കേരളത്തിന്റെ വികസന പ്രശ്നങ്ങൾ അതിന്റെ സമഗ്രതയിൽ വിശകലനം ചെയ്ത് വിലയിരുത്തേണ്ടതുണ്ട്. ഇതിന് കാരണം, അന്തർദേശീയവും ദേശീയവുമായി സംഭവിക്കുന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മാറ്റങ്ങൾ കേരളത്തെയും സ്വാധീനിക്കുന്നു എന്നതാണ്. സംസ്ഥാനത്തിന്റെ വികസനപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും സാമൂഹിക പരിണാമ പ്രക്രിയയിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുന്നതിനുമുള്ള ജനാധിപത്യ പ്രവർത്തനമാണ് കേരള പഠന കോൺഗ്രസ് എന്ന് ഇ എം എസ് 1994ൽ ഒന്നാം അന്തർദേശീയ കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമായി സൂചിപ്പിച്ചിരുന്നു.
എന്തിനു വേണ്ടിയാണ് അന്തർദേശീയ പഠന കോൺഗ്രസ് ? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അക്കാദമിക പണ്ഡിതരെയും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരെയും വിളിച്ചുചേർത്ത് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നതുകൊണ്ട് എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടാകുന്നത്? ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഒന്നാം കേരള പഠന കോൺഗ്രസിന്റെ കാലത്തും ഇപ്പോഴും ചോദിക്കുന്നവരുണ്ട്? 1996ലെ ഇടതുപക്ഷ ഗവൺമെന്റ് കേരളത്തിൽ നടപ്പിലാക്കിയ ജനാധിപത്യ അധികാരവികേന്ദ്രീകരണം (ജനകീയാസൂത്രണം) മുതൽ 2025ൽ വർദ്ധിപ്പിച്ച സാമൂഹ്യക്ഷേമ പെൻഷൻ വരെയുള്ള ഇടതുപക്ഷ സർക്കാരുകളുടെ നയപരിപാടികൾ കേരള പഠന കോൺഗ്രസ്സിൽനിന്നും ഉരുത്തിരിഞ്ഞുവന്ന പഠനങ്ങളുടെയും ചർച്ചകളുടെയും ഫലമായിട്ടുള്ളവയാണ്. മുകളിൽ സൂചിപ്പിച്ച ചോദ്യങ്ങൾക്കുള്ള ഹ്രസ്വമായ മറുപടിയും ഇതുതന്നെയാണ്.
1994ലെ ഒന്നാം അന്താരാഷ്ട്ര
കേരള പഠന കോൺഗ്രസ്
1994 ആഗസ്ത് 24 മുതൽ 27 വരെ അറുപത് വേദികളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അക്കാദമിക് വിദഗ്ധരുടെയും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടേതുമായി ഏകദേശം മൂവായിരത്തോളം പ്രബന്ധങ്ങളാണ് കേരളത്തിന്റെ വിവിധ മേഖലകളിലെ സാമൂഹിക, രാഷ്ട്രീയ, പരിണാമ ചരിത്രത്തെയും ഭാവിയിലെ കേരളം എങ്ങനെ ആയിരിക്കണം എന്ന വിഷയത്തെയും ആസ്പദമാക്കി അവതരിപ്പിച്ചത്. 1991ലെ നരസിംഹറാവു–മൻമോഹൻസിംഗ് കൂട്ടുകെട്ടിന്റെ നേതൃത്വത്തിൽ അധികാരത്തിൽവന്ന കോൺഗ്രസ് സർക്കാർ ഐഎംഎഫും ലോകബാങ്കും ആവശ്യപ്പെട്ടതനുസരിച്ച് നടപ്പിലാക്കിയ നവഉദാരവൽക്കരണ നയങ്ങൾ കേരളത്തിലെ ചെറുകിട ഉൽപ്പാദകരുടെയും തൊഴിലാളികളുടെയും ജീവിതം ദുസ്സഹമാക്കിയ കാലമായിരുന്നു 1990കൾ. കാർഷികോൽപ്പന്നങ്ങളുടെ വില കുത്തനെ ഇടിയുവാൻ തുടങ്ങിയ ഘട്ടത്തിൽ അന്ന് കേരളത്തിൽ അധികാരത്തിലുണ്ടായിരുന്ന ഐക്യ ജനാധിപത്യ മുന്നണി സർക്കാർ നവലിബറൽ സാമ്പത്തികനയങ്ങൾ അടിച്ചേൽപ്പിച്ച വെല്ലുവിളികൾക്ക് മുന്നിൽ നിസ്സംഗത പുലർത്തി. മാത്രമല്ല, കേന്ദ്ര സർക്കാരിന്റെ നവലിബറൽ സാമ്പത്തിക നയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിക്കുകയും ചെയ്തു.
കേരളത്തിന്റെ ഉൽപ്പാദന മേഖല പുനഃസംഘടിപ്പിച്ചുകൊണ്ടും സമ്പത്തുൽപ്പാദനം വർധിപ്പിച്ചുകൊണ്ടും മാത്രമേ നമുക്ക് മുന്നേറുവാൻ കഴിയുകയുള്ളൂ എന്ന് ഒന്നാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇ എം എസ് അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ 73, 74 ഭേദഗതിയിലൂടെ നടപ്പിലാക്കിയ പഞ്ചായത്തി രാജ് ആക്ട്-, നഗരപാലിക ആക്ട് എന്നിവ ഫലപ്രദമായി നടപ്പിലാക്കുവാൻ ഒന്നാം പഠന കോൺഗ്രസ്സിൽ അഭിപ്രായം ഉയർന്നു. 1996ൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ വാർഷിക പദ്ധതി വിഹിതത്തിന്റെ നാൽപ്പത് ശതമാനം തുക തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകി ജനകീയാസൂത്രണം നടപ്പിലാക്കുവാൻ തീരുമാനിച്ചു. പ്രാദേശിക സർക്കാരുകൾ പരമാവധി വിഭവങ്ങൾ സ്വന്തം നിലയിൽ ജനകീയ പങ്കാളിത്തത്തോടെ സമാഹരിക്കുകയും ഓരോ പ്രദേശത്തുമുള്ള വികസനപ്രശ്നങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്താൽ സംസ്ഥാനത്തെ സമ്പത്തുൽപ്പാദനം ഗണ്യമായി വർധിപ്പിക്കുവാനും അതുവഴി ജനങ്ങളുടെ വരുമാനവും തൊഴിലും ജീവിതനിലവാരവും വികസന പ്രക്രിയയിൽ അവരുടെ പങ്കാളിത്തവും ഉറപ്പാക്കുവാനും കഴിയുമെന്ന് കേരളം തെളിയിച്ചു. ഇത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും ലോക രാജ്യങ്ങൾക്കും മാതൃകയായി മാറി. ഒന്നാം പഠന കോൺഗ്രസിന്റെ ഉൽപ്പന്നമാണ് ലോക പ്രശസ്തി നേടിയ കേരളത്തിന്റെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ.
2005ലെ രണ്ടാം കേരള പഠന കോൺഗ്രസ്
2005 ഡിസംബർ 9, 10, 11 തീയതികളിലായി രണ്ടാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്സ് സംഘടിപ്പിക്കപ്പെട്ടു. നവലിബറൽ സാമ്പത്തിക നയങ്ങൾ അടിച്ചേൽപ്പിച്ച ഉൽപ്പാദന മേഖലയിലെ മുരടിപ്പ്, കർഷക ആത്മഹത്യ, റബ്ബർ ഉൾപ്പെടെയുള്ളവയുടെ വിലയിലെ അസ്ഥിരത, പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിൽ കെെക്കൊള്ളേണ്ട സുസ്ഥിര വികസന മാതൃക, സ്ത്രീകൾ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളുടെ ഗുണപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള നയപരിപാടികൾ എന്നിവയും രണ്ടാം പഠന കോൺഗ്രസ്സിന്റെ പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു. 2006ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടനപത്രികയിൽ മുന്നോട്ടു വച്ചത് രണ്ടാം പഠന കോൺഗ്രസ്സിലെ ചർച്ചയിൽ നിന്നുണ്ടായ വികസന കാഴ്ചപ്പാടാണ് . തുടർന്ന് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയതും അതുതന്നെയാണ്.
2011ലെ മൂന്നാം അന്താരാഷ്ട്ര പഠന കോൺഗ്രസ്
2011–ജനുവരി 1, 2, 3 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന മൂന്നാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് കേരളത്തിന്റെ വിവിധ മേഖലകളിലെ വികസന പ്രശ്നങ്ങൾ ആഴത്തിൽ ചർച്ചയ്ക്ക് വിധേയമാക്കി. അവയിൽ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു കേരളത്തിന്റെ അടിസ്ഥാനവികസനമേഖലയിൽ അൻപതിനായിരം കോടി രൂപയുടെ പൊതുനിക്ഷേപം സമാഹരിക്കുക എന്നത്. അതിന്റെ പ്രധാന ലക്ഷ്യം കേരള വികസന മാതൃക സുസ്ഥിര വികസന മാതൃകയാക്കി മാറ്റുകയും സാമൂഹ്യ സുരക്ഷ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തി ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക നിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു. കേരളത്തിലെ സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കുകളെ സംയോജിപ്പിച്ചുകൊണ്ട് കേരളത്തിന്റേതായ ഒരു ബാങ്ക് രൂപീകരിക്കണമെന്ന ആശയവും മൂന്നാം അന്തർദേശീയ കോൺഗ്രസ്സിന്റെ പ്രധാന നിഗമനങ്ങളിൽ ഒന്നായിരുന്നു. കേരളത്തിനോട് പൊതുമേഖലാ ബാങ്കുകൾ പുലർത്തുന്ന വിവേചനം അവസാനിപ്പിച്ച് കേരളത്തിലെ നിക്ഷേപം വർധിപ്പിക്കുകയായിരുന്നു കേരള ബാങ്കിന്റെ ലക്ഷ്യം. എന്നാൽ 2011ലെ പൊതുതിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് ഭരണം ലഭിക്കുകയും കേരളത്തിന്റെ തുടർ വികസനം മുന്നോട്ടുകൊണ്ടുപോകുവാൻ അവർ തയ്യാറാകാത്ത അവസ്ഥയുമുണ്ടായി.
2016ലെ അന്താരാഷ്ട്ര നാലാം
കേരള പഠന കോൺഗ്രസ്
2016 ജനുവരി 9, 10 തീയതികളിൽ നാലാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് സംഘടിപ്പിക്കപ്പെട്ടു. കേരള ബാങ്ക് നിലവിൽ വന്നത് മൂന്നും നാലും പഠന കോൺഗ്രസ്സുകളുടെ ചർച്ചയുടെ ഫലമായിട്ടാണ്. 2011ൽ നിന്നും വ്യത്യസ്തമായി 2016ലെ പൊതുതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നു. കേരളത്തിലെ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ അസൂയാവഹമായ പുരോഗതി കെെവരിക്കാൻ കഴിഞ്ഞത് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബോർഡ് (കിഫ്ബി) വഴി മൂന്നും നാലും പഠന കോൺഗ്രസ്സുകളുടെ നിർദേശമായ അടിസ്ഥാനമേഖലയിലെ പൊതുനിക്ഷേപം വർധിപ്പിച്ചതിനാലാണ്. നാലാം പഠന കോൺഗ്രസ്സിന്റെ മറ്റൊരു ലക്ഷ്യമായിരുന്നു ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുകയെന്നത്. പാലിയേറ്റീവ് കെയറിനുള്ള വിപുലമായ സൗകര്യങ്ങൾ, വ്യാവസായിക മേഖലയുടെ ത്വരിതഗതിയിലുള്ള വളർച്ചയോടൊപ്പം തൊഴിൽ ബന്ധങ്ങളിൽ ഗുണപരമായ നേട്ടം ഉറപ്പുവരുത്തുക, സാമൂഹ്യ സുരക്ഷ പദ്ധതികൾ കൂടുതൽ ശക്തമായി നടപ്പിലാക്കുക എന്നിവയെല്ലാം പഠന കോൺഗ്രസ്സുകളിൽ അവതരിപ്പിക്കപ്പെട്ട ശാസ്ത്രീയ പഠനങ്ങളുടെയും ചർച്ചകളുടെയും ഉൽപ്പന്നങ്ങളാണ്. ഇവിടെ എടുത്തുപറയേണ്ട ഒരു വസ്തുതയുണ്ട്. കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ഓരോ വികസന, സാമൂഹ്യക്ഷേമ പദ്ധതിയും, ശാസ്ത്രീയപഠനങ്ങളുടെയും ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള ചർച്ചകളുടെയും ഫലമായി പഠന കോൺഗ്രസിൽ ഉയർന്നുവന്ന ആശയങ്ങളാണ്. ഇതാണ് പഠന കോൺഗ്രസിന്റെ പ്രാധാന്യവും.
അഞ്ചാം അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ്
2026 ഫെബ്രുവരി 21, 22 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന അഞ്ചാമത് അന്തർദേശീയ പഠന കോൺഗ്രസിന്റെ മുന്നോടിയായി ഇരുപത് വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി കേരളത്തിലെ വിവിധ ജില്ലകളിൽ 2024 മുതൽ വിപുലമായ സെമിനാറുകൾ നടത്തുകയുണ്ടായി. ഇവയുടെ സമഗ്രമായ അവതരണവും ചർച്ചയുമായിരിക്കും അഞ്ചാം പഠന കോൺഗ്രസ്സിൽ നടക്കുക. അഞ്ചാം പഠന കോൺഗ്രസിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ പ്രധാനപ്പെട്ടത് ദേശീയ രാഷ്ട്രീയത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും കേന്ദ്ര സർക്കാർ കേരള ഗവൺമെന്റിന് അവകാശപ്പെട്ട നികുതിവിഹിതവും ധനലഭ്യതയും ബോധപൂർവം തടയുന്നതിന് പ്രതിരോധം കെട്ടിപ്പടുക്കലുമാണ്. അതോടൊപ്പംതന്നെ അന്താരാഷ്ട്രതലത്തിൽ അമേരിക്ക ഇന്ത്യക്കുമേൽ പ്രഖ്യാപിക്കുന്ന കയറ്റുമതി ഉപരോധങ്ങൾ ചെറുക്കുന്നതിനുപകരം അമേരിക്കയോട് കൂടുതൽ വിനീതവിധേയമാവുകയാണ് കേന്ദ്ര സർക്കാർ. കേരളത്തെ ഇവ എങ്ങനെയൊക്കെ ബാധിക്കുമെന്നും അവയെ മറികടക്കുന്നതെങ്ങനെയെന്നും വിശകലനം ചെയ്യുന്നതിനൊപ്പം കേരളത്തിന്റെ രണ്ടാം തലമുറ വികസന പ്രശ്നങ്ങളും വെല്ലുവിളികളും ഏറ്റെടുക്കുകയും വേണം. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കൂടുതൽ ശക്തമായ ഭരണകൂട ഇടപെടലിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. പുതിയ തൊഴിൽ നിയമങ്ങൾ (ലേബർ കോഡ്) നടപ്പിലാക്കിയും തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയും ദുർബല വിഭാഗങ്ങളുടെ ജീവിതം മോദി സർക്കാർ അസഹനീയമാക്കിയിരിക്കുകയാണ്. 2026 മുതൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുകയെന്നത് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യതയായി മാറുകയാണ്. ഇവയൊക്കെ അഞ്ചാം പഠന കോൺഗ്രസിൽ ചർച്ചക്കായി വരുന്നുണ്ട്.
ഉപസംഹാരം
നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളാണ് കേരള സർക്കാർ ഇപ്പോൾ ഏറ്റെടുത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 2025 ഡിസംബറിൽ റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കേരളത്തിന്റെ പ്രതിശീർഷ വരുമാനം 3.08 ലക്ഷം രൂപയാണ് (2024–25). ഇതേ വർഷം ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2.05 ലക്ഷം രൂപയായിരുന്നു. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ കേരളത്തിനു പിന്നിലാണ്. കേരളത്തിലെ ശരാശരി ആയൂർദെെർഘ്യം 75 വയസ്സും ദേശീയ ശരാശരി 70 ഉം ആണ്. ഇന്ത്യയിൽ ജനിക്കുന്ന ആയിരം കുഞ്ഞുങ്ങളിൽ ഒരു വയസ്സു തികയുന്നതിന് മുമ്പായി 25 കുട്ടികൾ മരിക്കുന്നു. എന്നാൽ കേരളത്തിൽ ഇത് വെറും അഞ്ച് കുഞ്ഞുങ്ങൾ മാത്രമാണ്. 2016ൽ 10 ആയിരുന്ന കേരളത്തിലെ ശിശുമരണനിരക്കാണ് 2023ൽ അഞ്ചാക്കി കുറയ്ക്കാൻ കഴിഞ്ഞത്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും കെെവരിച്ച നേട്ടം കൂടുതൽ ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ശാസ്ത്രീയപഠനങ്ങളുടെ സമാഹരണമാണ് അഞ്ചാം അന്തർദേശീയ കേരള പഠന കോൺഗ്രസ് ലക്ഷ്യമിടുന്നത്. l



