Wednesday, July 29, 2026

ad

Homeകവര്‍സ്റ്റോറിവിബി–ജിറാം (ജി‍) സംസ്ഥാനങ്ങളെ ശ്വാസംമുട്ടിച്ച് മോദി സർക്കാർ

വിബി–ജിറാം (ജി‍) സംസ്ഥാനങ്ങളെ ശ്വാസംമുട്ടിച്ച് മോദി സർക്കാർ

ഗോപകുമാർ മുകുന്ദൻ

തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധി പുറത്താകുക മാത്രമല്ല, ഗ്രാമങ്ങളുടെയും ഗ്രാമീണ ജനതയുടെയും പട്ടിണിയും ജീവിതവും ഒന്നും യൂണിയൻ സർക്കാരിന്റെ ചുമതലയല്ല എന്നു ഭംഗ്യന്തരേണ പ്രഖ്യാപിക്കുന്നതുകൂടിയാണ് നിലവിൽ വന്ന പുതിയ നിയമം. കാപട്യമാണ് സംഘപരിവാർ സർക്കാരിന്റെ മുഖമുദ്ര. മഹാത്മാ ഗാന്ധി തൊഴിലുറപ്പ്നിയമം(MGNREGA) ഗ്രാമീണ അവിദഗ്ദ്ധ തൊഴിലിനുള്ള ഉറപ്പായിരുന്നു. ഒരു ധനകാര്യ വർഷത്തിൽ കുറഞ്ഞത് 100 അവിദഗ്ദ്ധ തൊഴിലാണ് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് നിയമം ഉറപ്പാക്കിയിരുന്നത്. എന്നാൽ പുതിയ നിയമം (VB- G RAM G–-Viksit Bharat Guarantee for Rozgar and Ajeevika Mission (Gramin) ) കുറഞ്ഞത് 125 ദിവസത്തെ തൊഴിൽ ഉറപ്പു നൽകുന്നു, അങ്ങനെ പുതിയ നിയമം MGNREGA യിൽ നിന്നുള്ള മെച്ചപ്പെട്ട മാറ്റമാണ് എന്നാണ് യൂണിയൻ സർക്കാരും സംഘപരിവാർ കേന്ദ്രങ്ങളും പ്രചരിപ്പിക്കുന്നത്. MGNREGAയിൽ തൊഴിലിനുള്ള ഡിമാൻഡ് അനുസരിച്ച് ആവശ്യമായ പണം ലഭ്യമാക്കാൻ യൂണിയൻ സർക്കാർ ബാധ്യസ്ഥമായിരുന്നു. അവിദഗ്ദ്ധ തൊഴിലിനുള്ള കൂലി മുഴുവനും യൂണിയൻ സർക്കാരിന്റെ ബാധ്യതയായിരുന്നു.പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രൊജക്ടുകളുടെ നടത്തിപ്പിനാവശ്യമായ വസ്തുക്കളുടെയും അവ ഉപയോഗിക്കുന്നതിനുള്ള വിദഗ്ധ തൊഴിലിന്റെയും 75 ശതമാനവും യൂണിയൻ സർക്കാരിന്റെ ബാധ്യതയായിരുന്നു.

എന്നാൽ പുതിയ നിയമം തൊഴിലുറപ്പ് പദ്ധതിയെ മറ്റേതൊരു കേന്ദ്രാവിഷ്കൃത പദ്ധതിയെയും പോലെ യൂണിയൻ സർക്കാരും സംസ്ഥാന സർക്കാരുകളും പണം പങ്കിടേണ്ട ഒന്നാക്കി മാറ്റിയിരിക്കുന്നു. അതു തന്നെ കേരളം പോലുള്ള സാധാരണ സംസ്ഥാനങ്ങളുടെ വിഹിതം 40 ശതമാനമാണ്.എന്നാൽ വടക്കു കിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങളുടെ വിഹിതം 10 ശതമാനം മാത്രമാണ്.അതായത് മുൻഗണനാടിസ്ഥാനത്തിലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ (core of core) യൂണിയൻ വിഹിതം തന്നെ പുതിയ നിയമപ്രകാരം തൊഴിലുറപ്പിന് ഉണ്ടാകില്ല എന്നർത്ഥം. ഡിമാൻഡിനനുസരിച്ച് തൊഴിൽ കൊടുക്കണം എന്നു തന്നെയാണ് പുതിയ നിയമവും വ്യവസ്ഥ ചെയ്യുന്നത്; പക്ഷേ അത് സംസ്ഥാന സർക്കാരുകളുടെ ചെലവിലായിക്കൊള്ളണം എന്നു മാത്രം. ഓരോ സംസ്ഥാനത്തിനുമുള്ള പരമാവധി വാർഷിക യൂണിയൻ സർക്കാർ വിഹിതം യൂണിയൻ ബജറ്റിൽ നിശ്ചയിക്കും. ഗ്രാമീണ തൊഴിലുറപ്പിനെ തകർക്കുകയും സംസ്ഥാനങ്ങളുടെ ധനസ്ഥിതിയെ കൂടുതൽ അസന്തുലിതമാക്കുകയും ചെയ്യുന്ന ഒന്നാണ് പുതിയ നിയമം എന്നതിൽ തർക്കമില്ല.

തൊഴിൽ ദിനങ്ങൾ കൂട്ടിയില്ലേ? 
പിന്നെന്തു പ്രശ്നം?
ഏതൊരു കേന്ദ്രാവിഷ്കൃത പദ്ധതിയിലുമെന്നപോലെ ഇവിടെയും യൂണിയൻ സർക്കാർ സംസ്ഥാനത്തിന് അനുവദിക്കുന്ന പരമാവധി പദ്ധതി തുകയുണ്ടാകും. അതിന്റെ 60 ശതമാനമായിരിക്കും യൂണിയൻ വിഹിതം. നാൽപ്പത് ശതമാനം സംസ്ഥാനം വഹിക്കണം. നിലവിലെ കണക്കുകൾപ്രകാരം കുറഞ്ഞത് 1500 കോടി രൂപയിലേറെ സംസ്ഥാനത്തിന് അധിക ബാധ്യത ഉണ്ടാക്കുന്നതാണ് പുതിയ ഷെയറിങ് രീതി.സംസ്ഥാനത്തിന്റെ ബാധ്യത അവിടെയും നിൽക്കില്ല എന്നതു മനസിലാക്കണം. ഡിമാൻഡ് അനുസരിച്ച് തൊഴിലു കൊടുക്കുമ്പോൾ യൂണിയൻ സർക്കാർ വിഹിതമായി അനുവദിക്കുന്ന പണം പോരാതെ വന്നാൽ അതും സംസ്ഥാന സർക്കാർ കണ്ടെത്തിക്കൊള്ളണം. ചുരുക്കത്തിൽ ഡിമാൻഡ് അനുസരിച്ച് തൊഴിൽ ലഭ്യമാക്കണമെങ്കിൽ സംസ്ഥാനങ്ങളുടെ ബാധ്യത 40 ശതമാനം എന്നത് ഗണ്യമായി ഉയരുകയാകും ചെയ്യുക.

അപ്പോൾ ഗ്രാമീണ കുടുംബങ്ങളിലെ തൊഴിലെടുക്കാൻ സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങൾക്ക് കുറഞ്ഞത് 125 ദിവസത്തെ തൊഴിൽ ലഭ്യമാക്കാനെങ്കിലും ആവശ്യമായ വകയിരുത്തൽ സംസ്ഥാനത്തിന് ലഭിക്കുമോ എന്ന ചോദ്യം പ്രസക്തമാകുകയാണ്. പുതിയ നിയമത്തിൽ സംസ്ഥാനങ്ങൾക്കുള്ള വിഹിതം സംബന്ധിച്ച് പറയുന്നതെന്താണ്? ഓരോ സംസ്ഥാനത്തിന്റെയും യൂണിയൻ വിഹിതം കേന്ദ്രം തീരുമാനിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം നിശ്ചയിക്കും എന്നതാണ് വ്യവസ്ഥ (“The Central Government shall determine the State-wise normative allocation for each financial year, based on objective parameters as may be prescribed by the Central Government”-S.4(5)) എന്തായിരിക്കും ഈ മാനദണ്ഡങ്ങൾ?

ഇവിടെയാണ് കേന്ദ്രാവിഷ്കൃത പദ്ധതികളിൽ കേരളത്തിനു ലഭിക്കുന്ന വിഹിതത്തിന്റെ അനുഭവംവെച്ച് ആശങ്കയുണ്ടാകുന്നത് .നടപ്പു സാമ്പത്തിക വർഷം( 2025–-2026) സംസ്ഥാനങ്ങൾക്ക് യൂണിയൻ സർക്കാർ കൈമാറുന്ന ആകെ പണത്തിന്റെ 22 ശതമാനം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതമാണ്. 2025-–2026ലെ ആകെ കേന്ദ്രാവിഷ്കൃത പദ്ധതിക്കൈമാറ്റം 5,41,850 കോടി രൂപയാണ് .ഇതിൽ കേരളം പ്രതീക്ഷിക്കുന്നത് 9,106 കോടി രൂപയാണ്. കേവലം 1.68 ശതമാനം. ഇതുതന്നെ കിട്ടുന്നില്ല എന്നതാണ് മുൻ കൊല്ലങ്ങളിലെ അനുഭവം.2023-–2024 ൽ യഥാർത്ഥത്തിൽ കിട്ടിയത് 3,919 കോടി രൂപയായിരുന്നു.ആ കൊല്ലത്തെ ആകെ കേന്ദ്രാവിഷ്കൃത പദ്ധതിക്കൈമാറ്റത്തിന്റെ കേവലം 0.88 ശതമാനം മാത്രമാണ് കേരളത്തിനു കിട്ടിയത്. 2024-–2025 ൽ ബജറ്റിൽ പ്രതീക്ഷിച്ച 8,470 കോടി രൂപ 4,368 കോടി രൂപയായി കുത്തനെ കുറഞ്ഞു. ചുരുക്കത്തിൽ യൂണിയൻ സർക്കാർ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി ആകെ കൈമാറുന്ന പണത്തിന്റെ ഒരു ശതമാനം പോലും കേരളത്തിനു കിട്ടുന്നില്ല എന്നതു കാണണം.

എന്നാൽ തൊഴിലുറപ്പ് പദ്ധതിയുടെ അനുഭവം ഇതായിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേവരെയുള്ള കണക്കുകൾപ്രകാരം എല്ലാ സംസ്ഥാനങ്ങൾക്കുമായി വിതരണം ചെയ്ത അവിദഗ്ദ്ധ കൂലിയുടെ 4.2 ശതമാനം കേരളത്തിനു ലഭിച്ചു. ഇതിന്റെ കാരണം എന്താണ്? കേരളത്തിന്റെ സുഘടിതവും ഊർജ്ജസ്വലവുമായ തദ്ദേശ ഭരണ സംവിധാനത്തിന്റെ പിൻബലത്തിലാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് നിയമപ്രകാരം സംസ്ഥാന വിഹിതം പരിമിതപ്പെടുത്താൻ കഴിയുമായിരുന്നില്ല. പദ്ധതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് തൊഴിൽ ദിനങ്ങൾ ആവശ്യപ്പെട്ടാൽ അതു നിഷേധിക്കുന്നതിന് യൂണിയൻ സർക്കാരിന് പരിമിതികളുണ്ടായിരുന്നു. (അപ്പോഴും കേരളത്തിന്റെ വിഹിതം ഗണ്യമായി ക്രമേണ കുറയ്ക്കുകയാണ് ചെയ്തത് എന്നതു മറ്റൊരു കഥയാണ്). ആ പരിമിതിയാണ് പുതിയ നിയമത്തിൽ മാറുന്നത്. അവർ തീരുമാനിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച്, അനുവദിക്കുന്ന വിഹിതത്തിനു മുകളിൽ പണം സംസ്ഥാനത്തിന് ലഭിക്കില്ല എന്നതാണ് പുതിയ നിയമം.

എന്താകും മാനദണ്ഡം?
എന്തായിരിക്കും ആ മാനദണ്ഡം എന്നത് അലോസരപ്പെടുത്തുന്ന ചോദ്യമായി ഉയരുന്ന പശ്ചാത്തലമിതാണ്. നികുതി വിഹിതത്തിലും മറ്റു കേന്ദ്രാവിഷ്കൃത പദ്ധതികളിലും കേരളം നേരിടുന്ന വിവേചനം വ്യക്തമാണല്ലോ? കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതത്തിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്താണ് എന്നതു സംബന്ധിച്ച് ഒരു വ്യക്തതയും ഇല്ല എന്നു കാണണം. ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്നുള്ള സഹായത്തിന്റെ കാര്യത്തിൽ കേരളം നേരിടുന്ന വിവേചനം മുണ്ടക്കൈ-, ചൂരൽമല ദുരന്തങ്ങളിൽ നാം കണ്ടുകൊണ്ടിരിക്കുകയാണ്.പുതിയ തൊഴിലുറപ്പു നിയമത്തിലെ യൂണിയൻ സർക്കാർ വിഹിതം എന്തു മാനദണ്ഡപ്രകാരമായിരിക്കും എന്നത് നിയമത്തിനുള്ള ചട്ടങ്ങൾ പുറത്തു വരുമ്പോഴേ മനസിലാകൂ. എന്നാൽ നിയമത്തിലെ വ്യവസ്ഥകൾ കടുത്ത ആശങ്ക ഉയർത്തുന്നതാണ്.

ഗ്രാമീണ കുടുംബങ്ങൾക്കാണല്ലോ തൊഴിലുറപ്പ് ബാധകമായിട്ടുള്ളത്? ഈ ഗ്രാമീണ മേഖല ഏതായിരിക്കും? നഗര തദ്ദേശ ഭരണ സ്ഥാപനങ്ങൾ അല്ലാത്ത പ്രദേശം എന്നു വന്നാൽ വ്യക്തമാണ്. എല്ലാ പഞ്ചായത്തുകളും ഗ്രാമീണ മേഖല എന്നു വരും. എന്നാൽ യൂണിയൻ സർക്കാർ വിജ്ഞാപനം ചെയ്യുന്ന പ്രദേശങ്ങൾ ആയിരിക്കും പദ്ധതിയ്ക്ക് ബാധകമായ ഗ്രാമീണ മേഖല എന്നതാണ് നിയമം. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലും ഇതേ വ്യവസ്ഥ ഉണ്ടായിരുന്നു.എന്നാൽ സംസ്ഥാനങ്ങൾക്കുള്ള യൂണിയൻ സർക്കാർ വിഹിതം അവർ തീരുമാനിക്കുന്ന മാനദണ്ഡമനുസരിച്ച് കാപ് ചെയ്യപ്പെടുന്നതോടെ ഈ വ്യവസ്ഥയുടെ സ്വഭാവം മാറും എന്നത് തീർച്ച.

നിയമത്തിലെ മറ്റൊരു വ്യവസ്ഥയും ഇവിടെ പ്രസക്തമാണ്. പദ്ധതിയിൽ ഏറ്റെടുക്കുന്ന പ്രവൃത്തികൾ ‘വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാനിൽ’ നിന്നായിരിക്കണം. ദേശീയ വികസന മുൻഗണനകൾക്ക് അനുപൂരകമായി തയ്യാറാക്കേണ്ടവയാണ്‘വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാനുകൾ’. ഇതിനായി ഗ്രാമ പഞ്ചായത്തുകളെ A, B, C എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിക്കും. ഈ വിഭജനത്തിന്റെ മാനദണ്ഡം എന്തായിരിക്കും എന്നത് അവ്യക്തമാണ്. എന്നാൽ നിയമത്തിന്റെ ഒന്നാം പട്ടികയിൽ വികസന സൂചകങ്ങൾ,നഗര സാമീപ്യം (urban proximi
ty)എന്നിവ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഈ വിഭജനം എന്നു പറയുന്നുണ്ട്. വ്യത്യസ്ത വിഭാഗം പഞ്ചായത്തുകളുടെ ‘വികസിത് ഗ്രാമ പഞ്ചായത്ത് പ്ലാനുകൾ’ വ്യത്യസ്തമായിരിക്കും എന്നും അവയ്ക്ക് ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ ഭിന്നമായിരിക്കും എന്നും അനുമാനിക്കാം. ചുരുക്കത്തിൽ ഗ്രാമപഞ്ചായത്തുകൾ മൂന്നു വിഭാഗങ്ങളിലായി തിരിക്കപ്പെടും. അവയുടെ പുതിയ തൊഴിലുറപ്പ് പദ്ധതിയിലെ സാധ്യത ഭിന്നവുമായിരിക്കും. തീർച്ചമൂർച്ചയോടെ ഈ വിഭജനം വരിക യൂണിയൻ സർക്കാർ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുമ്പോഴായിരിക്കും. കേരളത്തിലെ ബഹുഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളുടെയും തൊഴിലുറപ്പിന്റെ സാധ്യത വികസന സൂചകങ്ങളുടെയും,നഗര സാമീപ്യത്തിന്റെയും പേരിൽ ചുരുങ്ങുകയാകും ചെയ്യുക. ഇത് കേരളത്തിനുള്ള നോർമേറ്റീവ് അലോക്കേഷൻ ഗണ്യമായി ഇടിയുന്നതിനുള്ള സാഹചര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.

ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ആസൂത്രണ സ്വാതന്ത്ര്യം കവരുന്നതും അതു യൂണിയൻ സർക്കാരിൽ നിക്ഷിപ്തമാക്കുന്നതുമാണ് പുതിയ നിയമം. ഏകപക്ഷീയമായി കൊണ്ടുവരുന്ന ഈ മാനദണ്ഡങ്ങൾ കേരളത്തിനു വിനയായി മാറുകയും ചെയ്യും. നികുതി വിഭജന മാനദണ്ഡങ്ങളിൽ നമ്മുടെ വികസന നേട്ടങ്ങൾ സംസ്ഥാനത്തിനു വിനയായി മാറിയത് എങ്ങനെയാണോ അത് തൊഴിലുറപ്പ് പദ്ധതിയിലും ആവർത്തിക്കാനാണ് സാധ്യത.

എന്തായിരിക്കും ഫലം?
കേരളത്തിൽ 40.41 ലക്ഷം തൊഴിൽ കാർഡുകളിലായി 59.39 ലക്ഷം പേരാണ് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നിട്ടുള്ളത്. ഇതിൽ 22.61 ലക്ഷം പേരാണ് ആക്ടീവായി തൊഴിലുറപ്പിൽ ജോലി ചെയ്യുന്നവർ. കഴിഞ്ഞ സാമ്പത്തിക വർഷം ശരാശരി 67 തൊഴിൽ ദിനങ്ങളാണ് കേരളം നൽകിയത്.ദേശീയ ശരാശരി ഒരാളിന് 50 മാത്രമാണ്. ആകെ തൊഴിൽ ദിനങ്ങളിൽ 89 ശതമാനം സ്ത്രീകൾക്കാണ് ലഭിച്ചത്. ഇതിലെ ദേശീയ ശരാശരി 58 ശതമാനമാണ്. രാജ്യത്താകെ 100 ദിവസം തികച്ച് തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ 12.8 ശതമാനം കേരളത്തിലായിരുന്നു. ഇത്രയും നേട്ടങ്ങൾ കൈവരിക്കുന്നത് നിരന്തരമായ വെട്ടിക്കുറവുകളെ ചെറുത്തുകൊണ്ടാണ് എന്നതു കാണണം. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് നിയമത്തിലെ പരിരക്ഷയായിരുന്നു അതിനു കാരണം. അതാണ് ഇപ്പോൾ ഇല്ലാതാകുന്നത്. പുതിയ നിയമത്തിന്റെ വരവോടെ സംസ്ഥാനങ്ങൾ പൊതുവിൽ അനുഭവിക്കുന്ന അധിക ഭാരം ഉയർന്ന തോതിൽ കേരളം നേരിടേണ്ടി വരും. അതോടൊപ്പം കേരളത്തിന്റെ സവിശേഷ വികസന സ്വഭാവം നികുതി വിഹിതത്തിൽ എന്നതുപോലെ ഇവിടെയും സംസ്ഥാനത്തിന് ഇരുട്ടടിയായി മാറുകയാകും ഫലം. ഇതിനെ കേരളം ഒറ്റക്കെട്ടായി ചെറുക്കണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − 8 =

Most Popular