Tuesday, June 18, 2024

ad

Homeലേഖനങ്ങൾയോജിച്ച പോരാട്ട പ്രഖ്യാപനവുമായി അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പത്താം ദേശീയ സമ്മേളനം

യോജിച്ച പോരാട്ട പ്രഖ്യാപനവുമായി അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പത്താം ദേശീയ സമ്മേളനം

ഗോപി കൊല്‍ക്കത്ത

ണ്ണിനോട് പടവെട്ടുന്നവരുടെ കൂട്ടായ പോരാട്ടത്തിന്‍റെ കരുത്തും ആവേശവുമായ അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പത്താം ദേശീയ സമ്മേളനം ഫെബ്രുവരി 15 മുതല്‍ 18 വരെ സമര വീര്യം ഉള്‍ക്കൊള്ളുന്ന ഹൗറ നഗരത്തില്‍ അരങ്ങേറി. കര്‍ഷക – കര്‍ഷകത്തൊഴിലാളികളുള്‍പ്പടെ പണിയെടുക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ ദ്രോഹിക്കുകയും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന കേന്ദ്ര ബിജെപി ഭരണത്തിന് അറുതി വരുത്താന്‍ നിരന്തരവും തീവ്രവുമായ യോജിച്ച പോരാട്ടത്തിന് സമ്മേളനം ആഹ്വാനം ചെയ്തു. മണ്ണിനെ പൊന്നാക്കാന്‍ അധ്വാനിക്കുന്നവരുടെ മൂല്യത്തിന് വില കല്‍പ്പിച്ച് കൃഷിയും കൃഷിഭൂമിയും സര്‍വനാശം സൃഷ്ടിക്കും വിധം വന്‍കിട കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെയ്ക്കാതെ യഥാര്‍ത്ഥ മണ്ണിന്‍റെ അവകാശികള്‍ക്ക് കൈമാറണമെന്നും സമ്മേളനം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. വര്‍ദ്ധിച്ചു വരുന്ന സംഘടിത പേരാട്ടങ്ങളും അതില്‍നിന്ന് ഉരുത്തിരിയുന്ന ഐക്യവും തകര്‍ക്കാന്‍ നിഷിദ്ധമായ വര്‍ഗീയതയില്‍ ഊന്നി ഭരണ പിന്തുണയോടെ സംഘപരിവാര്‍ നടത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആശയപരമായ പോരാട്ടം മുന്നോട്ടു നയിക്കുമെന്നും പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യ മതനിരപേക്ഷ വ്യവസ്ഥിതിക്കും വന്‍ വിപത്താകുന്ന തീവ്ര വലതുപക്ഷ കോര്‍പ്പറേറ്റ് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുയര്‍ത്തുന്ന ഭീഷണിക്കെതിരെയും കൂട്ടായ ജനകീയ പ്രതിരോധം സൃഷ്ടിച്ച് മുന്നേറുമെന്നും സമ്മേളനം പ്രതിജ്ഞയെടുത്തു. ജനാധിപത്യപാരമ്പര്യവും ജനകീയ അവകാശങ്ങളും വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യവും സംരംക്ഷിക്കാന്‍ ജനങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പോരാട്ടം ശക്തമാക്കും. വിവിധ വര്‍ഗ ബഹുജനസംഘടനകളുടെ ആഭിമുഖ്യത്തില്‍ ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഏപ്രില്‍ 5ന് സംഘടിക്കുന്ന പാര്‍ലമെന്‍റ് മാര്‍ച്ചില്‍ കര്‍ഷകത്തൊഴിലാളികളുടേയും പങ്കാളിത്തം വന്‍തോതില്‍ ഉറപ്പുവരുത്താനുള്ള വ്യാപക പ്രചാരണം സംഘടിപ്പിക്കുവാന്‍ സമ്മേളനം എല്ലാ സംസ്ഥാന ഘടകങ്ങളോടും നിര്‍ദ്ദേശിച്ചു.

രാജ്യവ്യാപകമായി സംഘടിത ശക്തി വര്‍ദ്ധിപ്പിക്കുക, കര്‍ഷക-കര്‍ഷകത്തൊഴിലാളി-ട്രേഡ് യൂണിയന്‍ ഐക്യം വിപുലമാക്കുക, തൊഴിലുറപ്പ് പദ്ധതിയും മിനിമം വേതനവും ഉറപ്പാക്കുക, വന്‍തോതില്‍ കൃഷിഭൂമി നഷ്ടമാകുന്ന അശാസ്ത്രീയ നഗരവല്‍ക്കരണം നിയന്ത്രിക്കുക, ഭൂപരിഷ്ക്കരണം സമഗ്രമായി നടപ്പിലാക്കുക, ഭവനരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്ക് വീട് അനുവദിക്കുക, വനസംരംക്ഷണം ഉറപ്പുവരുത്തുക, ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങി പതിനേഴ് ഇന ഭാവി പോരാട്ട പരിപാടിയും സംഘടന വിപുലപ്പെടുത്താനുള്ള ഇരുപത് ഇന പരിപാടികളും അംഗീകരിച്ചുകൊണ്ടാണ് നാലു ദിവസമായി നടന്ന സമ്മേളനം പൂര്‍ത്തിയായത്. ഈ ലക്ഷ്യം നേടാനായുള്ള വിവിധ രേഖകള്‍ അംഗീകരിച്ചു. 20 സ്ഥാനങ്ങളില്‍ നിന്നായി 75,56,013 അംഗങ്ങളെ പ്രതിനിധീകരിച്ച് 674 പ്രതിനിധികളും 11 നിരീക്ഷകരും സമ്മേളനത്തില്‍ പങ്കെടുത്തു. പ്രതിനിധികളില്‍ 118 പേര്‍ വനിതകളായിരുന്നു.

സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ശ്രിദീപ് ഭട്ടാചാര്യ പ്രസിഡന്‍റായും പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവുമായ പരേഷ് പാള്‍ സെക്രട്ടറിയുമായുള്ള വിപുലമായ സ്വാഗത സംഘമാണ് സമ്മേളന നടത്തിപ്പിന്‍റെ ചുമതല വഹിച്ചത്. ധീരോധാത്തമായ നിരവധി കര്‍ഷക പ്രക്ഷോഭണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബംഗാളില്‍ രണ്ടാം തവണയാണ് കര്‍ഷകത്തൊഴിലാളി ദേശീയ സമ്മേളനത്തിന് വേദിയൊരുക്കുന്നത്. 1982 നവംബര്‍ 8 മുതല്‍ 11 വരെ മേദിനിപ്പൂരില്‍ നടന്ന രൂപീകരണ സമ്മേളനമാണ് ആദ്യത്തേത്. അന്ന് നടന്ന കര്‍ഷകസംഘം സമ്മേളനത്തോടനുബന്ധിച്ചാണ് ദശരഥ് ദേബ് പ്രസിഡന്‍റും പി. കെ കുഞ്ഞച്ചന്‍ ജനറല്‍ സെക്രട്ടറിയുമായി ദേശീയ തലത്തില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രത്യേക സംഘടന രൂപീകരിക്കുന്നത്.

ഹൗറ റെയില്‍വെ സ്റ്റേഷനുസമീപം ഹൗറ മൈതാനിയില്‍ സരത് സദനിലാണ് നാലു ദിവസം നീണ്ടുനിന്ന സമ്മേളനം അരങ്ങേറിയത്. കാല്‍ നൂറ്റാണ്ടു കാലം പശ്ചിമ ബംഗാളിന്‍റെ ഭരണ സാരഥ്യം വഹിച്ച രാജ്യത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സമുന്നത നേതാക്കളില്‍ ഒരാളായിരുന്ന ജ്യോതി ബസുവിന്‍റെ പേരിലാണ് സമ്മേളനനഗരി ഒരുക്കിയത്. സമ്മേളന നഗറില്‍ തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ സംഘടനയുടെ ദേശീയ പ്രസിഡന്‍റ് എ വിജയരാഘവന്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കംകുറിച്ചു. നേതാക്കളും പ്രതിനിധികളും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് രക്തസാക്ഷി അനുസ്മരണ ചടങ്ങും പുഷ്പാര്‍ച്ചനയും നടന്നു. അതിനുമുന്നോടിയായി ആദിവാസി നൃത്തം ഉള്‍പ്പടെ വൈവിദ്ധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ അരങ്ങേറി. തേഭാഗാ പ്രക്ഷോഭം, ഭക്ഷ്യ പ്രക്ഷോഭം എന്നിയുള്‍പ്പെടെ വന്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയും നിരവധി പേര്‍ രക്തസാക്ഷിത്വം വഹിക്കുകയും ചെയ്ത ജില്ലയുടെ അഞ്ച് പ്രധാന കേന്ദ്രങ്ങളായ മാഷില, ഹന്‍താല്‍, ജഗ്വല്ലഭപൂര്‍, ശന്തോഷ്പൂര്‍, അംതാ, ബഹനാന്‍ എന്നിവിടങ്ങളില്‍നിന്നും വാളന്‍റിയര്‍ ബ്രിഗേഡുകള്‍ ജില്ലയിലൊട്ടാകെ സഞ്ചരിച്ച് കൊണ്ടുവന്ന ദീപശിഖ സമ്മേളന വേദിയിലേക്ക് നേതാക്കള്‍ എതിരേറ്റു. ബ്രിഗേഡുകള്‍ സമ്മേളന പ്രതിനിധികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു. വിവിധ ഭാഷകളില്‍ പ്രതിനിധികളും ബ്രിഗേഡ് അംഗങ്ങള്‍ക്കും ചെങ്കൊടിക്കും ദീപശിഖയ്ക്കും അഭിവാദ്യം അര്‍പ്പിച്ചു. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു ഉള്‍പ്പടെ നിരവധി നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

എ വിജയരാഘവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തിനുശേഷം ഉണ്ടായ കോവിഡ് മഹാമാരി അധ്വാനിയ്ക്കുന്നവരും സാധാരണക്കാരുമായ ബഹുഭൂരിപക്ഷം ജനങ്ങളുടേയും ജീവിതം ദുരിതപൂര്‍ണമാക്കി. തൊഴിലില്ലായ്മയും പട്ടിണിയും വളരെ വര്‍ദ്ധിച്ചു. അതിന് പരിഹാരം കാണാനുള്ള ഒരു നടപടിയും കേന്ദ്ര ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ടില്ല. അതേസമയം ഈ കാലഘട്ടത്തില്‍ വന്‍കിടക്കാരുടെ ആസ്തി വളരെ വര്‍ദ്ധിച്ചു. വാക്സിന്‍ കമ്പനികളുള്‍പ്പെടെ കൊള്ളലാഭമാണുണ്ടാക്കിയത്. അവരെ സഹായിക്കുന്ന നയംതന്നെയാണ് മോദി സര്‍ക്കാര്‍ തുടര്‍ന്നത്. അതേ സമയം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജനങ്ങളോടൊപ്പം നിന്നുകൊണ്ട് അവരെ എല്ലാ തലത്തിലും സഹായിക്കാനുള്ള നടപടികളാണ് കൈക്കൊണ്ടത്. പാവപ്പെട്ടവര്‍ക്ക് കുറച്ചെങ്കിലും സഹായമാകുമാകുന്ന തൊഴിലുറപ്പ് പദ്ധതി തകര്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഇടതുപക്ഷത്തിന്‍റെ സ്വാധീനം മൂലമാണ് അത് നടപ്പാക്കിയത്. മോദി അധികാരത്തിലെത്തുന്നതിനുമുമ്പ് നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കുന്നില്ല. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കയ്യയച്ച് സഹായം നല്‍കുന്നു. അദാനി അംബാനിമാര്‍ ഒരോ ദിവസവും തങ്ങളുടെ സ്വത്ത് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും അനുദിനം ജനങ്ങളെ ദുരിതത്തിലേക്ക് നയിക്കുന്നു. മോദി സര്‍ക്കാരിന്‍റെ തീവ്ര വര്‍ഗീയ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ കര്‍ഷഷകരും കര്‍ഷക തൊഴിലാളികളും മറ്റ് ഇതര വിഭാഗം തൊഴിലാളികളും യോജിച്ച് ശക്തമായ പ്രക്ഷോഭത്തിന് തയ്യാറാകണം. അതിനുള്ള പരിപാടിയ്ക്ക് സമ്മേളനം രൂപം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തിനുശേഷം പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വി വെങ്കിട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മോദി ഭരണത്തില്‍ കാര്‍ഷികമേഖല ആകെ തകരുകയാണന്നും അത് കര്‍ഷകത്തൊഴിലാളികളേയും സാരമായി ബാധിക്കുന്നുയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തിനുശേഷം നടന്ന പ്രക്ഷോഭങ്ങള്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം വിശദമായി പ്രതിപാദിച്ച് 124 പേജുള്ള റിപ്പോര്‍ട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്. കോവിഡ് പ്രതിസന്ധിയിലും സംഘടനയുടെ അംഗസംഖ്യയില്‍ കാര്യമായ വര്‍ദ്ധനവുണ്ടായി.

155 അംഗ ജനറല്‍ കൗണ്‍സിലിനേയും 61 അംഗ വര്‍ക്കിംഗ് കമ്മിറ്റിയേയും പത്താം സമ്മേളനം തെരഞ്ഞെടുത്തു. ജനറല്‍ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് 30 അംഗങ്ങളാണുള്ളത്. എ വിജയ രാഘവന്‍ പ്രസിഡന്‍റായും ബി വെങ്കിട്ട് ജനറല്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഭൂപരിഷ്കരണം സമഗ്രമായി നടപ്പിലാക്കുക, പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുക, ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുക, ഭൂരഹിതരും ഭവനരഹിതരുമായ അവശവിഭാഗങ്ങക്ക് വീട് ഉറപ്പുവരുത്തുക, കര്‍ഷക-കര്‍ഷകതൊഴിലാളി -ട്രേഡ് യൂണിയന്‍ ഐക്യം വിപുലമാക്കുക, തൊഴിലുറപ്പ് പദ്ധതിയും മിനിമം വേതനവും ഉറപ്പാക്കുക, വന്‍തോതില്‍ കൃഷിഭൂമി നഷ്ടമാകുന്ന അശാസ്ത്രീയ നഗരവല്‍ക്കരണം നിയന്ത്രിക്കുക, വനസംരക്ഷണം ഉറപ്പുവരുത്തുക, ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക തുടങ്ങി നിരവധി പ്രമേയങ്ങള്‍ അംഗീകരിച്ചു.

പ്രതിനിധികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ആന്ധ്രയില്‍നിന്നുള്ള 24 കാരനായ എ ശരത് ചന്ദ്രന്‍ ആയിരുന്നു. പ്രായം കൂടിയത് 81 പിന്നിട്ട ഭാരവാഹിത്വം ഒഴിഞ്ഞ സുനിത് ചന്ദ്ര ചോപ്രയും. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തത് കേരളത്തില്‍ നിന്ന്. 186 പേര്‍. ആകെ പ്രതിനിധികളില്‍ 549 പേരും പിന്നോക്ക പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. 187 പേര്‍ വിവിധ കാലയളവില്‍ ജയില്‍വാസം അനുഭവിച്ചവരാണ്. തെലങ്കാനയില്‍ നിന്നെത്തിയ പി വിങ്കിടേഷര്‍ ആണ് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞത് 11 വര്‍ഷവും 10 മാസവും. ബംഗാളില്‍ നിന്നുള്ള സച്ചിന്ദ്രനാഥ് റേ 7വര്‍ഷവും 6 മാസവും ജയില്‍ ശിക്ഷ അനുഭവിച്ചു. 81 പേര്‍ ഒളിവു ജീവിതം നയിച്ചിട്ടുണ്ട്. അഞ്ച് പ്രതിനിധികള്‍ പത്തു സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

സമ്മേളന ഭാഗമായി സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, കലാകായിക മേളകള്‍, ചിത്രരചന എന്നിവയും അരങ്ങേറി. വിവിധ വിഷയങ്ങളെ ആസ്പദമാക്കി 26 സെമിനാറുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിവിധ ദിവസങ്ങളില്‍ നടന്നത്. പ്രധാനമായും മൂന്നു വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രദര്‍ശനം ഒരുക്കിയത്. ഇന്ത്യ@75, ബംഗാളിന്‍റെ കര്‍ഷക-കര്‍ഷകതൊഴിലാളി- തൊഴിലാളി വര്‍ഗ ബഹുജന ഐക്യ പ്രക്ഷോഭ ചരിത്രം, 2011നുശേഷം ബംഗാളില്‍ നടമാടുന്ന അക്രമ ഭീകര തേര്‍വാഴച എന്നിവയാണത്.

സമ്മേളന ഭാഗമായി ഹൗറ വിജയാനന്ദ പാര്‍ക്കില്‍ ഫെബ്രുവരി 17ന് വന്‍ പൊതുസമ്മേളനം നടന്നു. കര്‍ഷകരേയും കര്‍ഷകതൊഴിലാളികളേയും വഞ്ചിക്കുന്ന മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വീട്ടുവിഴ്ചയില്ലാതെ പോരാടുമെന്ന് ആയിരങ്ങള്‍ അണിനിരന്ന മഹാറാലി പ്രഖ്യാപിച്ചു. റാലിയില്‍ സ്ത്രീകളുടേയും ആദിവാസികളുടേയും പങ്കാളിത്തം വന്‍തോതില്‍ പ്രകടമായി. രാജ്യം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാതെ ജാതി മത വര്‍ഗീയ വിഭജനത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്ന മോദി സര്‍ക്കാരിനെതിരെ ശക്തമായ പോരാട്ടം നയിക്കാന്‍ റാലി ആഹ്വാനം ചെയ്തു. ഏപ്രില്‍ 5ന് വിവിധ ജഹുജന സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാര്‍ലമെന്‍റ് മാര്‍ച്ചില്‍ കര്‍ഷകതൊഴിലാളികളും വന്‍തോതില്‍ അണിനിരക്കുമെന്നും റാലി പ്രഖ്യാപിച്ചു.

ഹൗറ നഗരത്തിന്‍റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച വന്‍ പ്രകടനങ്ങളായിട്ടാണ് റാലിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തിയത്. പ്രതിനിധി സമ്മേളനം നടക്കുന്ന സരദ് സദന്‍ അങ്കണത്തില്‍നിന്നും വിവിധ ഭാഷകളില്‍ ഒരേ ലക്ഷ്യത്തോടെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള റാലി വേദിയിലേയിലേക്ക് പ്രതിനിധികള്‍ പ്രകടനമായിട്ടാണ് എത്തിയത്. റോഡിന്‍റെ ഇരുവശങ്ങളിലും തിങ്ങിനിന്ന് ജനങ്ങള്‍ കൗതുകത്തോട് അത് വീക്ഷിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം പശ്ചിമ ബംഗാള്‍ സെക്രട്ടറി മുഹമ്മദ് സലിം, കര്‍ഷക തൊഴിലാളി യൂണിയന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബി വെങ്കിട്ട് എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ പ്രസിഡന്‍റ് എ വിജയരാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാനും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ ശ്രിദീപ് ഭട്ടാചര്യ സ്വാഗതം ആശംസിച്ചു.

സ്വാതന്ത്ര്യ സമര കാലം മുതല്‍ എല്ലാ പ്രക്ഷോഭങ്ങളിലും മറ്റ് ജനവിഭാഗങ്ങളോടൊപ്പം കര്‍ഷക തൊഴിലാളികളും സജീവമായ പങ്കാണ് വഹിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. വീറുറ്റ പോരാട്ടത്തിലൂടെ രാജ്യത്തെ ജനങ്ങള്‍ നേടിയെടുത്ത സ്വാതന്ത്ര്യവും അവകാശങ്ങളും കുത്തക കോര്‍പ്പറേറ്റുകള്‍ക്കും വര്‍ഗീയവാദികള്‍ക്കും അടിയറ വെക്കാന്‍ നടത്തുന്ന നീക്കത്തെ ശക്തമായി യോജിച്ച് ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വിവിധ ജനവിഭാഗങ്ങള്‍ ചേര്‍ന്നുള്ള ഐക്യപോരാട്ടം ഇപ്പോള്‍ അനിവാര്യമാണ്. സ്വാതന്ത്ര്യസമരത്തെ വഞ്ചിച്ച് രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ആശയക്കാരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ദീര്‍ഘകാലമായ പോരാട്ടത്തിലൂടെ നമ്മള്‍ നേടിയെടുത്ത ജനാധിപത്യം, മതനിരപേക്ഷത, സാമൂഹ്യനീതി, സമത്വം എന്നിവ അട്ടിമറിക്കാനുള്ള തീവ്രശ്രമമാണ് ബിജെപിയും അവരുടെ പിണിയാളുകളായ ഹിന്ദുത്വ വര്‍ഗീയവാദികളും സംഘപരിവാറും നടത്തുന്നത്. രാജ്യത്തിന്‍റെ പുറകോട്ടുപോക്കിനെ ചെറുക്കേണ്ടത് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങളുടെ കൂട്ടായ ഉത്തരവാദിത്വമാണ്. ബംഗാളിലെ തേഭാഗയും തെലുങ്കാന സമരവും പുന്നപ്ര – വയലാറുമെല്ലാം രാജ്യത്തിന്‍റെ കാര്‍ഷിക പ്രക്ഷോഭ ചരിത്രത്തിലെ ഇതിഹാസമാണ്. കര്‍ഷക തൊഴിലാളികളും കര്‍ഷകരും രാജ്യത്തിന്‍റെ അന്നദാതാക്കളാണ്. അവരുടെ നിലനില്‍പ് ഇല്ലായ്മ ചെയ്യുന്ന നയങ്ങളാണ് കേന്ദ്ര ബിജെപി സര്‍ക്കാര്‍ തുടരുന്നത്. കാര്‍ഷിക മേഖല വന്‍കിട കുത്തകകള്‍ക്കു കൈമാറുന്ന നയങ്ങള്‍ക്കെതിരെ നടന്ന കര്‍ഷക പ്രക്ഷോഭം ഏറ്റവും വലിയ ജനകീയ പോരാട്ടത്തിലൊന്നാണ്. പുതിയ ബജറ്റിലും കാര്‍ഷക മേഖലയെ സഹായിക്കുന്ന ഒന്നുമില്ല. ഉദാരവല്‍ക്കരണ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരെ ഇടതു പാര്‍ടികള്‍ ശക്തമായ നിലപാടാണ് എടുക്കുന്നത്. ബംഗാളിലും ജനാധിപത്യ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്ന അക്രമ രാഷട്രീയമാണ് തൃണമൂല്‍ ഭരണം നടപ്പാക്കുന്നത്.

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ ഗവണ്മെന്‍റ് ബദല്‍ പരിപാടികളായി ജനോപകാരപ്രദമായ വിവിധ കാര്യങ്ങള്‍ നടപ്പാക്കുന്നത് മുഖ്യമന്ത്രി വിശദീകരിച്ചു. ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണവും അംഗീകാരവുമാണ് അതിന് ലഭിക്കുന്നത്. പല കാര്യങ്ങളിലും കേരളം മുന്‍പന്തിയിലാണ്. രാജ്യത്ത് മാറ്റത്തിന്‍റെ കാറ്റ് വീശുന്നു. കൂട്ടായ പോരാട്ടത്തിലൂടെ അത് ശക്തമായി മുന്നോട്ട് നയിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × one =

Most Popular