മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎസ്) റദ്ദാക്കി ‘വികസിത് ഭാരത് – ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)’ പദ്ധതി VB-–G RAM (-G) അവതരിപ്പിക്കാനുള്ള തീരുമാനം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനും ഉപജീവന സുരക്ഷ ഉറപ്പാക്കാനുമുള്ള ഭരണകൂടത്തിന്റെ ദീർഘകാല ഉത്തരവാദിത്വത്തിൽ നിന്നുള്ള ദയാരഹിതമായ പിന്മാറ്റമാണ്.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005 ല്‍ പാസാക്കി 2006 ഫെബ്രുവരി 2 മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കുകയാണുണ്ടായത്. ആദ്യം ചില ജില്ലകളിൽ ആരംഭിച്ച പദ്ധതി 2008-ഓടെ രാജ്യവ്യാപകമായി നടപ്പാക്കുകയായിരുന്നു. ഗ്രാമീണ തൊഴിലില്ലായ്മയും ദാരിദ്ര്യവും വ്യാപകമായിരുന്ന സാഹചര്യത്തിലായിരുന്നു ഈ പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. പ്രത്യേകിച്ച് പട്ടികജാതി (SC), പട്ടികവർഗ (ST) വിഭാഗങ്ങളിലുള്‍പ്പെടുന്ന ചരിത്രപരമായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളുടെ ഉപജീവന സുരക്ഷ പരിതാപകരമായി കുറഞ്ഞ അവസ്ഥയിൽ അനിവാര്യമായ ഇടപെടലായിരുന്നു ഇത്. ഗ്രാമീണ തൊഴിൽ മേഖലയില്‍ മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാവാത്ത വിധത്തിലുണ്ടായ ഘടനാപരമായ വീഴ്ചക്ക് സൃഷ്ടിപരമായ മറുപടി കൂടിയായിരുന്നു എന്നു പറയാം.
ഗ്രാമീണ ദരിദ്രരുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനായി വേതനമുള്ള തൊഴിൽ ഉറപ്പു നൽകുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിലൂടെ ഒരു സാമൂഹിക സുരക്ഷാ വലയം തീര്‍ക്കുകയും ഗ്രാമീണ ജനങ്ങളുടെ വാങ്ങൽശേഷിയും ശക്തിപ്പെടുത്തുകയുമായിരുന്നു ഉദ്ദേശ്യം. ഗ്രാമപ്രദേശത്ത് തന്നെ തൊഴിൽ ലഭ്യമാക്കി ദുരിതം മൂലമുള്ള കുടിയേറ്റം തടയുക എന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമായിരുന്നു. ഈ പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ വികേന്ദ്രീകരണത്തിന് നൽകിയ ഊന്നലും ശ്രദ്ധേയമായിരുന്നു. പദ്ധതിയുടെ ആസൂത്രണവും നടപ്പാക്കലും ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറിയതിലൂടെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനും ജനാധിപത്യപ്രക്രിയ രൂഢമൂലമാക്കാനും ഉദ്ദേശിച്ചിരുന്നു. ദീർഘകാലാടിസ്ഥാനത്തില്‍ ഗ്രാമീണ ആസ്തികളുടെ സൃഷ്ടിയിലും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിലും ഇടപെടാനുള്ള സാധ്യതകള്‍ ഉപയോഗിക്കുക വഴി, ഗ്രാമീണ ജനതയുടെ അതിജീവനശേഷി വർധിപ്പിക്കുന്നതും ഈ പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ ഫലപ്രാപ്തി
ഇത്രയും കാലത്തെ അനുഭവം പരിശോധിക്കുമ്പോള്‍ അരക്ഷിതമായ ഗ്രാമീണ ജനതക്ക് നിവര്‍ന്നു നില്‍ക്കാനും മുന്നോട്ടു പോകാനുമുള്ള ഊര്‍ജം നല്‍കാന്‍ ഈ പദ്ധതിക്കു കഴിഞ്ഞിരുന്നു എന്നുകാണാം. ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥ സജീവമായി നിലനില്‍ക്കുന്നതിന് ഇപ്പോഴും ഗണ്യമായ പിന്‍ബലം നല്‍കിക്കൊണ്ടിരിക്കുന്നത് ഈ പദ്ധതിയാണു താനും. ഗ്രാമീണ ജനതയുടെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തുന്നതില്‍ ഈ പദ്ധതി വഹിച്ച പങ്ക് നിരവധി പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ദീര്‍ഘകാലമായി തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ഫലമായി ദാരിദ്ര്യത്തിലെ കുറവ്, സ്ത്രീ ശാക്തീകരണം, തൊഴില്‍ സംബന്ധമായ കുടിയേറ്റം കുറയ്ക്കൽ, ഗ്രാമീണ ആസ്തി സൃഷ്ടിക്കൽ, അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗതി, വിപുലമായ സാമൂഹിക സുരക്ഷ എന്നിങ്ങനെ നിരവധി ഗുണഫലങ്ങള്‍ ഉണ്ടായിട്ടുള്ളതായി ഈ പഠനങ്ങളെല്ലാം വെളിപ്പെടുത്തുന്നു. ഉദാഹരണത്തിന് 2004-–05 ലും 2009–10 ലും നടന്ന NSS തൊഴില്‍-–തൊഴിലില്ലായ്മ സര്‍വ്വേകളില്‍ നിന്നും ശേഖരിച്ച ദേശീയതല ഗാർഹിക വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനങ്ങളില്‍ നിന്നു തന്നെ കുറഞ്ഞ കാലയളവിനുള്ളില്‍ ഗ്രാമീണ കുടുംബങ്ങളുടെ കട ബാധ്യത തിരിച്ചടയ്ക്കാനുള്ള കഴിവിൽ ഗണ്യമായ പുരോഗതിയുണ്ടായതായി കണ്ടിട്ടുണ്ട്. ദീര്‍ഘകാലയളവില്‍ സാമൂഹിക – സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ കുടിശ്ശിക കടങ്ങള്‍ കുറയുകയും ചെയ്തിട്ടുണ്ട്.
ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ കനത്ത ആഘാതം സൃഷ്ടിക്കാതിരുന്നത് തൊഴിലുറപ്പ് പദ്ധതി മൂലമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടും മാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായ ഘട്ടത്തില്‍ തൊഴിലുറപ്പു പദ്ധതി ഇന്ത്യയിലെ ഗ്രാമീണരെ വരുമാനത്തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഏറെ സഹായിച്ചിരുന്നു എന്ന് കാണാം.
വികസിച്ചു കൊണ്ടിരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയില്‍ അനിവാര്യമായി നിലനില്‍ക്കേണ്ട ദരിദ്രജന വിഭാഗങ്ങളുടെ സുരക്ഷയാണ് തൊഴിലുറപ്പ് പദ്ധതിയെ വികലമായി പുന:സംഘടിപ്പിച്ചതിലൂടെ നഷ്ടപ്പെടുന്നത്. രാജ്യത്ത് സാമ്പത്തിക അസമത്വം വന്‍ തോതില്‍ വര്‍ദ്ധിക്കുന്ന സമയത്താണ് ഇതു സംഭവിക്കുന്നത് എന്ന കാര്യം ഓര്‍ക്കണം. മുമ്പു നിലനിന്നിരുന്ന മികവുള്ള പദ്ധതികളെ അകാരണമായി നിരാകരിക്കുക എന്ന സങ്കുചിതമായ പ്രവണതയും അനിയന്ത്രിതമായ നവ ലിബറല്‍ നയങ്ങളോടുള്ള അന്ധമായ കൂറൂമാണ് ഈ തീരുമാനത്തിന്റെ പിന്നിലുള്ളത്.
കുറെ വർഷങ്ങളായി പദ്ധതിക്കുള്ള ബജറ്റ് വകയിരുത്തലുകൾ കുറഞ്ഞുവരുന്നതിൽ നിന്നു തന്നെ, പദ്ധതിയെ ഘട്ടംഘട്ടമായി ദുർബലമാക്കി പിന്‍വലിക്കുമെന്ന ആശങ്ക പല കോണുകളില്‍ നിന്നും മുന്‍പു തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ 2014 മുതല്‍ ഇത്രയും കാലം ഈ പദ്ധതി തുടരാന്‍ യൂണിയൻ സർക്കാർ നിര്‍ബന്ധിതരാവുകയാണുണ്ടായത്. നോട്ട് നിരോധനവും ജി എസ് ടി പരിഷ്കരണവും കോവിഡുമൊക്കെ ഗ്രാമീണ മേഖലയിലുണ്ടാക്കിയ തകര്‍ച്ചയെ അതിജീവിക്കുന്നതിന് ഇത് തുടരാതെ മാര്‍ഗ്ഗമുണ്ടായിരുന്നില്ല. ഈ പദ്ധതിയുടെ ചെലവും ഗുണഭോക്താക്കളുടെ എണ്ണവും വര്‍ദ്ധിച്ചത് തന്നെ ഗ്രാമീണ മേഖലയില്‍ നിലനിന്നിരുന്ന ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും തെളിവായിരുന്നു. കേന്ദ്ര സർക്കാരിന് 2016-–17, 2017-–18 എന്നീ വർഷങ്ങളില്‍ ഈ പദ്ധതിയുടെ ബജറ്റ് വിഹിതം 48,215 കോടി രൂപയായും 55,166 കോടി രൂപയായും യഥാക്രമം വർധിപ്പിക്കേണ്ടി വന്നതു പോലും തലതിരിഞ്ഞ നോട്ട് നിരോധനവും ജിഎസ്ടി പരിഷ്കാരവുമുണ്ടാക്കിയ വലിയതോതിലുള്ള പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ്.
വിചിത്രമായ വാദമുഖങ്ങള്‍
ഏതാണ്ട് ഒന്നര പതിറ്റാണ്ടിലധികമായി നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായാണ് വ്യവസ്ഥാപിതമായ മാനദണ്ഡങ്ങളുള്ള ഒരു ഉപജീവന സുരക്ഷാ പദ്ധതിയായി മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അതിന്റെ ഫലപ്രാപ്തി തെളിയിച്ചത്. ആ സ്ഥാനത്ത് സാമ്പത്തിക ബാദ്ധ്യത സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയും വികസന സാധ്യതകള്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഒരു പുതിയ പദ്ധതി അവതരിപ്പിക്കുന്നതിനായി വിചിത്രമായ വാദമുഖങ്ങളാണ് കേന്ദ്ര സര്‍ക്കാരും അവരുടെ സ്തുതിപാഠകരും ഉയര്‍ത്തുന്നത്. ഈ വാദമുഖങ്ങള്‍ രാജ്യമാകെ പ്രചരിപ്പിക്കുന്നതിനും ഗവൺമെന്റ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
ഒന്നാമതായി, വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പദ്ധതികളൊന്നും ആവശ്യമില്ല എന്ന വാദമാണ്. ഗ്രാമങ്ങളിലെ ദാരിദ്ര്യമൊക്കെ ഗണ്യമായി കുറഞ്ഞതു കൊണ്ട് ഇനി മുതല്‍ ആവശ്യാധിഷ്ഠിത തൊഴില്‍ സൃഷ്ടിക്കേണ്ടതില്ലത്രെ!
പക്ഷേ എന്താണ് യഥാർത്ഥ സ്ഥിതി? കഴിഞ്ഞ ഒന്നര ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയിൽ സാമ്പത്തിക അസമത്വം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഗ്ലോബല്‍ ഇനിക്വാളിറ്റി ലാബിന്റെ 2024-ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ഈ അസമത്വത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും അസമത്വം നിറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് സൃഷ്ടിക്കപ്പെടുന്ന സമ്പത്ത് കൂടുതലും ഒരു ചെറു ന്യൂനപക്ഷത്തിന്റെ കൈകളിലാണ് അടിഞ്ഞുകൂടുന്നത് എന്ന കാര്യം കേന്ദ്ര സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നതേയില്ലേ? ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം പേർ രാജ്യത്തെ സമ്പത്തിന്റെ 65 ശതമാനവും ദേശീയ വരുമാനത്തിന്റെ 58 ശതമാനവും കൈവശപ്പെടുത്തിയിരിക്കുന്നു. അതിൽ തന്നെ ഏറ്റവും സമ്പന്നരായ 1 ശതമാനം പേർക്ക് 40 ശതമാനം സമ്പത്തും 23 ശതമാനം വരുമാനവുമുണ്ട്. ഏറ്റവും പാവപ്പെട്ട 50 ശതമാനം ജനങ്ങൾക്കാകട്ടെ വെറും 6.5 ശതമാനം സമ്പത്തും 15 ശതമാനം വരുമാനവുമാണുള്ളത്!
മാത്രമല്ല, ഈ കാലയളവിൽ സ്വന്തം നേട്ടങ്ങള്‍ പെരുപ്പിച്ചു കാണിക്കുന്നതിനായി ദേശീയ വരുമാനവും ദാരിദ്ര്യം ഉൾപ്പെടെയുള്ള സാമൂഹ്യ, സാമ്പത്തിക സൂചകങ്ങളും അളക്കുന്നതിന് ഉപയോഗിക്കുന്ന സർവ്വേകളുടെയും റിപ്പോർട്ടുകളുടെയും ഗുണനിലവാരവും വിശ്വാസ്യതയും തകർന്നിരിക്കുന്നു എന്നും സാമ്പത്തിക വിദ്ഗ്ധര്‍ നിരീക്ഷിക്കുന്നുണ്ട്. ഗ്രാമീണ ജനതയുടേതുള്‍പ്പെടെ ഉപഭോഗം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് ദേശീയ ഗാര്‍ഹിക ഉപഭോഗ സര്‍വ്വേ ഫലങ്ങളെ ഉദ്ധരിച്ച് പറയാന്‍ ശ്രമിക്കുന്നത്. ഉപഭോഗത്തെ മാത്രം അടിസ്ഥാനമാക്കി അസമത്വം കുറഞ്ഞിട്ടുണ്ട് എന്ന വാദം അടിസ്ഥാന രഹിതമാണെന്ന് നിരവധി സാമ്പത്തിക വിദഗ്ധർ തെളിവു സഹിതം അഭിപ്രായപ്പെടുന്നു. ഇതിനായി സ്വീകരിച്ച രീതിശാസ്ത്രത്തിന്റെ അശാസ്ത്രീയതയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള അസമത്വം കണക്കുകളില്‍ കാണൂന്നതിനേക്കാള്‍ എത്രയോ കൂടുതലാണെന്നും ഇപ്പോൾ തെളിയുന്നുണ്ട്. ഗ്രാമീണ മേഖലയിൽ ഉപഭോഗം വർധിക്കുന്നു എന്നുള്ളതുകൊണ്ട് ഗ്രാമീണ ജനതയുടെ വരുമാനവും സമ്പാദ്യവും വര്‍ദ്ധിക്കുന്നുവെന്ന് കരുതാനാവില്ല. ലഭ്യമായ വരുമാനത്തിന്റെ ഏറിയ പങ്കും അടിസ്ഥാന ആവശ്യങ്ങളുടെ ഉപഭോഗത്തിനായി ചെലവിടേണ്ടി വരുന്നത് കുടുംബങ്ങളെ അരക്ഷിതാവസ്ഥയിലേക്കാണ് നയിക്കുക എന്നത് ലളിതമായ തത്വമാണല്ലോ. സാമ്പത്തിക അസമത്വം അളക്കുന്ന ജിനി ഗുണാങ്കത്തിന്റെ അടിസ്ഥാനത്തില്‍ 2019-ല്‍ ഇന്ത്യയുടെ സ്ഥാനം വളരെ പിറകിലാണ്. ലോകത്തെ 216 രാജ്യങ്ങളിൽ 176-–ാം സ്ഥാനത്തായിരുന്നു നമ്മുടെ രാജ്യം! ലോക പട്ടിണി സൂചികയിൽ 123 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് 102-–ാം സ്ഥാനമാണ്. മാനവ വികസന സൂചികയിൽ ഇന്ത്യ 193 രാജ്യങ്ങളിൽ 130-ാം സ്ഥാനത്തും, സുസ്ഥിര വികസന സൂചികയിൽ 167 രാജ്യങ്ങളിൽ 99-ാം സ്ഥാനത്തുമാണ് നാം.
കാര്‍ഷിക മേഖലയിലെ തകര്‍ച്ച ഈ അവസരത്തില്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ഉല്‍പ്പാദന സാമഗ്രികളുടെ വില വര്‍ദ്ധനവും ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും കാര്‍ഷിക മേഖലയിലെ പൊതു മേഖലയുടെ മൂല ധന നിക്ഷേപത്തില്‍ നിന്നുള്ള പിന്‍വാങ്ങലും ചെറുകിട നാമമാത്ര കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതം ദുസ്സഹമാക്കുകയാണ്. ഗ്രാമീണ മേഖലയിലെ വേതനത്തെയും തൊഴിലവസരങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ദുരിതപൂര്‍ണമായ തൊഴില്‍ കുടിയേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി പരിമിതപ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നുവോ എന്ന ചോദ്യത്തിന് ഉത്തരമില്ല.
ഫണ്ടുകളുടെ ദുരുപയോഗവും നിര്‍വ്വഹണത്തിലെ അപാകതകളുമാണ് എടുത്തുകാട്ടുന്ന മറ്റൊരു കാരണം. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ പ്രാരംഭം മുതല്‍ നിരവധി പരിഷ്-കാരങ്ങള്‍ അതിന്റെ നിര്‍വ്വഹണത്തിലും ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങളുടെ നിര്‍വചനത്തിലുമൊക്കെ കൊണ്ടുവന്നിട്ടുണ്ട്. ഈ പദ്ധതി കാര്യക്ഷമമായി നടത്തിയിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കുമനുസൃതമായി തന്നെ ഗ്രാമീണ മേഖലയില്‍ ഉല്‍പാദനപരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് സാദ്ധ്യതകളുണ്ട്. അവ കാര്യക്ഷമമായി നടപ്പാക്കുന്നതിന് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനു പകരമാണ് പദ്ധതിയെത്തന്നെ തകര്‍ക്കുന്ന പരിഷ്-കാരങ്ങളുമായി സര്‍ക്കാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്. തൊഴിലാളികളെ തിരിച്ചറിയുന്നതിനും പൂര്‍ത്തീകരിച്ച പ്രവര്‍ത്തനങ്ങള്‍ ജിയോ ടാഗ് ചെയ്യുന്നതിനുമൊക്കെ നിലവില്‍ തന്നെ സംവിധാനങ്ങളുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികളുമായി സംയോജിപ്പിക്കുന്നതും പുതിയ ആശയമല്ല. പ്രാദേശിക വികസന പദ്ധതികളിലെ സുപ്രധാന ഘടകമായി തൊഴിലുറപ്പു പദ്ധതി സംയോജിപ്പിക്കുന്നതിനുള്ള ഔദ്യോഗിക സംവിധാനം മുന്‍പു തന്നെ ആവിഷ്കരിച്ചിട്ടുള്ളതാണ്. പുതിയ പരിഷകാരമെന്ന പേരില്‍ ഉയര്‍ത്തുന്ന വാദമുഖങ്ങളില്‍ ഒരു പുതുമയുമില്ലെന്ന് മാത്രമല്ല പുതിയ പദ്ധതിയുടെ കാര്യക്ഷമത കൂടുമെന്നു പറയുന്നതിന് യുക്തിസഹമായ തെളിവുകളുമില്ല. അതിശക്തമായ കേന്ദ്രീകരണത്തെ വാഴ്ത്തിപ്പാടുകയും ഗ്രാമ പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ പോലും നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ വികേന്ദ്രീകരണത്തെക്കുറിച്ചും ഗ്രാമപഞ്ചായത്തുകളിലെ പദ്ധതി ആസൂത്രണത്തെക്കുറിച്ചുമൊക്കെ പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥത പ്രതീക്ഷിക്കാമോ? അല്ലെങ്കില്‍ തന്നെ എത്ര സംസ്ഥാനങ്ങളില്‍ അധികാരവും പണവും നല്‍കിയിട്ടുള്ള, കാര്യക്ഷമമായ ഗ്രാമ തദ്ദേശ ഭരണ സ്ഥാപനങ്ങളുള്ളത്?
കാര്‍ഷിക മേഖലയെ തൊഴിലുറപ്പു പദ്ധതി ദോഷകരമായി ബാധിക്കുന്നുവെന്ന അടിസ്ഥാനരഹിതമായ വാദമാണ് മറ്റൊന്ന്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന രണ്ടു മാസം തൊഴിലുറപ്പു പദ്ധതി നിര്‍ത്തി വയ്ക്കാനുള്ള നിര്‍ദ്ദേശമാണ് ഈ പുതിയ പദ്ധതിയുടെ ക്രൂരമായ നിബന്ധനകളിലൊന്ന്. ഇത്രയും അബദ്ധജടിലവും പ്രതിലോമകരവുമായ ഒരു നിബന്ധന എങ്ങനെ ഉത്തരവാദിത്തമുള്ള ഒരു ഗവൺമെന്റിന് മുന്നോട്ടു വയ്ക്കാന്‍ കഴിയുന്നുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഗ്രാമീണ ദരിദ്രരോടുള്ള കാപട്യം നിറഞ്ഞ സമീപനമാണിത്. തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതുകൊണ്ട് കൃഷിപ്പണിക്ക് തൊഴിലാളികളെ കിട്ടുന്നില്ലെന്നു പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? തൊഴിലുറപ്പിന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വേതനത്തിന് കൃഷിപ്പണിക്ക് ആളെ കിട്ടുന്നില്ല എന്നല്ലേ? കര്‍ഷകത്തൊഴിലാളികള്‍ ബഹുഭൂരിപക്ഷം ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നര്‍ത്ഥം. രണ്ടു മാസം തൊഴിലുറപ്പു പദ്ധതി നിര്‍ത്തി വയ്ക്കുന്നതിലൂടെ അവരുടെ ഉപജീവന മാര്‍ഗ്ഗങ്ങളിന്മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും തൊഴില്‍ നല്‍കണമെന്ന് ഭൂവുടമകളോട് പറയാന്‍ കേന്ദ്ര സര്‍ക്കാരിനാകുമോ? യന്ത്രവല്‍ക്കരണമുള്‍പ്പെടെ വന്‍സന്നാഹങ്ങളുമായി കൃഷി ചെയ്യുന്നവരുടെ കൃഷിയിടങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറയില്ലേ? ആ പ്രദേശങ്ങളിലുള്ളവര്‍ തൊഴിലന്വേഷിച്ച് നാടു വിടാന്‍ നിര്‍ബന്ധിതരാവില്ലേ? അതു മാത്രമല്ല, കാലവസ്ഥാ മാറ്റം വന്‍ തോതില്‍ കാര്‍ഷിക മുറകളുടെ സമയ ക്രമത്തില്‍ വ്യത്യാസം വരുത്തുന്ന ഇക്കാലത്ത് എങ്ങനെ കൃഷിപ്പണികളുള്ള സമയം ഓരോ പ്രദേശത്തും കൃത്യമായി പ്രഖ്യാപിക്കും?
ഏറ്റവും കൂടുതൽ അരക്ഷിതരായ സമയത്തു തന്നെ ഉറപ്പുള്ള വരുമാനം നഷ്ടപ്പെടുന്നതോടെ, കുടുംബങ്ങൾ ഭൂവുടമകളുടെ ആശ്രിതരാകാനും കുറഞ്ഞ വേതനം സ്വീകരിക്കാനും ചൂഷണാത്മകമായ തൊഴിൽ നിബന്ധനകള്‍ സഹിക്കാനും നിർബന്ധിതരാകും. അപ്രതീക്ഷിത പ്രതിസന്ധികളില്‍ ആശ്രയമായി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ചിരുന്ന ദരിദ്രർ കൂടുതൽ പിന്നിലേക്ക് തള്ളപ്പെടുന്ന സാഹചര്യമുണ്ടാകും. ഗ്രാമീണ മേഖലയുടെ സ്വഭാവവും വൈവിധ്യങ്ങളും സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള നിയമ നിര്‍മ്മാണമാണ് യൂണിയൻ സകർക്കാർ നടത്തിയിരിക്കുന്നത്.
കേരളത്തില്‍ തന്നെ അടിച്ചേല്‍പ്പിക്കപ്പെടുന്ന അസംഖ്യം കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കുള്ള സംസ്ഥാന വിഹിതം നല്‍കാന്‍ മാത്രമേ സംസ്ഥാന പദ്ധതി വിഹിതം ഉപയോഗിക്കാന്‍ തികയൂ എന്ന സ്ഥിതി വന്നു കൊണ്ടിരിക്കുകയാണ്. അതില്‍ മിക്ക പദ്ധതികളും സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് രൂപകല്‍പ്പന ചെയ്തപ്പെട്ടവയല്ല താനും. സംസ്ഥാനങ്ങള്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം മാത്രം സംസ്ഥാന പദ്ധതിക്കായി ചെലവഴിച്ചാല്‍ മതിയെന്ന ധാര്‍ഷ്ട്യം ഈ സമീപനത്തില്‍ പ്രകടമാണ്. ഈ അധികഭാരത്തിനു മുകളിലാണ് തൊഴിലുറപ്പു പദ്ധതിയുടെ ഭാരവും സംസ്ഥാനങ്ങള്‍ പേറേണ്ടി വരുന്നത്. ഉദാഹരണത്തിന്, കേരളത്തില്‍ അടുത്ത വര്‍ഷം ഏതാണ്ട് പത്തുകോടി മനുഷ്യദിനങ്ങളാണ് തൊഴിലുറപ്പു പദ്ധതിയില്‍ സൃഷ്ടിക്കാനുദ്ദേശിച്ചിരുന്നത്. ഇനി മുതല്‍ കേന്ദ്രം നിശ്ചയിച്ചു നല്‍കുന്ന പദ്ധതി ലക്ഷ്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടി വരിക. അങ്ങനെ കേന്ദ്ര നിര്‍ദ്ദേശ പ്രകാരം അഞ്ചുകോടി മനുഷ്യദിനങ്ങള്‍ സൃഷ്ടിക്കേണ്ടി വന്നാല്‍ തന്നെ ഏതാണ്ട് 3000-ത്തിലധികം കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തേണ്ടി വരും. മാത്രമല്ല, ആകെ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്യും! ഈ സാഹചര്യം നിലനില്‍ക്കെ ഗ്രാമീണ ജനതയെ ഈ പുതിയ പദ്ധതി എങ്ങനെ സഹായിക്കുമെന്ന് വസ്തു നിഷ്ഠമായി വിശദീകരിക്കാന്‍ ഇതിന്റെ വക്താക്കള്‍ക്ക് കഴിയുന്നതേയില്ല. ചില സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരിമിതമായ തോതില്‍ മാത്രമാണ് ധനസഹായം നല്‍കുന്നതെന്നിരിക്കെ സുനിശ്ചിതമായ തൊഴിലുറപ്പ് എന്നത് വെറും പൊള്ളയായ വാഗ്ദാനം മാത്രമായി നിലനില്‍ക്കുകയേ ഉള്ളൂ.
കൂടുതല്‍ തൊഴിലന്വേഷകരെ ഉള്‍ച്ചേര്‍ക്കുന്നതിനാണ് പുതിയ പദ്ധതി ശ്രമിക്കുന്നതെന്നുള്ള വാദവും അടിസ്ഥാന രഹിതമാണ്. പുതിയ നിയമത്തില്‍ വ്യക്തികളെ ഒഴിവാക്കുന്നത് സംബന്ധിച്ച ഗുരുതരമായ ആശങ്കകളാണ് നിലനിൽക്കുന്നത്. ജോബ് കാർഡുകളുടെ ‘റാഷണലൈസേഷൻ’ എന്ന പേരിലുള്ള നടപടികൾ, വലിയൊരു വിഭാഗം ഗ്രാമീണ കുടുംബങ്ങളെ സാമൂഹിക സുരക്ഷാ വലയിൽ നിന്ന് പുറത്താക്കാൻ ഇടയാക്കും.
ഗ്രാമതലത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത ജോലികളുടെ അടിസ്ഥാനത്തിൽ തൊഴിൽ നൽകുമെന്ന വ്യവസ്ഥയും പുതുമയുള്ളതല്ല. ഇപ്പോഴും ഈ മാതൃകയില്‍ തന്നെയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തികള്‍ ആസൂത്രണം ചെയ്യുന്നത്. പേരു മാറ്റമെന്ന പോലെ പഴയ പ്രക്രിയകളും നിബന്ധനകളും ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ട പുതു പുത്തന്‍ ആശയമാണെന്ന ധാരണ സാധാരണക്കാരുടെ ഇടയില്‍ പ്രചരിപ്പിക്കുക മാത്രമാണ് ഇത്തരം കണ്‍കെട്ടു വിദ്യകളുടെ ലക്ഷ്യം. എന്നാല്‍ തൊഴില്‍ ലഭ്യത കുറക്കുന്നതിനായി ഇതില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റൊരു തന്ത്രമുണ്ട്. സ്ഥായിയായ ആസ്തികളുടെ നിര്‍മാണത്തിനു മാത്രമേ തൊഴിലുറപ്പ് പദ്ധതി ഉപയോഗിക്കാവൂ എന്ന നിബന്ധനനയാണത്. ഈ നിബന്ധന തീര്‍ത്തും അപ്രായോഗികവും ഈ പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളെ തകര്‍ക്കുന്നതുമാണ്. തൊഴിലുറപ്പ് പദ്ധതിയിലൂടെ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും, കാലാവസ്ഥാ മാറ്റത്തിനോടുള്ള പ്രതിരോധവും ദുരന്ത നിവാരണവുമൊക്കെ ലക്ഷ്യമാക്കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ ആസ്തികള്‍ സൃഷ്ടിക്കുന്നതിനു പകരം ഇത്തരം പ്രത്യക്ഷ ആസ്തികള്‍ ഇല്ലാത്ത പ്രവര്‍ത്തനങ്ങളും കാലാകാലങ്ങളില്‍ ചെയ്യേണ്ടി വരും. ആ സാധ്യത ഒഴിവാക്കുന്നതോടെ തൊഴില്‍ പരിമിതപ്പെടും. വിവിധ കേന്ദ്രാവിഷ്-കൃത പദ്ധതികള്‍ക്കും ചില സംസ്ഥാന പദ്ധതികള്‍ക്കും മാത്രം ഉപയോഗിക്കാവുന്നതായി തൊഴിലുറപ്പ് പദ്ധതി മാറും.
മാത്രമല്ല, വര്‍ഷം 125 ദിവസവും തൊഴില്‍ കൊടുക്കുന്നതിനു മാത്രമായി മുന്‍ നിശ്ചയിച്ച പ്രകാരമുള്ള ആസ്തികള്‍ സൃഷ്ടിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ധനവിഭവങ്ങള്‍ ലഭ്യമാകുമോ? കേരളത്തിലൊഴികെ ഗ്രാമ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന പണം വളരെ പരിമിതമാണെന്നിരിക്കെ ഇത്തരം വിചിത്രമായ നിബന്ധനകള്‍ ഈ പദ്ധതിയെ ക്രമാനുഗതമായി ഇല്ലാതാക്കാനുദ്ദേശിക്കാന്‍ മാത്രമായി തയ്യാറാക്കിയതാണെന്ന് വ്യക്തമാണ്. ഒരേ സമയം ഗ്രാമീണ ജനതയോട് പ്രതിബദ്ധതയുണ്ടെന്ന് അവകാശപ്പെടുകയും അവരുടെ ഉപജീവനോപാധികളില്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ ഇരട്ടമുഖമാണ് ഇവിടെ വെളിപ്പെടുന്നത്.
തൊഴിലുറപ്പ് നിയമത്തിന്റെ ആധാരശിലയായ അവകാശാധിഷ്ഠിത തൊഴില്‍ എന്ന സങ്കല്‍പ്പനത്തെ പൂർണമായും ദുർബലപ്പെടുത്തുന്നതിനും നിയമപരമായി ഉറപ്പുനൽകപ്പെട്ട അവകാശത്തെ ബജറ്റിന്റെ പരിമിതികളില്‍ കുരുക്കി കേന്ദ്രീകൃതവും അത്യന്തം നിയന്ത്രിതവുമായ ഒരു കേന്ദ്ര പദ്ധതിയായി മാറ്റുന്നതാണ് ഈ ഭേദഗതികൾ. ഗ്രാമീണ ദരിദ്രർക്ക് അടിസ്ഥാന ഉപജീവന സുരക്ഷ നൽകിയിരുന്ന, വ്യാപകമായി പ്രശംസിക്കപ്പെട്ട ഒരു പദ്ധതിയെ, ഗ്രാമീണ മേഖലകളിലെ അസമത്വം വർധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് തന്നെ പിന്‍വലിക്കുന്നത് അത്യന്തം അപലപനീയമാണ്. ചരിത്രപ്രാധാന്യമുള്ള ഈ പദ്ധതിയുടെ പേരുമാറ്റമാകട്ടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെയും വികസന ചരിത്രത്തിന്റെയും ഓര്‍മകള്‍പോലും പൊതു മണ്ഡലത്തില്‍ നിന്നും മായ്ച്ചുകളയാനുള്ള സമീപ കാല ശ്രമങ്ങളില്‍ ഏറ്റവും നിന്ദ്യവും ഗുരുതരമായതുമാണ്. l



