Sunday, June 4, 2023

ad

Homeരാജ്യങ്ങളിലൂടെബ്രിട്ടനില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്

ബ്രിട്ടനില്‍ ഡോക്ടര്‍മാരുടെ പണിമുടക്ക്

ആര്യ ജിനദേവന്‍

ബ്രിട്ടനില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങിയിരിക്കുന്നു. മാര്‍ച്ച് 13 തിങ്കളാഴ്ച പതിനായിരക്കണക്കിന് ജൂനിയര്‍ ഡോക്ടര്‍മാരാണ് 72 മണിക്കൂര്‍ നീണ്ട പണിമുടക്കിലേര്‍പ്പെട്ടത്. പലതവണ നടന്ന ചര്‍ച്ചകളില്‍ അവര്‍ക്ക് അനുകൂലമായ ഒരു നിലപാട് കൈക്കൊള്ളുവാന്‍ ഗവണ്‍മെന്‍റ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിലേക്ക് നീങ്ങിയിരിക്കുന്നത്. ശമ്പളം പൂര്‍ണമായി നല്‍കുക, 2008 മുതല്‍ അനുഭവിക്കുന്ന വരുമാനത്തിലെ നഷ്ടം നികത്തുന്നതിനായി 30% വരുമാനവര്‍ദ്ധനവ് നടപ്പാക്കുക, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന രീതിയില്‍ ദേശീയ ആരോഗ്യ സേവന രംഗത്ത് (ചഒട) കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുക തുടങ്ങിയവയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.

ഭീമമായ സാമ്പത്തിക പ്രതിസന്ധിയാണ് മുതലാളിത്ത ലോകത്തിലെ പ്രമാണികളില്‍ ഒന്നായ ബ്രിട്ടന്‍ ഇപ്പോള്‍ നേരിടുന്നത്. ഈ സാമ്പത്തിക പ്രതിസന്ധിയെ ആസൂത്രിതമായ പദ്ധതികളിലൂടെ നേരിടുന്നതിനു പകരം പ്രതിസന്ധിയുടെ ഭാരം ആകെ സാധാരണ ജനങ്ങള്‍ക്കുമേല്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും മേല്‍ ചുമത്തുന്ന നടപടിയാണ് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് സ്വീകരിച്ചുവരുന്നത്. സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ശമ്പളം വെട്ടി കുറയ്ക്കുക, തസ്തികകള്‍ വെട്ടി കുറയ്ക്കുക, വിലക്കയറ്റത്തിന് അനുസൃതമായ ശമ്പള വര്‍ദ്ധനവ് നല്‍കാതിരിക്കുക, പെന്‍ഷന്‍ വെട്ടി കുറയ്ക്കുക, തൊഴിലാളികളെ പിരിച്ചുവിടുക തുടങ്ങി ജനവിരുദ്ധമായ നടപടികളാണ് ടോറി ഗവണ്‍മെന്‍റ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടി സ്വീകരിച്ചുവരുന്നത്. ഈ നയത്തിനെതിരായ പ്രതിഷേധം ബ്രിട്ടനിലെ സര്‍വ്വ മേഖലകളിലും അലയടിച്ചുയരുകയാണ്. നഴ്സുമാര്‍ റെയില്‍വേ തൊഴിലാളികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അധ്യാപകര്‍ എന്നിങ്ങനെ നാനാ മേഖലകളിലുള്ള അധ്വാനിക്കുന്ന ജനങ്ങള്‍ സമരരംഗത്താണ്. ഇപ്പോഴിതാ ബ്രിട്ടനിലെ ജൂനിയര്‍ ഡോക്ടര്‍മാരും പണിമുടക്കിയിരിക്കുന്നു.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും (ബിഎംഎ) ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍സ് ആന്‍ഡ് സ്പെഷ്യലിസ്റ്റ് അസോസിയേഷനും ചേര്‍ന്നാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. ഹെല്‍ത്ത് സെക്രട്ടറി മുന്നോട്ടുവെച്ച ഓഫര്‍ സമരത്തിന്‍റെ സംഘാടകര്‍ പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. തല്‍ക്കാലം ഇടക്കാല ആശ്വാസം നല്‍കാമെന്നും എന്നാല്‍ അടുത്ത വര്‍ഷത്തെ ശമ്പള വര്‍ദ്ധനവ് അനിശ്ചിതത്വത്തില്‍ തന്നെ നില്‍ക്കുമെന്നും ഉള്ളതാണ് മുന്നോട്ടുവെച്ച ഓഫറിന്‍റെ സംക്ഷിപ്തം. സമാനമായ ഒരു ഓഫര്‍ ആണ് നഴ്സുമാരുടെയും ആരോഗ്യരംഗത്തെ തൊഴിലാളികളുടെയും കഴിഞ്ഞ് ആഴ്ച നടത്താനിരുന്ന പണിമുടക്ക് മാറ്റിവയ്ക്കുന്നതിന് ഇടയാക്കിയത് എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഈ ഓഫര്‍ സ്വീകരിക്കുവാന്‍ തയ്യാറായില്ല എന്ന് മാത്രമല്ല ദേശീയ ആരോഗ്യ സേവനരംഗം നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിന് നിര്‍ണായകമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയും ചെയ്തിരിക്കുന്നു.

ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ പറയുന്നത് അനുസരിച്ച് പുതുതായി യോഗ്യത നേടി എന്‍ എച്ച് എസില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് മണിക്കൂറിന് 14 പൗണ്ട്, അതായത് ഏകദേശം 17 ഡോളര്‍ മാത്രമാണ് നല്‍കുന്നത്. ഇത് അവരുടെ ജീവിതത്തെ കൂടുതല്‍ വിഷമകരമാക്കുന്നു. അത്ര മെച്ചപ്പെട്ട ജീവിതാവസ്ഥകളില്‍ ഉള്ളവരല്ലാത്ത, മെഡിക്കല്‍ പഠനത്തിന് വേണ്ടി ലോണുകള്‍ എടുത്ത് അതിന്‍റെ ഭാരം പേറുന്നവരാണ് ഈ ജൂനിയര്‍ ഡോക്ടര്‍മാരില്‍ അധികവും. അവര്‍ക്ക് ഈ തുച്ഛമായ ശമ്പളം കടം വീട്ടാന്‍ പോലും തികയുന്നില്ല. അതുകൊണ്ടുതന്നെ ഈ സമരം അവരുടെ നിലനില്‍പ്പിനു വേണ്ടിയുള്ളതാണ്.

ആദ്യത്തെ ദിവസത്തെ പണിമുടക്ക് കൊണ്ട് തന്നെ ആയിരക്കണക്കിന് ഓപ്പറേഷനുകളും കണ്‍സള്‍ട്ടേഷനുകളും മുടങ്ങി ആംബുലന്‍സുകളും മറ്റ് അടിയന്തര സേവനങ്ങളും ഇതോടൊപ്പം മുടങ്ങുകയുണ്ടായി. ഈ പണിമുടക്കിന്‍റെ ധാര്‍മികതയെ സംബന്ധിച്ച് ഹെല്‍ത്ത് സെക്രട്ടറി ബാര്‍ക്ലെ ചോദ്യം ഉന്നയിച്ചപ്പോള്‍ ആശുപത്രി മാനേജ്മെന്‍റ് അടക്കമുള്ള ഒട്ടുമിക്ക ആരോഗ്യ പ്രവര്‍ത്തകരും പണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുകയും ഉണ്ടായി. ജൂനിയര്‍ ഡോക്ടര്‍മാരുടെ ഈ പണിമുടക്ക് ആരോഗ്യരംഗത്ത് ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും തങ്ങള്‍ ഈ പണിമുടക്കിന് പിന്തുണ നല്‍കുന്നുവെന്ന് ഇവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. സാധാരണയായി ജൂനിയര്‍ ഡോക്ടര്‍മാര്‍ ചെയ്തുവരുന്ന പണികള്‍ കൂടി ചെയ്തുകൊണ്ട് സീനിയര്‍ ഡോക്ടര്‍മാരും പിന്തുണ പ്രഖ്യാപിച്ചു. എന്നാല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ടു വച്ചിട്ടുള്ള ഡിമാന്‍ഡുകള്‍ സാക്ഷാത്കരിക്കണമെങ്കില്‍ ഇരുനൂറ് കോടി പൗണ്ട് എങ്കിലും വേണ്ടിവരും എന്നും അത് താങ്ങാനാവാത്തത് ആണെന്നും ആണ് ഹെല്‍ത്ത് സെക്രട്ടറിയുടെ വാദം. അതേസമയം പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ട് ആയിരക്കണക്കിന് ആക്ടിവിസ്റ്റുകളും രോഗികളും ആരോഗ്യപ്രവര്‍ത്തകരും ലണ്ടന്‍ തെരുവുകളില്‍ ഇറങ്ങുകയുണ്ടായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ തൊഴില്‍ സാഹചര്യങ്ങള്‍, നേഴ്സുമാരായാലും ഡോക്ടര്‍മാരായാലും മറ്റു ജീവനക്കാരായാലും, അനുവദിക്കണമെന്നും ആരോഗ്യമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നത് നിര്‍ത്തലാക്കണമെന്നും എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും ഈ പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.

 


പെന്‍ഷന്‍പ്രായ വര്‍ദ്ധനവിനെതിരെ ഫ്രാന്‍സില്‍ ജനകീയ പ്രക്ഷോഭം

ഫ്രാന്‍സില്‍ ഒരാഴ്ച നീണ്ട പ്രക്ഷോഭം തുടരുകയാണ്. കടുത്ത നവലിബറല്‍ വക്താവും വലതുപക്ഷക്കാരനും ആയ പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ മുന്നോട്ടുവെച്ച പെന്‍ഷന്‍ പരിഷ്കരണ നിയമത്തിന്‍റെ കരടിന് മാര്‍ച്ച് 11 ശനിയാഴ്ച ഫ്രഞ്ച് സെനറ്റ് അംഗീകാരം നല്‍കി. മണിക്കൂറുകള്‍ക്കുള്ളില്‍ ഫ്രാന്‍സിന്‍റെ തെരുവുകളില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. തികച്ചും ജനവിരുദ്ധമായ ഈ പെന്‍ഷന്‍ പരിഷ്കരണത്തിന് ഫ്രഞ്ച് സെനറ്റ് അനുകൂലമായി വോട്ട് ചെയ്തു എന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 239 കേന്ദ്രങ്ങളിലായി ഇരുനൂറ് ലക്ഷം ജനങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

റിട്ടയര്‍മെന്‍റ് പ്രായം 62ല്‍ നിന്ന് 64 ആക്കാനുള്ള ഗവണ്‍മെന്‍റിന്‍റെ പദ്ധതിക്ക് ശനിയാഴ്ച രാത്രി 195 സെനറ്റര്‍മാരില്‍ 112 പേര്‍ ആണ് വോട്ട് ചെയ്തത്. എന്നാല്‍ ഫ്രാന്‍സിലെ സാധാരണ ജനങ്ങള്‍ ഇത് രാജ്യത്തെ ജനസാമാന്യത്തിന് നേരെയുള്ള യുദ്ധ പ്രഖ്യാപനമായാണ് കാണുന്നത്; ഇത് ജനസാമാന്യത്തെ കൊള്ളയടിക്കല്‍ അല്ലാതെ മറ്റൊന്നുമല്ല എന്ന് ഫ്രാന്‍സിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. വിവിധ വിഭാഗങ്ങളില്‍പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളും ജീവനക്കാരും സാധാരണക്കാരുമാണ് ഫ്രാന്‍സിന്‍റെ തെരുവുകളില്‍ ഒരാഴ്ചയായി നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തില്‍ അണിനിരക്കുന്നത്. ഫ്രഞ്ച് ജനതയില്‍ 63 ശതമാനം പേര്‍ ഈ പുതിയ പരിഷ്കാരത്തിനെതിരായി നടക്കുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുവെന്ന് ബി എഫ് എം ടി വി നടത്തിയ അഭിപ്രായ സര്‍വേയില്‍ പറയുന്നു. 74% സ്ത്രീകളടക്കം രാജ്യത്ത് ജനങ്ങളില്‍ മൂന്നില്‍ രണ്ട് ശതമാനവും ഈ നിയമനിര്‍മ്മാണത്തിന് എതിരാണ്

ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഫാബിയന്‍ റസല്‍ പറയുന്നത്, 64-ാം വയസ്സില്‍ പെന്‍ഷന്‍ പറ്റുക എന്ന തീരുമാനം ഗവണ്‍മെന്‍റ് ഉപേക്ഷിക്കുന്നത് വരെ ഞങ്ങള്‍ പോരാട്ടം തുടരുമെന്നാണ്; സെനറ്റില്‍ ഗവണ്‍മെന്‍റിന്‍റെ ഈ ജനവിരുദ്ധ നടപടിക്കെതിരായി പോരാടിയ സെനറ്റ് അംഗങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. വിവാദപരമായ ജനസാമാന്യത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ രാജ്യത്തെ പൗരരുടെ അഭിപ്രായം കണക്കിലെടുക്കണമെന്ന് മക്രോണിനോട് ആവശ്യപ്പെട്ടുകൊണ്ട് യൂണിയനുകള്‍ ശനിയാഴ്ചതന്നെ സംയുക്ത പ്രസ്താവന ഇറക്കുകയുണ്ടായി. സിജിടി (ഇഏഠ) ജനറല്‍ സെക്രട്ടറി ഫിലിപ്പ് മാര്‍ട്ടിനെസ് പറയുന്നു, ‘ഇത് നടപ്പാക്കണം എന്ന് ഇമ്മാനുവല്‍ മക്രോണിന് അത്ര നിര്‍ബന്ധമാണെങ്കില്‍ അദ്ദേഹം ഫ്രഞ്ച് ജനതയെ കാണണം’.

പ്രതിഷേധവുമായി തെവുവിലിറങ്ങിയ ജനങ്ങളെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ നിഷ്ഠൂരമായ ആക്രമണം അഴിച്ചുവിടുകയുമാണ് സര്‍ക്കാരും പൊലീസും ചെയ്യുന്നത്. എന്നാല്‍ എത്ര തന്നെ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നാലും ഗവണ്‍മെന്‍റ് ഈ തീരുമാനം പിന്‍വലിക്കാതെ തങ്ങള്‍ സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ല എന്ന് ഫ്രഞ്ച് ജനത ഒന്നടങ്കം പറയുന്നു. കിഴക്കന്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗ് നഗരത്തില്‍ പ്രതിഷേധത്തില്‍ അണിനിരക്കുന്ന, വിരമിച്ച ട്രെയിന്‍ ഡ്രൈവറായ ക്ലൗഡ് ജീന്‍ വോയിന്‍ പറയുന്നു, ‘ഞാനീ പോരാട്ടത്തിന് ഇവിടെ എത്തിയിരിക്കുന്നത് എന്‍റെ സഹപ്രവര്‍ത്തകര്‍ക്കും രാജ്യത്തെ യുവതലമുറയ്ക്കും വേണ്ടിയാണ്’.

തെരുവില്‍ അണിനിരക്കുന്ന ജനങ്ങളുടെ എണ്ണവും പ്രതിഷേധ പ്രകടനങ്ങളുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. തീവണ്ടി ഡ്രൈവര്‍മാര്‍ സ്കൂള്‍ അധ്യാപകര്‍ പണ്ടകശാല തൊഴിലാളികള്‍ എന്നിങ്ങനെ നാനാ മേഖലയില്‍ പണിയെടുക്കുന്ന ജനസാമാന്യമാകെ പണിമുടക്കി പ്രതിഷേധത്തില്‍ അണിനിരക്കുകയാണ്. ഫ്രാന്‍സിന്‍റെ സര്‍വ്വ മേഖലകളുടെയും പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുന്നു ബുധനാഴ്ച പാരിസിലെ ഒര്‍ലി വിമാനത്താവളത്തില്‍ നിന്നുള്ള 20 വിമാനങ്ങള്‍ ആണ് റദ്ദു ചെയ്തത്. തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധക്കുന്നതുകൊണ്ടും നഗരങ്ങളാകെ ജനസഞ്ചയം കൊണ്ട് നിറയുന്നതുകൊണ്ടും ഫ്രാന്‍സിന്‍റെ തെരുവുകളില്‍ കുന്നു കൂടിയിരിക്കുന്ന മാലിന്യ കൂമ്പാരം ആണ് മറ്റൊന്ന്.

ഞങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ പരിത്യാഗമോ പിന്നോട്ട് പോക്കോ ഉണ്ടാവുകയില്ല എന്തുതന്നെ ഉണ്ടായാലും ഞങ്ങള്‍ ഈ പരിഷ്കാരം അംഗീകരിക്കുകയില്ലായെന്ന് ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബറിന്‍റെ (ഇഏഠ) ജനറല്‍ സെക്രട്ടറി ഫിലിപ്പ് മാര്‍ട്ടിനസ് പറയുന്നു. സമരം അനിശ്ചിതമായി നീണ്ടു പോകുകയും രാജ്യത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ആകെ സ്തംഭിക്കുകയും ചെയ്തിട്ടും ഗവണ്‍മെന്‍റ് പെന്‍ഷന്‍ പരിഷ്കരണത്തില്‍ നിന്നും പിന്നോട്ട് പോകുവാന്‍ തയ്യാറായിട്ടില്ല തെരുവുകളില്‍ പ്രതിഷേധം ആളിപടരുമ്പോള്‍ പോലും അതിനെ എങ്ങനെ അടിച്ചമര്‍ത്താം എന്നല്ലാതെ ജനപക്ഷമായ സമീപനം സ്വീകരിക്കുവാന്‍ മക്രോണ്‍ ഗവണ്‍മെന്‍റ് തയ്യാറാകുന്നില്ല എന്നതും ജനരോഷം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും.

 


പുരുഷാധിപത്യത്തിനെതിരെ ലാറ്റിനമേരിക്കയിലും കരീബിയയിലും സ്ത്രീകളുടെ പ്രതിഷേധം

മാര്‍ച്ച് 8 സാര്‍വദേശീയ വനിതാ ദിനത്തില്‍ ലാറ്റിനമേരിക്കന്‍ കരീബിയന്‍ പ്രദേശങ്ങളിലൂടനീളം തെരുവുകളില്‍ ദശലക്ഷക്കണക്കിന് സ്ത്രീകളാണ് അണിനിരന്നത്. പുരുഷാധിപത്യത്തിനെതിരെയും തുല്യാവകാശങ്ങള്‍ക്കുവേണ്ടിയും വമ്പിച്ച പ്രകടനങ്ങളാണ് അര്‍ജന്‍റീന മുതല്‍ മെക്സിക്കോ വരെയുള്ള രാജ്യങ്ങളിലെ സ്ത്രീകളും മറ്റ് ജനങ്ങളും ചേര്‍ന്നു നടത്തിയത്. ലിംഗപരമായ അസമത്വത്തിനും അക്രമത്തിനും ചൂഷണത്തിനും പെണ്‍ഹത്യയ്ക്കും എതിരായും ദാരിദ്ര്യവും പട്ടിണിയും രൂക്ഷമാക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരായും സ്ത്രീകള്‍ വലിയ രീതിയിലുള്ള പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ത്തി.

അര്‍ജന്‍റീനയില്‍, ഏഴുവര്‍ഷമായി സ്ഥിരമായി വനിതാദിനത്തില്‍ നടത്താറുള്ള ദേശീയ പണിമുടക്കില്‍ സ്ത്രീകളും മറ്റു ജെന്‍ഡര്‍ വിഭാഗങ്ങളും അടക്കമുള്ള ആളുകള്‍ പങ്കെടുക്കുകയും ലിംഗപരമായ വിവേചനത്തിനും സ്ത്രീകള്‍ക്ക് എതിരായ അക്രമത്തിനും എല്‍ ജി ബി ടി ക്യുഐ സമൂഹത്തിലെ അംഗങ്ങള്‍ക്കും എതിരായി നടക്കുന്ന ആക്രമണങ്ങള്‍ക്കും എതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് പ്രതിഷേധിക്കുകയും ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അര്‍ജന്‍റീനയില്‍ ഓരോ 29 മണിക്കൂറിലും ഒരു സ്ത്രീ അഥവാ ഒരു ജെന്‍ഡര്‍ വൈവിധ്യ വ്യക്തി കൊല്ലപ്പെടുന്നുണ്ട്. അര്‍ജന്‍റീനയിലെ ഒരു സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ജനുവരി ഒന്നിനും ഫെബ്രുവരി 28നും ഇടയ്ക്ക് സ്ത്രീയായി എന്ന പേരില്‍ 56 സ്ത്രീകളാണ് അര്‍ജന്‍റീനയില്‍ കൊലചെയ്യപ്പെട്ടത് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും നീ ഉന മേനോസ് പോലെയുള്ള സ്ത്രീകളുടെ അവകാശ കൂട്ടായ്മകളും ഈ പ്രതിഷേധ സമരത്തില്‍ രാജ്യത്തിന് ഐ എം എഫില്‍ നിന്നുള്ള കടക്കെണി ക്കെതിരായും ശബ്ദമുയര്‍ത്തി രാജ്യത്തിന്‍റെ ചരിത്രപരമായ സാമ്പത്തിക കടം യഥാര്‍ത്ഥത്തില്‍ ഐ എം എഫിനോടല്ല സ്ത്രീകളോടും ലിംഗപരമായ വൈവിധ്യം ഉള്ള ജനങ്ങളോടും ആണ് എന്ന് അവര്‍ ആവര്‍ത്തിച്ചൂന്നിപറഞ്ഞു. രാജ്യത്തെ വിവേചനാധിഷ്ഠിതമായ നീതിനിര്‍വഹണ സംവിധാനത്തിനെതിരെയും അര്‍ജന്‍റീനയിലെ സുഷിത സമൂഹം ശബ്ദമുയര്‍ത്തി സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എതിരായി അര്‍ജന്‍റീനയുടെ നിയമ സംവിധാനം അത്യന്തം പുരുഷാധിപത്യവും ലിംഗപരമായ അക്രമങ്ങളില്‍ ഇരകള്‍ക്ക് നീതി നിഷേധിക്കുന്നതും ആണെന്ന് അവര്‍ അഭിപ്രായപ്പെട്ടു അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ നാഷണല്‍ കോണ്‍ഗ്രസിലേക്ക് പ്രകടനം നടത്തിയ പതിനായിരക്കണക്കിന് സ്ത്രീകള്‍ ഉയര്‍ത്തിയ മുദ്രാവാക്യം ‘സ്വതന്ത്രമായും കടവിമുക്തമായും ഞങ്ങള്‍ക്ക് അതിജീവിക്കണം എന്നതും ഈ നിയമ സംവിധാനങ്ങള്‍ ജനാധിപത്യ അവകാശങ്ങള്‍ സാധ്യമാകില്ല’ എന്നതുമായിരുന്നു. കോര്‍ഡോബ, എന്‍ട്രി റയസ്, ജൂജയ്, സാന്‍റിയാഗോ തുടങ്ങിയ വിവിധ പ്രവിശ്യകളില്‍ സമാധാനപരവും നിറഭേദകവുമായ പ്രതിഷേധ പ്രകടനങ്ങള്‍ മാര്‍ച്ച് എട്ടിന് അലയടിച്ചു.

ബ്രസീലില്‍ പുരുഷാധിപത്യ ചൂഷണത്തിനും അക്രമത്തിനും ലിംഗപരമായ അസമത്വത്തിനും ഉയര്‍ന്ന നിരക്കില്‍ ഉള്ള പെണ്‍ഹത്യകള്‍ക്കും എതിരായി രാജ്യത്തെ പ്രധാന നഗരങ്ങളിലുടനീളം പതിനായിരക്കണക്കിന് സ്ത്രീകളാണ് അണിനിരന്നത്. അടുത്തകാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 1410 സ്ത്രീകളാണ് ലിംഗപരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഓരോ ആറുമണിക്കൂറിലും ബ്രസീലില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ബ്രസീലിന്‍റെ തലസ്ഥാനമായ ബ്രസീലിയയില്‍ ലിംഗപരമായ അക്രമത്തിനെതിരായി സമഗ്രമായ നയങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് വനിതാ അവകാശ സംഘടനകള്‍ ജില്ലാ ഗവണ്‍മെന്‍റ് ഓഫീസുകളിലേക്ക് മാര്‍ച്ച് ചെയ്തു റിയോ ഡി ജനീറോയില്‍ തുല്യ അവകാശങ്ങളും പ്രത്യുല്‍പാദന അവകാശങ്ങളും ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകളുടെ വമ്പിച്ച പ്രകടനമാണ് നടന്നത്. ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്‍റെ കണക്ക് പ്രകാരം ബ്രസീലിലെ സ്ത്രീ തൊഴിലാളികള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത ഉയര്‍ന്നതാണെങ്കില്‍ പോലും പുരുഷന്മാരെക്കാള്‍ 23 ശതമാനം കുറഞ്ഞ കൂലിയാണ് ലഭിക്കുന്നത്. സ്ത്രീയുടെ ജീവന്‍ സംരക്ഷിക്കപ്പെടേണ്ട കേസിലോ പീഡന കേസിലോ അല്ലാതെ ബ്രസീലിയന്‍ ഭരണകൂടം അബോര്‍ഷന്‍ അനുവദിക്കുന്നതുമില്ല. റിയോ (ഞശീ) നിവാസികള്‍ 2018 മാര്‍ച്ച് 14 ന് കൊല്ലപ്പെട്ട അഫ്രോ വംശജയായ ആക്ടിവിസ്റ്റും കൗണ്‍സില്‍ അംഗവുമായ മരിയേലെ ഫ്രാങ്കോയ്ക്ക് പ്രതിഷേധത്തില്‍ ആദരം അര്‍പ്പിക്കുകയും ചെയ്തു. ലെസ്ബിയനായ മരിയേലെ ഫ്രാങ്കോ തന്‍റെ ജീവിതത്തിലുടനീളം കറുത്ത വംശജരുടെയും സ്ത്രീകളുടെയും ലിംഗപരമായ വൈവിധ്യങ്ങളുടെയും ദരിദ്രരുടെയും അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകയാണ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുക, മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുക, ആമസോണ്‍ വനാന്തരങ്ങള്‍ സംരക്ഷിക്കുക, ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പാക്കുക തുടങ്ങി ജനസമാന്യത്തെയാകെ ബാധിക്കുന്ന അനേകം വിഷയങ്ങളാണ് സ്ത്രീകള്‍ പ്രതിഷേധകൂട്ടായ്മകളില്‍ ഉയര്‍ത്തിയത്. പോര്‍ട്ടോ അലഗ്രെ, തേറെസിന, സാവോ ലൂയിസ് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാംതന്നെ വമ്പിച്ച പ്രകടനങ്ങളാണ് നടന്നത്.

ഇക്കഡോറില്‍, വര്‍ധിച്ചുവരുന്ന ലിംഗപരമായ അക്രമങ്ങള്‍ക്കും പെണ്‍ഹത്യകള്‍ക്കും എതിരായി ശക്തമായ പ്രതിഷേധമാണ് തലസ്ഥാനമായ ക്വിറ്റോയില്‍ ആര്‍ത്തലച്ച് പെയ്യുന്ന മഴയെ തോല്‍പ്പിച്ചുകൊണ്ട് പ്ലാസ ഇന്‍ഡോഅമേരിക്കയില്‍ സംഘടിച്ചുകൊണ്ട് എല്‍ അര്‍ബോലിറ്റയിലേക്ക് പ്രകടനം നടത്തിയ സ്ത്രീകള്‍ ആവശ്യപ്പെട്ടത്. ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുന്നതാണ് ഭര്‍ത്താവ് കൊല്ലപ്പെടുത്തിയ മെരിയ ബലന്‍ ബര്‍ണലിന്‍റെ അമ്മയായ എലിസബത്ത ഒട്ടാവലോയും പ്രകടനത്തില്‍ പങ്കെടുത്തിരുന്നു. തന്‍റെ മകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ലാസോ ഗവില്ലെര്‍മോയുടെ ഗവണ്‍മെന്‍റ് പെണ്‍ഹത്യക്കിരയായ സ്ത്രീകളുടെ അനാഥരായ മക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ലാറ്റിനമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ആള്‍ട്ടര്‍നേറ്റീവ് ഡെവലപ്മെന്‍റിന്‍റെ ഡാറ്റാപ്രകാരം 2022 ല്‍ 332 പെണ്‍ഹത്യകളാണ് ഇക്കഡോറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2014 ന് ശേഷം സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നേരിട്ട വര്‍ഷമായിരുന്നു കഴിഞ്ഞത്. തദ്ദേശീയരായ സ്ത്രീകളുടെ പ്രതിനിധികളും അതുപോലെതന്നെ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍റീജീനിയസ് നാഷണാലിറ്റീസ് ഓഫ് ഇക്കഡോറും (ഇഛചഅകഋ) നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍സും (എഋചഛഇകച) പ്രക്ഷോഭത്തില്‍ അണിനിരന്ന്.

മെക്സിക്കോയില്‍ പുരുഷാധിപത്യത്തിനും ലിംഗപരമായ സമത്വത്തിനും അക്രമത്തിനുമെതിരായി പതിനായിരക്കണക്കിന് സ്ത്രീകള്‍ മെക്സിക്കോയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടത്തുകയും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2022 ജനുവരിക്കും ഡിസംബറിനും ഇടയില്‍ മെക്സികോയില്‍ മൊത്തം 968 സ്ത്രീകളാണ് അവര്‍ പെണ്ണുങ്ങളാണ് എന്നതിന്‍റെ പേരില്‍ കൊലചെയ്യപ്പെട്ടത്. ഈ രീതിയിലുള്ള നിഷ്ഠൂരമായ പെണ്‍ഹത്യയ്ക്കും പീഡനങ്ങള്‍ക്കും അപമാനത്തിനും അതോടൊപ്പം സ്ത്രീകളെ കാണാതാകുന്നതിനും നീതി നിഷേധത്തിനും എതിരായി വലിയ രീതിയിലുള്ള പ്രകടനവും ജനകീയ പ്രക്ഷോഭവും ആണ് മെക്സിക്കോയില്‍ നടന്നത്.
കൂടാതെ, ചിലി, കൊളംബിയ, എല്‍ സാല്‍വദോര്‍, പെറു, ഉറുഗ്വേ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലും അരികുവത്കരണത്തിനും വിവേചനത്തിനും പുരുഷാധിപത്യത്തിനും എതിരായി സമത്വപൂര്‍ണമായ ജീവിതത്തിനുവേണ്ടി സ്ത്രീകള്‍ തെരുവുകളിലിറങ്ങി. ഈ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അര്‍ജന്‍റീന, ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ ഇടതുപക്ഷമാണ് നിലവില്‍ അധികാരത്തിലുള്ളതെങ്കിലും വലതുപക്ഷ സ്വാധീനം ഇവിടങ്ങളില്‍ ശക്തമായുണ്ട്. അതുപോലെതന്നെ ഭരണഘടനയും നീതിന്യായ സംവിധാനവുമൊക്കെത്തന്നെ മുതലാളിത്ത ആശയങ്ങള്‍ക്കധിഷ്ഠിതമായി രൂപപ്പെടുത്തിയിട്ടുള്ളതാണ്. സമൂഹത്തിലും വലതുപക്ഷ ആശയങ്ങളുടെ സ്വാധീനം ഉണ്ട്. എന്നാല്‍ സമൂലമായ ഒരു മാറ്റം വരുത്താനുള്ള രാഷ്ട്രീയ സാഹചര്യമല്ല ഉള്ളത്. സമൂഹത്തെ അതിന് തയ്യാറാക്കിക്കൊണ്ട് ക്രമേണ അത് സാധ്യമാകേണ്ടതുണ്ട്. പുരുഷാധിപത്യത്തിനും ചൂഷണ വ്യവസ്ഥിതിക്കുമെതിരായി വനിതാ ദിനത്തില്‍ സ്ത്രീകള്‍ നടത്തിയ ഈ പ്രതിഷേധ പ്രകടനങ്ങളൊക്കെത്തന്നെയും അതിനുള്ള പ്രചോദനമാകുമെന്നുറപ്പാണ്.

 

ബള്‍ഗേറിയയില്‍ ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധം

ബള്‍ഗേറിയയുടെ തലസ്ഥാനമായ സോഫിയ നഗരത്തില്‍ സ്ഥിതിചെയ്യുന്ന സോവിയറ്റ് സൈന്യത്തിന്‍റെ സ്മാരകം സോഷ്യലിസ്റ്റ് ആര്‍ട്ട് മ്യൂസിയത്തിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള സിറ്റി കൗണ്‍സിലിന്‍റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ സംഘടനകളും ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പുകളും പ്രതിഷേധപ്രകടനം നടത്തി. മാര്‍ച്ച് 9 വ്യാഴാഴ്ച ബള്‍ഗേറിയന്‍ ഫാസിസ്റ്റ് വിരുദ്ധ യൂണിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും അതിന്‍റെ യുവജന യൂണിയനുമായി ചേര്‍ന്ന് സ്മാരകം സംരക്ഷിക്കുന്നതിനായി മനുഷ്യന്‍ സൃഷ്ടിക്കുകയുണ്ടായി. സിറ്റിസണ്‍സ് ഫോര്‍ യൂറോപ്പ്യന്‍ ഡെവലപ്മെന്‍റ് ഓഫ് ബള്‍ഗേറിയ (ഏഋഞആ) എന്ന കടുത്ത യാഥാസ്ഥിതിക സംഘടനയാണ് സോഫിയയുടെ സിറ്റി കൗണ്‍സില്‍ ഭരിക്കുന്നത്. മാര്‍ച്ച് ഒമ്പതിന് സോവിയറ്റ് സൈന്യത്തിന്‍റെ സ്മാരകം സോഷ്യലിസ്റ്റ് മ്യൂസിയത്തിലേക്ക് മാറ്റി സ്ഥാപിക്കുവാനുള്ള തീരുമാനത്തിനും അനുകൂലമായി വോട്ടെടുപ്പ് നടന്ന മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിഷേധവുമായി ഇടതുപക്ഷ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മകള്‍ രംഗത്തിറങ്ങി. കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ ബള്‍ഗേറിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കൗണ്‍സിലര്‍മാര്‍ എതിരായി വോട്ട് ചെയ്തുവെങ്കിലും അവര്‍ എണ്ണത്തില്‍ ചുരുക്കമാണ്. ഈ സ്മാരകം സംരക്ഷിക്കുന്നത് അനവധി ദേശീയ അന്താരാഷ്ട്ര കരാറുകളുടെ പുറത്താണ് എന്നതുകൊണ്ടുതന്നെ കൗണ്‍സിലിന്‍റെ തീരുമാനത്തിനെതിരായി ഒട്ടേറെ ഗ്രൂപ്പുകള്‍ കോടതിയില്‍ പോകുവാന്‍ തീരുമാനിച്ചിരിക്കുന്നു. അതേസമയം പ്രധാനമന്ത്രിയുടെ താല്‍ക്കാലിക ചുമതലയുള്ള ഗലാബ് ദൊണേവ് ഈ വിഷയം ഏപ്രില്‍ രണ്ടിന് നടത്താനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനു ശേഷം മാത്രം കണക്കിലെടുക്കാമെന്നാണ് പ്രതികരിച്ചത്.

അടുപ്പിച്ച് അടുപ്പിച്ചുള്ള തിരഞ്ഞെടുപ്പുകളും 2021 ഏപ്രിലിന് ശേഷമിങ്ങോട്ട് അസ്ഥിരമായി നില്‍ക്കുന്ന ഗവണ്‍മെന്‍റ് ബള്‍ഗേറിയയില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉക്രൈനില്‍ നടക്കുന്ന റഷ്യന്‍ നാറ്റോ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ രീതിയിലുള്ള റസ്സോഫോബിയ (റഷ്യാപ്പേടി) സൃഷ്ടിച്ചുകൊണ്ട് ജനവികാരം ഏകോപിപ്പിക്കുന്നതിനുള്ള ശ്രമമാണ് വലതുപക്ഷം നടത്തുന്നത് എന്നും പറയപ്പെടുന്നു. യൂറോപ്പിലൂടനീളം പ്രത്യേകിച്ചും കിഴക്കന്‍ യൂറോപ്പില്‍ ഉക്രൈനിലെ റഷ്യ-നാറ്റോ യുദ്ധം വലിയ രീതിയിലുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധതയും റസ്സോഫോബിയയും സൃഷ്ടിച്ചിരിക്കുന്നു അഥവാ വലതുപക്ഷം ബോധപൂര്‍വ്വം അതിലേക്ക് നയിച്ചിരിക്കുന്നു. 2019 ല്‍ യൂറോപ്പ്യന്‍ പാര്‍ലമെന്‍റ് ഇത്തരത്തില്‍ കമ്മ്യൂണിസത്തിന്‍റേതായ ഓര്‍മ്മകള്‍ നില്‍ക്കുന്ന എല്ലാത്തിനെയും നീക്കം ചെയ്യുവാന്‍ വിവാദപരമായ ഒരു പ്രമേയം പാസാക്കുകയുണ്ടായി. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് കാല്‍നൂറ്റാണ്ട് കഴിയുമ്പോഴും വലതുപക്ഷ ശക്തികള്‍ സോഷ്യലിസത്തിന്‍റേതായ എല്ലാ അടയാളങ്ങളെയും ഭയപ്പെടുന്നുവെന്നും അത് അവരെ അസ്വസ്ഥരാക്കുന്നു എന്നുമുള്ള യാഥാര്‍ത്ഥ്യം ചൂഷണാധിഷ്ഠിത വ്യവസ്ഥയായ മുതലാളിത്തത്തിന് സോവിയറ്റ് യൂണിയന്‍ ഉയര്‍ത്തിയ ചെറുത്തുനില്‍പ്പിനെയാണ് അടയാളപ്പെടുത്തുന്നത്.

സോഫിയ മുന്‍സിപ്പല്‍ കൗണ്‍സിലിനെ സോഷ്യലിസ്റ്റ് നേതാവും ബിഎസ്പിയുടെ സോഫിയ ഘടകത്തിന്‍റെ നായകനുമായ ഇവാന്‍ ടക്കോവ് പ്രതികരിച്ചത് ഇങ്ങനെയാണ്: ‘സോവിയറ്റ് സൈന്യത്തിന്‍റെ സ്മാരകം തകര്‍ക്കുവാനോ ഏതെങ്കിലും വിധത്തില്‍ നീക്കം ചെയ്യുവാനോ ഞങ്ങള്‍ അനുവദിക്കില്ല. ഈ സ്മാരകം രാജ്യത്തിന്‍റെ സ്വത്താണെന്നിരിക്കെ, സോഫിയ സിറ്റി കൗണ്‍സിലിന്‍റെ തീരുമാനത്തിന് യാതൊരു നിയമപരിരക്ഷയും ഇല്ല’. ബാഹ്യ ഇടപെടലിന്‍റെ പുറത്ത് സ്മാരകങ്ങളെയും ചരിത്രത്തെയും നശിപ്പിക്കുക വഴി റഷ്യന്‍ ജനതയുമായുള്ള ബന്ധം തന്നെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്നതുവഴി നമ്മള്‍ സ്വയം കുരുക്കില്‍ അകപ്പെടുകയാണ് ; ഒട്ടോമന്‍ വാഴ്ചയില്‍നിന്നും നമ്മെ മോചിപ്പിക്കുകയും രണ്ടാം ലോക യുദ്ധകാലത്ത് ബള്‍ഗേറിയയെ മാത്രമ,ല്ല യൂറോപ്പിനെയാകെ നാസിസത്തില്‍ നിന്നും ഫാസിസത്തില്‍നിന്നും രക്ഷപ്പെടുത്തുകയും ചെയ്ത റഷ്യന്‍ ജനതയും ആയിട്ടുള്ള ബന്ധം ഇല്ലാതാക്കുന്നു എന്നത് ദുഃഖകരമാണ് എന്നുമാണ് ബിഎസ്പിയുടെ പ്രവര്‍ത്തകനായ ബോയ്ക്ലോ ക്ലെച്ചൊവ് പറയുന്നത്. ചരിത്രത്തെ തിരുത്തി എഴുതുകയും ചരിത്രപരമായ അടയാളങ്ങളെയാകെ ഇല്ലാതാക്കുകയും ചെയ്യുന്നത് തീവ്ര വലതുപക്ഷത്തിന്‍റെ സാര്‍വലൗകികമായ സ്വഭാവമാണ്. ഇന്ത്യയില്‍ മോഡി സര്‍ക്കാര്‍ ചെയ്യുന്നതും ഇതുതന്നെയാണ്. ബാബറി മസ്ജിദ് പൊളിക്കുകയും ചരിത്രനായകരുടെ പേരുകളെ അടയാളപ്പെടുത്തുന്ന എല്ലാംതന്നെ ഇല്ലാതാക്കുകയും അവയൊക്കെ മാറ്റി എഴുതുകയും ചെയ്യുന്ന നയം ചരിത്രത്തോട് ചെയ്യുന്ന നീതികേടാണ്. അത് ഫാസിസ്റ്റ് പ്രവണതയുടെ കടന്നുകയറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. ♦

 

 

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × one =

Most Popular