Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിനാലാം കേരള പഠന കോണ്‍ഗ്രസ് സമ്മാനിച്ച വികസനക്കുതിപ്പ്

നാലാം കേരള പഠന കോണ്‍ഗ്രസ് സമ്മാനിച്ച വികസനക്കുതിപ്പ്

പുത്തലത്ത് ദിനേശൻ

1991ല്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ ശക്തിപ്പെ ട്ടുവന്നതോടെ കേരളത്തിന്റെ വികസന നേട്ടങ്ങള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന ചര്‍ച്ച സജീവമായി. ഈ ഘട്ടത്തിലാണ് ഇ.എം. എസ് മുന്‍കൈയെടുത്തുകൊണ്ട് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. കേരളത്തിന്റെ ഭാവി വികസനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന ചര്‍ച്ച ഇതിന്റെ ഭാഗമായി നടന്നു.
അടിസ്ഥാന മേഖലകളിലെ നമ്മുടെ ദൗര്‍ബല്യം പരിഹരിക്കുകയെന്നത് പ്രധാനപ്പെട്ട പ്രശ്നമായി ഉയര്‍ന്നുവന്നു. ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളിലെ ഗുണനിലവാരം മെച്ചപ്പെ ടുത്തുകയെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നു കണ്ടു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടത് പ്രധാനമാ ണെന്നും വിലയിരുത്തി. തൊഴില്‍മേഖലയിലുള്‍പ്പെടെ സ്ത്രീകളുടെ പങ്കാളിത്തത്തിലുള്ള കുറവും പരിഹരിക്കേണ്ട പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നായി ഒന്നാം പഠന കോണ്‍ഗ്രസ് നിരീക്ഷിച്ചു.

ഒന്നാം പഠന കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഈ ദൗര്‍ബല്യങ്ങൾ പരിഹരിക്കുന്നതിന് ഇടപെടാനുള്ള സാധ്യതകളെ സംബന്ധിച്ചാണ് പിന്നീടുള്ള പഠന കോണ്‍ഗ്രസുകള്‍ പൊതുവില്‍ പരിശോധിച്ചത്. ഇത്തരമൊരു ഇടപെടലിന് അധികാര വികേന്ദ്രീകരണവും സഹകരണ മേഖലയുടെ പങ്കാളിത്തവും പ്രധാനമാണെന്നും വിലയിരുത്തുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലുള്ള ഗൗരവമേറിയ ചര്‍ച്ചകള്‍ പില്‍ക്കാല പഠന കോണ്‍ഗ്രസുകളെ സജീവമാക്കി. വര്‍ത്തമാനകാലഘട്ടത്തില്‍ കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ഒരു പൊതുരേഖ അവതരിപ്പിക്കുകയും അതിന്റെ അടിസ്ഥാന ത്തില്‍ വിവിധ മേഖലകളിലെ വിദഗ്-ധരും, രാഷ്ട്രീയ–സാമൂഹ്യ–സാമ്പത്തിക രംഗങ്ങളില്‍ സജീവമായവരും നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുകയും അവ കൂടി ക്രോഡീകരിച്ചുകൊണ്ട് പൊതു രൂപരേഖ നവീകരിക്കുകയുമാണ് ചെയ്തത്.

കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ അതേപോലെ നടപ്പിലാക്കുന്ന യു. ഡി. എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന ഘട്ടത്തിലാണ് , 2016 ലാണ് 4–ാം പഠന കോണ്‍ഗ്രസ് നടന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയ്ക്കും, തൊഴിലുറപ്പ് പദ്ധതിക്കുമെല്ലാം തുക വെട്ടിക്കുറയ്ക്കുകയും 5 ലക്ഷം കോടി രൂപ കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് നല്‍കുകയും ചെയ്ത സാഹചര്യമായിരുന്നു നിലനിന്നത്. ആസിയാന്‍ കരാര്‍ നടപ്പിലാക്കപ്പെടുന്ന സാഹചര്യം കൂടിയായിരുന്നു അത്. വാര്‍ഷിക സാമ്പത്തിക വളര്‍ച്ച 3 മുതല്‍ 4 ശതമാനം വരെ ഇടിയുന്ന നിലയായിരുന്നു. 1980കളുടെ അവസാനം ദേശീയ ശരാശരിയെക്കാള്‍ ഉയര്‍ന്ന കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച ദേശീയ ശരാശരിയെക്കാള്‍ 2 ശതമാനം കുറയുന്ന സ്ഥിതിയാണുണ്ടായിരുന്നത്. കാര്‍ഷിക വളര്‍ച്ചയാവട്ടെ നെഗറ്റീവാകുകയും ചെയ്തു. പൊതുമേഖലയുടെ നഷ്ടം 460 കോടി രൂപയും. വാര്‍ഷിക അടവുകളില്‍ 61 ശതമാനം മാത്രം ചെലവാക്കുന്ന നിലയുമുണ്ടായി. വായ്പയെടുക്കുന്ന പണത്തിന്റെ 70–80 ശതമാനവും സര്‍ക്കാരിന്റെ നിത്യചെലവുകള്‍ക്ക് ഉപയോഗിക്കുന്ന നിലയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ദീര്‍ഘകാല പദ്ധതികള്‍ക്ക് തുക കണ്ടെത്താന്‍ പറ്റാത്ത സ്ഥിതിയുണ്ടായി. വലിയ പ്രോജക്ടുകള്‍ ഉണ്ടാകണമെങ്കില്‍ സര്‍ക്കാര്‍ സംവിധാനം ഫലപ്രദമാകേണ്ടതുണ്ട്. എന്നാല്‍, അത് ഭരണ സംവിധാനം അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയായിരുന്നു.

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയും, ആരോഗ്യ മേഖ ലയും ദുര്‍ബലമായി. പാഠപുസ്തകങ്ങള്‍ പോലും ലഭിക്കാത്ത സ്ഥിതിയാണ് ഉണ്ടായിരുന്നത്. വര്‍ഗീയ ധ്രുവീകരണം സംസ്ഥാനത്ത് ശക്തിപ്പെട്ടു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യങ്ങളാകമാനം ദുര്‍ബലപ്പെടുന്ന സ്ഥിതിയുമുണ്ടായി. കേരളം കെെവരിച്ച നേട്ടങ്ങളെല്ലാം ഇത്തരത്തില്‍ തകര്‍ക്കപ്പെ ടുന്ന ഘട്ടത്തില്‍ അതിനെതിരായി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യമായിരുന്നു അത്. ഈ ഘട്ടത്തില്‍ ചേര്‍ന്ന 4–ാം അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് കേരളം ചെന്നെത്തിയിരിക്കുന്ന ഈ പ്രതിസന്ധി തുറന്നുകാട്ടി. അതോടൊപ്പം, ഭാവികേരളത്തെ രൂപപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചു. കേരള വികസനം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ പുതിയ വ്യവസായങ്ങളും ആധുനിക കൃഷിയും വളരേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. സ്വകാര്യ മൂലധനത്തെ ഉള്‍പ്പെടെ വികസന പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കണമെങ്കില്‍ പശ്ചാത്തല സൗകര്യം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. പരമ്പരാഗത മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സമ്പൂര്‍ണ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചു. കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ ബോധത്തിന്റെ അടിത്തറയായി നില്‍ക്കുന്ന പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണവും വികസനവും പ്രധാനമാണെന്ന് ഓര്‍മ്മപ്പെടുത്തി. ആരോഗ്യ–വിദ്യാഭ്യാസ മേഖലകളിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് പ്രാധാന്യം നല്‍കണമെന്നും ഓര്‍മ്മപ്പെടുത്തി. അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കി മുന്നോട്ടു പോകേണ്ടതും കേരള വികസനത്തിന് അനിവാര്യമാണെന്ന് ഓര്‍മ്മപ്പെടുത്തി. കേരളത്തിന്റെ വികസനത്തിന് സമാധാനപൂര്‍ണ്ണമായ ജീവിതത്തിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കുകയെന്നത് കേരളത്തിന്റെ പുരോഗതിക്ക് ഏറ്റവും പ്രധാനമാണെന്ന് ഓര്‍മ്മപ്പെടുത്തി. കേരളത്തില്‍ സ്വാധീനമുറപ്പിക്കുന്ന വലതുപക്ഷ പ്രത്യയശാസ്ത്രത്തിനെ പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറയുകയുണ്ടായി.

4–ാം അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അതി ന്റെ പ്രകടനപത്രിക തയ്യാറാക്കിയത്. ‘വേണം നമുക്കൊരു പുതുകേരളം; മതനിരപേക്ഷ–അഴിമതി രഹിത–വികസിത കേരളം’ മുന്നോട്ടുവെക്കുന്നതിന് അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിലെ നിര്‍ദ്ദേശങ്ങള്‍ വഴികാട്ടിയായി മാറി. ഈ കാഴ്ചപ്പാടുകൾ ഉള്‍ക്കൊണ്ടുകൊണ്ട് അവതരിപ്പിച്ച 600 കര്‍മ്മപദ്ധതികളില്‍ 580ഉം പ്രാവര്‍ത്തികമാക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചു. അത്തരമൊരു നിലപാട് തുടര്‍ഭരണത്തിലേക്കും അതുവഴി നവകേരള സൃഷ്ടിക്ക് അടിസ്ഥാനമായിത്തീരുവാനും സാധിച്ചു. പിന്നീട്, കോവിഡിന്റെ പശ്ചാത്തലത്തില്‍ പഠന കോണ്‍ഗ്രസ് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ആ കാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന പ്രകൃതിക്ഷോഭത്തേയും നേരിട്ടുകൊണ്ടാണ് ഇടതുപക്ഷ ഗവണ്‍മെന്റ് മുന്നോട്ടുപോയത്. ഈ കാഴ്ചപ്പാടുകൾ കൂടുതല്‍ വികസിപ്പിച്ചുകൊണ്ടാണ് എല്‍.ഡി.എഫിന്റെ പിന്നീടുള്ള പ്രകടന പത്രിക തയ്യാറാക്കപ്പെട്ടത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രകടനപത്രിക തയ്യാറാക്കുന്നതിന് സഹായകമാകുന്നവിധമുള്ള ബദല്‍ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച പഠന കോണ്‍ഗ്രസ് വര്‍ത്തമാന കാലത്തെ യൂണിയൻ സർക്കാരിന്റെ ജനവിരുദ്ധ കാഴ്ചപ്പാടുകളുടെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ബദല്‍ നിര്‍ദ്ദേശിക്കുന്നതായിരുന്നു. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വര്‍ത്തമാനകാല ലോകത്ത് ഇടപെടുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശമായിരുന്നു കഴിഞ്ഞ പഠന കോണ്‍ഗ്രസെന്ന് നിസ്സംശയം പറയാം. ഈ സമീപനം ഇടതുപക്ഷ ബദലിന്റെ രൂപരേഖ തന്നെയായിരുന്നു.

കഴിഞ്ഞ പഠന കോണ്‍ഗ്രസ് ചേരുന്ന ഘട്ടത്തേ ക്കാള്‍ കൂടുതല്‍ ഗുരുതരമായ സ്ഥിതിവിശേ ഷമാണ് സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോൾ നേരിടുന്നത്. സംസ്ഥാനങ്ങള്‍ക്കുള്ള അധികാരവും, ഫണ്ടും വെട്ടിക്കുറയ്-ക്കുന്ന നിലപാടാണ് പൊതുവില്‍ സ്വീകരിക്കുന്നത്. കേരളത്തില്‍ അത് സാമ്പത്തിക ഉപരോധം എന്ന നിലയില്‍ തന്നെ മാറിക്കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പറയുന്ന നയങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ സാമ്പത്തികമായി ഞെരുക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. അതുകൊണ്ടുതന്നെ കേരളത്തിന്റെ ജനകീയ ബദലിനെ സംരക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോകാനും കൂടുതല്‍ സൂക്ഷ്മതലത്തിലുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. വരുന്ന പഠന കോണ്‍ഗ്രസ് ഇത്തരത്തിലുള്ള സൂക്ഷ്മതല പ്രതിരോധങ്ങളെക്കൂടി മുന്നോട്ടുവെക്കേണ്ടതുണ്ട്. ഇന്നത്തെ കേരള വികസനത്തിന്റെ മുന്നോട്ടുപോക്കിന് അത് അനിവാര്യമാണ്. പുതിയ യാഥാര്‍ത്ഥ്യങ്ങളെ ഉൾ്‍ക്കൊണ്ടുകൊണ്ട് അത് അവതരിപ്പിക്കേണ്ടതുണ്ട് എന്നതിനാല്‍ അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന് വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × five =

Most Popular