വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തെക്കാളും ഏറെ മുന്നിലാണ് നമ്മുടെ കേരളം. പ്രതിശീർഷ വരുമാനം നോക്കിയാലും അഖിലേന്ത്യാ ശരാശരിയെക്കാൾ 50 ശതമാനത്തിലധികം ഉയർന്നതുമാണ്. ഇക്കാരണങ്ങളാൽതന്നെ മെച്ചപ്പെട്ട ജീവിതവും സുരക്ഷിതത്വവും കേരളജനതയ്ക്ക് അനുഭവേദ്യമാണ്. എന്നാൽ കേരളത്തിന്റെ ക്ഷേമനേട്ടങ്ങൾ നിലനിർത്തണമെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക നില ഇനിയും ഏറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു. സാമ്പത്തിക നില പരിശോധിച്ചാൽ നമ്മുടെ കേരളത്തിന്റെ സ്ഥാനം രാജ്യത്ത് ഒമ്പതാമതാണ്.
സമ്പത്ത് വർദ്ധിപ്പിക്കുന്നതിലുപരി അവയുടെ വിതരണത്തിലായിരുന്നു നാം 1990കൾവരെ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഉയർന്ന കൂലിവഴി വരുമാനവും ഭൂപരിഷ്കരണം വഴി ഭൂമിയുടെ സന്തുലിതമായ വിതരണവും ഉറപ്പാക്കിയതിന്റെ നേട്ടങ്ങളായിരുന്നു കേരളത്തിന്റെ ഉയർന്ന ജീവിത ഗുണമേന്മ.
ഈ നേട്ടങ്ങളെല്ലാം ഉള്ളപ്പോഴും അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തൊഴിലില്ലായ്മ നമുക്കു മുമ്പിൽ ഒരു വെല്ലുവിളിയായി തുടരുന്നു. നിലവിലുള്ള തൊഴിൽദാന പദ്ധതികളൊന്നും തന്നെ ഇതിന് പരിഹാരമല്ല. കേരളത്തിന്റെ തൊഴിലില്ലായ്മ നിരക്ക് ദേശീയ നിരക്കിന്റെ ഇരട്ടിയാണെന്നതാണ് നടുക്കുന്ന സത്യം. ഇതിന്റെ പ്രധാനകാരണം സ്ത്രീകളുടെ തൊഴിലില്ലായ്മയാണ്. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 74ശതമാനം ആയിരിക്കുമ്പോൾ സ്ത്രീകളുടേത് കേവലം 28 ശതമാനം മാത്രമാണ്. വിദ്യാഭ്യാസം കഴിഞ്ഞ് വർഷങ്ങൾ കാത്തിരുന്നാലേ ഒരു ജോലി ലഭിക്കുകയുള്ളൂ. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനുമാവില്ല. അനുയോജ്യമായ ജോലിക്കു വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ ഉപജീവനത്തിനായി എന്തെങ്കിലും തൊഴിലിൽ ഏർപ്പെടാൻ പലരും നിർബന്ധിതരാകുന്നു. സ്ത്രീകളിൽ പലരും തൊഴിൽ അന്വേഷണം അവസാനിപ്പിച്ച് വീട്ടിൽതന്നെ ഒതുങ്ങുന്നു. അതുകൊണ്ടാണ് കേരളം ഏറ്റവും കുറഞ്ഞ ശതമാനം സ്ത്രീകൾ തൊഴിലെടുക്കുന്ന സംസ്ഥാനം ആകുന്നത്.
സ്ത്രീകളുടെ സാമൂഹ്യ പദവി ഉയർത്തുന്നതിൽ അവരുടെ സാമ്പത്തിക നിലയും പ്രധാനമാണ്. അതുകൊണ്ടുതന്നെ വേതനം കിട്ടുന്ന തൊഴിലുകളിൽ സ്ത്രീകളെ എത്തിക്കുകയെന്നത് പ്രധാനമാണ്.
നാലാമത് അന്താരാഷ്ട്ര പഠന കോൺഗ്രസിന്റെ മുഖ്യലക്ഷ്യങ്ങളിൽ ഒന്ന് പുതിയ വളർച്ചാ മേഖലകളിൽ വമ്പൻ കുതിപ്പ് നേടുന്നതിനുള്ള ഉത്തരംതേടുകയെന്നതായിരുന്നു. കമ്പോളം സ്വതന്ത്രമാക്കി കോർപ്പറേറ്റുകൾക്ക് കാഴ്ചവയ്ക്കുന്ന യുഡിഎഫ് നയത്തിൽ നിന്നും വിഭിന്നമായി പൊതുനിക്ഷേപവും സാമൂഹ്യ നിയന്ത്രണത്തിലുള്ള നിക്ഷേപവും വർധിപ്പിക്കുന്നതിനുള്ള തന്ത്രമായിരുന്നു എൽഡിഎഫ് സ്വീകരിച്ചത്. പ്രധാന തടസ്സമായി നിലകൊണ്ടത് മെച്ചപ്പെട്ട പശ്ചാത്തലസൗകര്യങ്ങളുടെ കുറവു തന്നെയായിരുന്നു. സമ്പത്തിന്റെ പ്രധാന പങ്കും സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്നതിനാൽ പശ്ചാത്തല വികസനത്തിന് മതിയായ പണം ചെലവഴിക്കാൻ കഴിയാറില്ല. 1970കളിലെ വ്യവസായ എസ്റ്റേറ്റുകൾ, വേഗത കുറഞ്ഞ റോഡ്- – റെയിൽ ഗതാഗത സൗകര്യങ്ങൾ, വൈദ്യുതി രംഗത്തെ കുറഞ്ഞ ട്രാൻസ്മിഷൻ തുടങ്ങിയ പരിമിതികളെ മുറിച്ചുകടക്കാൻ വേണ്ട പ്രായോഗിക തന്ത്രം തയ്യാറാക്കുകയായിരുന്നു 2016 ജനുവരിയിൽ നടന്ന നാലാമത് പഠന കോൺഗ്രസ്.
വികസനത്തിൽ വിജ്ഞാന ഘടനയുടെ പങ്ക്
ക്ഷേമത്തിൽ മാത്രമല്ല സാമ്പത്തിക വളർച്ചയിലും മുന്നിൽ നിൽക്കുന്ന പ്രദേശമായി കേരളത്തെ മാറ്റുന്നതിനായി സ്വീകരിക്കുന്ന നടപടികളുടെ ചുരുക്കമാണ് വിജ്ഞാന സമ്പദ്ഘടന.
ഇതേക്കുറിച്ച് തോമസ് ഐസക്കിന്റെ അഭിപ്രായം കടമെടുത്താൽ, വിജ്ഞാനസമ്പദ്-ഘടന എന്നാൽ നിലവിലുള്ള പരമ്പരാഗത സമ്പദ്ഘടനയിൽ ശാസ്ത്ര – സാങ്കേതികവിദ്യകൾ സന്നിവേശിപ്പിച്ച് അവയെ കൂടുതൽ വിജ്ഞാനസാന്ദ്രമാക്കുകയാണ്. അതുവഴി മൂല്യവർദ്ധനവിനോടൊപ്പം ജനങ്ങളുടെ വരുമാനവും വർദ്ധിക്കും. വിജ്ഞാനത്തിന്റെയും നൈപുണിയുടെയും അടിസ്ഥാനത്തിൽ ആധുനിക നൂതന വ്യവസായങ്ങൾ കേരളത്തിൽ വേണം. നിലവിലുള്ള കൃഷി, വ്യവസായം, സേവനം എന്നിവയുടെ സാങ്കേതികാടിത്തറയും സമൂലമായി നവീകരിക്കണം.
ഇതെങ്ങനെ സാധ്യമാകും?
കേരളത്തിന്റെ വികസനത്തിന് നമുക്ക് അനുയോജ്യമായ വ്യവസായ തുറകളുടെ വികസനം ലക്ഷ്യമാക്കി കോർപ്പറേറ്റ് മൂലധനത്തെ ആകർഷിക്കാൻ കഴിയണം. അതായത് ഐടി,ബിടി പോലെയുള്ള വൈജ്ഞാനിക മേഖലകൾ, ലൈറ്റ് എൻജിനീയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ പോലുള്ള വൈദഗ്ധ്യ വ്യവസായങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കൽ, ടൂറിസം ഉൾപ്പെടുന്ന സേവനമേഖലകൾ എന്നിവയിലായിരിക്കണം പ്രധാന നിക്ഷേപങ്ങൾ.
ഇതിനായി ചില മാറ്റങ്ങൾ അനിവാര്യമാണ്:
1. വ്യവസായ സൗഹൃദമായി വൈദ്യുതി, ഇന്റർനെറ്റ്, വ്യവസായ പാർക്കുകൾ, ഗതാഗത സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തണം.
2. ആരോഗ്യകരമായ തൊഴിൽ മേഖലയുടെ പ്രോത്സാഹിപ്പിക്കണം.
3. ഇവയ്ക്കാവശ്യമായ വൈദഗ്ധ്യമുളള തൊഴിൽ ശേഷി ഉറപ്പാക്കൽ.
പുറത്തുനിന്നുള്ള മൂലധനത്തെ മാത്രമാശ്രയിച്ചു മുന്നോട്ടു പോകാനാവില്ല എന്നതാണ് ഗൗരവമായി ചിന്തിക്കേണ്ട മറ്റൊരു കാര്യം.
എല്ലാ മേഖലകളിലും നൂതനത്വം കൊണ്ടുവരാനുള്ള ഒരു കർമ്മപരിപാടി അനിവാര്യമാണ്. വിദഗ്-ധരോടൊപ്പം അനുഭവസമ്പത്തുള്ള, നൂതന ചിന്തകളുള്ള കർഷകർക്കും തൊഴിലാളികൾക്കും മറ്റുള്ളവർക്കും ഇതിൽ പങ്കാളികളാകാൻ കഴിയണം. ഒരു പുതിയ തലമുറ സംരംഭകർ തന്നെ കേരളത്തിന് അനിവാര്യമാണ്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ മുൻകൈയിൽ നൂതനവിദ്യകളെ ആസ്പദമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകൾക്ക് വളരാനുള്ള അന്തരീക്ഷമുള്ള ഇടമായി കേരളത്തെ മാറ്റേണ്ടതുണ്ട്.
പശ്ചാത്തല വികസനത്തിന് കിഫ്ബി
വരുന്ന 10-15 കൊല്ലക്കാലം കൊണ്ട് ഇന്ത്യയിലെ മുൻനിര സംസ്ഥാനങ്ങൾക്കൊപ്പം മികച്ച പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി കേരളത്തെ മുന്നിലെ ത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കിഫ്ബിയായിരുന്നു പശ്ചാത്തലസൗകര്യ വികസനത്തിനുള്ള പഠന കോൺഗ്രസിന്റെ പ്രായോഗിക ഇടപെടൽ. ബജറ്റിന് പുറത്ത് വായ്പയെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച പരിപാടിയായിരുന്നല്ലോ കിഫ്ബി. വികസനം വരണമെങ്കിൽ ആദ്യം വേണ്ടത് അടിസ്ഥാനസൗകര്യമൊരിക്കൽ ആണ്. അതിൽ പ്രധാനം റോഡാണ്. ഇനിയൊന്ന് വൈദ്യുതിയാണ്. വ്യവസായ കേന്ദ്രങ്ങളാകേണ്ട ഇടങ്ങളിലേക്ക് വാഹനഗതാഗത സൗകര്യമില്ല. സംരംഭകര്‍ക്കും പ്രൊഫഷനലുകൾക്കും കടന്നുവരാൻ ഇത് തടസ്സമായിരുന്നു. തടസ്സമില്ലാതെ വൈദ്യുതി ഉറപ്പാക്കുക എന്നതോടൊപ്പം വ്യവസായ മേഖലയെ ഉൽപാദനക്ഷമമാക്കുക എന്നതുകൂടി ലക്ഷ്യമിട്ടിരുന്നു.
ഉന്നത വിദ്യാഭ്യാസവും വിജ്ഞാന സമ്പദ്ഘടനയും
വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിൽ അനിവാര്യമായ കാര്യം ഉന്നത വിദ്യാഭ്യാസരംഗത്തെ മികവുറ്റതാക്കലാണ്. വിജ്ഞാനോല്പാദനത്തിനൊപ്പം ഇന്നവേഷനും ചേർന്നതാകണം ഈ ഇടപെടൽ. ആഗോളതലത്തിൽ മികച്ച റേറ്റിങ്ങുള്ള സ്ഥാപനങ്ങളായി നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറണം. ഗവേഷണത്തിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ കടന്നുവരണം. കോളേജുകളുടെ പശ്ചാത്തല സൗകര്യം തന്നെ മാറ്റേണ്ടിയിരിക്കുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ വ്യാപ്തിയും ഗുണനിലവാരവും ഉയർത്തുക എന്നതാണ് ഇതിൽ പ്രധാനം. ഉന്നത വിദ്യാഭ്യാസം അക്കാദമിക പ്രവർത്തനവും ജ്ഞാന സമ്പദ്ഘടന സംരംഭക പ്രവർത്തനവും ആണ്. ഒരു ജ്ഞാന സംരംഭം സാധ്യമാക്കുന്നതിന് അറിവുല്പാദനത്തിലും ഗവേഷണത്തിലും കേന്ദ്രീകരിച്ച് അക്കാദമിക് സമൂഹം പ്രവർത്തിക്കേണ്ടിവരും. ഇങ്ങനെ അറിവുകളെ അടിസ്ഥാനപ്പെടുത്തി രൂപംകൊള്ളുന്ന സംരംഭങ്ങൾ വളർന്നുവരേണ്ടതുണ്ട്. സംരംഭങ്ങളായി മാറുന്ന സ്ഥാപനങ്ങളല്ല നമുക്കാവശ്യം മറിച്ച് അന്തർദേശീയ നിലവാരത്തിലുള്ള കഴിവും വൈദഗ്ധ്യവും കൈവരിച്ച് അറിവുകളുടെ ഉത്പാദനം നടത്താൻ കഴിയുന്ന അക്കാദമിക അന്തരീക്ഷത്തിന്റെ വികാസമാണ്. ഇന്ന് കോളേജുകളിൽ പഠിപ്പിക്കുന്ന ബിരുദ– ബിരുദാനന്തര ബിരുദ കോഴ്സുകൾ പ്രത്യേകിച്ച് ഒരു തൊഴിലിനും ആരെയും പ്രാപ്തരാക്കുന്നില്ല. ഇതിനായി അവരുടെ അടിസ്ഥാന വിഷയങ്ങളോടൊപ്പം തൊഴിലുമായും ഉൽപാദനപ്രക്രിയയുമായും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു നൈപുണ്യ വികസന പരിശീലന പരിപാടിക്ക് ഇന്നിപ്പോൾ സർക്കാർ തുടക്കമിട്ടിരിക്കുന്നു.
തുടർ വിദ്യാഭ്യാസം അനിവാര്യം
വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്കരണത്തോടൊപ്പം തന്നെ തുടർ വിദ്യാഭ്യാസത്തിന് നിയതമായ സംവിധാനം വാർത്തെടുക്കേണ്ടത് മർമ്മപ്രധാനമാണ്. എല്ലാവർക്കും തുടർ വിദ്യാഭ്യാസം വേണം. അതിൽ ഡോക്ടർമാരും എൻജിനീയർമാരും ആർക്കിടെക്ടുകളും കാർപെന്റർമാരും മേസ്തിരിമാരും കർഷകരും തുടങ്ങി എല്ലാവരും ഉൾപ്പെടണം. അതിലൂടെ മാത്രമേ പുതിയ കാലത്തെ മാറ്റങ്ങൾ ഉൾക്കൊള്ളാനാകുംവിധം അവരുടെ നെെപുണ്യം വർധിപ്പിക്കാൻ കഴിയൂ. അതിനായി സർവ്വകലാശാലകളും കോളേജുകളും സാങ്കേതിക സ്ഥാപനങ്ങളും തയ്യാറാവേണ്ടതുണ്ട്. കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തുമുള്ള വൈദഗ്ധ്യത്തെ സ്വീകരിക്കാൻ കഴിയുംവിധം ഇവരെ സജ്ജരാമാക്കാൻ ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റംവരണം.
വിദേശത്ത് തൊഴിൽ ലഭിക്കുന്നതിനുവേണ്ടി ചെറുപ്പക്കാർ പഠനം തന്നെ വിദേശത്താക്കുന്ന പ്രതിഭാസവും കണ്ടുതുടങ്ങിയിട്ടുണ്ട്. കേരളത്തിനുള്ളിൽത്തന്നെ നല്ല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഒരു വികസന തന്ത്രമാണ് ഇതിനായി നമുക്കാവശ്യം. ഇത് ലക്ഷ്യമിട്ടുകൊണ്ടുള്ള വിജ്ഞാന സമ്പദ്ഘടനയായി കേരളത്തെ മാറ്റുവാൻ കഴിയണം. അതിന്, നൈപുണിയുള്ള ഒരു തൊഴിൽ സേനയെ സൃഷ്ടിക്കുക എന്നതാണ് അനിവാര്യമായിട്ടുള്ളത്.
സ്ത്രീകളും തൊഴിലും
നാടിന്റെ വളർച്ചയിലും വികസനത്തിലും സ്ത്രീകളുടെ പങ്ക് പ്രധാനമാണ്. സാമൂഹ്യമായ അംഗീകാരം സ്ത്രീകൾക്ക് കിട്ടണമെങ്കിൽ അവർ സാമ്പത്തികമായി ശാക്തീകരിക്കപ്പെടണം. തൊഴിലും വരുമാനവും അതിന് വഴിതെളിക്കും.സ്ത്രീകൾക്ക് സുസ്ഥിര വരുമാനവും അതുവഴി സാമ്പത്തിക സ്വാശ്രയത്വവും ഉറപ്പാക്കുകയെന്നത് പ്രധാന ലക്ഷ്യമാകണം. അതിനായി നിലവിലുള്ള അവരുടെ നൈപുണിയുടെ തോത് മനസ്സിലാക്കി അധിക നൈപുണി ആവശ്യമെങ്കിൽ മറ്റ് പുതിയ മേഖലകളിൽ നൈപുണി ഉറപ്പാക്കി തൊഴിലിനർഹരാക്കാൻ വേണ്ട ശ്രമങ്ങൾ ഉണ്ടാവണം.നിലവിൽ വിജ്ഞാന കേരളവും കുടുംബശ്രീയും നടത്തിവരുന്ന ഇടപെടലുകളെ ഒട്ടും കുറച്ചുകാണുന്നില്ല.
വളരുന്ന സമ്പദ്-വ്യവസ്ഥകൾക്ക് അനിവാര്യമായ ഒന്നാണല്ലോ തൊഴിൽ നൈപുണിയുള്ള മനുഷ്യ വിഭവ ശേഷി. കുറഞ്ഞത് 50 ശതമാനത്തിലധികം സ്ത്രീകൾ കൂടി തൊഴിലെടുക്കുന്ന സംസ്ഥാനമായി കേരളം മാറിയെങ്കിൽ മാത്രമേ വളരുന്ന കേരളം എന്ന സങ്കല്പനം നമുക്ക് യാഥാർഥ്യമാക്കാനാകൂ.
വിജ്ഞാന സമ്പദ്ഘടനയും
വിജ്ഞാന സമൂഹവും
വിജ്ഞാന സമ്പദ്ഘടന എന്നത് വിശാലമായ ഒരു സങ്കല്പനമാണ്. കേവലം സാങ്കേതിക നവീകരണം കൊണ്ടുമാത്രം നേടാവുന്നതല്ല അത്. ഈ നവീകരണ പ്രക്രിയയിൽ മുഴുവൻ സമൂഹത്തെയും ഉൾച്ചേർക്കാൻ കഴിയണം. കേരളം കൈവരിച്ച നേട്ടങ്ങളിലെല്ലാം ഇങ്ങനെയൊരു വികസന പാരമ്പര്യം അവകാശപ്പെടാൻ കഴിയും.
വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനത്തിന് നിലവിൽ അനവധി പ്രതിബന്ധങ്ങളുണ്ട്. അതിൽ പശ്ചാത്തല സൗകര്യങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും ഏറെക്കുറെ പരിഹാരം കാണാനായിട്ടുണ്ട്. തൊഴിലെടുക്കുന്നവർക്കും തൊഴിലനേ-്വഷകർക്കും വിജ്ഞാന സമ്പദ്ഘടനയ്ക്ക് ആവശ്യമായ നൈപുണി ഇല്ലാത്തതാണ് പ്രധാന വെല്ലുവിളി.
അതോടൊപ്പം തൊഴിലിടങ്ങളിലെ ഉയർന്ന സ്ത്രീ പങ്കാളിത്തവും ഉറപ്പാക്കേണ്ടതുണ്ട്. നാം ഇതുവരെ കൈവരിച്ച ക്ഷേമനേട്ടങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ സമ്പദ്ഘടനയെ നവീകരിക്കുന്നതിനും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും പ്രധാന ഊന്നൽ നൽകേണ്ടതുണ്ട്. അതിലേക്കുള്ള വലിയൊരു കാൽവയ്പാണ് വിജ്ഞാന കേരളം പദ്ധതി. ഇതിനെല്ലാമുള്ള പുതിയ മാനങ്ങൾ കണ്ടെത്താനുള്ള തന്ത്രം അഞ്ചാമത് അന്താരാഷ്ട്ര പഠന കോൺഗ്രസിലെ വിശദമായ ചർച്ചകളിൽനിന്നും സംവാദങ്ങളില നിന്നും ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കാം. l



