ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ രൂപപ്പെട്ട ഒന്നാം യു.പി.എ സർക്കാരാണ് 2005ൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കുന്നത്. 2005 സെപ്തംബർ 5 ന് രാഷ്ട്രപതിയുടെ അംഗീകാരം നേടി നിയമം പ്രാബല്യത്തിൽ വന്നു. 2009 ഒക്ടോബർ 2 മുതൽ നിയമത്തിന്റെ പേര് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (Mahatma Gandhi NREGA) എന്നാക്കി മാറ്റി.
ഒന്നാം യു.പി.എ സർക്കാരിന്റെ കാലയളവിൽ ഇന്ത്യയിൽ നിലവിൽ വന്ന അവകാശാധിഷ്ഠിത നിയമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം. അതിലൂടെ ഈ രാജ്യത്തിലെ ഗ്രാമീണരുടെ തൊഴിൽ ചെയ്തു ജീവിക്കുന്നതിനുള്ള അവകാശം നിയമപരമായി ഉറപ്പുവരുത്തപ്പെട്ടു. ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2006 മുതൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിലും 2008 മുതൽ ഗ്രാമീണമേഖലയിലാകെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നടപ്പിലാക്കിത്തുടങ്ങി.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യയിലെ ദരിദ്രകുടുംബങ്ങളിൽ മഹാഭൂരിപക്ഷവും അതിജീവനത്തിനായി ആശ്രയിച്ചുവരുന്ന ഒരു പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി. ഗ്രാമപ്രദേശത്ത് സ്ഥിരതാമസക്കാരായ, കായികമായി അദ്ധ്വാനിക്കാൻ തയ്യാറുള്ള, ഏതൊരു കുടുംബത്തിനും പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പ്രതിവർഷം 100 തൊഴിൽദിനങ്ങൾ ലഭിക്കാനുള്ള അവകാശമുണ്ട്. ആവശ്യപ്പെട്ട് 15 ദിവസത്തിനകം തൊഴിൽ ലഭിച്ചില്ലെങ്കിൽ തൊഴിലില്ലായ്മാ വേതനത്തിന് അർഹതയുണ്ട്. ജോലി ചെയ്തുകഴിഞ്ഞാൽ പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ വേതനം ലഭിക്കണം, വേതനം വൈകിയാൽ നഷ്ടപരിഹാരത്തിനും അർഹതയുണ്ട്. പ്രവൃത്തിസ്ഥലത്തു വച്ച് അപകടം സംഭവിച്ചാൽ സൗജന്യ ചികിത്സ ലഭിക്കാനുള്ള അവകാശമുണ്ട്. അത്തരത്തിൽ അങ്ങേയറ്റം പുരോഗമനോന്മുഖമായ ഒന്നായാണ് തൊഴിലുറപ്പ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്.
എന്നാൽ, രാജ്യത്ത് ഇത്രയധികം വിമർശിക്കപ്പെട്ട പദ്ധതിയും വേറെ അധികമുണ്ടാകില്ല. സാമ്പത്തിക വിദഗ്ദ്ധരിൽ ചിലരുൾപ്പെടെ സമ്പന്ന -മദ്ധ്യ വർഗത്തിൽപ്പെട്ട പലരും പ്രാരംഭഘട്ടം മുതൽ തന്നെ പദ്ധതിയെ എതിർത്തിരുന്നു. പദ്ധതിയിലൂടെ ചെലവഴിക്കപ്പെടുന്ന കോടികൾ രാജ്യത്ത് പണപ്പെരുപ്പം സൃഷ്ടിക്കുമെന്നും പ്രത്യുത്പാദനപരമല്ലാത്ത ചെലവാണ് അതെന്നുമുള്ള മട്ടിലാണ് അധികം വിമർശനങ്ങളും മുന്നോട്ടുപോയത്. കേരളത്തിലാകട്ടെ, പൊതുസമൂഹത്തിലെ ഒരു വിഭാഗം ആളുകളും മാധ്യമങ്ങളിൽ ചിലതും ഈ പദ്ധതിയിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളെ അധിക്ഷേപിച്ച് സായൂജ്യം കണ്ടെത്തുകയായിരുന്നു. കാർട്ടൂണുകൾ, ഹാസ്യപരിപാടികൾ, ടെലി സീരിയലുകൾ, റീലുകൾ, സിനിമ തുടങ്ങിയ മാധ്യമങ്ങളിലൂടെയെല്ലാം നിരന്തരമായി ആക്ഷേപിക്കപ്പെടുന്ന ഒരു വിഭാഗമായി തൊഴിലുറപ്പു തൊഴിലാളികൾ മാറി. ‘തൊഴിലുഴപ്പ്’, ‘തൊഴിലിരുപ്പ്’ തുടങ്ങിയ ആക്ഷേപ പദങ്ങളും പദ്ധതിയെക്കുറിച്ച് വിശേഷിപ്പിക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. സംഘ്-പരിവാർ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തൊഴിലുറപ്പു പദ്ധതിയെ തകർക്കാൻ ശ്രമിക്കുമ്പോൾ അതിനെ കണ്ണുംപൂട്ടി ന്യായീകരിക്കുവാൻ നിരവധിയാളുകൾ മുന്നോട്ടുവരുന്നതു പോലും ഈ അധിക്ഷേപങ്ങളാൽ സൃഷ്ടിക്കപ്പെട്ട ശക്തമായ പൊതുബോധം മൂലമാണ്.
ഈ സാഹചര്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കെതിരെ ഉയർന്നുവന്നിട്ടുള്ള ആക്ഷേപങ്ങളെ സംബന്ധിച്ച് വിശദമായിത്തന്നെ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ, നമ്മുടെ സമൂഹത്തിലെ ദരിദ്രരായ കോടിക്കണക്കിന് മനുഷ്യരുടെ ഉപജീവനത്തെ എങ്ങനെയാണ് ആ പദ്ധതി സ്വാധീനിക്കുന്നത് എന്നും അത് നമ്മുടെ പ്രകൃതിവിഭവ പരിപാലനത്തിനും കൃഷിയടക്കമുള്ള ഉദ്പാദനമേഖലയുടെ വികസനത്തിനും എപ്രകാരം സഹായിക്കുന്നു എന്നതും വസ്തുനിഷ്ഠമായി പരിശോധിക്കേണ്ടത് ആവശ്യമാണ്.
രാജ്യത്ത് 8.5 കോടി കുടുംബങ്ങളിലായി അത്താഴപ്പട്ടിണിക്കാരായ ഏകദേശം 35 കോടി മനുഷ്യർ ഉപജീവനത്തിനായി ആശ്രയിക്കുന്നത് തൊഴിലുറപ്പു പദ്ധതിയെയാണ്. കേരളത്തിലെ കാര്യമെടുത്താൽ, 19 ലക്ഷം കുടുംബങ്ങളിലായി 40 ലക്ഷത്തിലേറെ ആളുകളാണ് തൊഴിലുറപ്പു പദ്ധതിയിൽ ആശ്വാസം കണ്ടെത്തുന്നത്.
തൊഴിലെടുക്കുവാൻ വരുന്നവരിൽ വലിയൊരു ശതമാനം 50 വയസ്സിനു മുകളിലുള്ള സ്ത്രീകളാണ്. അതിൽത്തന്നെ ഗണ്യമായ എണ്ണം പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവരാണ്. സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതരും നിരാലംബരുമായ മനുഷ്യരുടെ ഏക ആശ്രയമാണ് തൊഴിലുറപ്പുപദ്ധതി എന്നർത്ഥം. കേരളത്തിൽ അവർക്ക് ലഭിക്കുന്ന കൂലിയോ തുച്ഛമായ 369 രൂപ, അതും ഒരു ദിവസത്തെ ജോലിക്ക് 1000 രൂപയും അതിനു മുകളിലും നിലവിലുള്ള ഒരു നാട്ടിൽ!
ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം
തൊഴിലുറപ്പു പദ്ധതിയെ ആക്ഷേപിക്കുന്ന ചിലരുടെ വാദങ്ങൾ കേട്ടാൽ തോന്നുക, ഈ രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന പദ്ധതികളിൽ ഇതൊഴിച്ച് മറ്റെല്ലാ പദ്ധതികളും കുറ്റമറ്റ രീതിയിലും അഴിമതിരഹിതമായുമാണ് നടന്നുവരുന്നത് എന്നാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിപദം വഹിച്ചിരുന്ന രാജീവ്ഗാന്ധി പണ്ടൊരു അപ്രിയസത്യം വിളിച്ചു പറഞ്ഞത് പലരും ഓർക്കുന്നുണ്ടാകും. രാജ്യത്ത് സർക്കാർ പദ്ധതികളിൽ ചെലവഴിക്കുന്ന 100 രൂപയിൽ വെറും 15 രൂപ മാത്രമാണ് അർഹതപ്പെട്ടവരുടെ കൈകളിൽ എത്തുന്നത്, ബാക്കി 85 രൂപയും പലവിധ ക്രമക്കേടുകളിലൂടെ ഇടനിലക്കാർ തട്ടിയെടുക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന മുൻകാല തൊഴിൽദാന പദ്ധതികൾ നോക്കിയാൽത്തന്നെ ആ പറഞ്ഞതിൽ ചില സത്യങ്ങളുണ്ടെന്ന് മനസ്സിലാക്കാം.
തൊഴിലുറപ്പുപദ്ധതിയ്ക്ക് മുമ്പ് നിലനിന്നിരുന്ന തൊഴിൽദാന പദ്ധതിയാണ് SGRY അഥവാ സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന. അതിൽ ഗുണഭോക്തൃ കമ്മിറ്റികൾ മിക്കവാറും എല്ലായിടത്തും പേരിനുമാത്രമായിരുന്നു. ബിനാമി കരാറുകാരാണ് ഏതാണ്ട് എല്ലാ പ്രവൃത്തികളും ചെയ്തിരുന്നത്. മസ്റ്റർറോളുകൾ സമ്പൂർണ്ണമായും വ്യാജമായി തയ്യാറാക്കുകയായിരുന്നു. പ്രദേശവാസികളിൽ അധികംപേർക്കും അതിൽ തൊഴിൽ ലഭിച്ചിരുന്നില്ല. കൂലിയുടെ ഒരുഭാഗം അരി,ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ ആയിട്ടാണ് നല്കിയിരുന്നത്. അതാകട്ടെ, FCI ഗോഡൗണുകളിൽ നിന്ന് ഏതെങ്കിലും സ്വകാര്യ മില്ലുകളിലേക്കായിരുന്നു നേരിട്ട് പൊയ്ക്കൊണ്ടിരുന്നത്. ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് മാഫിയാ സംഘങ്ങൾ പോലെയാണ് മിക്കയിടങ്ങളിലും പ്രവർത്തിച്ചിരുന്നത്. അരിക്കച്ചവടത്തിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചവർ എത്രയെന്നോ!
ആ സംവിധാനത്തെ നിങ്ങൾ തൊഴിലുറപ്പ് പദ്ധതിയുമായി താരതമ്യം ചെയ്തു നോക്കൂ. മസ്റ്റർ റോളുകൾ ഏതാണ്ട് 100% ഉം സത്യസന്ധമായി തയ്യാറാക്കപ്പെടുന്നവയാണ്. അതിൽപ്പെടുന്ന തൊഴിലാളികൾ ആ പ്രദേശത്തുതന്നെ താമസിക്കുന്നവരും യഥാർത്ഥത്തിൽ ഉള്ളവരുമാണ്. ഇപ്പോൾ തൊഴിൽക്കാർഡിനെ ആധാറുമായിക്കൂടി ബന്ധിപ്പിച്ചതിനാൽ അക്കാര്യം 100% ഉറപ്പിക്കാൻ സാധിക്കും. ചെലവഴിക്കുന്ന തുകയുടെ 85% ഉം അവിദഗ്ദ്ധ വേതനമാണ്, അത് നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ എത്തുന്നു, ഇടനിലക്കാരില്ല, അഴിമതിയില്ല. അവശേഷിക്കുന്ന 15% വരുന്ന മെറ്റീരിയൽ പ്രവൃത്തികളിലാണ് കുറച്ചെങ്കിലും അഴിമതിയോ ക്രമക്കേടുകളോ നടക്കുന്നത്; ബിനാമികളും ഇടനിലക്കാരും തെറ്റായി കടന്നുവരുന്നത്. അതും അനുവദിക്കാൻ പാടില്ലാത്തതാണ്. പക്ഷേ മുൻകാല പദ്ധതികളിൽ 15 ശതമാനമോ അതിലല്പം കൂടുതലോ മാത്രം യഥാർത്ഥ ഗുണഭോക്താക്കൾക്ക് കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത്, ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് പദ്ധതിത്തുകയുടെ നല്ലൊരു പങ്കും തട്ടിയെടുത്തിരുന്ന സ്ഥാനത്ത ഇപ്പോൾ 85% തുകയോ അതിലധികമോ യഥാർത്ഥ തൊഴിലാളികൾക്ക് ലഭിക്കുന്നു എന്നത് ഒട്ടും ചെറിയ കാര്യമല്ല. ആക്ഷേപങ്ങൾ അടിസ്ഥാനരഹിതം.
ഇനി ചിലരുടെ ആക്ഷേപം, അവർ ജോലിസമയത്ത് തൊഴിലെടുക്കാതെ വിശ്രമിക്കുന്നു എന്നതാണ്. തൊഴിലുറപ്പ് തൊഴിലാളികളുടെ ശരാശരി പ്രായം എന്താണെന്ന് നാം നേരത്തേ കണ്ടു. 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളാണ് മിക്കയിടത്തും പണിക്കുവരുന്നത്. കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥകൂടി നാം പരിഗണിക്കണം. ശൈത്യകാലത്തുപോലും പകൽ താപനില 34 ഡിഗ്രിക്കു മുകളിലാണ്. വേനൽക്കാലത്ത് 40–-42 ഡിഗ്രിക്കു മുകളിൽ ചൂടുകൂടുന്നത് പതിവാണ്; വർദ്ധിച്ച ഹ്യുമിഡിറ്റിയും. അങ്ങേയറ്റം ദുസ്സഹമായ ചൂടാണ് കേരളത്തിൽ അനുഭവപ്പെടുന്നത് എന്ന് പകൽസമയം പുറത്തിറങ്ങി നടക്കുന്ന ഏതൊരാൾക്കും മനസ്സിലാകും. മഴക്കാലത്താണെങ്കിൽ അതിതീവ്ര മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മറ്റും നിരന്തരമായി സംഭവിക്കുന്നു. അതിനു പുറമേ ശക്തമായ ഇടിമിന്നലും. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലാണ് തൊഴിലുറപ്പു തൊഴിലാളികൾ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ നിന്നു പണിയെടുക്കുന്നത്. എത്രയോ തൊഴിലാളികളാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ജോലിക്കിടയിൽ ഇടിമിന്നലേറ്റും സൂര്യാഘാതത്തിലും മരങ്ങൾ മറിഞ്ഞുവീണും ചുവരിടിഞ്ഞ് അടിയിൽപ്പെട്ടുമൊക്കെ മരിച്ചുപോയത്. പാമ്പുകടിയേറ്റും കടന്നൽ/തേനീച്ച ആക്രമണങ്ങളിലുമൊക്കെ മരിച്ചുപോയവരും പരിക്കേറ്റവരും എത്രയോ വരും. കാട്ടുപന്നി, കടുവ, ആന തുടങ്ങിയ വന്യജീവി ആക്രമണങ്ങൾ വേറെയും. ജോലിസ്ഥലത്തെ കുഴഞ്ഞുവീണുള്ള മരണങ്ങളും ധാരാളം. ഇത്രയും കടുത്ത സാഹചര്യങ്ങളിൽ ജോലിചെയ്യുന്ന വൃദ്ധരായ തൊഴിലാളിസ്ത്രീകൾ അല്പനേരം വിശ്രമിച്ചുപോയാൽ അതിനെ ആക്ഷേപിക്കുന്നത് ശരിയാണോ എന്നത് പൊതുസമൂഹം ആലോചിക്കണം.
നാടിനെന്ത് നേട്ടമുണ്ടായി?
തൊഴിലുറപ്പു പദ്ധതി കൊണ്ട് നാടിന് എന്തു നേട്ടമുണ്ടായി എന്നു ചോദിക്കുന്നവർ ധാരാളമുണ്ട്. നമ്മൾ ആദ്യം ഓർക്കേണ്ടത് ഇതൊരു തൊഴിൽദാന പദ്ധതിയാണ് എന്നതാണ്. ലക്ഷക്കണക്കിന് ആൾക്കാർക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താൻ സാധിച്ചു എന്നതുതന്നെയാണ് പദ്ധതി കൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം. കേരളത്തിൽ ഏതാണ്ട് 3000 കോടിയിലേറെ രൂപയാണ് വേതനയിനത്തിൽ ഓരോ വർഷവും പാവപ്പെട്ടവരുടെ അക്കൗണ്ടിൽ നേരിട്ട് എത്തുന്നത്. ദരിദ്രരായ മനുഷ്യർക്ക്, പ്രത്യേകിച്ചും അട്ടപ്പാടി, ഇടമലക്കുടി, മാനന്തവാടി പോലുള്ള പ്രദേശങ്ങളിലെ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും, സ്ത്രീകൾ ഗൃഹനാഥരായ കുടുംബങ്ങൾക്കും ഒക്കെ, വലിയ ആശ്വാസമാണ് ഈ തുക. കോവിഡ് ലോക്ക്ഡൗൺ കാലത്ത്, മറ്റു ഉപജീവനമാർഗ്ഗങ്ങളെല്ലാം അടയവേ, ലക്ഷക്കണക്കിന് വീടുകളിൽ അടുപ്പ് പുകഞ്ഞത് തൊഴിലുറപ്പ് പദ്ധതിയിലൂടെയായിരുന്നു എന്നത് നാം മറക്കാൻ പാടില്ലാത്തതാണ്. സാധാരണയായി ശരാശരി 8 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്ന കേരളത്തിൽ കോവിഡ് കാലയളവിൽ 10 കോടിയിലധികം തൊഴിൽദിനങ്ങൾ നല്കുകയുണ്ടായി. മഹാപ്രളയം സംസ്ഥാനത്തെ തകർത്തെറിഞ്ഞ നാളുകളിലും കേരളത്തിന്റെ പുനർനിർമ്മാണത്തിലും കൃഷിയിടങ്ങളുടെയും ഉപജീവന ആസ്തികളുടെയും റോഡുകളും കലുങ്കുകളും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുടെയും പുനരുജ്ജീവനത്തിലും തൊഴിലുറപ്പുപദ്ധതി സവിശേഷമായ പങ്കുവഹിക്കുകയുണ്ടായി.
തൊഴിലുറപ്പു വേതനത്തിന്റെ 90 ശതമാനവും സ്ത്രീകളുടെ അക്കൗണ്ടിൽ നേരിട്ടാണ് എത്തുന്നത് എന്നതിനാൽ അത് കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകാഹാരം, അവരുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവയടക്കം കുടുംബത്തിന്റെ സർവതോമുഖമായ വളർച്ചയ്ക്കാണ് പ്രധാനമായും ചെലവഴിക്കപ്പെടുന്നത്. അത് സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ദീർഘകാല നേട്ടങ്ങളിലേക്ക് നയിക്കാൻ പര്യാപ്തമാണ് എന്നതും നാം ഓർക്കണം.
തൊഴിലും വരുമാനവും പ്രദാനം ചെയ്യുന്നു എന്നതിനപ്പുറം തൊഴിലുറപ്പു പദ്ധതികൊണ്ട് മറ്റു പ്രയോജനങ്ങളും ധാരാളമായുണ്ട്. നമുക്ക് ജലസംരക്ഷണത്തിന്റെ കാര്യം പരിശോധിക്കാം. നീർത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് മണ്ണുജല സംരക്ഷണ പ്രവൃത്തികൾ വ്യാപകമായി തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുത്ത് നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം ഏകദേശം 70,000ത്തിലേറെ പൊതുകുളങ്ങൾ അടക്കമുള്ള പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം തൊഴിലുറപ്പു പദ്ധതിയിൽ സാധ്യമാക്കിയിട്ടുണ്ട്. ഈ കാലയളവിൽ കാർഷികാവശ്യത്തിന് പുതുതായി നിർമിച്ച കുളങ്ങൾ 30,000 ത്തിനു മുകളിലാണ്. നീർച്ചാലുകളിലെ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമായി ഗള്ളിപ്ലഗ്ഗിങ് അടക്കം 84,000 ത്തിലേറെ താത്കാലിക തടയണകളും ആയിരത്തോളം സ്ഥിരം തടയണകളും നിർമിക്കുകയുണ്ടായി. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം ഉപയോഗിച്ച് സംസ്ഥാനത്തിലെ 72,000 ത്തിലധികം കിണറുകൾ റീച്ചാർജ്ജ് ചെയ്യാൻ സാധിച്ചു. ഇതിനു പുറമേ ലക്ഷക്കണക്കിന് മഴക്കുഴികൾ തൊഴിലുറപ്പു പദ്ധതിയിൽ നിർമിച്ചിട്ടുണ്ട്. മണ്ണുകയ്യാല, കല്ലുകയ്യാല, തട്ടുതിരിക്കൽ തുടങ്ങിയ മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങളും വ്യാപകമായി ഏറ്റെടുത്തിട്ടുണ്ട്. നീർച്ചാലുകൾ വീണ്ടെടുക്കുന്നതിനായി ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘ഇനി ഞാനൊഴുകട്ടെ’ ക്യാംപെയിനിൽ തൊഴിലുറപ്പു പദ്ധതി സുപ്രധാന പങ്കുവഹിക്കുകയുണ്ടായി. 84,000 കി.മീറ്ററിലധികം നീളത്തിൽ നീർച്ചാലുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ ഈ പദ്ധതി പ്രകാരം ഏറ്റെടുക്കുകയുണ്ടായി. ആലപ്പുഴ ജില്ലയിലെ കുട്ടംപേരൂർ, പത്തനംതിട്ടയിലെ വരട്ടാർ, കോട്ടയം ജില്ലയിലെ മീനച്ചിലാർ-, മീന്തലയാർ തുടങ്ങി നിരവധി നദികളുടെ വീണ്ടെടുപ്പിനും തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
ജലസംരക്ഷണത്തിനായി നടപ്പിലാക്കിയ ഈ പദ്ധതികൾ കേരളത്തിന്റെ ഭൂഗർഭ ജലവിതാനം മെച്ചപ്പെടുത്താൻ എത്രത്തോളം സഹായിച്ചിട്ടുണ്ട് എന്നതു സംബന്ധിച്ച് ആധികാരിക പഠനങ്ങൾ അധികമൊന്നും നടന്നിട്ടില്ല എന്നത് നിർഭാഗ്യകരമാണ്. എന്നാൽ ലോകബാങ്കിന്റെ പഠനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്, മഴക്കാലത്തിനു തൊട്ടുപിന്നാലെയും വരണ്ട നടീൽ സീസണിലും ഭൂഗർഭജലനിരപ്പ് ഉയർത്തുന്നതിന് തൊഴിലുറപ്പു പദ്ധതി വലിയതോതിൽ സഹായിച്ചിട്ടുണ്ട് എന്നാണ്. കനാലുകളിലൂടെയോ ടാങ്കുകളിലൂടെയോ ജലസേചനം ചെയ്യുന്ന സ്ഥലത്ത് കാര്യമായ മാറ്റമൊന്നും വരുത്തിയില്ലെങ്കിലും, കിണറുകളിലൂടെ ജലസേചനം ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതിയിൽ 17% വർദ്ധനവിന് അത് കാരണമായിട്ടുണ്ട് എന്നതാണ് ഒരു നിർണായക കണ്ടെത്തൽ. മെച്ചപ്പെട്ട ഭൂഗർഭജല ലഭ്യതയുടെ നേരിട്ടുള്ള സൂചകമായിട്ട് അതിനെ കണക്കാക്കാവുന്നതാണ്.
കേരളത്തിൽ 2004 ലെ ഭൂഗർഭജല ലഭ്യതയുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ വ്യത്യാസം 2024-ൽ സംഭവിച്ചിട്ടുണ്ട് എന്നതിന് ഉപോത്ബലകമായ ചില വസ്തുതകളുണ്ട്. ഉദാഹരണത്തിന്, 2004 ൽ കേരളത്തിൽ 5 ഓവർ എക്സ്പ്ലോയിറ്റഡ് ബ്ലോക്കുകളും 15 ക്രിട്ടിക്കൽ ബ്ലോക്കുകളും 30 സെമി ക്രിട്ടിക്കൽ ബ്ലോക്കുകളും 101 സുരക്ഷിത ബ്ലോക്കുകളും ആണ് ഉണ്ടായിരുന്നതെങ്കിൽ 2024 ൽ കേരളത്തിൽ ഓവർ എക്സ്പ്ലോയിറ്റഡ് ബ്ലോക്കുകൾ ഒന്നും തന്നെയില്ല. ക്രിട്ടിക്കൽ ബ്ലോക്കുകളുടെ എണ്ണം 15ൽ നിന്ന് 3 ആയി കുറഞ്ഞു. സെമി ക്രിട്ടിക്കൽ ബ്ലോക്കുകൾ 29 എണ്ണം ഉള്ളപ്പോൾ സുരക്ഷിത ബ്ലോക്കുകളുടെ എണ്ണം 101 ൽ നിന്ന് 120 ആയി വർദ്ധിച്ചു. കേരളത്തിന്റെ ഭൂഗർഭജല ഉപഭോഗം ഈ കാലഘട്ടത്തിൽ വർദ്ധിക്കുകയുണ്ടായി എന്ന വസ്തുത കൂടി കണക്കിലെടുത്താൽ, ജലലഭ്യതയിലുണ്ടായ ഗുണകരമായ ഈ മാറ്റം വളരെ പ്രധാനപ്പെട്ട ഒരു സൂചകമാണ് എന്നു കാണാവുന്നതാണ്.
കാട്ടാക്കട നിയോജകമണ്ഡലത്തിൽ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട് ആവിഷ്കരിച്ചു നടപ്പിലാക്കിയ ജലസമൃദ്ധി പദ്ധതിയാണ് മറ്റൊരുദാഹരണം. ആ പദ്ധതിയിൽ നടപ്പാക്കിയ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഫലമായി നേമം ബ്ലോക്ക് പ്രദേശം വെറും മൂന്നു വർഷം കൊണ്ട് സെമിക്രിട്ടിക്കൽ അവസ്ഥയിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറുകയുണ്ടായി.
ഇതെല്ലാം കാണിക്കുന്നത്, തൊഴിലുറപ്പു പദ്ധതിയിൽ ഏറ്റെടുക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങൾ ഭൂഗർഭ ജലസ്രോതസ്സുകളെ പരിപോഷിപ്പിക്കുവാൻ സഹായിക്കുന്നു എന്നുതന്നെയാണ്. അതുകൊണ്ട്, നമ്മുടെ കിണറുകൾ ഉറവനിലച്ച് വറ്റിപ്പോകാതെ കടുത്ത വേനൽക്കാലത്തും ജീവജലം പകർന്നുനല്കുന്നുണ്ടെങ്കിൽ, നമ്മുടെ അരുവികളും പുഴകളും വറ്റിവരളാതെ ഇപ്പോഴും ഒഴുകുന്നുണ്ടെങ്കിൽ, ആ നേട്ടത്തിൽ അവിതർക്കിതമായ ഒരു സ്ഥാനം തൊഴിലുറപ്പു പദ്ധതിയ്ക്കും ഉണ്ട് എന്നു നാം അംഗീകരിച്ചേ മതിയാകൂ.
ജലസംരക്ഷണത്തിനുപുറമേ മറ്റു നിരവധി പ്രവർത്തനങ്ങളും തൊഴിലുറപ്പു പദ്ധതിയിൽ ഏറ്റെടുത്തിട്ടുണ്ട്. പ്രകൃതിവിഭവങ്ങളുടെ പരിപാലനത്തിന്റെ ഭാഗമായി ഹരിതകേരളമിഷൻ നടപ്പിലാക്കിയ പച്ചത്തുരുത്ത് പ്രോജക്-ടിൽ വിവിധ ഗ്രാമപ്രദേശങ്ങളിലായി 2486 പച്ചത്തുരുത്തുകൾ വച്ചുപിടിപ്പിക്കുകയുണ്ടായി. കണ്ടൽക്കാടുകളുടെ പുനരുജ്ജീവനം, തീരദേശ വനവല്കരണം, വനം വകുപ്പുമായി ചേർന്നുള്ള വൃക്ഷസമൃദ്ധി പദ്ധതി തുടങ്ങി നിരവധി വൃക്ഷവല്കരണ പ്രവർത്തനങ്ങളും തൊഴിലുറപ്പു പദ്ധതിയിൽ ഏറ്റെടുക്കുകയും ലക്ഷക്കണക്കിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് പ്രതിസന്ധിയിൽനിന്ന് സമൂഹത്തെ കരകയറ്റുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘സുഭിക്ഷകേരളം’ പദ്ധതിയിൽ സുപ്രധാനമായ ഒരു പങ്ക് തൊഴിലുറപ്പ് പദ്ധതി വഹിക്കുകയുണ്ടായി. ദരിദ്രകുടുംബങ്ങളുടെ ഉപജീവനം മെച്ചപ്പെടുത്തുന്നതിനായി ജീവനോപാധി ആസ്തികൾ ധാരാളമായി തൊഴിലുറപ്പു പദ്ധതിയിൽ നിർമിച്ചു നല്കി. 65,000 കാലിത്തൊഴുത്തുകൾ, 44,000 ആട്ടിൻകൂടുകൾ, 45,000 കോഴിക്കൂടുകൾ, 7,000 അസോളാ ടാങ്കുകൾ, സ്വയം സഹായ സംഘങ്ങൾക്കായി 650 വർക്ക്ഷെഡുകൾ, വിപണന സൗകര്യത്തിനായി 70 ഗ്രാമചന്തകൾ തുടങ്ങി നിരവധി ആസ്തികളാണ് അത്തരത്തിൽ നിർമിച്ചിട്ടുള്ളത്. കൂടാതെ, തീറ്റപ്പുൽകൃഷിയും വ്യാപകമായി ഏറ്റെടുക്കുകയുണ്ടായി. കാർഷിക വികസനത്തിനും കുടിവെള്ള ലഭ്യതയ്ക്കും സഹായകമാകും വിധം 60,000 ത്തിലേറെ ജലസേചന കിണറുകളും കുഴിച്ചിട്ടുണ്ട്.
ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി 60,000 വ്യക്തിഗത ശുചിമുറികളും, 50,000 കമ്പോസ്റ്റു പിറ്റുകളും, 65,000 സോക്പിറ്റുകളും, 7,000 മിനി എം.സി.എഫുകളും തൊഴിലുറപ്പുപദ്ധതിയിൽ നിർമിക്കുകയുണ്ടായി.
സാമൂഹ്യ ആസ്തികൾ നിർമിക്കുന്നതിന്റെ ഭാഗമായി 520 അംഗൻവാടികൾക്ക് കെട്ടിടം നിർമിക്കുകയുണ്ടായി. സർക്കാർ സ്കൂളുകൾക്ക് ചുറ്റുമതിൽ, പാചകപ്പുരകൾ, ശുചിമുറികൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയും തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയിട്ടുണ്ട്.
ഇതിനുപുറമേ 84,000 ത്തിലേറെ ഗ്രാമീണ റോഡുകൾ, 1,113 കലുങ്കുകൾ, 1,800 ജലനിർഗ-മന ചാലുകൾ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും തൊഴിലുറപ്പ് പദ്ധതിയിൽ നിർവ്വഹിച്ചിട്ടുണ്ട്. ഇവയെല്ലാം കൂടി ലക്ഷക്കണക്കിന് ആസ്തികളാണ് കേരളത്തിൽ അങ്ങോളമിങ്ങോളമായി തൊഴിലുറപ്പു പദ്ധതിയിൽ നിർമിക്കപ്പെട്ടിട്ടുള്ളത്. ഈ ആസ്തികൾ എല്ലാംതന്നെ ജിയോടാഗ് ചെയ്തിട്ടുള്ളവയാണ്. കൂടാതെ സോഷ്യൽ ഓഡിറ്റിങ്ങിനും വിധേയമാക്കിയിട്ടുണ്ട്.
2022-ൽ കേരളത്തിലെ തൊഴിലുറപ്പു പദ്ധതി നിർവ്വഹണത്തെക്കുറിച്ച് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് (CMD), തിരുവനന്തപുരം, സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആൻഡ് എൻവയോൺമെന്റ് സ്റ്റഡീസ് (CSES), എറണാകുളം, ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ (IRTC), പാലക്കാട് എന്നീ ഏജൻസികൾ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് ഇവാല്യുവേഷൻ സ്റ്റഡി നടത്തുകയുണ്ടായി. തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമപ്രദേശത്തിലെ ദരിദ്ര കുടുംബങ്ങളുടെ വരുമാനം ഗണ്യമായി ഉയർന്നതായും അവർക്ക് പ്രയോജനപ്രദമായ ധാരാളം ഉപജീവന ആസ്തികൾ ലഭ്യമായതായും മേൽപഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. വലിയൊരു വിഭാഗം കുടുംബങ്ങളും പ്രതിസന്ധിഘട്ടങ്ങളിൽ കടക്കെണിയിലേക്ക് വഴുതിവീഴാതെ പിടിച്ചുനില്കുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ നിന്നു ലഭിക്കുന്ന വരുമാനംകൊണ്ടാണ് എന്ന് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനുപുറമേ, പ്രകൃതിവിഭവ പരിപാലനത്തിനും പരിസ്ഥിതി പുനഃസ്ഥാപനത്തിനും തൊഴിലുറപ്പു പദ്ധതി വളരെയേറെ പ്രയോജനപ്പെട്ടിട്ടുള്ളതായും തരിശ്ശായി കിടക്കുന്ന നെൽവയലുകളുടെ വീണ്ടെടുപ്പിനും പച്ചക്കറി കൃഷി അടക്കമുള്ള മേഖലകളിലെ മുന്നേറ്റത്തിനും പദ്ധതി സഹായിച്ചിട്ടുള്ളതായും കണ്ടെത്തുകയുണ്ടായി. പട്ടികവർഗ ഉന്നതികളിലേക്കുള്ള റോഡുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലുറപ്പു പദ്ധതി കാരണമായിട്ടുണ്ടെന്നും പ്രസ്തുത പഠനങ്ങൾ വിലയിരുത്തുന്നു. സ്ത്രീശാക്തീകരണത്തിന് തൊഴിലുറപ്പുപദ്ധതി സഹായകഘടകമായി വർത്തിക്കുന്നുണ്ട് എന്നും കാണുകയുണ്ടായി. ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽ തൊഴിലുറപ്പു പദ്ധതി പലരീതിയിലും സഹായകമാകുന്നതായും ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഗ്രാമീണ മേഖലയിൽ ഇത്രയധികം മാറ്റങ്ങൾക്ക് കാരണമാകുന്ന, കോടിക്കണക്കിന് മനുഷ്യർ പട്ടിണി കൂടാതെ കഴിയാൻ പ്രയോജനപ്പെടുത്തുന്ന, തൊഴിലുറപ്പു പദ്ധതിയുടെ മരണമണി മുഴക്കുകയാണ് ഇപ്പോൾ സംഘപരിവാർ നേതൃത്വം നല്കുന്ന കേന്ദ്രസർക്കാർ. അതിനായി അവർ പുതിയൊരു നിയമം പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കിയിരിക്കുകയാണ്.
കേന്ദ്രസർക്കാരിന്റെ ഈ പുതിയ നീക്കം പദ്ധതിയെ പലതരത്തിലാണ് പ്രതികൂലമായി ബാധിക്കുന്നത്:
1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമത്തിൽ അവിദഗ്ദ്ധ വേതനം പൂർണമായും കേന്ദ്രസർക്കാരാണ് വഹിച്ചിരുന്നത്. കൂടാതെ ഭരണച്ചെലവും കേന്ദ്രത്തിന്റെ ബാധ്യതയായിരുന്നു. മെറ്റീരിയൽ ഘടകത്തിന്റെ 75% കേന്ദ്രവും 25% സംസ്ഥാനങ്ങളും വഹിച്ചിരുന്നു. എന്നാൽ പുതിയ പദ്ധതിയുടെ ആകെ ചെലവിന്റെ 60% കേന്ദ്രവും 40% സംസ്ഥാനങ്ങളുമാണ് വഹിക്കേണ്ടത്. അതിനുപുറമേ, ഓരോ സംസ്ഥാനത്തിനും കേന്ദ്രം മുൻകൂട്ടി ഒരു അലോക്കേഷൻ നിശ്ചയിക്കുമെന്നും ആ അലോക്കേഷനിൽ അധികരിച്ചു വരുന്ന തുക പൂർണമായും സംസ്ഥാനം വഹിക്കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു.
തൊഴിലാളികൾ ആവശ്യപ്പെടുന്നതിന് അനുസരിച്ച് തൊഴിൽ നല്കാൻ ബാധ്യതപ്പെട്ട ഒരു പദ്ധതി എന്നനിലയിൽ തൊഴിലുറപ്പു പദ്ധതിയുടെ ചെലവ് ഒരിക്കലും മുൻകൂട്ടി നിശ്ചയിച്ച അലോക്കേഷനിൽ ഒതുങ്ങാനിടയില്ല. ഉദാഹരണത്തിന്, കഴിഞ്ഞ സാമ്പത്തികവർഷം കേന്ദ്ര ബജറ്റിൽ നിശ്ചയിക്കപ്പെട്ട അലോക്കേഷൻ 86,000 കോടി രൂപയായിരുന്നു. യഥാർത്ഥത്തിൽ ചെലവായതോ ഒരു ലക്ഷത്തി നാലായിരം കോടി രൂപയും. അഡിഷണൽ ബജറ്റ് അലോക്കേഷനിലൂടെയാണ് ഇങ്ങനെ അധികമായി വേണ്ടിവരുന്ന തുക കേന്ദ്രസർക്കാർ ഇതുവരെയും നല്കിയിരുന്നത്. എന്നാൽ ഇനി മുതൽ കേന്ദ്രത്തിന് ആ ബാധ്യത ഏറ്റെടുക്കേണ്ടതില്ല. അത് സംസ്ഥാനങ്ങൾ വഹിക്കണം. അതായത്, പുതിയ പദ്ധതി ഒരേസമയം അലോക്കേഷൻ അടിസ്ഥാനമാക്കിയതും ഡിമാൻഡ് അധിഷ്ടിതവും ആയി മാറുന്നു. കേന്ദ്രത്തിനെ സംബന്ധിച്ച് ഇത് അലോക്കേഷൻ അടിസ്ഥാനമാക്കിയതായ ഒരു പദ്ധതി മാത്രമാണ്. എന്നാൽ സംസ്ഥാനങ്ങൾക്ക് ഇത് ഡിമാൻഡ് അധിഷ‍്ടിതമാണ്. തൊഴിലിനുള്ള ഡിമാൻഡ് വർദ്ധിക്കുന്നതിന് അനുസൃതമായി സംസ്ഥാനങ്ങളുടെ ബാധ്യതയും കൂടി വരും. 60:40 എന്ന അനുപാതം ഒരു പുകമറ മാത്രമാണ്, യഥാർത്ഥ അനുപാതം 40:60 ഓ അതിലും മോശമോ ആയാലും അത്ഭുതപ്പെടാനില്ല. ഇതിലൂടെ സംസ്ഥാനസർക്കാരുകളുടെ മേൽ അമിത സാമ്പത്തികഭാരം അടിച്ചേല്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇപ്പോൾത്തന്നെ ഗുരുതരമായ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന സംസ്ഥാന സർക്കാരുകൾ സ്വാഭാവികമായും പദ്ധതി നിർവ്വഹണത്തിൽ പിന്നോക്കം പോകും. അതിന്റെ ഫലമായി തൊഴിൽദിനങ്ങൾ ഗണ്യമായി കുറയും.
മാത്രവുമല്ല, പദ്ധതിയുടെ മാർഗരേഖ, ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ തുടങ്ങിയവയെല്ലാം നിശ്ചയിക്കുവാനുള്ള അധികാരം കേന്ദ്ര സർക്കാരിന് മാത്രമാണ്. ചെലവിന്റെ സിംഹഭാഗവും സംസ്ഥാനങ്ങളാണ് വഹിക്കേണ്ടതെങ്കിലും പ്രാദേശികമായ സവിശേഷതകൾക്ക് അനുസൃതമായി പദ്ധതി ആസൂത്രണം ചെയ്ത് നടത്തുവാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കില്ല. കേന്ദ്രം നിശ്ചയിക്കുന്ന പ്രവൃത്തികൾ സംസ്ഥാനം പണം മുടക്കി ചെയ്യേണ്ട വിചിത്രമായ സ്ഥിതിയാണ് ഉളവാകുന്നത്. ഫെഡറലിസത്തിന്റെ നഗ്നമായ ലംഘനമാണിത്.
2. നഗരവല്കരണത്തിന്റെയും അടിസ്ഥാനസൗകര്യ ലഭ്യതയുടെയും അടിസ്ഥാനത്തിൽ കേന്ദ്രം ഗ്രാമപഞ്ചായത്തുകളെ A, B, C എന്നിങ്ങനെ ക്ലാസ്സിഫൈ ചെയ്യുമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. കൂടുതൽ നഗരവല്കരണം സംഭവിച്ച പഞ്ചായത്തുകൾക്ക് അലോക്കേഷൻ കുറവായിരിക്കും. അടിസ്ഥാനസൗകര്യവികസനത്തിലും നഗരവല്കരണത്തിലും ഒരുപാട് മുന്നോട്ടുപോയ കേരളത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളെയും അത് പ്രതികൂലമായി ബാധിക്കും. കേരളത്തിന്റെ മൊത്തം തൊഴിലുറപ്പ് പദ്ധതി അലോക്കേഷൻ വെട്ടിക്കുറയ്ക്കുന്നതിലേക്കാകും അത് നയിക്കുക.
3. പദ്ധതിയിൽ ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ ആസ്തികൾ സൃഷ്ടിക്കാനുതകുന്ന ഏതാനും ചില വിഭാഗങ്ങളിലായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. അവയിൽ പലതും കാര്യമായ അളവിൽ അവിദഗ്ദ്ധ കായികതൊഴിൽ സൃഷ്ടിക്കാൻ പര്യാപ്തമായവയല്ല. തൊഴിൽ ദിനങ്ങൾ വീണ്ടും കുറയുക എന്നതായിരിക്കും ഫലത്തിൽ സംഭവിക്കുക.
ഈ മാറ്റങ്ങളെല്ലാം ആത്യന്തികമായി ബാധിക്കുന്നത് തൊഴിലാളികളെയാണ്. നിലവിൽ പൂർണ്ണമായും ഡിമാൻഡ് അധിഷ്ടിതമായിട്ടുപോലും രാജ്യത്ത് ഒരു കുടുംബത്തിന് പ്രതിവർഷം കിട്ടുന്ന ശരാശരി തൊഴിൽദിനങ്ങൾ 50 മാത്രമാണ്. കാര്യക്ഷമമായി പദ്ധതി നിർവ്വഹണം നടത്തുന്ന സംസ്ഥാനങ്ങളിൽ കാര്യങ്ങൾ കുറച്ച് മെച്ചമാണ്. ഉദാഹരണത്തിന് കേരളത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം 66 തൊഴിൽദിനങ്ങൾ കൊടുക്കാൻ സാധിച്ചു. എന്നാൽ ആസാമിൽ ഇത് വെറും 37 ആണ്, ബീഹാറിൽ 48, മധ്യപ്രദേശിൽ 49, യു.പി യിൽ 51 എന്നിങ്ങനെയാണ്. പുതിയ മാറ്റങ്ങൾ മൂലം കേരളം പോലുള്ള സംസ്ഥാനങ്ങൾ യു.പി.യുടെയും ബീഹാറിന്റെയും നിലവാരത്തിലേക്ക് താഴും. തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തി എന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ ശരാശരി തൊഴിൽദിനങ്ങൾ ഇപ്പോഴത്തേതിനേക്കാൾ താഴേക്കു പോകും എന്നതാണ് യാഥാർഥ്യം. കേന്ദ്രം ആഗ്രഹിക്കുന്നതും അതുതന്നെയാണ്. തൊഴിലുറപ്പു പദ്ധതിയെ അനാകർഷകമാക്കുക, പതുക്കെപ്പതുക്കെ അതിനെ സ്വാഭാവിക മരണത്തിലേക്ക് തള്ളിനീക്കുക. നമ്മുടെ രാജ്യത്ത് തൊഴിലുറപ്പു പദ്ധതി തുറന്നുവയ്ക്കുന്ന ശാക്തീകരണ സാധ്യതകൾ വളരെ വലുതാണ്.
അങ്ങേയറ്റം ചൂഷണാധിഷ്ഠിതമായ കാർഷികബന്ധങ്ങൾ നിലനില്കുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽ കാർഷിക മേഖലയിൽ നിയതമായ ഒരു കൂലിവ്യവസ്ഥ കൊണ്ടുവരുന്നതിൽ തൊഴിലുറപ്പു പദ്ധതി വലിയ പങ്കുവഹിച്ചിട്ടുണ്ട്. സർക്കാർ നിശ്ചയിക്കുന്ന മിനിമം കൂലി, കുറഞ്ഞത് 100 ദിവസമെങ്കിലും, ലഭിക്കുമെന്ന ഉറപ്പ് കർഷകത്തൊഴിലാളിയുടെ വിലപേശൽ ശേഷിയെ തെല്ലൊന്നുമല്ല വർദ്ധിപ്പിച്ചിട്ടുള്ളത്. ലിംഗപരമായ അസമത്വങ്ങൾ കൊടികുത്തി വാഴുന്ന ഇന്ത്യയിലെ ഗ്രാമങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ആശയം ചെലുത്തുന്ന സ്വാധീനവും വളരെ വലുതാണ്. തൊഴിലുറപ്പു പദ്ധതിയിൽ ഉൾച്ചേർന്നിരിക്കുന്ന സുതാര്യത, അറിയാനുള്ള അവകാശം, ഗ്രാമസഭകളുടെ ശാക്തീകരണം, സോഷ്യൽ ഓഡിറ്റിങ് തുടങ്ങിയവയും വിമോചനാത്മക സ്വഭാവം ഉള്ളവയാണ്. തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ, അതുകൊണ്ടുതന്നെ, ഒട്ടും യാദൃച്ഛികമോ നിഷ്കളങ്കമോ അല്ല, മറിച്ച് കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെയുള്ള പ്രതിലോമകരമായ ഒരു നീക്കമാണത്. കാർഷിക സീസണിൽ തൊഴിലുറപ്പു ജോലി നിരോധിക്കുന്നത് അടക്കമുള്ള മാറ്റങ്ങൾ സംഘ്-പരിവാർ പ്രതിനിധാനം ചെയ്യുന്ന അധീശവർഗത്തിന്റെ താല്പര്യങ്ങളുമായി ഒത്തുപോകുന്നതാണ് എന്നതും നാം കാണണം.
അതിനാൽ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ കർഷകത്തൊഴിലാളികളെയും കർഷകരെയും മറ്റ് അദ്ധ്വാനിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളെയും അണിനിരത്തി രാഷ്ട്രീയമായിത്തന്നെ ചെറുക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള അടിയന്തരമായ കടമ. l
(മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുണ്ടായിരുന്ന തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്നു ലേഖകൻ)



