Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിവെനസ്വേലയിലെ അമേരിക്കൻ അധിനിവേശം 
കേരളത്തിൽനിന്നുള്ള 
ചില ചോദ്യങ്ങൾക്ക് മറുപടി

വെനസ്വേലയിലെ അമേരിക്കൻ അധിനിവേശം 
കേരളത്തിൽനിന്നുള്ള 
ചില ചോദ്യങ്ങൾക്ക് മറുപടി

ഡോ. ടി എം തോമസ് ഐസക്

വെനസ്വേലയിൽ ട്രംപ് നടത്തിയ ആക്രമണത്തിൽ ആഹ്ലാദിക്കുന്ന ഒരുപറ്റം മലയാളികളുണ്ട് എന്നത് കൗതുകകരമാണ്. വെനസേ-്വലയെക്കുറിച്ച്- ഞാൻ എഴുതിയ പോസ്റ്റുകൾക്കുകീഴിൽ കണ്ട കമന്റുകളിൽ ഭൂരിപക്ഷവും ഇവരുടേതാണ്. സോഷ്യൽ മീഡിയയിൽ ഇവരുടെ എണ്ണം വലുതാണെന്ന് offbeat concerns.com ചൂണ്ടിക്കാണിക്കുന്നു. ഈ കാര്യത്തിൽ ക്രിസംഘികളാണ് മുന്നിൽ. മോദിയെ തറ ലൈനിൽ ട്രംപ് മെഴുകിയതുകൊണ്ടാവാം സംഘികൾക്ക് വേണ്ടത്ര ആവേശമില്ല. ഇത്തരം പോസ്റ്റുകളെ വിലയിരുത്തിക്കൊണ്ട് offbeatconcerns.com എത്തിച്ചേർന്ന നിഗമനമിതാണ്. “പല പോസ്റ്റുകളും ഒരേ കണ്ടന്റുകൾ പങ്കുവയ്ക്കുന്നവയും, ആസൂത്രിത സ്വഭാവമുള്ളവയുമാണ്. മതപരമായ സ്വഭാവമുള്ളവയാണ് ഈ പേജുകളിൽ മിക്കവയും.”

1991 ൽ നിന്ന് കേരളം എത്രമാത്രം പുറകോട്ടുപോയി. അന്ന് സദ്ദാം ഹുസൈനോടൊപ്പം അമേരിക്കയ്‌ക്കെതിരെ കേരളം ഏതാണ്ട് ഒറ്റക്കെട്ടായിരുന്നു. ഇ.എം.എസ് ആണ് ഐക്യദാർഢ്യ മുദ്രാവാക്യം ഉയർത്തിയത്. കേരളം അത് നെഞ്ചിലേറ്റി. ഇന്നും ഇടതുപക്ഷംതന്നെ ഐക്യദാർഢ്യ പ്രകടനവുമായി മുന്നിൽ. പക്ഷേ, അതിനെ പുച്ഛിക്കാനും അപഹസിക്കാനും ഒരു തീവ്ര വലതുപക്ഷം കേരളത്തിൽ രൂപംകൊണ്ടിരിക്കുന്നു. എന്തൊക്കെയാണ് ട്രംപാരാധകരായ ഈ വലതുപക്ഷത്തിന്റെ പരിഹാസങ്ങൾ?

“അവിടെ ആഘോഷം. ഇവിടെ നിലവിളി.” മദൂറോയുടെ പതനം ആഘോഷിക്കുന്ന വീഡിയോകളും ചിത്രങ്ങളും അവർ പങ്കുവയ്ക്കുന്നു.

പക്ഷേ ഈ വീഡിയോകളെല്ലാംതന്നെ ഷാവേസിന്റെ കാലം മുതൽ നാടുവിട്ടുപോയ പിന്തിരിപ്പന്മാരുടെ ആഘോഷങ്ങളാണ്. വെനസ്വേലയിലാകട്ടെ പ്രതിഷേധം ഇരമ്പുകയാണ്. വെനസേ-്വലയിലെ പ്രതിപക്ഷംപോലും ട്രംപ് നടത്തിയ അട്ടിമറിയെ എതിർക്കുന്നു. ദേശീയ അസംബ്ലിയിലെ ചർച്ചകളിലും ഇതാണ് പ്രതിപക്ഷത്തെ വലിയൊരു വിഭാഗം സ്വീകരിച്ച നിലപാട്. അട്ടിമറിക്കുശേഷം നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 22% വെനസ്വേലൻ പൗരർ മാത്രമാണ് വിദേശ അമേരിക്കൻ ഇടപെടലിനെ പിന്താങ്ങുന്നത് എന്നാണ് തെളിഞ്ഞത്. എന്തിന്, ഇന്ന് പുറത്തുവന്ന അഭിപ്രായ സർവ്വേപ്രകാരം അമേരിക്കയിൽ പോലും 47% ജനങ്ങൾ ട്രംപിന്റെ അധിനിവേശത്തെ എതിർക്കുന്നവരാണ്. അനുകൂലിക്കുന്നവർ 21% വും.

“ഏകാധിപതിയായ ഒരു ഭരണാധികാരിയെ മാറ്റി ജനാധിപത്യം പുനഃസ്ഥാപിക്കുകയല്ലേ ചെയ്തത്? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശരിക്കും മദുറോ തോറ്റില്ലെ? ഇലക്ഷൻ കമ്മീഷനെകൊണ്ട് കൃത്രിമം കാണിച്ചു ജയിക്കുകയല്ലേ ചെയ്തത്?”

ആരാണിത് പറയുന്നത്? ട്രംപ്! 2020ലെ അമേരിക്കൻ തിരഞ്ഞെടുപ്പിൽ താനാണ് ജയിച്ചതെന്നുപറഞ്ഞു കലാപമുണ്ടാക്കിയ വീരൻ. മദുറൊയ്ക്കുപകരം സ്ഥാനാരോഹണം നടത്താൻ വേണ്ടി വെനസ്വേല പ്രതിപക്ഷ നേതാവ് മറിയ കോറിയ മച്ചാഡോയ്ക്ക് നൊബേൽ സമ്മാനം നൽകി ഒരുക്കിയിരുന്നു. എന്നാൽ അത്തരമൊരു അധികാര കൈമാറ്റം ട്രംപ് തന്നെയല്ലേ തള്ളിക്കളഞ്ഞത്. “അവർക്ക് ആ രാജ്യത്തിനുള്ളിൽ അത്തരം ബഹുമാനമോ പിന്തുണയോ ഉണ്ടെന്നു ഞാൻ കരുതുന്നില്ല” എന്ന് ട്രംപ് പറഞ്ഞപ്പോൾ അതൊരു വലിയ സെൽഫ് ഗോളായി മാറുകയായിരുന്നു.

“എന്തിനുവേണ്ടിയാണ് അമേരിക്കയുടെ വെനസേ-്വലയിലെ അധിനിവേശം?”|

കൊളോണിയൽ കൊള്ളയ്ക്ക് സമാനമായൊരു അധിനിവേശമാണ് അമേരിക്ക വെനസ്വേലയിൽ നടത്തിയത്. ട്രംപ് അത് മറച്ചുവയ്ക്കുന്നില്ലായെന്നു മാത്രമല്ല, വീമ്പിളക്കുകയുമാണ്. മദുറോയെ ബന്ധനസ്ഥനാക്കിയശേഷം ട്രംപ് നടത്തിയ ആദ്യ പത്രസമ്മേളനത്തിൽ ഒരു റിപ്പോർട്ടർ ചോദിക്കുന്നു: “അമേരിക്ക ആ രാജ്യം ഭരിക്കുന്ന വേളയിൽ അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യം അവിടെ ഉണ്ടാകുമോ?”

ട്രംപിന്റെ മറുപടി ഇതാണ്: “എണ്ണയുമായി ബന്ധപ്പെട്ട് വെനസ്വേലയിൽ നമുക്ക് ശക്തമായ സാന്നിദ്ധ്യമുണ്ടാകും. അവിടെ മണ്ണിനടിയിൽ നിന്ന് ഭീമമായ സമ്പത്ത് നമ്മൾ പുറത്തെടുക്കാൻ പോവുകയാണ്…. ആ രാജ്യം അമേരിക്കയ്ക്ക് ഉണ്ടാക്കിയ നഷ്ടത്തിന് പരിഹാരമായി അത് അമേരിക്കയ്ക്ക് കിട്ടിയേ തീരൂ.” ലോകത്തേറ്റവും കൂടുതൽ എണ്ണ കരുതൽ ശേഖരമുള്ള രാജ്യമാണ് വെനസേ-്വല. അതിന്റെ നിയന്ത്രണം കൈക്കലാക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. അതുവഴി അമേരിക്കയ്ക്ക് കടബാധ്യതകൾ കുറയ്ക്കാനാവും. ഡോളറിന്റെ തകർച്ച തടയാനാവും. ഇത്തരം വലിയ സ്വപ്നങ്ങളാണ് ട്രംപിനുള്ളത്.

വാൾസ്ട്രീറ്റ് ഉത്സാഹത്തിമിർപ്പിലാണ്. 1990-കളിൽ റഷ്യയിലേക്ക് തിക്കിത്തിരക്കിട്ട് അമേരിക്കൻ മുതലാളിമാർ പോയതിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ കമ്പനികളുടെ 20 അംഗ സംഘം വെനസ്വേലയിലേക്ക് പോകുന്നുവെന്ന് ആദ്യദിനംതന്നെ വാൾസ്ട്രീറ്റ് ജേർണൽ പത്രം വെളിപ്പെടുത്തിക്കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ ഒരു ക്രിസംഘി പോസ്റ്റർ പറയുന്നത് ഇതാണ്. “കത്തോലിക്ക സഭയെ നിരന്തരം പീഡിപ്പിച്ച, മയക്കുമരുന്ന് മാഫിയയ്ക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയ, ഇടതുപക്ഷ ആശയങ്ങൾ പിന്തുടർന്ന, മദുറോയെ വെനസേ-്വലയിൽ നിന്നും റാഞ്ചി ട്രംപ്.”

ഇവർ പോപ്പ് പറഞ്ഞതെങ്കിലും ഒന്ന് വായിക്കട്ടെ. ജനുവരി 4 ന് പോപ്പ് ലിയോ പതിനാലാമൻ വത്തിക്കാൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് ഇപ്രകാരമാണ്: “വെനസേ-്വലയിലെ സംഭവവികാസങ്ങൾ അതീവ ഉത‍-്കണ്ഠയോടെയാണ് ഞാൻ വീക്ഷിക്കുന്നത്… ബലപ്രയോഗം പാടില്ല. നീതിയുടെയും സമാധാനത്തിന്റെയും പാത വേണം. ഒരു രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കണം. ഭരണഘടനയിൽ അധിഷ്ഠിതമായ നിയമവാഴ്ച ഉറപ്പുവരുത്തണം….”

“അമേരിക്കയിലേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തിയതിന്റെ പേരിലാണ് മദുറോയെ അമേരിക്ക കസ്റ്റഡിയിലെടുത്തത്. ഇനി കോടതി തീരുമാനിക്കട്ടെ.”

മൊത്തം മയക്കുമരുന്ന് കള്ളക്കടത്തിൽ ചെറിയൊരു വിഹിതമേ വെനസേ-്വല വഴിയുള്ളൂ. അതിന്റെ സൂത്രധാരനാണ് രാജ്യത്തിന്റെ പ്രസിഡന്റ് എന്നുപറയുന്നത് എന്തസംബന്ധമാണ്. “സൂര്യന്മാരുടെ കാർട്ടൽ” എന്നതിന്റെ തലവനാണ് മദൂറോ എന്നായിരുന്നു ട്രംപിന്റെ കുറ്റാരോപണം. ഇപ്പോൾ അങ്ങനെയൊരു കാർട്ടലില്ല അതൊരു സങ്കൽപ്പമാണെന്നാണ് കോടതിയിൽ പറയുന്നത്. ട്രംപിനുള്ള മറുപടി മദൂറോ കോടതിയിൽ തന്നെ പറഞ്ഞുകഴിഞ്ഞു. ‘”ഞാൻ സർ, നിക്കോളസ് മദുറോ ആണ്. ഞാൻ വെനസേ-്വല റിപ്പബ്ലിക്കിന്റെ പ്രസിഡന്റും യുദ്ധത്തടവുകാരനുമാണ് ജനുവരി 3 മുതൽ എന്നെ ഇവിടെ തട്ടിക്കൊണ്ടുവന്നിരിക്കുകയാണ്. എന്നെ കാരക്കാസിലെ എന്റെ വീട്ടിൽ വെച്ചാണ് പിടികൂടിയത്”

ബ്രസീലും ചൈനയും പോലുള്ള രാജ്യങ്ങൾ ഉന്നയിച്ചതുപോലെ ഇവിടെ ഉയരുന്ന ഏറ്റവും ഗൗരവമായ ചോദ്യമിതാണ്; ഇത്തരത്തിൽ ഏകപക്ഷീയമായി ഒരു പരമാധികാര രാജ്യത്തിനുള്ളിൽ കടന്നാക്രമണം നടത്താനും അവിടുത്തെ ഭരണാധികാരിയെ തടവിലാക്കാനും സ്വന്തം രാജ്യത്ത് കൊണ്ടുപോയി വിചാരണ നടത്താനും ഏതെങ്കിലും രാജ്യത്തിന് അവകാശമുണ്ടോ? എല്ലാ സാർവ്വദേശീയ നിയമങ്ങൾക്കും വിരുദ്ധമാണ് അമേരിക്കയുടെ നടപടി.

പുതിയ ന്യുയോർക്ക് മേയർ സൊഹ്റൻ മംമ്ദാനി ഏറ്റവും ശക്തമായ പ്രസ്താവനയാണ് ഇറക്കിയത്: “ഒരു പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധപ്രഖ്യാപനമാണ്. രാജ്യത്തെ ഫെഡറൽ നിയമത്തിന്റെയും അന്തർദേശീയ നിയമത്തിന്റെയും ലംഘനമാണ്.”

അമേരിക്കയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ് ബേണി സാൻഡേഴ്സ് ട്രംപിന്റെ നടപടിക്ക് അമേരിക്കൻ നിയമത്തിന്റെ പിന്തുണയില്ലായെന്നാണ് പ്രസ്താവിച്ചിരിക്കുന്നത്. അമേരിക്കൻ കോൺഗ്രസിന് മാത്രമേ യുദ്ധപ്രഖ്യാപനത്തിന് അവകാശമുള്ളൂ.

“ലോകത്തെ എണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ ആദ്യ 10 ൽ ഇന്നും വെനസേ-്വല ഉണ്ട്. ഇതേ എണ്ണ വിറ്റിട്ടാണ് ഗൾഫ് രാജ്യങ്ങൾ സമ്പന്നമായത്. പക്ഷേ വെനസേ-്വല മാത്രം കട്ടദാരിദ്ര്യത്തിലേയ്ക്ക് പോയതിന്റെ കാരണം നിങ്ങൾക്കറിയുമോ? അവിടെ കമ്യൂണിസ്റ്റ് ആണ് ഭരിക്കുന്നത്. കമ്യൂണിസ്റ്റിനു എവിടെയും ദാരിദ്ര്യം നൽകാനേ സാധിക്കൂ.”

ആദ്യത്തെ 10 ൽ ഒന്നല്ല ഏറ്റവും കൂടുതൽ എണ്ണ ഉള്ള രാജ്യമാണ് വെനസേ-്വല. പക്ഷേ ആ സമ്പത്ത് മുഴുവൻ 1990 കളുടെ അവസാനം വരെ പൂർണ്ണമായി അമേരിക്കൻ എണ്ണക്കമ്പനികളുടേതായിരുന്നു. ദക്ഷിണ അമേരിക്കയിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനം ഉള്ള രാജ്യമായിരുന്നു വെനസേ-്വല. പക്ഷേ ഈ വരുമാനത്തിന്റെ നല്ലൊരു പങ്കും അമേരിക്കയിലേക്കായിരുന്നു പോയിരുന്നത്. 1999 ൽ അധികാരത്തിൽ വന്ന ഷാവേസ് എല്ലാ സ്വകാര്യ കമ്പനികളിലും സർക്കാർ ഷെയറും, നിയന്ത്രണങ്ങളും വേണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. എണ്ണ വരുമാനം രാജ്യത്തിന്റെ വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.

ഇതിന്റെ ഫലമായി 1999 ൽ 100 ബില്യൺ ആയിരുന്ന ദേശീയ വരുമാനം 2019 ആയപ്പോഴേയ്ക്കും 400 ബില്യണായി. എന്നിട്ടും തുടർന്നങ്ങോട്ട് സാമ്പത്തിക തകർച്ചയുടെ കാലമായിരുന്നു. കാരണം അമേരിക്ക ഉപരോധം ഏർപ്പെടുത്തി എണ്ണ വ്യാപാരം തകർത്തത്. 2020ൽ കോവിഡിനു മുൻപ് ദേശീയ വരുമാനം 100 ബില്ല്യണായി വീണ്ടും ചുരുങ്ങി.

ലോക ചരിത്രത്തിൽ ഇതുപോലൊരു സാമ്പത്തിക തകർച്ച മറ്റൊരു രാജ്യത്തിനും നേരിടേണ്ടി വന്നിട്ടില്ല. ഈ തകർച്ച സൃഷ്ടിച്ച അമേരിക്കൻ ഉപരോധത്തെ ഈ ട്രംപ് അനുകൂലികൾ തമസ്കരിക്കുന്നു. അതിനുപകരം ഇലോൺ മസ്കിനെപോലുള്ളവർ ‘X’ ലെ ചിത്രങ്ങളിലൂടെയെല്ലാം പങ്കുവയ്ക്കുന്ന തകർച്ചയുടെ തലകീഴ്‌പ്പോട്ടുള്ള ചിത്രം വരച്ച് ആഘോഷിക്കുകയാണ്. അമേരിക്ക സൃഷ്ടിച്ച സാമ്പത്തിക തകർച്ച മൂലമുണ്ടായ ദുരിതത്തിലും, അസംതൃപ്തിയിലും വിപ്ലവഭരണകൂടം പിടിച്ചു നിന്നു എന്നുള്ളത് ക്യൂബയിലേതുപോലൊരു മഹാത്ഭുതമാണ്.

മറ്റൊരുവാദം “എണ്ണയിൽ നിന്നുള്ള വരുമാനം അറബ് രാജ്യങ്ങളിലേതുപോലെ സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടിയുള്ള നിക്ഷേപമാക്കുന്നതിനു പകരം ക്ഷേമ ചെലവുകൾക്കുള്ള എടിഎം മിഷ്യനായി ഉപയോഗിച്ചതിന്റെ ഫലമാണ് സാമ്പത്തിക തകർച്ച’’ എന്നാണ്. കേരളത്തിന് വെനസേ-്വലയുടെ അനുഭവം ഒരു പാഠം ആവണമെന്നും ജാഗ്രതപ്പെടുത്തുന്നുമുണ്ട്.”

ദക്ഷിണ അമേരിക്കയിലെ ഏറ്റവും സമ്പന്ന രാഷ്ട്രമായിരുന്നെങ്കിലും ജനങ്ങളുടെ ക്ഷേമമെടുത്താൽ ഏറ്റവും ദരിദ്ര രാജ്യമായിരുന്നു വെനസേ-്വല. ഈ ഒരു അവസ്ഥയാണ് ഷാവേസിനെ അധികാരത്തിൽ കൊണ്ടുവന്നത്. വിമർശകർ പറയുന്ന ‘കുറ്റങ്ങളെ’ല്ലാം ഷാവേസ് ചെയ്തിട്ടുണ്ട്. അവയുടെ ഫലങ്ങൾ കൂടി ഒന്ന് വായിച്ചോളൂ.

• 1998 ൽ ജിഡിപിയുടെ 11% ആയിരുന്ന സാമൂഹ്യക്ഷേമ ചെലവ് 2011 ൽ 22% ആയി.

• 2003 ൽ 55% ആയിരുന്ന ദാരിദ്ര്യം 2017 ൽ 23% ആയി താഴ്ന്നു.

• 2003 ൽ 25% ആയിരുന്ന അതിദാരിദ്ര്യം 2013 ൽ 7% ആയി താഴ്ന്നു.

• 1999 ൽ അസമത്വ സൂചിക 0.49 ആയിരുന്നത് 2013 ൽ 0.39 ആയി താഴ്ന്നു. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും താഴ്ന്ന നിരക്ക്.

• സമ്പൂർണ്ണ സാക്ഷരത കൈവരിച്ചു.

• ഉന്നതവിദ്യാഭ്യാസ എൻറോൾമെന്റ് ഇരട്ടിയായി.

• FAO യുടെ കണക്ക് പ്രകാരം പട്ടിണി പകുതിയായി.

• മാനവ വികസന സൂചിക 0.78 ആയി (83-–ാം റാങ്ക്)

• തൊഴിലില്ലായ്‌മ 1999 ൽ 16% ആയിരുന്നത് 2013 ൽ 8% ആയി കുറഞ്ഞു.
ഈ വളർച്ച തകർക്കാനാണ് അമേരിക്ക ഉപരോധമേർപ്പെടുത്തിയത്. ആ കടന്നാക്രമണം ഇന്ന് അട്ടിമറിയിൽ എത്തിനിൽക്കുന്നു. വെനസേ-്വലയെ താറടിക്കുന്നവരെ കേരളം ബഹിഷ്‌ക്കരിക്കണം. കാരണം അവർ വെനസേ-്വലയെ അല്ല കേരളത്തെയാണ് പരിഹസിക്കുന്നത്. ഷാവേസിന്റെ അല്ലെങ്കിലും അതുപോലെ മറ്റൊരു നവലോകം സൃഷ്ടിക്കാനാണ് കേരളം ശ്രമിക്കുന്നത്.

“പോപ്പുലർ കമ്യൂണിസം’ സഖാവേ, അതേ സാമ്പത്തിക വിഡ്ഢിത്തം തന്നെയാണ് കേരളത്തിലും നടക്കുന്നത്. പോരെങ്കിൽ പൊതുമുതൽ മോഷണവും, തീവ്രവാദ ശക്തികൾക്ക് പാലൂട്ടൽ വേറെയും. അതായത് അടിസ്ഥാനപരമായ സാമ്പത്തിക സിദ്ധാന്തങ്ങളെ അവഗണിച്ച് താൽക്കാലികമായി ജനങ്ങളെ സന്തോഷിപ്പിക്കാൻ യാതൊരു വീണ്ടുവിചാരവും ഇല്ലാതെ പണം വാരിക്കോരി ചെലവഴിക്കുക..! നമ്മുടെ നാട്ടിൽ വിജയൻ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കടമെടുത്ത് ക്ഷേമപെൻഷൻ കൊടുക്കുന്നതൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്… ഖേരളം ഒരു രാജ്യമല്ലാത്തതുകൊണ്ട് നമ്മൾ രക്ഷപ്പെട്ട് നിൽക്കുന്നു…!”

ഇതെഴുതിയവന് മിക്കവാറും കേരളത്തിന്റെ മേൽപ്പറഞ്ഞ നന്മകൊണ്ടാണ് ഇതുപോലെ എഴുതുവാനും, വാദിക്കുവാനുമുള്ള കഴിവ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സാധാരണക്കാർക്ക് സ്വപ്നം കാണാൻ മാത്രം കഴിയുന്ന ജീവിതനിലവാരം മലയാളിക്ക് ഉണ്ടാക്കികൊടുക്കാൻ കേരളത്തിന് കഴിഞ്ഞു.

ഒറ്റക്കണക്ക് മാത്രം; അമേരിക്കക്കാരന്റെ ഇരുപതിലൊന്ന് വരുമാനം മാത്രമല്ലേ ഒരു ശരാശരി മലയാളിക്കുള്ളൂ. പക്ഷേ ശിശുമരണ നിരക്കെടുത്താൽ കേരളത്തിൽ ജനിക്കുന്ന 1000 കുഞ്ഞുങ്ങളിൽ 5 കുഞ്ഞുങ്ങളേ ഒരു വർഷം പ്രായമാകുംമുമ്പ് മരിക്കുന്നുള്ളു. അമേരിക്കയിൽ ഈ നിരക്ക് 5.60 ആണ്. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 103 ഉം സുസ്ഥിരവികസന സൂചികയിൽ 109 ഉം മാനവ വികസന സൂചികയിൽ 130 ഉം ആണ്. കേരളത്തിന്റെ സ്ഥാനം ആകട്ടെ, പട്ടിണി സൂചികയിൽ 15-–25 ഉം സുസ്ഥിര വികസന സൂചികയിൽ 30 –- 40 ഉം മാനവ വികസന സൂചികയിൽ 50 –- 60 ഉം ആണ്.

ഇന്നിപ്പോൾ ഈ നേട്ടങ്ങളൊക്കെ നിലനിർത്തിക്കൊണ്ട് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വിജ്ഞാന സമ്പദ-്-വ്യവസ്ഥയായി കേരളത്തെ മാറ്റുന്നതിനുള്ള ശ്രമത്തിലാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ഇത് തടയാൻ സാമ്പത്തിക ഉപരോധം സംസ്ഥാനത്തിനുമേൽ കേന്ദ്രം അടിച്ചേൽപ്പിക്കുകയാണ്. വെനസേ-്വലയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോൾ കേരളം ഈ ബദൽ മാർഗത്തിലൂടെ തന്നെ മുന്നേറും എന്ന പ്രതിജ്ഞയും ഉണ്ട്.

“പക്ഷേ, മദുറോയുടെ കഥ കഴിഞ്ഞില്ലേ? വെനസ്വേലയുടെ സോഷ്യലിസ്റ്റ് മാർഗ്ഗം വഴിമുട്ടിയില്ലേ?”

ട്രംപിന് ഇനിയും വെനസ്വേലയെ കീഴടക്കാൻ ആയിട്ടില്ല. പ്രസിഡന്റ് മദുറോയെ ബന്ദിയാക്കാനേ കഴിഞ്ഞിട്ടുള്ളൂ. എന്തിന് മദുറോയെ പോലും കീഴടക്കാൻ ആയിട്ടില്ല. കയ്യിൽ വിലങ്ങുവെച്ച് ന്യൂയോർക്കിലെ തടവുകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന വേളയിൽ അദ്ദേഹം പറഞ്ഞത് ലോകം മുഴുവൻ കേട്ടു “Good Night and Happy New Year”.

മദൂറോ ബന്ദിയാക്കപ്പെട്ടെങ്കിലും വെനസേ-്വ
ലൻ സർക്കാർ അതേപടി തുടരുകയാണ്. പട്ടാളം സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. ബന്ദിയാക്കപ്പെട്ട പ്രസിഡന്റിനുപകരം സുപ്രീം കോടതി ഭരണഘടന പ്രകാരം വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് പ്രസിഡന്റായി ചാർജ് കൊടുത്തു. അവരുടെ രാഷ്ട്രീയ പശ്ചാത്തലം ഈ അവസരത്തിൽ പ്രസക്തമാണ്. അവരുടെ അച്ഛൻ 1976 ൽ പൊലീസ് പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഇടതുപക്ഷ ഗറില്ലാ നേതാവായിരുന്നു. അച്ഛനെ പീഡിപ്പിച്ചു കൊലചെയ്തതിന്റെ അൻപതാം വാർഷികമാണ് 2026. ചുമതലയേറ്റ ഡെൽസിയുടെ ആദ്യത്തെ പ്രസ്താവന ഇതായിരുന്നു. “വെനസ്വേലയ്ക്ക് ഒരു പ്രസിഡന്റേ ഉള്ളൂ. അദ്ദേഹത്തിന്റെ പേര് നിക്കോളാസ് മദൂറോ മോറോസ് എന്നാണ്”.

ട്രംപിനും വെനസ്വേലയിലെ ജനകീയ രോഷത്തെക്കുറിച്ച് തിരിച്ചറിവുണ്ട്. സത്യപ്രതിജ്ഞ ചെയ്ത ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ട്രംപിന് ഭീക്ഷണിപ്പെടുത്തേണ്ടി വന്നു. “അവർ ശരിയായിട്ടല്ല പ്രവർത്തിക്കുന്നതെങ്കിൽ വലിയ വില നൽകേണ്ടിവരും. ചിലപ്പോൾ മദുറോയെക്കാൾ വലിയവില.”

അമേരിക്കൻ പ്രസിഡന്റ് പത്രസമ്മേളനത്തിൽ വെനസ്വേലയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഇപ്രകാരമായിരുന്നു, “ശരിയും യുക്തിപരവും ആയ ഒരു അധികാര കൈമാറ്റം ഉണ്ടാകുന്നതുവരെ ഞങ്ങൾ ആ രാജ്യത്തെ ഭരിക്കും” (“We will run the country until such time as we can do a safe, proper and judicious transition’). എന്നാൽ നേരിട്ടുള്ള ഭരണത്തിൽ നിന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റൂബിയോ ഔപചാരികമായിത്തന്നെ പിൻവാങ്ങിക്കഴിഞ്ഞു. വെനസ്വേലയിലേക്ക് പോവാൻ കച്ചകെട്ടിയ വാൾ സ്ട്രീറ്റ് പ്രതിനിധികൾ യാത്ര മാറ്റിവെച്ചിരിക്കുകയാണ്.

അമേരിക്കയ്ക്ക് നേരിട്ട് ഭരിക്കണമെങ്കിൽ അഫ്ഗാനിസ്താനിലും, ഇറാഖിലും ഇറക്കിയതിനേക്കാൾ കൂടുതൽ പട്ടാളത്തെ ഇറക്കേണ്ടി വരും. അവിടുത്തെ സൈന്യത്തെ മാത്രമല്ല സായുധരായ ജനവിഭാഗങ്ങളെയും നേരിടേണ്ടിവരും. ഓരോ ചെറുപട്ടണവും തെരുവും യുദ്ധക്കളമായി മാറും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 × five =

Most Popular