ലേബർ കോഡുകൾ അടിച്ചേൽപിച്ചശേഷം ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഇപ്പോൾ ഗ്രാമീണ തൊഴിലാളിവർഗത്തിനുനേരെ തിരിഞ്ഞിരിക്കുകയാണ്; അതിന്റെ ഭാഗമായാണ് തൊഴിലാളികൾ പൊരുതി നേടിയ തൊഴിലവകാശം കവർന്നെടുക്കുന്നതിന് പാർലമെന്റ് വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ); 2025 പാസാക്കിയത്. ഈ നിയമത്തിലൂടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം: MGNREGA 2005 റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണ്.
ഡിമാൻഡനുസരിച്ച് തൊഴിൽ ഉറപ്പാക്കുന്നതിനുപകരം ബജറ്റനുസരിച്ചുള്ള പദ്ധതി
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എംജിഎൻആർഇജിഎയെക്കാൾ മികച്ചതാണ് വി ബി – ജി റാം ജി എന്ന് ഉയർത്തിക്കാണിക്കാനുള്ള തീവ്രശ്രമത്തിലേർപ്പെട്ടിരിക്കുന്നത്. എന്നാൽ ഗ്രാമീണ തൊഴിലാളിവർഗത്തിന്റെ തകർന്നുകൊണ്ടിരിക്കുന്ന ജീവിതാവസ്ഥയെയോ വ്യാപകമായ ദാരിദ്ര്യത്തെയോ രൂക്ഷമായ തൊഴിലില്ലായ്മയെയോ ഇല്ലാതാക്കുന്നതിനുള്ള ഒരു പരിപാടിയും പുതിയ നിയമത്തിലില്ലയെന്നതാണ് യാഥാർഥ്യം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമത്തിന്റെ (എംജിഎൻആർഇജിഎ) അന്തസ്സത്തയിൽനിന്നും അടിസ്ഥാന തത്വങ്ങളിൽനിന്നും വ്യക്തമായും വേറിട്ട ഒന്നാണ് വി ബി – ജി റാം ജി എന്ന വസ്തുത കൂടുതൽ തെളിഞ്ഞുവരികയാണ്.
തൊഴിലുറപ്പ് പദ്ധതി നിയമപരമായി തൊഴിൽ നൽകാൻ ഗവൺമെന്റിനെ ബാധ്യസ്ഥമാക്കുന്ന ഡിമാൻഡ് അധിഷ്ഠിത പരിപാടിയാണ്. നിയമപരമായ ഒരവകാശത്തെ വിവേചനപരമായ ഒരു പദ്ധതിയാക്കി മാറ്റിയാണ് ഈ തത്വത്തെ അടിസ്ഥാനപരമായി തകിടംമറിക്കുന്നതിന് വി ബി – ജി റാം ജി ശ്രമിക്കുന്നത്. അതേസമയം തന്നെ സാമ്പത്തികവും ഭരണപരവുമായ ബാധ്യതയാകെ സംസ്ഥാന സർക്കാരുകളുടെ ചുമലിലാക്കുകയുമാണ്.
തൊഴിലുറപ്പു പദ്ധതിയുടെ ഡിമാൻഡ് അധിഷ്ഠിത സ്വഭാവം വേരുറപ്പിച്ചിരിക്കുന്നത് ആവശ്യമായ ഫണ്ട് നൽകുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നിയമപരമായ ബാധ്യതയിലാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്ര സർക്കാർ എംജിഎൻആർഇജിഎക്കുവേണ്ടിയുള്ള ബജറ്റ് വകയിരുത്തൽ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയായിരുന്നെങ്കിൽ, ഇപ്പോൾ വി ബി – ജി റാം ജി ഈ വെട്ടിക്കുറയ്ക്കലിനെ നിയമാനുസൃതമാക്കിയിരിക്കുകയാണ്.
വി ബി – ജി റാം ജി യുടെ സെക്ഷൻ 4 (5) സംസ്ഥാനങ്ങൾക്ക് ‘‘പൊതുമാനദണ്ഡപ്രകാരമുള്ള (normative) വകയിരുത്തൽ’’ നടത്താൻ കേന്ദ്ര സർക്കാരിന് കരുത്തുനൽകുന്നതാണ്. ഈ നിയമത്തിന്റെ സെക്ഷൻ 4 (5)ൽ ഇങ്ങനെ പറയുന്നു: ‘‘കേന്ദ്ര ഗവൺമെന്റ് നിശ്ചയിക്കുന്ന വസ്തുനിഷ്ഠ അളവുകോലുകളെ അടിസ്ഥാനപ്പെടുത്തി ഓരോ ധനകാര്യ വർഷവും സംസ്ഥാനടിസ്ഥാനത്തിൽ മാനദണ്ഡപ്രകാരമുള്ള വകയിരുത്തൽ കേന്ദ്ര സർക്കാർ നിർണയിക്കും’’.
സെക്ഷൻ 4 (6) പ്രകാരം ഈ പരിധിക്കപ്പുറമുള്ള ഏതു ചെലവഴിക്കലും സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമായിരിക്കും. സെക്ഷൻ 4 (6) പറയുന്നതിങ്ങനെ: ‘‘മാനദണ്ഡപ്രകാരമുള്ള വകയിരുത്തലിനെക്കാൾ അധികമായി സംസ്ഥാനത്തു നടത്തുന്ന ഏത് ചെലവും കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന നടപടിക്രമമനുസരിച്ചും നിശ്ചയിക്കുന്ന രീതിയിലും സംസ്ഥാന സർക്കാർ വഹിക്കണം.
ഓരോ സംസ്ഥാനത്തിനും വകയിരുത്തേണ്ട ഫണ്ട് എത്രയെന്ന് ഏകപക്ഷീയമായി തീരുമാനിക്കാൻ കേന്ദ്ര സർക്കാരിന് ഈ പുതിയ നിയമം അധികാരം നൽകുന്നു; ഓരോ സംസ്ഥാനത്തും സൃഷ്ടിക്കേണ്ട തൊഴിൽ ദിനങ്ങളുടെ എണ്ണത്തെക്കുറിച്ച് കേന്ദ്രം തീട്ടൂരമിറക്കുന്നു. ഈ വിധത്തിൽ കേന്ദ്ര സർക്കാർ പുതിയ നിയമത്തിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാനതത്വത്തെത്തന്നെ പാടെ തകിടംമറിക്കുകയാണ്; ഡിമാന്റിനനുസരിച്ച് ഫണ്ട് അനുവദിക്കുന്ന ഡിമാന്റധിഷ്ഠിത ചട്ടക്കൂടിനെ പൊളിച്ച് മുൻകൂട്ടി നിശ്ചയിക്കുന്ന ബജറ്റിന് അനുയോജ്യമാക്കത്തക്കവിധമുള്ള സപ്ലെെ അധിഷ്ഠിത മാതൃകയിലേക്ക് ചുവടുമാറ്റുന്നു.
വർഷം മുഴുവൻ തൊഴിൽ നൽകുന്നത് ഇല്ലാതാക്കുന്നു: തൊഴിൽ അവകാശത്തിന്റെ നിഷേധം
തൊഴിലാളികൾ ആവശ്യപ്പെടുമ്പോൾ എംജിഎൻആർഇജിഎ വർഷത്തിൽ എല്ലായ്-പ്പോഴും ജോലി ഉറപ്പു നൽകുന്നു. പുതിയ നിയമത്തിലെ സെക്ഷൻ 6 കാർഷിക സീസണിൽ വേണ്ടത്ര കർഷകത്തൊഴിലാളികളെ ലഭ്യമാക്കുന്നതിന് സൗകര്യമൊരുക്കുന്നു എന്ന പേരിൽ നടത്തുന്നത് തികഞ്ഞ പിന്നോട്ടുപോക്കാണ‍്. വി ബി – ജി റാം ജിയുടെ 6 (2) വകുപ്പിൽ പ്രസ്താവിക്കുന്നു: ‘‘വിത്ത് വിതയ്ക്കലും വിളവെടുപ്പും നടക്കുന്ന കാർഷിക സീസണുകളിൽ സാമ്പത്തിക വർഷത്തിലെ 60 ദിവസത്തേക്ക് ഈ നിയമപ്രകാരമുള്ള ജോലികൾ ഏറ്റെടുക്കാൻ പാടില്ലെന്ന് സംസ്ഥാന സർക്കാരുകൾ മുൻകൂട്ടി വിജ്ഞാപനം നടത്തണം’’.
കാർഷിക സീസണുകളിൽ ഈ നിയമപ്രകാരമുള്ള ഒരു ജോലിയും ഏറ്റെടുക്കാനോ നടപ്പാക്കാനോ പാടില്ലെന്ന് ബന്ധപ്പെട്ട ഉപവകുപ്പ് അനുസരിച്ച് വിജ്ഞാപനം നടത്തേണ്ടതാണെന്ന് ഈ നിയമം നിർബന്ധിക്കുന്നു. ഇത്തരം കാലയളവുകളെയും പ്രദേശത്തെയും സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള അധികാരം സംസ്ഥാനങ്ങളിൽ നിക്ഷിപ്തമായിരിക്കും. ഒരു സാമ്പത്തിക വർഷത്തിലെ 60 ദിവസംവരെയുള്ള വിത്തിടലിന്റെയും വിളവെടുപ്പിന്റെയും സീസണുകളിലാകെ ഈ നിയമപ്രകാരമുള്ള ജോലിയൊന്നും തന്നെ ഏറ്റെടുക്കാൻ പാടില്ലെന്ന് പുതിയ നിയമം കർശനമായി വിലക്കുന്നു.
തൊഴിലവകാശത്തെ നിഷേധിക്കുന്നതാണ് ഈ വ്യവസ്ഥ. വലിയ തോതിൽ യന്ത്രവൽക്കരണം പ്രയോഗത്തിൽ വന്നതോടെ കൃഷിപ്പണി തുടങ്ങുന്നതും വിളവെടുപ്പും ഏറ്റവുമധികം നടക്കുന്ന സീസണുകളിൽപോലും കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ കുറഞ്ഞുവരികയാണ്. കൂലി നിരക്ക് ഇടിയാതെ പിടിച്ചു നിൽക്കാൻ തൊഴിലുറപ്പു പദ്ധതി സഹായകമാകുന്നുവെന്നതാണ് അനുഭവം; മിനിമം കൂലി കിട്ടാനുള്ള ഉറപ്പാണത്; കാർഷിക ജോലികളിൽ ഏർപ്പെടുന്ന സമയത്ത് മെച്ചപ്പെട്ട കൂലി ഉറപ്പാക്കുന്നതിനായി കൂട്ടായ വിലപേശൽ നടത്താനുള്ള ഒരു ഉപകരണമായി തൊഴിലുറപ്പ് പദ്ധതി മാറിയിരുന്നു. കർഷകത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് ഭൂപ്രഭുക്കൾക്കും സമ്പന്ന കർഷകർക്കും യഥേഷ്ടം അവസരം നൽകുന്നതാണ് പുതിയ നിയമത്തിലെ ഈ വകുപ്പ്. കാർഷിക സീസണുകളിൽ കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ഈ നിയമം ഭൂപ്രഭുക്കളുടെയും കാർഷിക മുതലാളിമാരുടെയും വർഗതാൽപ്പര്യങ്ങളാണ് സംരക്ഷിക്കുന്നത്. സ്വകാര്യ മൂലധനത്തിന്റെ കൊള്ളലാഭക്കൊതിക്ക് സംരക്ഷണം നൽകുന്നതിനായി പൊതുഫണ്ടുപയോഗിച്ച് നടത്തുന്ന ഒരു ക്ഷേമ – വികസന പരിപാടിയെയാണ് ഇങ്ങനെ ബോധപൂർവം ഇല്ലാതാക്കുന്നത്.
കൂലി നിരക്കിലെ വർഗപ്രശ്നം
വി ബി – ജി റാം ജിയിലെ സെക്ഷൻ 10 പ്രകാരം കേന്ദ്ര സർക്കാരായിരിക്കും കൂലി നിരക്കുകൾ നിശ്ചയിക്കുന്നത്; പക്ഷേ അതിലൊരു പ്രധാന പരിമിതിയുണ്ട്. എംജിഎൻആർഇജിഎ നിയമത്തിലെ സെക്ഷൻ 6 (2) വ്യക്തമായും പ്രസ്താവിക്കുന്നത്, 1948ലെ മിനിമം വേജസ് ആക്ട് പ്രകാരം കർഷകത്തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുള്ള മിനിമം കൂലിയുമായി പൊരുത്തപ്പെടുന്നതായിരിക്കണം തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള കൂലി എന്നാണ്. ഒന്നാം യുപിഎ സർക്കാരിന് ഇടതുമുന്നണി പിന്തുണ പിൻവലിച്ച് ഏറെക്കഴിയുന്നതിനുമുൻപ്, 2009 ജനുവരിയിൽ മിനിമം കൂലിയുമായി എംജിഎൻആർഇജിഎ കൂലിയെ ബന്ധിപ്പിക്കുന്ന കണ്ണി വിച്ഛേദിച്ചെങ്കിലും വ്യക്തവും പുരോഗമനപരവുമായ ഒരു നിയമവ്യവസ്ഥയായി തന്നെ തുടർന്നു പോന്നിരുന്നു. എങ്കിലും തൊഴിലാളി സംഘടനകൾ തൊഴിലുറപ്പ് കൂലി കർഷകത്തൊഴിലാളികളുടെ മിനിമം കൂലിയുമായി നിയമപരമായി ബന്ധപ്പെടുത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരികയാണ്. മിക്കവാറും സംസ്ഥാനങ്ങളിൽ നിലവിലുള്ള തൊഴിലുറപ്പു കൂലി കർഷകത്തൊഴിലാളികളുടെ മിനിമം കൂലിയിലും കുറവാണ്. എന്നാൽ, പുതിയ വി ബി – ജി റാം ജി ഈ ആശയത്തെത്തന്നെ പൂർണമായി ഇല്ലാതാക്കുകയാണ്. അതിനുംപുറമെ, 2025 മെയ് 22ന് നൽകിയ എട്ടാമത് റിപ്പോർട്ടിൽ പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത് തൊഴിലുറപ്പ് കൂലി കുറഞ്ഞത് പ്രതിദിനം 400 രൂപയായി ഉയർത്തണമെന്നാണ്; ദെെനംദിന ചെലവുകൾ നിറവേറ്റാൻ ഇപ്പോഴത്തെ കൂലി നിരക്ക് അപര്യാപ്തമാണെന്നാണ് ആ റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷം മാർച്ചിൽ പാർലമെന്റിൽ സമർപ്പിച്ച ഒരു റിപ്പോർട്ടിൽ, ഗ്രാമീണ കുടുംബങ്ങൾക്കുമേൽ വിലക്കയറ്റം സൃഷ്ടിക്കുന്ന ആഘാതത്തെ അടിസ്ഥാനമാക്കി കൂലി നിരക്ക് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിലവിൽ, 2009നെ അടിസ്ഥാനവർഷമാക്കിക്കൊണ്ട്, കർഷകത്തൊഴിലാളികൾക്കായുള്ള ഉപഭോക്തൃ വില സൂചികയെ (Consumer Price Index for Agricultural Labourers) അടിസ്ഥാനപ്പെടുത്തിയാണ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ കൂലി കണക്കാക്കിയിരുന്നത്. തികച്ചും അപ്രസക്തവും, നിലവിലെ നാണയപ്പെരുപ്പത്തെയും വർധിച്ചുവരുന്ന ജീവിതച്ചെലവിനെയും പ്രതിഫലിപ്പിക്കാൻ കഴിയാത്തതും എന്നുപറഞ്ഞ് ഈ കാലഹരണപ്പെട്ട രീതിയെ പാർലമെന്ററി കമ്മിറ്റി ശക്തമായി വിമർശിച്ചിരുന്നു. മിനിമം വേജസ് ആക്ടിനുകീഴിൽ സംസ്ഥാനങ്ങൾ അവിദഗ്ദ്ധ കർഷകത്തൊഴിലാളികൾക്ക് നിശ്ചയിച്ചിട്ടുള്ള നിലവിലെ (2014) മിനിമം കൂലി നിരക്കിലേക്കോ അല്ലെങ്കിൽ നിലവിലെ എംജിഎൻആർഇജിഎ കൂലി നിരക്കിലേക്കോ, ഇതിൽ ഏതാണോ കൂടുതൽ അതിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർധിപ്പിക്കണമെന്ന് മഹേന്ദ്ര ദേവ് കമ്മിറ്റി (2013) നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു; അങ്ങനെ ചെയ്യുമ്പോൾ, കൂലിയെ നാണയപ്പെരുപ്പത്തിൽനിന്നും സംരക്ഷിക്കുന്നതിനുള്ള സൂചികയെന്ന നിലയിൽ ഉപഭോക്തൃ വില സൂചികയെകൂടി (ഗ്രാമീണം) കണക്കിലെടുക്കണമെന്നും മഹേന്ദ്ര ദേവ് കമ്മിറ്റി നിർദ്ദേശിച്ചു. അനൂപ് സത്പതി കമ്മിറ്റിയും മിനിമം ദിവസക്കൂലി 375 രൂപയാക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്തായാലും, കേന്ദ്ര ഗവൺമെന്റ് ഇത്തരം ശുപാർശകളെയെല്ലാം പാടെ തള്ളിക്കളഞ്ഞു. ഇപ്പോഴത്തെ ഈ പുതിയ നിയമം ഈ അടിസ്ഥാനതത്വത്തെ മൊത്തത്തിൽ തള്ളിക്കളഞ്ഞിരിക്കുകയാണ്. അത് ഈ തൊഴിലാളികളുടെ കൂലിയെ നിയമാനുസൃതമായ ഏതെങ്കിലും ചട്ടവുമായി ബന്ധിപ്പിക്കുകയോ, നാണയപ്പെരുപ്പത്തിനനുസരിച്ചുള്ള സൂചികാക്രമീകരണം ഏർപ്പെടുത്തുകയോ, ദേശീയ മിനിമം കൂലിയുമായി പൊരുത്തപ്പെടുന്ന കൂലി കൊടുക്കുമെന്ന് ഉറപ്പുനൽകുകയോ പോലും ചെയ്തിട്ടില്ല. തന്നിഷ്ടത്തിന് ഏറ്റവും താഴ്ന്ന നിരക്കിൽ കൂലി നിശ്ചയിക്കുവാനുള്ള, ചോദ്യം ചെയ്യാനാവാത്ത അധികാരം ഇത് കേന്ദ്രത്തിന് നൽകുന്നു; കാലാനുസൃതമായി ഈ കൂലി പുതുക്കണമെന്ന നിയമപരമായ യാതൊരുവിധ ഉത്തരവാദിത്തവും കേന്ദ്രത്തിൽ ഈ നിയമം നിക്ഷിപ്തമാക്കുന്നുമില്ല. കൂലി എന്നതിനെ നാണയപ്പെരുപ്പം, മിനിമം വേതന മാനദണ്ഡങ്ങൾ, യഥാർത്ഥ ജീവിതച്ചെലവ് എന്നിവയുമായി ബന്ധിപ്പിക്കുമ്പോൾ മാത്രമേ ഗ്രാമീണ പരിവർത്തനത്തിനായുള്ള ശക്തമായൊരു ആയുധമായി തൊഴിലുറപ്പ് പദ്ധതികൾക്ക് മാറാൻ കഴിയുകയുള്ളൂ. അങ്ങനെയായാൽ അത് വരുമാന സുരക്ഷിതത്വത്തെ ശക്തിപ്പെടുത്തുകയും തൊഴിലാളികളുടെ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുകയും അവരുടെ അന്തസ്സുയർത്തുകയും ചെയ്യും.
സാമ്പത്തികബാധ്യത സംസ്ഥാനങ്ങൾക്ക്
നിലവിലെ പദ്ധതി വ്യക്തമായും ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയെന്ന നിലയ്ക്കാണ് രൂപകൽപന ചെയ്തിട്ടുള്ളത്; അതനുസരിച്ച്, മൊത്തം സാമ്പത്തികബാധ്യതയുടെ 40 ശതമാനം സംസ്ഥാന ഗവൺമെന്റുകൾ ഏറ്റെടുക്കേണ്ടി വരും. എംജിഎൻആർഇജിഎ തൊഴിലാളികൾക്ക് കൂലി നൽകുന്നതിനാവശ്യമായ ചെലവിന്റെ 100 ശതമാനവും ഭൗതിക ചെലവിന്റെ 75 ശതമാനവും നൽകാൻ യൂണിയൻ ഗവൺമെന്റ് ബാധ്യസ്ഥമായിരുന്നു. പ്രയോഗത്തിൽ ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിൽ 90:10 എന്ന നിലയിൽ ചെലവിന്റെ പങ്കിടൽ സാധ്യമാക്കിയിരുന്നു. ജി – റാം – ജി നിയമത്തിലെ സെക്ഷൻ 22 (2) പറയുന്നതിങ്ങനെയാണ്: ‘‘കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും തമ്മിലുള്ള ഫണ്ട് പങ്കിടൽ മാത്രം രീതി വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും ഹിമാലയൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും (ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ) 90:10 ഉം, മറ്റു സംസ്ഥാനങ്ങൾക്കും നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 60:40 ഉം ആയിരിക്കും’’.
ഇതിനുപുറമെ, 15 ദിവസത്തിനകത്ത് തൊഴിൽ നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മാ അലവൻസ് നൽകുമെന്ന് സെക്ഷൻ 11ൽ പറയുകയും, സെക്ഷൻ 22 (8)ൽ ഇത്തരം അലവൻസുകൾ നൽകേണ്ട ബാധ്യത സംസ്ഥാന ഗവൺമെന്റുകൾക്കുമേൽ കെട്ടിവക്കുകയും ചെയ്യുന്നു.
ജിഎസ്ടി യനന്തരകാലത്ത്, നികുതി പിരിക്കുന്നതിലുണ്ടായിരുന്ന (taxation) സ്വയംഭരണാധികാരം വെട്ടിച്ചുരുക്കിയതും കേന്ദ്രത്തിൽനിന്നുള്ള കെെമാറ്റങ്ങൾക്ക് പതിവായി കാലതാമസം വരുത്തുന്നതും മൂലം സംസ്ഥാനങ്ങൾ ഇപ്പോൾ തന്നെ ഭീകരമായ സാമ്പത്തിക സമ്മർദ്ദം നേരിടുകയാണ്. ഈയൊരു സാഹചര്യത്തിൽ, സംസ്ഥാനങ്ങൾക്കുമേൽ ഒരു അധിക സാമ്പത്തിക ബാധ്യത കെട്ടിവെയ്ക്കുന്നത്, ഈ പദ്ധതിയുടെ നടത്തിപ്പിനെ പരിതാപകരമാംവിധം ദുർബലപ്പെടുത്തുകയും മറ്റു ക്ഷേമ പ്രവർത്തനങ്ങൾക്കുവേണ്ടി ഫണ്ട് ചെലവഴിക്കാനുള്ള സംസ്ഥാനങ്ങളുടെ ശേഷിയെ ഞെരുക്കുകയും ചെയ്യും. ഗ്രാമീണ തൊഴിൽ കൂടുതൽ ആവശ്യമായിട്ടുള്ള ദരിദ്ര സംസ്ഥാനങ്ങളെയും വൻതോതിൽ ആളുകൾ പുറത്തേക്കു കുടിയേറുന്ന സംസ്ഥാനങ്ങളെയും ഇത് ക്രമാതീതമായി ബാധിക്കുകയും ചെയ്യും. വർധിതമായ ഈ സാമ്പത്തിക ഭാരം സാമ്പത്തിക യാഥാസ്ഥിതികവാദത്തെ അവലംബിക്കുന്നതിലേക്കും തൊഴിലിനുള്ള തെഴിലാളികളുടെ ഡിമാൻഡ് രജിസ്റ്റർ ചെയ്യാതിരിക്കുന്നതിലേക്കും സംസ്ഥാനങ്ങളെ നയിക്കും. ഈ വ്യതിയാനം ദേശീയ തൊഴിലുറപ്പിന്റെ യുക്തിയെത്തന്നെ ഇല്ലാതാക്കുന്നു.
അധികാരകേന്ദ്രീകരണം നടത്തുന്നു
ഗ്രാമസഭകളെ അരികുവത്കരിക്കുന്നു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിർവചിക്കപ്പെട്ട സവിശേഷതകളിലൊന്ന്, ഈ പദ്ധതിയനുസരിച്ച് ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ ആസൂത്രണം പ്രാദേശിക ആവശ്യങ്ങൾക്കനുസൃതമായി ഗ്രാമസഭകൾ വഴിയാണ് നടത്തുന്നത് എന്നതാണ്. അടിസ്ഥാനപരമായി ഇത് 73–ാം ഭരണഘടനാ ഭേദഗതി അനുസരിച്ചുള്ളതാണ്; എന്നാൽ ആസൂത്രണ പ്രക്രിയയെ പ്രാദേശികതലത്തിൽനിന്ന്, മുൻകൂട്ടി നിശ്ചയിക്കുന്ന കേന്ദ്രീകൃത മുൻഗണനാ സംവിധാനമായ ‘ദേശീയ ഗ്രാമീണ പശ്ചാത്തലസൗകര്യ സഞ്ചയം’ എന്നതിലേക്ക് മാറ്റിയതുവഴി അതിനെ അട്ടിമറിച്ചു. വി ബി –ജി റാം (ജി) നിയമത്തിന്റെ ഷെഡ്യൂൾ 1, ക്ലോസ് 6 (4) വ്യക്തമാക്കുന്നത് സംസ്ഥാനങ്ങളെയും ജില്ലകളെയും പഞ്ചായത്ത്-രാജ് സ്ഥാപനങ്ങളെയും മുൻഗണനാടിസ്ഥാനത്തിൽ പശ്ചാത്തല സൗകര്യവിടവുകൾ കണ്ടെത്തുന്നതിലും ജോലിയുടെ രൂപകൽപ്പനകൾ ക്രമീകരിക്കുന്നതിലും ഗ്രാമ –ബ്ലോക്ക് ജില്ലാ തലങ്ങളിൽ പൊതുനിക്ഷേപം പരമാവധി ഫലം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും വികസിത് ഭാരത് നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ സ്റ്റാക്ക് മാർഗനിർദേശം നൽകും’’ എന്നാണ്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം അനുസരിച്ച് ഈ പദ്ധതിയുടെ ജോലികൾ ഏതൊക്കെയെന്ന് അനുമതി നൽകാനുള്ള അധികാരം ഗ്രാമസഭകൾക്കുണ്ട്. ഒരു ഗ്രാമത്തിൽ താമസിക്കുന്ന ഓരോ വ്യക്തിക്കും ഗ്രാമസഭയിൽ പങ്കെടുക്കാനും ചർച്ചകളിൽ പങ്കാളികളാകാനും തുല്യ അവകാശമുണ്ട്. എന്നാൽ പുതിയ നിയമം അനുസരിച്ച് മുകളിൽനിന്ന് താഴേക്ക് എന്ന സമീപനത്തിലൂടെയാണ് ജോലികൾ നിശ്ചയിക്കപ്പെടുക. വികസിത് ഭാരത് അജൻഡ, പ്രധാനമന്ത്രി ഗതിശക്തി പദ്ധതി തുടങ്ങിയ കേന്ദ്രം നിശ്ചയിക്കുന്ന മുൻഗണനകൾക്കാവശ്യമായ പ്രൊജക്ടുകൾ മുകളിൽ നിന്ന് താഴേക്ക് അനുവദിക്കുകയാവും ചെയ്യുക.
തൊഴിലുറപ്പിന്റെ സാർവത്രികതയിൽ
വെള്ളം ചേർക്കുന്നു
ജനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളും തീരുമാനങ്ങൾ എടുത്തുകൊണ്ടിരുന്ന സ്ഥാനത്ത് അങ്ങേയറ്റം കേന്ദ്രീകൃതമായ ഉദ്യോഗസ്ഥ വൃന്ദം തീരുമാനമെടുക്കുന്ന നിലയിലേക്കുള്ള ഇപ്പോഴത്തെ മാറ്റം അടിസ്ഥാനപരമായ മാറ്റമാണ്. ബഹുജന പ്രക്ഷോഭങ്ങളിൽനിന്നുയർന്നുവന്നതും പങ്കാളിത്ത തൊഴിൽ–വികസന പരിപാടിയായി വിഭാവനം ചെയ്യപ്പെട്ടതുമായ തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്രം നിയന്ത്രിക്കുന്ന ക്ഷേമപദ്ധതിയായി മാറ്റിത്തീർക്കുന്നു. ഈ കേന്ദ്രീകരണത്തിന്റെ മൂർദ്ധന്യത്തിൽ ഈ നിയമം എപ്പോൾ, എവിടെയാണ് പ്രാബല്യത്തിൽ വരുത്തേണ്ടതെന്ന കാര്യംപോലും യൂണിയൻ സർക്കാരാണ് തീരുമാനിക്കുക. തികച്ചും അവ്യക്തമായ ഒരുപാധിയാണിത്. വിബി –ജി റാം (ജി)യുടെ സെക്ഷൻ 5 (1) പറയുന്നത്, കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതുപോലെ ‘‘സംസ്ഥാനത്തെ ഗ്രാമീണമേഖലകളിൽ അവിദഗ്ധ തൊഴിൽ ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന പ്രായപൂർത്തിയായ അംഗങ്ങളുള്ള ഓരോ കുടുംബത്തിനും പ്രതിവർഷം 125 ദിവസത്തിൽ കുറയാത്ത തൊഴിൽ സംസ്ഥാന സർക്കാർ ഉറപ്പുവരുത്തും’’ എന്നാണ്. യൂണിയൻ സർക്കാർ വിജ്ഞാപനം ചെയ്യാത്ത ഒരു ഗ്രാമപ്രദേശത്തിന് ആ പ്രദേശത്തെ ജനങ്ങൾക്കു തൊഴിൽ ചെയ്യാനുള്ള അവകാശമുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ സത്തയെ പൂർണമായും ദുർബലപ്പെടുത്തുന്നതാണിത്.
എട്ടുമണിക്കൂർ പ്രവൃത്തിദിന
നിയമത്തിന്റെ ലംഘനം
പന്ത്രണ്ടു മണിക്കൂർ വരെയുള്ള പ്രവൃത്തി ദിനങ്ങൾ അനുവദിക്കുന്നതിനൊപ്പം ‘‘അയവേറിയ’’ പ്രവൃത്തി സമയത്തോടെയുള്ള പീസ്റേറ്റഡ് വേതനവും വിബി ജി റാം (ജി) നിർദേശിക്കുന്നു. ഈ നിയമത്തിന്റെ സെക്ഷൻ 19 (എ) പറയുന്നത്, ‘‘ഒരു മണിക്കൂർ വിശ്രമം ഉൾപ്പെടെ എട്ടു മണിക്കൂർ ജോലി ചെയ്യുന്ന പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട വേതന നിരക്കിനു തുല്യമായ തുക നേടാൻ കഴിയുന്ന തരത്തിൽ നിരക്കുകളുടെ പട്ടിക രൂപപ്പെടുത്തണം’’ എന്നാണ്. അതേസമയം സെക്ഷൻ 19(ബി) പറയുന്നത്, ‘‘പ്രായപൂർത്തിയായ ഒരു തൊഴിലാളിയുടെ ജോലി സമയം അയവേറിയതാകാം, എന്നാൽ വിശ്രമത്തിനുള്ള ഇടവേളകളുൾപ്പെടെ ഒരു ദിവസത്തിൽ പന്ത്രണ്ടു മണിക്കൂറിലധികം നീട്ടാൻ പാടില്ല’’ എന്നാണ്. പതിറ്റാണ്ടുകളായി തൊഴിലാളികൾ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും നേടിയെടുത്ത എട്ടു മണിക്കൂർ പ്രവൃത്തിദിനം എന്ന തത്വത്തിന്റെ പ്രത്യക്ഷത്തിലുള്ള ലംഘനമാണിത്. ഒരു പൊതുതൊഴിൽ പദ്ധതി അനുസരിച്ച് തൊഴിൽ സമയം ദീർഘിപ്പിക്കാൻ അനുവദിക്കുന്നത് തൊഴിൽ ചൂഷണം സർവസാധാരണമാക്കും; പൊരുതി നേടിയ തൊഴിൽ അവകാശങ്ങളെ ഇത് അട്ടിമറിക്കും. ഇത്തരം വ്യവസ്ഥകൾ സാമൂഹികനീതിയുടെതോ തൊഴിലാളി സംരക്ഷണത്തിന്റെതോ ആയ യാതൊരു അവകാശവാദവുമായും പൊരുത്തപ്പെടുന്നില്ല.
ബഹുജന സമരങ്ങളുടെ
പെെതൃകം മായ്ച്ചുകളയുന്നു; ഹിന്ദുത്വ
അജൻഡ അടിച്ചേൽപ്പിക്കുന്നു
ഈ നിയമത്തിന്റെ നാമകരണം തന്നെ അതിന്റെ യഥാർഥ ഉദ്ദേശ്യങ്ങളിലൊന്നിനെ തുറന്നുകാട്ടുന്നു. തുടക്കം മുതൽ തന്നെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ (2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെ കോൺഗ്രസ് പാർട്ടിയുടെ പരാജയങ്ങളുടെ ജീവിക്കുന്ന സ്മാരകം എന്നാണ് വിളിച്ചത്) അന്തഃ സത്തയോട് ശത്രുതാപരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. എന്നിരുന്നാലും ഗ്രാമീണ തൊഴിൽ ശക്തിയിലും ഗ്രാമീണ സമ്പദ്-വ്യവസ്ഥയിലും ഈ പദ്ധതിയ്ക്കുള്ള നിർണായകമായ പ്രാധാന്യം നിഷേധിക്കാൻ ഗവൺമെന്റിനു സാധിച്ചില്ല.
ഈ വെെരുദ്ധ്യം ബിജെപിയുടെ ജനാധിപത്യത്തോടുള്ള സമീപനത്തിൽനിന്ന്, വിശേഷിച്ച് സ്വന്തം അജൻഡ നടപ്പാക്കുന്നതിൽ വ്യഗ്രത കാണിക്കുന്ന മോദി ഗവൺമെന്റിന്റെ സ്വഭാവത്തിൽനിന്ന്- ഉരുത്തിരിഞ്ഞതാണ്. മുൻപ് തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അവതരിപ്പിച്ചതാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്നതിനാൽ തന്നെ ബിജെപി സർക്കാരിന് അതിനോട് കടുത്ത വിരോധമുണ്ട്. എന്നിരുന്നാലും അതിന്റെ തെളിയിക്കപ്പെട്ട നേട്ടം മൂലം അത് പൂർണമായും ഉപേക്ഷിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. അതേസമയം എല്ലാ നല്ല സംരംഭങ്ങളും പദ്ധതികളും തങ്ങളുടെ സ്വന്തം ഭരണത്തിൻകീഴിലാണ് ഉത്ഭവിച്ചതെന്ന് വരുത്തിത്തീർക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്ന പേരുപോലും മോദി ഗവൺമെന്റിന് സ്വീകാര്യമല്ല. ഈ നിയമത്തിന്റെ പെെതൃകം, നിയമനിർമാണത്തിലേക്കു നയിച്ച സുദീർഘമായ പോരാട്ടങ്ങൾ, തൊഴിലുറപ്പ് പദ്ധതി പ്രാവർത്തികമാക്കുന്നതിൽ ഇടതുപക്ഷം വഹിച്ച നിർണായകപങ്ക് എന്നിവ സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അസഹനീയമാണ്. ഈ നിയമത്തിന് വികസിത് ഭാരത് –ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവികമിഷൻ (ഗ്രാമീൺ): വിബി –ജി റാംജി എന്നു പേരിട്ടതുതന്നെ ആർഎസ്എസ് അജൻഡയുടെ ദുഷ്ടലാക്ക് സൂചിപ്പിക്കുന്നതാണ്.
തൊഴിൽദിനങ്ങളുടെ എണ്ണത്തിലെ
വർദ്ധനവിനെക്കുറിച്ചുള്ള വാചകമടി
ഈ നിയമത്തെ ചുറ്റിപ്പറ്റി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാചകമടി ഉറപ്പായ ജോലി 125 ദിവസമായി വർധിപ്പിക്കും എന്ന അവകാശവാദമാണ്. എന്നാൽ ഇത് വെറും വാചകമടിക്കപ്പുറം മറ്റൊന്നുമല്ല. വർഷത്തിലുടനീളം തൊഴിൽ അനുവദിക്കപ്പെട്ടപ്പോഴും മിക്ക സംസ്ഥാനങ്ങളിലും ശരാശരി പ്രവൃത്തി ദിനങ്ങളുടെ എണ്ണം 50ൽ താഴെയായിരുന്നു. 100 ദിവസത്തെ ജോലി പൂർത്തിയാക്കുന്ന കുടുംബങ്ങളുടെ എണ്ണം കുറവായിരുന്നു. വിബി –ജി റാം (ജി)യുടെ നിലവിലെ നിയന്ത്രണവ്യവസ്ഥകളനുസരിച്ച് യഥാർഥ തൊഴിൽദിനങ്ങളുടെ എണ്ണം വർധിപ്പിക്കുക എന്നത് മിക്കവാറും അസാധ്യമായ കാര്യമാണ്.
ടെക്നോക്രാറ്റിക് നിരീക്ഷണവും
ഒഴിവാക്കലിന്റെ രൂപകൽപ്പനയും
തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിലെ വിവാദപരവും ഒഴിവാക്കലിന്റേതുമായ എല്ലാ സാങ്കേതിക സംവിധാനങ്ങളെയും ഈ നിയമത്തിലൂടെ സർക്കാർ ഒറ്റയടിക്ക് നിയമവിധേയമാക്കുകയും സ്ഥാപനവത്കരിക്കുകയും ചെയ്തിരിക്കുകയാണ്. തൊഴിലാളികളുടെയും പ്രവർത്തകരുടെയും ബയോമെട്രിക് പ്രമാണീകരണം പണ ഇടപാടുകളുടെ ഡിജിറ്റലെെസേഷൻ, ജിയോ സ്പെഷ്യൽ സാങ്കേതികവിദ്യയിലധിഷ്ഠിതമാക്കിയ ആസൂത്രണം, മൊബെെൽ ആപ്ലിക്കേഷൻ, ഡാഷ് ബോർഡ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. ഡിജിറ്റൽ അറ്റൻഡൻസ്, ആധാർ അധിഷ്ഠിത പേയ്മെന്റ് (ABPS) എന്നിവ പോലുള്ള അവ്യക്തവും ഏകപക്ഷീയവുമായ സാങ്കേതികവിദ്യകൾ എംജിഎൻആർഇജിഎയിൽ അടിച്ചേൽപ്പിക്കുന്നതിന്റെ ഫലമായി ഉണ്ടായ വ്യാപകമായ ഒഴിവാക്കലുകൾ തൊഴിലാളി സംഘടനകൾ ആവർത്തിച്ച് ഉയർത്തിക്കാട്ടിയിട്ടുള്ളതാണ്.
ഈ നിയമം പാസാക്കുന്നതിനു സ്വീകരിച്ച നടപടിക്രമങ്ങളും ജനാധിപത്യമാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. എൻആർഇജിഎയുടെ രൂപീകരണ സമയത്ത് തൊഴിലാളികൾ, തൊഴിലാളി സംഘടനകളുടെ പ്രതിനിധികൾ, ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവരുമായി വ്യാപകവും വിപുലവും നിശിതവുമായ ചർച്ചകളും കൂടിയാലോചനകളും നടത്തപ്പെട്ടു; പാർലമെന്റിനുള്ളിലും വിശദമായ ചർച്ചകൾ നടത്തപ്പെട്ടു. എന്നാൽ, തൊഴിലാളികളുമായും തൊഴിലാളി സംഘടനകളുമായും യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് വിബി –ജിറാം (ജി) അവതരിപ്പിക്കപ്പെട്ടത്. എന്നുമാത്രമല്ല വ്യാപകമായ പ്രതിഷേധങ്ങൾക്കിടയിൽ ജനാധിപത്യവിരുദ്ധമായ രീതിയിലാണ് അത് പാർലമെന്റിൽ പാസാക്കപ്പെട്ടത്. കേന്ദ്ര സർക്കാരിന് യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഒരു ബജറ്റ് പരിമിത പദ്ധതിയായി പുതിയ നിയമം തൊഴിലുറപ്പ് പദ്ധതിയെ മാറ്റുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പുനിയമത്തെ പാടേ അട്ടിമറിച്ചുകൊണ്ടാണ് ഈ നിയമം പാസ്സാക്കപ്പെട്ടത്. ഗ്രാമീണ സമ്പന്നരും ഭൂപ്രഭുക്കളും എല്ലായ്-പ്പോഴും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഈ നിയമം കൊണ്ടുവന്നതിലൂടെ ബിജെപി നയിക്കുന്ന എൻഡിഎ ഗവൺമെന്റ് അതിന്റെ വർഗസ്വഭാവം പ്രകടമാക്കിയിരിക്കുകയാണ്.
നരേന്ദ്രമോദി സർക്കാർ തൊഴിൽ ചെയ്യാനുള്ള അവകാശത്തിനെതിരെ പ്രവർത്തിക്കുകയും ബജറ്റിൽ വെട്ടിക്കുറവുകൾ വരുത്തുകയും കൂലി വെെകിപ്പിക്കുകയും ഭരണപരമായ മറ്റു തടസ്സങ്ങൾ നിരന്തരം സൃഷ്ടിക്കുകയും ചെയ്തുവരികയാണെന്ന കാര്യം എല്ലാവർക്കുമറിയാം. ഇപ്പോൾ ഈ നിയമം കൊണ്ടുവന്നതിലൂടെ തൊഴിലിനുള്ള അവകാശത്തെ ദുർബലപ്പെടുത്താനും ഇല്ലാതാക്കാനും ആസൂത്രിതമായി ശ്രമിക്കുകയാണ്.
തങ്ങളുടെ ജനാധിപത്യപരവും സാമ്പത്തികവുമായ അവകാശങ്ങൾ റദ്ദാക്കുന്നത് കർഷകത്തൊഴിലാളികളും ഗ്രാമീണതൊഴിലാളികളും ഗ്രാമീണ ദരിദ്രരും യതൊരു കാരണവശാലും അംഗീകരിക്കില്ല. അവർ തൊഴിലാളിവിരുദ്ധവും ഭൂപ്രഭുകൾക്കും കോർപ്പറേറ്റുകൾക്കും അനുകൂലവുമായ ഇൗ നിയമത്തെ യോജിച്ച പ്രക്ഷോഭങ്ങളിലൂടെ ചെറുത്തുതോൽപ്പിക്കും; തൊഴിലുറപ്പ് പദ്ധതിയെയും അധ്വാനിക്കുന്ന വർഗത്തോട് ഭരണകൂടത്തിനുള്ള ഉത്തരവാദിത്വമെന്ന ഭരണഘടനാ തത്ത്വത്തെയും അവർ സംരക്ഷിക്കും. l



