‘ശരിയായ ചരിത്രബോധം, പ്രതിസന്ധിയുടെ നിമിഷത്തില്‍ മനസ്സില്‍ മിന്നിമറയുന്ന ഒരു ഓര്‍മ്മയെ കയ്യെത്തിപ്പിടിക്കലാണ്’, വാള്‍ട്ടര്‍ ബഞ്ചമിന്‍റെ വിഖ്യാതമായ വാചകമാണിത്.
ഇന്നലെയാണ് ഞാനീ നോവല്‍ വായിച്ചു തീര്‍ത്തത്. ഈ വര്‍ഷത്തെ എന്‍റെ ഏറ്റവും മികച്ച വായനാനുഭവങ്ങളില്‍ ഒന്നാണീ കൃതി.
അശോകന്‍ ചരുവിലിന്‍റെ കാട്ടൂര്‍ക്കടവ് എന്ന നോവല്‍ ഓര്‍മ്മകളെ കയ്യെത്തിപ്പിടിക്കുകയും അതിനെ വിചാരണ ചെയ്യുകയും ചെയ്തുകൊണ്ടാണ് നമ്മുടെ മുമ്പില്‍ എഴുതപ്പെടുന്നത്. കെ എന്ന എഴുത്തുകാരനിലൂടെയും ദിമിത്രി എന്ന റിക്കാര്‍ഡ് ഓഫീസ് ജീവനക്കാരനിലൂടെയും അശോകന്‍ ചരുവില്‍ എന്ന എഴുത്തുകാരന്‍ ഭൂതകാലത്തിലൂടെയും വര്‍ത്തമാന കാലത്തിലൂടെയും സഞ്ചരിച്ചുകൊണ്ട് ഒരു ദേശത്തിന്‍റെ രാഷ്ട്രീയ ചരിത്രമെഴുതുകയും സ്വയം വിചാരണ ചെയ്യുകയും ചെയ്യുന്നത് ഈ നോവലിന്‍റെ സവിശേഷതയാണ്. പ്രത്യക്ഷത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പൂര്‍ണ്ണമായി സ്നേഹിക്കുകയും ന്യായീകരിക്കുകയും ചെയ്യുമ്പോള്‍തന്നെ പ്രസ്ഥാനം നടന്നുതീര്‍ത്ത വഴികളിലെ കാണാക്കുഴികളെക്കുറിച്ചും പരാജയപ്പെട്ട സ്വപ്നങ്ങളെക്കുറിച്ചും വേദനയോടെയും സ്വയം പരിഹാസത്തോടെയും വിമര്‍ശനത്തോടെയും പറയുന്നു എന്നുള്ളത് ഈ നോവലിനെ കമ്യൂണിസ്റ്റുവിരുദ്ധ രചനകളുടെ ഗൂഢതന്ത്രങ്ങളില്‍ നിന്ന് വഴിപിരിഞ്ഞുപോകുന്ന വ്യത്യസ്തമായ രചനയാക്കുന്നുണ്ട് താനും.
കാട്ടൂര്‍ക്കടവ് എന്ന നോവല്‍ എഴുത്തുകാരന്‍റെ കൈപൊള്ളുന്ന, ഹൃദയമെരിയുന്ന അന്തര്‍ യാത്രകളാണ്. അപ്പോള്‍ വായനക്കാരും ആ യാത്രകളുടെ നീറ്റലും പൊളളലുകളും അനുഭവിക്കും. കണ്ടിട്ടും കേട്ടിട്ടും അനുഭവിച്ചിട്ടുമുണ്ടെങ്കിലും പലതരം കാരണങ്ങള്‍ കൊണ്ട് സാമാന്യബോധ നിര്‍മ്മിതിയുടെ ചങ്ങലകളില്‍ കുരുങ്ങി വേദനാജനകമായ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെച്ചാണ് കേരള സമൂഹം ജീവിക്കുന്നത്. അങ്ങനെ മറയ്ക്കപ്പെടുന്ന ഒന്ന് ജാതിയാണ്.. അങ്ങനെ മറയ്ക്കപ്പെട്ട ജാതിയടക്കമുള്ള ചില യാഥാര്‍ത്ഥ്യങ്ങളെ ഈ നോവല്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അദൃശ്യമായിരുന്നുകൊണ്ടുതന്നെ ശക്തമായ സാന്നിധ്യമായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ ഉയര്‍ത്തുന്ന മാരക വിപത്തുകളെ ഉള്‍ക്കൊള്ളുന്നതിലും അഭിസംബോധന ചെയ്യുന്നതിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടത്ര കഴിയാതെപോയെന്ന ഒരു വിമര്‍ശനം ഈ നോവലിന്‍റെ അടിസ്ഥാനശിലയായി നില്‍ക്കുന്നുണ്ട്. അപ്പോഴും കാലുകള്‍ വിണ്ടുകീറി, ചോരയും വിയര്‍പ്പുമൊഴുക്കി, അപമാനങ്ങളുടെയും ക്രൂരമര്‍ദ്ദനങ്ങളുടെയും വേദന വിഴുങ്ങി, തോറ്റും ജയിച്ചും ഭാവിയിലേക്ക് നടന്നു പോയ കമ്യൂണിസ്റ്റ് മനുഷ്യരുടെ വൈകാരികഭൂപടമായും ദേശചരിത്രത്തിന്‍റെ രാഷ്ട്രീയ ഭൂപടമായും കാട്ടൂര്‍ക്കടവ് നമ്മുടെ മുമ്പില്‍ നിവര്‍ന്നു കിടക്കുകയാണ്. അപ്പോള്‍ കാട്ടൂര്‍ക്കടവ് കേരളത്തിന്‍റെ ദേശചരിത്രവും വിമര്‍ശനവും ആകുകയാണ്. മറ്റൊരു തരത്തില്‍ അത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ മനുഷ്യ ചരിത്രവുമാകും. നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലൂടെയും ജാതിബോധമില്ലാതായെന്ന് വെറുതെ വിശ്വസിച്ച് ആശ്വസിക്കുന്നവരാണ് ഭൂരിപക്ഷവും. പക്ഷേ ജാതി എല്ലാ മനുഷ്യരുടെ ഉള്ളിലും ഒളിച്ചു താമസിക്കുകയാണെന്ന് വര്‍ത്തമാനകാലം കൂടുതല്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് പൊടുന്നനെ ഉണ്ടായതാണെന്നു കരുതുന്നവര്‍ക്കുള്ള മറുപടിയായി പണ്ടേ ഇതിവിടെ രഹസ്യമായി പാര്‍ത്തിരുന്നു എന്ന് കമ്യൂണിസ്റ്റുകാരനും കവിയും ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യനുമായ കറുപ്പയ്യ സ്വാമിയുടെ കുടുംബക്കാരനുമായ പുല്ലാനിക്കാട്ടെ ചന്ദ്രശേഖരനും കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയും വേലന്‍ കണ്ടന്‍കുട്ടിയാശാന്‍റെ മകളുമായ മീനാക്ഷിയും തമ്മിലുളള പ്രണയവും വിവാഹവും വേര്‍പിരിയലും സാക്ഷ്യപ്പെടുത്തുന്നു. ആ വലിയ വീട്ടില്‍നിന്നും, ഭര്‍ത്താവില്‍നിന്നും ജാതിയുടെ എല്ലാ അപമാനങ്ങളും സഹിച്ച് ഇറങ്ങിപ്പോയ മീനാക്ഷി അസാമാന്യ പോരാട്ടവീര്യമുള്ള സ്ത്രീ ആയിരുന്നു. ജാതിയുടെ ജന്മപീഡനങ്ങളും അപമാനവും സഹിച്ചാണ് അവരുടെ മകന്‍ ദിമിത്രി വളരുന്നത്.
ഒരേസമയം വേലനായും പുല്ലാനിക്കാട്ടെ ഈഴവ സന്തതിയായും അപമാനിക്കപ്പെട്ടും അപഹസിക്കപ്പെട്ടും തമസ്കരിക്കപ്പെട്ടും ജീവിക്കേണ്ടിവന്ന ദിമിത്രി ഒരു തകര്‍ന്ന ജന്മമാണ്. ഒരുപക്ഷേ ദിമിത്രിയാണ് ഈ നോവലിന്‍റെ രാഷ്ട്രീയ സാംസ്കാരിക ഭൂപടത്തെ വരയ്ക്കുന്നത്. കമ്യൂണിസ്റ്റുകാരിയുടെ മകനായും കമ്യൂണിസ്റ്റുകാരുടെ പേരക്കുട്ടിയായും ജനിച്ച ദിമിത്രി വിദ്യാഭ്യാസകാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചു. പക്ഷേ എങ്ങനെയാണ് അങ്ങനെ ഒരാള്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്ന് പുറപ്പെട്ടുപോയി അപകര്‍ഷതാബോധത്തിന്‍റെ ഇരയായി ഏകനും ഒറ്റപ്പെട്ടവനും കൈക്കൂലിക്കാരനും സമൂഹത്തോട് വെറുപ്പുള്ളവനും ആയിത്തീരുന്നതെന്ന ചോദ്യം വളരെ പ്രധാനമാണ്. ആരാണ് ദിമിത്രിയെ അങ്ങനെ ആക്കിയത്. പിതാവിന്‍റെയും ബന്ധുക്കളുടെയും വീടുകളില്‍ അരക്ഷിതനും നിന്ദിതനും അവഗണിക്കപ്പെട്ടവനുമായും അമ്മയില്‍ നിന്നും മുത്തച്ഛനില്‍ നിന്നും ദേശത്തില്‍ നിന്നും പറിച്ചെറിയപ്പെട്ടവനായും ജീവിക്കേണ്ടി വന്ന ദിമിത്രി, പാര്‍ട്ടിയുടെയും കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ലാളനയും സംരക്ഷണവും നേടി വളര്‍ന്നു വന്ന കെ. കാട്ടൂര്‍ക്കടവ് എന്ന എഴുത്തുകാരന്‍റെ നിതാന്ത ശത്രുവായി മാറിയത് നോവലിന്‍റെ പ്രധാനപ്പെട്ട ഒരു വിമര്‍ശന പദ്ധതിയും ബിംബവുമാണ്. ദിമിത്രിയുടെ അപചയത്തിന്‍റെ കാരണം നമ്മളിന്നും ഉള്ളില്‍ താലോലിച്ചു സൂക്ഷിക്കുന്ന ജാതി ബോധമാണെന്നും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു പോലും അത് കൃത്യമായി അഭിസംബോധന ചെയ്യാനാവുന്നില്ലെന്നും പ്രസ്ഥാനത്തെ സ്നേഹിക്കുകയും പ്രസ്ഥാനത്തിനുവേണ്ടി പൊരുതുകയും ചെയ്യുന്ന എഴുത്തുകാരനടക്കം ബോധ്യമാവുന്നുണ്ട്. ഇങ്ങനെയുള്ള നിരവധി വൈരുദ്ധ്യങ്ങളുടെ ഇടയില്‍ ഞെരിഞ്ഞമരുന്ന ജീവിതങ്ങളാണ് നമ്മുടേതെന്ന് നോവല്‍ അടിവരയിടുന്നുണ്ട്.
ചരിത്രവും ജീവിതവും പുരണ്ട വാക്കുകളുടെ കൂടന്വേഷിച്ചു പോകുന്നവരാണ് എഴുത്തുകാര്‍.
എഴുത്തുകാരന്‍റെ വാക്കുകള്‍ ക്രിയകളുടെയും ഭാവങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതീകങ്ങളും ബിംബങ്ങളുംകൊണ്ട് നിര്‍മ്മിച്ച വെടിമരുന്നും മഴവില്ലും തിളയ്ക്കുന്ന സൂര്യനും അന്ധകാരത്തിന്‍റെ ഇടനാഴികളുമാണ്.
ഈ നോവല്‍ ചരിത്രവും രാഷ്ട്രീയവും കലര്‍ന്ന സാധാരണ ഭാഷാരീതിയുടെയും വാക്കുകളുടെയും അസാധാരണ പ്രയോഗങ്ങളിലൂടെയും ആഖ്യാനത്തിലൂടെയും അശോകന്‍റെ ഇതുവരെയുള്ള എഴുത്തു ലോകത്തിന്‍റെ മുകളിലേക്ക് സഞ്ചരിക്കുന്ന ഏറ്റവും മികച്ച കൃതിയായി മാറുന്നു. വിലക്കുകളില്ലാതെ, മറയില്ലാതെ എഡിറ്റര്‍മാരില്ലാതെ എല്ലാ മനുഷ്യര്‍ക്കും സ്വന്തം വിചാരങ്ങളും വിമര്‍ശനങ്ങളും അനുഭവങ്ങളും തുറന്നെഴുതാവുന്ന വര്‍ത്തമാന കാലത്തിന്‍റെ ഫേസ്ബുക്ക് ഈ നോവലിന്‍റെ ആഖ്യാന സവിശേഷതകളിലൊന്നാണ്. ഫേസ്ബുക്ക് ഇന്നലെവരെ ഇല്ലാതിരുന്ന തുറന്നെഴുത്തിന്‍റെ, സ്വയം വിമര്‍ശനത്തിന്‍റെ, കുറ്റപ്പെടുത്തലുകളുടെ, ചേര്‍ത്തുപിടിക്കലിന്‍റെ, ഓര്‍മ്മകളുടെ, വിചാരണയുടെ, പരിഹാസത്തിന്‍റെ തുറവിയെ സാധ്യമാക്കുന്നുണ്ട്. മലയാളത്തിലെതന്നെ മികച്ച രാഷ്ട്രീയ കൃതിയായി കാട്ടൂര്‍ക്കടവ് സ്വയം പ്രതിഷ്ഠിക്കപ്പെടുന്നുണ്ട്. കേരളത്തിന്‍റെ സമരചരിത്രത്തില്‍ വേണ്ടത്ര അടയാളപ്പെടുത്താതെ പോയ പെണ്‍ പോരാളികള്‍ക്കുള്ള സ്മാരകം കൂടിയാണീ കൃതി. ♦