ചാള്‍സ് ഡിക്കന്‍സിന്‍റെ ദ ഗ്രേറ്റ് എക്സ്പെക്റ്റേഷനും ഒലിവര്‍ ട്വിസ്റ്റുമൊക്കെ ചലച്ചിത്രമാക്കിയ ഇംഗ്ലീഷ് സംവിധായകന്‍ ഡേവീസ് ലീന്‍ ഒരിക്കല്‍ കാഴ്ചയുടെ കോയ്മയെപ്പറ്റി പറഞ്ഞ വാക്യങ്ങള്‍ പ്രസിദ്ധമാണ്: “സങ്കല്‍പ്പിച്ചു നോക്കു, തിയേറ്ററില്‍ ഇരുട്ട് പരക്കുമ്പോള്‍ സിഗരറ്റിന് തീ കൊളുത്താനായി തീപ്പെട്ടിയുരയ്ക്കുന്ന ഒരു കാണിയെ. ഫിലിം മേക്കറുടെ മുന്നിലുള്ള വെല്ലുവിളി ഇതാണ്- ആ സിഗരറ്റിന് ഒരിക്കലും തീ പിടിക്കരുത്. കാരണം, ആ പ്രേക്ഷകന് സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ പറ്റരുത്. കണ്ണെടുക്കാനാവാത്തവിധം കാണിയെ ദൃശ്യത്തോട് ചേര്‍ത്തുനിര്‍ത്തുന്നതാവണം സിനിമ എന്നര്‍ത്ഥം.
വായനക്കാരില്‍ നിന്നും ഭിന്നമായി, ഇരുട്ടില്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ സ്ക്രീനില്‍ കണ്ണുനട്ടിരിക്കുന്ന ഒരു കാണിയെ ചലച്ചിത്ര സിദ്ധാന്തങ്ങള്‍ സങ്കല്‍പ്പിച്ചിരുന്നു. ഒരുകാലത്ത് വായന വൈയക്തികമായ പ്രവൃത്തിയും സിനിമക്കാഴ്ച സാമൂഹികവുമാണെന്ന് കരുതപ്പെട്ടു. പുസ്തകത്തിലേക്കുള്ള നോട്ടത്തെക്കാള്‍ ഒളിഞ്ഞുനോട്ടത്തിന്‍റെ സ്വഭാവമുള്ളതാണ് സിനിമാനോട്ടം (സിനിമയെപ്പോലെ വോയറിസ്റ്റിക്കായ ഏക സാഹി ത്യജനുസ്സ് ഒളിഞ്ഞുനോട്ടമാണത്.സിനിമാസ്വാദനം കണ്ണെടുക്കാത്ത തുടരനുഭവമല്ല ഇന്ന്. ഡിജിറ്റല്‍ കാഴ്ചയുടെ വരവോടെ അതും വായനപോലെ ശകലിതമായി. വേണ്ട രംഗങ്ങള്‍ ആവര്‍ത്തിച്ചുകാണാനും മുമ്പോട്ടും പുറകോട്ടും ചെല്ലാനും ‘വേണ്ടാത്തവ സ്കിപ്പുചെയ്യാനും സാധിച്ചതോടെ സിനിമക്കാഴ്ചക്ക് വായനയോട് സാധര്‍മ്യം കൈവന്നു. വായനക്കാരുടെ സ്ഥാനത്തായി കാണി.
താരതമ്യേന പുതുതും യന്ത്രബദ്ധവുമായ കലയായതുകൊണ്ടാവാം സിനിമ സാഹിത്യമെന്ന കാരണവരുടെ ഉപദേശനിര്‍ദേശങ്ങള്‍ തേടിയിരുന്നു നന്നേ ചെറുപ്രായത്തില്‍ തന്നെ. സാഹിത്യവും സാമൂഹികവുമായ സിദ്ധാന്തങ്ങളും പാഠങ്ങള്‍ തേടി. സിനിമ വളര്‍ന്നത് സാഹിത്യവുമായുള്ള ബന്ധത്തിലൂടെയാണ്. സാഹിത്യനിഷേധം പോലും ഒരിനം സാഹിത്യബന്ധമായി കാണാവുന്നതാണല്ലോ. ജനപ്രിയതയില്‍ ബഹുദൂരം മുന്നേറിയ ചലച്ചിത്രം തിരിച്ച് സാഹിത്യത്തെയും സ്വാധീനിച്ചിട്ടുണ്ട്. ആധുനിക എഴുത്തുശൈലിയെ ചലച്ചിത്രവും മാറ്റിത്തീര്‍ത്തതായി കാണാം. മലയാളത്തിലെ പുതിയ ചെറുകഥകള്‍ സിനിമാറ്റിക്കാവുന്നതും കാണാം. സിനിമാറ്റിക്കായി എഴുതുന്ന പതിവ് ചില നോവലിസ്റ്റുകളില്‍ കാണാമെന്ന് ആദ്യകാല സിനമാ സൈദ്ധാന്തികന്‍ സെര്‍ജി ഐസന്‍സ്റ്റീന്‍ 1933ല്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഫ്രഞ്ച് നോവലിസ്റ്റ് എമിലി സോള (1840-1902) സ്ക്രിപ്റ്റിന്‍റെ ഭാഷയിലാണ് നോവലെഴുതുന്നതെന്നും അദ്ദേഹത്തിന്‍റെ ഒരു പേജ് എളുപ്പം മൊണ്ടാഷ് രീതിയിലേക്ക് മാറ്റിയെടുക്കാമെന്നും ഐസന്‍സ്റ്റീന്‍ വിശദീകരിച്ചിട്ടുണ്ട്.
പൂവ് എന്ന വാക്കിനോ അതുണ്ടാക്കുന്ന ശബ്ദവ്യത്യാസത്തിനോ അതിലുള്‍ച്ചേര്‍ന്ന സ്വനങ്ങള്‍ക്കോ പൂവിനോട് ബന്ധമൊന്നുമില്ലെങ്കിലും പൂവിന്‍റെ ചിത്രവും ഫോട്ടോഗ്രാഫും വീഡിയോയും അങ്ങനെയല്ല, നേരിട്ട് ബന്ധമുണ്ട്. എന്നാല്‍ ഏതു പൂവിനെയും കുറിക്കാന്‍ പൂവെന്ന വാക്കിന് കഴിയും. ചിത്രത്തിലാവട്ടെ, ഒരു സവിശേഷ പൂവിനേ പാങ്ങുള്ളൂ. കുമാരനാശാന്‍റെ ‘വീണപൂവ്’ വായി ച്ചുകഴിഞ്ഞാലും ആ പൂവ് ഏത് സ്പീഷിസാണെന്ന് പിടികിട്ടുകയില്ല. അതിന് ദൃശ്യാവിഷ്കാരമൊരുക്കണമെങ്കില്‍ അതിനെ ഏതെങ്കിലും ഒരു പ്രത്യേക പൂവാക്കിയേ പറ്റൂ. എഴുത്തിന്‍റെ ദൃശ്യവിവര്‍ത്തനത്തില്‍ ഇങ്ങനെയൊരു പ്രശ്നമുണ്ട്.
വാചികഭാഷയില്‍ അഥവാ സാഹിത്യത്തില്‍ സൂചനവും ദൃശ്യത്തില്‍ സിനിമയില്‍, കലയില്‍ അഭിവ്യഞ്ജനവും ആണ് നടക്കുന്നതെന്ന് ക്രിസ്റ്റ്യന്‍ മെറ്റ്സ് എന്ന ചിഹ്നവിജ്ഞാനിയകാരന്‍ പറയുന്നു. ആദ്യത്തേത് കീഴ്വഴക്കങ്ങളിലധിഷ്ഠിതമാണ്, രണ്ടാമത്തേത് സാര്‍വലൗകീകമാണ്, നൈരന്തര്യമുള്ളതാണ്. ആദ്യത്തേത്, ആശയങ്ങളില്‍ നിന്നും രണ്ടാമത്തേത് വസ്തുതകളില്‍ നിന്നും രൂപപ്പെട്ടതാണ്- മെറ്റ്സ് എഴുതി. വാക്കുകള്‍ അനഭിവ്യഞ്ജകമായ സൂചകങ്ങളിലൂടെ അഭിവ്യഞ്ജകമായ സൂചിതത്തിലേക്കു നയിക്കുന്നു. ദൃശ്യചിഹ്നങ്ങളെപ്പറ്റി ദ സിനിമ ഓഫ് പോയട്രി എന്ന വിഖ്യാതപ്രബന്ധത്തില്‍ പസോളിനി വിവരിക്കുന്നുണ്ട്. എടുത്തുപയോഗിക്കാന്‍ പറ്റിയ വിധത്തില്‍ സിനിമക്കാരന് ദൃശ്യങ്ങല്‍ ഇട്ടുവച്ച പെട്ടിയോ ദൃശ്യനിഘണ്ടുവോ ഇല്ലെന്ന് പസോളിനി എഴുതി. പക്ഷേ, ചലച്ചിത്രകാരന് നിഘണ്ടുവുണ്ട്. ഇത്രയും കാലം കൊണ്ട് ചലച്ചിത്രങ്ങള്‍ ഉരുത്തിരിയിച്ചെടുത്ത പദകോശം. ഇതില്‍ അമൂര്‍ത്ത പദങ്ങളില്ല. എഴുത്തുമായി സിനിമക്കുള്ള ഒരു വ്യത്യാസമിതാണ്. ദൃശ്യങ്ങള്‍ എപ്പോഴും മൂര്‍ത്തമായിരിക്കും.
വാക്കുകളില്‍ അമൂര്‍ത്തമായി വരച്ചിടുകയും വായനയിലൂടെ നാം സങ്കല്‍പ്പിച്ച് പൂര്‍ത്തിയാക്കുകയും ചെയ്യുന്ന ചിത്രങ്ങളല്ല സിനിമയില്‍. ‘അയാള്‍’ എന്നു മാത്രം എഴുതി, ബാക്കി വായനക്കാര്‍ക്ക് ഊഹിക്കാന്‍ വിട്ടുകൊടുക്കുന്ന രീതി ദൃശ്യത്തിന് പറ്റില്ലല്ലോ. അവിടെ അയാള്‍ക്ക് കൃത്യമായ വേഷഭാഷാദികളുണ്ട്, പ്രായവും രൂപവും മാനറിസങ്ങളെല്ലാമുണ്ട്. വാക്ക് പ്രവൃത്തിക്കുന്നതുപോലെയല്ല, ഈ മൂര്‍ത്തരൂപം പ്രവര്‍ത്തിക്കുക. വാക്കിന്‍റെയും ദൃശ്യത്തിന്‍റെയും പൊളിറ്റിക്സ് രണ്ടാവുന്നു. ഒരു കഥാപാത്രമായി ഒരു പരിചിത നടനോ നടിയോ എത്തുമ്പോള്‍ അവരുടെ മുന്‍കാല കഥാപാത്രങ്ങള്‍ ഒരൊഴിയാബാധയായി കാഴ്ചയില്‍ കൂടെ വരും. ഫഹദ് ഫാസിലിനെയോ പൃഥ്വിരാജിനെയോ അവര്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളുടെ ഭാരമേതുമില്ലാതെ കാണുക പാടാണ്. ഇമേജിന് അങ്ങനൊരു അര്‍ത്ഥം കൂടിയുണ്ട്. ഈ സിനിമയില്‍ പൃഥ്വി രാജിന് വില്ലനെ നിലംപരിശാക്കാന്‍ സാധിക്കുന്നത്, അയാള്‍ക്ക് മുന്‍ സിനിമകളിലൊക്കെ അതിന് സാധിച്ചിട്ടുണ്ട് എന്നതിനാല്‍ കൂടിയാണ്. വാക്കിനും ചെറുതായെങ്കിലും ഇത്തരം ചരിത്രഭാരങ്ങളുണ്ട്. ചലച്ചിത്രത്തില്‍ പാഠാന്തരതയ്ക്ക് ബലം കൂടും.
സിനിമ ഒരു സാംസ്കാരികായുധമാണെന്ന് വ്ളാഡ്മിര്‍ ലെനിന്‍ സമരക്കാരോട് പറഞ്ഞിട്ടുണ്ട്. ലൂമിയര്‍ പ്രോഗ്രാമിനെക്കുറിച്ച് മനസ്സിലാക്കിയ ആദ്യത്തെ നേതാവാണ് ലെനിന്‍. മാര്‍ക്സിന്‍റെ കാലത്ത് സിനിമ ജനിച്ചില്ലെങ്കിലും ലെന്‍സിലൂടെ തലകീഴായി കാണുന്ന പ്രതിബിംബത്തെക്കുറിച്ച് മാര്‍ക്സിന് ഉത്തമബോധ്യമുണ്ടായിരുന്നു. സിനിമ ജനിച്ചതുതന്നെ മാറ്റത്തിനുവേണ്ടിയാണ് ആയിരിക്കണം എന്ന് ആദ്യം തിരിച്ചറിഞ്ഞത് ലെനിനാണ്. ആ ചരിത്രം ഇന്ന് ഗോദാര്‍ദ് വരെ നീണ്ടുകിടക്കുന്നു. നമ്മുടെ സിനിമ ചരിത്രനിര്‍മ്മിതിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. 2018ല്‍ പുറത്തിറങ്ങിയ പത്മാവതി എന്ന സിനിമചരിത്ര വസ്തുതകള്‍ നിരന്തരം പുനരാഖ്യാനം ചെയ്യപ്പെടേണ്ട ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങ്ങും ദീപിക പദുകോണ്‍ പത്മാവതിയായും വേഷമിടുന്ന ഈ സിനിമ ഇന്ത്യന്‍ സ്വാതന്ത്ര സമരചരിത്രത്തിലെ സ്ത്രീസാന്നിദ്ധ്യമാണ് വ്യക്തമാക്കുന്നത്.
ഇത്തരത്തില്‍ ചരിത്രനിര്‍മ്മിതിയുമായി ബന്ധമുള്ള സിനിമകള്‍ ലോകത്തെമ്പാടും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് തൃശ്ശൂര്‍ വരന്തരപ്പിള്ളി അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിച്ചത്. എന്തുകൊണ്ടും 2023 ല്‍ തൃശ്ശൂരിലെ ഈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നായിമാറിയിട്ടുണ്ടെന്നു വേണം പറയാന്‍. എസ്.ഹാരീഷിന്‍റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം ഒരു മനസ്സില്‍ നടക്കുന്ന വിപ്ലവമാണ്. തമിഴ്നാട്ടിലെ തീര്‍ത്ഥാടനകേന്ദ്രമായ വേളാങ്കണ്ണിയില്‍ പോയി വരുന്ന ജെയിംസിന്‍റെ ജീവിതാവബോധങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന ഈ കാലഘട്ടത്തില്‍ സംവിധായകന്‍ ജോസ് പെല്ലിശ്ശേരി പലതും പറയാതെ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ മമ്മൂട്ടി ചിത്രത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്.
ബംഗ്ലാദേശ് സിനിമയായ ‘ക്വിറ്റ് ഫ്ളോ ദി റിവര്‍’ ഒരു മനോഹരമായ സ്വാതന്ത്ര്യസമരഗാഥയാണ്. തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് തന്‍വീര്‍ മോഹന്മേലാണ്. ഒരു രാഷ്ട്രത്തിന്‍റെ ചരിത്രപരമായ വിവിധ സംഭവവികാസങ്ങളാണ് ദൃശ്യത്തിലൂടെയും സംഭാഷണത്തിലൂടെയും പ്രതിഫലിപ്പിച്ചുകാണിക്കുന്നത്.
രുപാ നദീര്‍ ബംഗോ മനോഹരമായ ഒരു ബംഗ്ലാദേശ് സിനിമയാണ്. എക്കാലത്തും എല്ലാവരും ഓര്‍മ്മിക്കുന്ന മനോഹരമായ ഒരു രാഷ്ട്രീയ സിനിമ. വടക്കുകിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ ആസ്സാം സിനിമ ‘അക്കോമന്‍ ഒരു പന്ത്രണ്ടുവയസ്സുകാരന്‍റെ വീക്ഷണകോണിലൂടെ തുറക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്‍റെ വാതായനങ്ങളാണ്. വടക്കുകിഴക്കന്‍ സംസ്ഥാനത്തിലെ ഒരു റിമോട്ട് ഏരിയയില്‍ നിന്നിള്ള അവന്‍റെ വീട്ടിലേക്കുള്ള പ്രയാണവും മറ്റും ഒരു വലിയ നേട്ടത്തിന്‍റെ കഥയാണ്. സ്വന്തം വീട്ടില്‍ ദേശീയ പതാകയുണ്ടാക്കി ഉയര്‍ത്തുന്നതിനു ശ്രമിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ ചരിത്രാവബോധങ്ങള്‍ മുതിര്‍ന്നവരെപ്പോലും അതിശയിപ്പിക്കുന്നു. രണ്ടു പതാകകള്‍ക്കിടയില്‍ ഒരു ശരിയായ രാഷ്ട്രീയാവബോധം കുരുന്നുഭാവനയില്‍ വിരിയുന്നതുപ്രകാരമാണെന്ന് അക്കോമന്‍ എന്ന സിനിമ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇത് ഭരണകൂടത്തിനും പ്രതിപക്ഷത്തിനും മറ്റും നല്‍കുന്ന പ്രകൃതിയുടെ ധാര്‍മ്മിക പ്രതീകമായി അക്കോമന്‍ പ്രേക്ഷകരെ പിന്തുടരുന്നുണ്ട്.
സ്പാനിഷ് സിനിമയായ ‘ദി നെയിംസ് ഓഫ് ഫ്ളവേഴ്സ്’ മനോഹരമായ ഒരു സിനിമയാണ്. ബഹ മാന്‍ തകയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബോളിവിയയില്‍ ഏണസ്റ്റ് ചെഗുവരേയുടെ അമ്പതാം ചരമവാര്‍ഷികാഘോഷവേളയിലേക്ക് ജൂലിയ എന്ന അധ്യാപികയെ അവരുടെ ചരിത്രപരമായ കഥ ലോകത്തോട് പറയാന്‍ ക്ഷണിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. ക്ലാറിയില്‍ പിടിക്കപ്പെട്ട ഗ്ലോറില്ലക്ക് അവള്‍ സൂപ്പ് നല്‍കിയപ്പോള്‍ മരണത്തിനു തൊട്ടുമുമ്പേ അവന്‍ പൂക്കളെക്കുറിച്ച് ഒരു കവിത അവള്‍ക്ക് നല്‍കുന്നു. തികച്ചും ഇടതുപക്ഷരാഷ്ട്രീയത്തില്‍ പുതുക്കപ്പെടുന്ന അതിജീവനചിന്തയാണ് ഈ ചിത്രം പങ്കുവെക്കുന്നത്.
അനികത്തയുടെ പശ്ചിമബംഗാള്‍ സിനിമയായ ‘അപരാജിതോ’ ഒരു സംവിധായകന്‍റെ ചലച്ചിത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട നാടകീയ മൂഹൂര്‍ത്തങ്ങളാണ് ദൃശ്യവല്‍ക്കരിക്കുന്നത്. ഓസ്കാര്‍ അവാര്‍ഡ് ജേതാവായ പ്രശസ്ത ബംഗാളി സംവിധായകന്‍ സത്യജിത് റേ അദ്ദേഹത്തിന്‍റെ ആദ്യസിനിമയായ പഥേര്‍ പാഞ്ചാലിയുടെ (പാതയുടെ ഗീതം) നിര്‍മ്മാണവുമായി ബന്ധപ്പെട്ട തീവ്രാനുഭവങ്ങളുടെ ദൃശ്യമുഹൂര്‍ത്തങ്ങള്‍ നമ്മുടെ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠങ്ങളാണ്. അതുപോലെ തന്നെ നവാഗത സംവിധായകനായ ലിജേഷ് മുല്ലേഴത്തിന്‍റെ ആകാശത്തിനു കീഴെ എന്ന സിനിമ കപടസദാചാരത്തെയും ജാതീയതയെയും മറ്റും തുറന്നുകാണിക്കുന്നു. നവോത്ഥാനനായകര്‍ കുഴിച്ചുമൂടിയ ഫ്യൂഡലിസ്റ്റ് നയങ്ങളെ കള്ളും മദ്യവും കഞ്ചാവും എം.ഡി.എച്ചുമായി രൂപമാറ്റം വരുത്തി പുറത്തെടുക്കുന്ന നവഫാസിസ്റ്റുകളെ ജനമധ്യത്തില്‍ തുറന്നുകാണിക്കണം. ജാതി-മതഭ്രാന്തന്മാരെ ഒറ്റപ്പെടുത്തണം. മതനിരപേക്ഷതക്കുവേണ്ടി നിലകൊള്ളുന്ന വരന്തരപ്പിള്ളി ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള എന്തുകൊണ്ടും ഒരു ഇടതുപക്ഷചലച്ചിത്രമേളയായി മാറുകയായിരുന്നു.
സിനിമയും ചരിത്ര നിര്‍മ്മിതിയും
കെ.ആര്‍.സുകുമാരന്‍
Sourceകെ.ആര്‍.സുകുമാരന്‍