അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തിട്ട് രണ്ടുവര്‍ഷം തികഞ്ഞിട്ടില്ല. അതിനകംതന്നെ അഫ്ഗാനിലെ സാമൂഹിക രാഷ്ട്രീയ സ്ഥിതിയും ജനജീവിതവും ദുരിതമയമായിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ അഫ്ഗാനില്‍ 700,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണ് അഫ്ഗാനിസ്ഥാനിലെ യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ റിച്ചാര്‍ഡ് ബെന്നറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നില്‍ രണ്ട് കുടുംബങ്ങള്‍ ഭക്ഷണവും മറ്റു അടിസ്ഥാനാവശ്യങ്ങളും ലഭിക്കുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തൊഴില്‍ നഷ്ടപ്പെടുന്നത് വ്യാപകമാകുന്നു. ബിസിനസ്സുകള്‍ പലതും അടച്ചുപൂട്ടപ്പെടുന്നതും അഫ്ഗാനിസ്ഥാനിലെ സമ്പദ്ഘടനയില്‍ പ്രവേശിക്കാന്‍ വിദേശനിക്ഷേപകര്‍ മടിക്കുന്നതുമെല്ലാം ആ രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ പ്രതിലോമകരമായി ബാധിക്കുന്നു. രാജ്യത്തെ ഗുരുതരമായ സാമ്പത്തികതകര്‍ച്ച കഴിഞ്ഞവര്‍ഷം ഏതാണ്ട് 35 ശതമാനത്തോളമാണത്- വീണ്ടും അവിടത്തെ മനുഷ്യരുടെ ജീവിതത്തെ കൂടുതല്‍ ദുരിതമയമാക്കിയിരിക്കുന്നു. 18.9 ദശലക്ഷം ജനങ്ങള്‍ തീവ്രമായ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണ്; ഇത് ഇനിയും വര്‍ദ്ധിച്ച് 20 ദശലക്ഷമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ അഫ്ഗാനിലെ 90 ശതമാനത്തിലധികം ജനങ്ങളും ഏതെങ്കിലും രൂപത്തിലുള്ള ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുന്നുവെന്ന് 20 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
വടക്കന്‍ അഫ്ഗാനിസ്ഥാനിലെ സാറിപോള്‍ പ്രവിശ്യയിലെ ജനങ്ങളെ ബലം പ്രയോഗിച്ച് കുടിയിറക്കുകയും എട്ട് ഗ്രാമങ്ങളിലായി മൂവായിരം ഏക്കര്‍ ഭൂമി താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതിനെതിരെ 2022 ഡിസംബര്‍ 19ന് വലിയൊരു വിഭാഗം ആളുകള്‍ പ്രകടനം നടത്തി. ഇവിടെ മാത്രമല്ല, പര്‍വാന്‍, ജോസ്ജാന്‍, ബദാക്ഷാന്‍, ഗസ്നി, മയ്ദാന്‍ വര്‍ദാക്ക്, ദയ്കുണ്ഡി തുടങ്ങി വിവിധ അഫ്ഗാന്‍ പ്രവിശ്യകളില്‍ ഇത്തരത്തില്‍ താലിബാന്‍റെ നേതൃത്വത്തില്‍ വലിയരീതിയിലുള്ള കുടിയിറക്കലുകളാണ് നടക്കുന്നത്. ഖുച്ചിയെയും മറ്റു ഗ്രൂപ്പുകളെയുമാണ് ഇങ്ങനെ ഭൂമി പിടിച്ചെടുക്കുന്നതിനായി താലിബാന്‍ നിയോഗിച്ചിട്ടുള്ളത്. റിച്ചാര്‍ഡ് ബെന്നറ്റ് തന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത് 2021 സ്തെംബറിനു ശേഷം ദയ്കുണ്ഡി പ്രവിശ്യയിലെ ഗ്രാമങ്ങളില്‍നിന്നും 1000ത്തിലേറെ കുടുംബങ്ങള്‍ തങ്ങളുടെ ഭൂമിയില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും, 2021 സെപ്തംബറില്‍ മാത്രം ദയ്കുണ്ഡി, ഉറൂസ്ഗാന്‍ പ്രവിശ്യകളിലുള്ള 15 ഗ്രാമങ്ങളില്‍നിന്നും 2800 പേരെയെങ്കിലും ഒഴിപ്പിച്ചുവെന്നുമാണ്.
സ്കൂളുകളും ആരാധനാലയങ്ങളും മറ്റ് പൊതുഇടങ്ങളുമെല്ലാം താലിബാന്‍ നിയന്ത്രണത്തിന് കീഴിലായിരിക്കുന്നു; ഏതു നിമിഷവും ആക്രമണ ഭീഷണി നിലനില്‍ക്കുന്ന അവസ്ഥ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളും ഏറിവരികയാണ്. ഇപ്പറയുന്ന സാമ്പത്തികവും മാനുഷികവുമായ ജീവിത പ്രതിസന്ധികള്‍ക്കു പുറമെ നിര്‍ബന്ധിത ശൈശവവിവാഹം തുടങ്ങി ഒട്ടേറെ ലിംഗപരമായ നീതിനിഷേധങ്ങള്‍ അഫ്ഗാനിലെ സ്ത്രീകള്‍ നേരിടുന്നുണ്ട്. അതുപോലെതന്നെ അഫ്ഗാന്‍ ദേശീയ ഡിഫന്‍സിലും സുരക്ഷാസേനയിലും മുമ്പ് പ്രവര്‍ത്തിച്ചിരുന്നതുവരെ താലിബാന്‍റെ നേതൃത്വത്തില്‍ ലക്ഷ്യംവെച്ച് കൊല്ലുന്നതും വ്യാപകമായിരിക്കുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു.
മതമൗലികവാദികളുടെ ഭരണം, അത് ഏത് മതവിഭാഗത്തിന്‍റേതായാലും, ആത്യന്തികമായും മതവിശ്വാസികള്‍ അടക്കമുള്ള ജനങ്ങളുടെ ജീവിതത്തില്‍ എന്തെന്തെല്ലാം ദുരന്തങ്ങളാണ് കൊണ്ടുവരിക എന്നതിന്‍റെ ദൃഷ്ടാന്തമാണ് അഫ്ഗാന്‍ അനുഭവം.
ബ്രിട്ടനില്‍ അധ്യാപക പണിമുടക്ക്
ബ്രിട്ടനില്‍ വലിയതോതിലുള്ള പണിമുടക്കുകളും തൊഴിലാളി പ്രക്ഷോഭങ്ങളും നടന്നുവരികയാണ്. കാലമാണിത്. തീവ്രവലതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന ബ്രിട്ടനില്‍ സാധാരണ ജനങ്ങളും തൊഴിലാളി കര്‍ഷകാദി ജനസാമാന്യവും നേരിടുന്ന ചൂഷണവും ജീവല്‍പ്രശ്നങ്ങളും വാക്കുകള്‍ക്കതീതാണ്. അത്രയ്ക്ക് തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങളാണ് ടോറി ഗവണ്‍മെന്‍റ് അവിടെ നടപ്പിലാക്കുക്കുന്നത്. ഈ നയങ്ങള്‍ക്കെതിരെ നഴ്സുമാര്‍, റെയില്‍വേ ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ വിപുലവും വമ്പിച്ച ജനപിന്തുണയോടെയുള്ളതുമായ പണിമുടക്കുകള്‍ നടന്നുവരികയാണ്.
ഇപ്പോഴിതാ ബ്രിട്ടനിലെ അധ്യാപകരും സമരരംഗത്തിറങ്ങിയിരിക്കുന്നു. 2023 മാര്‍ച്ച് രണ്ടിന് നാഷണല്‍ എജ്യൂക്കേഷന്‍ യൂണിയനിലെ അധ്യാപകര്‍ ഇംഗ്ലണ്ടിന്‍റെ തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, ലണ്ടന്‍ പ്രദേശങ്ങളിലും അതുപോലെതന്നെ വെയില്‍സിലുമുള്ള സ്കൂളുകളില്‍ പണിമുടക്ക് നടത്തി. നാണയപ്പെരുപ്പത്തിന് ആനുപാതികമായി ശമ്പളം വര്‍ദ്ധിപ്പിക്കുക, സ്കൂളുകള്‍ക്ക് കൂടുതല്‍ ജീവനക്കാരെയും ഒപ്പം ഫണ്ടും അനുവദിക്കുക എന്നിവയായിരുന്നു അവരുടെ ആവശ്യം. ‘സേവ് ഔര്‍ സ്കൂള്‍സ്’ എന്ന ബാനറിനു കീഴില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ അധ്യാപകര്‍ പ്രകടനം നടത്തുകയും ചെയ്തു. ഇതിനുമുമ്പ് മാര്‍ച്ച് ഒന്നിനും ഫെബ്രുവരി 28നും ബ്രിട്ടനിലെ മറ്റു ഭാഗങ്ങളിലുള്ള അധ്യാപകരും പണിമുടക്കുകയുണ്ടായി.
സര്‍ക്കാരിന്‍റെ ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ സമീപനത്തിനെതിരെ അധ്യാപകസംഘടന ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. സമരത്തില്‍ മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ഗവിന്‍ വില്ല്യംസണും മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാന്‍കോക്കും തമ്മില്‍ നടത്തിയ വാട്സാപ്പ് ചാറ്റില്‍ അധ്യാപകരെ സംബന്ധിച്ച് നടത്തിയ നീചമായ പരാമര്‍ശത്തിനെതിരെ അധ്യാപകര്‍ ശക്തമായി പ്രതിഷേധിച്ചു; 2020ല്‍ നടന്ന ഈ വാട്സാപ്പ് ചാറ്റ് ചോരുകയായിരുന്നു. പ്രതിസന്ധി നിറഞ്ഞ ബ്രിട്ടനിലെ സാമ്പത്തിക സാമൂഹിക സാഹചര്യത്തില്‍ ആ പ്രതിസന്ധിയുടെ ആഘാതമാകെ അനുഭവിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും ആവശ്യങ്ങളോട് ടോറി ഗവണ്‍മെന്‍റ് കാണിക്കുന്ന നിര്‍വ്വികാരതയെ അധ്യാപകര്‍ കനത്ത ഭാഷയിലാണ് കുറ്റപ്പെടുത്തിയത്.
ഇക്വഡോറില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം
ഇക്വഡോറില്‍ മുനിസിപ്പല്‍പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ റാഫേല്‍ കോറിയയുടെ റെവല്യൂഷന്‍ സിയുദദാന (Revolution Ciudadana RC 5) പാര്‍ടിക്ക് സുപ്രധാന വിജയം. ഫെബ്രുവരി അഞ്ചിന് മേയര്‍ സ്ഥാനത്തടക്കമുള്ള വിവിധ സ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 2007 മുതല്‍ 2017 വരെ ഇക്വഡോറിന്‍റെ പ്രസിഡന്‍റായിരിക്കുകയും, പിന്നീടുവന്ന വലതുപക്ഷ ഭരണകൂടത്താല്‍ നാടുകടത്തപ്പെടുകയും ഒക്കെ ചെയ്ത റാഫേല്‍ കോറിയയുടെ സിറ്റിസണ്‍ റെവല്യൂഷന്‍ മൂവ്മെന്‍റിന് (RC 5) ഇത്തവണ രാജ്യത്തുടനീളം വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 80.74 ശതമാനംപേര്‍ വോട്ടുചെയ്ത തിരഞ്ഞെടുപ്പില്‍ ഗ്വയാക്വില്‍, ക്വിറ്റോ (ഇക്വഡോറിന്‍റെ തലസ്ഥാനം), സിയൂന എന്നീ വന്‍നഗരങ്ങളിലെ മേയര്‍സ്ഥാനം പിടിച്ചതടക്കം നിരവധി ഇടങ്ങളിലാണ് റാഫേല്‍ കൊറിയയുടെ പാര്‍ടി വന്‍മുന്നേറ്റം കരസ്ഥമാക്കിയത്. ഇതില്‍ ഗ്വയാക്വിലില്‍ മൂന്ന് ദശകങ്ങള്‍ നീണ്ട വലതുപക്ഷ ഭരണത്തിനാണ് ആര്‍സി 5 പാര്‍ടി അന്ത്യംകുറിച്ചത്. കൂടാതെ ഗ്വയാസ്, പിച്ചിന്‍ഷ തുടങ്ങിയ ജനനിബിഡമായ പ്രവിശ്യകളിലെ ‘പെര്‍ഫെക്ട്’ (മേയര്‍ കഴിഞ്ഞാലുള്ള പദവി, ഇന്ത്യയിലെ കൗണ്‍സിലര്‍മാര്‍പോലെ) സ്ഥാനങ്ങളിലും കോറിയയുടെ പാര്‍ടി വിജയിച്ചിരിക്കുന്നു. തീവ്രവലതുപക്ഷ നിലപാടുകള്‍ കൈക്കൊള്ളുന്ന പ്രസിഡന്‍റ് ഗ്വില്ലെര്‍മോ ലാസ്സോയ്ക്കെതിരെയുള്ള താക്കീതായാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.
ഇടതുപക്ഷ സാമ്പത്തികശാസ്ത്രജ്ഞനും ഇക്വഡോറിന്‍റെ മുന്‍ പ്രസിഡന്‍റുമായിരുന്ന (2017-2019) റാഫേല്‍ കോറിയ 2017ല്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷം ബെല്‍ജിയത്തില്‍ അഭയംപ്രാപിച്ചു. ഇക്വഡോറിലെ വലതുപക്ഷ ഭരണകൂടം ഒത്താശചെയ്ത് കെട്ടിച്ചമച്ച കേസില്‍ 2020ല്‍ കോടതി അദ്ദേഹത്തിന് എട്ടുവഷത്തെ തടവുശിക്ഷ വിധിച്ചു. നിരന്തരമായി വലതുപക്ഷ ആക്രമണങ്ങളും ഭീഷണികളും കോറിയ ഇപ്പോഴും നേരിടുന്നുണ്ട്. അദ്ദേഹത്തിന്‍റെ പാര്‍ടിയിലെ മുന്‍നിരയില്‍ മറ്റനേകം പേരെയും ഇത്തരത്തില്‍ വ്യാജ കേസുകളില്‍ കുടുക്കി. ചിലരൊക്കെ ഇപ്പോഴും ജയിലിലാണ്. ലാറ്റിനമേരിക്കയിലെ പിങ്ക് വേലിയേറ്റത്തിന്‍റെ ഭാഗമായി എന്നതും അങ്ങനെ നിന്നുകൊണ്ട് ഇക്വഡോറില്‍ അഴിമതിവിരുദ്ധവും ജനപക്ഷവുമായ വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതാണ് യഥാര്‍ത്ഥത്തില്‍ റാഫേല്‍ കോറിയയും അദ്ദേഹത്തിന്‍റെ പാര്‍ടിയും ചെയ്ത കുറ്റം വലതുപക്ഷത്തിന്‍റെ കണ്ണുകളില്‍.
എന്നാല്‍ ഇതുകൊണ്ടൊന്നും കോറിയയുടെ ഗവണ്‍മെന്‍റ് ഇക്വഡോറില്‍ കൈവരിച്ച മുന്നേറ്റങ്ങളെ മായ്ച്ചുകളയാനാവില്ല. കാരണം, അതു ജനങ്ങള്‍ നേരിട്ടറിഞ്ഞതാണ്; അവര്‍ക്ക് അനുഭവവേദ്യമാണ്. കോറിയയുടെ ഭരണത്തിന്‍കീഴില്‍ (2007-2017) ഇക്വഡോറിലെ ദാരിദ്ര്യം നേര്‍പകുതിയായി കുറഞ്ഞു. തന്‍റെ പത്തുവര്‍ഷത്തെ ഭരണകാലയളവില്‍ ഈ വലിയ നേട്ടം റാഫേല്‍ കോറിയ കൈവരിച്ചത് അതുവരെ നടപ്പില്‍വരുത്തിയിരുന്ന നവലിബറല്‍ ആശയസംഹിതകളെയാകെ തകര്‍ത്തുകൊണ്ടാണ്. അതുകൊണ്ടുതന്നെ അദ്ദേഹം അമേരിക്കയുടെ ശത്രുതയ്ക്ക് പാത്രമായി. പ്രതിശീര്‍ഷ ജിഡിപി വളര്‍ച്ച വലിയതോതില്‍ ഉയര്‍ത്തുവാനും ഇടതുപക്ഷ ഭരണത്തിനുകഴിഞ്ഞു. സമ്പന്നരില്‍നിന്നുള്ള നികുതിപിരിവും ധനകാര്യനിയന്ത്രണവും വര്‍ധിപ്പിച്ചു; എണ്ണക്കരാറുകളില്‍ ഇക്വഡോറിനു കൂടുതല്‍ പ്രയോജനപ്രദമായ ധാരണകള്‍ വച്ചുകൊണ്ട് അതു പുതുക്കിയതുവഴി റവന്യൂ വീണ്ടും വര്‍ധിച്ചു; എന്നാല്‍ കേവലം എണ്ണവിതരണം മെച്ചപ്പെടുത്തലും ദാരിദ്ര്യം കുറയ്ക്കുന്നതിനായി മറ്റു വരുമാനം വര്‍ധിപ്പിക്കുന്നതിലും മാത്രമായി റാഫേല്‍ കോറിയയുടെ ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനം ഒതുങ്ങിയില്ല; വന്‍തോതിലുള്ള പൊതുമേഖലാ നിക്ഷേപത്തിലൂടെ ഈ ഇടതുപക്ഷ ഗവണ്‍മെന്‍റ് സുസ്ഥിരവികസനത്തിന് അടിത്തറയിട്ടു. വിദ്യാഭ്യാസം, ആരോഗ്യം, റോഡുകള്‍ തുടങ്ങിയ എല്ലാ മേഖലകളിലും വ്യാപകമായി പൊതുനിക്ഷേപം നടത്തി. ഐക്യരാഷ്ട്രസഭയുടെ പഠനങ്ങള്‍ പറയുന്നത് ഇക്വഡോറിലെ വിദ്യാഭ്യാസസംവിധാനം 2016 ഓടെ ലോകത്തെതന്നെ ഏറ്റവും മെച്ചപ്പെട്ട ഒന്നായി മാറിയെന്നാണ്. 2016ല്‍, ലോക സാമ്പത്തിക ഫോറം നിരീക്ഷിച്ചത് ലാറ്റിനമേരിക്കന്‍ മേഖലയിലെ ഏറ്റവും മികച്ച റോഡു സംവിധാനമാണ് ഇക്വഡോറിലേത് എന്നാണ്. ക്യൂബയും വെനസ്വേലയും മുന്‍കൈയെടുത്ത് രൂപംകൊടുത്ത ബൊളിവേറിയന്‍ അലയന്‍സ് ഫോര്‍ പീപ്പിള്‍സ് ഓഫ് ഔര്‍ അമേരിക്കയില്‍ (ALBA) ചേര്‍ന്നതുവഴി അമേരിക്കയോടുള്ള ആശ്രിതത്വത്തിനും കോറിയ അവസാനം കുറിച്ചു.
അതുപോലെതന്നെ കോറിയയുടെ ഭരണകാലത്ത് നരഹത്യയും മൂന്നില്‍ രണ്ടു ശതമാനത്തോളം കുറവുണ്ടായി. കോറിയ അധികാരമൊഴിഞ്ഞ 2017ല്‍ നരഹത്യാനിരക്ക് 100,000ന് 5.8 ആയിരുന്നു. ലാറ്റിനമേരിക്കയില്‍ നരഹത്യ ഏറ്റവും കുറവുള്ള രാജ്യമായി ഇക്വഡോര്‍ മാറി; അതേസമയം ഇപ്പോള്‍ 2022ല്‍ ഇക്വഡോറിന്‍റെ നരഹത്യാനിരക്ക് 100,000ന് 25.9 ആണ്. ഈയൊരു കണക്കുമാത്രം മതി എത്രത്തോളം നിഷ്ഠുരമാണ് ഇക്വഡോറിലെ വലതുപക്ഷഭരണം എന്നു വ്യക്തമാകാന്‍; തീര്‍ച്ചയായും ആ വലതുപക്ഷ ഭരണത്തിന് ജനങ്ങള്‍ നല്‍കിയ കടുത്ത താക്കീതാണ് ഈ പ്രാദേശികമുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്. അടുത്ത പ്രസിഡന്‍റായി റാഫേല്‍ കോറിയ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയാണ് വര്‍ധിച്ചത്.
മൗറിറ്റാനിയയില്‍ സ്വേച്ഛാധിപത്യ വാഴ്ചയ്ക്കെതിരെ ആളിപ്പടരുന്ന പ്രതിഷേധം
പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയ 1960ല്‍ ഫ്രഞ്ചുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും യഥാര്‍ത്ഥത്തില്‍ അവിടെ ഇതേവരെ ജനാധിപത്യം വേരുറച്ചിട്ടില്ല. മനുഷ്യാവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളുമെല്ലാം നിഷേധിക്കുന്ന സൈനിക സ്വേച്ഛാധിപത്യമാണ് മൗറിറ്റാനിയ ഇസ്ലാമിക് റിപ്പബ്ലിക്കില്‍ നിലനില്‍ക്കുന്നത്. പൗരാവകാശങ്ങള്‍ക്കായി വാദിക്കുന്നതും ഭരണകൂടത്തെ വിമര്‍ശിക്കുന്നതുമായ ഏതു ചെറിയ നീക്കത്തെയും മുളയിലേ നുള്ളിക്കളയുന്നു. അറ്റ്ലാന്‍റിക് മഹാസമുദ്രവുമായും പശ്ചിമ സഹാറയുമായും മാലിയുമായും അല്‍ജീരിയയുമായും സെനഗലുമായും അതിര്‍ത്തി പങ്കിടുന്ന, 75% വും മരുപ്രദേശമായിട്ടുള്ള ഈ രാജ്യത്ത് ഇന്ന് പ്രതിഷേധത്തിന്‍റെ ജ്വാലകള്‍ ആളിപ്പടരാന്‍ തുടങ്ങിയിരിക്കുന്നു. 38 വയസ്സുള്ള സൗവ്വി ഉവള്‍ദ് ജിബ്രില്‍ ഉവള്‍ദ് ചെയ്നി (Souvi Ould Jibril Ould Sheine) എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനെ പൊലീസ് പിടിച്ചുകൊണ്ടുപോയി തല്ലിക്കൊന്നതിനെ തുടര്‍ന്നാണ് ഉമിത്തീ പോലെ നീറിപ്പുകഞ്ഞിരുന്ന പ്രതിഷേധത്തിന്‍റ കനല്‍ ആളിപ്പടരാന്‍ തുടങ്ങിയത്. 2023 ഫെബ്രുവരി 9 രാത്രിയോടെയാണ് ഈ ചെറുപ്പക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് തലസ്ഥാന നഗരമായ ന്വക് ചോട്ടിന്‍റെ (Nouak Chott) പ്രാന്തപ്രദേശത്തുള്ള ഒരു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മണിക്കൂറുകള്‍ക്കുശേഷം പുറത്തുവന്ന വാര്‍ത്ത സൗവ്വി ഒരു ആശുപത്രിയില്‍വച്ച് മരണപ്പെട്ടതായാണ്. പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ കാര്യമായ രോഗം ഒന്നുമില്ലാതിരുന്ന ആരോഗ്യവാനായ ആ ചെറുപ്പക്കാരന്‍ പൊലീസുകാര്‍ കൊണ്ടുപോയി മണിക്കൂറുകള്‍ക്കകം ആശുപത്രിയില്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സംബന്ധിച്ചിടത്തോളം അവിശ്വസനീയമായിരുന്നു. സൗവ്വിയുടെ ഉറ്റ ചങ്ങാതിയും അദ്ദേഹത്തെപ്പോലെതന്നെ വി ക്യാന്‍ (We Can) എന്ന മൗറിറ്റാനിയായിലെ ഒരു പ്രവര്‍ത്തകനുമായ ഹാജലെഹൗജ് (Haja Lehouiej) പ്രതികരിച്ചത് ഒറ്റനോട്ടത്തില്‍ തന്നെ സൗവ്വിയുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്‍റെ പാടുകള്‍ കാണാമായിരുന്നു എന്നാണ്.
സൗവ്വി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട് പത്തുദിവസത്തിനുശേഷം ഫെബ്രുവരി 20ന് ന്വക് ചോദ് നോര്‍ദ് മേഖലയിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കല്‍പ്പിച്ചുകൂട്ടിയുള്ള കൊലപാതകം, മരണത്തിനിടയാക്കുന്ന മര്‍ദ്ദനം, ആകാരണമായ കസ്റ്റഡിയിലെടുക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി കേസെടുത്തു. ആ പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൂലി വാങ്ങല്‍, കുറ്റകൃത്യം മൂടിവയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നിവ ചുമത്തപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികൃതരെ നിര്‍ബന്ധിതമാക്കും വിധം ശക്തമായ പ്രതിഷേധമാണ് സൗവ്വിയുടെ അരുംകൊലയെ തുടര്‍ന്ന് ഉയര്‍ന്നുവന്നത്. കാലങ്ങളായി സൗവിയെയും ഹാജയെയുംപോലുള്ള ചെറുപ്പക്കാരുടെയും വി ക്യാന്‍ ഉള്‍പ്പെടെ നിരവധി പ്രസ്ഥാനങ്ങളുടെയും സൗവ്വയെയും ഹാജയെയുംപോലുള്ള ചെറുപ്പക്കാരുടെയും നവമാധ്യമങ്ങളിലൂടെയും മറ്റുമുള്ള നിരന്തരമായ പ്രചരണമാണ് ഇത്തരത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നുവരാന്‍ അന്തരീക്ഷം ഒരുക്കിയത്.
എന്തിനാണ് മൗറിറ്റാനിയയിലെ പൊലീസ് സൗവ്വയെ കസ്റ്റഡിയിലെടുത്ത് തല്ലിക്കൊന്നത്? ‘ജനങ്ങളുടെ നാവായിരുന്നു, ശബ്ദമായിരുന്നു അവന്‍’ എന്നാണ് ഹാജ പ്രതികരിച്ചത്. വെള്ളക്കാരും കറുത്തവരും തമ്മില്‍ കടുത്ത അസമത്വം നിലനിന്നിരുന്ന മൗറിറ്റാനിയയില്‍ വിദ്യാഭ്യാസത്തിലും ആരോഗ്യപരിചരണത്തിലും ഭൂമി, തൊഴില്‍, പാര്‍പ്പിടം എന്നിവയുടെ ലഭ്യതയിലുമെല്ലാം നിലനിന്നിരുന്ന രൂക്ഷമായ അസമത്വത്തിനും വിവേചനത്തിനും എതിരെ നിരന്തരം പ്രതികരിച്ചിരുന്നു സൗവ്വി. വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനപ്പുറം ആ ചെറുപ്പക്കാരന്‍ സര്‍ക്കാരിനെതിരെ നേരിട്ട് വിമര്‍ശനം നടത്താതിരിക്കാനുള്ള ജാഗ്രതയും പാലിച്ചിരുന്നു. എന്നാല്‍ രാജ്യത്തിന്‍റെ ദേശീയ സുരക്ഷ ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍ ജനറല്‍ മിസ് ഘരൗ ഉവള്‍ദ് ഘുവൈസിയുടെയും അയാളുടെ മകന്‍ മോഖ്താറിന്‍റെയും ദുഷ്ചെയ്തികളെ തുറന്നുകാണിച്ചിരുന്നു, പ്രത്യേകിച്ചും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മോഖ്താറിനെതിരെ പ്രതികരിച്ചിരുന്നു. മോഖ്താര്‍ സമീപകാലത്ത് സ്പെയിനില്‍ വച്ച് ഒരു ബലാത്സംഗ കേസില്‍പ്പെട്ടിരുന്നു. എന്നാല്‍ നാട്ടില്‍ വച്ച് വിചാരണ ചെയ്ത് ശിക്ഷിക്കാമെന്ന വ്യവസ്ഥയില്‍ ഇയാളെ സ്പെയിനില്‍നിന്ന് മൗറിറ്റാനിയന്‍ ഭരണകൂട സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തി കൊണ്ടുവന്നു. എന്നാല്‍ തുടര്‍ന്ന് മൗറീറ്റാനിയയില്‍ അയാള്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല കുറ്റവാളിയെ പാര്‍ലമെന്‍റ് അംഗമോ മറ്റേതെങ്കിലും സര്‍ക്കാര്‍ പദവിയോ നല്‍കി സംരക്ഷിക്കാനുള്ള നീക്കമാണ് തുടര്‍ന്നുണ്ടായത്. ഈ നീക്കത്തിനെതിരെ സൗവ്വി ശക്തമായി പ്രതികരിക്കുകയുണ്ടായി. അതുകൊണ്ടാണ് ഭരണകൂടം ആ ചെറുപ്പക്കാരനെ പിടികൂടി തല്ലിക്കൊന്നത്.
ഫെബ്രുവരി 10ന് സൗവ്വി കൊല്ലപ്പെട്ട വാര്‍ത്ത പുറത്തെത്തിയതിനെ തുടര്‍ന്ന് മൗറീറ്റാനിയയിലെ ദേശീയ സുരക്ഷയുടെ ജനറല്‍ ഡയറക്ടറേറ്റ് അവകാശപ്പെട്ടത്, ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് അദ്ദേഹം മരണപ്പെട്ടത് എന്നാണ്. അറസ്റ്റിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വച്ച് പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമായതെന്നും പറഞ്ഞു. മറ്റൊരു വാദമാകട്ടെ പൊലീസ്വാഹനത്തില്‍ നിന്ന് പുറത്തേക്കു വീണതാണ് ആരോഗ്യപ്രശ്നത്തിനിടയാക്കിയത് എന്നാണ്. എന്നാല്‍ മൃതദേഹം കണ്ട ആശുപത്രിയിലെ നേഴ്സുമാരും കുടുംബാംഗങ്ങളും പറയുന്നത് സൗവ്വിയുടെ ദേഹമാസകലം മര്‍ദ്ദനത്തിന്‍റെ പാടുകള്‍ ഉണ്ടായിരുന്നുവെന്നും കയ്യിലും കാലിലും വിലങ്ങിട്ടതിന്‍റെ അടയാളങ്ങളും ഉണ്ടായിരുന്നു എന്നുമാണ്. പൊലീസുകാര്‍ സൗവ്വിയെ ഒരു മൃഗത്തെയെന്നപോലെയാണ് ആശുപത്രിയില്‍ കൊണ്ടുപോയി തള്ളിയിട്ടു പോയതെന്നാണ് ആശുപത്രി ജീവനക്കാര്‍ ബന്ധുക്കളോട് പറഞ്ഞത്. പ്രതിഷേധം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 11ന് പബ്ലിക് പ്രോസിക്യൂട്ടറും ജഡ്ജിയും പറഞ്ഞത് പ്രാഥമികമായ ഓട്ടോപ്സി പരിശോധനയില്‍ സൗവ്വിയുടെ കഴുത്തിലെ രണ്ട് കശേരുക്കള്‍ ഒടിഞ്ഞിരുന്നുയെന്നും ശ്വാസംമുട്ടിക്കല്‍ മൂലമാണ് മരണമടഞ്ഞത് എന്നുമാണ്.
പൊലീസിന്‍റെ ഭാഗത്തുനിന്ന് യുക്തിക്ക് നിരക്കാത്ത പ്രതികരണങ്ങള്‍ ഉണ്ടായത് എരിതീയില്‍ എണ്ണയൊഴിക്കുന്ന അനുഭവമാണ് ഉണ്ടാക്കിയത്. വി ക്യാന്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. അങ്ങനെ പ്രതിഷേധം വ്യാപകമായി ആളിക്കത്തി തലസ്ഥാന നഗരം ആകെ പ്രതിഷേധത്തില്‍ മുങ്ങി. അങ്ങനെയാണ് പത്തുദിവസത്തിനു ശേഷമെങ്കിലും കേസെടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായത്. സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന് കരുത്തുപകരുന്നതായിരുന്നു സൗവ്വിയുടെ പ്രവര്‍ത്തനങ്ങള്‍. ജനങ്ങള്‍ ഒന്നിച്ചു നില്‍ക്കണമെന്നാണ് സൗവ്വി നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. അദ്ദേഹത്തിന്‍റെ ശവസംസ്കാര ചടങ്ങില്‍ ജനങ്ങള്‍ യോജിച്ചണിനിരന്നു; പ്രതിഷേധ പണിമുടക്കില്‍ ഒറ്റക്കെട്ടായി നിന്നു. താന്‍ ജീവിച്ചിരുന്നപ്പോള്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന കാര്യം മരണത്തിലൂടെ അദ്ദേഹത്തിന് നേടിയെടുക്കാന്‍ കഴിഞ്ഞു.