എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 1994 മുതൽ നടന്നുവരുന്ന അന്താരാഷ്ട്ര പഠന കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയ മേഖലയാണ് അധികാരവികേന്ദ്രീകരണവും തദ്ദേശ സ്വയംഭരണവും. ഒരുപക്ഷേ ഈ പഠന കോൺഗ്രസ് ശൃംഖലയില്‍ ഇത് വരെ നടത്തിയ ചർച്ചകളിൽ ഭരണ രംഗത്ത് ഏറ്റവും വലിയ മാറ്റത്തിന് തുടക്കം കുറിച്ച വിഷയമാണിത്.
1994ല്‍ എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്‌ട്ര പഠന കോണ്‍ഗ്രസ് മാറ്റങ്ങള്‍ക്കു തിരികൊളുത്തി. 66 സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ നടത്തിയ അവതരണങ്ങളും തുടര്‍ ചര്‍ച്ചകളും ഏറെ പ്രയോജനപ്പെട്ടു. അധികാര വികേന്ദ്രീകരണം തന്നെയായിരുന്നു ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങളില്‍ ഒന്ന്. അന്താരാഷ്ട്ര പഠന കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായി നിരവധി സെമിനാറുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതിലൂടെ സമഗ്രമായ സമീപനത്തിലൂന്നിയ അധികാരവികേന്ദ്രീകരണത്തിനായുള്ള ചട്ടക്കൂട് രൂപീകൃതമായി. ഇ.കെ. നായനാരുടെ നേതൃത്വത്തിൽ ഇടതു ജനാധിപത്യ മുന്നണി മന്ത്രിസഭ 1996 ല്‍ അധികാരത്തിലേറുമ്പോള്‍ തന്നെ അത്തരമൊരു മാറ്റത്തിനായുള്ള നടപടികളെക്കുറിച്ച് വ്യക്തത ഒരു പരിധി വരെ കൈവന്നിരുന്നു. അതുകൊണ്ടുതന്നെ അധികാരത്തിലേറിയ ആദ്യ നാളുകളില്‍ തന്നെ ജനകീയാസൂത്രണം പ്രഖ്യാപിക്കാന്‍ സാധിച്ചു.
കേരള പിറവി മുതല്‍ അധികാര വികേന്ദ്രീകരണത്തിലേക്കുള്ള തയ്യാറെടുപ്പിലായിരുന്നു കേരളം. പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെയായിരുന്നു അധികാരവികേന്ദ്രീകരണ ആശയത്തിന് തുടക്കം കുറിച്ചത്. വികേന്ദ്രീകൃത ഭരണ സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെയും അധികാരം ജനങ്ങളിലേക്ക് എത്തേണ്ടതിന്റെയും ആശയങ്ങള്‍ അന്നേ അദ്ദേഹം പങ്കു വെച്ചിരുന്നു. ആദ്യ ഭരണ പരിഷ്കാര കമ്മീഷനിലും പിന്നീടു ദേശീയ തലത്തിലെ അശോക് മേത്ത കമ്മിറ്റിയിലും അദ്ദേഹം വികേന്ദ്രീകൃത ഭരണ സംവിധാനം ഏര്‍പ്പെടുത്തേണ്ടതിന്റെയും അധികാരം ജനങ്ങളിലേക്ക് എത്തേണ്ടതിന്റെയും ആശയങ്ങള്‍ വളരെ വ്യക്തമായി പങ്കുവെച്ചിരുന്നു. കേവലം പ്രോജക്ടുകള്‍, പദ്ധതികള്‍ എന്നിവ മാത്രമല്ല അധികാര വികേന്ദ്രീകരണം കൊണ്ട് ഉദ്ദേശിച്ചത്. ഭരണ പ്രക്രിയയുടെയും സംവിധാനത്തിന്റെയും സമൂലമായ മാറ്റമായാണ് ഇ.എം.എസ് അതിനെ വിഭാവനം ചെയ്തത്. അശോക് മേത്ത കമ്മിറ്റിക്ക‍് ഇ.എം.എസ്. നല്‍കിയ ഭിന്നാഭിപ്രായക്കുറിപ്പ് ചരിത്ര പ്രസിദ്ധമാണ്. ‘‘ജനാധിപത്യ വികേന്ദ്രീകരണത്തിലുള്ള തന്റെ വിശ്വാസത്തിന്റെ അടിസ്ഥാനമിതാണ്; മര്‍ദ്ദകര്‍ക്കും ചൂഷകര്‍ക്കും എതിരെയുള്ള അദ്ധ്വാനിക്കുന്നവരുടെ ദൈനംദിനസമരത്തില്‍ ഇത്തരമൊരു വ്യവസ്ഥ കൂടുതല്‍ സഹായകരമായിരിക്കും….അതിനാല്‍ പഞ്ചായത്തി രാജ് സ്ഥാപനങ്ങളെ രാജ്യത്തിന്റെ ഭരണത്തിന്റെ അവിഭാജ്യഭാഗമെന്നതില്‍ നിന്നും വ്യത്യസ്തമായി എനിക്ക് കാണാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഭരണപരമായ ധര്‍മങ്ങളും നിയന്ത്രണാധികാരങ്ങളും തമ്മില്‍ വ്യത്യാസവും കാണാന്‍ കഴിയില്ല. വിദേശ കാര്യം, രാജ്യരക്ഷ, നാണയം, വാര്‍ത്താവിനിമയം തുടങ്ങിയ ചില മേഖലകള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ വെച്ച് ബാക്കിയെല്ലാം സംസ്ഥാനങ്ങളിലേക്കും അവിടെ നിന്നു ജില്ലകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട മറ്റു സമിതികളിലേക്കും നല്‍കുക എന്നതാണ് നമുക്കാവശ്യം’.
അതിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നുവെങ്കിലും പല നടപടികളും അതിനുള്ള അടിസ്ഥാന ശിലകളായിരുന്നു. അതില്‍ ഏറെ പ്രധാനം ഭൂപരിഷ്കരണ നിയമം തന്നെ. ജന്മി–നാടുവാഴി സംവിധാനം തകര്‍ക്കപ്പെട്ടതോടെ വിദ്യാഭ്യാസവും ആരോഗ്യവുമെല്ലാം ഏവര്‍ക്കും സാധ്യവും അവകാശപ്പെട്ടതുമാണെന്നും പ്രാപ്യമാക്കേണ്ടതാണെന്നും ധാരണയായി. അതിനനുസൃതമായി മാത്രമേ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് പ്രവര്‍ത്തിക്കാനാവൂ എന്ന് കാലം തെളിയിച്ചു. അതിനെ തുടര്‍ന്നുണ്ടായ പല നടപടികളും അധികാര വികേന്ദ്രീകരണത്തിനു കേരളത്തെ സജ്ജമാക്കിക്കൊണ്ടിരുന്നു. 1987 ലെ നായനർ സര്‍ക്കാര്‍ ആരംഭിച്ച സമ്പൂര്‍ണ സാക്ഷരതാ യജ്ഞവും തുടര്‍ന്ന് പങ്കാളിത്ത വിഭവ ഭൂപട നിര്‍മ്മാണവുമെല്ലാം ഇതിനു ബലം നല്‍കി.
കേരളപ്പിറവിക്കുശേഷം പല മന്ത്രിസഭകളും തദ്ദേശ ഭരണ നിയമങ്ങളുമായി നിയമസഭയിലെത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. അവയില്‍ പലതും ആ രീതിയില്‍ ശക്തമായിരുന്നുമില്ല. എന്നാല്‍ 1987 ലെ നായനാർ സര്‍ക്കാര്‍ ആണ് അധികാര വികേന്ദ്രീകരണ ആശയങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടുള്ള മൂര്‍ത്തമായ സംവിധാനം ഒരുക്കിയത്. അതിന്‍ പ്രകാരമാണ് ജില്ലാകൗണ്‍സില്‍ അടക്കമുള്ള സംവിധാനം നിലവില്‍ വന്നത്. എന്നാല്‍ പില്‍ക്കാലത്ത് പല കാരണങ്ങളാല്‍ അത് തകര്‍ക്കപ്പെട്ടു.
1993–94 കാലഘട്ടത്തില്‍ 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ രാജ്യത്ത് ത്രിതല തദ്ദേശ ഭരണ സംവിധാനത്തിന് തുടക്കം കുറിച്ചു. ഈ ഭരണ ഘടനാ ഭേദഗതികളുടെ തുടര്‍ച്ചയായി ഒരു വര്‍ഷത്തിനകം സംസ്ഥാനങ്ങള്‍ നിയമ നിര്‍മ്മാണം നടത്തുകയും ഓരോ സംസ്ഥാനവും ഷെഡ്യൂള്‍ 11, 12 എന്നിവയുടെ അടിസ്ഥാനത്തില്‍ അധികാരം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയും വേണം. കാലാവധിക്കുള്ളില്‍ ഏറ്റവും അവസാനം നിയമ നിര്‍മ്മാണം നടത്തിയ സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. എന്നാല്‍, 1996ല്‍ അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആരംഭിച്ച ജനകീയാസൂത്രണപ്രസ്ഥാനത്തിലൂടെ രാജ്യത്തിന് മാതൃകയാകുന്ന തലത്തിലേക്ക് ഉയരാന്‍ കേരളത്തിനായി. മുപ്പതാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഒട്ടേറെ നേട്ടങ്ങളുടെ ചരിത്രവുമായാണ് ജനകീയാസൂത്രണവും സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സംവിധാനവും ശാക്തീകരിക്കപ്പെട്ടത്.
സാധാരണ ഗതിയില്‍ സര്‍ക്കാരുകള്‍ മാറി വരുന്നതിനനുസരിച്ചു പല പരിപാടികളും നിര്‍ത്തി വെക്കാറുണ്ട്. എന്നാല്‍ ജനകീയാസൂത്രണത്തിന്റെ കാര്യത്തില്‍ അതുണ്ടായില്ല. അത്ര മാത്രം സുശക്തമായ ചട്ടക്കൂടും പ്രക്രിയയുമാണ് ആദ്യ ഘട്ടത്തില്‍ തന്നെ ചിട്ടപ്പെടുത്തിയത്. മാത്രമല്ല ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും പ്രാദേശിക വികസനം ജനങ്ങള്‍ക്ക് അനുഭവേദ്യമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും, അതിനനുസൃതമായ മനുഷ്യ വിഭവശേഷി, അവരുടെ കാര്യശേഷി ഇവയെല്ലാം സജ്ജമായി. താഴെ തട്ടില്‍ അത്തരം ശക്തവും ജനകീയവുമായ സംവിധാനം ഒരുങ്ങുക വഴി അതിനെതിരെയുള്ള ശക്തികള്‍ക്ക് ഇടപെടാനുള്ള അവസരം ഇല്ലാതാവുകയും ചെയ്തു.
ജനകീയാസൂത്രണത്തിന്റെ പ്രസക്തി എന്തായിരുന്നുവെന്ന് ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതിനു ജനകീയാസൂത്രണം ആരംഭിച്ച കാലഘട്ടം കൂടി പരിശോധിക്കേണ്ടതുണ്ട്. ആഗോളവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും കാലമായിരുന്നു എണ്‍പതുകളും തൊണ്ണൂറുകളും. സേവന വികസന മേഖലകളില്‍ നിന്നും സര്‍ക്കാരുകള്‍ പിന്‍വാങ്ങണമെന്ന അഭിപ്രായമായിരുന്നു ആഗോളവത്കരണത്തിന്റെ വക്താക്കളുടേത്. ആ വാദത്തിനു ശക്തമായ പിന്തുണയായിരുന്നു ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള ഇന്ത്യയിലടക്കമുള്ള പല ഭരണകര്‍ത്താക്കളും നൽകിയത്. അതിനനുസരിച്ചുള്ള നയപരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നത്. ആഗോളവത്കരണത്തിനും ഉദാരവത്കരണത്തിനും ബദലുകളില്ല (TINA – There Is No Alternative) എന്ന വാദം പ്രബലമായിരുന്നു. എന്നാല്‍, മറ്റൊരു മാതൃക സൃഷ്ടിക്കാന്‍ ആവും (TIA – There Is Alternative) എന്ന വ്യക്തമായ ധാരണയോടെയാണ് ജനകീയാസൂത്രണത്തിനു അന്നത്തെ ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തുടക്കം കുറിച്ചത്. സര്‍ക്കാര്‍ പിന്‍വാങ്ങുകയല്ല, പകരം സര്‍ക്കാരുകളെ ജനങ്ങളുടെ അടുത്തേക്ക് കൂടുതല്‍ എത്തിക്കുക എന്നതാണ് ലക്‌ഷ്യം. അതുവഴി പ്രാദേശിക സര്‍ക്കാരുകള്‍ എന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയുമാവും. വികസനം എല്ലാ പ്രദേശങ്ങളിലും ഒരു പോലെ വ്യാപിപ്പിക്കുന്നതിനും സേവനങ്ങള്‍ ഏവര്‍ക്കും പ്രാപ്യമാക്കുന്നതിനും ആണ് ലക്ഷ്യമിട്ടത്. പ്രാദേശിക തലത്തില്‍ അക്കാലമൊന്നു പരിശോധിച്ചാലേ ജനകീയാസൂത്രണം നാട്ടിലുണ്ടാക്കിയ മാറ്റം വ്യക്തമാവൂ. ആഗോളവത്കരണ നയങ്ങൾ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവന മേഖലകളെ തകര്‍ത്ത് തുടങ്ങിയിരുന്നു. സ്കൂളുകള്‍ അടയ്-ക്കുന്നതിനെകുറിച്ചുപോലും ചര്‍ച്ച ആരംഭിച്ചിരുന്നു. പുതിയ സ്കൂളുകള്‍ ഇല്ല, ഉള്ളവ മെച്ചപ്പെടുത്തുന്നുമില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും സ്ഥിതിയും ഇതു തന്നെ. കൃഷിയും അനുബന്ധ ഉത്പാദന മേഖലകളും ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നില്ല. അതില്‍ നിന്നാണ് ഇന്ന് നാം ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആരോഗ്യ സംവിധാനങ്ങളുടെയും നിലയില്‍ എത്തിയിരിക്കുന്നത്. ഇവിടെയായിരുന്നു ജനകീയാസൂത്രണത്തിന്റെ പ്രസക്തി. ഓരോ മേഖലയിലും ഈ മാറ്റമിന്നു പ്രകടമാണ്.
നവകേരളത്തിനായി ജനകീയാസൂത്രണം
മുന്നോട്ടു കുതിക്കുമ്പോള്‍ തന്നെ പുതിയ പ്രശ്നങ്ങളും ആവശ്യങ്ങളും ഉയര്‍ന്നു വരും. കാലം മാറുന്നതിനനുസരിച്ചുള്ള മാറ്റങ്ങളും അനിവാര്യം. പല ന്യൂനതകളും തിരുത്തേണ്ടതായും വരും. ഇതിനകം ഉണ്ടായ നേട്ടങ്ങളെ സ്ഥായിയായി നില നിര്‍ത്തി, മാറ്റങ്ങൾ ഉള്‍ക്കൊണ്ടുകൊണ്ട്, പുതിയ വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ന്യുനതകള്‍ പരിഹരിച്ചു, പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി, സമയബന്ധിതമായി കാര്യങ്ങള്‍ നിര്‍വഹിക്കാനാവണം. അത്തരമൊരു പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ചുവടുവെയ്പുകളാണ് ‘നവകേരളത്തിനായി ജനകീയാസൂത്രണം’ എന്ന ജനകീയാസൂത്രണത്തിന്റെ രണ്ടാം ഘട്ടം ലക്ഷ്യമിട്ടത്. അതിന്റെ ഫലവും ഇന്ന് വളരെ പ്രകടമാണ്. സമയബന്ധിതമായ ആസൂത്രണ നിര്‍വഹണ പ്രവര്‍ത്തനങ്ങള്‍, സേവന മികവിന്റെ ഉരകല്ലായ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ്, ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടങ്ങിയ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. രാജ്യത്തു തന്നെയുള്ള ഏതൊരു സര്‍ക്കാര്‍ ഓഫീസിനെക്കാള്‍ മികച്ച സംവിധാനമാണ് ഇന്ന് കേരളത്തിലെ പഞ്ചായത്തുകളില്‍ ഏറെയും ഉള്ളത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 939 ഉം എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും സേവനഗുണമേന്മ ഉയര്‍ത്തി ക്കൊണ്ട് ഐ.എസ്.ഒ. നിലവാരത്തിലേക്ക് മാറിക്കഴിഞ്ഞു. ബഹുഭൂരിഭാഗം സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാണ്. കാര്‍ഷികരംഗത്തും മാലിന്യ നിർമാര്‍ജനത്തിലും ജലസംരക്ഷണത്തിലുമെല്ലാം കഴിഞ്ഞ വര്‍ഷങ്ങളില്‍ എടുത്തു കാണിക്കാവുന്ന നേട്ടങ്ങളാണ് ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനും ഉള്ളത്. ഇതിനിടയില്‍ സ്ത്രീ ശാക്തീകരണത്തില്‍ നാം നടത്തിയ മുന്നേറ്റം പ്രാദേശിക തലത്തില്‍ വ്യക്തവുമാണല്ലോ. പൊതു ഇടങ്ങളിലെ സ്ത്രീകളുടെ അദൃശ്യത ഇന്ന് കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ അന്യം നിന്നിരിക്കുന്നു. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളിലും 2018 ലെ പ്രളയത്തിലും നടത്തിയ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമാണ്. കോവിഡാനന്തരമുള്ള നവ കേരള സൃഷ്ടിയിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ണായകമായ പങ്കാണ് വഹിക്കാനുള്ളത്. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറിയതിലും നിര്‍ണായകമായ പങ്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചത്.
ഭരണ സംവിധാനം
1996 ലെ കേരളമല്ല ഇന്നത്തെ കേരളം. ഒട്ടേറെ മാറ്റങ്ങള്‍ക്കു സാക്ഷ്യം വഹിച്ചതാണ് ഈ സംസ്ഥാനം. അതിനനുസരിച്ചു തദ്ദേശ ഭരണ സംവിധാനവും മാറേണ്ടതുണ്ട്. ഇതിനകം സംയോജിത തദ്ദേശ സ്വയംഭരണ വകുപ്പും അനുബന്ധ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ഇവ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് പ്രധാന ദൗത്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകള്‍ ആണെന്ന ആശയത്തില്‍ ഊന്നി അവയ്ക്ക് സഹായകമാകുന്ന സംവിധാനമായി മാറണം ഈ വകുപ്പും ഇതര വകുപ്പുകളും.
ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും പുനഃക്രമീകരിക്കണം. ബ്ലോക്ക് പഞ്ചായത്തിന്റെ സാധ്യത വേണ്ടത്ര ഉപയോഗിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. സമഗ്രമായ സംയോജിത ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കാന്‍ അവയ്ക്കാവും. ആ രീതിയില്‍ വേണം ഈ പുനരാവിഷ്കരണം.
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ ഇതിനകം തന്നെ ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയിട്ടുള്ളതാണെങ്കിൽ അത് ഓഫീസ് സംവിധാനങ്ങൾക്ക് മാത്രമായുള്ളതായിരുന്നു. വരുംവർഷങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ പ്രവർത്തനങ്ങൾക്കും സ്റ്റാൻഡേർഡ് ഏർപ്പെടുത്തി അതിനനുസൃതമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് ഏർപ്പെടുത്തേണ്ടതുണ്ട്. കെ സ്മാര്‍ട്ടിലൂടെയുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും വിപുലീകരിക്കുകയും വാതിൽപ്പടി സേവനങ്ങളും ഓൺലൈൻ സേവനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നതോടെ നവകേരളത്തിനു ചേര്‍ന്ന ഭരണ സംവിധാനമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാറും. ഇവയ്-ക്കെല്ലാം സഹായകമായ രീതിയില്‍ മാനവ വിഭവശേഷി പുനഃക്രമീകരിക്കണം. താഴെ തട്ടില്‍ ഈ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം അവരുടെ കാര്യശേഷി ഉയര്‍ത്തുന്നതും പ്രധാനമാണ്. പരമ്പരാഗത രീതിയിലുള്ള പരിശീലനങ്ങള്‍ക്കപ്പുറം കാര്യശേഷി വികസനത്തെ കാണാനാകണം. പുത്തന്‍ സാങ്കേതിക വിദ്യകളും വിജ്ഞാനവുമെല്ലാം ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതിയില്‍ തദ്ദേശ സ്വയംഭരണ സംവിധാനത്തെ ശക്തിപ്പെടുത്തണം.
സംസ്ഥാന സർക്കാർ ഇതിനകം തന്നെ എല്ലാവർഷവും പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാറുണ്ട്. അത് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായി ഭരണ രംഗത്തുണ്ടാക്കിയ മാറ്റമാണ്. അതേപോലെ തന്നെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രോഗ്രസ്സ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് ഉചിതമാകും.
ചുമതലകള്‍
ഷെഡ്യൂള്‍ 11, 12 സൂചിപ്പിച്ചിട്ടുള്ള വിഷയങ്ങളില്‍ നിന്ന് കൊണ്ട് തന്നെ പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി, കാലോചിതമായി ചിട്ടപ്പെടുത്തണം.
ധനകാര്യം
മറ്റൊരു പ്രധാനപ്പെട്ട മേഖല തദ്ദേശ ധനകാര്യ സ്ഥിതി ആണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ധനസഹായം ലഭ്യമാക്കേണ്ടതുണ്ട്. എന്നാല്‍ കേവലം പണം താഴേക്കു കൈമാറുന്നതിനുമപ്പുറം തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വിപുലീകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തെണ്ടതുണ്ട്. നികുതി വരുമാനവും നികുതിയേതര വരുമാനവും വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. കൂടുതൽ വായ്പകൾ, വരുമാനദായകമായ പ്രോജക്ടുകൾക്കും പുതിയ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനും മുനിസിപ്പൽ ബോണ്ടുകൾ അഥവാ കടപ്പത്രങ്ങൾ വഴി സാമ്പത്തിക സമാഹാരം നടത്തുവാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതും പ്രധാനമാണ്. ധനകാര്യ മാനേജ്‌മെന്റ് ശക്തിപ്പെടുത്തിയാല്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സുസ്ഥിരവും ഫലപ്രദവുമായ സംവിധാനമാവുകയുള്ളൂ.
പ്രാദേശിക ആസൂത്രണം
മറ്റൊരു പ്രധാനപ്പെട്ട മാറ്റം പ്രാദേശിക ആസൂത്രണത്തിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണ മാർഗരേഖ ലളിതമാക്കി, ജനപങ്കാളിത്തം ഉറപ്പുവരുത്തി, കൂടുതൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരം ഒരുക്കുക എന്നതായിരിക്കണം ഇനിയുള്ള ദൗത്യം. ഇത് തദ്ദേശഭരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ലക്ഷ്യാധിഷ്ഠിതമാക്കേണ്ടതുണ്ട്. ഇതിനായി സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണത്തിനായി ആവിഷ്കരിച്ച ചട്ടക്കൂട് കേരളത്തിനായി ചിട്ടപ്പെടുത്തി ഉപയോഗിക്കണം.
ആസൂത്രണ പ്രക്രിയ
ആസൂത്രണപ്രക്രിയകള്‍ ചടങ്ങുപോലെ ആയി മാറിയിരിക്കുന്നു എന്ന വിമര്‍ശനം ശക്തമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ പ്രക്രിയക്ക് ഇന്ന് ഒരു പ്രസക്തിയുമില്ലാതായി മാറിയിരിക്കുന്നു. വളരെ കരുതലോടെ ഫലപ്രദമായി ആസൂത്രണ പ്രക്രിയ പൂര്‍ത്തിയാക്കിയാലും അത് പലപ്രാവശ്യം മാറ്റേണ്ടതായി വരുന്നു. ഇത്തരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഈ പ്രക്രിയയില്‍ പങ്കെടുത്തവരെ ബോധ്യപ്പെടുത്താനും കഴിയുന്നില്ല. പലപ്പോഴും ആദ്യം വിഭാവനം ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായ രൂപമായിരിക്കും. തട്ടിക്കൂട്ടി പദ്ധതി നല്‍കുന്ന പ്രവണത ഏറിവരുന്നു. ആവര്‍ത്തിച്ച് തിരുത്താന്‍ അവസരം ലഭിക്കുന്നുവെന്നതും, സര്‍ക്കാര്‍ ഇടയ്-ക്കിടക്ക് ചില പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍, ഉത്തരവില്‍ അപ്പപ്പോള്‍ ഉളള മാറ്റം അനുവദിച്ച തുകയില്‍ നിന്നും വരുന്ന വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയവയെല്ലാം പദ്ധതി ഭേദഗതി വരുത്തുന്നതിന് കാരണമാകുന്നു. കൃത്യമായ ഡേറ്റയുടെ അഭാവം, ലഭിച്ച ഡാറ്റ വിശകലനം നടത്തി പദ്ധതി/പ്രോജക്ട് തയ്യാറാക്കുന്നതിനുളള വൈദഗ്ദ്ധ്യക്കുറവ്. ഡാറ്റയെടുക്കാനും സമയബന്ധിതമായി കാലാനുസൃതമാക്കുന്നതിനും സംവിധാനമുണ്ടാകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസൂത്രണ പ്രക്രിയ ശക്തമാകണമെങ്കില്‍ വൈദഗ്ദ്ധ്യം, മികച്ച അനുഭവങ്ങള്‍, എന്നിവ ലഭ്യമാക്കണം. അതിന് എന്തുചെയ്യാം എന്ന ആലോചന വളരെ പ്രസക്തമാണ്. ഉദ്ദ്യോഗസ്ഥരുടെ ആസൂത്രണ പ്രക്രിയയിലെ വൈദഗ്ദ്ധ്യമില്ലായ്മയും ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ ഇക്കാര്യത്തിലെ കാര്യശേഷി വികസനം അത്യന്താപേക്ഷിതമാണ്. നിര്‍ബന്ധിത പ്രോജക്ടുകളുടെ ബാഹുല്യവും കുറയ്-ക്കേണ്ടതുണ്ട്.
അംഗീകാരം
അംഗീകാര നടപടികള്‍ ലഘുവാക്കിയെങ്കിലും ഒരു കമ്മറ്റി സംവിധാനം (VTC, BLEC ക്ക് സമാനമായ) ഇല്ലാത്തത് പരിശോധനയുടെ ഗുണമേന്മയെ ബാധിക്കുന്നുണ്ട്. കൂടാതെ ഡി.പി.സി അംഗീകാരവും, വെറ്റിങ്ങും കഴിഞ്ഞാലും നിര്‍വ്വഹണ ശേഷം ആഡിറ്റ് പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത് അംഗീകാര നടപടികള്‍ ചടങ്ങായി മാത്രം മാറുന്നു. ഇത് പ്രാദേശിക ആസൂത്രണത്തെ ബാധിക്കുന്നു.
ഉദ്ദ്യോഗസ്ഥര്‍ക്ക്þ ആസൂത്രണം, പങ്കാളിത്ത ആസൂത്രണം, വിവരശേഖരണം, വിവര വിശകലനം, സമഗ്രപദ്ധതി തയ്യാറാക്കല്‍ എന്നിവയില്‍ വൈദഗ്ദ്ധ്യ വികസനത്തിനുളള കൃത്യമായ പരിശീലനം നല്‍കാന്‍ കഴിയണം. അതോടൊപ്പം നിയമപരമായി ഇവ ഭരണസമിതിക്ക് നല്‍കേണ്ടത് അവരുടെ ഉത്തരവാദിത്വമായി മാറണം.
എല്ലാ ബ്ലോക്കിലും ഡാറ്റാ മാനേജ്മെന്റ് ചെയ്യാന്‍ സംവിധാനമുണ്ടാവണം. ശേഖരിച്ച വിവരം, വിശകലനം ചെയ്ത് തയ്യാറാക്കുന്ന പദ്ധതിയില്‍, പ്രോജക്ടില്‍ മാറ്റം വരുത്തുന്നതും വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം.
ജനപ്രതിനിധികള്‍ക്കും ഉദ്ദ്യോഗസ്ഥര്‍ക്കും ലോകത്ത് എവിടെ നടന്ന/നടക്കുന്ന നല്ല മാതൃകകള്‍, സാങ്കേതികവിദ്യകള്‍, അക്കാദമിക് മികവ് എന്നിവ പരിചയിക്കാന്‍, വിരല്‍ത്തുമ്പില്‍ ലഭിക്കാന്‍ അവസരമുണ്ടാവണം.
പങ്കാളിത്തം
ഗ്രാമസഭകളിലെ (വാര്‍ഡ് സഭകളിലെയും) പങ്കാളിത്തവും, ഗുണനിലവാരവും അടിക്കടി കുറഞ്ഞു വരുന്നു. യുവജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞുകാണുന്ന അവസ്ഥയും ഉണ്ട്. പങ്കാളിത്തം ഉറപ്പാക്കുന്നതിന് പുതിയ സമീപനം ആവശ്യമാണ്. പുത്തന്‍ സാങ്കേതിക വിദ്യകളും ആശയവിനിമയ മാര്‍ഗങ്ങളും എല്ലാം സമന്വയിപ്പിക്കാനാവണം. വര്‍ക്കിങ് ഗ്രൂപ്പുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ പുനക്രമീകരിക്കണം. അവയുടെ സാങ്കേതിക വൈദഗ്ധ്യം ഉറപ്പാക്കുന്ന രീതിയില്‍ ചിട്ടപ്പെടുത്തണം. ആസൂത്രണ സമിതി എന്നനിലയില്‍ വിഭാവനം ചെയ്ത അതേ രീതിയില്‍ ബഹുഭൂരിപക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അവ പ്രവര്‍ത്തിക്കുന്നില്ല.
സംയോജനം
വകുപ്പുകളും/ഘടക സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായിട്ടുളള അകല്‍ച്ച കൂടി വരുന്നു. ഇത് സംയോജിത പ്രവര്‍ത്തനങ്ങള്‍ക്കുവളരെയേറെ തടസ്സമായി നില്‍ക്കുന്നു. ഈ പ്രവണത അവസാനിപ്പിക്കുവാനുള്ള പരിപാടി ആവിഷ്കരിക്കണം.
സോഫ്റ്റ്-വെയര്‍
പദ്ധതി ആസൂത്രണം സോഫ്റ്റ് വെയറിലൂടെ ആയതോടെ പദ്ധതിയുടെ ഗുണമേന്മ കുറഞ്ഞുവെന്ന വിമര്‍ശനം ശക്തമാണ്. സോഫ്റ്റ് വെയറില്‍ അപ്പാടെ മാറ്റം വരുത്തേണ്ടതുണ്ട്. ഓരോ വര്‍ഷവും ഉണ്ടാകുന്ന നേട്ടം കൃത്യമായി ക്രോഡീകരിച്ച് രേഖയാക്കാന്‍ ഇതുവരേയും കഴിയാത്തത് വലിയ കോട്ടമായി കാണണം. ഓണ്‍ലൈന്‍, സോഫ്റ്റ്-വെയര്‍ സംവിധാനങ്ങള്‍ വന്നതോടെ ഭരണസമിതിക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയാതെയായിട്ടുണ്ട്. അത് മാറേണ്ടതുണ്ട്.
പൊതുവായവ
മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്നവ ഏറ്റെടുക്കാന്‍ ബാധ്യസ്തരാകുന്നതും, ഫണ്ടുകള്‍ യഥാസമയം ലഭിക്കാതിരിക്കുന്നതും, ധനവിനിയോഗത്തില്‍ ഇടയ്-ക്കിടെ ഉണ്ടാകുന്ന നിയന്ത്രണങ്ങളും, സ്രോതസ്സില്‍ തന്നെ തുക നല്‍കാതിരിക്കുന്നതും പ്രാദേശിക ആസൂത്രണത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നതിന് പലപ്പോഴും കാരണമായിട്ടുണ്ട്. ഇതു മറികടക്കാന്‍ ഈ സംവിധാനം വ്യവ്സ്ഥാപിതമാക്കുകയാണ് നല്ലത്.
എല്ലാവകുപ്പുകളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെ നിര്‍വ്വഹണ ഏജന്‍സികളായി, വിവരം ലഭ്യമാക്കേണ്ട ഇടമായി മാത്രം കണുന്ന പ്രവണത കൂടിവരുന്നു. എന്നാല്‍ ആസൂത്രണകാര്യത്തില്‍ അഭിപ്രായം പറയുന്നതില്‍ അവര്‍ക്ക് ഒരു പങ്കാളിത്തവും ഇല്ലാത്തതുകൊണ്ട് മോണിറ്ററിംഗ്, സോഷ്യല്‍ ഓഡിറ്റ് എന്നിവ ഫലപ്രദമായി നടക്കുന്നില്ല. ഓഡിറ്റ് സമീപനത്തിലെ പ്രശ്നങ്ങള്‍ കാരണം പുതിയ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും നിര്‍വ്വഹിക്കാനും ഉദ്ദ്യോഗസ്ഥര്‍ വിമൂഖത കാണിക്കുന്നു.
നഗരവത്കരണം
1996 ല്‍ നിന്നും വ്യത്യസ്തമായി വന്‍ തോതിലുള്ള നഗരവത്കരണമാണ് കേരളത്തില്‍. നഗരസഭകളിലെ ഭരണവും പ്രവര്‍ത്തനങ്ങളും ആസൂത്രണവും അതിനനുസൃതമായി ചിട്ടപ്പെടുത്തണം. മാസ്റ്റര്‍ പ്ലാന്‍ തയ്യാരാക്കുന്നതിനുപയോഗിക്കുന്ന രീതിശാസ്ത്രവും മറ്റേണ്ടതുണ്ട്. ഇവയൊക്കെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവരിക്കേണ്ടതുണ്ട്. ഇതിനകം തയ്യാറാക്കി വരുന്ന നഗര നയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കണം. മെട്രോപോളിറ്റന്‍ പ്ലാനിംഗ് കമ്മിറ്റി സംബന്ധിച്ചും കേരള സാഹചര്യങ്ങള്‍ക്ക് അനുസൃതമായ വ്യക്തമായ നയം ആവശ്യമാണ്.
കാലാവസ്ഥാ വ്യതിയാനവും ദുരന്ത നിവാരണവും
കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ഏറേണ്ടി വരുന്ന സംസ്ഥാനമാണ് കേരളം. അതുപോലെ തന്നെയാണ് വിവിധ തരത്തിലുള്ള ദുരന്തങ്ങളും. ഇവയെ നേരിടുന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇവയ്-ക്കായുള്ള പ്രാദേശിക കര്‍മപദ്ധതികളെ വ്യവസ്ഥാപിതമാക്കേണ്ടതുണ്ട്. ദുരന്ത പ്രതിരോധത്തിലും ദുരന്ത ശേഷമുള്ള ക്യാമ്പ്, പുനരധിവാസ പ്രവര്‍ത്തനങ്ങളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് മുഖ്യ ചുമതല നല്‍കേണ്ടതാണ്.
കേന്ദ്രീകരണ വെല്ലുവിളി
അധികാര വികേന്ദ്രീകരണത്തിനു തുരങ്കം വെക്കുന്ന ഒട്ടേറെ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. കേന്ദ്ര ധനകാര്യ കമ്മീഷന്‍ അവാര്‍ഡ് പോലും ഒട്ടേറെ നിബന്ധനകളോടെയാണ് നടപ്പിലാക്കുന്നത്. അധികാരം കേന്ദ്രത്തിനും ചുമതലകള്‍ സംസ്ഥാനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും എന്ന രീതിയാണ് വളര്‍ത്തി വരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സി രൂപത്തില്‍ ആണ് വീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരത്തെ ചോദ്യം ചെയ്യുകയും സംസ്ഥാനത്തെ മറികടക്കുകയുമാണ് പൊതു സമീപനം. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഇപ്പോള്‍ വരുത്തിയ മാറ്റം ഏതു ദിശയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്ന് വ്യക്തമാക്കുന്നതാണ്. ഈ സമീപനങ്ങള്‍ക്ക് ബദല്‍ സൃഷ്ടിക്കുക എന്നതാകണം ഇനിയുള്ള മുഖ്യ ദൗത്യം.
സമരായുധം
അധികാര വികേന്ദ്രീകരണത്തിനു ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തിൽ തദ്ദേശ ഭരണം കൂടുതൽ ജനകീയമാക്കി വികേന്ദ്രീകരിച്ച് പുതിയൊരു ഭരണ സംസ്കാരത്തിന് നേതൃത്വം നൽകുവാനാണ് വിഭാവനം ചെയ്യുന്നത്. അതിനനുസൃതമായ പ്രവർത്തനങ്ങളാണ് നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേതൃത്വം നല്‍കേണ്ടത്. അതിന്- അവയെ സജ്ജമാക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ കടമ. ഇതൊരു സമരമാണെന്ന് മനസ്സിലാക്കി പൊതു ജനങ്ങളെ അണിനിരത്തി തദ്ദേശ ഭരണം ശക്തമാക്കുന്നതിനോപടൊപ്പം സംസ്ഥാന തലത്തിലും ദേശീയ തലത്തിലും അധികാര കേന്ദ്രീകരണത്തിനെതിരെയും സെക്കുലറിസം, സോഷ്യലിസം, തുല്യത എന്നിവയ്-ക്കെല്ലാമായുമുള്ള സമരമുഖമായി തദ്ദേശ ഭരണത്തെ വളര്‍ത്തിക്കൊണ്ടുവരികയും അതിനായുള്ള പോരാട്ട വേദികള്‍ തുറക്കുകയും വേണം. l



