കോവിഡാനന്തര ഇന്ത്യന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരേടായി ഫെബ്രുവരി 24ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറിയിരിക്കുകയാണ്. മൂന്നര വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ ഒരു കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത് എന്നതുകൊണ്ടുതന്നെ രാജ്യമാകെ ഉറ്റുനോക്കിയിരുന്ന ഒരു തെരഞ്ഞെടുപ്പായിരുന്നു എച്ച് സി യുവിലേത്. 24നു നടന്ന തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ നേതൃത്വം നല്‍കുന്ന സഖ്യം എല്ലാ പ്രധാന സ്ഥാനങ്ങളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുകയാണ്. എസ്എഫ്ഐയോട് ഒപ്പം അംബേദ്കര്‍ സ്റ്റുഡന്‍റസ് അസോസിയേഷന്‍ (ASA), ദളിത് സ്റ്റുഡന്‍റസ് യൂണിയന്‍ (DSU) എന്നിവരാണ് സഖ്യത്തിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടനകള്‍. മൂന്നര വര്‍ഷത്തെ നീണ്ട പ്രവര്‍ത്തനങ്ങള്‍ അനനുകരണീയമാം വിധം ചെയ്തവസാനിപ്പിച്ച് പടിയിറങ്ങുന്നതും എസ് എഫ് ഐ നേതൃത്വം നല്‍കിയ എ എസ് എയും ഡിഎസ് യുവും ഭാഗമായിരുന്ന സഖ്യം തന്നെയാണെന്നത് ഈ വിജയത്തിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. കോവിഡ് കാലത്ത് ആഗോളതലത്തില്‍ തന്നെ കാമ്പസുകള്‍ അടഞ്ഞുകിടന്നപ്പോഴും ഹൈദരാബാദ് സര്‍വകലാശാലയിലെ എല്ലാ ഹോസ്റ്റലുകളും പ്രാഥമിക സൗകര്യങ്ങളോടു കൂടി പ്രവര്‍ത്തിക്കുന്നുവെന്നും സാമ്പത്തികവും സാമൂഹികവുമായ പ്രതിബന്ധങ്ങളനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ തന്നെ താമസിക്കാന്‍ സൗകര്യമുണ്ടെന്നും കഴിഞ്ഞ വിദ്യാര്‍ത്ഥി യൂണിയന്‍ ഉറപ്പുവരുത്തിയിരുന്നു. സ്റ്റുഡന്‍റസ് യൂണിയന്‍റെ നിരന്തരമായ ഇടപെടലുകള്‍മൂലമാണ് ഹൈദരാബാദ് യൂണിവേസിറ്റിയില്‍ കോവിഡ് കാലത്ത് അതിന്‍റെ തുടര്‍ച്ചയായി മൂന്നര വര്‍ങ്ങള്‍ക്കു ശേഷം തെരഞ്ഞെടുപ്പു നടത്താന്‍ സാധിച്ചത്.
പൊതു വിദ്യാഭ്യാസരംഗം കേന്ദ്ര ഗവണ്മെന്‍റിന്‍റെ നവലിബറല്‍ നയങ്ങളുടെയും വര്‍ഗീയ അജണ്ടകളുടെയും ഇരട്ടവാള്‍ പ്രഹരത്തില്‍ വലയുന്ന ഈ ഘട്ടത്തില്‍, എസ് എഫ് ഐ നേതൃത്വം നല്‍കുന്ന, ഇടത് അംബേദ്ക്കറൈറ്റ് സഖ്യം വലിയൊരുരാഷ്ട്രീയ പ്രതീക്ഷയാണ് മുന്നോട്ടുവെക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ പൊതു വിദ്യാഭ്യാസത്തെയാകെ കേന്ദ്രവല്‍ക്കരിക്കാനും കച്ചവടവല്‍ക്കരിക്കാനും കാവിവല്‍ക്കരിക്കാനും യൂണിയന്‍ ഗവണ്മെന്‍റ് കിണഞ്ഞു ശ്രമിക്കുമ്പോള്‍ നഷ്ടമാകുന്നത് അരികുവല്‍കൃത സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതകളാണ്. ബിജെപി നയിക്കുന്ന എന്‍ഡിഎ ഗവണ്മെന്‍റ് രണ്ടാം തവണയും അധികാരത്തിലേറിയപ്പോള്‍ മുതല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ജനവിരുദ്ധവും രാജ്യത്തിന്‍റെ മതനിരപേക്ഷതയെ തകര്‍ക്കുന്നതുമായ നയങ്ങളുടെ പ്രാഥമിക ഇരകള്‍ ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങളും സ്ത്രീകളുമാണ്. അത്തരമൊരു പശ്ചാത്തലത്തില്‍ വേട്ടയാടപ്പെടുന്ന, പുറന്തള്ളപ്പെടുന്ന പ്രാന്തവത്കരിക്കപ്പെട്ട ജനതയുടെ പ്രതിരോധത്തെ പ്രതിനിധീകരിക്കുന്ന ഒരു പാനലിനെ മുന്നോട്ടുവെക്കാന്‍ കഴിഞ്ഞു എന്നുള്ളത് എസ് എഫ് ഐ, എ എസ് എ, ഡി എസ് യു സംഘടനകള്‍ തങ്ങളുടെ രാഷ്ട്രീയത്തോട് എത്രമാത്രം പ്രതിജ്ഞാബദ്ധമാണ് എന്നതിനെ അരക്കിട്ടുറപ്പിക്കുന്നതാണ്. ഒരു ദളിത് വിഭാഗത്തില്‍പ്പെടുന്ന വ്യക്തി നയിക്കുന്ന യൂണിയന്‍ രാജ്യതലത്തില്‍ തന്നെ വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ അപൂര്‍വതയാണ്. ജന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ കമ്മിറ്റി എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ്സ് (GSCASH) അംഗമായി ഒരു ട്രാന്‍സ് സ്ത്രീ തെരഞ്ഞെടുക്കപ്പെടുന്നതും പുതുചരിത്രമാണ്. ഹൈരാബാദ് സര്‍വകലാശാലയുടെ ആദ്യ വനിതാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളി കൂടിയായ എഎസ് എഫ് ഐ സ്ഥാനാര്‍ഥി കൃപ മരിയ ജോര്‍ജ് വലിയ ഭൂരിപക്ഷത്തിലാണ് എ ബി വി പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.
പണക്കൊഴുപ്പ് അസാധാരണമായ രംഗങ്ങള്‍ക്ക് എച്ച് സി യു കാമ്പസ് സാക്ഷ്യം വഹിച്ച ഒരു സ്റ്റുഡന്‍റസ് യൂണിയന്‍ ഇലക്ഷന്‍ കൂടിയായിരുന്നു ഇത്. ഇലക്ഷന്‍ നടപടിക്രമങ്ങള്‍ ചട്ടവിരുദ്ധമായും അങ്ങേയറ്റം വിവേചനപരമായും നടത്താന്‍ എ ബി വി പിയുമായി ചേര്‍ന്ന് അഡ്മിനിസ്ട്രേഷന്‍ ചരടുവലിക്കുകയായിരുന്നു. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് അവധിക്കുപോയ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്താന്‍ പോലും കാത്തുനില്‍ക്കാതെ, കാര്യങ്ങള്‍ എബിവിപിയുടെ വിജയത്തിനനുകൂലമാക്കാന്‍ വേണ്ടി ധൃതി പിടിച്ച് ഇലക്ഷന്‍ നടത്തുകയായിരുന്നു എച്ച്സിയു അഡ്മിനിസ്ട്രേഷന്‍. ഇലക്ഷന് മുന്നോടിയായി വിദ്വേഷം നിറഞ്ഞതും വര്‍ഗീയത പ്രതിഫലിക്കുന്നതുമായ നിരവധി പരിപാടികളാണ് എ ബി വി പി സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാന്‍ ശ്രമിച്ച ബി ബി സി ഡോക്യുമെന്‍ററി, ങീറശ: ഠവല കിറശമ ഝൗലശെേീി ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എസ് എഫ് ഐ പ്രദര്‍ശിപ്പിച്ചപ്പോള്‍ അതേ വേദിയില്‍ ഠവല ഗമവൊശൃ എശഹലെ കാണിക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും എ ബി വി പി ഒരുമ്പെടുന്ന സഹാചര്യം ഉണ്ടായി. കാമ്പസിന്‍റെ ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് എ ബി വി പി ഈ ഇലക്ഷനെ തുടക്കം മുതല്‍ തന്നെ നേരിട്ടത്. തോല്‍വി ഭയന്ന എ ബി വി പി വോട്ടെണ്ണലിന്‍റെ തലേ ദിവസം അക്രമം അഴിച്ചുവിടുകയും നിരവധി എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കു പറ്റുകയുമുണ്ടായി. കാലാവധി പൂര്‍ത്തിയാകുന്ന യൂണിയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത ജനറല്‍ ബോഡി യോഗവവും സമാനരീതിയില്‍ എബിപിവി അലങ്കോലപ്പെടുത്തിയിരുന്നു. പക്ഷെ, ഹൈദരാബാദ് സര്‍വകലാശാലയിലെ പുരോഗമ വിദ്യാര്‍ത്ഥി സമൂഹം വലതു സംഘടനകളെ പുറംകാലുകൊണ്ട് തട്ടിക്കളയുന്ന അനുഭവമാണ് സ്റ്റുഡന്‍റസ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്. പുരോഗമ സംഘടനകളുടെ സഖ്യത്തെ ഏതുവിധേനയും പരാജയപ്പെടുത്താന്‍ മൂന്നാമതൊരു സഖ്യം ഉണ്ടാക്കി വോട്ടുകള്‍ പിളര്‍ത്തി എ ബി വി പിയെ സഹായിക്കാന്‍ ശ്രമിക്കുന്ന എന്‍ എസ് യു ഐനെയും കാമ്പസ് തിരിച്ചറിഞ്ഞു. മൂന്നാം മുന്നണിയില്‍ എന്‍ എസ് യു ഐ ഫ്രട്ടേണിറ്റിയുമായി ചേര്‍ന്നാണ് ഇലക്ഷന്‍ നേരിട്ടത്. എന്നാല്‍ വലിയ ഭൂരിപക്ഷത്തില്‍ തന്നെ എസ് എഫ് ഐ എ എസ് എ ഡി എസ യു സഖ്യത്തെ വിജയിപ്പിച്ചുകൊണ്ട്, അതേ മുന്നണിയുടെ വിദ്യാര്‍ത്ഥി യൂണിയന് തുടര്‍ച്ച നല്‍കിക്കൊണ്ട്, കാമ്പസ് അതിന്‍റെ രാഷ്ട്രീയ നിലപാട് ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു.
പുതിയ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള നിരന്തര സമരങ്ങള്‍ മുതല്‍ സി എ എ എന്‍ ആര്‍ സി, കാര്‍ഷിക നയങ്ങള്‍ മൗലാന അബ്ദുള്‍കലാം ആസാദ് ഫെല്ലോഷിപ് അടക്കം സാമൂഹികവും സാമ്പത്തികവുമായ വിവേചനമനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റങ്ങള്‍ തുടങ്ങി കേന്ദ്ര ഗവണ്മെന്‍റിന്‍റെ ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായ എല്ലാ നയങ്ങള്‍ക്കെതിരെയും, കാമ്പസില്‍ എ ബി വി പിയുമായി ചേര്‍ന്ന് അഡ്മിനിസ്ട്രേഷന്‍ നടപ്പിലാക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി വിരുദ്ധവും ഏകാധിപത്യപരവുമായ നടപടികള്‍ക്കെതിരെയും ഒരേ രാഷ്ട്രീയ വീര്യത്തോടെ പൊരുതിയ സഖ്യത്തിന് വിജയത്തുടര്‍ച്ചയുണ്ടാവുക, അതും വലിയ ഭൂരിപക്ഷത്തില്‍, എന്നത് ഹൈദരാബാദ് യൂണിവേസിറ്റിക്ക് മാത്രമല്ല രാജ്യമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനകള്‍ക്കു തന്നെ ഊര്‍ജ്ജമാകേണ്ട തെരഞ്ഞെടുപ്പ് ഫലമാണ്.
ഇനി വരാനിരിക്കുന്ന മറ്റു സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ഇതൊരു മാതൃകയും പ്രചോദനവുമാവുമെന്നത് ഉറപ്പാണ്. ♦