Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിസമഗ്ര വളർച്ച ലക്ഷ്യമിട്ട മൂന്നാം പഠന കോൺഗ്രസ്

സമഗ്ര വളർച്ച ലക്ഷ്യമിട്ട മൂന്നാം പഠന കോൺഗ്രസ്

ആർ രാംകുമാർ

നീതിപൂർവവും സ്ഥായിയുമായ ദ്രുതഗതിയിലുളള സാമ്പത്തിക വളർച്ചയാണ് വികസനം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കൂടുതൽ നീതിപൂർവമായ വിതരണം ഉറപ്പുവരുത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ട്. ഇതാണു കേരളവികസന അനുഭവത്തിന്റെ തനിമ. അതേസമയം 1980കളുടെ ഉത്തരാർദ്ധം വരെ സംസ്ഥാനത്തെ സാമ്പത്തിക വളർച്ച വളരെ മന്ദഗതിയിലായിരുന്നു. അഖിലേന്ത്യാതലത്തിലുള്ള ശരാശരി വളർച്ചയെക്കാൾ വളരെ താഴെയായിരുന്നു നാം. സാമ്പത്തികവളർച്ചയും സാമ്പത്തിക നീതിയും ഒരുമിച്ചുകൊണ്ടുപോകാനാവില്ല എന്നുള്ള നിഗമനത്തിൽ പലരും എത്തിച്ചേർന്നിരുന്നു. ഈ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് 1994ൽ ഒന്നാം കേരള പഠന കോൺഗ്രസ് വിളിച്ചുചേർത്തത്. 1987 മുതൽ സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിച്ചുവെങ്കിലും കേരളത്തിന്റെ വികസനം ഒരു പുതിയ ഘട്ടത്തിലേയ്ക്കു കടന്നു എന്ന നിഗമനത്തിലെത്തിച്ചേരാൻ അന്നു കഴിയുമായിരുന്നില്ല. കേരളത്തിന്റെ സാമൂഹ്യക്ഷേമ നേട്ടങ്ങൾ നിലനിർത്തിക്കൊണ്ട് ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി ഒരു വികസന അജൻഡ രൂപീകരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായിരുന്നു ഒന്നാംപഠന പഠനകോൺഗ്രസ്.

2005ലെ രണ്ടാം കേരള പഠനകോൺഗ്രസിന്റെ കാലമായപ്പോഴേക്കും കേരളത്തിന്റെ സാമ്പത്തിക വളർച്ച പുതിയൊരു വിതാനത്തി ലേക്ക് ഉയർന്നു എന്നു വ്യക്തമായിരുന്നു. അഖിലേന്ത്യാ ശരാശരി യെക്കാൾ വേഗതയിൽ നമ്മുടെ സമ്പദ്ഘടന വളർന്നു. ആഗോളവത്കരണ പരിഷ്‌കാരങ്ങൾ ഉയർത്തിയ വെല്ലുവിളികളും സാമൂഹ്യക്ഷേമ നേട്ടങ്ങളെ ദുർബലപ്പെടുത്തുന്ന യുഡിഎഫ് സർക്കാരിന്റെ നടപടികളും പുതിയ മുന്നേറ്റത്തിനു മുന്നിൽ ആശങ്കകൾ ഉയർത്തി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് മൂർത്തമായ ഒരു ജനകീയ വികസന അജൻഡ മുന്നോട്ടുവെയ്ക്കുന്നതിനുള്ള ചർച്ചകളാണ് രണ്ടാം പഠനകോൺഗ്രസിൽ നടന്നത്.

അങ്ങനെ രൂപം കൊണ്ട കാഴ്‌ചപ്പാട് വലിയൊരു പരിധിവരെ പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നു. ഈ അനുഭവങ്ങളെ വിമർശനപരമായി പരിശോധിക്കാനും ദൗർബല്യങ്ങൾ തിരുത്താനുമാണ് 2011 ജനുവരി 1 മുതൽ 3 വരെ നടന്ന മൂന്നാം പഠനകോൺഗ്രസ് ലക്ഷ്യമിട്ടത്. സേവന മേഖലകളിലൂന്നിയാണ് സാമ്പത്തിക കുതിപ്പ്. ഇതിന് അനുസൃതമായി ഉൽപാദന മേഖലകളിൽ മുന്നേറ്റമുണ്ടായിരുന്നില്ല. അഭ്യസ്തവിദ്യരായ യുവതലമുറ ആഗ്രഹിക്കുന്ന തോതിൽ പുതിയ തൊഴിൽത്തുറകൾ ശക്തിപ്പെടുത്തേണ്ടതുണ്ടായിരുന്നു. പരമ്പരാഗത മേഖലകളെ സംരക്ഷിച്ചാൽ മാത്രം പോര, വളർച്ചയുടെ വേഗതയും ഉയർത്തണം. പൊതു സാമൂഹ്യക്ഷേമ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. ആഗോളവത്‌കരണം സൃഷ്‌ടിക്കുന്ന അസമത്വത്തിന്റെ പശ്ചാത്തലത്തിൽ സമഗ്രമായ സാമൂഹ്യ സുരക്ഷാ പരിപാടിക്ക് രൂപംനൽകാൻ കഴിയണം. സർവോപരി നമ്മൾ കൈവരിച്ച ഉയർന്ന വളർച്ചാനിരക്കുകൾ സ്ഥായിയാണ് എന്നു ഉറപ്പാക്കേണ്ടതുമുണ്ടായിരുന്നു. ഇതിനെല്ലാമുള്ള കരടു പരിപാടിയായിരുന്നു. മൂന്നാം പഠനകോൺഗ്രസിൽ ചർച്ചയ്ക്ക് അവതരിപ്പിച്ച രേഖ.

അന്ന് കേരളം നേരിട്ടിരുന്ന വെല്ലുവിളികളെ താഴെ പറയുംവിധം സംക്ഷേപിക്കാം.

1. ഭൂരിപക്ഷം ജനങ്ങളും ഉപജീവനം നടത്തുന്നത് കാർഷിക മേഖലയിലും പരമ്പരാഗത വ്യവസായങ്ങളിലുമാണ്. എന്നാൽ ആഗോളവത്കരണം അവയെ തകർത്തു. ഈ മേഖലകളെയെല്ലാം സംരക്ഷിച്ചുകൊണ്ടല്ലാതെ ഭൂരിപക്ഷം ജനങ്ങളുടെ ജീവിതനിലവാരം പിടിച്ചുനിർത്താനാവില്ല. ഈ മേഖലകളിൽ ഉൽപാദനക്ഷമതയും ഉൽപാദനവും എങ്ങനെ ഉയർത്താം എന്നതായിരുന്നു ചർച്ച ചെയ്യപ്പെട്ട ഒരു പ്രശ്നം.

2. പരമ്പരാഗത മേഖലകളിലെ ഉൽപാദനം താരതമ്യേന പതുക്കെ മാത്രമേ ഉയരുകയുള്ളൂ. ദ്രുതഗതിയിലുള്ള സാമ്പത്തികവളർച്ച കൈവരിക്കണമെങ്കിൽ നമുക്ക് അനുയോജ്യമായ എന്നാൽ അതിവേഗം വളരാൻ സാധ്യതയുള്ള ആധുനിക വ്യവസായങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഇത്തരം വ്യവസായത്തുറകൾ ഏതെല്ലാം? ഇവിടങ്ങളിലേയ്ക്ക് നിക്ഷേപം ആകർഷിക്കുന്നതിന് എന്തുനടപടികൾ സ്വീകരിക്കണം? അനിവാര്യമായ പശ്ചാത്തലസൗകര്യങ്ങൾ എങ്ങനെ സൃഷ്ടിക്കാം?

3. സ്കൂ‌ളുകളുടെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും വിപുലമായ ശൃംഖല കേരളത്തിനുണ്ട്. എന്നാൽ ഇവയുടെ ഗുണനിലവാരം ഗണ്യമായി ഉയർത്തിയേ തീരൂ. ജനങ്ങളുടെ ആവശ്യത്തിനും പ്രതീക്ഷകൾക്കുമനുസരിച്ച് പൊതുവിദ്യാഭ്യാസവും ആരോഗ്യസംവിധാനങ്ങളും പൊതുക്ഷേമ സൗകര്യങ്ങളും ഉയരുന്നില്ല. ഈ പരിമിതി മറികടക്കേണ്ടിയിരുന്നു.

4. പൊതുവിൽ ജീവിതനിലവാരം മെച്ചമാണെങ്കിലും ദാരിദ്ര്യത്തിന്റെ തുരുത്തുകൾ ഇന്നും അവശേഷിക്കുന്നുണ്ട്. ദളിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, പരമ്പരാഗത വ്യവസായ തൊഴിലാളികൾ, അഗതികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരുടെ നില ഇപ്പോഴും പരിതാപകരം തന്നെയാണ്. ഇവരെ എത്രയും പെട്ടെന്ന് മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നത് സുപ്രധാനകടമയാണ്. സമ്പൂർണവും സമഗ്രവുമായ സാമൂഹ്യസുരക്ഷാപരിപാടിക്ക് എങ്ങനെ രൂപംനൽകാം?

5. പുരുഷന്മാർക്കൊപ്പം വിദ്യാസമ്പന്നരും ആരോഗ്യമുളളവരുമാണ് കേരളത്തിലെ സ്ത്രീകൾ. ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തെയും അപേക്ഷിച്ച് കേരളത്തിൽ അവരുടെ സ്ഥിതി മെച്ചമാണ്. എന്നാൽ സാമ്പത്തിക മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തവും സാമൂഹ്യപദവിയും പരിശോധിച്ചാൽ മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും സ്ത്രീകളുടെ നില പിന്നോക്കമാണ്. ജാതി അനാചാരങ്ങൾ വലിയ അളവുവരെ നിർത്തലാക്കുകയും പാവങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടു ത്തുകയും ചെയ്ത കേരളം ഏറ്റെടുക്കേണ്ട സുപ്രധാന സാമൂഹ്യചുമതല ലിംഗ തുല്യത കൈവരിക്കലാണ്.

6. വീണ്ടുവിചാരമില്ലാത്ത പ്രകൃതിവിഭവ ചൂഷണവും മലിനീകരണവും മൂലം നമ്മുടെ സംസ്ഥാനം പാരിസ്ഥിതിക തകർച്ച നേരിട്ടിരുന്നു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് ദ്രുതഗതിയിലുളള സാമ്പത്തിക വളർച്ച കൈവരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

എന്നാൽ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ആഗോളവത്കരണ പ്രക്രിയ കേരളത്തിന്റെ വികസനത്തിന് ഇന്നും വലിയ വെല്ലുവിളികൾ ഉയർത്തിനിൽക്കുകയാണ്. കേരളത്തിന്റെ കാർഷിക മേഖലയ്ക്കു വൻആഘാതങ്ങൾ സൃഷ്ട‌ിച്ചേക്കാവുന്ന ആസിയാൻ കരാറിൽ കേന്ദ്രം ഒപ്പുവെച്ചിരുന്നു. ഈ കരാറിന്റെ ദോഷഫലങ്ങൾ കേരളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ലോകസാഹചര്യത്തിൽ കൂട്ടായ ഇടപെടലിന്റെയും സാമൂഹ്യ നിയന്ത്രണങ്ങളുടെയും പ്രസക്തി പതിന്മടങ്ങു വർദ്ധിച്ചിരിക്കുകയാണ്.

കേരളത്തിന്റെ സാമ്പത്തിക വളർച്ച ഒരു പുതിയ വിതാനത്തിലേക്ക് ഉയർന്നു കഴിഞ്ഞു എന്ന് മൂന്നാം പഠന കോൺഗ്രസ് വിലയിരുത്തി. ഈ വളർച്ചയിലെ വൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതിന് ഒരു ജനപക്ഷ വികസന പരിപാടിക്കു രൂപംനൽകുന്നതിനുമാണ് പഠനകോൺഗ്രസ് അന്ന് ശ്രമിച്ചത്.

ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ഈ വികസന പരിപാടിക്ക് സാമ്രാജ്യത്വ ആഗോളവത്കരണം വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ആഗോള ധന മൂലധനത്തിനുമേലുള്ള ആശ്രിതത്വം വർദ്ധിക്കു ന്നത് കേരളവും ഇന്ത്യയും പോലുള്ള വികസ്വരപ്രദേശങ്ങൾക്ക് സ്വതന്ത്രവികസന പാത തെരഞ്ഞെടുക്കുന്നതിനുള്ള സാധ്യതകൾ വെട്ടിച്ചുരുക്കി. എന്നാൽ ആഗോളവത്കരണം എല്ലാ ബദൽ സാധ്യതകളെയും ഇല്ലാതാക്കുന്നു എന്ന് ഇതിനർത്ഥമില്ല. നിലനിൽക്കുന്ന ലോക യാഥാർത്ഥ്യങ്ങളിൽ ഇടപെട്ടും സക്രിയമായി പ്രതികരിച്ചും മാത്രമേ ആഗോളവത്കരണത്തിനെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടുപോകാനാകൂ. പ്രതിസന്ധിനിറഞ്ഞ സാമ്രാജ്യത്വ ചട്ടക്കൂടിനുള്ളിൽ കേരളത്തിന്റെ എല്ലാ വികസനപ്രശ്‌നങ്ങളും പരിഹരിക്കാം എന്ന വ്യാമോഹമില്ലാതെ തന്നെ അതിന്റെ പരിമിതിക്കുള്ളിൽനിന്ന് പരമാവധി പുരോഗതി നേടാനാവശ്യമായ ഒരു വികസന അജൻഡയാണ് മൂന്നാം പഠന കോൺഗ്രസ് ചർച്ച ചെയ്‌തത്.

ഈ പഠനകോൺഗ്രസ് വിഭാവനം ചെയ്ത ഭാവി പരിപാടിയുടെ വിജയത്തിന്റെ നിർണായകമായ ഒരു മുന്നുപാധി കേരള സമൂഹത്തിന്റെ മതനിരപേക്ഷത യാണ്. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാത്ത തരത്തിൽ മതനിരപേക്ഷത ഉയർത്തിക്കൊണ്ടുള്ള പ്രവർത്തനം കേരളീയ സമൂഹ ത്തിൽ കൂടുതൽ ശക്തമായി നടത്തേണ്ടതുണ്ട് എന്ന് പഠന കോൺഗ്രസ് അന്ന് നിർദേശിച്ചിരുന്നു.

ഉൽപാദനമേഖലകളുടെ അടിത്തറയും വളർച്ചയും ശക്‌തിപ്പെടുത്തേണ്ടതുണ്ട്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷകൾക്കനുസൃതമായ തൊഴിലവസരങ്ങൾ വേണ്ടതോതിൽ തുറക്കുക എന്നതും ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു. കൂടുതൽ മത്സര ശേഷിയുള്ളതും അനുയോജ്യവുമായ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ, സേവനപ്രധാനമായ വ്യവസായങ്ങൾ, വൈദ്-ഗ്ധ്യാധിഷ്ഠിത വ്യവസായങ്ങൾ, കാർഷിക-–ഖനിജ മൂല്യവർദ്ധിത ഉൽപ്പന്ന വ്യവസായങ്ങൾ എന്നിവയിൽ ഊന്നണം. ഇതിനുവേണ്ടി മൂർ ത്തമായൊരു കർമ്മപരിപാടി മൂന്നാം പഠന കോൺഗ്രസ് അംഗീകരിച്ചു.

ഇങ്ങനെയുള്ള പുതിയ സമീപനങ്ങളോടും നിർദ്ദേശങ്ങളോടും ബന്ധപ്പെട്ട് സംവാദങ്ങൾ അനിവാര്യമാണ്. എന്നാൽ, ഇവ വിവാദങ്ങളായി പരിണമിച്ച് വികസന സാധ്യതകൾ കൊട്ടിയടയ്ക്കുന്ന അനുഭവങ്ങൾ വൈദ്യുതി, ടൂറിസം, റോഡ്, വിവര -വിനിമയ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടുണ്ടായത് സമ്മേളനത്തിൽ ചർച്ചചെയ്‌തു. വിവാദമല്ല സംവാദമാണ് ആവശ്യം. പൊതുധാരണകളുടെ അടിസ്ഥാനത്തിൽ പ്രവർത്തനപഥത്തിലേക്ക് നീങ്ങുകയാണ് വേണ്ടത്. ഇതിനായി കേരളത്തിലെ രാഷ്ട്രീയപാർടികൾ, നയരൂപീകരണ വക്താക്കൾ, മാധ്യമങ്ങൾ തുടങ്ങിയവർക്കിടയിൽ ഒരു സമന്വയം അടിയന്തിരമായി ഉണ്ടാക്കേണ്ടതുണ്ട്. അതിന് നേതൃത്വം നൽകാൻ കേരളത്തിലെ ഇടതുപക്ഷത്തിന് കഴിയുമെന്നുള്ള ആത്മവിശ്വാസമുണ്ട്. നിരുത്തരവാദപരമായ രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാൻ -തയ്യാറായാൽ പരിസ്‌ഥിതിയുടെയും തൊഴിലവകാശങ്ങളുടെയും പുനരധിവാസത്തിന്റെയും പ്രശ്‌നങ്ങൾ പരിഹരിച്ചുകൊണ്ട് ഇനിയും കൂടുതൽ വികസന പദ്ധതികൾ നടപ്പാക്കാനാകും.

മേൽപ്പറഞ്ഞ വ്യവസായക്കുതിപ്പ് ഉറപ്പുവരുത്തണമെങ്കിൽ കേരളത്തിലെ പശ്ചാത്തല സൗകര്യങ്ങൾ ദ്രുതഗതിയിൽ വികസിക്കേണ്ടതുണ്ടായിരുന്നു. വല്ലാർപ്പാടം കണ്ടയിനർ ടെർമിനൽ, എൽഎൻജി ടെർമിനൽ, പ്രകൃതിവാതക ശൃംഖല, കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്, താപ-–ജലവൈദ്യുതി നിലയങ്ങൾ, വിഴിഞ്ഞം ഹാർബർ, ദേശീയപാതകളും സംസ്ഥാ ന പാതകളും നാലുവരിയാക്കൽ, തെക്കു -വടക്ക് അതിവേഗ റെയിൽവെ തുടങ്ങിയവ കഴിഞ്ഞ പത്തു വർഷക്കാലത്തെ എൽഡിഎഫ് സർക്കാരിന്റെ വികസനനേട്ടങ്ങളാണ്.

പുതിയൊരു വികസനോന്മുഖ ധനനയത്തിന് കേരളത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടുണ്ട്. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ യാഥാസ്‌ഥിതികവും വിവേചനപരവുമായ ധനനയമാണ് ഇന്നു നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം. കേരളം കടക്കെണിയിലാണെന്നും മറ്റുമുള്ള വാദങ്ങൾ അടിസ്ഥാനരഹിതമാണ്. വ്യവസ്‌ഥാപിതമായ മാനദണ്ഡങ്ങൾ അനുസരിച്ച് അനുവദനീയമായതിലും ഏറെ താഴെയാണ് കേരളത്തിന്റെ ഇന്നത്തെ കടബാധ്യത. ഒപ്പം, കടഭാരം സംബന്ധിച്ച സാമ്പത്തികശാസ്ത്രത്തിലെ തീർപ്പുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ മൂലധനച്ചെല വിനായി ഇപ്രകാരം വായ്‌പയെടുക്കുന്നതുകൊണ്ട് ഒരു തകരാ റും വരാനുമില്ല. കേരളത്തിന്റെ റവന്യു വരുമാനവും ഗണ്യമായി ഉയരുന്നതിനുള്ള സാധ്യതകൾ നിലനിൽക്കുകയാണ്.

വളരുന്ന സാമ്പത്തിക അസമത്വമാണ് സാമ്പത്തിക വളർച്ചയുടെ പ്രമുഖ ദൗർബല്യം എന്നുകണ്ട്, സാധാരണക്കാരെ മുഴുവൻ ഉൾപ്പെടുത്തുന്ന ഒരു സമഗ്ര സാമൂഹ്യ സുരക്ഷാ പദ്ധതിക്ക് മൂന്നാം പഠന കോൺഗ്രസ് രൂപം നൽകി. ജനനംമുതൽ മരണംവരെ സാധാരണക്കാരെ സംരക്ഷിക്കുന്ന ഒരു ക്ഷേമ സമൂഹമായി കേരളം മാറണം. ഏറ്റവും അടിയന്തരമായി ഏറ്റെടുക്കേണ്ട ഒരു കാര്യമാണിത്. ഇതുമായി ബന്ധപ്പെട്ട് ദളിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ, ലിംഗനീതിയുടെ പ്രശ്നങ്ങൾ എന്നിവ ചർച്ചചെയ്യപ്പെട്ടു. വ്യത്യസ്‌ത ശേഷികളുള്ള ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളായിരുന്നു മൂന്നാം പഠനകോൺഗ്രസ് വിശദമായി ചർച്ചചെയ്‌ത മറ്റൊരു മേഖല. എല്ലാവർക്കും ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ, വീട്, കുടിവെള്ളം, വെളിച്ചം, ശുചിത്വം എന്നതാവണം കേരളത്തിന്റെ ലക്ഷ്യമെന്ന് പഠന കോൺഗ്രസ് വിലയിരുത്തി.

പാവങ്ങൾക്കു സംരക്ഷണം നൽകുന്നതിനൊപ്പംതന്നെ അവർ പണിയെടുക്കുന്ന പരമ്പരാഗത വ്യവസായങ്ങൾ, കൃഷി, മത്സ്യ ബന്ധനം, മൃഗപരിപാലനം തുടങ്ങിയ മേഖലകളെയും സംരക്ഷിക്കേണ്ടതുണ്ട്. 1999-–2004ലെ കാർഷികത്തകർച്ചയുടെ കെടുതിയിൽനിന്ന് 2010 മുതലാണ് കേരളം കരകയറിത്തുടങ്ങിയത്. ഈ അനുകൂല സാഹചര്യത്തിൽ കേരളത്തിലെ ഭക്ഷ്യ സുരക്ഷാ പരിപാടി കൂടുതൽ ഫലപ്രദമായി നടപ്പാക്കുകയും നാണ്യവിളകളുടെ ഉൽ പാദനക്ഷമത ഉയർത്തുകയും കൃഷിക്കാർക്ക് വിലസ്ഥിരത ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരു കർമ്മപരിപാടിക്ക് രൂപം നൽകേണ്ടതുണ്ട് എന്നതും മണ്ണ്-– ജല സംരക്ഷണത്തിനും വിള പരിപാലനത്തിനും ജനകീയ സംവിധാനങ്ങൾ വ്യാപിപ്പിക്കണം എന്നതും ഈ കോൺഗ്രസിൽ ഉയർന്നുവന്ന നിർദേശങ്ങളായിരുന്നു. പരമ്പരാഗത വ്യവസായങ്ങളുടെ സമയബന്ധിതമായ ആധുനികവൽക്കരണം പ്രധാനമാണ്.

ഇന്ത്യയിലെ മൈക്രോ ഫിനാൻസ് രംഗത്തെ കോർപ്പറേറ്റ്‌വത്കരണത്തിന്റെ പശ്ചാത്തലത്തിൽ കുടുംബശ്രീ വ്യത്യസ്തമായ ഒരു ജനകീയ മാതൃക ഉയർത്തിപ്പിടിക്കുന്നു. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളോട് ബന്ധപ്പെടുത്തി സ്ത്രീശാക്തീകരണത്തിന് ഊന്നൽനൽകി എങ്ങനെ മൈക്രോക്രെഡിറ്റും ദാരിദ്ര്യനിർമാർജന പരിപാടികളും നടപ്പാക്കാം എന്നതിന് കുടുംബശ്രീ മാതൃകയാവുകയാണ്. ഇതിനകം ബാങ്കേതര ധനകാര്യ ഏജൻസിയായി രജിസ്ട്രേഷന് അപേക്ഷ സമർപ്പിച്ചിട്ടുള്ള ജനശ്രീ തികച്ചും പ്രതിലോമകരമാണെന്ന് ആന്ധ്രയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ പഠന കോൺഗ്രസ് വിലയിരുത്തി.

പരിസ്‌ഥിതി സൗഹൃദ സമീപനത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട് എന്ന് മൂന്നാം പഠന കോൺഗ്രസ് വിലയിരുത്തിയിരുന്നു. ഉയർന്ന വളർച്ച സ്‌ഥായിയാക്കാൻ ഇത് കൂടിയേതീരു എന്നും അന്ന് വിലയിരുത്തപ്പെട്ടു. മാലിന്യനിർമാർജനത്തിലും കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുവരുന്നതിലും ഇന്നു നാം കെെവരിച്ച ശ്രദ്ധേയമായ നേട്ടങ്ങളെ ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ.

വൈജ്ഞാനിക സമൂഹമായി കേരളം മാറേണ്ടത് നമ്മുടെ വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണെന്നും വിദ്യാഭ്യാസ-, ആരോഗ്യ മേഖലകൾക്ക് കേരളം നൽകിക്കൊണ്ടിരുന്ന മുൻഗണന ശക്തിപ്പെടുത്തണമെന്നും കോൺഗ്രസ് വിലയിരുത്തുകയുണ്ടായി. സ്കൂ‌ൾ വിദ്യാഭ്യാസത്തിന്റെയും പ്രാഥമിക ആരോഗ്യ സൗകര്യങ്ങളുടെയും ഗുണനിലവാരത്തിലുണ്ടായ വലിയ ഉയർച്ച ഇനിയും കൂടുതൽ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്.

വിവിധ ഭരണമേഖലകളിലെ പരിഷ്‌കാരങ്ങളെക്കുറിച്ചും പഠനകോൺഗ്രസ് വിലയിരുത്തി. അവയെല്ലാം സംയോജിപ്പിച്ച് ഒരു സമഗ്ര ഭരണപരിഷ്കാര സമയബന്ധിത പരിപാടി ആവിഷ്കരിക്കുകയായിരുന്നു പിന്നീടുള്ള ലക്ഷ്യം. ഈ കടമ ഇനി നീട്ടിവയ്ക്കാനാകില്ല. സ്വതന്ത്ര സോഫ്റ്റ്-വെയറിനെ അടിസ്‌ഥാനമാക്കിയുള്ള ഇ–ഗവേണൻസ് കേരളം സാധ്യമാക്കിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്. സമഗ്ര നിയമപരിഷ്‌കാര നടപടികൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും പഠനകോൺഗ്രസ് വിലയിരുത്തിയിരുന്നു. ഭരണപരിഷ്‌കാരരംഗത്തെ ഏറ്റവും പ്രധാന കാൽവയ്‌പായി അധികാരവികേന്ദ്രീകരണരംഗത്തെ കണക്കാക്കണം.

ഭരണസംവിധാനംപോലെ വികസനത്തിൽ സുപ്രധാനപങ്ക് കേരളത്തിലെ സഹകരണ പ്രസ്‌ഥാനത്തിനും വഹിക്കാനുണ്ട്. വൈദ്യനാഥൻ കമ്മിറ്റി റിപ്പോർട്ട് തിരസ്‌കരിക്കുമ്പോൾ തന്നെ കേരളത്തിലെ സഹകരണ പ്രസ്‌ഥാനത്തിന്റെ പുനഃസംഘടന സുപ്രധാന കടമയാണെന്ന് വിലയിരുത്തി.

പുത്തൻ വികസന സംസ്‌കാരത്തിന്റെ ആവശ്യകത ഇ എം എസ് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാഷ്ട്രീയഭേദങ്ങൾ നിലനിൽക്കും. ആഗോളവൽക്കരണ പരിഷ്‌കാരങ്ങളോടുള്ള എതിർപ്പും തുടരും. എന്നാൽ അതേസമയം സംസ്‌ഥാനത്തിന്റെ വികസനത്തിന് പ്രായോഗികമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തിൽ വിപുലമായ യോജിപ്പ് വളർത്തിയെടുക്കാൻ കഴിയണം. ഇത്തരമൊരു സമീപനത്തിന് ജനാധിപത്യപരവും മതനിരപേക്ഷവുമായ സംസ്‌കാരം അത്യന്താപേക്ഷിതമാണ്. സാംസ്‌കാരിക മണ്ഡലത്തിലെ പ്രശ്ന‌ങ്ങൾ, പ്രത്യേകിച്ച് മാധ്യമ മേഖലയെക്കുറിച്ച് പഠനകോൺഗ്രസ് വിശദമായി ചർച്ചചെയ്യുകയുണ്ടായി. സമവായങ്ങൾ രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്കും സുപ്രധാനമായ പങ്കുണ്ട്. മാധ്യമരംഗത്തെ അനാരോഗ്യകരമായ മത്സരവും നിക്ഷിപ്‌തതാൽപര്യങ്ങളും ഇതിനു തടസ്സം നിൽക്കരുത്.

പഠനകോൺഗ്രസ് മുന്നോട്ടുവെച്ച വികസനപരിപാടിയുടെ അടിത്തറ നിലവിലുള്ള ഇടതുപക്ഷ ജനാധിപ ത്യമുന്നണി സർക്കാർ സൃഷ്‌ടിച്ചുകഴിഞ്ഞു. ഇതിനുള്ള തുടർച്ചയാണ് ഇനി വേണ്ടത്. ഈ തുടർച്ച ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പൊതുജനാഭിപ്രായം ഉണ്ടാകണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three + 1 =

Most Popular