വിദ്യാര്‍ത്ഥിസമൂഹത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നാക്രമണ പരമ്പരകളില്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒഡീഷയിലെ റവീന്‍ഷാ യൂണിവേഴ്സിറ്റിയില്‍ ഈയടുത്തയിടെ നടന്ന സംഭവങ്ങള്‍ കടുത്ത ആശങ്കയുണര്‍ത്തുന്നതാണ്. പുരോഗമനാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂന്നു സിനിമകളായ, സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലി, ഗേ ഇന്ത്യ മാട്രിമോണി, ഹാദ് അന്‍ഹദ് എന്നിവയുടെ പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ യൂണിവേഴ്സിറ്റി ഭരണസമിതിയില്‍ അംഗങ്ങളായിട്ടുള്ള വലതുപക്ഷശക്തികള്‍ സമ്മര്‍ദ്ദം ചെലുത്തി. ചലച്ചിത്രോത്സവം നടത്തണമെന്ന ഫിലിം സൊസൈറ്റിയുടെ നിര്‍ദ്ദേശം വന്നപ്പോള്‍ ഭരണസമിതി അതിന് അനുമതി നല്‍കിയിരുന്നെന്നും പിന്നീട് പ്രദര്‍ശനം തുടങ്ങിയ അന്നേ ദിവസം തന്നെ എത്രയും പെട്ടെന്ന് വേദി ഒഴിഞ്ഞുപോകാന്‍ ഭരണസിമിതിക്കാര്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. ഇത്തരമൊരു നടപടിയെടുക്കാന്‍ കാരണമെന്താണെന്നാവശ്യപ്പെട്ട് ഫിലിം സൊസൈറ്റി പ്രതിനിധികള്‍ വൈസ് ചാന്‍സലറെ സമീപിച്ചു. പരിപാടി നടത്താന്‍ ആദ്യം അനുമതി നല്‍കിയ വി.സി പിന്നീട് അത് പിന്‍വലിച്ചതിന് വിശദീകരണം നല്‍കാതെ മൗനം പാലിച്ചു. വലതുപക്ഷക്കാരനായ പി എച്ച് ഡി സ്കോളര്‍ ചിന്മയ സാഹുവിന് ഈ മൂന്നു സിനിമകളും പ്രദര്‍ശിപ്പിക്കുന്നതിനോട് എതിര്‍പ്പുണ്ടെന്ന ആരോപണമുണ്ട്. നിലവില്‍ കോളേജിനുള്ളില്‍ ഹിന്ദുത്വ പിന്തുണയുള്ള ഹരി ഓം എന്ന സംഘടനയ്ക്കും ഗേ ഇന്ത്യ മാട്രിമോണി, ഹാദ് അന്‍ഹദ് എന്നീ സിനിമകളോട് വിയോജിപ്പുണ്ട്.
സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ചലച്ചിത്രമേളയുടെ സംഘാടകര്‍ പ്രതിഷേധവുമായി കുത്തിയിരുന്നു. അവര്‍ കോളേജില്‍ നിന്നും കോളേജുകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് പ്രതിഷേധം തുടരുന്നതിനിടെ, കോളേജില്‍ പ്രദര്‍ശിപ്പിക്കാനിരുന്നത് ഹിന്ദുവിരുദ്ധ സിനിമകളാണെന്നാരോപിച്ച് ചിന്മയ സാഹു പൊലീസില്‍ പരാതി നല്‍കി.
ഒരു ജനാധിപത്യരാജ്യത്ത്, ഒരു പൊതുസര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിനിമ പ്രദര്‍ശിപ്പിക്കാന്‍ പോലുമുള്ള അനുവാദമില്ല എന്ന സ്ഥിതിയാണുള്ളത്. കാരണം അത് രാജ്യം ഭരിക്കുന്ന വലതുപക്ഷ തീവ്രവാദികളുടെ വിദ്വേഷപ്രചാരണത്തിന് എതിരാണ് എന്നതാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെയാണ് ഗേ ഇന്ത്യ മാട്രിമോണിയുടെയും ഹാദ് അന്‍ഹദിന്‍റെയും പ്രദര്‍ശനം വേണ്ടെന്നുവെക്കാന്‍ സംഘാടകര്‍ക്കുമേല്‍ സര്‍വകലാശാലാ ഭരണസിതി സമ്മര്‍ദ്ദം ചെലുത്തിയത്.
കഴിഞ്ഞ മാസമാണ് ബിബിസി ഡോക്കുമെന്‍ററി പ്രദര്‍ശം മോദി ഗവണ്‍മെന്‍റ് തടഞ്ഞ് സെന്‍സര്‍ഷിപ്പിനെ ഒരു പുതിയ തലത്തിലേക്കെത്തിച്ചത്. ആ രണ്ടു ഡോക്കുമെന്‍ററികളും രാജ്യത്തുടനീളമുള്ള ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് നമ്മുടെ രാജ്യം പടുത്തുയര്‍ത്തിയ സ്വാതന്ത്ര്യത്തിന്‍റെ മഹനീയ ആശയങ്ങള്‍ എസ്എഫ്ഐ ഉയര്‍ത്തിപ്പിടിച്ചത്. വിദ്യാഭ്യാസത്തിന്‍റെ ഇടങ്ങളില്‍ പുരോഗമനാത്മകമായ കലയും സംസ്കാരവും നിലനിര്‍ത്തിപ്പോരുന്നതിനായി റവീന്‍ഷാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളും അവിടത്തെ ഫിലിം സൊസൈറ്റിയും നടത്തുന്ന പോരാട്ടത്തിനൊപ്പം എസ്എഫ്ഐ ശക്തമായി നിലകൊള്ളുന്നു. വിദ്യാര്‍ത്ഥിസമൂഹത്തിന്‍റെ ശബ്ദങ്ങളെ അടിച്ചമര്‍ത്താനും രാജ്യത്തെ സ്വതന്ത്രപൗരന്‍ എന്തു കാണണം എന്തു കാണരുത് എന്നതിന് നിയന്ത്രിക്കാനുമുള്ള ഭരണവാഴ്ചയുടെ ശ്രമങ്ങളെ ഞങ്ങള്‍ ശക്തമായി ചെറുക്കും. ♦