ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ആശ്രയമായ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തോടെ ഇല്ലാതായി. 72 മണിക്കൂറിന്റെ ഇടവേളയിൽ പാർലമെന്റിന്റെ ഇരു സഭകളും വികസിത ഭാരത് ഗ്യാരന്റി ഫോർ റോസ്കാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) ( വി ബി – ജിറാം (ജി) ) പാസാക്കുകയും രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു. അതിസാധാരണക്കാരായ ഇന്ത്യൻ പൗരരുടെ ദാരിദ്ര്യനിർമാർജനത്തിനായി നിലവിലുള്ള ഏറ്റവും മികച്ച നിയമത്തെയാണ് ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്ര ബിജെപി സർക്കാർ ഇല്ലായ്മ ചെയ്തത്. സംഘപരിവാറിന്റെ വർഗ പക്ഷപാതിത്വം സമ്പന്നരോടാണ് എന്നത് ഉദ്ഘോഷിക്കുന്ന ഈ നടപടി, നമ്മുടെ നിയമനിർമാണത്തിലെ കറുത്ത അധ്യായമായി മാറുകയും ചെയ്തു.
ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ ഇടതുപക്ഷ അംഗബലം ഏറ്റവും കൂടുതൽ ലഭിച്ച 2004ലെ പൊതു തിരഞ്ഞെടുപ്പിന്റെ തുടർച്ചയിലാണ് ഇടതു പിന്തുണയോടെ മൻമോഹൻ സിംങ് അധികാരത്തിൽ വന്നത്. 2005 ആഗസ്ത് 23 ന് തൊഴിലുറപ്പ് ബിൽ ഏക കണ്ഠമായി പാസാക്കുമ്പോൾ അതിന്റെ ചാലകശക്തി ഇടതുപക്ഷമായിരുന്നു. 2005ൽ തന്നെ ഇതു സംബന്ധിച്ച നിയമനിർമാണം പൂർത്തീകരിക്കുകയും ചെയ്തു. തൊഴിലവകാശം മൗലികാവകാശമാക്കിയില്ലെങ്കിലും നിർദ്ദേശകതത്വത്തിലെ ആർട്ടിക്കിൾ 41പ്രകാരം സാമ്പത്തിക സ്ഥിതിക്കനുസരിച്ച് തൊഴിൽ അവകാശം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നു. സാമ്പത്തിക തുല്യതയും സാമൂഹിക തുല്യതയും ഉറപ്പാക്കുന്നതിൽ സ്ഥിര വരുമാനമുള്ള സുസ്ഥിരമായ ഒരു തൊഴിൽ അനിവാര്യമാണ്. എന്നാൽ എല്ലാതലങ്ങളിലും വലിയ തൊഴിൽരാഹിത്യം നിലനിൽക്കുന്നത് രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് നയിച്ചിരിക്കുന്നു. 2000 ത്തിനും 2023 ‘നുമിടയിൽ ഇന്ത്യൻ സമ്പന്ന വർഗത്തിന്റെ സമ്പത്തിൽ 62 ശതമാനം കണ്ട് വർദ്ധിച്ചപ്പോ പാവപ്പെട്ടവരുടെ ജീവിതനിലവാരം കുത്തനെ ഇടിയുകയാണ് ഉണ്ടായത്.
തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും നൂറുദിന തൊഴിൽ നിയമപരമായ അവകാശമായി ഉറപ്പു നൽകുന്ന നിലവിലുള്ള നിയമത്തിനുപകരം കേന്ദ്രസർക്കാരിന്റെ അനേകം ഗ്രാമവികസന പദ്ധതികളിൽ ഒന്നായി പുതിയ നിയമം മാറിയിരിക്കുന്നു. പഴയ നിയമമനുസരിച്ച് വേതന ചെലവ് പൂർണമായും കേന്ദ്രം വഹിക്കുമ്പോൾ പുതിയ നിയമപ്രകാരം 40% സംസ്ഥാനം വഹിക്കണമെന്ന സ്ഥിതി വന്നിരിക്കുന്നു.നിലവിലുള്ള നിയമപ്രകാരം ബജറ്റ് നീക്കിയിരിപ്പിനേക്കാൾ അധികം തുക ആവശ്യാനുസൃതം ചെലവഴിക്കാം എന്നതിൽ നിന്നും മാറ്റി അംഗീകരിച്ച പരിധിയിലേക്ക് ചുരുക്കുമ്പോൾ മഹാവ്യാധികളും പ്രകൃതി ദുരന്തങ്ങളും വരുമ്പോൾ കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകാൻ സാധിക്കാതെ വരുന്നു. 40% ചെലവ് വഹിക്കുന്ന സംസ്ഥാന സർക്കാരിന് പദ്ധതിയുടെ രൂപകല്പനയിലോ നിർവഹണത്തിലോ ഒരുതരത്തിലുമുള്ള പങ്കാളിത്തവും പുതിയനിയമം അനുവദിക്കുന്നില്ല. രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥയ്ക്കു മുകളിൽ അമിതാധികാരത്തിന്റെ ഒരു പുതിയ ചുവടുകൂടി കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുകയാണ്.
തൊഴിലുറപ്പ് നിയമം നടപ്പിലാക്കിയപ്പോൾ, സംസ്ഥാനങ്ങളിലെ പ്രഖ്യാപിത മിനിമം കൂലി ഈ പദ്ധതിയിൽ നൽകുമെന്ന പ്രഖ്യാപനം നടപ്പിലാക്കാൻ മാറിമാറിവന്ന കേന്ദ്ര സർക്കാരുകൾ തയ്യാറായില്ല.എന്നാലും ഇന്ത്യൻ പശ്ചാത്തലത്തിൽ തൊഴിലുറപ്പിൽ നൽകി വരുന്ന മിനിമം കൂലിയിൽ കുറഞ്ഞ കൂലി പോലും ഗ്രാമീണ ഇന്ത്യയിൽ ഗുണപരമായ മാറ്റം ഉണ്ടാക്കി. സ്ത്രീ തൊഴിലാളികളുടെ വരുമാന വർദ്ധനവ് ഗ്രാമീണ കുടുംബങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ നിലവാരത്തിൽ വളർച്ച ഉണ്ടാക്കുകയുണ്ടായി . കാർഷിക രംഗത്തെ ചൂഷണം കുറയുകയും തൊഴിലുറപ്പിന് പുറത്തുള്ള കൂലി ഘടനയിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്തു. എന്നാൽ ഗ്രാമീണ സമ്പന്ന വർഗം തൊഴിലുറപ്പ് പദ്ധതിയെ എതിർത്തു. ഇപ്പോൾ കാർഷിക തൊഴിൽ കാലത്ത് പദ്ധതി നിയമം വഴി നിർത്തിവയ്ക്കുമ്പോൾ തൊഴിൽ ഉടമകളുടെ ചൂഷണത്തിന് ഗ്രാമീണ തൊഴിലാളികളെ കേന്ദ്രസർക്കാർ തള്ളി വിടുകയാണ്. ഇത് സംഘപരിവാറിന്റെ വർഗ കാഴ്ചപ്പാട് വ്യക്തമാക്കുന്ന നടപടിയാണ്. യന്ത്രവൽക്കരണം വഴി നാട്ടിലെ തൊഴിലിടങ്ങളിൽ വൻ ഇടിവുണ്ടാകുന്ന സാഹചര്യംകൂടി കണക്കിലെടുക്കുമ്പോൾ ഈ നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്.
മോദി സർക്കാർ അധികാരമേറ്റ 2014 നു ശേഷം 46,700 കർഷകത്തൊഴിലാളികളാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യയിലെ ദരിദ്രരായ ജനവിഭാഗത്തിന് ഒരു ചെറു വരുമാനം എങ്കിലും നൽകാൻ കഴിയുന്നത് ഈ വിഭാഗത്തിന്റെ വാങ്ങൽശേഷിയിൽ ചലനം സൃഷ്ടിക്കും. തൊഴിലുറപ്പ് പദ്ധതിയിലെ 15.5 കോടി സജീവ തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ കിട്ടാൻ 2,25,000 കോടി രൂപ വേണം എന്നാണ് കണക്കാക്കപ്പെടുന്നത്.എന്നാൽ കേവലം 70,000 കോടി രൂപയാണ് ഈ ഇനത്തിൽ കഴിഞ്ഞ ബജറ്റിൽ നീക്കി വെച്ചത്.ഇതിൽ 8000 കോടി രൂപ മുൻവർഷത്തെ കൂലി ബാക്കിയായി നീക്കിവയ്ക്കേണ്ടിവന്നു. 100 ദിവസത്തെ തൊഴിലിനു പകരം 50 ദിവസത്തെ തൊഴിൽ പോലും നൽകാൻ കഴിഞ്ഞുമില്ല.കഴിഞ്ഞവർഷം തൊഴിലവസരം ലഭിച്ച 8.9 കോടി തൊഴിലാളികളിൽ ഒരു കോടി തൊഴിലാളികളുടെ ആവശ്യം കേന്ദ്രസർക്കാർ നിഷേധിക്കുകയാണ് ഉണ്ടായത്. ‘കുത്തകകൾക്ക് നികുതി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും അവരുടെ കിട്ടാക്കടം എഴുതിത്തള്ളുകയും ചെയ്യുമ്പോഴാണ് ജിഡിപിയുടെ 0.2 ശതമാനം മാത്രം നീക്കിവയ്ക്കുന്ന ഈ പദ്ധതിയിൽ തുടർച്ചയായ വെട്ടിക്കുറയ്-ക്കൽ കേന്ദ്ര ഗവൺമെന്റ് നടത്തിയത് യഥാസമയം കൂലി നൽകാതിരിക്കുക, തൊഴിലാളികളുടെ ജോലിഭാരം അടിക്കടി വർദ്ധിപ്പിക്കുക, സാങ്കേതികതയുടെ പേരിൽ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുക, കൂലി നിഷേധിക്കുന്ന തരത്തിൽ സാങ്കേതിക നൂലാമാലകൾ കൊണ്ടുവരിക തുടങ്ങി ഈ പദ്ധതി അനാകർഷകമാക്കാനുള്ള പ്രവർത്തനങ്ങൾ നരേന്ദ്രമോദി അധികാരത്തിൽ വന്ന 2014 മുതൽ നടപ്പിലാക്കി വരികയാണ്.
പുതിയ നിർദ്ദേശം അനുസരിച്ച് 125 ദിവസത്തെ തൊഴിൽ നൽകാൻ ഏകദേശം മൂന്നുലക്ഷം കോടി രൂപ വേണ്ടിവരും. സ്വാഭാവികമായും 1,20,000 കോടിരൂപ കണ്ടെത്താൻ സംസ്ഥാനങ്ങൾക്ക് ആവില്ല. ഇപ്പോഴത്തെ കേന്ദ്ര ബജറ്റിലെ നീക്കിയിരിപ്പ് 70,000 കോടി രൂപ മാത്രമാണ്. ചുരുക്കത്തിൽ, സംസ്ഥാനങ്ങൾ പണം നീക്കി വയ്ക്കുന്നില്ല എന്നാക്ഷേപിച്ച് തൊഴിൽ നൽകാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവച്ച് കേന്ദ്ര സർക്കാരിന് തലയൂരാനുള്ള സൂത്രപ്പണിയാണ് പുതിയ നിയമം .ഇന്ത്യയിൽ ഒരിടത്തും ഒരിക്കലും ഇപ്പോൾ പ്രഖ്യാപിച്ച ഈ പദ്ധതി നടപ്പിലാക്കാൻ ആവില്ല എന്നതാണ് യാഥാർത്ഥ്യം.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പദ്ധതി നടപ്പിലാക്കുന്നതിന് താൽപര്യം കാണിക്കുന്നില്ല. കേരളം, ആന്ധ്രപ്രദേശ്, കർണാടകം തുടങ്ങിയ ദക്ഷണേന്ത്യൻ സംസ്ഥാനങ്ങളിലാണ് താരതമ്യേന മികച്ച നിലയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്.
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്തിനാകെ മാതൃകയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27.67 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സർക്കാർ ഗ്രാമീണമേഖലയിലെ ജനങ്ങൾക്ക് തൊഴിലുറപ്പിലൂടെ ആശ്വാസമേകിയും പട്ടികജാതി/പട്ടികവർഗ കുടുംബങ്ങളുടെ തൊഴിൽദിനങ്ങളിൽ ദേശീയ ശരാശരിയെക്കാൾ ഉയരെയെത്തിയും, സോഷ്യൽ ഓഡിറ്റിങ്ങിൽ രാജ്യത്ത് ഒന്നാമതെത്തിയും ദരിദ്രരുടെ ഉപജീവനവുമായി ബന്ധപ്പെട്ട വിഭവാടിത്തറ ശക്തിപ്പെടുത്തുകയാണ്.
സംസ്ഥാനത്ത് 19.28 ലക്ഷം സജീവ കുടുംബങ്ങളിലായി 22.73 ലക്ഷം തൊഴിലാളികൾ ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ ഗുണഭോക്താക്കളിൽ 88 ശതമാനവും സ്ത്രീകളാണ്. 2024-25 സാമ്പത്തിക വർഷം 5,19,622 കുടുംബങ്ങൾ 100 തൊഴിൽദിനം പൂർത്തീകരിച്ചു. ഇക്കാര്യത്തിൽ ദേശീയ തലത്തിൽ രണ്ടാമതാണ് കേരളം.
ഈ രംഗത്ത് പട്ടികവർഗ കുടുംബങ്ങൾക്ക് 100 അധിക തൊഴിൽദിനങ്ങൾ ഉറപ്പാക്കുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. ട്രൈബൽ പ്ലസ് പദ്ധതി പ്രകാരം 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കുന്ന പട്ടികവർഗ കുടുംബങ്ങൾക്ക് സംസ്ഥാന വിഹിതമായി 100 അധിക തൊഴിൽദിനങ്ങൾ നൽകുന്നു. 2024-–25 സാമ്പത്തിക വർഷത്തിൽ 34,843 കുടുംബങ്ങളിലൂടെ 12.41 ലക്ഷം തൊഴിൽ ദിനങ്ങൾ ഈ രംഗത്ത് അധികമായി സൃഷ്ടിക്കാൻ കഴിഞ്ഞു.
കേരളത്തിൽ രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കുളള ക്ഷേമനിധി ബോർഡ് യാഥാർഥ്യമാക്കി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പെൻഷൻ, ചികിത്സാനുകൂല്യങ്ങൾ, മറ്റു ധനസഹായങ്ങൾ എന്നിവ ഉറപ്പുവരുത്താൻ ക്ഷേമനിധി ബോർഡ് മുഖേന കഴിയും. സുഭിക്ഷ കേരളം പദ്ധതിയിലൂടെ 2024-–25 സാമ്പത്തിക വർഷത്തിൽ 3,270 കാലിത്തൊഴുത്തുകൾ, 2,473 ആട്ടിൻകൂടുകൾ, 3,713 കോഴിക്കൂടുകൾ, 1,171 കാർഷിക കുളങ്ങൾ, 766 അസോള ടാങ്കുകൾ, സ്വയം തൊഴിലിൽ ഏർപ്പെടുന്നവർ/സംരംഭകർക്കായി 86 വർക്ക് ഷെഡുകൾ മുതലായവ തൊഴിലുറപ്പ് പദ്ധതി മുഖേന നിർമിച്ച് നൽകി. ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി 20,475 സോക്പിറ്റ്, 2,065 കമ്പോസ്റ്റ് പിറ്റ് എന്നിവ ലഭ്യമാക്കിയതിലൂടെ ഗ്രാമീണമേഖലയിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്ക് സഹായം ഉറപ്പാക്കാനുമായി.
രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് ക്ഷേമനിധി രൂപീകരിച്ചും തൊഴിൽദിനങ്ങൾ ഉറപ്പാക്കിയും മുന്നേറുന്ന കേരളം എല്ലാ പഞ്ചായത്തിലും സോഷ്യൽ ഓഡിറ്റിങ് നടത്തിയതിലൂടെ പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിൽ ഒന്നാം സ്ഥാനം സ്വന്തമാക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ എല്ലാ സംസ്ഥാനങ്ങളും വർഷത്തിലൊരിക്കൽ ഓഡിറ്റിങ് നടത്തുമ്പോൾ കേരളം ആറു മാസത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തി ശ്രദ്ധനേടുന്നു. പഞ്ചായത്തുകൾ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ ഗ്രാമസഭകൾ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കുന്ന നമ്മുടെ നാട്ടിൽ ഗ്രാമസഭകളും പബ്ലിക് ഹിയറിങ്ങുകളും സംഘടിപ്പിച്ചാണ് സോഷ്യൽ ഓഡിറ്റിങ് പൂർത്തിയാക്കുന്നത്.
പദ്ധതിയുടെ നിർവഹണം സംബന്ധിച്ച ഫയലുകളുടെ സൂക്ഷ്മപരിശോധന മുതൽ പണിസ്ഥലം വരെ നീളുന്നതാണ് ഓഡിറ്റിംഗ് പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങൾ. അപാകത കണ്ടെത്തിയാൽ പഞ്ചായത്തുമായി ചർച്ച ചെയ്തും പരിഹാരമാർഗങ്ങൾ കണ്ടെത്തിയുമാണ് ഓഡിറ്റിങ്ങ് പൂർത്തിയാക്കുന്നത്. ഇതിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ നിർവഹണം പൂർണതോതിൽ ഫലപ്രാപ്തിയിലെത്തിക്കുകയാണ് കേരളം.
എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥിതി ഇതല്ല.തൊഴിൽ ആവശ്യപ്പെട്ട് തൊഴിലാളികൾ സമര രംഗത്ത് വരുന്നിടത്ത് മാത്രമാണ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിൽ നൽകുന്നത്. പശ്ചിമ ബംഗാളിൽ മമതാ ബാനർജിയുടെ ഭരണത്തിലെ ചില അഴിമതികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ നിർത്തിവച്ചു. ഈ പദ്ധതി നിർത്തലാക്കുക എന്നു ലക്ഷ്യത്തോടുകൂടി ഒരു ദശാബ്ദമായി നരേന്ദ്രമോദി ഗവൺമെന്റ് പ്രവർത്തിച്ചുവരികയാണ്.
ഈ പ്രവർത്തനത്തിന്റെ സ്വാഭാവികമായ പരിണാമമാണ് പുതിയ വിബി–ജി റാം (ജി) നിയമം. ‘രാഷ്ട്രപിതാവിനോടുള്ള ആർഎസ്എസിന്റെ വിദ്വേഷം പ്രതിഫലിപ്പിക്കുന്ന തരത്തിൽ പുതിയ നിയമത്തിൽ നിന്നും ഗാന്ധിജിയുടെ പേര് മായ്ച്ചുകളഞ്ഞിരിക്കുന്നു. ദേശീയ പ്രസ്ഥാനത്തോട് പുറംതിരിഞ്ഞുനിന്ന ഹിന്ദുത്വ ശക്തികൾ എപ്പോഴും മറക്കാനാഗ്രഹിക്കുന്നത് ആ പ്രസ്ഥാനത്തിന്റെ കരുത്തായ മതനിരപേക്ഷതയാണ്. അതുകൊണ്ടുതന്നെ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച മഹാത്മജിയും പണ്ഡിറ്റ് നെഹ്റുവും കമ്യൂണിസ്റ്റുകാരും നിർവഹിച്ച ചരിത്രപരമായ പങ്കിനെ മായ്ക്കുകയും മറക്കുകയും ചെയ്യുന്ന തങ്ങളുടെ രാഷ്ട്രീയ നിലപാട് എപ്പോഴത്തെയുംപോലെ തന്നെ തൊഴിലുറപ്പു പദ്ധതിയെ ചവറ്റുകൊട്ടയിലേക്ക് എറിയുമ്പോഴും പ്രയോഗിക്കാൻ മോദി സർക്കാർ പ്രത്യേകം ശ്രദ്ധിച്ചു.
ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾക്കും ഫെഡറൽ തത്വങ്ങൾക്കും എതിരായി ഒരു പുതിയ നിയമം കൂടി വന്നിരിക്കുകയാണ്. തൊഴിൽ ദിനങ്ങൾ 125 ആയി വർദ്ധിപ്പിച്ചു എന്ന് പ്രചരിപ്പിച്ചുകൊണ്ട് ഒരു ദിവസത്തെ തൊഴിൽ പോലും നിയമപരമായി ഉറപ്പു നൽകാത്ത ഒരു പദ്ധതിയാണ് മോദി ഭരണം അടിച്ചേൽപ്പിക്കുന്നത്. അദാനിയുടേയും അംബാനിയുടെയും ഇന്ത്യയിൽ സാധാരണക്കാരുടെ അവകാശങ്ങൾക്ക് ഒരുറപ്പുമില്ലെന്ന് തൊഴിലുറപ്പുപദ്ധതി അവസാനിപ്പിച്ചുകൊണ്ട് മോദി ഭരണം പ്രഖ്യാപിച്ചു. തൊഴിലാളികളുടെ തൊഴിലവകാശങ്ങൾക്ക് ഉറപ്പു നൽകുന്ന വിവിധങ്ങളായ 29 തൊഴിൽ നിയമങ്ങളെ റദ്ദു ചെയ്ത് തൊഴിലാളിവിരുദ്ധ കോഡുകൾ അടിച്ചേൽപ്പിച്ച് ഒരു മാസം തികയുന്നതിനു മുൻപാണ് ഗ്രാമീണ ഇന്ത്യയിലെ പാവപ്പെട്ടവരുടെ ജീവിതത്തെ നിരാധാരമാക്കുന്ന ഈ നിയമനിർമാണം മോദിസർക്കാർ നടത്തിയത്.
അതിവിപുലമായ ബഹുജന പ്രതിരോധവും പ്രക്ഷോഭവും മാത്രമാണ് ഇന്നത്തെ ഇന്ത്യയിൽ അതിജീവനമാർഗമായി ഉള്ളത്. ഈ സമര വഴിയിൽ ദശലക്ഷക്കണക്കിന് ഗ്രാമീണ ഇന്ത്യൻ തൊഴിലാളികളെ അണിനിരത്തി തൊഴിലാളി, കർഷക ബഹുജന ഐക്യ നിര രൂപപ്പെടുത്തി കേന്ദ്രസർക്കാരിന്റെ കടിഞ്ഞാണില്ലാത്ത ജനവിരുദ്ധതയെ തോൽപ്പിക്കുക എന്നത് അതീവപ്രധാനമായ രാഷ്ട്രീയ ഉത്തരവാദിത്വമാണ്. l



