Thursday, January 29, 2026

ad

Homeകവര്‍സ്റ്റോറിപുരുഷമേധാവിത്വ സ്ഥാപനങ്ങളുടെ 
കൂട്ടായ രാഷ്ട്രീയപ്രവർത്തനം

പുരുഷമേധാവിത്വ സ്ഥാപനങ്ങളുടെ 
കൂട്ടായ രാഷ്ട്രീയപ്രവർത്തനം

സുജ സൂസൻ ജോർജ്

കേരളത്തിലും ലോകമെമ്പാടും ലൈംഗികാതിക്രമങ്ങൾക്ക് ഇരയാവുന്ന സ്ത്രീകൾക്ക് അനുകൂലമായി വലിയ പിന്തുണ ഉയർന്നുവരുന്നുണ്ട്.സ്ത്രീകള്‍ സ്വയമായും സംഘടനാപരമായും നടത്തുന്ന ശക്തമായ ചെറുത്തുനില്പുകളും അവ ഭരണകൂടങ്ങളെ സ്വാധീനിക്കത്തക്ക രാഷ്ട്രീയസ്വഭാവം ആര്‍ജിക്കുന്നതും സാധാരണമാകുന്നുണ്ട്. ഇത് സ്വാഭാവികമാണ്.

ലൈംഗികാതിക്രമമാണ് സ്ത്രീയെ അടിമപ്പെടുത്തി വെക്കുന്നതിനുള്ള ഏറ്റവും വലിയ ആയുധം.അടങ്ങിയൊതുങ്ങി ജീവിക്കുക അല്ലെങ്കിൽ ബലാത്സംഗം ചെയ്യപ്പെടുമെന്ന് പ്രത്യക്ഷമായും പരോക്ഷമായും സമൂഹം സ്ത്രീയോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. ലൈംഗികാതിക്രമം പുരുഷാധിപത്യം സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും ലിംഗശ്രേണികൾ നടപ്പിലാക്കുന്നതിനും സ്ത്രീകളുടെ ശരീരത്തെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു വ്യവസ്ഥാപിത ഉപകരണമാണ്‌.

ആയുധം എന്ന നിലയിൽ പുരുഷാധിപത്യം പ്രയോഗിക്കുന്ന ലൈംഗികാതിക്രമത്തിന്റെ പ്രധാന മാനങ്ങൾ ഇവയാണ്:

1. സാമൂഹിക നിയന്ത്രണത്തിനുള്ള സംവിധാനം
കീഴടക്കൽ നടപ്പിലാക്കൽ പ്രക്രിയ–ലൈംഗികാതിക്രമം–ഒരു യാദൃച്ഛികതയല്ല, മറിച്ച് പുരുഷാധിപത്യത്തിന്റെ ഒരു പ്രധാന നിർവഹണ ഉപകരണമാണ്. സ്ത്രീകളെ താഴ്ന്ന സാമൂഹിക പദവിയില്‍ നിർത്തുന്നതിനാവശ്യമായ പുരുഷമേധാവിത്വത്തിന്റെയും സ്ത്രീയുടെ കാലങ്ങളായുള്ള കീഴാളജീവിതത്തിന്റെയും വ്യവസ്ഥാപരമായ രാഷ്ട്രീയമായി ഇതു പ്രവർത്തിക്കുന്നു.

ലൈംഗികാതിക്രമത്തിന്റെ നിരന്തരമായ ഭീഷണി ബലാത്സംഗം ചെയ്യപ്പെടുമെന്ന ഭയത്തിനു ചുറ്റും സ്ത്രീകളെ അവരുടെ ദൈനംദിന ജീവിതം ക്രമീകരിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് അവരുടെ ചലനാത്മകതയെയും സ്വാതന്ത്ര്യത്തെയും നിയന്ത്രിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക നിയന്ത്രണമായി പ്രവർത്തിക്കുന്നു.

സ്ത്രീകൾ പുരുഷന്മാരുടെ ലൈംഗിക വസ്തുക്കളോ സ്വത്തോ ആണെന്ന പരമ്പരാഗതപുരുഷാധിപത്യ വിശ്വാസങ്ങളിൽ വേരൂന്നിയതാണ്. സമ്പദ്-വ്യവസ്ഥയിലും രാഷ്ട്രീയാധികാരങ്ങളിലുമുള്ള സ്ത്രീയുടെ അവകാശമില്ലായ്മ, കാര്യങ്ങള്‍ സ്വാഭാവികമെന്നവണ്ണം എളുപ്പമാക്കുകയും സ്ത്രീ ശരീരങ്ങളുടെമേലുള്ള പുരുഷാധികാരത്തെയും കൈവശപ്പെടുത്തലിനെയും ന്യായീകരിക്കുകയും ചെയ്യുന്നു.

2. ബലാത്സംഗ സംസ്കാരവും 
സാധാരണവൽക്കരണവും:
 സ്ഥാപനപരമായ സങ്കീർണത
പുരുഷാധിപത്യനിയമ –സാമൂഹിക സംവിധാനങ്ങൾ പലപ്പോഴും കുറ്റവാളിയെ അല്ല ഇരയെയാണ് കുറ്റപ്പെടുത്തുന്നത്.ബലാത്സംഗ സംസ്കാരം എന്നറിയപ്പെടുന്ന ഒരു പ്രതിഭാസമാണിത്. സാക്ഷികളെ സംശയിക്കുക, കോടതിയിൽ അതിജീവിച്ചവരെ വീണ്ടും ഇരയാക്കുക, അക്രമത്തെ ഒരു 20 മിനിറ്റ് നടപടിയായി നിസ്സാരവൽക്കരിക്കുക എന്നിവ ഇതിലുൾപ്പെടുന്നു.

പല പുരുഷാധിപത്യ സമൂഹങ്ങളിലും വിവാഹത്തിനുള്ളിലെ ലൈംഗികാതിക്രമങ്ങൾ സാധാരണവൽക്കരിക്കപ്പെടുന്നുണ്ട്. സ്ത്രീകൾ അവരുടെ പങ്കാളികളികളിൽനിന്നുണ്ടാകുന്ന ബലാത്സംഗത്തെ അക്രമമായി കാണാതിരിക്കത്തക്കവണ്ണം വിവാഹമെന്ന സാമൂഹികസംവിധാനം, ഭർത്താക്കന്മാരുടെ ലൈംഗിക സേവനത്തിനാണ് ഭാര്യമാർ എന്ന തത്ത്വത്തെ സാമൂഹ്യവൽക്കരിച്ചിരിക്കുന്നു.

നിശബ്ദമാക്കി അപമാനിക്കൽ
ഇരയുടെ അന്തസ്സിനെയും ‘പരിശുദ്ധി’യെയും നിരന്തരം ചോദ്യം ചെയ്തുകൊണ്ട് അതിജീവിതകളെ പുരുഷാധിപത്യം നിശബ്ദരാക്കുകയും അതുവഴി കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്യുന്നു. സാമൂഹിക ബഹിഷ്കരണം ആയുധമാക്കി ഉപയോഗിച്ചുകൊണ്ട് നിലവിലിരിക്കുന്ന വ്യവസ്ഥയെ വെല്ലുവിളിക്കാനുള്ള അതിജീവിതകളുടെ ശേഷിയെ മുഴുവന്‍ ചോര്‍ത്തിക്കളയുന്നു.

അഭ്രപാളികള്‍ വീണുടയുമ്പോള്‍ സംഭവിക്കുന്നത്
മലയാള സിനിമാപ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട്- ഉയർന്നുവന്ന ഗുരുതരമായ ലൈംഗികാതിക്രമക്കേസിൽ എട്ടു വർഷത്തിനുശേഷം കോടതിവിധി വന്നിരിക്കുകയാണല്ലോ. പക്ഷേ ആ കോടതിവിധിയിൽ വലിയ അന്യായമുണ്ടെന്ന് അതിജീവിത ഉൾപ്പെടെയുള്ള ഒരു വലിയ ജനസമൂഹം വിശ്വസിക്കുന്നു. കോടതിവിധിയെ തുടർന്ന് അതിജീവിതയ്ക്കെതിരെ തുടർച്ചയായി സാമൂഹ്യ മാധ്യമങ്ങളിൽ ആസൂത്രിതമായ അധിക്ഷേപ പരമ്പരകൾ ഉണ്ടായി.

‘‘ഞാന്‍ ഇരയല്ല, അതിജീവിതയുമല്ല, വെറും ഒരു മനുഷ്യ ജീവി! എന്നെ ജീവിക്കാൻ അനുവദിക്കൂ” എന്നിങ്ങനെ അതിജീവിതയ്ക്ക് പറയേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്‌. നിസ്സഹായമായ ഒരു തേങ്ങലായി കേരളത്തിലെ മനുഷ്യത്വമുള്ള എല്ലാവരെയും തീർച്ചയായും ആ വാക്കുകൾ വേട്ടയാടും.

‘സാധാരണ മനുഷ്യത്വം’ 
എന്ന രാഷ്ട്രീയ ഇടിമുഴക്കം
ഒരൊറ്റ കേൾവിയിൽ നിസ്സഹായവും കരച്ചിലിന്റെ വക്കത്തിരിക്കുന്നതുമായ ഒരു ഏങ്ങലടിയായി ആ ശബ്ദത്തെക്കുറിച്ച് തോന്നുമെങ്കിലും ഈ പ്രസ്താവന അടുത്തകാലത്തൊന്നും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഉയർന്നുവന്നിട്ടില്ലാത്ത തരത്തിലുള്ള അഗാധമായ ഒരു രാഷ്ട്രീയ ഇടപെടലാണ്.

ഞാൻ ഇരയല്ല അതിജീവിതയുമല്ല വെറുമൊരു മനുഷ്യജീവിയാണ് എന്ന് ഒരു സ്ത്രീ പറയുമ്പോൾ നിയമവ്യവസ്ഥയും പൊതുസമ്മതികളും അവൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന സങ്കുചിത വ്യക്തിത്വ അടയാളങ്ങളെയാണ് അവൾ തൂത്തെറിയുന്നത്.

മുഖമില്ലാത്തവളായി മറഞ്ഞിരിക്കാൻ താനില്ലെന്ന് ആക്രമിക്കപ്പെട്ട നടി മുൻപേ തന്നെ പ്രഖ്യാപിക്കുകയും സോഷ്യൽ മീഡിയ പേജുകളിലും പൊതുവേദികളിലും പ്രത്യക്ഷപ്പെട്ടും സിനിമകളിൽ അഭിനയിച്ചും ലൈംഗികാതിക്രമം നേരിട്ടുവെന്നാൽ എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടവൾ എന്ന സാമൂഹിക നിയമത്തെ ചോദ്യംചെയ്യുകയും തന്റെ ജീവിക്കാനുള്ള അവകാശത്തെ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

സമൂഹവും കോടതി ഉൾപ്പെടെയുള്ള അധികാരഘടനയും ലൈംഗികാതിക്രമം നേരിടേണ്ടി വരുന്ന സ്ത്രീകളെ ഇര, അതിജീവിത, പരാതിക്കാരി എന്നിങ്ങനെയുള്ള തലക്കെട്ടിൽ ഒതുക്കി അവരുടെ പൂർണ്ണമായ വ്യക്തിത്വത്തെ നിശൂന്യമാക്കുകയും സാമൂഹിക ജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് കുറച്ചുകാലമായി ഫെമിനിസ്റ്റ് സൈദ്ധാന്തികർ നിരീക്ഷിക്കുന്നുണ്ട്.

ഇവിടെ ഒരു മനുഷ്യ ജീവിയായി ജനിക്കുന്നു എന്നതിനാൽ തന്നെ ലഭ്യമാകേണ്ട മനുഷ്യാവകാശങ്ങൾ; സ്വന്തം കഴിവുകൾ വളർത്തിയെടുക്കാനും പ്രകടിപ്പിക്കാനും സാമൂഹികപ്രക്രിയകളിൽ ഏർപ്പെടാനുമുള്ള അവകാശങ്ങൾ തുടങ്ങിയവ സ്ത്രീക്ക് നിഷേധിക്കപ്പെടുന്നു എന്ന് സാരം. അത്തരത്തിൽ വ്യവസ്ഥിതി നിഷേധിക്കുന്ന സാധാരണ മനുഷ്യത്വം എന്ന അടിസ്ഥാനാവകാശത്തിന്റെ വീണ്ടെടുപ്പാണ് ‘വെറുമൊരു മനുഷ്യ ജീവി’ എന്ന എരിയുന്ന വാക്കിലൂടെ അവൾ തന്റെ പ്രസ്താവനവഴി നടത്തുന്നത്.

നടിയെ ആക്രമിച്ച കേസ് കഴിഞ്ഞ 8 വർഷമായി കേരള സമൂഹത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ കൊടുങ്കാറ്റഴിച്ചുവിട്ടു കൊണ്ട് കാതലായ ചില മാറ്റങ്ങളും അതിലേറെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.കേസിന്റെ പല ഘട്ടങ്ങളിലും കേസന്വേഷണം, കോടതി മുറിക്കുള്ളിൽ നേരിടേണ്ടി വന്ന അന്യായങ്ങൾ എന്നിവയെക്കുറിച്ച് നടി പല പരാതികളും ഉന്നയിച്ചിരുന്നു. അതിന്റെയെല്ലാം ആറ്റിക്കുറുക്കിയ രൂപമാണ് ഈ പ്രസ്താവനയിലുള്ളത്.

കോടതി മുറിയിലെ ഭാഷയ്ക്കെതിരെ
സ്ത്രീയെ ഒരു ‘നല്ല ഇര’യുടെ പരമ്പരാഗത ശരീരഭാഷയിലും മാനസികാവസ്ഥയിലുമാണ് കോടതി കാണാൻ ആഗ്രഹിക്കുന്നത്. ഒരു നല്ല ഇര തകർന്നിരിക്കണം. ദയനീയയായും യാചിക്കുന്നവളായും ആയിട്ടാവണം അവളിനിമേല്‍ നിലകൊള്ളേണ്ടത്. അത് അവളുടെ വിശ്വാസ്യത കൂട്ടുമെന്ന് കോടതികൾ കണക്കാക്കുന്നു. ഇതിൽ നിന്നു വ്യത്യസ്തമായി അവൾ ശക്തയായ അതിജീവിതയാണെങ്കിൽ അവൾ സാമൂഹികമൗനം പാലിക്കുന്നവളാകണം.

ഇതൊരു ഇരട്ടക്കെണിയാണ്.

അവൾ നേരിട്ട അതിക്രമത്തിന്റെ കാഠിന്യം, ശരീരത്തിനു സംഭവിച്ച മുറിവുകളും പരിക്കുകളും എണ്ണിത്തിട്ടപ്പെടുത്തുന്ന പ്രക്രിയയിലൂടെ മാത്രം കോടതി വിലയിരുത്തുന്നു. ജീവിതാന്തസ്സ്, മൂല്യങ്ങൾ, മാനസിക നില, സാമൂഹിക പദവി എന്നിവയ്ക്കുണ്ടായതും ഉണ്ടായിക്കൊണ്ടിരിക്കുന്നതുമായ തകർച്ചകളെ കണക്കാക്കുന്നതിനുള്ള അളവുകളൊന്നും കോടതിയുടെ കൈവശം ഇല്ല. ഈ വ്യവസ്ഥയെ അവൾ തന്റെ പ്രസ്താവനയിലൂടെ വിമർശിക്കുന്നു.

ഗൂഢാലോചനക്കാരനെ 
വെറുതെവിടുന്ന വിധി നിഷ്പക്ഷമല്ല
അധികാരഘടന നടത്തുന്ന ഒരാക്രമമായി (structural violence) ഇവിടെ കോടതിവിധി ഭവിക്കുകയാണുണ്ടായത്. അതിൽ പ്രതിഫലിക്കുന്നത് പുരുഷാധികാര ഘടനയുടെ സ്ത്രീവിദ്വേഷ(structural misogyny)ത്തെയാണ്‌. കുറ്റവിമുക്തനാക്കൽ എന്നാൽ ആക്രമണം ഉണ്ടായിട്ടില്ലെന്നോ അതിന്റെ പിന്നിൽ ഒരു ഗൂഢാലോചന ഇല്ലെന്നോ അർത്ഥമില്ല. ആ ഒരു വിധി നിർണയം പുരുഷാധികാരത്തിന്റെയും വ്യവസ്ഥാപിത നിഗമനങ്ങളുടെയും സാങ്കേതിക സംശയങ്ങളുടെയും ഒരു നിർദ്ധാരണം മാത്രമാണ്. സത്യത്തെ അത് കണക്കിലെടുക്കുന്നില്ല. ഈ വിധിയിലെ നിയമപരമായ നീതിയും ധാർമികനീതിയും തമ്മിലുള്ള അന്തരം അവളുടെ പ്രസ്താവനയുടെ അന്തർധാരയാണ്.

അതിജീവിത എന്ന 
ചെറുത്തുനിൽപ്പ്
അതിജീവിത എന്ന പ്രതിരോധത്തിന് ആധാരമായി സ്ത്രീശരീരത്തെ തെളിവായി കണക്കാക്കുകയും അവരുടെ ജീവിതം അടിക്കുറിപ്പുകളാക്കി മാറ്റുകയും ചെയ്യുന്ന മാധ്യമ ആഘോഷങ്ങൾക്കിടയില്‍, താൻ മജ്ജയും മാംസവും മനസ്സും ബുദ്ധിയും ഉള്ള ഒരു സാധാരണ മനുഷ്യജീവിയാണെന്ന അവളുടെ പ്രഖ്യാപനം ബിംബവല്‍ക്കരണത്തെ പൊളിച്ചുകളയലും റാഡിക്കലുമായ നിലപാടാണ്.

ആക്രമിക്കപ്പെടുന്ന സ്ത്രീകൾ വെറും കേസുകളോ സ്ത്രീസമൂഹത്തിനെതിരെയുള്ള ചൂഷണങ്ങളുടെ പ്രതീകങ്ങളോ അല്ല. അവർ കഥകൾ ചമയ്ക്കാനുള്ള അമൂർത്തമായ ചായക്കൂട്ടുകളുമല്ല. മറിച്ച് എല്ലാ ആഘാതങ്ങൾക്കും അപ്പുറത്ത് നിരവധി നൈപുണ്യങ്ങൾ, സങ്കീർണതകൾ, വികാരങ്ങൾ, കാഴ്ചപ്പാടുകൾ, സാമൂഹിക ബന്ധങ്ങൾ എന്നിവയൊക്കെയുള്ള വ്യക്തിത്വങ്ങളാണ്.

പ്രകടനപരതയും സഹതാപവും 
നിഷേധിക്കൽ
പൊതുപിന്തുണകള്‍ പലപ്പോഴും സ്ത്രീകളുടെ ദുരിതത്തെ ഒരു കാഴ്ചവസ്തുവായി ഉപയോഗിക്കുന്നു. ഒന്നുകിൽ ഒരു കണ്ണീർ കടൽ അല്ലെങ്കിൽ ഒരു ശക്തി ദുർഗ! അവളുടെ പ്രസ്താവനയിലെ നിരാകരണങ്ങൾ ഇത്തരം സഹതാപ ത്തിന്റെ ക്രയവിക്രയത്തെ ചോദ്യം ചെയ്യുന്നു.

മാധ്യമങ്ങളും കോടതികളും സദുദ്ദേശ്യത്തിലാണെങ്കിൽപോലും ആ സംവിധാനങ്ങളും അധികാരഘടനയും ആവശ്യപ്പെടുന്ന വേദനയുടെ പ്രകടനപരതയെ അവൾ അഗാധമായ വേദനയോടെതന്നെ ഇവിടെ തിരസ്കരിക്കുന്നുണ്ട്.

അവളുടെ പ്രസ്താവനയിൽ ഒരു കൂട്ടായ്മയോടുള്ള കുറ്റപ്പെടുത്തലുണ്ട്. അത് വ്യക്തിഗതമായ നിരാശയുടെ നിലവിളിയായി കണക്കാക്കാനാവില്ല. ‘നിങ്ങളുടെ സത്യം’ നിങ്ങൾ നേരിട്ട ക്രൂരകൃത്യം തെളിയിക്കാൻ അപര്യാപ്തമാണെന്നു പറയുന്ന ഒരു നീതിന്യായ വ്യവസ്ഥയ്ക്കെതിരായും അതിനെ നിലനിർത്തുന്ന പുരുഷാധിപത്യവ്യവസ്ഥയ്ക്കെതിരായുമുള്ള കൂട്ടായ കുറ്റപ്പെടുത്തലാണത്.

പുരുഷാധികാരം സ്വയം എങ്ങനെ സംരക്ഷിക്കുന്നുവെന്നും ലിംഗഭേദമനുസരിച്ച് നീതി എങ്ങനെ അസമമായി വിതരണം ചെയ്യപ്പെടുന്നുവെന്നുമുള്ളതിന്റെ തുറന്നുകാട്ടലാണത്. ഈ പോരാട്ടം ഇവിടെ അവസാനിക്കുന്നുവെന്നല്ല അവളുടെ വാക്കുകളില്‍ പ്രകാശിക്കുന്നത്. മറിച്ച്, അതേറ്റവും അടിസ്ഥാനപരമായ മനുഷ്യനീതിയിലേക്കുള്ള ചുവടുറപ്പിക്കലാണെന്ന പ്രഖ്യാപനമാണ്.

സ്ത്രീകളെ പൂർണ മനുഷ്യരായി അംഗീകരിക്കണമെന്ന് ഈ പ്രസ്താവന ആവശ്യപ്പെടുന്നു. നിങ്ങൾ നേരിടേണ്ടി വരുന്ന ദുരിതങ്ങളുടെ കാരണം നിങ്ങളുടെ സ്ത്രീത്വം ആണെന്നുള്ള ലോകനീതിയെ പൂർണമായി അവൾ നിഷേധിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഈ പ്രസ്താവനയിൽ തെളിഞ്ഞുവരുന്നത് സ്ത്രീയെ ‘മനുഷ്യജീവി’യെന്ന നിലയിൽ നിർവചിക്കാൻ കഴിയാത്ത വ്യവസ്ഥകളോടുള്ള കലഹവുമാണ്; ഒപ്പം പുതിയൊരു ലോകക്രമത്തിനായുള്ള പോരാട്ടശബ്ദത്തിന്റെ ഇടിമുഴക്കവും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

four × 3 =

Most Popular