കേരളത്തിന്‍റെ ഉള്‍പ്പെടെ രാഷ്ട്രീയ മനസ്സിനെ സ്വാധീനിക്കാന്‍ തുടങ്ങുന്നു എന്നതാണ് അപകടകരമായി വായിച്ചെടുക്കാനാവുന്നത്. വര്‍ത്തമാനകാല ഇന്ത്യ ആവശ്യപ്പെടുന്ന ശരിയായ ആശയവും തുടര്‍ച്ചയായ പ്രക്രിയയും ചേര്‍ന്നുള്ള പ്രതിരോധത്തിനായുള്ള പാഠപുസ്തകം കൂടിയാണിത്.
നവ ലിബറലിസത്തിന്‍റെ വക്താക്കള്‍ രാജ്യം ഭരിക്കുമ്പോള്‍ ചൂഷണവും ധനിക- ദരിദ്ര അന്തരവും വര്‍ധിക്കുകയാണ്. ദാരിദ്ര്യമെന്നത് സമ്പത്ത് ഇല്ലാത്ത അവസ്ഥ മാത്രമല്ലാതാകുന്നു. സ്വന്തം ജീവിത മാര്‍ഗങ്ങളെല്ലാം ഇല്ലാതാവുന്ന അവസ്ഥ കൂടിയാണിത്. മനുഷ്യ ശരീരത്തെ സംരക്ഷിക്കാനുള്ള ഭക്ഷണം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനു ഉണ്ട്. രാഷ്ട്രത്തെ ആക്രമണങ്ങളില്‍നിന്ന് രക്ഷിക്കാനുള്ള ബാധ്യത പോലെ തന്നെ പ്രധാനമാണ് അത്. രാജ്യം ഭരിക്കുന്നവര്‍ ജനങ്ങളുടെ ജീവിതോപാധികളുടെ കവര്‍ന്നെടുക്കുന്ന നയം സ്വീകരിക്കുമ്പോള്‍ അതി ദരിദ്രരെ കണ്ടെത്തി ഓരോ കുടുംബത്തിനും അതിജീവനത്തിനുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കി കേരളം മുന്നേറുകയാണ്. ജ്ഞാന സമൂഹമായി മാറുന്ന കേരളം കടന്നുവന്ന വഴികളിലെ ജനപക്ഷ ബദലുകള്‍ ഇന്ത്യയിലാകെ പ്രചരിപ്പിക്കാന്‍ നമുക്കാവണം
കര്‍ഷക കര്‍ഷക തൊഴിലാളി ഐക്യത്തിലൂടെ ഉണ്ടാകുന്ന സമര മുന്നേറ്റവും, വര്‍ഗ്ഗസമരത്തിലേക്കെത്താന്‍ ആവുമെന്ന പ്രതീക്ഷയും പങ്കുവെക്കുന്നതോടൊപ്പം, ഈ കിരാതപര്‍വ്വം മറികടക്കാന്‍ ഇന്ത്യന്‍ യുവജനതയോട് ഒരുങ്ങാന്‍ ആവശ്യപ്പെടുക കൂടിയാണ് പുസ്തകം ചെയ്യുന്നത്. ഫ്രഞ്ച് വിപ്ലവകാലത്ത് ജെറോണ്ടിസ്റ്റുകള്‍ക്കെതിരെ പ്രക്ഷോഭവുമായി എത്തിയ ജേക്കോബിയന്മാരില്‍ ഭൂരിപക്ഷവും യുവാക്കളായിരുന്നു. നെപ്പോളിയന്‍റെ സൈനിക ശക്തിയിലും യുവാക്കളുടെ പങ്ക് വലുതാണ്. ലോകത്തെമ്പാടും, ഇന്ത്യയിലുമുണ്ടായ മാറ്റങ്ങള്‍ക്ക് പങ്കുവെച്ച യുവാക്കള്‍ ഇന്നത്തെ ഇന്ത്യയില്‍ നിര്‍വഹിക്കേണ്ട നിര്‍ബന്ധിത ചുമതലയാണ് പുസ്തകം പറഞ്ഞു തരുന്നത്.
സാമ്രാജ്യത്വ കോളനിയായി വീണ്ടും മാറാതിരിക്കാന്‍ ധന മൂലധന ശക്തികള്‍ക്കെതിരായ പോരാട്ട മുഖങ്ങള്‍ കൂര്‍പ്പിച്ചെടുക്കേണ്ടതുണ്ട്. വിഷയങ്ങളെ പഠിക്കുകയും മനസ്സിലാക്കുകയും, മാര്‍ക്സിസ്റ്റ് ശാസ്ത്രത്തില്‍ ഉറച്ചു നിന്നുകൊണ്ടുള്ള വിശകലനവും പുതിയ കേരളത്തിനും ഇന്ത്യക്കുമായുള്ള സ്വപ്ന സാക്ഷാത്കാരത്തിന് വേഗത നല്‍കും. പോരാട്ടത്തിനുള്ള ദിശാബോധം നല്‍കാനും പ്രതിരോധത്തിനായുള്ള കുന്തമുനയായി മാറാനും പുസ്തകം നമ്മളെ സഹായിക്കും.
കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിലപാടിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ ജന ഹൃദയങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ വേണ്ടിയുള്ള, ആശയങ്ങള്‍ നിറയ്ക്കുന്ന, ദശലക്ഷങ്ങളുമായി സംവദിക്കുന്ന ഒരു ജാഥയാണ് ജനകീയ പ്രതിരോധ ജാഥ – ജാഥയുടെ ലക്ഷ്യത്തെ കുറിച്ച് മാഷു പറഞ്ഞ അതേ രാഷ്ട്രീയ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ശേഷിയുള്ള പുസ്തകം വായിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും നമുക്കാവേണ്ടതുണ്ട്♦