Wednesday, July 29, 2026

ad

Homeകവര്‍സ്റ്റോറിതൊഴിലുറപ്പ് പദ്ധതി നിർത്തലാക്കുന്നതിനു പിന്നിൽ?

തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കുന്നതിനു പിന്നിൽ?

പ്രൊഫ. എസ് മോഹനകുമാർ

ടതുപക്ഷ പാർട്ടികളുടെ സമ്മർദ്ദത്തിനു വഴങ്ങി ഒന്നാം യു.പി.എ സർക്കാർ 2005 -ൽ കൊണ്ടുവന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം- 2005, ഇപ്പോൾ ബി ജെ പി സർക്കാർ റദ്ദാക്കി. ദേശീയ തൊഴിലുറപ്പ് പദ്ധതി (മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം) ഇനി ഇല്ല. മുൻപ് കാർഷിക നിയമങ്ങൾ, തൊഴിൽ കോഡുകൾ എന്നിവയിലുണ്ടായതുപോലെ ഈ ബില്ലിന്മേലും പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് അവസരം നൽകാതെയാണ് ലോകത്തിലെതന്നെ ഏറ്റവും ബൃഹത്തായ തൊഴിലുറപ്പ് പദ്ധതിയെ ബി ജെ പി സർക്കാർ നിർത്തലാക്കിയത്‌. 2026 ഏപ്രിൽ ഒന്നാം തീയതി മുതൽ വിബി–ജി റാം (ജി) ആക്ട് 2025 എന്ന പേരിൽ തൊഴിലുറപ്പിന് പകരം മറ്റൊരു പദ്ധതിയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഉള്ളടക്കവും പൂർണമായി നിരാകരിച്ചു. അതിനുപകരം വികസിത്‌ ഭാരത് -ഗ്യാരന്റി ഫോർ റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ -(ഗ്രാമീൺ) 2025 എന്ന മറ്റൊരു പദ്ധതി നടപ്പിലാക്കുന്നതായി പ്രഖ്യാപിക്കുന്നു. എം ജി എൻ ആർ ഇ ജി എ പദ്ധതി നിർത്തലാക്കുന്നതിനുള്ള ബില്ല് ഡിസംബർ 16 -ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പാർലമെന്റിൽ അവതരിപ്പിച്ചു. ഡിസംബർ 21-ന് പ്രസിഡന്റ് ബില്ലിൽ ഒപ്പിട്ടതോടുകൂടി നിയമമായി. ബിജെപി സർക്കാർ അവതരിപ്പിച്ച ബില്ലിന്റെ 37(1) വകുപ്പിൽ വളരെ വ്യക്തമായി ഇങ്ങനെ പറയുന്നു – ‘‘നിലവിലുള്ള തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലുറപ്പ് കൂലിയെ കുറിച്ച് പരാമർശമുള്ള വകുപ്പ് 10 ഒഴികെയുള്ള എല്ലാ വകുപ്പുകളും റദ്ദ്‌ ചെയ്യുന്നു’’. ബി ജെ പി സർക്കാർ നിലവിലുള്ള തൊഴിലുറപ്പിന് പകരമായി കൊണ്ടുവന്ന പദ്ധതിക്ക് വിബിജി റാം(ജി) എന്നും കുറച്ചുകൂടി ലഘൂകരിച്ച് ജി റാം (ജി) എന്നും വിളിക്കുന്നു. തൊഴിലുറപ്പിന് പകരം ജി റാം (ജി) എന്ന ചുരുക്കപ്പേരായിരിക്കും ബിജെപിക്ക് കൂടുതൽ താൽപ്പര്യം.

കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ ദി ഹിന്ദു ദിനപത്രത്തിൽ 2025 ഡിസംബർ 24-ന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിമർശനങ്ങളെ ഒരുകൂട്ടം മറുചോദ്യങ്ങളിലൂടെ പ്രതിരോധിക്കുകയാണ്. (1) തൊഴിലുറപ്പ് പദ്ധതിയുടെ പേര്‌ മാറ്റിയതാണോ പ്രശ്നം? (2) തൊഴിൽ ദിനങ്ങളുടെ എണ്ണം നൂറിൽ നിന്നും നൂറ്റി ഇരുപത്തഞ്ചായി വർധിപ്പിച്ചില്ലേ? (3)വി ബി ജി റാം ‍(ജി) പദ്ധതിയുടെ തുക വെട്ടിക്കുറയ്ക്കുമെന്ന് പറഞ്ഞിട്ടില്ല! (4) തൊഴിലുറപ്പിനുണ്ടാകുന്ന ചെലവ് സംസ്ഥാനങ്ങൾ കൂടി വഹിക്കണമെന്ന് ആവശ്യപ്പെടുന്നത് ഗ്രാമ വികസനത്തിൽ സംസ്ഥാന സർക്കാരുകളുടെ പങ്ക് ഉറപ്പിക്കുന്നതിനുവേണ്ടി ആയിരുന്നു.. ഇവയൊക്കെയാണ് വി ബി – ജി റാം (ജി) 2025 ന്യായീകരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ മുന്നോട്ടുവയ്ക്കുന്ന വാദങ്ങൾ. ഇൗ വാദങ്ങളിലോരോന്നിലും ഒളിച്ചുവച്ചിരിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയുടെ ചരമക്കുറിപ്പാണ്.

2005ലെ തൊഴിലുറപ്പ് പദ്ധതിയുടെ പശ്ചാത്തലം
1991 -ൽ അധികാരത്തിൽ വന്ന കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഔദ്യോഗികമായി നടപ്പിലാക്കിത്തുടങ്ങിയ നവ ഉദാരവൽക്കരണ നയങ്ങളുടെ ഫലമായി ഇന്ത്യയുടെ ആഭ്യന്തര കമ്പോളത്തിൽ ചെറുകിട -നാമമാത്ര കർഷകർക്ക് ലഭിച്ചിരുന്ന സംരക്ഷണം ഇല്ലാതായി. ഇന്ത്യയുടെ കാർഷിക മേഖലയെ അന്താരാഷ്ട്ര കമ്പോളവുമായി കൂട്ടിക്കെട്ടിയപ്പോൾ കാർഷികോല്പന്നങ്ങളുടെ വിലയിലെ സ്ഥിരത എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. ചെറുകിട കർഷകർക്ക് താങ്ങാവുന്നതല്ല വിലയിലെ വലിയ ചാഞ്ചാട്ടങ്ങൾ. റഷ്യയിലെ മുതലാളിത്ത വികസനത്തെ വിശകലനം ചെയ്തുകൊണ്ട് ലെനിൻ നടത്തിയ നിരീക്ഷണങ്ങൾ ഇവിടെ വളരെ പ്രസക്തമാണ്-, “ചെറുകിട കർഷകരെയും ഉല്പാദകരെയും കമ്പോളത്തിൽ നിന്നും എന്നെന്നേക്കുമായി ഇല്ലാതാക്കുവാൻ ആഗോള മുതലാളിത്തം ഉപയോഗിക്കുന്നത് കാർഷിക വിപണിയുടെ ആഗോളവൽക്കരണവും അതുവഴി കാർഷികോൽപ്പന്നങ്ങളുടെ വിലയിലുണ്ടാകുന്ന അസ്ഥിരതയുമാണ്”.

ഉദാരവത്കരണത്തിനുശേഷം റബർ, കാപ്പി, കുരുമുളക്‌ എന്നിവ ഉൾപ്പടെയുള്ള കാർഷികോൽപ്പങ്ങൾ വിദേശ കമ്പോളത്തിൽ നിന്നും ഇന്ത്യയിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യപ്പെട്ടു. വാണിജ്യ വിളകളായ പരുത്തി, സ്വാഭാവിക റബർ, കയറ്റുമതി വിളകളായ കാപ്പി, കുരുമുളക് എന്നിവയുടെ വില വൻതോതിൽ ഇടിഞ്ഞു. 1997 – ലെ ഏഷ്യൻ സാമ്പത്തിക പ്രതിസന്ധിയോടുകൂടി രൂപപ്പെട്ട കാർഷികോൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വിലയിടിവ് ഇന്ത്യയിലെ കർഷകരുടെ നട്ടെല്ലൊടിച്ചു. കർഷകരുടെ കടബാധ്യത ക്രമാതീതമായി വർദ്ധിക്കുകയും, 2000 ത്തോടുകൂടി എല്ലാ സംസ്ഥാനങ്ങളിൽനിന്നും കടക്കെണിമൂലം ജീവനൊടുക്കുന്ന കർഷകരെ കുറിച്ചുള്ള വാർത്ത ഒരു സ്ഥിരം സംഭവമായി മാറുകയും ചെയ്തു. മഹാരാഷ്ട്ര (വിദർഭ പ്രദേശം), ആന്ധ്ര, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിലാണ് കർഷക ആത്മഹത്യ വളരെയധികം ഉണ്ടായത്. 2004-ൽ അധികാരത്തിൽ വന്ന കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാരിന് ഇടതുപക്ഷ പാർട്ടികളുടെ പിന്തുണ ഉണ്ടെങ്കിലേ സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിക്കുമായിരുന്നുള്ളു. നവലിബറൽ സാമ്പത്തിക നയങ്ങൾ കൊണ്ട് പൊറുതിമുട്ടിയ ഇന്ത്യയിലെ കർഷകർക്കും തൊഴിലാളികൾക്കും തൊഴിലും വരുമാനവും ഉറപ്പാക്കണമെന്നുള്ള ഇടതുപക്ഷ പാർട്ടികളുടെ ആവശ്യപ്രകാരമാണ് 2005-ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ആക്ട് (എൻ ആർ ഇ ജി എ ) പാർലമെന്റിൽ പാസ്സാക്കിയത്. 2009-ൽ മഹാത്മാഗാന്ധിയുടെ പേരുകൂടി ചേർത്ത് എം ജി എൻ ആർ ഇ ജി എ എന്നാക്കി.

2006 ഫെബ്രുവരിയിൽ 200 പിന്നാക്ക ജില്ലകളിൽ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി 2007 ലും 2008 ലുമായി മൂന്ന് ഘട്ടങ്ങളായാണ് ഇന്ത്യയിലെ 741 ജില്ലകളിൽ ഉൾപ്പെടുന്ന 2.69 ലക്ഷം ഗ്രാമ പഞ്ചായത്തുകളിൽ നടപ്പിലാക്കിയത്. 2024–-25 -ൽ ഇന്ത്യയിൽ 26.58 കോടി തൊഴിലാളികൾ ജോലിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ 12.16 കോടി ആളുകൾ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചുമാത്രം ഉപജീവനം കഴിക്കുന്നവരാണ്.

വർഷത്തിൽ നൂറു ദിവസത്തെ തൊഴിൽ ദിനങ്ങൾ ഗ്രാമങ്ങളിൽ താമസിക്കുന്നതും തൊഴിൽ ആവശ്യപ്പെടുന്നതുമായ എല്ലാ കുടുംബങ്ങൾക്കും ഉറപ്പുവരുത്തുന്ന നിയമം ആണ് തൊഴിലുറപ്പ് പദ്ധതി. ഇടതുപക്ഷ പാർട്ടികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു ഭരണഘടന പ്രകാരം തൊഴിൽ അവകാശമാക്കുക എന്നത്. തൊഴിൽ ആവശ്യപ്പെടുന്ന കുടുംബത്തിന് 15 ദിവസത്തിനകം തൊഴിൽ നല്കിയില്ലെങ്കിൽ തൊഴിൽ അവകാശമായി പ്രഖ്യാപിച്ചതിനാൽ തൊഴിൽ ആവശ്യപ്പെടുന്ന കുടുംബത്തിന് തൊഴിലെടുത്തു എന്ന് കണക്കാക്കി കൂലി കൊടുക്കണമെന്നാണ് തൊഴിലുറപ്പ് നിയമം ആവശ്യപ്പെടുന്നത്. എല്ലാ വർഷവും മാർച്ച് മാസത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് ഓരോ സംസ്ഥാനത്തുമുള്ള കൂലി പ്രഖ്യാപിക്കുകയും അത് ലിംഗ ഭേദമില്ലാതെ എല്ലാവർക്കും ലഭിക്കുകയും ചെയ്യുന്നു. കാർഷിക മേഖലയിൽ വളരെ കുറഞ്ഞ കൂലി നിലനിന്നിരുന്ന സംസ്ഥാനങ്ങളിൽ സ്ത്രീ -– പുരുഷ വ്യത്യാസമില്ലാതെ ന്യായമായ കൂലി ലഭിക്കുവാൻ തൊഴിലുറപ്പ് പദ്ധതി വളരെ സഹായകരമായിട്ടുണ്ട്.

ദേശീയ പദ്ധതിയുടെ ചെലവ് 
കേന്ദ്ര സർക്കാർ വഹിക്കണം
തൊഴിലുറപ്പ് പദ്ധതിയിൽ പ്രധാനമായി മൂന്നു തരത്തിലുള്ള ചെലവുകളാണുണ്ടാകുന്നത് – ഒന്ന്, വേതനത്തിനുള്ള ചെലവ്. രണ്ട്, സാധനസാമഗ്രികൾക്കുള്ള ചെലവ്. മൂന്ന്, ഭരണപരമായ ചെലവുകൾ. തൊഴിലുറപ്പ് പദ്ധതിയുടെ ആകെ ചെലവിന്റെ 73 ശതമാനവും വേതനത്തിനുള്ള ചെലവാണ്. ഇത് പൂർണമായും കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. സാധന സാമഗ്രികളുടെ ചെലവിന്റെ 75 ശതമാനവും കേന്ദ്ര സർക്കാർ വഹിക്കണമെന്നാണ് വ്യവസ്ഥ. ജില്ലകളിൽ നിന്നും വരുന്ന തൊഴിലിന്റെ ഡിമാൻഡിനനുസരിച്ചു സംസ്ഥാന സർക്കാരുകൾ ഓരോവർഷവും എത്ര പേർക്ക് തൊഴിൽ ആവശ്യമുണ്ടെന്നുള്ള കണക്കും അതിനുവേണ്ടിവരുന്ന ആകെ ചെലവും കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ തുക അനുവദിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതിയെ തൊഴിലിന്റെ ആവശ്യത്തിലധിഷ്ഠിതമായ പദ്ധതിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പുതിയ ജി റാം (ജി) പദ്ധതിയിൽ ഇങ്ങനെയല്ല. ആദ്യം ഏതൊക്കെ തൊഴിൽ ഓരോ സംസ്ഥാനത്തും ഏറ്റെടുക്കണമെന്ന് ഈ പദ്ധതി നടത്തിപ്പിനായി കേന്ദ്ര സർക്കാർ രൂപംകൊടുക്കുവാൻ പോകുന്ന സ്ഥാപനം തീരുമാനിക്കും. അതനുസരിച്ച് ഓരോ സംസ്ഥാനത്തിനും ലഭ്യമായ തൊഴിൽ ദിനങ്ങൾ എത്രയെന്ന് മുൻകൂട്ടി അറിയിക്കും. അതിനാവശ്യമായ ചെലവിന്റെ ഒരു വിഹിതം കേന്ദ്ര സർക്കാർ തരും. ശേഷിക്കുന്നത് സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം.

1997 -ൽ ആരംഭിച്ച കാർഷിക പ്രതിസന്ധിയും കർഷക ആത്മഹത്യകളും ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. അതിനാൽ, തൊഴിലുറപ്പ് പദ്ധതിയിൽ ലഭ്യമായ തൊഴിൽ കൂടുതൽ മേഖലകൾ കൂടി ഉൾപ്പെടുത്തി 200 ദിവസമാക്കി വർധിപ്പിക്കണമെന്ന ആവശ്യം ഇടതുപക്ഷ പാർട്ടികൾ വളരെ കാലമായി ഉന്നയിച്ചുവരികയാണ്. എന്നാൽ കേന്ദ്ര സർക്കാർ ഇതൊന്നും അംഗീകരിക്കുവാൻ തയാറായിരുന്നില്ല. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 125 ദിവസം നടപ്പിലാക്കുമെന്ന് ജനങ്ങൾ വിശ്വസിക്കാത്തത് ഈ കാരണങ്ങളാലാണ്. കൂടാതെ, തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ വാർഷിക ബജറ്റിലെ തുക 2021 – -22 ൽ ഒരു ലക്ഷം കോടിയിലധികം ആയിരുന്നത് (1.11 ലക്ഷം കോടി രൂപ ) 2024–-25 ൽ 86,000 കോടി രൂപയാക്കി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. 2020 – -21 കേന്ദ്ര സർക്കാരിന്റെ ചെലവിന്റെ മൂന്നുശതമാനത്തിലധികം തൊഴിലുറപ്പ് പദ്ധതിക്ക് ചെലവഴിച്ചെങ്കിൽ 2024–-25 ൽ അത് രണ്ട് ശതമാനമായി കുറച്ചു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ തന്നെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സംസ്ഥാനങ്ങളുടെ തലയിൽ തൊഴിലുറപ്പ് പദ്ധതി കൂടി വച്ചുകെട്ടി ഈ പദ്ധതിയെത്തന്നെ ഇല്ലാതാക്കുവാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. 125 തൊഴിൽ ദിനങ്ങൾ പ്രാവർത്തികമാക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലയെന്ന് പദ്ധതിയുടെ പുനഃസംഘടനയിലൂടെ കേന്ദ്ര സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.

കേരളവും തൊഴിലുറപ്പും
തൊഴിലുറപ്പ് പദ്ധതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏറ്റവും ദോഷകരമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ആകെയുള്ള തൊഴിൽ ദിനങ്ങളിൽ 89 ശതമാനവും ജോലി ചെയ്തത് സ്ത്രീകളായിരുന്നു. കേരളത്തിലെ പട്ടികജാതിക്കാരുടെ ജനസംഖ്യാനുപാതം 9.5 ശതമാനമാണെങ്കിലും തൊഴിലുറപ്പിൽ പണിയെടുക്കുന്നതിൽ 18 ശതമാനവും ഈ വിഭാഗക്കാരാണ്. തൊഴിലുറപ്പിൽ 8 ശതമാനം പട്ടികവർഗ വിഭാഗക്കാരാണ്. അതായത്, തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുമ്പോൾ ദുർബല വിഭാഗങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്എന്നർത്ഥം. കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിക്കുവേണ്ടി 2024 -– 25 ൽ ചെലവഴിച്ച 4,011 കോടി രൂപയിൽ 80 ശതമാനവും കൂലി നൽകുന്നതിലേക്കാണ് വകയിരുത്തിയത്. കേരളത്തെ പോലുള്ള സംസ്ഥാനങ്ങൾ കാര്യക്ഷമമായി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതാണ് കേന്ദ്രസർക്കാരിനെ അലോസരപ്പെടുത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ജോലിചെയ്യുന്ന തൊഴിലാളിക്ക് കേരളത്തിൽ 366 രൂപ ദിവസവേതനമായി ലഭിക്കുമ്പോൾ ദേശീയ ശരാശരി വെറും 267 രൂപയാണ്.

മികച്ച രീതിയിൽ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി ജനക്ഷേമം ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരുകളെ തൊഴിലുറപ്പ് പദ്ധതി ഒരായുധമാക്കി സാമ്പത്തികമായി കൂടുതൽ ബുദ്ധിമുട്ടിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതോടൊപ്പം സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുത്ത് ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തെ പരമാവധി ദുർബലപ്പെടുത്തുകയുമാണ്.

കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ടതുപോലും നിഷേധിക്കുന്ന കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിയമപ്രകാരം 2000 മുതൽ 3000 കോടി രൂപ വരെ വി ബി – ജി റാം (ജി) പദ്ധതിക്കുവേണ്ടി അധികമായി കണ്ടെത്തേണ്ടി വരും. ഇത്രയും തുക കണ്ടെത്തി ആവശ്യപ്പെടുന്ന എല്ലാവർക്കും തൊഴിൽ കൊടുക്കാമെന്നുവച്ചാലും നടക്കില്ല. അമർജിത് സിൻഹ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമുള്ള നാല് തരത്തിലുള്ള പ്രവൃത്തികൾ മാത്രമേ തൊഴിലുറപ്പിൽ ഉൾപ്പെടുത്തുവാൻ കഴിയുകയുള്ളൂ. മഴ വളരെ കുറച്ചുകിട്ടുന്ന രാജസ്താൻ പോലുള്ള സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ളതാവും ഇനി മുതൽ വി ബി ജി റാം ജി പദ്ധതി. അങ്ങനെ ലോകത്തിലെതന്നെ ഏറ്റവും ബൃഹത്തായ പൊതു തൊഴിൽ പരിപാടിയുടെ അന്ത്യം കുറിക്കുകയാണ് മോദി സർക്കാർ.

പട്ടിക 1. ഇന്ത്യയിൽ തൊഴിലുറപ്പ് പദ്ധതിയിൽ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം

വർഷം ആകെ തൊഴിൽ ദിനങ്ങളിൽ പട്ടികജാതി വിഭാഗക്കാരുടെ പങ്കാളിത്തം (ശതമാനത്തിൽ) ആകെ തൊഴിൽ ദിനങ്ങളിൽ പട്ടികവർഗ വിഭാഗക്കാരുടെ പങ്കാളിത്തം (ശതമാനത്തിൽ) ആകെ തൊഴിൽ ദിനങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം (ശതമാനത്തിൽ) ഒരു കുടുംബത്തിന് ലഭിച്ച ശരാശരി തൊഴിൽ ദിനങ്ങൾ ജോലി ചെയ്ത തൊഴിലാളി കളുടെ എണ്ണം (കോടി രൂപയിൽ)
2020-21 19.87 19.33 53.19 35.82 11.19
2021-22 19.17 18.09 54.82 50.04 10.61
2022-23 19.55 17.61 57.47 52.08 8.75
2023-24 19.18 18.02 47.83 58.90 8.34
2024-25 18.63 18.33 58.08 50.07 7.88
2025-26 17.25 17.95 56.76 51.52 6.29
ഉറവിടം: എം ജി എൻ ആർ ഇ ജി എയുടെ വെബ്‌സൈറ്റ്

മോദി സർക്കാർ വരുത്തുന്ന മാറ്റങ്ങൾ
2014 -ൽ മോദി സർക്കാർ അധികാരമേറ്റതുമുതൽ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കുവാൻ ശ്രമിക്കുകയാണ്. 2020 – -22 കാലഘട്ടത്തിൽ കോവിഡ് മഹാമാരി പടർന്നുപിടിച്ചപ്പോൾ നാട്ടിൽ ആളുകൾക്കാകെ ഉണ്ടായിരുന്ന ആശ്രയം തൊഴിലുറപ്പ് പദ്ധതിയായിരുന്നു. അപ്പോൾ തൊഴിലുറപ്പു പദ്ധതി നിർത്തലാക്കിയാൽ ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുമെന്നു ഭയന്നാണ് തൊഴിലുറപ്പ് പദ്ധതി നിർത്തിവയ്ക്കുന്നത് തത്കാലം മാറ്റിവച്ചത്. കോവിഡ് കെട്ടടങ്ങിയ ഉടൻതന്നെ തൊഴിലുറപ്പ് പദ്ധതിയുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൽ നിന്നും വിരമിച്ച അമർജിത് സിൻഹയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ കമ്മിറ്റിയെ 2022 -ൽ നിയമിച്ചു. ഈ കമ്മിറ്റിയുടെ നിർദേശങ്ങളിൽ പ്രധാനപ്പെട്ടത് കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതി അനിവാര്യമല്ലായെന്നും ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കണമെന്നുമാണ്. കൂടാതെ, തൊഴിലുറപ്പ് പദ്ധതി ഇപ്പോൾ നടപ്പിലാക്കുന്നതുപോലെ ഇന്ത്യയിലെ 7212 വികസന ബ്ലോക്കുകളിലും ആവശ്യമില്ലായെന്നും പകരം അതിദരിദ്രമായ സംസ്ഥാനങ്ങളിലും രാജസ്താൻ, ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളിലും മാത്രം കേന്ദ്രീകരിച്ചാൽ മതിയെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ആവശ്യം സിൻഹയുടെ കമ്മിറ്റിയെക്കൊണ്ട് എഴുതിപ്പിച്ചു വാങ്ങുകയായിരുന്നു.

പട്ടിക 1 എൻ ഡി എ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയോടുള്ള സമീപനം വ്യക്തമാക്കുന്നുണ്ട്. നൂറ് ദിവസത്തെ തൊഴിൽ ദിനങ്ങൾ ആവശ്യപ്പെടുന്ന ഒരു കുടുംബത്തിന് മോദി സർക്കാർ കഴിഞ്ഞ അഞ്ച് വർഷമായി 50 ദിവസത്തെ തൊഴിൽദിനങ്ങളേ നൽകുന്നുള്ളൂ. ചില വർഷങ്ങളിൽ അമ്പതിലും താഴെയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ നൽകിയ തൊഴിൽ ദിനങ്ങളുടെ എണ്ണം 2020-–21- ൽ ഒരുകോടി പതിനൊന്ന് ലക്ഷം ആയിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷം പകുതിയായി കുറഞ്ഞു. ഇത്തരത്തിൽ തൊഴിൽ ദിനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി മോദി സർക്കാർ അവലംബിച്ച പ്രധാന മാർഗം, കൂലികൊടുക്കുന്നതിനായി സംസ്ഥാനങ്ങൾക്ക്‌ കൊടുക്കേണ്ട വിഹിതം വൈകിപ്പിക്കുകയാണ്. പട്ടിക 1 നിന്നും വ്യക്തമാകുന്ന മറ്റു ചില വസ്തുതകളുമുണ്ട്. ഇന്ത്യയുടെ ജനസംഖ്യയിൽ പട്ടികജാതി വിഭാഗം 16.6 ശതമാനവും പട്ടികവർഗ വിഭാഗം 8.6 ശതമാനവും ആണ്. എന്നാൽ തൊഴിലുറപ്പിൽ പങ്കെടുക്കുന്നവരിൽ ഇവരുടെ അനുപാതം ജനസംഖ്യാനുപാതത്തേക്കാൾ കൂടുതലാണ്. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നതോടുകൂടി ഉപജീവനമാർഗ്ഗം നഷ്ടപ്പെടുന്നവരിൽ ഭൂരിഭാഗവും ഈ വിഭാഗത്തിലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ്.

സമ്പന്ന കർഷകർ തുടക്കം മുതൽ 
തൊഴിലുറപ്പിനെ എതിർത്തിരുന്നു
വടക്കേ ഇന്ത്യയിൽ നിലനിൽക്കുന്ന ഒരു സമ്പ്രദായമാണ് വാർഷിക കൂലി. വലിയ ഭൂ ഉടമകൾ തൊഴിലാളിയെ ഒരു വർഷത്തേക്ക് 20,000 മുതൽ 30,000 രൂപവരെ കൊടുത്ത് വാങ്ങുന്നു. കുടുംബത്തിലെ പുരുഷ തൊഴിലാളി കാർഷിക ജോലികൾ ചെയ്യുമ്പോൾ തൊഴിലാളിയുടെ ഭാര്യയും കുട്ടികളും ഭൂ ഉടമയുടെ വീട്ടുജോലികളും കന്നുകാലികളെ പരിപാലിക്കലും ചെയ്യുന്നു. ഇവർക്കൊന്നും കൂലി കൊടുക്കില്ല. കൂലി തീരുമാനിച്ചിരിക്കുന്നത് പുരുഷ തൊഴിലാളിക്ക് മാത്രമാണ്. വാർഷിക കൂലിത്തൊഴിലാളി ഒരു തരത്തിലുള്ള അടിമപ്പണിയാണ് ചെയ്യുന്നത്. രാവിലെ മുതൽ രാത്രിവരെ പണിയെടുക്കണം. അവധി ഇല്ല. കൂടാതെ, ഇയാളെ കടക്കെണിയിൽപ്പെടുത്തി ജീവിതകാലം മുഴുവൻ ജന്മിയുടെ തൊഴിലാളിയായി നിലനിർത്തുകയും ചെയ്യുന്നു. തൊഴിലുറപ്പ് പദ്ധതി തുടങ്ങുന്നതിനു മുൻപ് പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്താൻ തുടങ്ങിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ നിലനിന്നിരുന്ന സ്ഥിതിയായിരുന്നു ഇത്. 2006 -ൽ തൊഴിലുറപ്പ് വന്നതോടെ വാർഷിക കൂലി വർദ്ധിച്ചു. സ്ത്രീകളെയും കുട്ടികളെയും പുരുഷ തൊഴിലാളിയോടൊപ്പം ലഭ്യമല്ലാതായി. തൊഴിലുറപ്പ് കൂലിയിൽ സ്ത്രീ -– പുരുഷ വ്യത്യാസം ഇല്ലാതായതിനാൽ പുരുഷ തൊഴിലാളിക്ക് കൊടുക്കുന്നതിന്റെ പകുതി കൂലിക്ക് സ്ത്രീ തൊഴിലാളികളെ കിട്ടില്ല എന്ന അവസ്ഥ വന്നു.

തൊഴിലുറപ്പ് പദ്ധതി ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങളെ തിരികെ കൊണ്ടുപോവുകയാണ് വർഷത്തിൽ രണ്ടു മാസം തൊഴിലുറപ്പ് പാടില്ല എന്ന വ്യവസ്ഥയിലൂടെ വൻകിട ഭൂ ഉടമകൾക്കു വേണ്ടി ബിജെപി സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനു പുറമെ, വിളവെടുപ്പ് സമയത്ത് ഗ്രാമങ്ങളിൽ നിന്നും തൊഴിലാളി കുടുംബങ്ങൾ പണിയെടുക്കുന്നതിനായി കൂട്ടമായി കുടിയേറുമായിരുന്നു. വളരെ കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ വിളവെടുപ്പിനായി ജന്മിമാർക്കു കിട്ടിയിരുന്നു. തൊഴിലുറപ്പ് വന്നതോടുകൂടി തൊഴിലാളികളുടെ പലായനം ഇല്ലാതായി. ഇക്കാരണംകൊണ്ട് വടക്കേ ഇന്ത്യയിലെ ഭൂ ഉടമകൾ തൊഴിലുറപ്പ് നിർത്തിവയ്ക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി സർക്കാർ ജി റാം (ജി) യിലൂടെ അത് സാധിച്ചുകൊടുത്തു.

തൊഴിലുറപ്പ് ജോലികൾ 
കേന്ദ്ര സർക്കാർ നേരിട്ടു നടത്തും
ജി റാം ജി പദ്ധതി പ്രകാരം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ന്യൂ സെൻട്രൽ ഗ്രാമീൻ റോസ്‌ഗർ കൗൺസിൽ എന്ന സ്ഥാപനം ആയിരിക്കും ഓരോ ഗ്രാമപഞ്ചായത്തിലും ഏതൊക്കെ ജോലികൾ ചെയ്യണമെന്ന് തീരുമാനിക്കുന്നത്. അതനുസരിച്ചുള്ള തുകയേ നൽകുകയുള്ളൂ. കേന്ദ്ര സർക്കാർ രൂപം കൊടുക്കുന്ന കൗൺസിൽ കണ്ടെത്തുന്ന ജോലികൾക്ക് എത്ര തൊഴിലാളികളുടെ ആവശ്യമുണ്ടെന്നുള്ള കാണക്കിന്റെ അടിസ്ഥാനത്തിൽ ആകെ വരുന്ന കൂലിച്ചെലവിന്റെ അറുപത് ശതമാനം അനുവദിക്കും. ശേഷിക്കുന്ന 40 ശതമാനം സംസ്ഥാന സർക്കാരുകൾ കണ്ടെത്തണം. സാധന സാമഗ്രികളുടെ ചെലവിന്റെ കാര്യത്തിലും ഇത് ബാധകമാണ്. തൊഴിലുറപ്പിനുവേണ്ടി അപേക്ഷിക്കുന്ന എല്ലാവർക്കും തൊഴിൽ കൊടുക്കുവാൻ സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചാൽ അതിനുവേണ്ടിവരുന്ന ചെലവിന്റെ അറുപതു ശതമാനം കേന്ദ്ര സർക്കാർ തരില്ല. കേന്ദ്ര ധനകാര്യ കമ്മീഷനുകൾ ചെയ്യുന്നതുപോലെ സാമൂഹ്യ വികസന മാനദണ്ഡങ്ങളിൽ മുന്നിൽനിൽക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതം പരമാവധി കുറച്ചുകൊടുക്കുന്നതിനുള്ള നിർദേശങ്ങളാണ് പുതിയ ജി റാം (ജി) പദ്ധതിയിലുള്ളത്.

ജി റാം ജി യുടെ ലക്ഷ്യം
2020 ലെ കാർഷിക നിയമങ്ങൾ, 2025 നവംബർ 21- ന് നടപ്പിലാക്കിയ തൊഴിൽ കോഡ് എന്നിവയുടെ തുടർച്ചയാണ് തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റവും. നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഭാഗമായി മൂലധന ഉടമകൾക്ക് തൊഴിലാളികളെ പരമാവധി കുറഞ്ഞ കൂലിക്ക് ലഭ്യമാക്കണം. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ് 2023 – -24ൽ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം കാർഷികമേഖലയിൽ നിന്നും പുരുഷന്മാർ വിട്ടുപോകുന്നു. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളിൽ ഭൂരിഭാഗവും വേതനമൊന്നുമില്ലാതെ കൃഷിപ്പണികൾ ചെയ്യുന്നു. ഈ വിഭാഗക്കാരെ വളരെ കുറഞ്ഞ കൂലിക്ക് തൊഴിൽ കമ്പോളത്തിൽ എത്തിച്ച് തൊഴിലില്ലാപ്പടയുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് മോദിയുടെ ജി റാം ജി പദ്ധതിയുടെ ലക്ഷ്യം. അതിനു തടസ്സമായി കണ്ടത് നിലവിലിരുന്ന 29 തൊഴിൽ നിയമങ്ങളും മിനിമം കൂലിയിൽ 100 ദിവസത്തെ ജോലി ഉറപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിയുമാണ്. 2047ൽ ഇന്ത്യയെ വികസിത ഭാരതമാക്കാൻ ആഗോള മൂലധനത്തെ ക്ഷണിക്കുമ്പോൾ ലോകത്ത് ഏറ്റവും കൂലി കുറച്ച് തൊഴിലാളികളെ ലഭ്യമാക്കാം എന്ന് മൂലധന ഉടമകൾക്ക് ഉറപ്പു നൽകുകയാണ് ഈ നിയമങ്ങളിലൂടെ മോദി സർക്കാർ ചെയ്യുന്നത്.

2017 – ൽ ജി എസ് ടി നടപ്പിലാക്കി സംസ്ഥാനങ്ങളുടെ നികുതിവരുമാനം വെട്ടിക്കുറച്ചതിനുശേഷം തൊഴിലുറപ്പു പദ്ധതിയുടെ ചെലവും സംസ്ഥാനങ്ങൾ വഹിക്കണമെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണല്ലോ. ജി റാം ജി പദ്ധതിയിൽ ഇപ്പോഴുള്ള നൂറു തൊഴിൽ ദിനങ്ങൾക്കുപകരം 125 തൊഴിൽദിനങ്ങൾ ഉണ്ടാകും എന്നത് നടപ്പാക്കാൻ കഴിയില്ലായെന്ന് ഉറപ്പാണെങ്കിലും 125 ദിവസം തൊഴിൽ നൽകും എന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ തൊഴിലുറപ്പ് പദ്ധതിയെ ശിഥിലമാക്കുന്നതിന്റെ ലക്ഷ്യം ആഗോള മൂലധനത്തിന് ഏറ്റവും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ ലഭിക്കുന്ന രാജ്യം ഏഷ്യയിൽ ഇന്ത്യയായിരിക്കും എന്ന് ഉറപ്പിക്കലാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

16 + fourteen =

Most Popular