തൊഴിലുറപ്പ് സംബന്ധിച്ച് ഞാൻ രണ്ട് കുറിപ്പുകൾ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെവന്ന സംഘി കമന്റുകൾക്കുള്ള മറുപടിയാണ് ഈ കുറിപ്പ്. കേരളത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ അത്താണിയായിട്ടുള്ള തൊഴിലുറപ്പ് ഇല്ലാതാകുന്നതിൽ ആഹ്ലാദിക്കുന്ന മനസാണ് ശരാശരി സംഘികളുടേത്. ചില സാമ്പിളുകൾ മാത്രമേ ഇവിടെ പരിശോധിക്കുന്നുള്ളൂ. പലതും നമുക്ക് അച്ചടിക്കാൻ കഴിയാത്തത്ര അറപ്പുളവാക്കുന്ന ഭാഷയിലാണ്. അവയെയൊക്കെ ഒഴിവാക്കി താരതമ്യേന മാന്യമായി ഉയർത്തിയ ചോദ്യങ്ങൾ മാത്രമേ പരിഗണിക്കുന്നുള്ളൂ.
രണ്ട് കർഷകത്തൊഴിലാളികൾ ഒരു ദിവസംകൊണ്ട് വൃത്തിയായി ചെയ്യുന്ന ജോലി ഇരുപത്തിയഞ്ച് പേർ വന്ന് വൃത്തിയില്ലാതെ കാട്ടിക്കൂട്ടുന്നതാണ് കേരളത്തിലെ തൊഴിലുറപ്പ്.”…… “തൊഴിലുറപ്പ് പദ്ധതി പണം വെറുതേ ചെലവാക്കുന്ന പദ്ധതിയായി കേരളത്തിൽ മാറി. ഇതൊക്കെ എന്നേ നിർത്തണം.
ഡയറക്ട് ഇൻകം ട്രാൻസ്ഫർ അല്ലേ ദാരിദ്ര്യനിർമാർജനത്തിന് മോദി വയ്ക്കുന്ന ഒറ്റമൂലി? വിവിധയിനം ദാരിദ്ര്യനിർമാർജന പരിപാടികൾ അവസാനിപ്പിക്കുക. ആ പണം പാവപ്പെട്ടവർക്ക് ഡിബിറ്റി (Direct Benefit Transfer) വഴി നേരിട്ട് എത്തിച്ചുകൊടുക്കുക. ഇതാണ് ഡയറക്ട് ഇൻകം ട്രാൻസ്ഫർ. ബിഹാർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 10000 രൂപ വെച്ചല്ലേ ഒരു കുടുംബത്തിലെ ഒരു സ്ത്രീക്കു വീതം അയച്ചുകൊടുത്തത്? കിസാൻ സമ്മാൻ എന്താണ്? 63000 കോടി രൂപ 6,000 രൂപ വീതം ഏതാണ്ട് 10 കോടി കർഷക കുടുംബങ്ങൾക്ക് നൽകുന്നു.
ഇവയെക്കാളെല്ലാം എത്രയോ മെച്ചമാണ് തൊഴിലുറപ്പ് പദ്ധതി. ഡയറക്ട് ഇൻകം ട്രാൻസ്ഫർ സ്കീമുകളുടെ മുഖ്യപരിമിതി ഗുണഭോക്തൃ കുടുംബത്തെ തെരഞ്ഞെടുക്കുന്നതിലാണ്. ഏറ്റവും വലിയ പ്രശ്നം ആരാണ് പാവപ്പെട്ടവർ എന്ന ചോദ്യമാണ്. എന്ത് മാനദണ്ഡം നിശ്ചയിച്ചാലും അനർഹർ കടന്നുകൂടും. ഇവിടെ ആ പ്രശ്നമില്ല. കൂലിവേലയ്ക്ക് പറമ്പിൽ ഇറങ്ങാൻ തയ്യാറുള്ളവർക്കല്ലേ തൊഴിലുറപ്പിൽ കൂലി കിട്ടുകയുള്ളൂ.
തൊഴിലുറപ്പിന് ഒന്നാം യുപിഎ സർക്കാർ രൂപംനൽകിയപ്പോൾ ആദ്യം ഉണ്ടായിരുന്ന നിർദ്ദേശം ബിപിഎൽ കുടുംബങ്ങൾക്കുവേണ്ടി പദ്ധതി പരിമിതപ്പെടുത്തണമെന്നതായിരുന്നു. ഇടതുപക്ഷമാണ് ഇതിനെ ശക്തമായി എതിർത്തത്. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ തൊഴിലെടുക്കാൻ തയ്യാറുള്ള ആർക്കും തൊഴിൽ നൽകണമെന്നതായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. പറമ്പിൽ കൂലിവേല ചെയ്യാൻ തയ്യാറുള്ളവർ പാവപ്പെട്ടവർ ആയിരിക്കുമല്ലോ. എന്ത് പോരായ്മയുണ്ടെങ്കിലും ഈ പണം നേരിട്ട് ഏറ്റവും പാവപ്പെട്ടവന്റെ കൈയിലേക്കല്ലേ പോകുന്നത്.
തൊഴിൽ ചെയ്യാൻ തയ്യാറുള്ളവർക്ക് തൊഴിൽ ലഭിക്കുവാൻ എല്ലാ സാഹചര്യവുമുള്ള ഒരു നാട്ടിൽ പ്രത്യേകിച്ച് ഒരു തൊഴിലുറപ്പ് പദ്ധതിയുടെ ആവശ്യമില്ല.
രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. സിഎംഐഇയുടെ കണക്കുപ്രകാരം 2025-ലെ തൊഴിലില്ലായ്മാ നിരക്ക് 8 ശതമാനമാണ്. ഇത് തൊഴിലില്ലാത്തവരുടെ എണ്ണം. എന്നാൽ തൊഴിൽ അന്വേഷിക്കുകപോലും ചെയ്യാതെ വീട്ടിലിരിക്കുന്നവരുടെ കാര്യമോ? രാജ്യത്തെ15 വയസിനു മുകളിലുള്ളവരിൽ 55 ശതമാനമേ തൊഴിലെടുക്കുന്നുള്ളൂ. ലോകത്തെ ഏറ്റവും താഴ്ന്ന തൊഴിൽ പങ്കാളിത്തനിരക്ക് ഇന്ത്യയിലാണ്. ഈ ഇന്ത്യയെക്കുറിച്ചാണ് തയ്യാറുള്ളവർക്കെല്ലാം ജോലി ലഭിക്കാനുള്ള സാഹചര്യമുണ്ടെന്നു പറയുന്നത്.
ഈ പരിപാടി നിർത്തുകയാണ് നല്ലത്. നാട്ടിലെ സമ്പന്ന ആളുകളുടെ പറമ്പ് വൃത്തിയാക്കലാണ് തൊഴിലുറപ്പുകാരുടെ ജോലി.
എന്തെല്ലാം പണികളാണ് തൊഴിലുറപ്പിലൂടെ നടത്തിയെടുക്കാൻ കഴിയുകയെന്നതു സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങളുണ്ട്. അതല്ലാതെ എന്തെങ്കിലും കാട്ടിക്കൂട്ടിയാൽ കൂലി ലഭിക്കില്ല. ഇപ്പോഴാണെങ്കിൽ കർശനമായ ഡിജിറ്റൽ മേൽനോട്ട സംവിധാനവുമുണ്ട്. സമ്പന്നരുടെ പറമ്പ് പറ്റില്ല. സൂക്ഷ്മ – ചെറുകിട – കൃഷിക്കാരുടേതേ പറ്റൂ. കേരളത്തിൽ മഹാഭൂരിപക്ഷംപേരും സൂക്ഷ്മ – ചെറുകിട – കൃഷിക്കാരാണ്. ഉടമസ്ഥരുടെ പറമ്പുകൾ ഒറ്റത്തവണ കൃഷിയോഗ്യമാക്കുന്നതിനും റോഡിന്റെ അതിര് വെട്ടുന്നതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. പണിയെടുക്കുന്നവരെ വെറുതെ അപമാനിക്കല്ലേ.
തൊഴിലുറപ്പിലൂടെ ആസ്തി സൃഷ്ടിക്കുന്നതാണ് അഭികാമ്യം. ഇപ്പോൾ കൂടുതൽ കൂടുതൽ തുക ആസ്തികൾ നിർമ്മിക്കുന്നതിലേക്കാണു ചെലവാക്കുന്നത്. പറമ്പും മറ്റും കൃഷിയോഗ്യമാക്കുന്നതിന്റെ തുടർച്ചയായി കുടുംബശ്രീ ജെഎൽജി ഗ്രൂപ്പുകൾ വലിയ തോതിൽ കൃഷിയും ചെയ്യുന്നുണ്ട്. ഈയൊരു സാഹചര്യത്തിൽ എന്തിനാണ് പുല്ലുവെട്ടിന്റെ കഥയുമായി ഇറങ്ങുന്നത്?
100 ദിവസത്തെ തൊഴിൽ ഗ്യാരണ്ടി 125 ദിവസമാക്കി ഉയർത്തുകയല്ലേ പുതിയ നിയമം ചെയ്യുന്നത്? ഇതിൽ എന്തിനാണ് പ്രതിഷേധിക്കുന്നത്?
100 ദിവസത്തിന്റെപ്പോലും ഗ്യാരണ്ടി ഇല്ലാതാക്കിയിരിക്കുകയാണ് പുതിയ നിയമം. ഇതുവരെ കേന്ദ്ര സർക്കാരിനായിരുന്നു 100 ദിവസത്തെ തൊഴിൽ നൽകാനുള്ള ബാധ്യത. സംസ്ഥാന സർക്കാരിന്റെ ചുമലിൽ വരിക സാധനസാമഗ്രികൾക്കു വേണ്ടിവരുന്ന തുകയുടെ 25 ശതമാനം മാത്രമായിരുന്നു.
തൊഴിലുറപ്പ് ഒരു അവശ്യാധിഷ്ഠിത സ്കീം ആയിരുന്നു. എന്നുവച്ചാൽ തൊഴിലിനുവേണ്ടി ആളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് 100 ദിവസം വരെ തൊഴിൽ നൽകും. അതുകൊണ്ട് തൊഴിലുറപ്പു പദ്ധതിയുടെ ചെലവ് ഒരിക്കലും മുൻകൂട്ടി നിശ്ചയിച്ച ബജറ്റ് അലോക്കേഷനിൽ ഒതുങ്ങുകയില്ല. ഉദാഹരണത്തിന്, കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്ര ബജറ്റിൽ നിശ്ചയിക്കപ്പെട്ട വകയിരുത്തൽ 86,000 കോടി രൂപയായിരുന്നു. യഥാർത്ഥത്തിൽ ചെലവായതോ ഒരു ലക്ഷത്തി നാലായിരം കോടി രൂപയും. കേന്ദ്രം അഡീഷണലായി ബജറ്റ് അലോക്കേഷൻ വകയിരുത്തിയാണ് ഇങ്ങനെ അധികമായി വേണ്ടിവരുന്ന തുക ഇതുവരെയും നല്കിയിരുന്നത്. എന്നാൽ ഇനി മുതൽ കേന്ദ്രത്തിന് ആ ബാധ്യത ഏറ്റെടുക്കേണ്ടതില്ല. അത് സംസ്ഥാനങ്ങൾ വഹിക്കണം.
കാരണം, പുതിയ നിയമപ്രകാരം പദ്ധതിയുടെ ആകെ ചെലവിന്റെ 60% കേന്ദ്രവും 40% സംസ്ഥാനങ്ങളുമാണ് വഹിക്കേണ്ടത്. തീർന്നില്ല, കേന്ദ്രം ഓരോ സംസ്ഥാനത്തിനും നിശ്ചയിച്ച അലോക്കേഷന്റെ 60% തുക മുടക്കുവാനേ കേന്ദ്രത്തിന് ബാദ്ധ്യതയുള്ളൂ. ബാക്കി 40% തുകയും, ഒപ്പം കേന്ദ്ര അലോക്കേഷനു മുകളിൽ അധികമായി വേണ്ടിവരുന്ന മുഴുവൻ ചെലവും, സംസ്ഥാനങ്ങൾ വഹിക്കണം.
ഇതുകൊണ്ടും അവസാനിച്ചില്ല. 100 ദിവസത്തെ പണി കൊടുത്തില്ലെങ്കിൽ സംസ്ഥാനങ്ങൾ നഷ്ടപരിഹാരം കൊടുക്കണം. ആ ബാധ്യതയും സംസ്ഥാനങ്ങളുടെ തലയിൽവച്ചുകെട്ടി. കേന്ദ്ര സർക്കാർ 100 ദിവസത്തെ പണി കൊടുക്കാമെന്നുപോലും ഉറപ്പുനൽകുന്നില്ല. അവർക്ക് ഇഷ്ടമുള്ള തുക നൽകും. സംസ്ഥാനം ബാക്കി കണ്ടെത്തിക്കോളണം. 60:40 എന്ന അനുപാതം ഒരു പുകമറ മാത്രമാണ്, യഥാർത്ഥത്തിൽ സംസ്ഥാനങ്ങൾ ആയിരിക്കും കൂടുതൽ പണം മുടക്കേണ്ടിവരിക.
കേരളത്തെ മറ്റൊരു ആപത്തുകൂടി കാത്തിരിപ്പുണ്ട്. ഗ്രാമപഞ്ചായത്തുകളെ കേന്ദ്രം A, B, C എന്നിങ്ങനെ ക്ലാസ്സിഫൈ ചെയ്യും. ഉദാഹരണത്തിന്, കൂടുതൽ നഗരവല്കരണം സംഭവിച്ച പഞ്ചായത്തുകളെ A കാറ്റഗറിയിലാണ് ഉൾപ്പെടുത്തുകയെന്നു വയ്ക്കുക. ആ പഞ്ചായത്തുകൾക്ക് സ്വാഭാവികമായും അലോക്കേഷൻ കുറവായിരിക്കുമല്ലോ. അടിസ്ഥാനസൗകര്യ വികസനത്തിലും നഗരവല്കരണത്തിലും ഒരുപാട് മുന്നോട്ടുപോയ കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളെയും അങ്ങനെയുള്ള കാറ്റഗറിയിൽഉൾപ്പെടുത്താൻ പുതിയ നിയമത്തിലെ വ്യവസ്ഥകൾപ്രകാരം കേന്ദ്രത്തിന് സാധിക്കും. കേരളത്തിന്റെ മൊത്തം അലോക്കേഷൻ തന്നെ വെട്ടിക്കുറയ്ക്കാനും അതിലൂടെ സാധിക്കും.
ഈ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാരിന്റേതായിരുന്നു അല്ലേ….? എന്നിട്ടായിരുന്നോ നിന്റെയൊക്കെ പാർട്ടിപരിപാടിക്ക് ആളെ കൂട്ടാൻ ആ പാവങ്ങളെ പണിയുടെ പേരും പറഞ്ഞ് പേടിപ്പിച്ചിരുന്നത്…..?
ഇന്ത്യൻ ഭരണഘടനയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും പ്രത്യേക ചുമതലകളുണ്ട്. എന്നാൽ സംസ്ഥാനത്തിനു ചുമതലയുള്ള മേഖലകളിൽ കേന്ദ്ര സർക്കാർ സ്കീമുകൾ ആവിഷ്കരിക്കുക പതിവായിട്ടുണ്ട്. യഥാർത്ഥത്തിൽ ധനകാര്യ കമ്മീഷൻ തീർപ്പുവഴി ഈ പണം സംസ്ഥാനങ്ങൾക്കു കൈമാറിയിട്ട് സ്കീമുണ്ടാക്കാൻ സംസ്ഥാനങ്ങളെ സഹായിക്കുകയാണു ചെയ്യേണ്ടിയിരുന്നത്. ഇതിനുപകരം കേന്ദ്രാവിഷ്കൃത പദ്ധതികൾക്കു രൂപംനൽകും. എന്നിട്ട് സംസ്ഥാനങ്ങൾക്ക് നടപ്പിലാക്കാൻ നൽകും. ഇങ്ങനെയൊരു പദ്ധതിയായിരുന്നു തൊഴിലുറപ്പ്.
തൊഴിലുറപ്പ് തൊഴിലാളികളെ മാത്രമല്ല, അങ്കണവാടിക്കാർ, ആശാ പ്രവർത്തകർ, പാചകത്തൊഴിലാളികൾ തുടങ്ങിയവരെയെല്ലാം ഞങ്ങൾ സംഘടിപ്പിക്കും. അതൊരു പുതിയ കാര്യമല്ല. അവർ പാർടിപരിപാടിക്കും വരും. പക്ഷേ, തൊഴിലുറപ്പ് തൊഴിലിന് ഹാജർവച്ചിട്ട് മറ്റു പരിപാടികൾക്ക് പോകാൻ കഴിയില്ല. പോരാത്തതിന് ഇപ്പോൾ ജോലിക്ക് ജിയോ ടാഗിങ്ങുമുണ്ട്. ഇത്തരം ചിന്തകളെല്ലാം തൊഴിലാളികളോടുള്ള സംഘികളുടെ പുച്ഛത്തിൽ നിന്നും വരുന്നതാണ്.
പഴയ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി ആരോപണങ്ങൾ ഏറെ. – material theft, മരിച്ചവരുടെയും നിലവിൽ ജോലി ചെയ്യാത്തവരുടെയും പേരിൽ കൂലി വാങ്ങൽ, fabricated മസ്റ്റർ റോളുകൾ, ജോലി പൂർത്തിയാക്കാതെ ബിൽ ക്ലെയിം ചെയ്യൽ തുടങ്ങിയ ക്രമക്കേടുകൾ അന്വേഷണങ്ങളിൽ കണ്ടെത്തി.
കേരളത്തിൽ ഇത്തരം ആക്ഷേപങ്ങൾ വളരെ പരിമിതമാണ്. നൂറ് ശതമാനം തൊഴിലുറപ്പ് പ്രവർത്തനങ്ങൾക്കും സോഷ്യൽ ഓഡിറ്റ് ബാധകമാക്കിയിട്ടുള്ള സംസ്ഥാനമാണ് കേരളം. അതിന് പ്രത്യേക സ്വതന്ത്ര ഏജൻസിയുമുണ്ട്. അവർ നിങ്ങൾ പറയുന്നതുപോലുള്ള ആരോപണങ്ങൾ അത്യപൂർവ്വമായേ കണ്ടെത്തിയിട്ടുള്ളൂ.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റിയതിന് ഇത്രയേറെ ബഹളംവയ്ക്കാൻ എന്തിരിക്കുന്നു?
വെറും പേരുമാറ്റം മാത്രമല്ല സംഭവിച്ചിരിക്കുന്നതെന്ന് കണ്ടുകഴിഞ്ഞുവല്ലോ. യഥാർത്ഥത്തിൽ പേരുമാറ്റം ഒരു അടവായിരുന്നു. ആദ്യം പറഞ്ഞത് ഗാന്ധിജിയുടെ പേരുതന്നെ തുടരുമെന്നായിരുന്നു. മഹാത്മാഗാന്ധിക്കുപകരം പൂജനീയ ബാപ്പുജി എന്നു വിളിക്കാനാണ് പരിപാടിയെന്നാണ് പ്രചരിപ്പിച്ചത്. പക്ഷേ, ഗാന്ധിജിയുടെ പേരുതന്നെ മാറ്റിയപ്പോൾ യഥാർത്ഥത്തിൽ അതിലായി ശ്രദ്ധ. പുതിയ നിയമത്തിലെ ജനദ്രോഹ വ്യവസ്ഥകളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ഒരു അടവു മാത്രമായിരുന്നു പേരുമാറ്റം. എന്നിട്ട് നൽകിയ പേരോ? ജി റാം ജി എന്ന്. കൃത്യമായ സംഘി മനസ്.
തൊഴിലുറപ്പ് നിയമം പാസ്സാക്കിയിട്ട് 20 വർഷമായില്ലേ? അതിനുശേഷമുണ്ടായ മാറ്റങ്ങൾക്കനുസരിച്ച് സ്കീമിലും മാറ്റം വരുത്തണ്ടേ? എല്ലാ കാലത്തേയ്ക്കും തൊഴിലുറപ്പ് അതേപോലെ തുടരണോ? നിർത്താനാണെങ്കിൽ എന്നേ നിർത്താമായിരുന്നു?
അധികാരത്തിലേറിയനാൾ മുതൽ ബിജെപി ആസൂത്രിതമായി തൊഴിലുറപ്പ് പദ്ധതിയെ തുരങ്കംവെച്ചുകൊണ്ടിരിക്കുകയായിരുന്നു. 2014, 2019, 2024 എന്നീ മൂന്ന് തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പ്രകടനപത്രികകളിലും തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ഒരു പരാമർശം പോലുമില്ല. 2015 ലെ ബജറ്റ് സമ്മേളനത്തിൽ മോദി പ്രസംഗിച്ചത്, “തൊഴിലുറപ്പ് പദ്ധതി കോൺഗ്രസിന്റെ അധികാരത്തിലുണ്ടായിരുന്ന 60 വർഷത്തെ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകമാണ്…… ഒരു മാസത്തിൽ ഏതാനും ദിവസങ്ങൾ കുഴികുത്തുന്ന പരിപാടി”എന്നാണ്. എന്നാൽ രാഷ്ട്രീയമായി പദ്ധതി നിർത്തലാക്കുവാൻ കഴിയാത്ത അവസ്ഥയായിരുന്നു. കോവിഡ് വന്നതോടെ പദ്ധതി വിപുലപ്പെടുത്താനും കേന്ദ്രസർക്കാർ നിർബന്ധിതമായി. പക്ഷേ, കോവിഡ് കഴിഞ്ഞപ്പോൾ ബജറ്റ് വിഹിതം വീണ്ടും വെട്ടിക്കുറയ്ക്കാൻ തുടങ്ങി.
2013-–14 ൽ 40,000 കോടി രൂപയായിരുന്നു അടങ്കൽ. അന്നത്തെ വിലനിലവാരവും മിനിമം കൂലിയും പ്രകാരം 300 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ ഇത് പര്യാപ്തമായിരുന്നു. 2023 -– 24 മുതൽ 86,000 കോടിരൂപയാണ് അടങ്കൽ. 2025 -– 26 ൽ ഈ തുകകൊണ്ട് വിലക്കയറ്റവും കൂലിവർധനവും കൂടി കണക്കിലെടുക്കുമ്പോൾ 210 കോടി തൊഴിൽ ദിനങ്ങളേ സൃഷ്ടിക്കാനാവൂ. ഇതുമൂലമാണ് 2022-–23-ൽ ശരാശരി 52 ദിവസം ജോലി കൊടുത്തത് 2024–-25-ൽ 45 ദിവസമായി കുറഞ്ഞത്. 2025-–26-ൽ 38–-40 ദിവസമായി വീണ്ടും കുറഞ്ഞു.
ഈയൊരു സാഹചര്യത്തിൽ തൊഴിൽതേടി വരുന്നവരെ തൊടുന്യായങ്ങൾ പറഞ്ഞ് ഒഴിവാക്കുകയോ, നടപടി ക്രമങ്ങൾ സങ്കീർണമാക്കി അവരെ ഒഴിവാക്കുകയോ ആണ് പരിഹാരമായി ബിജെപി കണ്ടത്.
കേന്ദ്ര സർക്കാർ MGNREGA അനാകർഷകമാക്കാൻ ചില നടപടികൾ സ്വീകരിച്ചു. തൊഴിലുറപ്പ് പ്രവൃത്തികൾ ജിയോ ടാഗ് ചെയ്ത് ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യണം. ഇതിനു പുറമേ, തൊഴിലാളികൾക്ക് ജിയോ ഫെൻസിങ് ഏർപ്പെടുത്തി. കാലത്തും ഉച്ചയ്ക്കും ജിയോടാഗ് കേന്ദ്രത്തിന്റെ 10 മീറ്റർ ചുറ്റളവിൽ വന്നുനിന്ന് ഫോട്ടോയെടുത്ത് ഓരോ തൊഴിലാളിയും അപ്‌ലോഡ് ചെയ്യണം. ഇതിനായി തൊഴിലാളികൾ അധികസമയം കണ്ടെത്തേണ്ടിവരും.
തൊഴിലാളികളുടെ ആധാർ ലിങ്ക് നിർബന്ധമാക്കി. ഓരോ തൊഴിലാളിയുടെയും അക്കൗണ്ടിലേക്ക് മാത്രമേ പണം നൽകൂ. അതിന് E-KYC നിർബന്ധം. ഇതിനെല്ലാമായി NMMS എന്ന ഒരു ആപ്ലിക്കേഷനും രൂപം നൽകി. ഏറ്റവും താഴെത്തട്ടിലുള്ള പരമദരിദ്രരെ സംബന്ധിച്ചിടത്തോളം ഈ നിബന്ധനകൾ പാലിക്കുന്നത് നന്നേ പ്രയാസമാണ്. ഇത് വലിയ രീതിയിലുള്ള കൊഴിഞ്ഞുപോക്കിന് ഇടയാക്കി.
ഇതൊക്കെമൂലം 2019–-20-നു ശേഷം 10.43 കോടി കുടുംബങ്ങളാണ് സ്‌കീമിൽ നിന്ന് നീക്കംചെയ്യപ്പെട്ടത്. പ്രതിഷേധത്തെ തുടർന്ന് 2024-–25-ൽ 1.31 കോടി കുടുംബങ്ങളെ ലിസ്റ്റിൽ പുനരധിവസിപ്പിച്ചു.
പുതിയ നിയമം വരുന്നതിനു മുമ്പ് എവിടെയാണ് ഉറപ്പായും തൊഴിൽ കൊടുത്തുകൊണ്ടിരുന്നത്? ചെറിയൊരു ശതമാനം പേർക്കല്ലേ 100 ദിവസത്തെ പണി കിട്ടിയിരുന്നുള്ളൂ?
നിയമപ്രകാരം ഡിമാൻഡിനനുസരിച്ച് തൊഴിൽ അവസരങ്ങൾ നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്. പക്ഷേ, ഫലത്തിൽ കാര്യങ്ങൾ മറിച്ചായി. ഡിമാൻഡ് അനുസരിച്ചല്ല ലേബർ ബജറ്റ് പഞ്ചായത്തുകളിൽ തയ്യാറാക്കുന്നത്. മറിച്ച് അവർക്ക് നൽകുന്ന അടങ്കൽ വിഹിതത്തിനനുസരിച്ചാണ്. താഴത്തുനിന്ന് തയ്യാറാക്കുന്ന ലേബർ ബജറ്റ് ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും ഏകോപിപ്പിച്ചു കേന്ദ്രത്തിനു സമർപ്പിക്കുന്നു. സംസ്ഥാനത്തിന് അനുവദിച്ച അടങ്കലിനേക്കാൾ കൂടുതലാണെങ്കിൽ വെട്ടിക്കുറയ്ക്കാൻ സംസ്ഥാനം ബാധ്യസ്ഥമാണ്. ചുരുക്കത്തിൽ, ഇപ്പോഴത്തെ ഡിമാൻഡ് അനുസരിച്ചല്ല ബജറ്റ് അടങ്കൽ അനുസരിച്ചാണ് തൊഴിൽ ലഭ്യമാവുന്നത്.
എത്ര ഡിമാൻഡ് ഉണ്ടെങ്കിലും അംഗീകൃത ലേബർ ബജറ്റിനെക്കാൾ കൂടുതൽ തൊഴിൽ നൽകാൻ കഴിയില്ല. തൊഴിൽ ചെയ്യുന്ന വേളയിൽ ഫോട്ടോകൾ ജിയോ ടാഗ് ചെയ്ത് അപ്‌ലോഡ് ചെയ്യണമല്ലോ? അലോക്കേഷൻ കഴിഞ്ഞാൽ സൈറ്റ് തുറന്നു കിട്ടുകയില്ല. ഡിമാൻഡ് അനുസരിച്ച് തൊഴിൽ നൽകാൻ കഴിയില്ല എന്ന് ചുരുക്കം. മാത്രമല്ല അടങ്കലിന്റെ 60% ത്തിൽ കൂടുതൽ ആദ്യ പകുതിയിൽ ചെലവഴിക്കാൻ പാടില്ല എന്നും പുതിയൊരു നിബന്ധനയുണ്ട്.
അപ്പോൾ പിന്നെ പുതിയ നിയമത്തിൽ എന്താണ് പുതുമ? തൊഴിലുറപ്പ് ഒരുകാലത്തും 100 ദിവസം തൊഴിൽ ഉറപ്പാക്കിയിട്ടില്ല. യുപിഎ സർക്കാരിന്റെ കാലത്തുപോലും. എന്തിനാണ് മോദിയുടെമേൽ കുതിര കയറുന്നത്?
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് അതിന്റെ സ്പിരിറ്റിൽ പ്രവർത്തിച്ചു. 2010-–11-ൽ 389 കോടി തൊഴിൽദിനങ്ങൾ നൽകിയത് ഒരു റെക്കോർഡ് ആയിരുന്നു. പക്ഷേ, അതിനുശേഷം 2011–-14 കാലത്ത് പി. ചിദംബരം തൊഴിലുറപ്പ് ബജറ്റ് 33000 കോടി രൂപയായി മരവിപ്പിച്ചു. സംസ്ഥാന മിനിമം കൂലിയുമായുള്ള തൊഴിലുറപ്പ് കൂലിയുടെ ബന്ധം വിച്ഛേദിച്ചു. ശരത് പവാർ ആകട്ടെ, കാർഷിക സീസണിൽ ജോലി കൊടുക്കുന്നത് മരവിപ്പിക്കുകയും ചെയ്തു. ബിജെപി ഈ പ്രവണതകൾ ശക്തിപ്പെടുത്തി. വിലക്കയറ്റത്തിനനുസരിച്ച് തുക വർദ്ധിപ്പിക്കാതായി. തൊഴിലുറപ്പിനെ കൂടുതൽ സങ്കീർണ്ണവും അനാകർഷകവുമാക്കി തീർത്തു.
ഇപ്പോൾതന്നെ ജിയോ ടാഗിങ്ങും ഫോട്ടോ എടുപ്പുംകൊണ്ട് പാവം തൊഴിലാളികൾ വലഞ്ഞിരിക്കുകയാണ്. അഴിമതി തടയാനെന്ന് പറഞ്ഞ് ക്ലേശ നടപടിക്രമങ്ങൾ പലമടങ്ങ് വർദ്ധിപ്പിക്കാനാണ് ബില്ലിൽ ശ്രമിക്കുന്നത്.
പിന്നെ, നിയമത്തിൽ എന്താണ് പുതുമ? പ്രയോഗത്തിൽ നടപ്പാക്കിയത് നിയമത്തിലും കൊണ്ടുവന്നു. അഥവാ de facto ആയത് de jure ആക്കി. മാത്രമല്ല, തൊഴിലുറപ്പിന്റെ ചുമതലയിൽ നിന്നും കേന്ദ്രം പിന്മാറി. പകരം അത് സംസ്ഥാനങ്ങളുടെ തലയിൽവച്ചുകെട്ടി.
കേന്ദ്ര സർക്കാർ തന്നെ ഗ്രാമസഭകൾ വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടല്ലോ? അവിടെ നിങ്ങളുടെ വാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടപ്പെടും.
ഇതുതന്നെ അവസരം. നമ്മൾ ഗ്രാമസഭകൾ വിളിച്ചുകൂട്ടാൻ പോവുകയാണ്. “ഗ്രാമസഭകൾ തൊഴിലുറപ്പു പദ്ധതി ഭേദഗതി ചർച്ച ചെയ്തു നിരാകരിക്കണം, കേരളത്തിലെ മുഴുവൻ ഗ്രാമസഭകളും അവരുടെ തീരുമാനം കേന്ദ്ര സർക്കാരിനെ അറിയിക്കണം.അരുണ റോയിയുടെ “അധികാരം ജനങ്ങൾക്ക്: വിവരാവകാശ നിയമത്തിന്റെ കഥ, എന്ന ചിന്ത പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ ഉയർന്നുവന്ന ഒരു നിർദ്ദേശമായിരുന്നു ഇത്. നമ്മുടെ ഗ്രാമസഭകൾ ഓരോന്നും ജനകീയരോഷത്തിന്റെ വേദികളാകണം.
എന്തുകൊണ്ട് ഗ്രാമസഭ? മഹാത്മാ ഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ ഗ്രാമസഭയാണ് ഏറ്റെടുക്കേണ്ട തൊഴിൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പട്ടിക ലിസ്റ്റ് തയ്യാറാക്കേണ്ടത്. എന്നാൽ പുതിയ നിയമത്തിൽ ഈ അധികാരം ഗ്രാമസഭയിൽ നിന്ന് ദേശീയ തലത്തിൽ കേന്ദ്ര സർക്കാർ തയാറാക്കുന്ന പ്രധാനമന്ത്രി ഗതി ശക്തി എന്ന മൾട്ടി മോഡൽ കണക്റ്റിവിറ്റിക്കുള്ള ദേശീയ മാസ്റ്റർ പ്ലാനിൽനിന്ന് വേണം തെരഞ്ഞെടുക്കാൻ. ഫലത്തിൽ നമ്മുടെ പഞ്ചായത്തിൽ നിന്ന് ചെയ്യേണ്ട കാര്യം ദേശീയ തലത്തിൽ തീരുമാനിക്കേണ്ടതാക്കി.
അധികാര വികേന്ദ്രീകരണത്തിന് കടകവിരുദ്ധമാണിത്. ഇതിനു പുറമെയാണ് താഴെത്തട്ടിൽ നടക്കുന്നതു മുഴുവൻ ഡിജിറ്റലൈസ് ചെയ്യണമെന്ന ശാഠ്യവും. ഇതിന് എതിരായ പ്രതിഷേധത്തിന് ഗ്രാമസഭയേക്കാൾ മെച്ചപ്പെട്ടൊരു വേദി ഉണ്ടോ? l



